‘മാസം കണ്ടാൽ നിങ്ങൾ നോമ്പനുഷ്ഠിക്കുക, മാസം കണ്ടതിനുവേണ്ടി നിങ്ങൾ പെരുന്നാൾ ആഘോഷിക്കുക. ആകാശം മേഘാവൃതമായി മാസപ്പിറവി ദൃശ്യമാവാതെ വന്നാൽ ശഅ്ബാനിന്റെ എണ്ണം നിങ്ങൾ മുപ്പത് പൂർത്തിയാക്കുക’ (ബുഖാരി).
ഒരു തർക്കമോ വിവാദമോ കടന്നുവരാത്തവിധം റമളാനിന്റെയും ശവ്വാലിന്റെയും ആരംഭത്തിന് സ്വീകരിക്കേണ്ട മാനദണ്ഡത്തെ കുറിച്ച് മേൽ ഹദീസിലൂടെ തിരുനബി(സ്വ) സ്പഷ്ടമാക്കിയിരിക്കുന്നു. അഥവാ റമളാനിന്റെയും ശവ്വാലിന്റെയും മാസപ്പിറവി ദൃശ്യമാകണം. അല്ലാത്തപക്ഷം നിലവിലുള്ള മാസം മുപ്പത് പൂർത്തിയാക്കണം.
മറ്റുപല കാര്യങ്ങളിലുമെന്ന പോലെ മുസ്‌ലിം ലോകം ഐകകണ്‌ഠ്യേന സ്വീകരിച്ചുവരുന്ന ഖണ്ഡിതമായ പണ്ഡിത തീരുമാനത്തെ മറികടന്ന് റമളാൻ, ശവ്വാൽ മാസാരംഭത്തോടെ ഉണ്ടായിത്തീരുന്ന ഇസ്‌ലാമിലെ ഒരു ഇബാദത്ത് സ്ഥിരപ്പെടാൻ ജ്യോതിശാസ്ത്രവും കണക്കുമെല്ലാം അവലംബിക്കണമെന്ന വാദഗതി ബിദഈ ആശയക്കാരിൽ നിന്ന് ഉയർന്നു കേൾക്കാറുണ്ട്. അൽപജ്ഞാനികളായ ഇവരുടെ പ്രമാണവിരുദ്ധമായ ഇത്തരം ജൽപ്പനങ്ങൾ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാൻ ഉദ്ദേശിച്ചുള്ളതാണ്.
മുസ്‌ലിംകളുടെ ആരാധനാകർമങ്ങളായ നോമ്പും പെരുന്നാളും തീരുമാനിക്കേണ്ടത് ജ്യോതിശാസ്ത്ര കണക്കുകൾ അവലംബിച്ചാണെന്ന പുത്തനാശയത്തിന്റെ സ്രോതസ്സ്, യഥാർത്ഥ മുസ്‌ലിം വിശ്വാസത്തിൽ നിന്ന് അകന്നുമാറി അപകടകരമായ പിഴച്ച വിശ്വാസങ്ങൾ പലതും പുലർത്തുന്ന കക്ഷികളായ റാഫിളത്താണ്.
ശിയാക്കളിൽപെട്ട ഒരു വിഭാഗമാണ് റാഫിളത്ത്. അവരിലെ സബാബിയ്യത്ത് അലി(റ)ന്റെ കാലത്തുതന്നെ പുത്തൻവാദഗതികളുമായി രംഗത്തുവന്നിരുന്നു. താങ്കൾ ദൈവമാണെന്ന് അലി(റ)നോട് അവരിൽ ചിലർ പറയുകയുണ്ടായി. ഈ പാതകം ചെയ്ത കക്ഷികളെ ഖലീഫ ശിക്ഷിക്കുകയും അവരുടെ തലവനായ ഇബ്‌നു സബഇനെ സാബാത്വുൽ മദാഇനിലേക്ക് നാട്കടത്തുകയും ചെയ്തു. മതനിഷേധികളായ ഇവർ ഉൾക്കൊള്ളുന്ന റാഫിളിയ്യത്ത് അലി(റ)ന്റെ വഫാത്തിനു ശേഷം സൈദിയ്യത്ത്, ഇമാമിയ്യത്ത്, കൈസാനിയ്യത്ത്, ഗുലാത് എന്നിങ്ങനെ നാലായി പിരിഞ്ഞു. അവ ഓരോന്നും പല ഉപവിഭാഗങ്ങളായി പിന്നീട് പിളരുകയുണ്ടായി.
