രുൾപൊട്ടലും മഴക്കെടുതിയും ദുരിതം തീർത്ത കൊക്കയാറിലെയും കൂട്ടിക്കലിലെയും ജനങ്ങളുടെ കണ്ണീരും ചാറ്റൽമഴയും ഇപ്പോഴും തോർന്നിട്ടില്ല. അഗാധമായ ചുഴികൾ തീർത്ത് കലങ്ങി മറിഞ്ഞൊഴുകുന്ന കൊക്കയാറിനും പുല്ലകയാറിനുമൊപ്പം ആ കണ്ണീരും ഏറെക്കാലം ഒഴുകിക്കൊണ്ടിരിക്കും. ഒറ്റ ദിവസം നാല് മണിക്കൂർ തിമിർത്ത് പെയ്ത മഴയും തുടർന്നുണ്ടായ ഉരുൾപൊട്ടലിന്റെ കാഠിന്യവും ഒരു നാടിനെയും അവിടത്തെ ജനങ്ങളുടെ സ്വപ്നങ്ങളെയും തകർത്തെറിഞ്ഞിരിക്കുന്നു. 2021 ഒക്ടോബർ 16 ഈ നാട്ടുകാർക്ക് അത്ര വേഗം മറക്കാനാകില്ല. കാടിനോടും വന്യമൃഗങ്ങളോടും മലവെള്ളപ്പാച്ചിലിനോടും മല്ലിട്ട് തലമുറകളായി തങ്ങൾ പടുത്തുയർത്തിയ നാടും വീടും സമ്പാദ്യങ്ങളുമെല്ലാം നിമിഷങ്ങൾ കൊണ്ട് കുത്തിയൊലിച്ചു പോകുന്ന വലിയ ദുരന്തത്തിനാണ് ആ ദിവസം അവർ സാക്ഷ്യം വഹിച്ചത്.

