സാങ്കേതികവിദ്യ അതിന്റെ വിപ്ലവകരമായ പരിവർത്തനത്തിന്റെ കാലഘട്ടത്തിലാണ്. വേഗത്തിൽ എന്നു പറയുന്നതിനേക്കാൾ അതിവേഗത്തിൽ വിവരങ്ങൾ നമ്മുടെ മുന്നിലെത്തുന്നതിന് സാങ്കേതിക വിദ്യയിലെ നൂതന മാറ്റങ്ങൾ വഴിതുറന്നുവെന്നത് യാഥാർത്ഥ്യമാണ്. ഇന്റർനെറ്റ് തുറന്നുവെക്കുന്നത് വിവരങ്ങളുടെ വിശ്വവിജ്ഞാന കോശത്തിന്റെ വാതായനമാണ്.
ഒരുകാലത്ത് ചിന്തിക്കാൻപോലും കഴിയാതിരുന്ന വേഗമാണ് ഇപ്പോൾ ഇന്റർനെറ്റിനുള്ളത്. ഭൂരിഭാഗത്തിനും ഇപ്പോൾ ഇന്റർനെറ്റ് പ്രാപ്യമാണെന്നതും ഏറെ ശ്രദ്ധേയമാണ്. സാധാരണക്കാരനും പ്രാപ്യമായ നിലയിൽ ഇന്റർനെറ്റ് ഉപയോഗ ചെലവുകൾ ഗണ്യമായി കുറഞ്ഞിടത്താണ് ഓൺലൈൻ വിദ്യാഭ്യാസവും സാർവത്രികമായത്. കൊറോണ വൈറസ് ഉണ്ടാക്കിയ പ്രതിസന്ധി സാങ്കേതിക രംഗത്തും വിദ്യാഭ്യാസ രംഗത്തും അടുത്ത ഇരുപത്തഞ്ച് വർഷം കൊണ്ട് വരേണ്ട പല മാറ്റങ്ങളെയും പെട്ടെന്ന് കൊണ്ടുവരികയാണ് ചെയ്തത്.
ഔപചാരിക രീതികളും മാർഗങ്ങളും അവലംബിച്ചു നടത്തിയിരുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഈ പ്രതിസന്ധി ഘട്ടത്തിൽ തടസ്സപ്പെട്ടപ്പോളാണ് ഓൺലൈൻ പഠനത്തിന്റെ പുതിയ സാധ്യതകൾ നാം അന്വേഷിച്ചത്. വിദ്യാഭ്യാസ പ്രവർത്തനങ്ങൾ തുടർന്നുപോകുന്നതിന്റെ ഭാഗമായാണ് ബദൽ മാർഗമെന്ന നിലയിൽ ഇന്റർനെറ്റ് അടിസ്ഥാനപ്പെടുത്തിയുള്ള ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് അധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ ആകൃഷ്ടരായത്. എന്നാൽ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ബദൽ മാർഗമായി പലരും ഓൺലൈനിനെ കാണുന്നില്ലെന്നതാണ് സത്യം. നിലവിലുള്ള വിദ്യാഭ്യാസ വിനിമയങ്ങൾക്ക് സഹായകമാവുന്ന കൂടുതൽ സാധ്യതകളൊരുക്കുക മാത്രമാണ് നിലവിൽ ചെയ്യുന്നത്.
ക്ലാസ്‌റൂം സംവേദനത്തിലൂടെയാണ് പഠനപ്രക്രിയ പ്രധാനമായും നടക്കുന്നത്. മാനവിക വിഷയങ്ങൾക്കും ശാസ്ത്രപഠനത്തിനും ക്ലാസ്‌റൂം അനിവാര്യമാണ്. വ്യക്തിഗത സംവേദനത്തിനൊപ്പം കുട്ടികളുടെ കൂട്ടായ പഠന പ്രക്രിയ ധൈഷണികതയെ കൂടുതൽ ദൃഢപ്പെടുത്തുന്നതാണ്.
രണ്ട് തലങ്ങളിൽ ഓൺലൈൻ ക്ലാസുകൾ നിലവിൽ നടക്കുന്നുണ്ട്. വിദ്യാർത്ഥികളും അധ്യാപകരും ഒരേസമയം ലൈവായി ക്ലാസെടുക്കുന്ന രീതിയും (Sunchronous learning) അധ്യാപകർ മെറ്റീരിയൽ അയക്കുകയും വിദ്യാർത്ഥികൾ അവരുടെ സമയത്ത് അവ നോക്കി പഠിക്കുകയും ചെയ്യുന്ന രീതി (saynchronous learning) യും. ഇവ രണ്ടിന്റെയും സമ്മിശ്ര സംവിധാനമാണ് പലപ്പോഴും ക്ലാസുകളിൽ നടക്കുന്നത്.
