ഗതി മാറ്റാൻ കഴിയാത്ത വിധം ഭൂതത്തിൽ നിന്ന് വർത്തമാനത്തിലൂടെ ഭാവിയിലേക്ക് തുടർന്നു പോയിക്കൊണ്ടിരിക്കുന്ന ഉന്മയുടെയും സംഭവങ്ങളുടെയും ശ്രേണിയായിട്ടാണ് സമയം നമുക്കനുഭവപ്പെടുന്നത്. ആധുനിക ശാസ്ത്രത്തിൽ ചതുർമാന ലോകത്തെ (4D world) നാലാം മാനമായി സമയത്തെ കണക്കാക്കുന്നു. സമയം എല്ലാവർക്കും അനുഭവപ്പെടുന്നുണ്ടെങ്കിലും നിർവചിക്കാനും മനസ്സിലാക്കാനും ബുദ്ധിമുട്ടാണ്.
കാണാനോ തൊട്ടുനോക്കാനോ രുചിച്ചു നോക്കാനോ കഴിയില്ലെങ്കിലും അത് കടന്നുപോകുന്നതിനെ നമുക്ക് അളക്കാൻ കഴിയുന്നുണ്ട്. ആധുനിക ശാസ്ത്ര നിർവചന പ്രകാരം സമയത്തിന്റെ ഏറ്റവും ചെറിയ അളവുകോലുകളിലൊന്നായ സെക്കന്റ് (ഞൊടി) എന്നാൽ ഒരു സീസിയം 133 ആറ്റം സ്ഥിരാവസ്ഥയിലിരിക്കുമ്പോൾ അതിന്റെ രണ്ട് അതിസൂക്ഷ്മ സ്തരങ്ങൾ തമ്മിലുള്ള മാറ്റത്തിനനുസരിച്ചുള്ള വികിരണത്തിന്റെ സമയ ദൈർഘ്യത്തിന്റെ 9,192,631,770 മടങ്ങാണ്. ക്ലോക്കുകളിൽ സെക്കന്റുകളും മിനിറ്റുകളും മണിക്കൂറുകളുമായി നാം സമയത്തെ അളക്കുന്നു. കലണ്ടറുകളിൽ ദിവസങ്ങളും മാസങ്ങളും വർഷങ്ങളുമായി വേർതിരിക്കുന്നു. ചരിത്രത്തിൽ പതിറ്റാണ്ടുകളും നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളുമായി രേഖപ്പെടുത്തുന്നു. ഇങ്ങനെയൊക്കെ പറഞ്ഞാലും അടിസ്ഥാനപരമായി എന്താണ് സമയം എന്ന ചോദ്യം നിലനിൽക്കുന്നു.

ആധുനിക ശാസ്ത്രത്തിൽ സെക്കന്റിനെ നിർവചിക്കാൻ എന്തിനാണ് സീസിയം ആറ്റത്തിന്റെ പ്രത്യേകതകളൊക്കെ ഉപയോഗപ്പെടുത്തുന്നത് എന്ന് ചിലർക്കെങ്കിലും സംശയം വന്നിട്ടുണ്ടാകും. പരമ്പരാഗത രീതിയിൽ ഒരു ദിവസത്തെ 86400 ഭാഗങ്ങളാക്കിയതിൽ ഒന്ന് എന്ന് നിർവചിച്ചാൽ പോരേ എന്നു തോന്നാം. അവിടെയാണ് നാം അനുഭവിക്കുന്ന ദിവസങ്ങളുടെയും മണിക്കൂറുകളുടെയുമൊക്കെ ദൈർഘ്യം ഓരോ ദിവസവും നേരിയ തോതിൽ കുറയുന്നുണ്ട് എന്ന രസകരമായ സംഗതി നാം മനസ്സിലാക്കേണ്ടത്. ഇങ്ങനെ കുറയുന്ന സമയദൈർഘ്യത്തെ പരിഹരിക്കാൻ ഇടക്കിടക്ക് അന്താരാഷ്ട്ര സമയക്രമത്തിൽ സെക്കന്റുകൾ ചേർത്തു കൊടുക്കുന്നുണ്ട് എന്നത് വളരെ കൗതുകകരമായ ഒരു അറിവാണ്. ഇങ്ങനെ ചേർക്കുന്ന സെക്കന്റുകളെയാണ് ലീപ് സെക്കന്റ് (Leap second) എന്നു വിളിക്കുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നു നോക്കാം.