കരകവിഞ്ഞൊഴുകിയ ദുരന്തം

കോട്ടയം ജില്ലയിലെ കൂട്ടിക്കലും ഇടുക്കി ജില്ലയിൽ ഉൾപെടുന്ന കൊക്കയാറും തമ്മിൽ ഏതാനും കിലോമീറ്ററുകളുടെ മാത്രം വ്യത്യാസമാണുള്ളത്. പുല്ലകയാറിന്റെ ഇരുവശങ്ങളിലായുള്ള ഈ സ്ഥലങ്ങൾ രണ്ട് ജില്ലകളിലാണെങ്കിലും ഒരേ ഭൂപ്രകൃതി നിലനിൽക്കുന്ന പ്രദേശമാണ്. നിറയെ കുന്നും കേവലം 33.82 ചതുരശ്ര കി.മീറ്റർ മാത്രമുള്ള, മലയും നിറഞ്ഞ കൂട്ടിക്കൽ പഞ്ചായത്തിനെ ഇത്തവണത്തെ മഴ വല്ലാതെ നൊമ്പരപ്പെടുത്തി. തൊട്ടടുത്തുള്ള കൊക്കയാറിലും മുണ്ടക്കയത്തുമെല്ലാം ദുരിതം വിതച്ച പേമാരി ഇതെഴുതുമ്പോഴും ചാറ്റലായി പെയ്തുകൊണ്ടിരിക്കുകയാണ്.
തങ്ങളുടെ കൃഷിഭൂമികളെ നട്ടുനനച്ച് നാടിനെ പച്ചപ്പാക്കുന്ന പുല്ലകയാറും സമാന്തരമായി ഒഴുകുന്ന കൊക്കയാറും ഇത്ര കലിതുള്ളുന്നതായി നാട്ടുകാരാരും കണ്ടിട്ടില്ല. സംസ്ഥാനത്തെ നടുക്കിയ 2018ലെ പ്രളയ കാലത്ത് പോലും പുല്ലകയാർ ചതിച്ചിരുന്നില്ല. ആ വിശ്വാസത്തിൽ തീരങ്ങളിൽ കഴിഞ്ഞിരുന്നവരുടെ ജീവനും സമ്പാദ്യങ്ങളുമെല്ലാം കവർന്നെടുക്കുന്ന കാഴ്ചയായിരുന്നു ഇത്തവണ കണ്ടത്. പ്ലാപ്പള്ളിയിലും കാവാലിയിലും ഇളംകാടിലും ഉറുമ്പിക്കരയിലും വെംബ്ലിയിലും പൊട്ടിയൊലിച്ച ഉരുൾ താഴേക്ക് പതിച്ചപ്പോൾ ആ വെള്ളത്തെ ആറുകൾക്കും താങ്ങാനായില്ല. അതോടെ ജനവാസ കേന്ദ്രങ്ങളിലേക്ക് പുഴ കയറിയൊഴുകി. ഇളങ്കാട് ഭാഗത്ത് അര കി.മീറ്ററോളം പുഴ വഴിമാറി ഒഴുകി. പതിറ്റാണ്ടുകളായി പുഴ ഉണ്ടായിരുന്ന ഭൂഭാഗം പോലെയായിട്ടുണ്ട് ഈ പ്രദേശം ഇപ്പോൾ. ഇവിടങ്ങളിലെ വീടുകളും കരഭൂമിയും കുത്തൊഴുക്കിൽ പൂർണമായും ഇല്ലാതായി.
കാവാലിയിൽ ഓട്ടാലങ്കൽ മാർട്ടിന്റെ കുടുംബത്തിൽ ആരെയും അവശേഷിപ്പിക്കാതെ ഉരുൾ കവർന്നെടുത്തു. മാർട്ടിനും മാതാവും ഭാര്യയും 15 വയസ്സിൽ താഴെയുള്ള മൂന്ന് മക്കളുമടക്കം ആറു പേരെ മരണം കൂട്ടിക്കൊണ്ടുപോയതിന്റെ നടുക്കം ഇപ്പോഴും പ്രദേശവാസികളെ വിട്ടൊഴിഞ്ഞിട്ടില്ല. തൊട്ടടുത്ത് താമസിച്ചിരുന്ന മാർട്ടിനും കുടുംബവും നോക്കിനിൽക്കെ അപ്രത്യക്ഷമായതിന്റെ മാനസികാഘാതത്തിൽ രണ്ടാഴ്ചയായി കഴിയുകയാണ് അയൽവാസി തോമസ് പുളിക്കൽ. ഉച്ചക്ക് ഒന്നരയോടെ ഇടിമുഴക്കം പോലൊരു ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കുമ്പോൾ മാർട്ടിന്റെ വീട് മലവെള്ളപ്പാച്ചിലിൽ പോകുന്നതാണ് അദ്ദേഹം കണ്ടത്.
സഹധർമിണി അടക്കം നാലുപേരുടെ ജീവനെടുത്ത് ഉരുൾ പായുന്നത് നിസ്സഹായതയോടെ കണ്ടു നിൽക്കാനേ പ്ലാപള്ളി പന്തലത്തിൽ മോഹന് കഴിഞ്ഞുള്ളൂ. അൽപം മുമ്പുണ്ടായ ഉരുൾപൊട്ടൽ കാണാൻ പോയി മടങ്ങി വന്നതായിരുന്നു ഇവർ നാലു പേരും. മരങ്ങളെക്കാൾ പൊക്കത്തിൽ വെള്ളവും കല്ലും മണ്ണും അതിവേഗത്തിൽ വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നുവെന്ന് പറയുമ്പോഴും ഭാര്യ ഉൾപ്പടെയുള്ളവർ പോയെന്ന് വിശ്വസിക്കാൻ മോഹനന് ഇനിയും കഴിഞ്ഞിട്ടില്ല. പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടിയ പ്രദേശത്ത് രണ്ടു മലയിടുക്കുകളിലായിട്ടാണ് 15 കുടുംബങ്ങളുടെ ജീവിതം. 50 വർഷത്തിലേറെയായി റബർ കൃഷിയും കന്നുകാലി വളർത്തലുമൊക്കെയായി ജീവിതം പച്ചപിടിപ്പിച്ചവർ. ഉരുൾ നാലു ജീവനുകൾ അപഹരിച്ചതോടെ ഒറ്റപ്പെട്ട തുരുത്തായി ഇവിടം മാറിയിരിക്കുന്നു. കാവാലിയും പ്ലാപള്ളിയും താളുങ്കലും ഏന്തയാറുമാണ് ദുരന്തമുഖത്തെ തൊട്ടടുത്ത ദേശങ്ങൾ. ടാറിട്ട റോഡുകളെല്ലാം മലവെള്ളപ്പാച്ചിലിൽ തകർന്ന നിലയിലാണ്.