ഓൺലൈൻ വിദ്യാഭ്യാസത്തിലൂടെ ഇന്റർനെറ്റിൽ ഒരുപരിധി വരെ പ്രാവീണ്യം നേടാൻ എല്ലാവർക്കും സാധിച്ചത് കോവിഡ് കാല നേട്ടങ്ങളിലൊന്നാണ്. പഠിപ്പിക്കുന്നതിൽ വളരെ മിടുക്കരായ അധ്യാപകർക്ക് ഓൺലൈൻ വിദ്യാഭ്യാസം വന്നപ്പോൾ അവയിൽ അൽപം അറിവ് കുറവായിരുന്നുവെങ്കിലും അതിനെ അതിജീവിച്ച് നല്ല രീതിയിൽ ഓൺലൈൻ ക്ലാസുകൾ കുട്ടികൾക്ക് ലഭ്യമാക്കാനും ആത്മവിശ്വാസത്തോടെ ഓൺലൈൻ പ്ലാറ്റ് ഫോമിൽ ക്ലാസെടുക്കാനും സാധിച്ചിട്ടുണ്ട്.
എന്നാൽ സ്‌കൂളിൽ ചെന്നുള്ള പഠനവും ഓൺലൈൻ വഴിയുള്ള വിദൂര വിദ്യാഭ്യാസ രീതിയും തമ്മിൽ പ്രകടമായ പല വ്യത്യാസങ്ങളുമുണ്ട്. വിദ്യാർത്ഥികൾ ആർജിക്കേണ്ട പല നൈപുണികളും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പശ്ചാത്തലത്തിൽ നിന്ന് അധ്യാപകരുടെയും സഹവിദ്യാർത്ഥികളുടെയും സഹായത്തോടെ നേടിയെടുക്കേണ്ടതാണ്. ഓൺലൈൻ വിദ്യാഭ്യാസത്തിൽ അതൊരിക്കലും സാധിക്കുകയില്ല. വിദ്യാർത്ഥിയുടെ പഠന നിലവാരം അധ്യാപകൻ നേരിട്ടു മുഖാമുഖം വിലയിരുത്തുമ്പോഴുള്ള ഗുണം ഡിജിറ്റൽ വഴിയുള്ള വിലയിരുത്തൽ കൊണ്ട് സാധ്യമാകില്ല. മികച്ച പഠനത്തിന്റെ മറ്റൊരു അനിവാര്യ ഘടകമായ സാമൂഹിക സാഹചര്യങ്ങളും ഓൺലൈൻ വിദ്യാഭ്യാസത്തിൽ അന്യമാണ്.

ഓൺലൈൻ കാലത്തെ കിതാബോത്ത്

ഏറെക്കുറെ സാങ്കേതിക വിദ്യയുടെ ഓരംചേർന്ന് വിജയിപ്പിച്ചെടുക്കാവുന്ന പൊതുവിദ്യാഭ്യാസ പ്രക്രിയക്കുതന്നെ ഓൺലൈൻ കാലം ശുഭകരമായ സ്ഥിതിയല്ല സമ്മാനിക്കുന്നതെങ്കിൽ അധ്യാപക-വിദ്യാർത്ഥി ആത്മബന്ധം പല വിധത്തിൽ ദൃഢമായി നിന്നാൽ മാത്രം വിജയകരമാവുന്ന ആത്മീയ വിഷയങ്ങളുടെ പഠനത്തിന്റെ ഓൺലൈൻ ശോചനീയാവസ്ഥ പറയേണ്ടതില്ല.
മദീനാ പള്ളിയിൽ തിരുനബി(സ്വ)യെ വട്ടമിട്ടിരുന്ന് അറിവാർജിച്ച അഹ്‌ലുസ്സുഫ്ഫയാണല്ലോ പുതിയകാല മതപഠനശാലകളുടെ മാതൃക. പ്രവാചകാനന്തര കാലഘട്ടങ്ങളിലും തുടർന്നുപോന്ന ഈ വട്ടമിട്ടിരുന്ന പഠനങ്ങളാണ് ലോകത്തിന്റെ വിവിധ ദിക്കുകളിൽ വൈജ്ഞാനിക പ്രഭ വിതറിയത്.
