ok usthad

പലയിടങ്ങളിലായുള്ള ദർസ് പഠനത്തിനു ശേഷം യാദൃച്ഛികമായാണ് ഞാൻ ശൈഖുനാ ഒ.കെ ഉസ്താദിന്റെ ദർസിലെത്തുന്നത്. ശൈഖുനായുടെ അടുക്കൽ നിന്ന് എന്റെ ജ്യേഷ്ഠൻ പഠനം പൂർത്തിയാക്കിയ വർഷമായിരുന്നു അത്. അതുതന്നെയായിരുന്നു എന്റെ പഠന കാലത്തെ സുവർണ ഘട്ടവും. അന്ന് അഞ്ചെട്ടാളുകൾ എന്റെ പ്രായമുള്ളവരുണ്ടായിരുന്നു. ഞങ്ങളായിരുന്നു അവിടത്തെ ചെറിയ ആളുകൾ. ഞാൻ ചെല്ലുന്നതിന്റെ ഒരു കൊല്ലം മുമ്പാണ് റഈസുൽ ഉലമ ഇ.സുലൈമാൻ ഉസ്താദ് ഉപരി പഠനത്തിനായി അവിടെ നിന്നു പോകുന്നത്. ഞാൻ പഠിക്കുമ്പോൾ ഇപ്പോഴത്തെ സമസ്ത വൈസ്പ്രസിഡന്റ് എ.കെ അബ്ദുറഹ്മാൻ മുസ്‌ലിയാർ ദർസിലുണ്ട്. കൂട്ടത്തിൽ അദ്ദേഹമായിരുന്നു മുതിർന്ന വിദ്യാർത്ഥി. എല്ലാവരും കൂടിയിരുന്ന് കിതാബോതുന്ന രംഗം നല്ല രസമാണ്. സബ്ഖ് കഴിഞ്ഞാൽ പള്ളിയിൽ അഞ്ചോ ആറോ വലിയ വട്ടത്തിൽ മുതഅല്ലിംകൾ തടിച്ചുകൂടും. വായിച്ചോത്ത് എന്നായിരുന്നു അതിന്റെ പേര്. അവയൊക്കെ വലിയ ദർസുകൾ തന്നെയായിരുന്നു. ഉസ്താദിന്റെ ദർസ് പോലെ വളരെ ആവേശത്തോടെയാണ് എല്ലാവരും വായിച്ചോത്തിൽ പങ്കെടുക്കുക. വായിച്ചോത്തിന്റെ ഒച്ചയും ബഹളവും അതു നൽകിയിരുന്ന ആത്മനിർവൃതിയും ഒന്ന് വേറെത്തന്നെയായിരുന്നു. വായിച്ചോത്തിൽ കൂടാത്തവർ വിരളമായിരിക്കും. ഉസ്താദിനോട് ചെന്നു ചോദിക്കാൻ മടിയുള്ളവർക്കൊക്കെ വായിച്ചോത്ത് നല്ല ആശ്വാസമാണ്.

മുഖ്തസ്വർ, ഖുലാസതുൽ ഹിസാബ്, മുല്ലാഹസൻ, മഹല്ലി, മുസ്‌ലിം തുടങ്ങിയ സബ്ഖുകളാ യിരുന്നു ശൈഖുനയുടെ അടുത്തുണ്ടായിരുന്നത്. താഴെയുള്ള സബ്ഖുകളുണ്ടായിരുന്നില്ല. എല്ലാ ഫന്നിലും ഒരുപോലെ താൽപര്യമായിരുന്നു ഉസ്താദിന്. ഏതു ഫന്നിലെ കിതാബുകളും മുടിനാരിഴ കീറി ചർച്ച ചെയ്യാനുള്ള ഉസ്താദിന്റെ കഴിവ് വിസ്മയാവഹമായിരുന്നു. ചെറിയ നവവി ഇമാം എന്നു വിശേഷിപ്പിക്കാവുന്നയാളാണ് ഉസ്താദ്. ദുനിയാവിനോട് ഒരൽപവും താൽപര്യം മഹാനവർകളുടെ മനസ്സിലുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പഠനത്തിനിടയിൽ മുതഅല്ലിംകൾ ജോലി നോക്കുന്നത് ഉസ്താദിനത്ര താൽപര്യമില്ലായിരുന്നു. അതേസമയം സാമ്പത്തികമായി വളരെ പ്രയാസമുള്ളവർക്ക് ഉസ്താദ് അതിനു സമ്മതം കൊടുക്കുകയും ചെയ്യാറുണ്ട്.

