സദുദ്ദേശ്യത്തോടെയുള്ള യാത്രകളെ ഇസ്‌ലാം എന്നും പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. നിസ്‌കാരങ്ങളിലെ ജംഉം ഖസ്‌റുമടക്കമുള്ള ഇളവുകൾ യാത്രക്കാരന് അനുവദിച്ചുകൊടുത്തതും അതുകൊണ്ടാണ്. തിന്മക്കു വേണ്ടിയുള്ള യാത്രകളിൽ ഈ സൗകര്യങ്ങൾ ലഭ്യവുമല്ല. യാത്രകളെ പാപമുക്തമാക്കാനും ആരാധനകളാക്കി മാറ്റിയെടുക്കാനും വിശ്വാസിക്ക് സാധിക്കണം. ആദം(അ) മുതൽ തിരുനബി(സ്വ) വരെയുള്ള അമ്പിയാഇന്റെ യാത്രകൾ നമുക്ക് പാഠമാണ്. അതിന്റെ തുടർച്ചയായി തന്നെയാണ് ഇമാം ശാഫിഈ(റ) അടക്കമുള്ള പണ്ഡിതരുടെയും സൂഫികളുടെയും യാത്രകൾ വരുന്നതും.
സഞ്ചാരങ്ങളുടെ എണ്ണം പുതിയ കാലത്ത് കൂടിയിട്ടുണ്ട്. അതിന്റെ തോതനുസരിച്ച് റെസ്റ്റോറന്റുകളും ടൂറിസം കേന്ദ്രങ്ങളും വർധിക്കുന്നുമുണ്ട്. വ്‌ളോഗേഴ്‌സും ഏജന്റുമാരും എമ്പാടുമുണ്ട്. വിനോദമാണ് പല യാത്രകളുടെയും പ്രേരകമായി വർത്തിക്കുന്നത്. കച്ചവടത്തിനും ഹജ്ജിനും ഉംറക്കും സിയാറത്തിനും വിജ്ഞാന ശേഖരണത്തിനുമൊക്കെയായിരുന്നു പണ്ടത്തെ യാത്രകൾ. അനാവശ്യമായ യാത്രകൾ നഷ്ടങ്ങളേ ബാക്കിയാക്കൂ. ആഴ്ചയിൽ ഒരു തവണയെങ്കിലും എങ്ങോട്ടെങ്കിലും യാത്ര പോകണം എന്നൊരു ധാരണ സ്ത്രീകളുൾപ്പടെയുള്ള കേരളീയ സമൂഹത്തിന്റെ മാനസിക താൽപര്യമായി വളർന്നിട്ടുണ്ട്. പ്രത്യേക ലക്ഷ്യങ്ങളില്ലാത്ത നേരംപോക്കുകളായേ അവയെ കാണാൻ കഴിയൂ. ഈ ധാരണ തിരുത്തപ്പെടേണ്ടതാണ്.
വിനോദത്തിനും സന്തോഷത്തിനും വേണ്ടി യാത്ര നടത്തുന്നത് പൂർണമായും വിരോധിക്കുന്നത് ശരിയല്ല. പല സംഘർഷങ്ങളിലൂടെയും കടന്നുപോകുന്നവർക്ക് യാത്ര പലപ്പോഴും പരിഹാരമായിത്തീരാറുണ്ട്. ഇബ്‌റതും പഠനവുമാകണം യാത്രകളുടെ പ്രധാന ലക്ഷ്യം. അല്ലാഹുവിന്റെ അത്ഭുത സൃഷ്ടികൾ കാണാനും ഉൾക്കൊള്ളാനും യാത്രകൾ ഉപകരിക്കും. യാത്ര ചെയ്യാൻ നിർദേശിക്കുന്ന ഖുർആൻ ആയത്തുകളിൽ ഈ പാഠമുൾക്കൊള്ളൽ എടുത്തുപറയുന്നത് കാണാം. പൂർവികരുടെ ചരിത്രങ്ങളും നന്മകളും ഓർക്കുന്നതും സന്ദർശിക്കുന്നതും ഹൃദയ വിശുദ്ധിക്ക് ഹേതുവാകും. മഹാന്മാരുടെ മഖ്ബറകളും പുണ്യസ്ഥലങ്ങളും സന്ദർശിക്കുന്നതിലൂടെ അവരുടെ പക്കൽ നിന്നുള്ള പാരത്രികമായ ഒരു പ്രഭ നമ്മിലേക്ക് പടരും. കൂടാതെ, മക്കളെയും കുടുംബത്തെയും വ്യത്യസ്ത തരത്തിലുള്ള മനുഷ്യരുടെ ജീവിതാവസ്ഥകൾ കാണിക്കുന്നത് അവരിൽ തിരിച്ചറിവുണ്ടാക്കുകയും ചെയ്യും.
