ഓര്‍മയുടെ ഓരങ്ങളില്‍ ഒരായിരം സ്മരണകള്‍ പുതുക്കി ഈദുല്‍ അക്ബര്‍ ഒരിക്കല്‍ കൂടി സമാഗതമാവുന്നു. ക്ലേശപൂര്‍ണമായ ഭൗതിക ജീവിതാനുഭവങ്ങളുടെ വേദനയില്‍നിന്ന് വിമോചിതനായി സന്തോഷിക്കാന്‍ ഉടയോന്‍ അടിമകള്‍ക്കായി കനിഞ്ഞരുളിയ സുദിനമാണ് ബലിപെരുന്നാള്‍. ആഘോഷമായാലും ആരാധനകളായാലും ദ്വിലോക വിജയമാണ് ഇസ്‌ലാമിന്റെ പരമപ്രധാനമായ ലക്ഷ്യം.
ബലിപെരുന്നാള്‍ ഓര്‍ക്കുമ്പോള്‍ ഓര്‍മകള്‍ സഹസ്രാബ്ദങ്ങളുടെ പിന്നിലേക്ക് പറന്നുപോകുന്നു. മനുഷ്യന്‍ സത്യവും സഹനവും ധര്‍മവും ദയയും വലിച്ചെറിയുകയും തമസ്സിന്റെ ഭാഗധേയങ്ങള്‍ കൊണ്ട് അതിരുകളും ചക്രവാളങ്ങളും തീര്‍ക്കുകയും ചെയ്ത ഒരു കാലഘട്ടത്തിലാണ് ഇബ്്റാഹിം നബി (അ) ഭൂജാതനായത്. പ്രവാചകന്മാരും സാത്വികരും സംരക്ഷിച്ചുപോന്ന മതത്തിന്റെ വിശുദ്ധ സംജ്ഞകളും പ്രതീകങ്ങളും കടിച്ചു കീറി അവരുടെ സാമര്‍ത്ഥ്യത്തിന്റെ തോതനുസരിച്ച് സമൂഹത്തെ അധീശപ്പെടുത്തി ഭരിച്ചുകൊണ്ടിരുന്ന ചരിത്രത്തിലെ മലീമസമായ കാലഘട്ടമായിരുന്നു അത്.
ദൈവസൃഷ്ടിയെ തങ്ങളുടെ സ്രഷ്ടാവായി നിനച്ചു ആരാധിച്ചുകൊണ്ടിരിക്കുന്ന അന്ധകാരത്തിനു മധ്യേ അദൃശ്യ ശക്തിയായ ഏക ദൈവത്തിന്റെ വിളിക്ക് ഉത്തരം നല്‍കാന്‍ സന്നദ്ധനായി ഒരാള്‍ ജനിക്കുമ്പോള്‍ ജനങ്ങളുടെ പ്രതികരണം എന്തായിരിക്കും? നിശ്ചയം അദ്ദേഹത്തെ ക്രൂരവും അതിനിന്ദ്യവുമായി അക്രമിക്കാനും ഉടലോടെ കുഴിച്ചുമൂടാനും ആ ജനത ഒരുമ്പെടുമെന്നാണ് വസ്തുത. ഈ കഷ്ടപ്പാടുകളത്രയും മുഖാമുഖം ദര്‍ശിക്കുകയാണ് ഇബ്്റാഹിം നബിയുടെ ചരിത്രത്തില്‍ നാം. മഹാതേജസ്വിയായിരുന്ന ഇബ്്റാഹിം നബി (അ) നിരന്തരമായ കഠിനാധ്വാനത്തിലൂടെ ഉലകത്തിന്റെ മുഴുവന്‍ ശ്രദ്ധയും തന്നിലേക്ക് ആവാഹിച്ചു. ആദര്‍ശത്തിനു മുന്നില്‍ തോറ്റുകൊടുക്കാനൊരിക്കലുമദ്ദേഹം തയ്യാറായില്ല. സത്യത്തിന്റെ സ്ഥാപനത്തിന് ജീവന്‍ ബലി നല്‍കാനും ആ മഹാന്‍ തയ്യാറായി.