 

അന്നത്തെ മുതഅല്ലിം

മുതഅല്ലിംകളെല്ലാം ഓത്ത് മാത്രം ലക്ഷ്യമിട്ട് വന്നവരായിരുന്നു. ഓതാൻ വന്നവർക്ക് ഓതുക തന്നെയായിരുന്നു പണി. അതു ബാഖിയാത്തിൽ ഡിഗ്രിക്കു പോകാൻ വേണ്ടിയുള്ള ഓത്തൊന്നുമല്ല. പകൽ മഗ്‌രിബ് വരെയും രാത്രി പാതിര വരെയും ഓതും. ചിലർ ചായ കുടിക്കാൻ തന്നെ പോകൂല.  ആ സമയത്തും ഇരുന്ന് ഓതും. വേറെ ചിന്തകളൊന്നുമില്ല. കുറേ വർഷം കഴിഞ്ഞാൽ അവർ ബാഖിയാത്തിൽ പോകട്ടേ എന്ന് ശൈഖുനയോട് ചോദിക്കും. അപ്പോഴേക്കും അവർ ഓതിയോതി അതിന് പ്രാപ്തരായിരിക്കും. ജോലി കിട്ടണമെന്ന ചിന്ത ഉണ്ടായിരുന്നില്ല. അക്കാലത്തൊക്കെ വിദ്യാർത്ഥികൾ ഉസ്താദുമാരെ തിരഞ്ഞു നടക്കുകയാണ് പതിവ്. ഉസ്താദുമാർ വിദ്യാർത്ഥികളെ അന്വേഷിച്ചു നടക്കുകയല്ല. ഏറ്റവും കഴിവുള്ള മുദരിസിന്റെ അടുത്താണ് വിദ്യാർത്ഥികൾ എത്തിയിരുന്നത്. അന്ന് ഓതുക എന്നാൽ കാര്യമായി ഫത്ഹുൽ മുഈൻ തഹ്ഖീഖാക്കുകയെന്നാണ്. ഫിഖ്ഹിൽ എല്ലാവർക്കും നല്ല  തഹ്ഖീഖായിരുന്നു. കൂടാതെ നഹ്‌വിലും സ്വർഫിലും മറ്റു വിജ്ഞാന ശാഖകളിലും അവർക്ക് അതീവ പ്രാവീണ്യവുമുണ്ടായിരുന്നു.

ഭക്ഷണത്തിന് വീടുകളിലേക്കാണ് പോവുക.  ചിലപ്പോൾ രണ്ട് മൂന്ന് ആളുകൾ കൂട്ടിനുണ്ടാകും. ചില പണക്കാരുടെ വീടുകളിൽ മൂന്നും നാലും പേരുണ്ടാകും. സാധുക്കളായ ജനങ്ങൾ ദർസിനോടുള്ള താൽപര്യം കൊണ്ടു മാത്രമാണ് ഭക്ഷണം നൽകാൻ മുതിരുന്നത്. ചാലിയത്തുകാർക്ക് പൊതുവെ മുതഅല്ലിംകളെ വലിയ ഇഷ്ടമായിരുന്നു. സ്വന്തം മക്കളെ പോലെ അവർ മുതഅല്ലിംകളെ കണ്ടു.

