ഇന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കണമെന്ന ആഹ്വാനവുമായി അല്‍ ഖാഇദ മേധാവി അയ്മന്‍ അല്‍ സവാഹിരി അടുത്തിടെ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി: ഇന്ത്യയിലെ ഞങ്ങളുടെ സഹോദരങ്ങളേ, നിങ്ങളെ ഞങ്ങള്‍ മറന്നിട്ടില്ല. നിങ്ങള്‍ അനുഭവിക്കുന്ന അനീതിയില്‍ നിന്നും പീഡനത്തില്‍ നിന്നും അല്‍ഖാഇദ നിങ്ങളെ സ്വതന്ത്രരാക്കുക തന്നെ ചെയ്യും. അല്‍ഖാഇദ പുറത്തു വിട്ട വീഡിയോ ടാപ്പില്‍ സവാഹിരി പ്രഖ്യാപിക്കുന്നു.
രണ്ട് കാരണങ്ങളാല്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ ഈ പ്രഖ്യാപനത്തെ തള്ളിക്കളഞ്ഞു. ഒന്ന്, ഇസ്‌ലാം തീവ്രവാദം അനുവദിക്കുന്നില്ല. മത വിശ്വാസപ്രകാരം മുസ്‌ലിംകള്‍ക്ക് ഒരു കാരണവശാലും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനാകില്ല. രണ്ടാമത്തേത്, മത പ്രബോധന പ്രവര്‍ത്തനങ്ങള്‍ ചെയ്യാനും മതം പ്രചരിപ്പിക്കാനും ഏതു മതവിശ്വാസിക്കും ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന വിശാലമായ സ്വാതന്ത്ര്യം. ഈ മത വിശ്വാസത്തിനുള്ളില്‍ വെച്ച് മതനേതാക്കളുടെ ശക്തമായ സംഘടനാ സംവിധാനം നിലവിലുള്ളതുകൊണ്ട് തന്നെ ബാഹ്യശക്തികളുടെ ഇടപെടലിന്‍റെ ഒരാവശ്യവും ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കില്ല.
ബഹുസ്വര സംസ്കാരമുള്ള ഇന്ത്യന്‍ സമൂഹത്തില്‍, വിവിധ മുസ്‌ലിംനേതാക്കള്‍ നടത്തിയ ഭീകരവാദവിരുദ്ധ പ്രസ്താവനകള്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. മുസ്‌ലിംകളെല്ലാം ഭീകരവാദികളാണെന്ന ക്ലീഷേ ഒരു പരിധി വരെ ഇല്ലാതാക്കാന്‍ മുസ്‌ലിം നേതൃത്വങ്ങള്‍ നടത്തിയ പ്രതികരണങ്ങള്‍ കൊണ്ട് സാധിച്ചു. അല്‍ഖാഇദയുടെ ആഹ്വാനത്തെ ഫലപ്രദമായി പ്രതിരോധിക്കുന്ന രീതിയിലായിരുന്നു ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതരുടെ നിലപാടുകള്‍. തല്‍ഫലമായി, ഏതു തരത്തിലുള്ള ഭീകര പ്രവര്‍ത്തനത്തെയും ഇന്ത്യ ഒറ്റക്കെട്ടായി എതിര്‍ത്ത് തോല്‍പിക്കുമെന്ന മനോഭാവം മുസ്‌ലിംകള്‍ക്കിടയിലും ഇതര ആശയക്കാര്‍ക്കിടയിലും വളര്‍ന്നു വരികയുണ്ടായി. മുസ്‌ലിംകളുടെ പ്രശ്നങ്ങള്‍ ഭരണഘടനക്കുള്ളില്‍ നിന്ന് കൊണ്ട് പരിഹരിക്കാന്‍ കഴിയുമെന്ന നിലപാട് പൊതുസമൂഹത്തിന് കൂടി ബോധ്യമാകുന്ന രീതിയില്‍ മുസ്‌ലിംകള്‍ക്ക് പ്രതികരിക്കാന്‍ ഇതുവഴി സാധിക്കുകയും ചെയ്തു.