സത്യത്തിനും നീതിക്കുംവേണ്ടി ശബ്ദിച്ചതിന്റെ പേരില്‍ അദ്ദേഹം ഹോമകുണ്ഠത്തിലെറിയപ്പെട്ട സമയം! എത്ര ഭയാനകമാണത്!! ആളിക്കത്തുന്ന കനല്‍കൂനയിലേക്ക് ഒരു പച്ചമനുഷ്യന്‍ നിര്‍ദാക്ഷിണ്യം വലിച്ചെറിയപ്പെട്ട നേരം! ഉലകം മുഴുവന്‍ പ്രവാചകരുടെ എതിര്‍ചേരിയില്‍ അണിചേര്‍ന്നിരുന്ന സന്ദര്‍ഭം. പക്ഷേ ആ സാത്വികന്‍ അതൊന്നും വകവെച്ചതേയില്ല. വേദനയുടെ സ്പര്‍ശങ്ങളെ സസന്തോഷം സ്വീകരിച്ച് സത്യത്തോട് ചേര്‍ന്നുനിന്നു.
ഇബ്റാഹിം നബിയുടെ വിശുദ്ധിക്ക് വേണ്ടി മാത്രമായിരുന്നോ ഖുര്‍ആന്‍ ഇക്കാര്യം ഉദ്ധരിച്ചത്? അല്ല; മാനുഷ സമൂഹത്തിന്റെ ചിന്തക്കും അതുവഴിയുള്ള നന്മക്കും പുരോഗതിക്കും കൂടിയാണ്. ഈദിന്റെ സന്ദേശവും ഇതത്രെ. ബലിപെരുന്നാള്‍ കടന്നുവരുമ്പോള്‍ ഇബ്്റാഹിം നബിയെയും കുടുംബത്തെയും കുറിച്ചുള്ള സ്മരണകള്‍ സത്യവിശ്വാസികളുടെ മനോമുകുരത്തില്‍ തെളിഞ്ഞുവരുന്നു; വരണം. ത്യാഗത്തിന്റെ വഴിയമ്പലങ്ങളില്‍ ആ വിശ്രുത വിശിഷ്ടന്‍ ജ്വലിച്ചുതന്നെ നില്‍ക്കുന്നു. മര്‍ത്യനെ മനുഷ്യനാക്കുന്നത് ത്യാഗമാണ്. തത്ത്വ പ്രസംഗത്തെ മറികടന്ന് അനുഭവങ്ങള്‍ നിരത്തി ആ മഹാനുഭവന്‍ ഈ വസ്തുതകള്‍ വളരെയധികം യാഥാര്‍ത്ഥ്യ ബോധത്തോടെ നമ്മുടെ മുമ്പിലവതരിപ്പിക്കുന്നു. വിഷമസ്ഥലികളില്‍ ഏകനായി നിന്ന് വേദനയുടെ ദുഃഖസന്ധികളെ പച്ചയായി അനുഭവിക്കുകയാണ് ആ ത്യാഗീവര്യന്‍.
ഭൂരിഭാഗം ആധുനിക നേതാക്കളും ഇബ്റാഹിം നബിയുമായി വഴിപിരിയുന്നത് ഇവിടെവെച്ചാണ്. പരലോകത്തുവെച്ചുപോലും പ്രാവര്‍ത്തികമാകാത്ത പദ്ധതികളെയും വ്യവസ്ഥിതികളെയും കുറിച്ച് മധുരവാചാലമായി പ്രസംഗിച്ച് അതിന്റെ ഇന്ദ്രിയസുഖത്തില്‍ മൃതിയടഞ്ഞ ഒരുപാട് വിപ്ലവകാരികള്‍ നമ്മുടെ കഴിഞ്ഞകാല ഏടുകളില്‍ കാണാം. കാലം അവരുടെ നിരര്‍ത്ഥകമായ സന്ദേശത്തിന്റെ ചില്ലുകൊട്ടാരങ്ങളെ തകര്‍ത്തു തരിപ്പണമാക്കുകയും അവയില്‍ ശകലം പോലും ബാക്കിയാവാത്ത വിധം സമുദ്രത്തിന്റെ അഗാധ ഗര്‍ത്തത്തിലേക്ക് വലിച്ചെറിയുകയും ചെയ്തു.