നോമ്പ്, പെരുന്നാൾ ജ്യോതിശാസ്ത്ര കണക്കടിസ്ഥാനത്തിലാണ് തീരുമാനിക്കേണ്ടത് എന്ന വാദത്തിന്റെ ആധുനിക വാഹകരുടെ ഇമാമായ ഇബ്‌നു തൈമിയ്യ തന്നെ ഇതിനെതിരെ സ്വീകരിക്കുന്നത് കടുത്ത നിലപാടാണ്. അദ്ദേഹം കുറിക്കുന്നു: ‘നക്ഷത്ര കണക്കുകളെ അവലംബിക്കാവതല്ല എന്നത് ഹദീസ്, സ്വഹാബത്തിന്റെ ഇജ്മാഅ് എന്നിവ കൊണ്ട് സ്ഥിരപ്പെട്ട വസ്തുതയാണ്. ഇമാം ബുഖാരി, മുസ്‌ലിം നിവേദനം ചെയ്ത ഹദീസിൽ നബി(സ്വ) പറയുന്നു: ‘നിശ്ചയം നാം എഴുതുകയോ കണക്ക് കൂട്ടുകയോ ചെയ്യാത്ത സമുദായമാണ്. മാസപ്പിറവി ദൃശ്യമായാൽ നിങ്ങൾ നോമ്പും പെരുന്നാളും അനുഷ്ഠിക്കുക.’ ചന്ദ്ര പിറവിയിൽ കണക്ക് അവലംബമാക്കരുതെന്നാണ് ഹദീസിന്റെ താൽപര്യം.
കണക്ക് ആസ്പദമാക്കിയുള്ള മസപ്പിറവി ദർശനം കൃത്യമാണെന്ന് ഗോളശാസ്ത്ര പണ്ഡിതന്മാർ പോലും അഭിപ്രായപ്പെടുന്നില്ല. അസ്തമന സമയം സൂര്യന്റെയും ചന്ദ്രന്റെയുമിടയിൽ എത്ര ഡിഗ്രി അകൽച്ചയുണ്ട് എന്ന് മനസ്സിലാക്കലാണ് ഗോളശാസ്ത്ര കണക്കിന്റെ പരമാവധി. പക്ഷേ ഇതുകൊണ്ട് ദർശനത്തിന്റെ കാര്യം കൃത്യമാക്കാനാകില്ല. കാരണം നോക്കുന്നവന്റെ കാഴ്ചയും അവൻ നിൽക്കുന്ന സ്ഥലത്തിന്റെ വ്യത്യാസവുമനുസരിച്ച് ദർശനം വ്യത്യാസപ്പെടാൻ സാധ്യതയുണ്ട്. ദർശനത്തിനു സാധ്യമാകും വിധമുള്ള സൂര്യ ചന്ദ്ര അകൽച്ച എത്രയാണെന്നതിൽ ജ്യോതി ശാസ്ത്രജ്ഞർ തന്നെ ഭിന്നാഭിപ്രായക്കാരായതിന്റെ കാരണവും മറ്റൊന്നല്ല. ടോളമിയെ പോലുള്ള ജ്യോതിശാസ്ത്രജ്ഞർ ഇതു