 

ദർസ് രീതി

വ്യത്യസ്ത ബാച്ചുകളായല്ല അന്ന് ദർസ് നടന്നിരുന്നത്. കിതാബുകൾ ക്രമപ്രകാരം നടക്കും. ഓരോരുത്തർക്കും താൽപര്യമുള്ള കിതാബുകളിൽ പങ്കെടുക്കാമായിരുന്നു. ഉസ്താദ് ആരോടും ഒന്നും പറയാറില്ല. അതേസമയം ഞാൻ ഏത് സബ്ഖിലാ കൂടേണ്ടതെന്ന് ഉസ്താദിനോട് ചോദിക്കുന്നവരുമുണ്ട്. അങ്ങനെ ഉസ്താദിന്റെ തർബിയ്യത്തിൽ മാത്രമേനീങ്ങുകയുള്ളൂ എന്ന് ഉസ്താദിനു ബോധ്യപ്പെടുന്നവരോട് ചില സബ്ഖുകളിൽ കൂടാനും പറയും. സമയക്രമമില്ലെങ്കിലും ദർസിൽ കിതാബുകൾക്ക് തർതീബുണ്ടായിരുന്നു. അതു പ്രകാരമാണ് വിദ്യാർത്ഥികൾ തങ്ങൾക്കു ഓതാൻ കഴിയുന്ന മൂന്നോ നാലോ സബ്ഖുകളിൽ പങ്കെടുക്കുക. ചിലർ ഓതിയ കിതാബ് തന്നെ ആവർത്തിച്ചോതുകയും ചെയ്യും.

 

ഉസ്താദിന്റെ ക്ലാസ് അവതരണം അതീവ വശ്യമായിരുന്നു. ഏതുതരം വിദ്യാർത്ഥികൾക്കും സബ്ഖ് ഗ്രഹിക്കാൻ സാധിച്ചിരുന്നു. കൂടുതൽ ഗ്രഹിക്കാൻ കഴിയുന്നവർക്ക് മടുപ്പില്ലാത്ത വിധത്തിലും ഗ്രാഹ്യ ശക്തി കുറവുള്ളവർക്ക് നിരാശ തോന്നാത്ത രൂപത്തിലുമായിരുന്നു ശൈഖുനയുടെ സബ്ഖുകൾ. ബഹ്‌റുൽ ഉലൂം എന്ന വിശേഷണം ശരിക്കു യോജിക്കുന്ന വ്യക്തിത്വമാണ് മഹാനവർകളുടേത്.

 

സബ്ഖുകൾക്ക് പ്രത്യേക സമയക്രമമൊന്നുമുണ്ടായിരുന്നില്ല. ഇഷ്ടം പോലെ സമയം കിട്ടും. ഒരു സബ്ഖ് ഏകദേശം ഒരു മണിക്കൂറുണ്ടാകും. സ്വുബ്ഹ് നിസ്‌കരിച്ചയുടൻ ക്ലാസ് ആരംഭിക്കും. പിന്നീട്  ചായയുടെ സമയം വരെയും ചായക്കു ശേഷം ളുഹ്‌റ് വരെയും സബ്ഖ് തുടരും. ളുഹ്‌റ് വാങ്ക് കൊടുത്താലും ചിലപ്പോൾ  ക്ലാസുണ്ടാകും. ളുഹ്‌റ് നിസ്‌കാരം കഴിഞ്ഞാലുമുണ്ടാകും സബ്ഖ്. ഭക്ഷണ ശേഷവും അസ്വറ് നിസ്‌കാരം കഴിഞ്ഞാലും സബ്ഖ് തുടർന്നു കൊണ്ടിരിക്കും. മഗ്‌രിബ് നിസ്‌കാരം കഴിഞ്ഞാൽ സാധാരണ ബൈളാവിയുടെ സബ്ഖാണുണ്ടാവുക. ബൈളാവി ഓതുന്നവർ അക്കൊല്ലം കോളേജിൽ പോകുന്നവരായിരിക്കും. ബൈളാവി സബ്ഖിൽ ചിലപ്പോൾ നാട്ടുകാരും പങ്കെടുക്കാറുണ്ട്. അങ്ങനെ കോളേജിൽ പോകുന്നവരെ അവർ നോക്കി മനസ്സിലാക്കും. അതൊക്കെ അവർക്കു വലിയ സന്തോഷമായിരുന്നു.