ഇതാണ് ആധുനിക ലോകത്തിന്റെ കഥയെങ്കില്‍ ഇവരെപ്പോലെയാവുകയല്ല ഇബ്്റാഹിം നബി(അ)യും മുഹമ്മദ് നബി(സ്വ)യും അടങ്ങുന്ന പ്രവാചകന്മാര്‍ ചെയ്തത്. അവര്‍ സമൂഹത്തിനിടയില്‍ കളങ്കരഹിതരായും സഹജീവി സേവകരായും സത്യത്തിന്റെയും സമാധാനത്തിന്റെയും നീതിനിഷ്ഠയുടെയും പര്യായങ്ങളായും ജീവിച്ചു. വളരെ ചുരുങ്ങിയ സമയം കൊണ്ട് ലോകത്തെ ഇതെല്ലാം പഠിപ്പിക്കുകയും മലീമസമായ മനുഷ്യരെ ശുദ്ധരും ധവളാത്മാക്കളുമാക്കി മാറ്റുകയും ചെയ്തു. ഇത്തരം മഹനീയ സ്മരണകളാണ് ബലിപെരുന്നാളിലൂടെ നാം പങ്കിടുന്നത്. ഇത്, പക്ഷേ അവരെക്കുറിച്ച് ഊറ്റം കൊള്ളാന്‍ വേണ്ടി മാത്രമാകരുത്. മറിച്ച്, ആത്മവിമര്‍ശനത്തിനു കൂടിയുള്ളതാവണം. ഇന്നത്തെ സ്ഥിതിയില്‍ ലോകത്തിനേറ്റവും ആവശ്യമായതും ഇതുതന്നെ.
ഈദുല്‍ അസ്്ഹാ സന്തോഷത്തിന്റെ സുദിനമാണ്. ഈ സന്തോഷത്തിനു ഒരുപാട് പ്രത്യേകതകളുണ്ട്. ഒന്നാമതായി ഇത് മഹാമനുഷ്യരുടെ ത്യാഗത്തിന്റെ ഫലമാണെന്നതാണ്. അതിനാല്‍ അവരുടെ മാര്‍ഗമാണ് ഈ സന്തോഷത്തിന്റെ പരിധി. അവിടെ നിന്നും പരിധി തെറ്റിയാല്‍ ഈദ് കൂത്താട്ടമായി മാറും. പിന്നെ അതിന് പെരുന്നാളെന്ന നാമം മാറും. ആഘോഷത്തെ ആഭാസമാക്കുന്നവര്‍ ഈ വസ്തുത നന്നായി ഉള്‍ക്കൊള്ളണം. മഹത്തായ ത്യാഗത്തിന്റെ മുന്നിലാണ് നില്‍ക്കുന്നത് എന്ന ബോധമാണ് നമുക്കാദ്യമായി വേണ്ടത്. ഇത് പറയുമ്പോള്‍ ഒരു ആഹ്ലാദ സുദിനത്തെ അനുഭവിക്കാന്‍പോലും ഇസ്ലാം മതം വിഘ്നമാവുന്നു എന്ന് തെറ്റുദ്ധരിക്കരുത്.