സംബന്ധിയായി ഒന്നും പറഞ്ഞിട്ടില്ല. കണക്ക് അടിസ്ഥാനമാക്കി കൃത്യമായ ഒരു രേഖ ഇതിനില്ല എന്നതാണ് കാരണം. ദൈലമിയെ പോലെ പിൽകാലക്കാരാണ് ഇതിനെ കുറിച്ച് ചില അഭിപ്രായപ്രകടനങ്ങൾ നടത്തിയത്. ഇസ്‌ലാമിന്റെ വിവിധ വിധികൾ ചന്ദ്രനുമായി ബന്ധപ്പെട്ടു കണ്ടതിനാൽ ചന്ദ്രപ്പിറവി ദർശനത്തിന് കണക്കടിസ്ഥാനപ്പെടുത്താം എന്നവർ അഭിപ്രായപ്പെടുകയായിരുന്നു. എന്നാൽ ഇത് ശരിയല്ല. കണക്ക് കൊണ്ട് കൃത്യമാക്കാനാവാത്ത ഒരു കാര്യത്തിനു വേണ്ടി ശ്രമിച്ചു എന്നതിനാൽ അവർ വലിയ അഭിപ്രായ ഭിന്നതകളിലാണ് ചെന്നുവീണത്. ചന്ദ്രൻ ദർശിക്കുമോ ഇല്ലയോ എന്നതിൽ പോലും അവർ ഏകാഭിപ്രായക്കാരല്ല. അതിനാൽ അവർ പിഴച്ചുപോയി എന്ന് വ്യക്തമാണ് (മജ്മൂഉൽ ഫതാവ).
സൂര്യന്റെയും ചന്ദ്രന്റെയും ഉദയാസ്തമയ സമയം മുൻകൂട്ടി നിർണയിച്ച പട്ടിക നോക്കിയാണ് മാസപ്പിറവി ചിലർ മുൻകൂർ നിർണയിക്കുന്നത്. ഏതെങ്കിലും നാട്ടിലെ കണക്ക് നിർണയിക്കണമെങ്കിൽ ഈ പ്രദേശങ്ങൾ തമ്മിലുള്ള വ്യത്യസ്തത കണക്കിലെടുത്ത് കൂട്ടുകയോ കുറക്കുകയോ ചെയ്യേണ്ടിവരും. ഇത്തരം പ്രവചനങ്ങൾ പലപ്പോഴും പിഴച്ചതാണ് അനുഭവം. ഗ്രഹണത്തെ കുറിച്ച പ്രവചനങ്ങളിലും തെറ്റുസംഭവിച്ചത് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചതാണ്. എന്നിരിക്കെ ഇത്തരം കണക്കുകൾ അംഗീകരിച്ച് നഗ്‌നനേത്രം കൊണ്ട് മാസപ്പിറവി കണ്ടെന്ന് പറയുന്ന വിശ്വസ്തരെ തള്ളാൻ സാധ്യമല്ലല്ലോ.

ഇമാമുകൾ എന്ത് പറയുന്നു?

