m1 (2)ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ വാങ്മയ സഞ്ചയങ്ങളില്‍ പെട്ടതാണ് ഋഗ്വേദം. ഋഗ്വേദത്തില്‍ ഒരു ജലസൂക്തമുണ്ട് (അധ്യായം 6, വര്‍ഗം 5, സൂക്തം 9). അസാധാരണമായ അര്‍ത്ഥതലങ്ങളൊന്നും ഇല്ലാത്ത ഋജുവായൊരു ജലസ്തുതിയാണിത്. അല്ലയോ ജലങ്ങളേ, നിങ്ങള്‍ ഞങ്ങള്‍ക്ക് കുടിക്കാനായി തീരുക, ഞങ്ങളുടെ ശുദ്ധിക്കായി ഒഴുകുക, ഞങ്ങള്‍ക്ക് ബന്ധുജന സമാഗമികളായി ഭവിക്കുക, ഞങ്ങള്‍ക്ക് പാപഹരമായ ശുദ്ധിയെ പ്രദാനം ചെയ്യുക’ എന്നൊരു ശൈലിയിലാണ് ലഘുവായ ആ ജലസ്തുതി. ജീവിക്കുവാന്‍ ജലം എത്രമേല്‍ അത്യാവശ്യമെന്നു തിരിച്ചറിയുകയും അതുകൊണ്ട് ജീവദാനം ചെയ്യുന്ന ജലത്തെ അത്യന്തം ബഹുമാനത്തോടെ വീക്ഷിക്കുകയും ചെയ്യുന്നതോടൊപ്പം ശുദ്ധീകരണം, യാത്രാമാര്‍ഗം എന്നീ തലങ്ങളില്‍ ജലത്തിനുള്ള പ്രാധാന്യം നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട് പ്രസ്തുത സൂക്തമെന്നു പൊതുവെ പറയാം.
നാഗരികതയുടെ പ്രാരംഭഘട്ടത്തില്‍ നദികളും കടലും ദേശാന്തര ഗമനത്തിനും വിദേശ സഞ്ചാരത്തിനുമുള്ള സുപ്രധാന യാത്രാമാര്‍ഗങ്ങളായിരുന്നുവല്ലോ. ജലം ബന്ധുജന സമാഗമകാരിയാകട്ടെ’ എന്ന ഋഗ്വേദത്തിലെ ജലസൂക്തത്തില്‍ കാണുന്ന പരാമര്‍ശം ഋഷിമാര്‍ക്ക് ജലഗതാഗത സന്പ്രദായം പരിചിതമായിരുന്നെന്നു സൂചിപ്പിക്കുന്നു. ശരീരത്തിന്റെ അഴുക്ക് കഴുകുന്നതിനു ഉപയോഗപ്പെടുന്ന ജലം മനോമാലിന്യങ്ങള്‍ അകറ്റാനും സഹായകമാകുമെന്ന ധാരണയും ഋഗ്വേദ ഋഷിക്കുണ്ടായിരുന്നതിന്റെ സൂചനകളും ജലസൂക്തത്തില്‍ നിന്നു വായിച്ചെടുക്കാം. ചുരുക്കത്തില്‍ ജലം എന്ന അനുഗ്രഹം കൂടാതെ ജീവിതം സാധ്യമല്ല എന്ന ഉറച്ച ബോധ്യം അന്നത്തെ ഋഷികവികള്‍ക്കുണ്ടായിരുന്നു. ഇക്കാലത്തെ ഹൈടെക് മനുഷ്യനും അതുണ്ട്.
ചൊവ്വാഗ്രഹത്തില്‍ ജീവനുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഉത്തരം തേടി ഭൂമിയിലെ ശാസ്ത്രജ്ഞര്‍ തൊടുത്തുവിട്ട ക്യുരിയോസിറ്റി ആദ്യം പരിശോധിച്ചറിയാന്‍ ശ്രമിച്ചത് ചൊവ്വയില്‍ ജലസാന്നിധ്യമുണ്ടോ എന്നായിരുന്നല്ലോ. അതിനാല്‍ ജലമില്ലെങ്കില്‍ ജീവനില്ല എന്ന കാഴ്ചപ്പാട് ഋഗ്വേദ ഋഷിയോളം പഴക്കമേറിയതും ക്യുരിയോസിറ്റിയോളം പുതുക്കമുള്ളതുമായ ഒന്നാണ്. എന്നാല്‍ സ്വര്‍ണം കൈകാര്യം ചെയ്യുന്ന ശ്രദ്ധയോടെയോ, മൊബൈല്‍ ഫോണ്‍ കൈകാര്യം ചെയ്യുന്ന ശ്രദ്ധയോടെയോ ഭൂമിയില്‍ ജീവന്റെ നിലനില്‍പിന് ആധാരമായ ജലത്തെ കൈകാര്യം ചെയ്യുന്നതില്‍ മാനവരാശി ഇനിയും പരിശീലനം നേടിയിട്ടില്ല. അതുകൊണ്ടു കൂടിയാണ് ഇപ്പോള്‍ ലോകം ജലദൗര്‍ലഭ്യമെന്ന ജീവവിനാശകാരിയായ മഹാവിപത്തിനെ മുഖാമുഖം നേരിടേണ്ടി വന്നിരിക്കുന്നത്. തീ നമുക്ക് ഉണ്ടാക്കാനാവും. അതിനാല്‍ അഗ്നിദൗര്‍ലഭ്യം’ എന്നത് മാനവരാശി അഭിമുഖീകരിക്കാനിടയില്ലാത്തൊരു പ്രശ്നമാണ്. പക്ഷേ, വെള്ളം നമുക്ക് ഉണ്ടാക്കാനാവില്ല. നമുക്ക് ഉണ്ടാക്കാനാവാത്തതിനെ കൈകാര്യം ചെയ്യുമ്പോഴാണ് നാം കൂടുതല്‍ ശ്രദ്ധ കാണിക്കേണ്ടത്. ജലവിഷയത്തില്‍ അത്തരം ഉന്നതമായ ശ്രദ്ധ മനുഷ്യര്‍ക്ക് ഇപ്പോഴും ഇല്ല.