ഇതുപോലൊരു ഈദ് ദിനത്തില്‍ പ്രവാചകര്‍ (സ്വ) ആഇശാ (റ) യോടൊപ്പം വീട്ടിലിരിക്കുന്നു. രണ്ട് പെണ്‍ കുഞ്ഞുങ്ങള്‍ അവിടുത്തെ സന്നിധിയില്‍ കയറിവന്ന് അറബിക്കവിതയാലപിച്ച് ആനന്ദിക്കുകയാണ്. അവരെ ശല്യം ചെയ്യേണ്ടെന്നു നിനച്ച് പ്രവാചകര്‍ തിരിഞ്ഞുകിടക്കുന്നുമുണ്ട്്. തല്‍സമയം ആഇശ (റ) യുടെ പിതാവ് ഹസ്രത്ത് അബൂബക്കര്‍ സിദ്ദീഖ് (റ) കടന്നുവന്നത് ഈ രംഗം വീക്ഷിച്ചുകൊണ്ടായിരുന്നു. അദ്ദേഹത്തിനിതു ഒട്ടും സഹിവന്നില്ല. പ്രവാചക സവിധത്തിലാണോ ഗാനാലാപനം നടത്തുന്നത്? എന്താണ് നിങ്ങളുടെ വിചാരം? സിദ്ദീഖ് (റ) ശകാരം പറഞ്ഞു രൂക്ഷമായി അവരെയൊന്നുനോക്കി. ഇതു കേള്‍ക്കുകയും കാണുകയും ചെയ്ത പ്രവാചകര്‍ അദ്ദേഹത്തിനു നേരെ തിരിഞ്ഞു:
‘ഓ സിദ്ദീഖ്! അങ്ങ് ഒരു കാര്യം മനസ്സിലാക്കണം. അവരവരുടേതായ ആഘോഷദിനങ്ങള്‍ ഓരോ സമൂഹത്തിനുമുണ്ട്. ഇതാ, ഇന്ന് നമ്മുടെ ഈദ് ദിനമാണ്. ആ കുട്ടികളത് ആഘോഷിച്ചു തീര്‍ക്കുകയാണ്. അവരെ വെറുതെ വിടുക…’ (ബുഖാരി, മുസ്‌ലിം).
പ്രവാചകരുടെ മാതൃക ഇതാണ്. ഭൗതിക താല്‍പര്യങ്ങളെ മുഴുക്കെ ത്യജിച്ച് സന്ന്യാസത്തില്‍ മുഴുകാന്‍ ഇസ്ലാം കല്‍പ്പിക്കുന്നില്ല. മനുഷ്യന്റെ ലൗകിക താല്‍പര്യങ്ങളെ പാടേ നിഷേധിക്കുകയും ആത്മീയകാര്യങ്ങളില്‍ മാത്രം ഊന്നല്‍ നല്‍കുകയും ചെയ്യുക ന്യായമല്ലല്ലോ. മര്‍ത്യന്റെ നൈസര്‍ഗികമായ ഗുണങ്ങളുടെ പരിപോഷണവും സാംസ്കാരികതയും ഇസ്ലാം മാനിക്കുന്നു.
വൈവാഹിക ജീവിതം വര്‍ജിച്ച് ബ്രഹ്മചര്യവും, ഗൃഹങ്ങളേക്കാള്‍ ഗുഹകളും മനുഷ്യനു നിഷ്കര്‍ശിക്കാന്‍ മാനവീയമായ ദര്‍ശനത്തിനു പറ്റില്ല. ഇങ്ങനെയൊരു ആത്മീയാടിമത്വം ലോകത്ത് ജനങ്ങളില്‍ നിര്‍ബന്ധിക്കപ്പെട്ടപ്പോഴെല്ലാം മനുഷ്യ സംസ്കാരം തകര്‍ന്ന ചരിത്രമേയുള്ളൂ. അതുകൊണ്ടുതന്നെയാണ് അന്ത്യപ്രവാചകര്‍(സ്വ) ഇരുലോക നന്മക്കുവേണ്ടി പ്രാര്‍ത്ഥിച്ചതും അത്തരം പ്രാര്‍ത്ഥനകള്‍ക്ക് ആജ്ഞാപിച്ചതും. പക്ഷേ, ഒന്നു മറ്റൊന്നിനു വിഘാതമാവരുത്. അമിതമായ ഭൗതികാഢംബരം നമ്മുടെ ആത്മീയ പുരോഗതിയെ തടസ്സപ്പെടുത്തുമെങ്കില്‍ അത് നിര്‍ബന്ധമായും വര്‍ജിക്കപ്പെടേണ്ടതു തന്നെയാണ്.