യഥാർത്ഥത്തിൽ, ഭൂമി സ്വന്തം അച്ചുതണ്ടിൽ ഒരു തവണ കറങ്ങുവാൻ (rotation, spin) 24 മണിക്കൂറിനേക്കാൾ ഒരിത്തിരി സമയം കൂടുതലെടുക്കുന്നുണ്ട്. അതായത് സെക്കന്റിന്റെ 1/2000 കൂടുതൽ. ഭ്രമണവേഗതയിലുണ്ടാവുന്ന ചെറിയ കുറവാണ് കാരണം. ഇങ്ങനെയുള്ള നേരിയ വ്യത്യാസങ്ങൾ കൂടിച്ചേർന്ന് ഒരു സെക്കന്റ് ആകുമ്പോൾ അതിനെ വിളിക്കുന്ന പേരാണ് ലീപ് സെക്കന്റ്; അധിക നിമിഷം എന്നത്. ചില വർഷങ്ങളിൽ ജൂൺ 30നോ ഡിസംബർ 31നോ ഈ അധിക നിമിഷം കൂട്ടിച്ചേർക്കുന്നു. ഭൂമിയുടെ ഭ്രമണ സമയത്തോട് യോജിപ്പിക്കാൻ അന്താരാഷ്ട്ര സമയ ക്രമത്തിൽ ഒരു സെക്കന്റ് വളരെ നൈസായി ചേർത്തുവിടുന്നു. അന്നത്തെ ദിവസം 86401 സെക്കന്റുകളുണ്ടാകും. 1972ലാണ് ആദ്യമായി ലീപ് സെക്കന്റ് ചേർത്തത്. ഏറ്റവുമൊടുവിൽ 2016 ഡിസംബർ 31നും.

ഇങ്ങനെ സെക്കന്റുകൾ ചേർക്കുന്നത് ഇപ്പോൾ വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. കൃത്യമായ സമയക്രമം പാലിച്ചു പ്രവർത്തിക്കുന്ന ആധുനിക സാങ്കേതിക വിദ്യകൾ താൽക്കാലികമായി തകരാറിലാകാറുണ്ട്. അതിനാൽ എങ്ങനെ ഈ സമ്പ്രദായം ഒഴിവാക്കാമെന്ന ചർച്ച അന്താരാഷ്ട്ര തലത്തിൽ നടക്കുന്നുണ്ട്. 2021ൽ ഒരു പുതിയ തലവേദന കൂടിയുണ്ട്: 2020ൽ ഭൂമി ഇടക്കാലയളവിൽ കൂടുതൽ വേഗത്തിൽ കറങ്ങിയിരുന്നതായി റിപ്പോർട്ടുകൾ വന്നു. 28 ദിവസക്കാലം ഭൂമി ദിനേന 86399.999 സെക്കന്റുകളെക്കാൾ കുറഞ്ഞ സമയമെടുത്താണ് ഭ്രമണം ചെയ്തത് എന്ന് കണ്ടെത്തി. ഇതു കാരണം ഒരു നെഗറ്റീവ് ലീപ് സെക്കന്റ് കൂട്ടിച്ചേർക്കാൻ (ചേർത്തിരുന്ന ലീപ് സെക്കന്റുകളിൽ ഒന്ന് കുറക്കാൻ) ആലോചനകൾ ചില കേന്ദ്രങ്ങളിൽ പുരോഗമിക്കുന്നു. ഈ സമ്പ്രദായം നിർത്തലാക്കാനുള്ള ചില പരിഹാരമാർഗങ്ങളും നിർദേശിക്കപ്പെടുന്നുണ്ട്. കാത്തിരുന്നു കാണണം.