ഭീതിയൊഴിയാതെ

ദുരന്ത ദിവസം രാവിലെ ഏഴ് മുതൽ പെയ്തുതുടങ്ങിയ മഴ രൂക്ഷമാകുന്നത് കണ്ട് രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി കൂട്ടിക്കൽ ടൗണിലെ കടകളിൽ നിന്ന് സാധനങ്ങൾ മാറ്റാൻ പ്രദേശവാസിയായ അൻവറും കൂട്ടുകാരും എത്തുമ്പോൾ സമയം പത്തര മണിയായിക്കാണും. കടയിലേക്ക് നടന്ന് കയറിയ തങ്ങൾ പത്ത് മിനുറ്റിനുള്ളിൽ തലപ്പൊക്കം വെള്ളത്തിലേക്ക് മുങ്ങുകയായിരുന്നുവെന്ന് പറയുമ്പോൾ അൻവറിന്റെ വാക്കുകളിൽ ഭീതി പ്രകടം. വൈകാതെ തന്നെ കൂട്ടിക്കൽ ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ പൂർണമായും ഇല്ലായി. എസ്ബിഐ ബാങ്കിൽ വെള്ളം കയറി, എടിഎം ചെളി കയറി നശിച്ചു.
പെട്ടെന്നൊന്നും വെള്ളം കയറാൻ സാധ്യതയില്ലെന്ന് കരുതിയിരുന്ന മുണ്ടക്കയവും വെള്ളത്തിൽ മുങ്ങി. കല്ലേപ്പാലം, മുളങ്കയം, വെള്ളനാടി, പുത്തൻചന്ത, ചിറ്റടി തുടങ്ങിയ പ്രദേശങ്ങളിലും വെള്ളം കയറി. കൊക്കയാറിൽ ദുരന്തം കൂടുതൽ നൊമ്പരപ്പെടുത്തിയത് കല്ലുപുരയ്ക്കൽ ഫൈസലിന്റെ കുടുംബത്തെയാണ്. ഫൈസലിന്റെ ഏട്ടും നാലും വയസ്സുള്ള രണ്ട് ആൺമക്കളെയും സഹോദരി ഫൗസിയയെയും ഇവരുടെ പത്ത് വയസ്സുള്ള മകനെയും ഏഴ് വയസ്സുള്ള മകളെയും കുത്തിയൊലിച്ചു വന്ന മലവെള്ളം കവർന്നെടുത്തു. വീടും പിഞ്ചുമക്കളടക്കം ഉറ്റവരെയും നഷ്ടപ്പെട്ട ഫൈസലും ഭാര്യയും പിതാവുമടക്കമുള്ളവർ ഇപ്പോൾ ബന്ധുവീടുകളിലാണ് കഴിയുന്നത്. ചിറയിൽ ഷാജിയുടെയും മൂന്ന് വയസ്സുകാരനായ സച്ചുഷാഹിലിന്റെയും മരണം പ്രദേശത്ത് ഇപ്പോഴും തീരാനോവാണ്. ഇവർ താമസിച്ചിരുന്ന ഭാഗത്ത് മാത്രം ഏഴ് വീടുകളാണ് തകർന്നത്.
വാഗമൺ മലനിരകളിലെ മൂപ്പൻ മലയുടെ താഴ്ഭാഗം മുതൽ ആരംഭിക്കുന്ന ജനവാസ കേന്ദ്രങ്ങളെയെല്ലാം ദുരന്തം ബാധിച്ചിട്ടുണ്ട്. പുല്ലകയാറിന്റെ തീരങ്ങളും പുഴ ഗതിമാറിയൊഴുകിയ പ്രദേശങ്ങളിലുമെല്ലാം സംഭവിച്ചത് കനത്ത നാശമാണ്. ഇവിടെ ഉരുളും മലവെള്ളപാച്ചിലും വീടുകൾ മാത്രമല്ല, നിരവധി റോഡുകളും പാലങ്ങളുമെല്ലാം തകർന്നിരിക്കുന്നു. കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തുകളിലായി മൂന്നൂറിൽപരം കുടുംബങ്ങളെയാണ് ദുരിതം നേരിട്ട് ബാധിച്ചത്. 150ലേറെ വീടുകൾ വാസയോഗ്യമല്ലാതായിട്ടുണ്ട്. കൊക്കയാറിൽ ഏഴും കൂട്ടിക്കലിൽ 20ലധികവും വീടുകൾ പൂർണമായി തകർന്നിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ഉരുളുകൾ പതിച്ച് ഭിത്തികൾ പൊട്ടിയും ചെളി നിറഞ്ഞ് വയറിംഗ് അടക്കം നശിച്ചും കാഴ്ചയിൽ കുഴപ്പമില്ലെന്ന് തോന്നുമെങ്കിലും മിക്ക വീടുകളും താമസിക്കാൻ കഴിയാത്ത സ്ഥിയിലാണ്.