ബലിപെരുന്നാളാഘോഷിക്കുന്ന ഏതൊരു സത്യവിശ്വാസിയും ആദ്യമായി ശ്രദ്ധിക്കേണ്ടത് ഈ വസ്തുതയാണ്. പക്ഷേ പലരും ഇവ്വിധ ചിന്തകള്‍ക്കൊന്നും ഇടം നല്‍കാന്‍ തയ്യാറാവുന്നില്ല. ആഘോഷത്തിന്റെ പേരില്‍ ആഭാസം കാട്ടാനാണ് അവര്‍ക്ക് തിടുക്കം. സ്വന്തം സംസ്കാരത്തെ കാല്‍ക്കീഴില്‍ ചവിട്ടിമെതിക്കുകയും മതത്തിന്റെ അടിസ്ഥാന സ്വഭാവങ്ങളെ കാറ്റില്‍പറത്തുകയും പടിഞ്ഞാറിന്റെ പാപ്പരത്തത്തെ സര്‍വാത്മനാ സ്വീകരിക്കുകയും ചെയ്യുന്ന തരംതാഴ്ന്ന ഏര്‍പ്പാടിലാണ് ചിലര്‍. വളരെ ഖേദകരമാണിത്. ഈ അസുലഭ മുഹൂര്‍ത്തത്തില്‍ ഒരിക്കല്‍ കൂടി അല്ലാഹുവുമായുള്ള കരാര്‍ പുതുക്കാന്‍ നാം സന്നദ്ധരാവുക; ഒരുത്തമ ഭാവി പ്രതീക്ഷിക്കുന്നുവെങ്കില്‍.
പെരുന്നാള്‍ നിസ്കാരം
അതിശ്രേഷ്ഠകരമായ സുന്നത്ത് നിസ്കാരത്തില്‍ പെട്ടതാണ് പെരുന്നാള്‍ നിസ്കാരം. ഇത് രണ്ടു റക്അത്താണ്. ആദ്യ റക്അത്തില്‍ വജ്ജഹ്തുവിനു ശേഷം ഏഴ് തക്ബീറുകളും രണ്ടാം റക്അത്തിന്റെ തുടക്കത്തില്‍ അഞ്ച് തക്ബീറുകളും സുന്നത്താണ്. അത് ‘ഹൈആത്ത്’ സുന്നത്തില്‍ പെട്ടതുകൊണ്ട് തന്നെ മറന്നാല്‍ സഹ്വിന്റെ സുജൂദ് ചെയ്യേണ്ടതില്ല. ചെറിയ പെരുന്നാള്‍ നിസ്കാരവും വലിയ പെരുന്നാള്‍ നിസ്കാരവും തമ്മില്‍ രൂപവ്യത്യാസങ്ങളില്ല. എന്നാല്‍ ചെറിയ പെരുന്നാള്‍ നിസ്കാരത്തിനു ഇമാം താമസിച്ചെത്തലും വലിയ പെരുന്നാള്‍ നിസ്കാരം നേരത്തെ നിര്‍വഹിക്കുന്നതിനായി നേരത്തെയെത്തലും സുന്നത്താണ് (റൗള 1/172).