സമയനിർണയത്തിനായി കലണ്ടറുകൾ പുരാതന കാലം മുതൽക്കു തന്നെ നിലനിന്നിരുന്നു. സൂര്യന്റെയും ചന്ദ്രന്റെയും ചലനങ്ങളാണ് ഇതിനുപയോഗിച്ചിരുന്ന പ്രകൃതിപരമായ ഇടവേളകളിൽ ആവർത്തിച്ചുവരുന്ന സമയത്തിന്റെ ശ്രേണികൾ. പുരാതന ഈജിപ്ഷ്യൻ, സുമേറിയൻ നാഗരികതകളിൽ നിന്ന് കലണ്ടറുകളുടെ രേഖകൾ കിട്ടിയിട്ടുണ്ട്. ഏഴു ദിവസമുള്ള ആഴ്ച എന്ന സങ്കൽപം എല്ലാ നാഗരികതകളിലും ഒരുപോലെ കണ്ടുവരുന്നുവെന്നത് കൗതുകകരമാണ്. വ്യത്യസ്ത പേരുകളിൽ നിരവധി സമയനിർണയ രീതികൾ ഉപയോഗപ്പെടുത്തുന്ന കലണ്ടറുകൾ നിലനിന്നിട്ടുണ്ടെങ്കിലും 1582ൽ നടപ്പിലാക്കിയ Gregorian calendar ആണ് ആധുനിക കാലത്ത് അനേകം മാറ്റിത്തിരുത്തലുകളോടെ പൊതുവെ ഉപയോഗിച്ചു പോരുന്നത്. നാലു തരത്തിലാണ് കലണ്ടറുകളുടെ സമയനിർണയ രീതികൾ വരുന്നത്.
1. Lunar Calendars ചാന്ദ്രമാസ കലണ്ടറുകൾ
ഉദാ: ഹിജ്‌റ കലണ്ടർ
2. Solar Calendars സൗര കലണ്ടറുകൾ
ഉദാ: ഗ്രിഗേറിയൻ കലണ്ടർ
3. Lunisolar Calendars സൗരചാന്ദ്ര കലണ്ടറുകൾ.
(intercalation എന്ന രീതി ഉപയോഗിച്ച് ചാന്ദ്രമാസക്കലണ്ടറുകൾ സൗരകലണ്ടറുകളുമായി യോജിപ്പിക്കുന്നു) ഉദാ: Hebrew calendar
4. Week Cycles ആവർത്തിച്ചുവരുന്ന ആഴ്ചകൾ.

സാധാരണ ഗതിയിൽ ഒരു വർഷത്തിൽ 354/355 ദിവസങ്ങൾ വരുന്ന 12 ചന്ദ്രമാസങ്ങൾ അടങ്ങിയ ചന്ദ്രമാസക്കലണ്ടറാണ് ഇസ്‌ലാമിക ഹിജ്‌രി കലണ്ടർ. ഇസ്‌ലാമിക പ്രാധാന്യമുള്ള ദിനങ്ങൾ കണക്കാക്കാൻ മുസ്‌ലിം ലോകത്തുടനീളം വളരെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. അതേസമയം, മിക്ക മുസ്‌ലിം രാജ്യങ്ങളും പൊതു ആവശ്യങ്ങൾക്കായി ഗ്രിഗേറിയൻ കലണ്ടർ ഉപയോഗിച്ചുവരുന്നു. ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾ സൗരമാസ ഹിജ്‌രി കലണ്ടർ (Solar Hijri Calendar) ഉപയോഗിക്കുന്നു. ഹിജ്‌രി കലണ്ടറിലെ മാസ നിർണയത്തിനായി ചന്ദ്രദർശനം തന്നെയാണ് ഇസ്‌ലാമിക ശരീഅത്ത് വിഭാവനം ചെയ്യുന്നത്. നിരവധി പ്രാമാണികമായ തെളിവുകൾ ഇത് വ്യക്തമാക്കുന്നുണ്ട്. ചന്ദ്രന്റെ ചലനങ്ങൾ പ്രവചിക്കാനും പ്രത്യേക സമയങ്ങളിലുള്ള ചന്ദ്രന്റെ സ്ഥാനനിർണയത്തിലൂടെ ആ സമയത്ത് ചന്ദ്രൻ ദൃഷ്ടി സാധ്യമാകുന്ന കോണിൽ ഉണ്ടാകുമോ എന്ന് മനസ്സിലാക്കാനും ഇന്നത്തെ സാങ്കേതിക വിദ്യയിലൂടെ സാധ്യമാണ്.