വിശ്വാസിയുടെ യാത്രകളിൽ ഇസ്‌ലാം നിരോധിച്ച യാതൊരു വിധ പാപവും വന്നുകൂടാ. സ്ത്രീപുരുഷ സങ്കലനവും ഹിജാബില്ലായ്മയും മറ്റും യാത്രകളിൽ അനുവദനീയമാണെന്ന പോലെയാണ് ചിലരുടെയെങ്കിലും സമ്പ്രദായങ്ങൾ. അതംഗീകരിക്കാനാവില്ല. അല്ലാഹുവിനെ മുഴുസമയവും ഓർക്കുകയും അവന്റെ വിധിവിലക്കുകൾക്കനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുകയുമാണ് നന്ദിയുള്ള അടിമ ചെയ്യേണ്ടത്.
യാത്രയിൽ മൂന്നു പേരെങ്കിലും വേണമെന്നാണ് ഹദീസുകൾ പഠിപ്പിക്കുന്നത്. രണ്ടാൾ മാത്രമുള്ളിടത്ത് പിശാചിന്റെ സ്വാധീനം കൂടുതലായിരിക്കും. സംഘമായിട്ടുള്ള യാത്രകൾക്ക് വലിയ പാരമ്പര്യവും ഗുണങ്ങളുമുണ്ട്. യാത്ര ഒരു ഇബാദത്താക്കി മാറ്റാനുള്ള വഴിയാണത്. സംഘത്തിൽ പണ്ഡിതന്മാരും അറിവാളന്മാരുമുണ്ടാകുമ്പോൾ യാത്രയിലെ ആദാബും സുന്നത്തുകളും സൂക്ഷിക്കാൻ സാധിക്കും.
യാത്ര തുടങ്ങുമ്പോൾ നിർദേശിക്കപ്പെട്ട ദിക്‌റുകളും സൂറത്ത് ഖുറൈശ് അടക്കമുള്ളവയും ഓതണം. യാത്രയിലുടനീളം റബ്ബിന്റെ കാവലുണ്ടാകാൻ അത് കാരണമാകും. ഈയടുത്ത് ഒരു പണ്ഡിതൻ പങ്കുവെച്ചു: ചൊല്ലേണ്ടതെല്ലാം ചൊല്ലി യാത്ര പോയാലും ചിലപ്പോഴൊക്കെ അപകടങ്ങളും നഷ്ടങ്ങളും സംഭവിക്കും. ഗീബത്തും നമീമത്തും പരിഹാസങ്ങളും കടന്നുവരുമ്പോൾ ചൊല്ലിയ ദിക്‌റുകളുടെ ഫലം നഷ്ടപ്പെട്ടു പോകുന്നതാണത്!