നോമ്പ്, പെരുന്നാൾ എന്നിവയുടെ ആരംഭത്തിന്റെ മാനദണ്ഡം മാസപ്പിറവി ദർശനമാ ണെന്നതിൽ മദ്ഹബിന്റെ ഇമാമുകൾ ഏകാഭിപ്രായക്കാരാണ്. ഈ വിഷയത്തിൽ അഹ്‌ലുസ്സുന്നയുടെ നിലപാട് വ്യക്തമാക്കി ഇമാം ബദ്‌റുദ്ദീനുൽ ഐനി(റ) കുറിക്കുന്നു: ‘നോമ്പിനെയും മറ്റും അല്ലാഹുവും റസൂലും ബണ്ഡിപ്പിച്ചത് ചന്ദ്രപ്പിറവി ദർശനത്തോടാണ്. കണക്ക് അവലംബിക്കുന്നതിലൂടെ സമുദായത്തിനുണ്ടാകുന്ന പ്രയാസം അതോടെ തട്ടിമാറ്റപ്പെടും. കണക്കുകളിൽ പ്രാവീണ്യമുള്ളവരുണ്ടെങ്കിലും സമുദായം അംഗീകരിച്ചത് ഈ മാർഗമാണ്. ‘അന്തരീക്ഷം മേഘാവൃതമായാൽ ശഅ്ബാൻ മുപ്പത് പൂർത്തി യാക്കുക’ എന്ന ഹദീസിന്റെ താൽപര്യവും ഒരു ഘട്ടത്തിലും ഇവ്വിഷയകമായി കണക്കുകളെ അവലംബിക്കരുതെന്നാണ്. കണക്ക് അവലംബിക്കാമായിരുന്നെങ്കിൽ ‘നിങ്ങൾ കണക്ക് അറിയുന്നവരോട് ചോദിക്കുക’ എന്ന് നബി(സ്വ) നിർദേശിക്കുമായിരുന്നു. പക്ഷേ അതുണ്ടായില്ല. എന്നിട്ടും പുത്തൻവാദികൾ കണക്കിലേക്ക് മാറിയിരിക്കുന്നു. കണക്ക് അവലംബിക്കാവതല്ല എന്ന മുൻഗാമികളുടെ ഏകോപനം ഇവർക്കെതിരെയുള്ള തെളിവാണെന്ന് ഇമാം ഖാളി ഇയാള്(റ) വ്യക്തമാക്കിയിട്ടുണ്ട്. കാരണം ഗോളശാസ്ത്ര കണക്കു പ്രകാരം ഒരിക്കലും ഉറപ്പ് ലഭിക്കുന്നില്ല. കേവലം അനുമാനമോ ഊഹമോ മാത്രമാണ് ലഭിക്കുക (ഉംദതുൽ ഖാരി).
റമളാൻ സ്ഥിരീകരിക്കപ്പെടാൻ ജ്യോതിശാസ്ത്ര കണക്കുകൾ അവലംബിക്കാവ തല്ലെന്ന് ഇമാം റാഫിഈ(റ) ശർഹുൽ കബീറിൽ പറഞ്ഞിട്ടുണ്ട്. ഇമാം ഇബ്‌നു ഹജർ(റ) പറയുന്നു: ‘ജ്യോത്സ്യനെയും കണക്കുകാരനെയും അനുകരിച്ച് നോമ്പനുഷ്ഠിക്കൽ അനുവദനീയമല്ല. പക്ഷേ അത്തരക്കാർക്ക് തങ്ങളുടെ അറിവനുസരിച്ച് അമൽ ചെയ്യാവുന്നതാണ്. എന്നാൽ പ്രസ്തുത നോമ്പ് റമളാൻ നോമ്പിന് മതിയാകില്ല. ഇമാം നവവി(റ) മജ്മൂഇൽ പറഞ്ഞതും ഇപ്രകാരമാണ് (തുഹ്ഫ).
ഹനഫി പണ്ഡിതനായ ഇമാം ഐനി(റ): കണക്ക് മാത്രം അവലംബിക്കാൻ പാടില്ല എന്നത് പണ്ഡിതന്മാരുടെ ഏകാഭിപ്രായമാണ്. ആരെങ്കിലും ഗണിതക്കാരെ സമീപിക്കുകയും അവർ പറയുന്നത് വാസ്തവമാക്കുകയും ചെയ്താൽ, നബി(സ്വ)ക്ക് മേൽ ഇറക്കപ്പെട്ട ഖുർആൻ കൊണ്ട് അവർ അവിശ്വസിച്ചു എന്ന് ഹദീസിൽ വന്നിട്ടുണ്ട്’ (അൽബിനായ).