ഈയിടെ ഒട്ടേറെ ചര്‍ച്ചാപ്രാധാന്യം നേടിക്കഴിഞ്ഞ പാരിസ്ഥിതിക റിപ്പോര്‍ട്ടുകള്‍ ഒന്നടങ്കം പറയുന്നത് ജലവിനിയോഗത്തിലെ അശ്രദ്ധയും പാഴ്ചെലവുകളും പരിഹരിച്ചാല്‍ തന്നെ ജലദൗര്‍ലഭ്യം ഒട്ടൊക്കെ പരിഹരിക്കാം എന്നാണ്. വെള്ളം കുടിക്കാനും കുളിക്കാനും നനയ്ക്കാനും ഉപയോഗപ്പെടുത്തുക എന്നതാണ് അതിന്റെ ജൈവികവും സഹജവും പാരിസ്ഥിതിക സൗഹൃദപരവുമായ ശരിയായ വിനിയോഗം. പക്ഷേ, നമ്മുടെ വികസിത നാഗരികത എന്താണു ചെയ്തുവരുന്നത്? വിവിധ തരം മദ്യങ്ങളും കൊക്കകോള, പെപ്സി തുടങ്ങിയ കൃത്രിമ പാനീയങ്ങളും ഉല്‍പാദിപ്പിക്കുവാന്‍ വേണ്ടി പ്രകൃതി സഹജമായ ശുദ്ധജല സ്രോതസ്സുകളെ ഒന്നടങ്കം ഊറ്റിപ്പിഴിയുകയല്ലേ? പച്ചവെള്ളം കുടിച്ച് ദാഹശമനം നേടുന്നതിന്റെ ആഹ്ലാദം അനുഭവിക്കുന്ന മനുഷ്യരുടെ എണ്ണം കുറയുന്നതാണു നാഗരികത എന്ന കൊടിയ തെറ്റിദ്ധാരണയിലല്ലേ ആധുനിക മനുഷ്യന്‍? ഇത്തരം മനോഭാവങ്ങള്‍ക്കാണ് ആത്യന്തികമായി മാറ്റം ഉണ്ടാവേണ്ടത്. അതു സംഭവിച്ചവര്‍ക്കാണ് അമൃതാനന്ദ മയിയുടെതിനേക്കാള്‍ അടിസ്ഥാനപരമായ ജീവകാരുണ്യ പ്രവര്‍ത്തനം എന്നത് കുടിവെള്ളം മുട്ടിക്കുന്ന കൊക്കകോളക്കെതിരെ പ്ലാച്ചിമടയിലെ മയിലമ്മ നടത്തിയതാണെന്നു പറയേണ്ടിവരുന്നത്.
മദ്യം ഒരു ദ്രാവകമാണ്. അതിലുള്ള ജലം പക്ഷേ, ബോധം കെടുത്തുന്നതും ഇഞ്ചിഞ്ചായി ജീവനെ കെടുത്തുന്നതുമാണ്. ജീവന്‍ പ്രദാനം ചെയ്യുന്ന ശുദ്ധജലത്തെ ജീവനെടുക്കുന്ന കുടിനീരാക്കി’ രൂപാന്തരപ്പെടുത്തി വിറ്റഴിച്ച് കോടികള്‍ കൊയ്യുന്ന ഒരു ജൈവവിരുദ്ധ വ്യവസായമാണ് മദ്യവ്യാപാരം. ഇതിന്റെ അനുജനാണ് കോളവ്യവസായം. ഇതു രണ്ടിനും കൂച്ചുവിലങ്ങിടുവാന്‍ വാങ്ങില്ല, കുടിക്കില്ല, കുടിപ്പിക്കില്ല’ എന്ന സമരോത്സുകമായ ഒരു ഉപഭോക്തൃനിഷ്ഠ ബഹുജനങ്ങള്‍ക്കുണ്ടാകേണ്ടതുണ്ട്. ആ വഴിക്ക് അമൃതസമാനമായ കുടിനീരിനെ പലവിധ വിഷങ്ങളും വര്‍ണങ്ങളും ചേര്‍ത്ത് മൃതകാരിയായ വിഷദ്രാവകമാക്കി ജലദുര്‍വിനിയോഗം ചെയ്യുന്ന മദ്യവ്യാപാരത്തെയും കോളവ്യാപാരത്തെയും പ്രതിരോധിക്കുവാനും അതുവഴി ജലദുര്‍വിനിയോഗത്തിനു കാര്യക്ഷമമായ നിയന്ത്രണം ഉണ്ടാക്കുവാനും കഴിയും. അതിനാല്‍ മദ്യവിരുദ്ധ സമരങ്ങളെ ആത്യന്തികമായി ശുദ്ധജല സംരക്ഷണ സമരങ്ങളെന്ന നിലയില്‍ കൂടി സഗൗരവം തിരിച്ചറിഞ്ഞ് പുനഃസംവിധാനിക്കാന്‍ മദ്യവിരുദ്ധ സമര സമിതികള്‍ തയ്യാറാകേണ്ടതുണ്ട്.