ഇസ്‌ലാമിക നവജാഗരണത്തിന്റെ ചരിത്രാന്വേഷണത്തിൽ ഇത്തരം സംവിധാനങ്ങൾ ചെലുത്തിയ സ്വാധീനം ചെറുതല്ല. പ്രസിദ്ധ മുസ്‌ലിം നാഗരിക നഗരങ്ങളിലെല്ലാം ഈ ഓത്തിനിരിക്കലുകളാണ് മതപരമായി അവബോധമുള്ള നല്ല സമൂഹങ്ങളെ സൃഷ്ടിച്ചത്. കേരളീയ മതപരിസരത്ത് പള്ളിദർസുകൾ എന്ന പേരിലാണവ അറിയപ്പെട്ടിരുന്നത്.
കേരളത്തിലെ ഇസ്‌ലാമിക വെളിച്ചത്തിന് വിത്തും വളവും നൽകിയത് ഈ പള്ളിദർസുകളാണ്. ഹള്‌റമി, ബുഖാരി സാദാത്തുക്കളുടെ ആഗമനവും പൊന്നാനിയിലെ വിളക്കത്തിരുത്തലും ദീനീ വ്യാപനത്തിന്റെ തോത് ക്രമാതീതമായി വർധിക്കാൻ കാരണമായി. പള്ളിദർസുകൾ ശീലിപ്പിച്ച ഒരു സംസ്‌കാരത്തിന്റെ വലിയ ഗുണങ്ങൾ തന്നെയാണ് ഇന്നത്തെ കേരള മുസ്‌ലിംകൾ അനുഭവിക്കുന്നത്.
ആധുനിക വിദ്യാഭ്യാസ സമ്പ്രദായങ്ങളെ കടത്തിവെട്ടുന്ന പരിശീലന മുറകളാണ് വാസ്തവത്തിൽ മതപഠന ശാലകളിലുള്ളത്. പുതിയ മേഖലകളിൽ കടന്നുചെല്ലുമ്പോൾ നിഷ്പ്രയാസം കാര്യങ്ങളിൽ ഇടപെടാനുള്ള പരിശീലനങ്ങളെല്ലാം വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത് ഗുരുവിൽ നിന്ന് നേരിട്ടു ലഭിക്കുന്ന ശിക്ഷണങ്ങൾ മൂലമാണ്. ബൗദ്ധികമായി പല തട്ടിലുള്ളവരെ ഉൾക്കൊണ്ട് അവരെ സമൂഹത്തിന്റെ വിവിധ മേഖലകളിലേക്ക് തിരിച്ചുവിടാൻ നമ്മുടെ മതപഠനശാലകൾക്ക് സാധിച്ചത് ഈ പഠന പ്രക്രിയ മൂലമാണ്. വഴിപിഴക്കാൻ സാധ്യതയുള്ള സർവ സാഹചര്യങ്ങളും ഒഴിവാക്കി ഓതിപ്പഠിക്കാനെത്തിയവരെ ഉത്തമ പൗരന്മാരാക്കി മാറ്റിയതിനു പിന്നിലും ഗുരുശിഷ്യ ഊഷ്മളബന്ധം തന്നെയാണുള്ളത്.
ഏറ്റവും ഫലപ്രദമായ അധ്യയന- അധ്യാപന രീതിയാണ് മതപഠനശാലകൾ മുന്നോട്ട് വെക്കുന്നത്. വിദ്യാർത്ഥികളുടെ നാനോന്മുഖ പുരോഗതി ലക്ഷ്യം വെച്ച കരിക്കുലമാണ് ഗുരുവര്യർ പിന്തുടരുന്നതും. പുതിയ വിദ്യാഭ്യാസ സമ്പ്രദായങ്ങളിൽ അധ്യാപകൻ വെറും കൈത്താങ്ങ് മാത്രമാണ്. ഓഫ്‌ലൈൻ പഠനത്തിൽ തന്നെ പുതിയ വിദ്യാഭ്യാസ നയമിതാണെങ്കിൽ പൊതുവിദ്യാഭ്യാസത്തിന്റെ ഓൺലൈൻ കാലത്തെ ഒരിക്കലും മതപഠനത്തിന്റെ ഓൺലൈൻ കാലവുമായി താരതമ്യം ചെയ്യാനാവില്ല. കാരണം, അധ്യാപകൻ വെറും സഹായിയെന്ന നയം നമ്മുടെ ലക്ഷ്യസാക്ഷാത്കാരത്തിന് പറ്റിയതല്ല. അധ്യാപകൻ നോക്കുകുത്തിയാകുന്ന വ്യവസ്ഥിതിയിൽ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നഷ്ടപ്പെടുമെന്നത് സുനിശ്ചിതമാണ്. കാരണം മതപഠന ശാലയിലെ ഗുരുവര്യർക്ക് വിദ്യാർത്ഥിയുടെ സർവ ഗുണങ്ങളും മനസ്സിലാക്കാനും പോരായ്മകൾ പരിഹരിക്കാനും സാധിക്കുന്നുണ്ട്. പഴയകാല ഗുരുകുല സംവിധാനം ഇന്ന് മതപഠന കലാലയങ്ങളിൽ മാത്രമേ നമുക്ക് കാണാനും കഴിയൂ.