എടുത്ത പാഠം പിറ്റേ ദിവസം ചോദിക്കുന്നത് അപൂർവമാണ്. പാഠം ഓതിയിട്ടില്ലെന്നു തോന്നുന്നവരോട് ചിലതൊക്കെ ചോദിക്കുകയും ചെയ്യും. ചോദിച്ചതു കിട്ടിയില്ലെന്നു കരുതി വഴക്കൊന്നും പറയില്ല. എങ്കിലും ഉസ്താദ് ചോദിച്ചിട്ടു കിട്ടാതിരിക്കുന്നത് കുട്ടികൾക്ക് വലിയ വിഷമമായിരുന്നു. അതു തന്നെയാണ് തുടർ പാഠങ്ങൾ നന്നായി പഠിക്കാനുള്ള കുട്ടികളുടെ പ്രചോദനവും. ഏതാണ്ട് എല്ലാവരും അടുത്ത സബ്ഖിനു മുമ്പ്  സംശയങ്ങളൊക്കെ തീർത്ത് കിതാബ് തഹ്ഖീഖാക്കിയിരിക്കും. സബ്ഖ് നഷ്ടപ്പെടാതിരിക്കാൻ എല്ലാവരും പരമാവധി ശ്രമിക്കുകയും ചെയ്യും.

 

ഉസ്താദ് രണ്ടാഴ്ച കൂടുമ്പോഴാണ് നാട്ടിൽ പോകുക. അപ്പോൾ കുട്ടികൾക്കും പോകാം. ഉസ്താദ് തിരിച്ചു വരുമ്പോഴേക്കും വിദ്യാർത്ഥികൾ തിരിച്ചെത്തുകയും ചെയ്യും. മറ്റെന്തെങ്കിലും അത്യാവശ്യമുള്ളവർ  ഉസ്താദിനോട് ചോദിച്ചു പോകാറുണ്ട്.

ഇന്ന് പത്തിരുപത് കുട്ടികളുള്ളിടത്തു തന്നെ രണ്ടാം മുദരിസുണ്ട്. എന്നാൽ ചാലിയത്ത് നൂറ്റിയിരുപത് കുട്ടികൾക്ക് ശൈഖുന മാത്രമായിരുന്നു മുദരിസ്. എല്ലാവർക്കും ഉസ്താദ് തന്നെ കിതാബുകൾ ഓതിക്കൊടുക്കും. ശേഷമുള്ള വായിച്ചോത്താണ് മർമപ്രധാനം. സ്വന്തമായി നന്നായി കിതാബുകൾ കൈകാര്യം ചെയ്യാൻ കഴിയുന്ന ചിലർ മുത്വാലഅയുമായി കഴിയുകയും ചെയ്യും.

ഉസ്താദിന്റെ തർബിയ്യത്ത് നിശ്ശബ്ദമായായിരുന്നു. അതാവട്ടെ നൂറുമേനി ഫലമുള്ളതുമായിരുന്നു. എപ്പോഴും വിദ്യാർത്ഥികളെ ഉപദേശിക്കുന്ന സ്വഭാവമില്ല. നിങ്ങൾക്ക് അത് വേണം, ഇത് വേണം, അത് പഠിക്കണം, ഇത് പഠിക്കണം എന്നൊന്നും പറയാറില്ല. ഉസ്താദ് കാര്യമായി ശ്രദ്ധിക്കുന്നത് ഹദ്ദാദിൽ പങ്കെടുക്കുന്നുണ്ടോ എന്നാണ്. എന്നാൽ ഹദ്ദാദിന്  കൂടാൻ കർശനമായി പറയില്ല. ‘സാമർത്ഥ്യക്കാരായ’ ചിലർ പലപ്പോഴും ഹദ്ദാദിൽ പങ്കെടുക്കാതിരിക്കാറുണ്ട്. അവരൊന്നും എവിടെയുമെത്താത്ത സ്ഥിതിയാണുള്ളത്. ചിലർ എന്റെ അനുഭവത്തിലുണ്ട്. അതിൽ പലരും കിതാബിലൊക്കെ നല്ല  കഴിവുള്ളവരാണ്. പക്ഷേ ഫലമുണ്ടായില്ല. ഹദ്ദാദ് മാത്രമല്ല, ബാക്കിയുള്ള സുന്നത്ത് നിസ്‌കാരങ്ങളും ഉസ്താദ് വിലയിരുത്തും. ദർസിൽ ഉസ്താദിന്റെ മുഴുസമയ നിരീക്ഷണമുണ്ടായിരുന്നു. എന്നാൽ പ്രതികരണങ്ങൾ അനിവാര്യ സാഹചര്യങ്ങളിൽ മാത്രവും. ഉസ്താദിന്റെ മാതൃകാപരമായ ജീവിതം തന്നെയായിരുന്നു കുട്ടികളുടെ മാതൃക.