അന്താരാഷ്ട്ര തലത്തില്‍ നടന്നു കൊണ്ടിരിക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ രാഷ്ട്രീയം മനസ്സിലാക്കിയാല്‍, മുസ്‌ലിം സമൂഹങ്ങള്‍ക്കിടയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ എത്രത്തോളം കുഴപ്പങ്ങള്‍ സൃഷ്ടിച്ചു എന്ന് തിരിച്ചറിയാനാവും. ഇറാഖിലെയും സിറിയയിലെയും പ്രദേശങ്ങള്‍ പിടിച്ചെടുത്ത് ഇസ്‌ലാമിക ഖിലാഫത്ത് എന്ന പേരില്‍ ഐ.എസ്.ഐ.എസ്. (ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍റ് സിറിയ) അടുത്തിടെ സ്ഥാപിക്കപ്പെട്ടു. നിലവില്‍ ഏറ്റവും അപകടകാരിയായ ത്രീവവാദികളാണ് ഐ.എസ് ഭീകരര്‍.
ലോകത്തിലെ തന്നെ ഏറ്റവും മാരകമായ ആയുധങ്ങളുള്ള വഹാബി തീവ്രവാദികളാണ് ഐ.എസ്.ഐ.എസ് ഭീകരര്‍ എന്നു പറയാം. മികച്ച പരിശീലനം ലഭിച്ച 30000 പേര്‍ ഇറാഖിലും 50000 പേര്‍ സിറിയയിലുമായി പ്രവര്‍ത്തിക്കുന്നു. നിരപരാധികളായ സിവിലിയന്മാരെയും വിദേശികളെയും ഇരു രാഷ്ട്രങ്ങളിലെ പട്ടാളക്കാരെയും കൊന്നൊടുക്കുകയാണ് ഐ.എസ് തീവ്രവാദികള്‍. വഹാബി തീവ്രവാദികളാണ് ഐ.എസ്സിന് പിന്നിലെന്ന് ന്യൂയോര്‍ക്ക് ടൈംസ്, ഇന്‍റിപെന്‍റന്‍റ് തുടങ്ങിയ പത്രങ്ങള്‍ എഡിറ്റോറിയലുകള്‍ എഴുതുകയുണ്ടായി. Who is really behind the islamic state?  എന്ന തലക്കെട്ടില്‍ പ്രേം ശങ്കര്‍ ജാ തെഹല്‍ക്കയിലും വഹാബികളുടെ ഏറ്റവും അപകടകരമായ വിഭാഗമാണ് ഐഎസ്സിന് പിന്നിലെന്ന് വിശദമായി എഴുതുകയുണ്ടായി.
അതേസമയം, ഐ.എസ് തീവ്രവാദികളെ പ്രതിരോധിക്കുന്നതിനെക്കുറിച്ച് ലോകരാഷ്ട്ര നേതാക്കള്‍ക്ക് അവ്യക്തമായ ധാരണയാണുള്ളത്. സെപ്തംബര്‍ രണ്ടാം തിയ്യതി അമേരിക്കന്‍ പത്രപ്രവര്‍ത്തകനായ സ്റ്റീവന്‍ സോട്ലഫിനെ ഐ.എസ് ദാരുണമായി വധിച്ചപ്പോള്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ നടത്തിയ പ്രസ്താവനയില്‍ നിന്ന് ഇക്കാര്യം വ്യക്തമാവുന്നതാണ്. ഐ.എസ് ഉയര്‍ത്തുന്ന ഭീഷണി ചെറിയ അപക ടസാധ്യത മാത്രമാണെന്നാണ് അദ്ദേഹം വാര്‍ത്താ ലേഖകരോട് പറഞ്ഞത്. യു.എസ് സൈനിക മേധാവി ജനറല്‍ മാര്‍ട്ടിന്‍ ഡെംസിയും തുടക്കത്തില്‍ ഒരു പ്രാദേശിക ഭീഷണിയാണ് വഹാബി തീവ്രവാദികളെന്ന് കേവലവത്കരിക്കുകയായിരുന്നു. വാഷിംഗ്ടണില്‍ നിന്ന് സംപ്രേക്ഷണം ചെയ്യുന്ന എന്‍ബിസി ചാനലിലെ മീറ്റ് ദി പ്രസ് പ്രോഗ്രാമില്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവും ഇതേ അവ്യക്തതയാണ് പങ്കുവെച്ചത്. ഇറാഖിലും സിറിയയിലും ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത് ഐ.എസ്.ഐ.എസ്സും അല്‍ഖാഇദയും നയിക്കുന്ന സുന്നി ഉല്‍പതിഷ്ണു വിഭാഗവും ഷിയാ ഉല്‍പതിഷ്ണു ഗ്രൂപ്പും തമ്മിലുള്ള സംഘട്ടനമാണ്.