ഇതുവരെ പറഞ്ഞത് സമയത്തിന്റെ അളവുകോലുകളും വിഭജനവുമാണെങ്കിൽ അതിന്റെ വ്യക്തികേന്ദ്രീകൃതമായ അനുഭവവും ശാസ്ത്രത്തിലെ രസകരമായ പഠനവിഷയമാണ്. സമയത്തെ നാം എങ്ങനെ അനുഭവിക്കുന്നു (time perception) എന്നത് spychology, neuroscience പോലെയുള്ള ശാഖകളിൽ ഗവേഷണ വിഷയമാണ്. രണ്ട് സംഭവങ്ങൾക്കിടയിൽ ഉണ്ടായിരുന്നു എന്ന് നമുക്കനുഭവപ്പെടുന്ന സമയദൈർഘ്യത്തെ perceived duration എന്നു വിളിക്കുന്നു. ഈ അനുഭവത്തെ പലപ്പോഴും മിഥ്യാബോധങ്ങൾ പിടികൂടാറുണ്ട്. ഇതിനെയാണ് temporal illusion എന്നു പറയുന്നത്. ഉദാഹരണത്തിന് പറഞ്ഞാൽ Telescoping effect, ഇത് രണ്ടു തരമുണ്ട്.
സമീപ കാലത്ത് നടന്ന സംഭവങ്ങളെ വളരെക്കാലം മുമ്പ് നടന്ന സംഭവങ്ങളായി ഓർക്കുക (backward telescoping). പണ്ട് നടന്ന സംഭവങ്ങളെ സമീപകാലത്ത് നടന്നതായി ഓർത്തെടുക്കുക (forward telescoping).

Vierordt’s Law: കുറഞ്ഞ കാലയളവുകൾ ദീർഘമായും ദീർഘ കാലയളവുകൾ ഹ്രസ്വമായും കാണാനുള്ള പ്രവണത.

മാറ്റവും സമയവുമായുള്ള ബന്ധം: കൂടുതൽ മാറ്റങ്ങൾ നടന്ന സമയം ഹ്രസ്വമായും വലിയ മാറ്റങ്ങളൊന്നുമില്ലാതിരുന്ന സമയം ദീർഘമായും തോന്നുക.

കേൾവി സംബന്ധമായ ഉദ്ദീപനങ്ങൾ ദീർഘമായും ദൃശ്യ സംബന്ധമായവ ഹ്രസ്വമായും തോന്നുക. ഉദാ: audiobooks versus videos.

ഇനി ഭൗതികശാസ്ത്രത്തിന്റെ ആഴങ്ങളിലേക്ക് വന്നാൽ, സൈദ്ധാന്തികമായ ചില അത്ഭുതങ്ങൾ കാണാം. സമയം ഒരു അടിസ്ഥാന അസ്തിത്വമായിട്ടും സാർവത്രിക അനുഭവമായിട്ടും നമുക്ക് തോന്നാറുണ്ട്. എന്നാൽ സമയം ആപേക്ഷികമാണെന്നാണ് ആപേക്ഷികതാ സിദ്ധാന്തത്തിലൂടെ ആൽബർട്ട് ഐൻസ്‌റ്റൈൻ പ്രസ്താവിച്ചത്. വ്യത്യസ്ത ചട്ടക്കൂടുകൾക്കനുസരിച്ച് (frames of reference) സമയം വ്യത്യസ്തമാകും എന്ന് Special theory of relativtiy പറയുന്നു. സഞ്ചരിക്കുന്ന എല്ലാ ക്ലോക്കുകളിലും സമയം പതുക്കെയായിരിക്കും നീങ്ങുക എന്ന അതിശയകരമായ പരികൽപന ഇതിന്റെ ഭാഗമാണ്. പക്ഷേ, പ്രകാശത്തോടടുത്ത വേഗതകളിൽ മാത്രമേ ഇത് പ്രബല സൂചകമാവുകയുള്ളൂ. പ്രകാശവേഗതയിൽ സഞ്ചരിക്കുന്നയാളുടെ ക്ലോക്കും സമയവും പതുക്കെയാണ് നീങ്ങുന്നതെങ്കിലും അത് അയാൾക്ക് അനുഭവപ്പെടുകയില്ല. കാരണം, അയാളുടെ ചട്ടക്കൂടിലുള്ള എല്ലാ കാര്യങ്ങളും അയാളുടെ ചിന്തകളും ശരീരത്തിന്റെയും തലച്ചോറിന്റെയും പ്രവർത്തനങ്ങളും ഉൾപ്പെടെ അതിനോടൊപ്പം പതുക്കെയായിട്ടുണ്ടാകും. ഉദാഹരണത്തിന് വിദൂര ബഹിരാകാശത്തു നിന്ന് നമ്മെ നിരീക്ഷിക്കുന്ന ഒരാൾക്ക് ഭൂമിയിലെ എല്ലാ ക്ലോക്കുകളും പതുക്കെയാണ് സഞ്ചരിക്കുന്നത് എന്നാണ് മനസ്സിലാവുക. പക്ഷേ, നമുക്ക് അങ്ങനെ പ്രത്യേക വ്യത്യാസമൊന്നും തോന്നുന്നില്ലല്ലോ! ഇപ്രകാരം തന്നെ സമയത്തിലെ ഇത്തരം വ്യത്യാസങ്ങൾ ഒരു ചട്ടക്കൂടിനുള്ളിൽ അനുഭവവേദ്യമല്ല. എന്നാൽ ചട്ടക്കൂടുകൾക്കു പുറത്ത് ഇത് പ്രവർത്തിക്കുന്നുണ്ടുതാനും.