ചെറിയ പെരുന്നാള്‍ നിസ്കാരത്തിനു പുറപ്പെടും മുമ്പ് അല്‍പം ഭക്ഷണം കഴിക്കല്‍ സുന്നത്താണ്. എന്നാല്‍ വലിയ പെരുന്നാള്‍ നിസ്കാരം കഴിഞ്ഞു മടങ്ങിവരുന്നതുവരെ ഒന്നും കഴിക്കാതിരിക്കലാണ് സുന്നത്ത്. ബലിപെരുന്നാള്‍ നിസ്കാരം കഴിഞ്ഞയുടനെ തക്ബീര്‍ സുന്നത്തുണ്ട്. എന്നാല്‍ ചെറിയ പെരുന്നാള്‍ നിസ്കാരത്തിനു ശേഷം ഇത് സുന്നത്തില്ല (റൗള 1/172).
പെരുന്നാള്‍ നിസ്കാരത്തില്‍ ഇമാമിന്റെ രണ്ടാം റക്അത്തില്‍ മസ്ബൂഖായി തുടര്‍ന്ന മഅ്മൂം തന്റെ രണ്ടാം റക്അത്തില്‍ അഞ്ച് തക്ബീര്‍ മാത്രം ചൊല്ലിയാല്‍ മതി (റൗള 1/171). ആദ്യ റക്അത്തിലെ ഏഴെണ്ണം ഇവിടെ നിര്‍വഹിക്കരുത്.
നിസ്കാര സമയം പെരുന്നാള്‍ ദിവസം സൂര്യന്‍ ഉദിച്ചുയര്‍ന്നതതുമുതല്‍ മധ്യത്തില്‍ എത്തുന്നതുവരെയാണ്. സൂര്യനുദിച്ചയുടനെ കാരണമില്ലാത്ത നിസ്കാരങ്ങള്‍ കറാഹത്താണെങ്കിലും പെരുന്നാള്‍ നിസ്കാരം അതില്‍ പെടുന്നില്ല. പെരുന്നാള്‍ നിസ്കാരത്തിലെ തക്ബീറുകള്‍ക്കിടയില്‍ ശരാശരി ഒരു ആയത്ത് ഓതുന്ന സമയമാണ് പാലിക്കേണ്ടത്. എന്നാല്‍ സൂറത്തുല്‍ ഇഖ്ലാസ് ഓതാനുള്ള സമയംവരെ ഇരു തക്ബീറുകള്‍ക്കിടയില്‍ ആകാമെന്നാണ് ഇമാം അബൂ അലി(റ) പറഞ്ഞത് (തുഹ്ഫ).
ഇമാമും മഅ്മൂമും ഒറ്റക്ക് നിസ്കരിക്കുന്നവരുമെല്ലാം പെരുന്നാള്‍ നിസ്കാരത്തിലെ തക്ബീര്‍ അല്‍പം ഉറക്കെ ചൊല്ലണം (തുഹ്ഫ). ഇമാം നിസ്കാരത്തിലെ തക്ബീര്‍ ഒഴിവാക്കിയാല്‍ മഅ്മൂം ഇമാമിനെ പിന്തുടരുകയാണ് വേണ്ടത്. മഅ്മൂം സ്വന്തമായി തക്ബീര്‍ ചൊല്ലേണ്ടതില്ല. തക്ബീര്‍ മറന്നതിന് സഹ്വിന്റെ സുജൂദും വേണ്ടതില്ല. എന്നാല്‍ പെരുന്നാള്‍ നിസ്കാരം ഉള്‍പ്പെടെയുള്ള നിസ്കാരങ്ങളിലുള്ള പോക്കുവരവിന്റെ സുന്നത്തായ തക്ബീറുകള്‍ ഇമാം ഒഴിവാക്കിയാല്‍ മഅ്മൂം ചൊല്ലല്‍ സുന്നത്താണ് (ശര്‍വാനി).