ഐ.എസ് തീവ്രവാദികള്‍ മറ്റൊരു പത്രപ്രവര്‍ത്തകനെ കൂടി കൊല്ലുന്ന രംഗം പുറത്തു വിട്ടപ്പോള്‍, വഹാബി തീവ്രവാദം കണക്കുക്കൂട്ടലുകള്‍ക്കപ്പുറത്താണെന്നും “ഇസ്‌ലാമിക് സ്റ്റേറ്റി’നുള്ളില്‍ നടത്തിയ അവലോകന സര്‍വ്വേ വെളിപ്പെടുത്തലുകളില്‍ കണ്ടെത്തിയ വസ്തുതകളനുസരിച്ച് ഇവര്‍ അതിമാരകമായ ആയുധങ്ങള്‍ ഉപയോഗിക്കുന്നവരാണെന്നും അമേരിക്ക തിരിച്ചറിഞ്ഞു. അങ്ങനെയാണ് ഷിയാവിരുദ്ധം എന്ന അര്‍ത്ഥത്തില്‍ സുന്നി എന്നു പ്രയോഗിക്കുന്നുവെങ്കിലും വഹാബിസം എന്ന അതിതീവ്ര ആശയങ്ങള്‍ പേറുന്ന, തികഞ്ഞ പരിശീലനം ലഭിച്ച തീവ്രവാദികളാണ് ഐ.എസ്.ഐ.എസ് എന്ന് ലോക രാഷ്ട്ര നേതാക്കളും അമേരിക്കന്‍ സൈനിക വൃത്തവും തീര്‍പ്പ് കല്‍പിച്ചത്. ഈ കണ്ടെത്തല്‍ വൈകിയതില്‍ ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റോറിയല്‍ ഒബാമയെ കുറ്റപ്പെടുത്തുകയും ചെയ്തു.
അതിനിടെ ഐ.എസ് മേധാവി അബൂബക്കര്‍ ബഗ്ദാദിയെക്കുറിച്ച് യഥാര്‍ത്ഥ്യങ്ങളേക്കാള്‍ ഏറെ കെട്ടുക്കഥകള്‍ പരക്കുകയുണ്ടായി. രണ്ട് മാസം മുമ്പ് വരെ കേവലം അബു ദൂആ ആയിരുന്ന ഇദ്ദേഹം ഐ.എസ് മേധാവിയായ “ഖലീഫ’യായി മാറി. ബഹ്റൈനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഗള്‍ഫ് ഡെയ്ലി ന്യൂസിലാണ് ജൂലൈ 15ന് ഇയാള്‍ ആദ്യമായി ഐ.എസ് എന്ന ആശയവുമായി പ്രത്യക്ഷപ്പെടുന്നത്. ലോകത്തെ മുഴുവന്‍ തീവ്രവാദ ഗ്രൂപ്പുകളെയും ഏകീകരിച്ച് സര്‍വ തയ്യാറെടുപ്പുകളോടെയും പ്രവര്‍ത്തിക്കുന്ന ഒരു തീവ്രവാദ ഗ്രൂപ്പുണ്ടാക്കാനാണ് ബഗ്ദാദിയുടെ ശ്രമം എന്ന് ഇറാന്‍ ഇസ്‌ലാമിക് റിപ്പബ്ലിക്ക് ന്യൂസ് ഏജന്‍സിയുമായി നടത്തിയ അഭിമുഖത്തില്‍ എന്‍എസ്എ ഏജന്‍റായ എഡ്വാര്‍ഡ് സ്നോഡര്‍ വെളിപ്പെടുത്തുകയുണ്ടായി. മൊസാദില്‍ നിന്ന് ഒരു വര്‍ഷം തുടര്‍ച്ചയായി ട്രയിനിംഗ് ലഭിച്ച ആളാണ് ബാഗ്ദാദി എന്നും തീവ്രവഹാബി ആശയധാരയാണ് ഇയാള്‍ പിന്തുടരുന്നതെന്നും പ്രസ്തുത അഭിമുഖത്തില്‍ സ്നോഡര്‍ പറയുണ്ടായി. തുടര്‍ന്ന് ഇസ്രാഈല്‍ തന്നെ സൃഷ്ടിച്ചെടുത്ത സംഘമാണോ ഐ എസ് ഐ എസ് എന്ന് ചിലര്‍ സംശയം പ്രകടിപ്പിക്കുകയുണ്ടായി. ടൈം മാഗസിന്‍ തയ്യാറാക്കിയ ഒരു ഫീച്ചര്‍ ഈ സംശയം പ്രകടിപ്പിക്കുന്നു. ഐ എസ് പിന്തുടരുന്ന ആശയം തീവ്രവഹാബിസമാണെന്ന് അവരും വ്യക്തമാക്കുകയുണ്ടായി.