മാലികി മദ്ഹബുകാരനായ ഇമാം ഖത്വാബ്(റ) പറയുന്നത് കാണുക: ‘മാസപ്പിറവി ദർശിക്കാമെന്ന കണക്കുകാരന്റെ പ്രവചനം കൊണ്ട് മാസപ്പിറവി സ്ഥിരപ്പെടുകയില്ല എന്നത് ഖണ്ഡിതമാണ്. മാത്രമല്ല അവന്റെ വാക്ക് വിശ്വസിച്ച് നോമ്പെടുക്കൽ അനുവദനീയവുമല്ല’ (മവാഹിബുൽ ജലീൽ).
ഹമ്പലി മദ്ഹബിലും വ്യത്യസ്തമായ അഭിപ്രായമില്ല. ഇമാം ഇബ്‌നു ഖുദാമ(റ) പറയുന്നു: ‘ജ്യോത്സ്യന്മാർ, കണക്കന്മാർ എന്നിവരുടെ പ്രവചനം സത്യത്തോട് യോജിച്ചാൽ പോലും അത് അവലംബമാക്കി നോമ്പ് അനുഷ്ഠിച്ചാൽ സ്വീകരിക്കപ്പെടുകയില്ല. കണക്ക് നോക്കൽ അവലംബിക്കാവുന്ന രേഖയല്ല. നോമ്പ് പെരുന്നാൽ എന്നിവയുടെ ആരംഭത്തിനാധാരം മാസപ്പിറവി ദർശനമാണന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട് (മുഗ്‌നി).
റമളാൻ മാസപ്പിറവി സ്ഥിരപ്പെടാൻ ‘ഹിലാൽ കണ്ടതായി ഞാൻ സാക്ഷ്യം വഹിക്കുന്നു’ എന്നോ മറ്റോ വിശ്വസ്തനായ ഒരു വ്യക്തി സാക്ഷ്യം വഹിച്ചാൽ മതിയാവും. ഇമാം അബൂദാവൂദ്(റ) നിവേദനം ചെയ്ത ഹദീസ് അതിന് രേഖയായി പണ്ഡിതന്മാർ ഉദ്ധരിക്കുന്നുണ്ട്. മഹാനായ ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ഒരാൾ വന്ന് നബി(സ്വ)യോട് വന്നുപറഞ്ഞു: ‘ഞാൻ മാസപ്പിറവി കണ്ടിരിക്കുന്നു’. അവിടന്ന് ചോദിച്ചു: അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനില്ലെന്നും മുഹമ്മദ് നബി(സ്വ) അല്ലാഹുവിന്റെ റസൂലാണന്നുമുള്ള സത്യസാക്ഷ്യം നീ വഹിക്കുന്നുണ്ടോ? അദ്ദേഹം പറഞ്ഞു: ‘അതേ’. അപ്പോൾ നബി(സ്വ) ബിലാൽ(റ)യെ വിളിച്ച് പറഞ്ഞു: ‘ജനങ്ങളോട് നാളെ നോമ്പെടുക്കാൻ പറയൂ’ (അബൂദാവൂദ്).
എന്നാൽ പെരുന്നാൾ സ്ഥിരപ്പെടാൻ രണ്ട് സാക്ഷികൾ ആവശ്യമാണ്. കാരണം അതൊരു ഫർള് ഒഴിവാക്കാനുള്ളതാണല്ലോ. ഇക്കാര്യം ഇമാം നവവി(റ) ശർഹുൽ മുഹദ്ദബിൽ പറയുന്നുണ്ട്.