നിസ്‌കാരത്തിന്റെ വിഷയത്തിൽ മുസ്‌ലിമിന്റെ അടുത്തുനിന്ന് യാതൊരു വിട്ടുവീഴ്ചയുമുണ്ടാകരുത്. എവിടെവെച്ചാവണം നിസ്‌കാരം നിർവഹിക്കുന്നതെന്ന് മുൻകൂട്ടി തീരുമാനിക്കുന്നതാണ് ഉത്തമം. മിക്ക എയർപോർട്ടുകളിലും നിസ്‌കാര സൗകര്യമുണ്ട്. ട്രെയിനാണെങ്കിൽ കൂടുതൽ സമയം ലഭിക്കുന്ന സ്റ്റേഷനുകളെ ആശ്രയിക്കാം. വുളൂഅ് മുമ്പേ ചെയ്തുവെക്കാം. ഖിബ്ലയറിയാൻ അപ്ലിക്കേഷനുകൾ എത്രത്തോളം വിശ്വസനീയമാണെന്ന് ചിന്തിക്കേണ്ടതുണ്ട്. വടക്കുനോക്കി യന്ത്രം പോലുള്ളവയാണ് നല്ലത്. വലിയ യാത്രാസംഘങ്ങളാകുമ്പോൾ ഖിബ്ല നിർണയ ശാസ്ത്രമറിയുന്നവർ കൂട്ടത്തിലുണ്ടാകുന്നത് ഉപകാരമാകും.
സാധാരണ വലുതും ചെറുതുമായ യാത്രകൾ ചെയ്യുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട മസ്അലകളാണ് ജംഉം ഖസ്‌റും. ഏതൊക്കെ നിസ്‌കാരങ്ങൾ എങ്ങനെയൊക്കെ ജംഉം ഖസ്‌റും ചെയ്യാമെന്ന് നന്നായി പഠിക്കണം. ദീൻ ഏർപ്പെടുത്തിത്തന്ന സൗകര്യങ്ങളാണവ. ഉപയോഗപ്പെടുത്തേണ്ട സാഹചര്യം വന്ന ശേഷമല്ല അവയെക്കുറിച്ച് പഠിക്കേണ്ടത്. നേരത്തെ തന്നെ പഠിക്കുകയും അവ്യക്തത തോന്നുന്ന മസ്അലകൾ നിവാരണം നടത്തുകയും വേണം.
‘തസവ്വദൂ’ എന്നാണ് ഖുർആനികാധ്യാപനം. ഭക്ഷണം കൂടെ കരുതുകയാണ് വേണ്ടത്. വഴിയിൽ വെച്ച് വാങ്ങാൻ സൗകര്യമുണ്ടെങ്കിൽ കൈയിൽ പണമുണ്ടായാലും മതിയാകും. അതിനു ശേഷം ഖുർആൻ പഠിപ്പിക്കുന്നത് ഏറ്റവും ഖൈറായ ‘സാദ്’ തഖ്‌വയാണെന്നാണ്. എവിടെ പോയാലും തഖ്‌വ മുറുകെ പിടിക്കണം. ഹലാലായ ഭക്ഷണം കൂടെ കരുതുന്നതാണ് ഏറ്റവും നല്ലതെന്നും ഇതിൽ നിന്നു വായിച്ചെടുക്കാം. മാർക്കറ്റിൽ ലഭിക്കുന്ന എല്ലാം ഹലാലാണെന്ന് ഉറപ്പിക്കാനാവില്ലല്ലോ. പ്രത്യേകിച്ചും നോൺ വെജ് ഭക്ഷണങ്ങൾ. ശരിയായ രൂപത്തിൽ അറുത്തതാണോ, നമ്മൾ ഉദ്ദേശിച്ച മൃഗത്തിന്റെ ഇറച്ചി തന്നെയാണോ തുടങ്ങി പല ആശങ്കകളും അങ്ങാടി ഭക്ഷണങ്ങളിൽ ബാക്കിയാണ്.