തിരികെ കൂടണയാൻ…

ദുരിത സ്ഥലത്തെ വാസയോഗ്യമായ വീടുകളിലേക്ക് മുപ്പത് ശതമാനത്തോളം പേരാണ് ഇതിനോടകം എത്തിച്ചേർന്നിട്ടുള്ളത്. വസ്ത്രങ്ങളും ഗൃഹോപകരണങ്ങളും മറ്റ് അവശ്യവസ്തുക്കളും നഷ്ടപ്പെട്ട അമ്പത് ശതമാനത്തോളം വരുന്നവർ ബന്ധുവീടുകളിലും അയൽവീടുകളിലും വാടക വീടുകളിലുമായി കഴിയുകയാണ്. വീടും വസ്തുവും പൂർണമായും നഷ്ടപ്പെട്ടവർക്ക് സർക്കാർ പ്രമാണം ഉൾപ്പടെയുള്ള രേഖകൾ ശരിയാക്കി നൽകുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും കരഭൂമിയായിരുന്നെന്ന് തോന്നാത്തവിധം അതിലൂടെ പുഴ ഒഴുകുകയാണിപ്പോൾ. അതുകൊണ്ടുതന്നെ രേഖകൾ കിട്ടിയാലും ഉപകാരപ്പെടില്ലെന്ന ആശങ്ക സങ്കടത്തോടെ ചൂണ്ടിക്കാട്ടുന്നു പലരും.

‘അവരെ ഞങ്ങൾ മറക്കില്ല’

വീണ്ടെടുപ്പിന്റെ തീരമണയാൻ ശ്രമിക്കുന്ന കൂട്ടിക്കലിനെ ചേർത്തുപിടിച്ച് കേരളമൊന്നാകെയുണ്ട്. ഭക്ഷ്യസാധനങ്ങളായും തുണിയായും പണമായും വിവിധ സന്നദ്ധ സംഘടനകളുടെ സഹായമെത്തുന്നുണ്ട്. വെള്ളം കയറിത്തുടങ്ങിയ സമയം മുതൽ കരുതലിന്റെ കരങ്ങളുമായെത്തിയ എസ്‌വൈഎസ് സാന്ത്വനം പ്രവർത്തകരെ ഈ നാടിന് ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് പ്രദേശവാസിയായ ലിയാഖത്ത് സഖാഫി പറയുന്നു.
കഴിഞ്ഞ രണ്ടാഴ്ചക്കാലമായി ദിനേന അഞ്ഞൂറോളം സാന്ത്വനം പ്രവർത്തകരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇവിടെ വന്ന് സേവനം ചെയ്യുന്നത്. യാത്ര പോലും ദുഷ്‌കരമായ സ്ഥലങ്ങളിലൂടെ, ഒറ്റപ്പെട്ട പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് സാന്ത്വനം പ്രവർത്തകർ പ്രധാനമായും സേവനം ചെയ്തത്. മുണ്ടക്കയം ഇർഷാദിയ്യയും കൂട്ടിക്കൽ ബഡായിയിൽ ഓഡിറ്റോറിയവും മുണ്ടക്കയത്തെ ഗോഡൗണും ഇളങ്കാട് സാന്ത്വനകേന്ദ്രവും കേന്ദ്രീകരിച്ച് വസ്ത്രങ്ങളും നിത്യോപയോഗ സാധനങ്ങളും ഗൃഹോപകരണങ്ങളുമടക്കമുള്ളവ ശേഖരിച്ച് ദുരിതമനുഭവിക്കുന്നവരിലേക്ക് എത്തിക്കുകയാണ് ഇവർ. പാലക്കാട്, കോഴിക്കോട്, കണ്ണൂർ അടക്കമുള്ള വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ സാന്ത്വനം പ്രവർത്തകർ പ്രദേശത്തെ പ്രവർത്തകർക്കൊപ്പം വീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും ആരാധനാലയങ്ങളിലെയും ചെളികൾ നീക്കിയും വൈദ്യുതോപകരണങ്ങൾ ശരിയാക്കിയും മുന്നിലുണ്ടായിരുന്നു. മേൽക്കൂര നഷ്ടപ്പെട്ട നിരവധി വീടുകൾക്ക് മേൽക്കൂര ഒരുക്കി നൽകാനും എസ്‌വൈഎസ് പ്രവർത്തകർ മറന്നില്ല. ദുരന്തമുഖത്ത് ആവശ്യമായ മരുന്ന് എത്തിച്ച് നൽകുന്നതിനും ആംബുലൻസ് സേവനം ഉറപ്പാക്കുന്നതിനും സാന്ത്വനം പ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്‌കൂൾ കുട്ടികൾക്കാവശ്യമായ പുസ്തകമുൾപ്പെടെയുള്ള പഠനോപകരണങ്ങൾ കൂടുതലായി കൊണ്ടുവന്ന് വിതരണം ചെയ്‌തെങ്കിലും വിവരമറിഞ്ഞ് വിവിധ പ്രദേശങ്ങളിൽ നിന്ന് ആളുകളെത്തിയത് മൂലം നിരവധി കുട്ടികൾക്ക് നൽകാൻ സാധിച്ചില്ല. അവർക്ക് കൂടിയുള്ളത് എത്തിക്കാനുള്ള പരിശ്രമത്തിലാണ് സാന്ത്വനം പ്രവർത്തകർ. കൂട്ടിക്കൽ, ഏന്തയാർ, മുക്കുളം മേഖലകളിലെ വീടുകളിൽ നിന്ന് ചെളിയും കല്ലും നീക്കാനായി സന്നദ്ധ പ്രവർത്തകർ നടത്തിയ കഠിനാധ്വാനം വിവരണാതീതമാണ്.
ആദ്യഘട്ടത്തിൽ ദുരിതബാധിത പ്രദേശങ്ങളിൽ നിന്നടക്കമുള്ള സന്നദ്ധ പ്രവർത്തകർ ഒഴുകിയെത്തിയതോടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വേഗം കൂടി. ദുരന്ത ബാധിതരെ കരകയറ്റാൻ സാമുദായിക-രാഷ്ട്രീയ-സന്നദ്ധ സംഘടനകളുടെയും യുവജന പ്രസ്ഥാനങ്ങളുടെയും പ്രവർത്തകരുൾപ്പടെയുള്ളവർ ചെയ്ത സേവനങ്ങൾ വളരെ വലുതാണ്. വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കും മറ്റും ചികിത്സാ സൗകര്യങ്ങളുമായി മെഡിക്കൽ സംഘങ്ങളും സജീവമായിരുന്നു. ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് ഇനിയും മുക്തമാകാത്തവർക്ക് മാനസികമായ പിന്തുണ നൽകി കൗൺസിലർമാർ സജീവമായുണ്ട്. ദുരിത സമയത്ത് മസ്ജിദുകളും മറ്റ് ആരാധനാലയങ്ങളും സ്‌കൂളുകളും ജനങ്ങൾക്ക് താമസിക്കാൻ സൗകര്യപ്പെടുത്തിയിരുന്നു. പൂർണമായും ഒറ്റപ്പെട്ട് പോയവർക്ക് ഇപ്പോഴും ഇതെല്ലാം ആശ്വാസമാണ്.