ഉള്ഹിയ്യത്തിന്റെ കര്‍മശാസ്ത്രം
തന്റെയും താന്‍ ചെലവ് നല്‍കല്‍ നിര്‍ബന്ധമായവരുടെയും ആവശ്യങ്ങള്‍ കഴിഞ്ഞ് ഉള്ഹിയ്യത്ത് നിര്‍വഹിക്കാനുള്ള സമ്പത്ത് ബാക്കി വരുന്ന ബുദ്ധിയും പ്രായപൂര്‍ത്തിയും വിവേകവുമുള്ള സ്വതന്ത്രനായ എല്ലാ മുസ്‌ലിമിനും ഉള്ഹിയ്യത്തറുക്കല്‍ സുന്നത്താണ്. ദുല്‍ഹിജ്ജ 10,11,12,13 തിയ്യതികളിലാണ് അറവ് നടത്തേണ്ടത്. ഉള്ഹിയ്യത്ത് നേര്‍ച്ചയാക്കിയാല്‍ നിര്‍ബന്ധമാകും. അറവിന് പ്രാപ്തിയുള്ളവര്‍ അതുപേക്ഷിക്കല്‍ കറാഹത്താണ്. ഒരാള്‍ നിര്‍വ്വഹിച്ചാല്‍ അവന്റെ വീട്ടുകാര്‍ക്കെല്ലാം പൊതുവായ പ്രതിഫലം ലഭിക്കും.
ദുല്‍ഹിജ്ജ പത്തിന് സൂര്യോദയശേഷം നിര്‍ബന്ധ ഘടകങ്ങള്‍ മാത്രമെടുത്ത് രണ്ട് റക്അത്ത് നിസ്കാരവും രണ്ട് ഖുതുബയും നിര്‍വഹിക്കാന്‍ ആവശ്യമായ സമയം കഴിഞ്ഞാല്‍ ഉള്ഹിയ്യത്തിന്റെ സമയം ആരംഭിക്കും. ദുല്‍ഹിജ്ജ 13ന്റെ സൂര്യാസ്തമനത്തോടെ അവസാനിക്കുകയും ചെയ്യും.
ഒട്ടകം, മാട് (കാള, പോത്ത്, മൂരി, പശു, എരുമ) ആട് എന്നിവയെയാണ് ഉള്ഹിയ്യത്ത് മൃഗങ്ങള്‍. ഒട്ടകം അഞ്ച് വയസ്സ് പൂര്‍ത്തിയായതായിരിക്കണം. മാട്, കോലാട് എന്നിവക്ക് രണ്ടും. നെയ്യാട് (ചെമ്മരിയാട്) ഒരു വയസ്സ് പൂര്‍ത്തിയായതോ, ആറ് മാസം കഴിഞ്ഞ് പല്ല് കൊഴിഞ്ഞതോ ആവണം.
ഉള്ഹിയ്യത്തിന് ഏറ്റവും ഉത്തമം ഒട്ടകവും പിന്നെ മാട്, ശേഷം നെയ്യാട്, പിന്നെ കോലാട്, ശേഷം ഒട്ടകത്തില്‍ പങ്കുചേരല്‍, അതു കഴിഞ്ഞാല്‍ മാടില്‍ പങ്കു ചേരല്‍ ഈ ക്രമമാണ് പാലിക്കേണ്ടത്. കൂടുതല്‍ തടിച്ചു കൊഴുത്തതാണ് ഏറ്റവും ശ്രേഷ്ഠം.
ഒട്ടകത്തിലും മാടിലും ഏഴ് പേര്‍ക്ക് പങ്കുകാരാകാവുന്നതാണ്. ഒരു മൃഗത്തില്‍ ഏഴിലധികമാളുകള്‍ക്ക് പങ്കാവാന്‍ പാടില്ല. ആളുകളുടെ എണ്ണം കുറയുന്നതിന് വിരോധമില്ല. ആട് ഒരാളുടെ ഉള്ഹിയ്യത്താണ്. ആടില്‍ കൂറാവാന്‍ പറ്റില്ല.