 

പ്രസംഗം, എഴുത്ത്

ആഴ്ചകളിൽ സാഹിത്യ സമാജം നടക്കും. റബീഉൽ അവ്വലിൽ പന്ത്രണ്ട് ദിവസവും വിദ്യാർത്ഥികളുടെ പ്രസംഗവും ഉണ്ടാകാറുണ്ട്. കുട്ടികളുടെ പ്രസംഗങ്ങൾ ഉസ്താദ് നിരൂപണം ചെയ്യുകയൊന്നുമില്ല. ചിലപ്പോൾ അതു സംബന്ധമായി വല്ലതും പറയും. ഒരിക്കൽ എന്നോട് നിന്റെ പ്രസംഗം എന്താ പെട്ടെന്നു നിർത്തിയത് എന്നു മാത്രം ചോദിച്ചു. ഉസ്താദിന്റെ കോളേജിൽ ഞാൻ വഅള് പറയാറുണ്ടായിരുന്നു. കോളേജിന്റെ പിരിവിനു വേണ്ടിയുള്ളതായിരുന്നു അത്. ഉസ്താദ് രണ്ടത്താണിയിലുള്ളപ്പോഴും എന്നോട് വഅള് പറയാൻ പറഞ്ഞിട്ടുണ്ട്. വഅളിന്റെ അവസാന ദിവസം ശൈഖുനയും ഇ. സുലൈമാൻ ഉസ്താദും (സമസ്ത പ്രസിഡന്റ്) സംഭാവന എഴുതിയതോർക്കുന്നു. അന്ന് സുലൈമാൻ ഉസ്താദ് നാന്നൂറു രൂപയാണ് സംഭാവന എഴുതിയത്. വഅളിനു ശേഷം ശൈഖുന എന്നോട് ചോദിച്ചു: ‘ആ നാന്നൂറു രൂപ എന്താണെന്നു നിങ്ങൾക്കറിയുമോ? അദ്ദേഹത്തിന്റെ ഒരു മാസത്തെ ശമ്പളമാണ്.’