ഐഎസ്സിന്‍റെ ചരിത്രം 2004 മുതലാണ് തുടങ്ങുന്നത്. അബു മുസ്അബ് അല്‍ സര്‍ഖാവി ഇറാഖില്‍ രൂപീകരിച്ച സംഘമാണത്. ഇറാഖിലെ ഷിയാ തീവ്രവാദ ഗ്രൂപ്പുകളുമായി ചേര്‍ന്ന് 2006 ജൂണ്‍ 7ന് യുഎസ് നടത്തിയ ആക്രമണത്തില്‍ സര്‍ഖാവി കൊല്ലപ്പെട്ടു. പിന്നീട് ഇറാഖിലെ അല്‍ഖാഇദ നേതാവായി വന്നത് അബൂ അയ്യൂബുല്‍ മസ്രിയാണ്. 2006 ഒക്ടോബറിലാണ് ഇറാഖില്‍ ഒരു ഇസ്‌ലാമിക് ഖിലാഫത് ഉണ്ടാക്കാന്‍ പോവുകയാണെന്ന് അദ്ദേഹം പ്രഖ്യാപിക്കുന്നത്. അബൂഉമറുല്‍ ബഗ്ദാദിയെ ഇസ്‌ലാമിക് സ്റ്റേറ്റിന്‍റെ നേതാവായി അവരോധിക്കുകയും ചെയ്തു. 2010 ഏപ്രിലില്‍ അബൂഉമറുല്‍ ബഗ്ദാദിയും മിസ്രിയും കൊല്ലപ്പെട്ടപ്പോള്‍ ഇറാഖിലെ ഇസ്‌ലാമിക് സ്റ്റേറ്റിന്‍റെ മേധാവിയായി വന്നത് അബൂബക്കര്‍ അല്‍ ബഗ്ദാദിയാണ്. 2013 ഏപ്രില്‍ 8ന് സിറിയയിലെ അല്‍ നുസ്റ മുന്നണിയുമായി ഐഎസ്ഐ ഖിലാഫത്ത് ഉണ്ടാക്കാന്‍ ധാരണയുണ്ടാക്കി. ഈ ഗ്രൂപ്പാണ് നിലവിലുള്ള ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍റ് സിറിയ. പിന്നീട് 2014 ഫെബ്രുവരി 3ന് അല്‍നുസ്റയും ഐ.എസ്സും തമ്മിലുള്ള ഉടമ്പടി അല്‍ഖാഇദ പിരിച്ചു വിട്ടു. ശേഷം, അബൂബക്കര്‍ ബഗ്ദാദി സര്‍വ സന്നാഹങ്ങളോടെയും ഇസ്‌ലാമിക് സ്റ്റേറ്റിന്‍റെ പൂര്‍ണാധിപത്യം ഉറപ്പിക്കുകയാണുണ്ടായത്.