പലരും കരുതിയതു പോലെ ഈ സമയത്തിലുണ്ടാകുന്ന വ്യത്യാസം (time dilation) ‘വെറും സിദ്ധാന്തമല്ല’. കൃത്യമായി തെളിയിക്കപ്പെട്ടിട്ടുള്ള സംഗതിയാണ്. വളരെ കൃത്യമായി പ്രവർത്തിക്കുന്ന ക്ലോക്കുകൾ ജെറ്റ് എയർക്രാഫ്റ്റുകളിൽ പറത്തിയ ശേഷം ഭൂമിയിൽ സ്ഥിതി ചെയ്യുന്ന ക്ലോക്കുകളുമായി സമയം താരതമ്യപ്പെടുത്തിയിട്ടുണ്ട്. കണക്കുകൾ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ പ്രവചനങ്ങൾ ശരിവെക്കുന്നു.
പ്രകൃതിയിൽ അന്തരീക്ഷവുമായുള്ള കോസ്മിക് റേ പ്രതിപ്രവർത്തനങ്ങൾ കാരണമായി മുയോണുകൾ (muons) എന്ന ഉപാണുകണങ്ങൾ ഉണ്ടാവുന്നുണ്ട്. ഇവ സാധാരണ ഗതിയിൽ നശിച്ചുപോകാനുള്ള സമയം പരിശോധിക്കുമ്പോൾ ഭൗമോപരിതലത്തിൽ എത്തേണ്ടതല്ല. എന്നാൽ, time dilation കാരണം ഇവയുടെ ആയുസ്സ് വർധിക്കുകയും ഭൗമോപരിതലത്തിൽ എത്തിച്ചേരുകയും ചെയ്യുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്ന particle accelerators ഈ പ്രതിഭാസങ്ങളെ ശരിവെക്കുന്നു. 1977ൽ CERN-Â (European Organisation for Nuclear Research) നടന്ന പരീക്ഷണത്തിൽ മുയോണുകൾ (muons) ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിൽ time dilation-Dw twin paradox ഉം സ്ഥിരീകരിച്ചിരുന്നു. സമയത്തെ കുറിച്ചുള്ള നമ്മുടെ പൊതുവായ കാഴ്ചപ്പാടുകൾക്കു വിരുദ്ധമായി കാണപ്പെടുന്നുവെങ്കിലും തെളിവുകൾ ഇവയെ സാധൂകരിക്കുന്നുണ്ട്. ഇത്തരം പ്രതിഭാസങ്ങളെ വിശദീകരിക്കാൻ കഴിയുന്ന മറ്റൊരു സിദ്ധാന്തം ഇല്ലാത്തിടത്തോളം കാലം ഇതുതന്നെയാണ് അംഗീകൃത വിശദീകരണം.

ഫിലോസഫിയിലേക്ക് വന്നാൽ അവിടെയും സമയത്തെക്കുറിച്ച് വ്യത്യസ്ത കാഴ്ചപ്പാടുകൾ നിലനിൽക്കുന്നു. ഭൂതം, വർത്തമാനം, ഭാവി എന്നീ വ്യത്യാസങ്ങളെ കുറിച്ചാണ് പ്രധാനമായും ചർച്ചകൾ. ഇത്തരം വ്യത്യാസങ്ങൾക്ക് സമയത്തിന്റെ അടിസ്ഥാന സ്വഭാവവുമായി ബന്ധമുണ്ടോ എന്നത് ചർച്ച ചെയ്യപ്പെടുന്നു. ഇവ കേവലം വ്യക്തിപരമായ അനുഭവങ്ങളാണോ എന്നതും ഉപചോദ്യമായി വരുന്നു. ഈ വിഷയത്തിൽ രണ്ട് പക്ഷങ്ങൾ നിലനിൽക്കുന്നു. അവയെ A-Theory, B-Theory എന്നിങ്ങനെ വേർതിരിക്കുന്നു.