പ്രമാണങ്ങൾ ദുർവ്യാഖ്യാനിക്കുന്നു

കണക്ക് അടിസ്ഥാനപ്പെടുത്തിയാണ് നോമ്പും പെരുന്നാളും തീരുമാനിക്കേണ്ടതെന്ന നവീനവാദത്തിന് അവർ തെളിവ് ചമയ്ക്കുന്നത് പ്രമാണങ്ങളുടെ ദുർവ്യാഖ്യാനത്തിലൂടെയാണ്. ഇമാം ബുഖാരി(റ) ഉദ്ധരിച്ച ഹദീസ് അത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്ന ഒന്നാണ്. അബ്ദുല്ലാഹിബ്‌നു ഉമർ(റ)യിൽ നിന്നു നിവേദനം: റമളാനെ കുറിച്ച് പരാമർശിച്ചു റസൂൽ(സ്വ) പറഞ്ഞു: മാസപ്പിറവി കാണാതെ നിങ്ങൾ നോമ്പെടുക്കരുത്. മാസപ്പിറവി ദൃശ്യമാകാതെ പെരുന്നാൾ ആഘോഷിക്കുകയുമരുത്. ഇനി മേഘം മൂടപ്പെട്ടാൽ അതിനു വേണ്ടി നിങ്ങൾ കണക്ക് കൂട്ടുക’ (ബുഖാരി). ‘ഇനി മേഘം മൂടപ്പെട്ടാൽ അതിനു വേണ്ടി നിങ്ങൾ കണക്ക് കൂട്ടുക’ ഹദീസിലെ ഈ വാക്കാണ് ദുർവ്യാഖ്യാനിക്കപ്പെടുന്നത്.
പുത്തൻവാദികൾ മനസ്സിലാക്കിയതു പോലെ ഈ ഹദീസിന്റെ താൽപര്യം നോമ്പ്, പെരുന്നാൾ എന്നിവയുടെ ആരംഭത്തിന്റെ മാനദണ്ഡം കണക്ക് നോക്കലാണ് എന്നല്ല. പ്രത്യുത ശഅ്ബാൻ മുപ്പത് എണ്ണിക്കണക്കാക്കണമെന്നാണ്. ‘നിങ്ങൾ ശഅ്ബാന്റെ എണ്ണം മുപ്പത് പൂർത്തീകരിക്കുക’ എന്ന് മറ്റൊരു റിപ്പോർട്ടിലുണ്ട്താനും. ഇപ്രകാരം ഈ ഹദീസിനെ ഇബ്‌നു ഹജറുൽ അസ്ഖലാനി ഫത്ഹുൽ ബാരിയിൽ വിവരിക്കുന്നുണ്ട്.
ഇബ്‌നു ഉമർ(റ)വിൽ നിന്ന് സ്വഹീഹായി വന്ന ഹദീസിൽ നബി(സ്വ) പറയുന്നു: ‘നാം കണക്കും എഴുത്തുമില്ലാത്ത സമൂഹമാണ്.’ ഈ ഹദീസും പുത്തൻവാദികളുടെ ദുർവ്യാഖ്യാനത്തിന് വിധേയമായിട്ടുണ്ട്. എഴുത്തും വായനയും കണക്കുകളൊന്നും അറിഞ്ഞുകൂടാത്ത വ്യക്തിയാണ് നബി(സ്വ)യെന്നും അതിനാലാണ് അവിടുന്ന് കണക്കുകൾ അവലംബിക്കാതിരുന്നതെന്നും കണക്ക് അറിയുന്നവർക്ക് അവ അലംബിക്കുന്നതിന് തടസ്സമില്ലെന്നും അവർ ജൽപ്പിക്കുന്നു. എന്നാൽ തങ്ങളുടെ പിഴച്ച വാദത്തെ പ്രമാണവൽക്കരിക്കാനുള്ള ഒരു വൃഥാ ശ്രമം മാത്രമാണിത്.