ഈ തീവ്രവാദ സംഘത്തെ “സുന്നി തീവ്രവാദികള്‍’ എന്ന് വിശേഷിപ്പിക്കുന്നതില്‍ അപകടം പതിയിരിക്കുന്നുണ്ട്. ലോകാടിസ്ഥാനത്തില്‍ സുന്നിശിയ വിഭാഗങ്ങളായി മുസ്‌ലിംകള്‍ വഴിപിരിഞ്ഞത് കണക്കിലെടുത്താണ് ഐഎസ് തീവ്രവാദികള്‍ സുന്നികളാണെന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. ശിയ അല്ലാത്തതെല്ലാം സുന്നിയെന്ന പൊതുധാരണ അടിസ്ഥാനപ്പെടുത്തിയാണ് ഈ നാമകരണം. എന്നാല്‍ ലോകത്തെ മഹാഭൂരിപക്ഷം വരുന്ന സുന്നത്ത് ജമാഅത്ത് വിശ്വാസികള്‍ക്ക് വേദനാജനകമായ ഒരു വിശേഷണമായാണിത് അനുഭവപ്പെടുന്നത്. കാരണം, യഥാര്‍ത്ഥ സുന്നികള്‍ തീവ്രവാദികളല്ല. തീവ്രവാദത്തെ ശക്തമായി പ്രതിരോധിക്കുകയും ഇസ്‌ലാമിന്‍റെ യഥാര്‍ത്ഥ സന്ദേശമായ സമാധാനം പ്രബോധനം ചെയ്യുന്നവരുമാണ് അവര്‍. ആ ആശയധാര പിന്തുടരുന്നവരാണ് ഇന്ത്യയിലെ വിശേഷിച്ചും കേരളത്തിലെ സുന്നികള്‍. ഐഎസിന്‍റെ പേരില്‍ കേരള മുസ്‌ലിംകളെ തീവ്രവാദികളാക്കാന്‍ കഷ്ടപ്പെടുന്ന സോഷ്യല്‍ മീഡിയയിലെ “ബുദ്ധിജീവി’കളെങ്കിലും ഈ അടിസ്ഥാന വസ്തുത മനസ്സിലാക്കണം.
ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് നിരവധി ഭീഷണികളുണ്ട്. ന്യൂനപക്ഷം എന്ന നിലയിലും സാമ്പത്തിക, വിദ്യാഭ്യാസ പിന്നോക്കം നില്‍ക്കുന്നവര്‍ എന്ന നിലയിലും നിരവധി വെല്ലുവിളികളാണ് മുസ്‌ലിംകള്‍ ഇവിടെ നേരിട്ട് കൊണ്ടിരിക്കുന്നത്. സമഗ്രമായ വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെയും ബുദ്ധിപരമായ സാമ്പത്തികാസൂത്രണത്തിലൂടെയും പരിഹരിക്കാന്‍ ശ്രമിക്കേണ്ട പ്രശ്നങ്ങളാണവ. ഈയര്‍ത്ഥത്തില്‍, സാമൂഹിക ഇടപെടലുകളിലൂടെയുള്ള സാമുദായിക ശാക്തീകരണം മുസ്‌ലിം സംഘടനകള്‍ നടത്തുന്നുമുണ്ട്. അല്‍ഖാഇദയെയും നേതാവ് സവാഹിരിയെയും പോലുള്ള തീവ്രവാദപരമായ ഇടപെടലിലൂടെ ഇവ മറികടക്കാനാവുമെന്ന് ഏതു മൂഢനാണ് വിശ്വസിക്കുക? നിലവിലുള്ള പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാവുക മാത്രമായിരിക്കും തീവ്രവാദികളുടെ ഇടപെടലിലൂടെ സംഭവിക്കുക. അതിനാല്‍, പരമ്പരാഗത സുന്നി മുസ്‌ലിംകള്‍ തീവ്രവാദത്തെയും അനുബന്ധ പ്രവണതകളെയും കാര്യക്ഷമമായി പ്രതിരോധിക്കുന്നതില്‍ എക്കാലത്തും വിജയിച്ചിട്ടുണ്ട്. തുടര്‍ന്നും അതു തന്നെയാണ് ചെയ്യാനുള്ളതും. ബ്രിട്ടീഷ് കാപാലികര്‍ക്കെതിരെ പൊരുതിയ മാപ്പിള പോരാളികളായ പൂര്‍വികരുടെ മാതൃകളയും അക്രമികള്‍ക്കെതിരെ ഒന്നിക്കുന്നതില്‍ അവരുടെ മുമ്പിലുണ്ട്.
വിലയിരുത്തപ്പെടേണ്ട ചില വസ്തുതകള്‍ കൂടിയുണ്ട്. പ്രധാനമായും ഐമന്‍ സവാഹിരി, അദ്ദേഹത്തിന്‍റെ ആദര്‍ശ പുരുഷന്‍ ബിന്‍ലാദന്‍, പുതിയ ഖലീഫ നാടകക്കാരന്‍ അബൂബക്കര്‍ ബഗ്ദാദി പോലുള്ളവര്‍ മുസ്‌ലിംകള്‍ക്ക് ആരാണ്?