A-Theory of Time (the privileged present). വർത്തമാന കാലത്തിന് ഇതര കാലങ്ങളിൽ നിന്ന് വിഭിന്നമായി അതിഭൗതികപരമായ പ്രത്യേകതയോ വ്യതിരിക്തതയോ ഉണ്ട് എന്നതാണ് A-Theory യുടെ അടിസ്ഥാനവാദമായി പരിഗണിക്കപ്പെടുന്നത്. മാത്രമല്ല, ഭൂതം, വർത്തമാനം, ഭാവി എന്നീ കാലങ്ങൾ സമയത്തിന്റെ അടിസ്ഥാന സ്വഭാവങ്ങളാണെന്നും അവക്ക് കേവലാസ്ഥിത്വവും ഉണ്മയും ഉണ്ട് എന്നും A-Theory പറയുന്നു.
Presentism: ഭൂതകാലം കഴിഞ്ഞുപോയി, ഭാവി വരാനിരിക്കുന്നതേയുള്ളൂ, ഇപ്പോഴുള്ളത് വർത്തമാനം മാത്രമാണ് എന്ന വാദം.

B-Theory of Time (approximately Eternalism) : വർത്തമാന കാലത്തിന് ഭാവി-ഭൂത കാലങ്ങളേക്കാൾ ഒരു പ്രത്യേകതയുമില്ല എന്ന വാദമാണ് B-Theory മുന്നോട്ടു വെക്കുന്നത്. സ്ഥലത്തിനോട് സമയത്തെ താരതമ്യപ്പെടുത്തി പറയുമ്പോൾ, എപ്രകാരമാണോ ഡൽഹിയും ആഗ്രയും തമ്മിൽ ‘അതിഭൗതിക തലത്തിൽ’ ഒരു വ്യത്യാസവുമില്ലാത്തത് അപ്രകാരം എല്ലാ കാലങ്ങളും ഒരുപോലെ പരിഗണിക്കണമെന്നാണ് വാദത്തിന്റെ അടിസ്ഥാന പ്രമേയം. അടിസ്ഥാനപരമായി ത്രികാലങ്ങൾ സമയത്തിന്റെ സ്വഭാവമല്ല എന്നും അവ നമ്മുടെ വ്യക്തിപരമോ സോപാധികമോ ആയ അനുഭവം മാത്രമാണെന്നും അർത്ഥമാക്കുന്നു.
Eternalism: Presentism നു വിപരീതമായി സമയത്തിന്റെ എല്ലാ കാലങ്ങളും ഒരുപോലെ യാഥാർത്ഥ്യമാണ് എന്ന വാദം (The past still exists, the future is already there). ഈ തത്ത്വത്തെ block time, block universe എന്നൊക്കെ വിളിക്കാറുണ്ട്. Space-time നെ ഒരു മാറ്റമില്ലാത്ത ചതുർമാന ബ്ലോക്കാക്കി അവതരിപ്പിക്കുന്നതിനാലാണ് ഈ പേര് വന്നത്.

ഇതിനൊക്കെ അപ്പുറത്ത്, ആധ്യാത്മികതയിൽ സമയത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ജീവിതത്തിലെ ഏറ്റവും പവിത്രമായ വിഭവമാണ് സമയം. നമ്മുടെ ജീവിതത്തിന്റെ ക്രമീകരണവും അച്ചടക്കവും കൈവരിക്കുന്നതിന് സമയത്തെ കൃത്യമായി ഉപയോഗിക്കൽ ഏറ്റവും പ്രധാനമാണ്. സമയത്തെ വേണ്ടവിധം ഉപയോഗപ്പെടുത്താതിരുന്നവർ പലരും പിന്നീട് സമയത്തെ തന്നെ പഴിക്കുന്നത് കാണാം. ‘എന്റെ സമയം ശരിയല്ല’ എന്നൊക്കെ പറയുന്നത് കേൾക്കാം. അങ്ങനെ സമയത്തെ കുറ്റം പറയുന്നവരോടുള്ള ഇമാം ശാഫിഈ(റ)വിന്റെ ഉപദേശം ശ്രദ്ധേയം:
നഈബു സമാനനാ വൽ അയ്ബു ഫീനാ
വമാ ലി സമാനിനാ അയ്ബുൻ സിവാനാ
(നാം കാലത്തെ കുറ്റം പറയുന്നു; പക്ഷേ, കുഴപ്പം നമുക്കാണ്. നമ്മളുണ്ട് എന്നതല്ലാതെ കാലത്തിന് ഒരു കുഴപ്പവുമില്ല).

 

ആബിദ് ലുത്ഫി നഈമി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