വകതിരിവായ ഒരു മുസ്‌ലിമിനെ അറവിന് ഏല്‍പ്പിക്കുമ്പോള്‍ നിയ്യത്ത് ചെയ്യാനും അദ്ദേഹത്തെ ഏല്‍പ്പിക്കാം. ഒന്നിലധികംപേര്‍ ഷെയറായി നിര്‍വഹിക്കുമ്പോള്‍ ഓരോരുത്തരും നിയ്യത്ത് ചെയ്യുകയോ, നിയ്യത്ത് ചെയ്യാന്‍ ഒരാളെ ഏല്‍പ്പിക്കുകയോ ചെയ്യാം. ‘ഞാന്‍ ഇതിനെ ഉള്ഹിയ്യത്തറുക്കുന്നു’ എന്ന് നിയ്യത്ത് ചെയ്താല്‍ മതി. അറവിന് ശേഷം നിയ്യത്ത് ചെയ്താല്‍ പോര.
സുന്നത്തായ ഉള്ഹിയ്യത്ത് മാംസത്തില്‍ നിന്ന് നിസ്സാരമല്ലാത്ത ഒരു വിഹിതം ഫഖീര്‍, മിസ്കീന്‍ എന്നിവര്‍ക്ക് നല്‍കല്‍ നിര്‍ബന്ധമാണ്. ഒരാള്‍ക്ക് നല്‍കിയാലും മതി. വേവിക്കാതെയാണ് നല്‍കേണ്ടത്. സുന്നത്തായ ഉള്ഹിയ്യത്ത് മാംസം സ്വന്തം ഭക്ഷിക്കുന്നതിന് വിരോധമില്ല. ബറകത്തിന് അല്‍പം മാത്രം സ്വന്തമായി എടുത്ത് (കരളാണ് ഉത്തമം) ബാക്കി മുഴുവന്‍ സ്വദഖ ചെയ്യലാണ് നല്ലത്. അല്‍പംപോലും സ്വദഖ ചെയ്യാതിരുന്നാല്‍ ഉള്ഹിയ്യത്ത് വീടുകയില്ല. നിര്‍ബന്ധമായ ഉള്ഹിയ്യത്താണെങ്കില്‍ മുഴുവന്‍ സ്വദഖ ചെയ്യല്‍ നിര്‍ബന്ധമാണ്. സ്വന്തം ആവശ്യത്തിന് അല്‍പം പോലും എടുക്കല്‍ അനുവദനീയമല്ല.
സുന്നത്തായ ഉള്ഹിയ്യത്ത് അല്‍പമെങ്കിലും അറവ് നിര്‍വഹിച്ച നാട്ടില്‍ വിതരണം ചെയ്യാതെ മുഴുവന്‍ മറ്റൊരു നാട്ടിലേക്ക് കൊണ്ടുപോകാന്‍ പാടില്ല. നിസ്സാരമല്ലാത്ത ഒരു ഭാഗം അറവ് നടത്തിയ നാട്ടില്‍ നല്‍കണം. നിര്‍ബന്ധ ഉള്ഹിയ്യത്ത് മുഴുവനും അറുത്ത നാട്ടില്‍ തന്നെ സ്വദഖ ചെയ്യണം. അല്‍പം പോലും മറ്റൊരു നാട്ടിലേക്ക് നീക്കം ചെയ്യാന്‍ പാടില്ല.
ജീവിച്ചിരിപ്പുള്ളയാള്‍ക്ക് വേണ്ടിയുള്ള ഉള്ഹിയ്യത്ത് അദ്ദേഹത്തിന്റെ സമ്മതമില്ലാതെ സാധുവല്ല. സമ്മതത്തോടെ അനുവദനീയമാണ്.

കന്തല്‍ സൂപ്പി മദനി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