അവര്‍ പരിഹരിച്ച പ്രശ്നങ്ങള്‍ എന്തൊക്കെയാണ്? ലോകം കണ്ട് കണ്ണുനിറഞ്ഞ, വ്യാകുലതയോടെ മാത്രം ഓര്‍ക്കുന്ന ചിത്രങ്ങളാണ് ഇവര്‍ സൃഷ്ടിച്ചെടുത്തതു മുഴുവന്‍. ഇറാഖ്, സിറിയ, ലബനാന്‍ തുടങ്ങിയ മുസ്‌ലിം രാഷ്ട്രങ്ങളിലെല്ലാം ഇവരുടെ “രക്ഷാ’ ദൗത്യത്തിന്‍റെ ഫലം മഹാദുരന്തങ്ങളാണ് സാധിച്ചത്. നിരവധി പച്ചമനുഷ്യര്‍ നിഗ്രഹിക്കപ്പെട്ടുവെന്നതാണ് ഇസ്‌ലാമിക ലോകത്തിനു അല്‍ഖാഇദയും പുതിയ ഇസിസ് ഭീകരരുമൊക്കെ നല്‍കിയ “സേവനം’. ഇതൊക്കെയും വിസ്മരിച്ചാല്‍ തന്നെയും ഇവര്‍ വെച്ചു പുലര്‍ത്തുന്ന ആശയാദര്‍ശങ്ങള്‍ മതം അംഗീകരിക്കുന്നതോ മാനവികതയോട് ഒത്തുപോവുന്നതോ അല്ല.
പ്രധാനമായും, ശത്രുക്കളായി ഒരു വിഭാഗത്തെ മുദ്രകുത്തി നിഷ്ഠൂരമായി കൊന്നുതള്ളുന്ന രീതി. കീഴടങ്ങിയവരെയും നിരായുധരെയുമൊക്കെ ഇവ്വിധം അവര്‍ വധിച്ചു കളഞ്ഞു. സമാധാനത്തിന്‍െറ മതമായ ഇസ്‌ലാം അംഗീകരിക്കാത്തതാണിത്. പല പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും നിലവില്‍ ഭരണം ശരിയായി നടക്കുന്നിടങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ് ഇത്തരം തീവ്രവാദികള്‍ ചെയ്തിട്ടുള്ളത്. സമാനമായിരുന്നു വഹാബി തീവ്രവാദികള്‍ തന്നെ സംഘടിപ്പിച്ച മുല്ലപ്പൂ വിപ്ലവങ്ങളും. ഈജിപ്തില്‍ ഹുസ്നി മുബാറകിനെ താഴെയിറക്കി മുര്‍സിയെ വാഴിച്ചെങ്കിലും എരിതീയിലേക്ക് ചാടിയ അനുഭവമാണ് ഇതുവഴി ഈജിപ്തുകാര്‍ക്കനുഭവപ്പെട്ടത്. ഇന്നും അരക്ഷിതാവസ്ഥ തുടരുന്നു. ജനജീവിതം താറുമാറാവുകയും വിദ്യാഭ്യാസ സംരഭങ്ങള്‍ കീഴ് മേല്‍ മറിയുകയുമുണ്ടായി. അങ്ങനെ ഈജിപ്തും ലബനാനുമടക്കം മുല്ലപ്പൂവ് വിരിഞ്ഞ നാടുകളൊക്കെയും അരനൂറ്റാണ്ട് പിറകിലാവുകയും ചെയ്തു.