മുതഅല്ലിംകളെ ഉസ്താദിന് വലിയ ഇഷ്ടമായിരുന്നു. ശിഷ്യന്മാരോട് വലിയ കരുണയും സ്‌നേഹവും കാണിക്കും. ഏതു വിഷമം ചെന്നുപറഞ്ഞാലും ഉസ്താദ് ശ്രദ്ധിച്ചുകേട്ട് അതിനൊരു പരിഹാരം പറഞ്ഞുതരും. എനിക്ക് ഡിസ്‌കിനു തകരാറുണ്ടായ സമയം. ഓപ്പറേഷൻ ചെയ്താൽ പോലും രക്ഷപ്പെടില്ലെന്നാണ് ഡോക്ടർമാർ പറഞ്ഞത്. 10 മണിക്കൂർ നീണ്ട ഓപ്പറേഷനു വിധേയനായി. ഓപ്പറേഷൻ കഴിഞ്ഞുള്ള മയക്കത്തിൽ ചാരു കസേരയിൽ ചിരിച്ചുകൊണ്ടിരിക്കുന്ന ഉസ്താദിനെ ഞാൻ സ്വപ്നത്തിൽ കണ്ടു. അൽപ്പമൊക്കെ നടക്കാറായപ്പോൾ ഞാൻ കാറിൽ ഉസ്താദിന്റെ സമീപം ചെന്നു. അപ്പോൾ സ്വപ്നത്തിൽ കണ്ടപോലെ ഉസ്താദ് ചിരിച്ചു കസേരയിലിരിക്കുന്നു. എനിക്കു വേണ്ടി അവിടുന്ന് പ്രത്യേകം ദുആ ചെയ്തുതരികയും ആശ്വസിപ്പിക്കുകയും ചെയ്തു. തന്റെ ശിഷ്യന്മാരെല്ലാവരും എവിടെയെങ്കിലുമെത്തണമെന്ന അതിയായ ആഗ്രഹം ശൈഖുനക്കുണ്ടായിരുന്നു. അതിനുവേണ്ടി നന്നായി പ്രവർത്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യും. ആത്മാർത്ഥതയുള്ള മുദരിസുമാരുടെ ലക്ഷണമാണത്.  ഒരിക്കൽ, കോട്ടൂരുസ്താദിനോടൊപ്പം രണ്ട് മൂന്ന് ദിവസം മലേഷ്യയിൽ താമസിക്കാൻ അവസരമുണ്ടായി. പല കാര്യങ്ങളും ചർച്ച ചെയ്യുമ്പോഴും ഇടക്കിടെ കോട്ടൂരുസ്താദ് ‘എന്റെ കുട്ട്യോള് ഇപ്പോ എന്ത് ചെയ്യാവോ’ എന്നു പറയും. കുറേ കഴിഞ്ഞാണ് എനിക്ക് ആ കുട്ട്യോള് ശിഷ്യന്മാരാണെന്ന് ബോധ്യപ്പെട്ടത്.  അത്രക്കിഷ്ടമാണ് ഉഖ്‌റവിയായ ഉസ്താദുമാർക്ക് ശിഷ്യന്മാരോട്. ശിഷ്യന്മാരുടെ വീടുകളിലും ശൈഖുന പോകാറുണ്ട്. ഓരോരുത്തരുമായുള്ള വ്യക്തിബന്ധത്തിന്റെ തോതനുസരിച്ചായിരിക്കും അതെന്നുമാത്രം.

പഴയകാല ശിഷ്യന്മാർ ഉസ്താദിനെ കാണാൻ വരുന്നത് ഉസ്താദിന് വലിയ താൽപര്യമാണ്. എല്ലാവരും ഉസ്താദിന്റെ വീട്ടിലേക്കാണ് വരിക. ഉസ്താദ് ഓത്ത് നിർത്തി നാട്ടിലെത്തിയാൽ ശിഷ്യന്മാർ വന്നുകൊണ്ടേയിരിക്കും. സബ്ഖ് മുടക്കണ്ടല്ലോ എന്ന് വിചാരിച്ചാണ് അവർ ദർസിലേക്കു വരാതെ വീട്ടിൽ വരുന്നത്. സബ്ഖ് മുടങ്ങുന്നത് ശൈഖുനക്ക് തീരെ ഇഷ്ടമല്ലെന്ന് എല്ലാവർക്കും അറിയാമല്ലോ.

മുഴുസമയ തദ്‌രീസിനിടയിലും മഹാരഥന്മാരുമായി ശൈഖുന ബന്ധം പുലർത്തിയിരുന്നു. ശൈഖുനയെ കക്കിടപ്പുറം അബൂബക്കർ മുസ്‌ലിയാരുമായി  ബന്ധപ്പെടുത്താനുള്ള ഭാഗ്യം എനിക്കു കിട്ടിയിട്ടുണ്ട്. ഞാൻ ചാലിയത്ത് ഓതുന്ന സമയത്ത് മൂപ്പരുടെ യടുക്കൽ ഇടക്കിടെ പോകാറുണ്ടായിരുന്നു. ബന്ധം സ്ഥാപിച്ച ശേഷം ഇരുവരും പരസ്പരം എന്റെയടുക്കൽ സലാം പറഞ്ഞയക്കുകയും ചെയ്യാറുണ്ട്. ഒരു ദിവസം എന്നോട് ഒ.കെ. ഉസ്താദ് പറഞ്ഞു: ‘നമുക്ക് മൂപ്പരെ ഒന്ന് കാണാൻ പോകണം’. ഞാൻ കക്കിടിപ്പുറത്ത് ചെന്ന് പറഞ്ഞു: ‘ഒ.കെ. ഉസ്താദ് നിങ്ങളെ കാണാൻ വരുന്നുണ്ട്’. ഉടനെ കക്കിടിപ്പുറത്തെ മൂപ്പര് പറഞ്ഞു: ‘അല്ലാഹ്, ഒ.കെ ഉസ്താദിനെ ഇങ്ങോട്ട് വരുത്താൻ പാടില്ല. നമ്മൾ അങ്ങോട്ട് പോയി കാണണം’. അങ്ങനെ കക്കിടിപ്പുറം ഉസ്താദ് ശൈഖുനയെ വന്നുകാണുകയും ഒരുപാട് നേരം സംസാരിക്കുകയും ചെയ്തു.