കണ്ണാടി, രണ്ടുതരം ചീർപ്പ്, മിസ്വാക്ക്, സുറുമ തുടങ്ങിയ വസ്തുക്കൾ യാത്രകളിൽ നബി(സ്വ)യുടെ കൈവശം ഉണ്ടാകാറുണ്ടായിരുന്നു. ഇപ്രകാരം അവശ്യ സാധനങ്ങളെല്ലാം കരുതിയിരിക്കണം. ഐഡി കാർഡും രേഖകളും പുതിയകാല ആവശ്യങ്ങളാണ്. സഹയാത്രികർക്ക് നമ്മളൊരു ഭാരമാകാൻ പാടില്ല. നമ്മുടെ ആവശ്യത്തിലുപരി കൂടെയുള്ളവർക്ക് കൂടി ഉപയോഗിക്കാൻ പാകത്തിൽ സാധനങ്ങൾ കൈയിൽ കരുതുന്നതാണ് അഭികാമ്യം.
സഞ്ചാരി എപ്പോഴും സുരക്ഷ ഉറപ്പുവരുത്തണം. പഴയകാല യാത്രാ കുറിപ്പുകളിലും അനുഭവങ്ങളിലും പലപ്പോഴായി കൊള്ളക്കാരുടെ സാന്നിധ്യം കാണാം. ജീലാനി(റ)യുടെ ഖാഫിലയെ അപഹരിക്കാൻ വരികയും മുസ്‌ലിമായി മടങ്ങുകയും ചെയ്ത കൊള്ളസംഘത്തെ സുപരിചിതമാണല്ലോ. വിജനമായ ഇടങ്ങൾ പണ്ട് ധാരാളമായിരുന്നു. ഇന്ന് ആൾതിരക്കുകൾക്കിടയിലാണ് മോഷണങ്ങൾ നടക്കുന്നത്. എല്ലാം ശ്രദ്ധിക്കേണ്ടതാണ്. അപരിചിതരെ കണ്ണടച്ചു വിശ്വസിച്ചാണ് പലരും ചതികളിൽ പെടാറുള്ളത്. ശരിയായി സംരക്ഷിക്കാത്തതുകൊണ്ടാണ് പല സാധനങ്ങളും നഷ്ടപ്പെട്ടുപോകുന്നത്.
പുതിയകാല തട്ടിപ്പുകളെ കുറിച്ചും അവബോധമുണ്ടാകണം. ടെക്‌നോളജി മേഖലകളിലെ ചതിക്കുഴികൾ പ്രവചനാതീതവും വലിയ നഷ്ടങ്ങൾ വരുത്താൻ കെൽപ്പുള്ളവയുമാണ്. ഓൺലൈൻ ബുക്കിംഗുകൾ, ട്രാൻസ്പോർട്ടിംഗ്, ഹോട്ടൽ റൂമുകൾ, ട്രാവൽസ് തുടങ്ങി ഓരോ ഇടത്തെയും വളരെ ശ്രദ്ധയോടെ മാത്രമേ സമീപിക്കാൻ പാടുള്ളൂ. ആത്യന്തികമായി സംരക്ഷണം നൽകുന്നത് അല്ലാഹുവാണ്. കാര്യങ്ങൾ പൂർണ വിശ്വാസത്തോടെ അവനിൽ തവക്കുലാക്കുക. ജീലാനി(റ)യുടെ ചരിത്രം നൽകുന്ന പാഠവും അതുതന്നെയാണ്.
കെട്ടിക്കിടക്കുന്ന വെള്ളം കെട്ടുപോവുകയും ഒഴുകുമ്പോൾ വെള്ളം തെളിനീരായി മാറുകയും ചെയ്യുന്നു എന്ന ഇമാം ശാഫിഈ(റ)യുടെ ഉപമ കൃത്യമാണ്. നന്മയിലധിഷ്ഠിതമായ യാത്രകൾ മൂലം നാം നിരന്തരം നവീകരിക്കപ്പെടുന്നു, പരിവർത്തിതരാകുന്നു. അല്ലാഹുവിന്റെ പ്രീതിയും പൊരുത്തവും കാംക്ഷിച്ച് ചലനങ്ങളെയും നിശ്ചലനങ്ങളെയും തിട്ടപ്പെടുത്തുക. അതിനെക്കാൾ മുഖ്യമായ മറ്റൊന്നും നമുക്കില്ല.

 

ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