സവാഹിരിയെ പോലുള്ളവര്‍ നടത്തിയ മറ്റൊരു “സേവന’മാണ് ഇസ്‌ലാമിന്‍റെ തനിമ നശിപ്പിക്കുക എന്നത്. ലോകത്താകമാനം ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കുന്ന മുഴുവന്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും പിന്നില്‍ വഴിപിഴച്ച വഹാബി തീവ്രവാദികളാണെന്നു പറഞ്ഞല്ലോ. അവര്‍ പ്രവര്‍ത്തി പഥത്തില്‍ തന്നെയും ഇത് തെളിയിച്ചുകൊണ്ടിരിക്കുന്നു. മുല്ലപ്പൂക്കള്‍ ഹുജ്റ്ബ്നു അദിയ്യ്(റ)ന്‍റെതടക്കം സ്വഹാബികളുടെ മഖ്ബറകള്‍ തകര്‍ത്തെറിഞ്ഞാണ് ഇസ്‌ലാമിനെ സേവിച്ചത്. ഇസിസ് ഭീകരര്‍ യൂനുസ് നബി(അ)ന്‍റെ മഖ്ബറ പോലും തച്ചുതകര്‍ത്തുവെന്ന് വാര്‍ത്തകളുണ്ടായി. ഇതാണ് അവരുടെ ദീന്‍. ഇവര്‍ ഇവ്വിധം സഹായം ചെയ്താല്‍ റൗളയടക്കമുള്ള ആത്മീയ കേന്ദ്രങ്ങള്‍ തകര്‍ക്കാനും ധാര്‍ഷ്ട്യം കാണിക്കും. മതപരമായും സമാധാനപരമായുമുള്ള ജീവിതം നഷ്ടപ്പെടുത്തലാണ്, അല്‍ഖാഇദയുടെ ഇടപെടല്‍ കൊണ്ടുണ്ടാവുകയെന്ന് ചുരുക്കം. ഇത് തിരിച്ചറിഞ്ഞാണ് സൗദിയടക്കമുള്ള ഇസ്‌ലാമിക രാഷ്ട്രങ്ങളും ഭരണാധികാരികളും ഇവരെ ശത്രുക്കളായി പ്രഖ്യാപിച്ചതും ഇവര്‍ക്കെതിരെയുള്ള സംയുക്ത മുന്നേറ്റത്തിന് സഹായം നല്‍കുന്നതും.
ഇന്ത്യന്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍, മറ്റ് ഇന്ത്യന്‍ സമൂഹങ്ങളുടേതു പോലെതന്നെ ഭരണഘടനയും ജുഡീഷ്യറിയും ഇടപെട്ട് പരിഹരിക്കാവുന്നതേയുള്ളൂ. നിലവില്‍ അവര്‍ക്ക് തികഞ്ഞ ആരാധനാ സ്വാതന്ത്ര്യമുണ്ട്, ഇതരരെ പോലെ മതപ്രചാരണത്തിനവകാശമുണ്ട്, ഗവണ്‍മെന്‍റുകളുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുമുണ്ട്. ഇതൊന്നും അല്‍ഖാഇദയോ മറ്റോ നേടിത്തന്നതല്ല, ഭരണഘടന നല്‍കുന്ന അവകാശങ്ങളാണ്. ഇസ്‌ലാമിക രാഷ്ട്രമെന്ന ബോര്‍ഡും വെച്ച് പാകിസ്ഥാന്‍ വിട്ടുപോയപ്പോള്‍ ഈ ജനാധിപത്യ രാഷ്ട്രത്തില്‍ ജീവിക്കാന്‍ തീരുമാനിച്ചവരുടെ പിന്‍മുറക്കാരാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍. ഇവരുടെ പൂര്‍വികരാണ് ഭാരത സ്വാതന്ത്ര്യത്തിനു വേണ്ടി പടപൊരുതിയതും രക്തസാക്ഷികളായതും. ഇന്ത്യന്‍ മുസ്‌ലിംകളെ രക്ഷിച്ചെടുക്കുവാന്‍ ഒരു മരണവ്യപാരിയുടെയും സഹായം അവര്‍ക്കാവശ്യമില്ല തന്നെ. ഇസില്‍ അടക്കം സര്‍വ തീവ്രവാദികളുടെയും അണിയറയില്‍ പ്രവര്‍ത്തിക്കുന്ന മൊസാദും അമേരിക്കയും ഇനി അവരെ കൊന്ന് വിനോദിക്കും, ആയുധങ്ങള്‍ ചെലവഴിക്കും. ഈ അത്യാര്‍ത്തികൂടി അവസാനിപ്പിക്കാന്‍ യു എന്നോ മറ്റോ നട്ടെല്ലു കാണിച്ചാലേ ലോകം സമാധാനത്തിലെത്തുകയുള്ളൂ. അല്ലെങ്കില്‍, കൊല്ലും കൊലയും മുറക്കു നടക്കുന്നതിനപ്പുറം മനുഷ്യരായി ജീവിക്കുക അസാധ്യമായിത്തീരും.

യാസര്‍ അറഫാത്ത് നൂറാനി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