ഉസ്താദിന്റെ സാന്നിധ്യം ഏതൊരു സദസ്സിനും അലങ്കാരമായിരുന്നെങ്കിലും ദർസ് മുടക്കിയിട്ടുള്ള ഒന്നും ഉസ്താദിന് ഇഷ്ടമല്ലായിരുന്നു. ഒരു ദിവസം വൈലിത്തറ മുഹമ്മദ് കുഞ്ഞി മുസ്‌ലിയാർ വഅളിനു വന്നു. അഞ്ചാറു ദിവസം വഅളുണ്ടായിരുന്നു. സ്റ്റേജിൽ ഒരു കസേര മാത്രമാണ് ഇടുക. അതിൽ അദ്ദേഹം  ഇരിക്കും. ഒരു ദിവസത്തെ വഅളിന്  ദുആ ചെയ്തു കൊടുക്കാൻ അദ്ദേഹം ശൈഖുനായെ നിർബന്ധിച്ചു. നിങ്ങളില്ലാതെ ഞാൻ വഅളിനു പോകില്ലെന്നായി അദ്ദേഹം. നിർവാഹമില്ലാതെ ശൈഖുന ചെന്നു. ഉസ്താദ് കസേരയിലിരുന്ന് ദുആ ചെയ്യുമ്പോൾ വൈലിത്തറ ബഹുമാന പൂർവം സ്റ്റേജിൽ നിൽക്കുകയായിരുന്നു.

സുലൈമാൻ ഉസ്താദിനെക്കുറിച്ച്

ഇഹ്‌യാഉസ്സുന്ന കോളേജെന്നു പറഞ്ഞാൽ ഉസ്താദിനു ജീവനായിരുന്നു. ഒരിക്കൽ ലീഗുകാർ വന്ന് ഒതുക്കുങ്ങൽ കോളേജിനെതിരെ പ്രശ്‌നങ്ങളുണ്ടാക്കി. ഗ്രൂപ്പു പ്രശ്‌നം തന്നെയായിരുന്നു പിന്നിൽ. എ.പി. ഉസ്താദിന്റെ മകൻ ഹകീം അസ്ഹരി അന്ന് അവിടെ പഠിച്ചിരുന്നു. പ്രശ്‌നങ്ങൾ വർധിച്ചപ്പോൾ എ.പി. ഉസ്താദ്  ശൈഖു നാക്കൊരു പ്രയാസം വരേണ്ടെന്നു കരുതി മകനെ തിരിച്ചു വിളിക്കുകയായിരുന്നു. ഇഹ്‌യാഉസ്സുന്ന ക്കെതിരെ മുദ്രവാക്യം വിളിച്ചുവന്ന രാഷ്ട്രീയക്കാർ ഒ.കെ. ഉസ്താദിനെയും സുലൈമാൻ ഉസ്താദിനെയും ചീത്ത വിളിച്ചു. ആ സമയത്ത് ഒ.കെ. ഉസ്താദ് ഹറമിലാണ്. എളിയ ഒരു ഖാദിമായി ഞാനും ഒപ്പം കൂടി. അവിടെ വെച്ച് എന്നോട് ശൈഖുന പറഞ്ഞു: ‘അവർ സുലൈമാൻ മൊയ്‌ല്യാരെയാണ് ചീത്ത വിളിക്കുന്നത്. മൂപ്പർ അല്ലാഹുവിന്റെ വലിയ്യാണെന്ന കാര്യം അവർക്കറിയില്ലല്ലോ’. ഉസ്താദവർകൾ ഹറമിൽ വെച്ച് എന്നോട് പറഞ്ഞതാണിത്. അപ്പോഴും ഉസ്താദിനെ ചീത്തപറഞ്ഞതിലല്ല, ഇഷ്ട ശിഷ്യനും സഹമുദരിസുമായ സുലൈമാൻ ഉസ്താദിനെ ആക്ഷേപിച്ചതിലായിരുന്നു ശൈഖുനക്ക് വിഷമം. ഇതു പറയുമ്പോൾ എന്റെ കൂടെ ഉസ്താദിന്റെ മരുമകനുമുണ്ടായിരുന്നു. സുലൈമാൻ ഉസ്താദിനെ കുറിച്ച് ശൈഖുനാക്ക് വലിയ മതിപ്പായിരുന്നു. ഒതുക്കുങ്ങൽ കോളേജിന്റെ സർവ പുരോഗതിയും സന്തോഷത്തോടെയും നന്ദിയോടെയും നോക്കിക്കണ്ടാണ് മഹാനവർകൾ ഇഹലോകവാസം വെടിഞ്ഞത്.