നബി(സ്വ)ക്ക് എഴുത്തും വായനയും കണക്കുകളൊന്നും അറിഞ്ഞുകൂടെന്ന് ഈ ഹദീസിൽ പറയുന്നില്ല. ഭൂരിപക്ഷം എഴുത്തും വായനയും അറിയാത്ത ഒരു സമൂഹത്തെ അഭിസംബോധന ചെയ്തപ്പോഴാണ് നബി(സ്വ) പ്രസ്തുത പരാമർശം നടത്തിയത്. അറിവില്ലാത്തവർ തിങ്ങിനിറഞ്ഞ സദസ്സിനെ നോക്കി ‘നാം അറിവില്ലാത്തവരാണെന്ന് ‘ഒരു പണ്ഡിതൻ പ്രസംഗിച്ചാൽ പ്രസംഗകൻ അറിവില്ലാത്തവനാണെന്ന് അതിനർത്ഥമില്ലെന്ന് ആർക്കും മനസ്സിലാകുമല്ലോ. മാത്രമല്ല, തിരുനബി(സ്വ)ക്ക് നൽകപ്പെടാത്ത ഒരു ജ്ഞാനശാഖയുമില്ലെന്ന് ഖുർആൻ വ്യക്തമാക്കിയത് ഇമാം സുയൂഥി(റ) ഖസാഇസുൽ കുബ്‌റയിൽ പറഞ്ഞിട്ടുണ്ട്.
ഒരു അധ്യാപകന്റെയും സഹായമില്ലാതെ സ്രഷ്ടാവായ അല്ലാഹുവിൽ നിന്ന് സകല വിജ്ഞാനങ്ങളും സ്വായത്തമാക്കിയവരാണ് തിരുനബി(സ്വ). ജ്യോതിശാസ്ത്ര കണക്കുകൾ കൃത്യമായി അറിയാമായിരുന്നിട്ടും അവിടന്ന് അത് അവലംബിക്കുകയോ അതിനു പ്രോത്സാഹനം നൽകുകയോ ചെയ്തില്ലെന്ന് വ്യക്തം.

ഇമാം സുബ്കി(റ) പറഞ്ഞതെന്ത്?

ചന്ദ്രപ്പിറവി കണ്ടതായി സാക്ഷി മൊഴി ഉണ്ടാവുകയും അന്ന് കാണാൻ സാധ്യതയില്ലെന്ന് ജ്യോതിശാസ്ത്രം പറയുകയും ചെയ്താൽ സാക്ഷി പറഞ്ഞത് സ്വീകരിക്കപ്പെടണമെന്നതാണ് പ്രബലാഭിപ്രായം. എന്നാൽ അവിടെ സാക്ഷി മൊഴി തള്ളണമെന്ന് ഇമാം സുബ്കി(റ) പറഞ്ഞതായി ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. ഈ പ്രസ്താവനയുടെ വ്യാഖ്യാനമെന്താണെന്ന് പിൽക്കാല പണ്ഡിതന്മാർ വിവരിച്ചിട്ടുണ്ട്. അതൊന്നും പരിഗണിക്കാതെ ഇമാം സുബ്കി(റ)യുടെ പരാമർശത്തിൽ നിന്നും തങ്ങളുടെ തെറ്റായ ആശയത്തിന് തെളിവ് തിരയുന്ന നവീനവാദികളോട് സഹതപിക്കാനേ കഴിയൂ. പണ്ഡിതലോകത്തെ മറ്റു ഇമാമുകൾ പറഞ്ഞത് തന്നെയാണ് ഇമാം സുബ്കി(റ)ന്റെ പ്രസ്താവനയുടെയും താൽപര്യം. ഇവ്വിഷയകമായി ഇമാം ഇബ്‌നു ഹജറിൽ ഹൈതമി(റ) എഴുതി: ‘കണക്കിന് അവലംബമാക്കിയ കാര്യങ്ങൾ ഖണ്ഡിതമാണെന്ന് കണക്കന്മാർ ഏകോപിച്ച് പറയുകയും അത് പറയുന്നവർ ‘തവാതുറിന്റെ എണ്ണം (എല്ലാവരും കൂടി പറയുന്നത് കളവാകൽ ബുദ്ധിപരമായി സാധ്യതയില്ലാത്ത അത്രയും പേർ) ഉണ്ടാവുകയും ചെയ്യുന്ന ഘട്ടത്തിൽ സാക്ഷിമൊഴി തള്ളപ്പെടുകയും അല്ലാത്തപക്ഷം സ്വീകരിക്കപ്പെടുകയും വേണം’ (തുഹ്ഫ).