ഹൃദയങ്ങളിൽ നിന്നും ഹൃദയങ്ങളിലേക്കുള്ള ജ്ഞാന കൈമാറ്റത്തിന് ഓൺലൈൻ ഒരു നിലക്കും അനുയോജ്യമല്ല. മാത്രമല്ല ഖുർആൻ, ഹദീസ്, കർമശാസ്ത്രം, സാഹിത്യം, വ്യാകരണം, ഗോളശാസ്ത്രം, ചരിത്രം, ആധ്യാത്മികത തുടങ്ങിയവയെല്ലാം ഇടകലർന്നുനിൽക്കുന്ന മതാധ്യാപനത്തിന് മുഖാമുഖ പഠന പ്രക്രിയ മാത്രമേ ഉദ്ദിഷ്ടഫലം നൽകുകയുള്ളൂ.
ഒരു വിദ്യാർത്ഥിയുടെ ബൗദ്ധിക ഭൗതികആത്മീയ കാര്യങ്ങളിലെല്ലാം ഗുരുവിന് ശ്രദ്ധ കൊടുക്കാൻ കഴിയാത്ത സാഹചര്യം തന്നെയാണ് ഓൺലൈൻ കാലത്തുള്ളത്. ശിക്ഷണത്തിന്റെ അഭാവം പല മിടുക്കരായ വിദ്യാർത്ഥികളെയും ഈ മേഖലയിൽ നിന്ന് അകറ്റിയിട്ടുമുണ്ട്.
നേരിട്ടുള്ള മുഖാമുഖ പഠനത്തിന് സൗകര്യമില്ലാത്ത കാലത്ത് വിദ്യാർത്ഥികൾ മതപഠന മേഖലയിൽ നിന്ന് പൂർണമായും മാറിനിൽക്കാതിരിക്കാനുള്ള എളിയ ശ്രമം മാത്രമാണ് ഓൺലൈൻ ദർസുകൾ. വിദ്യാർത്ഥിയുടെ സമഗ്ര പുരോഗതിയുടെ ചെറിയൊരു ഭാഗം മാത്രമായ ഗ്രന്ഥാധ്യാപനമാണ് ഓൺലൈനിലൂടെ സാധ്യമാകുന്നതെന്നും വിദ്യാർത്ഥിയുടെ ആത്മീയ ഉന്നമനത്തിനാവശ്യമായ പല കാര്യങ്ങളും അവരുടെ സാന്നിധ്യത്തിലുള്ള രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും നമുക്ക് ബോധമുണ്ടാകണം. അല്ലാത്തപക്ഷം ഇരുതല വാളായ ഓൺലൈൻ ക്ലാസുകളുടെ വിപരീത ഫലങ്ങൾ മാത്രമേ നമുക്ക് കാണാൻ സാധിക്കുകയുള്ളൂ. ഓൺലൈൻ ദർസുകൾ നടക്കുന്ന സമയം മനസ്സിലാക്കാനും അതാതു സമയത്ത് മക്കൾ പഠനത്തിൽ തന്നെയാണെന്ന് ഉറപ്പിക്കാനും രക്ഷിതാക്കൾക്കാവണം. ഗുരുനാഥന്മാരോട് നിരന്തരം ബന്ധം പുലർത്തുകയും മക്കളുടെ ക്ലാസിലെ അഭാവത്തെ കുറിച്ച് അന്വേഷിക്കുകയും മൂല്യനിർണയത്തിൽ മക്കൾ പിറകിലാകുന്നില്ലെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തുകയും വേണം. ഗുരുവിന്റെ സ്ഥാനത്ത് താൽക്കാലികമായെങ്കിലും നിൽക്കാൻ രക്ഷിതാക്കൾ കൂടി നിർബന്ധിതരാകുന്ന കാലത്തുതന്നെയാണ് ഓൺലൈൻ ദർസ് നടക്കുന്നതെന്ന് ചുരുക്കം.

സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