പുതിയ മുദരിസുമാർ ഒ.കെ ഉസ്താദിൽ നിന്നു പകർത്തേണ്ട ധാരാളം പാഠങ്ങളുണ്ട്. ദർസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നാഫിആയ ഇൽമ് ലഭിക്കണമെന്ന നിയ്യത്തിലായിരുന്നു ഉസ്താദവർകളുടെ സബ്ഖ്. അതുകൊണ്ട് തന്നെ മുന്നിലിരിക്കുന്ന എല്ലാവർക്കും മനസ്സിലാവുന്ന വിധത്തിലായിരുന്നു അവതരണം. ശിഷ്യന്മാരെ കൊണ്ട് വല്ലപണികളും ചെയ്യിക്കുന്ന ശീലവും ശൈഖുനാക്കില്ലായിരുന്നു. വ്യാഴാഴ്ചകളിൽ ഉസ്താദിന്റെ തുണിയും കുപ്പായവും അലക്കാൻ കിട്ടാൻ വേണ്ടി വിദ്യാർത്ഥികൾക്കിടയിൽ മത്സരം തന്നെയാണ്. ഉസ്താദിന് ഒരു ഉപകാരം ചെയ്തു കൊടുക്കുമ്പോൾ സന്തോഷത്തോടെ, ഇൽമിൽ ബറകത്തുണ്ടാകട്ടെ എന്നു പ്രാർത്ഥിക്കും. ആ ദുആ ലഭിക്കലാണ് എല്ലാവരുടെയും ലക്ഷ്യവും.

പഴയ കാല മുതഅല്ലിംകളിൽ നിന്ന് പുതിയ കാലത്തുള്ളവർക്കു ചിലതു പഠിക്കാനുണ്ട്.  ഇൽമ് പഠിച്ചാൽ എന്തു സമ്പാദിക്കാമെന്നതാണ് ഇന്നു പലരുടെയും ചിന്ത. ഓരോ കിതാബും തഹ്ഖീഖാക്കി   പഠിക്കാനുള്ള സമയം ഇപ്പോൾ വളരെ കുറവാണ്. വിദ്യാർത്ഥികളുടെ ലക്ഷ്യം ഭൗതികം മാത്രമാകാതെ സൂക്ഷിക്കണം. അതുകൊണ്ട് ദുൻയാവിലും ആഖിറത്തിലും യാതൊരു പ്രതിഫലവും ലഭിക്കില്ല. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് ഇൽമ് പഠിക്കുമ്പോൾ ദുനിയാവും ആഖിറവും ലഭിക്കും.

 

തയ്യാറാക്കിയത്: സൈനുദ്ധീൻ ശാമിൽ ഇർഫാനി മാണൂർ

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