ഇനിയും വേണം കരുതൽ

ചെറുതും വലുതുമായ 40ൽ പരം ഉരുൾപൊട്ടലും മണ്ണിടിച്ചിലും മഴവെള്ളപ്പാച്ചിലും ഒരു നാടിനെ എത്രമേൽ ഭീകരമായി ബാധിച്ചിട്ടുണ്ടെന്നതിന്റെ നേർക്കാഴ്ചയാണ് കൂട്ടിക്കലിലെയും കൊക്കയാറിലെയും ദുരന്തഭൂമി. മഴയും ഉരുൾപൊട്ടലും ഉറ്റവരുടെ ജീവനും കിടപ്പാടവും വാഹനങ്ങളും നക്കിത്തുടക്കുന്നത് ഞെട്ടലോടെ കണ്ടുനിക്കേണ്ടിവന്ന ജനത ഇനിയും സാധാരണ നിലയിലേക്കെത്തിയിട്ടില്ല. മാനമൊന്ന് കറുക്കുമ്പോഴേക്കും മുമ്പൊരിക്കലുമില്ലാത്ത ആധിയാണിപ്പോൾ ഇവിടത്തുകാർക്ക്.
ഇട്ടിരുന്ന വസ്ത്രങ്ങളുമായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പോകേണ്ടി വന്നവർ ഇനിയെന്ത് എന്ന ചിന്തയിൽ ആധിപൂണ്ട് കഴിയുകയാണ്. ഉറ്റവരും അയൽവാസികളുമടക്കം ഇരുപതിൽപരം ജീവനുകൾ കവർന്നെടുത്ത ദുരന്തം ഒരായുഷ്‌കാലം അധ്വാനിച്ചുണ്ടാക്കിയ വീടും പറമ്പും സമ്പാദ്യങ്ങളുമെല്ലാം തകർത്തെറിഞ്ഞപ്പോൾ മുന്നിൽ പകച്ച് നിൽക്കുമ്പോൾ അവർക്ക് താങ്ങാകാൻ സർക്കാർ സംവിധാനങ്ങൾക്കൊപ്പം ഇനിയും ഈ നാട് കൈകോർത്ത് നിൽക്കണം.

മുനീർ കുമരംചിറ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