കണക്കടിസ്ഥാനമായി സ്വീകരിക്കുന്ന കാര്യങ്ങൾ ഖണ്ഡിതമാണെന്ന് കണക്കറിയുന്നവർ ഏകോപിച്ച് പറയുകയും അവർ തവാതുറിന്റെ എണ്ണം ഉണ്ടാവുകയും ചെയ്യുക എന്നത് സാധാരണ നിലയിൽ അസംഭവ്യമാണ്. ഇമാം കുർദി(റ) ഈ വസ്തുത എഴുതുന്നുണ്ട്: ‘കണക്കിനടിസ്ഥാനമാക്കിയ കാര്യങ്ങൾ ഖണ്ഡിതമാണെന്ന് തവാതുറിന്റെ എണ്ണം വരുന്ന കണക്കന്മാർ ഏകോപിച്ച് പറഞ്ഞാൽ സാക്ഷിമൊഴി തള്ളപ്പെടാം. പക്ഷേ അത് എങ്ങനെ ഉണ്ടാകാനാണ്?’ (ഫതാവൽ കുർദി). കണക്കിനെ അടിസ്ഥാനപ്പെടുത്തി സാക്ഷിമൊഴി തള്ളി നോമ്പും പെരുന്നാളും തീരുമാനിക്കപ്പെടണമെന്ന വാദക്കാർക്ക് ഇമാം സുബ്കി(റ)ന്റെ പ്രസ്താവനയിലും പിടിവള്ളി ഇല്ലെന്ന് ചുരുക്കം.
ഇബ്‌നു ഹജറുൽ ഹൈതമി(റ)ന്റെ വിവരണം ഒന്നുകൂടി ശ്രദ്ധിക്കാം: ‘റമളാൻ മാസപ്പിറവി ദർശിക്കുക, ശഅ്ബാൻ മുപ്പത് പൂർത്തിയാവുക എന്നീ രണ്ട് മാർഗങ്ങൾ പോലെ തന്നെയാണ് മാസം കണ്ടുവെന്ന വാർത്ത അനിഷേധ്യമാം വിധം ആളുകളിലൂടെ അറിയപ്പെട്ടത് (മുതവാതിർ). ഗവേഷണത്തിലൂടെ സാധാരണയിൽ വ്യത്യാസമാകാത്തതും വ്യക്തമായി തന്നെ അറിയുന്നതുമായ അടയാളങ്ങളിലൂടെയോ റമളാൻ ആയിട്ടുണ്ടെന്ന മികച്ച ഭാവന ലഭിക്കലും റമളാനായിട്ടുണ്ടെന്ന് ബോധ്യപ്പെടാനുള്ള മാർഗം തന്നെയാണ്. മിനാരങ്ങളിൽ വിളക്ക് കത്തിക്കപ്പെട്ടതായി ദർശിക്കുന്നത് ഇതിനുദാഹരണമാണ് (തുഹ്ഫ 3/372).
ഇതനുസരിച്ച് ചില നാടുകളിൽ റമളാൻ മാസപ്പിറവി കാണുന്ന സമയത്ത് മാത്രം അനുഷ്ഠിച്ചുപോന്നിരുന്ന കാര്യങ്ങൾ പരിഗണിക്കപ്പെടേണ്ടതാണ്. കൂക്കുവിളി, നകാരമുട്ടൽ, കൂട്ട സ്വലാത്ത്, വെടി പൊട്ടിക്കൽ തുടങ്ങി മാസപ്പിറവി അറിയിച്ചുകൊണ്ടുള്ള ഇത്തരം അടയാളങ്ങളിലൂടെ റമളാനായിട്ടുണ്ടന്ന മികച്ച ധാരണ ലഭിച്ചവർക്കെല്ലാം നോമ്പ് നിർബന്ധമാണ്.

അസീസ് സഖാഫി വാളക്കുളം

 

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