ഭൂമിയില്‍ സിംഹഭാഗവും വെള്ളമാണ്. എന്നിട്ടും കടലിനാല്‍ ചുറ്റപ്പെട്ട ഇത്തിരി കരയില്‍ അധിവസിക്കുന്ന മനുഷ്യരുള്‍പ്പെടെയുള്ള ജീവികള്‍ ജലദൗര്‍ലഭ്യത അനുഭവിക്കുന്നു എന്നത് ആസൂത്രണത്തിന്റെ അപാകം കൊണ്ടാണ്. സാധാരണ നിലയില്‍ കടല്‍വെള്ളം കുളിക്കാനോ കുടിക്കാനോ നനയ്ക്കാനോ ഉപയോഗിക്കാനാവില്ല. പക്ഷേ, കടല്‍ വെള്ളത്തിലെ ഉപ്പുരസം ഉള്‍പ്പെടെയള്ള ചില സഹജ ലവണാംശങ്ങള്‍ ശാസ്ത്രീയമായി ശുദ്ധീകരിച്ചാല്‍ അലക്കാനും മലമൂത്ര വിസര്‍ജനാദികള്‍ക്കു ശേഷമുള്ള ശൗചവൃത്തികള്‍ക്കും അതുപയോഗപ്പെടുത്താനാകും.
കിണറില്‍ നിന്നും മറ്റുമുള്ള ശുദ്ധജലം കുടിക്കാനും പാചകം ചെയ്യാനും കൃഷിയിടങ്ങളിലെ ജലസേചനത്തിനും മാത്രമായി ശ്രദ്ധാപൂര്‍വം ഉപയോഗിക്കാനും കഴിയും. ഓരോ വീട്ടിലും ഈ നിലയില്‍ രണ്ടു വാട്ടര്‍ ടാങ്കുകള്‍ വേണ്ടിവരും. ശുദ്ധജല സംഭരണത്തിനൊന്നും മറ്റേത് ഇതരാവശ്യങ്ങള്‍ക്കായുള്ള ശുദ്ധീകൃത കടല്‍ജലം സംഭരിക്കാനും. ഇതിലൊക്കെ അസൗകര്യം കണ്ടെത്തുന്നവര്‍ ഒന്നോര്‍ക്കണം, ആവശ്യത്തിനു കുടിവെള്ളം പോലും ഇല്ലാതെ പൊരിഞ്ഞ് മരിക്കേണ്ട അവസ്ഥ ഉണ്ടാവുന്നതൊഴിവാക്കാന്‍ ഇത്തരം ചില അസൗകര്യങ്ങള്‍ നാം ശീലിച്ചേ പറ്റൂ. പക്ഷേ, ഇത്തരം ആസൂത്രണ രീതികളോടെല്ലാം അസൗകര്യങ്ങളെപ്രതി മുഖം തിരിഞ്ഞുനില്‍ക്കുന്ന ജനങ്ങളുടേതായ രാഷ്ട്രത്തിലെ ഭരണാധികാരികള്‍ യഥാപ്രജ തഥാ രാജ’ എന്ന നിലയില്‍, ജലക്ഷാമ പരിഹാരത്തിന് കടല്‍ജലം എങ്ങനെ സാധ്യമാക്കാം എന്നൊന്നും ചിന്തിക്കാതെ പോകുകയേയുള്ളൂ.
അതിനാല്‍ ജനാധിപത്യത്തില്‍ മാറ്റം തുടങ്ങേണ്ടത് ജനങ്ങളില്‍ നിന്നാണ്. ജനങ്ങള്‍ മാറിയാല്‍ ഭരണരീതിയും മാറും. പക്ഷേ, വീട്ടിലെ മാലിന്യം റോഡിലെറിഞ്ഞ് സ്വന്തം വീട് ശുചിയാക്കി വെക്കുകയും പൊതുവഴി ദുര്‍ഗന്ധമാക്കി വെക്കുകയും ചെയ്യുന്ന വോട്ടര്‍മാരുടെ വോട്ടുനേടി അധികാരത്തില്‍ വരുന്നവരുടെ ഭരണം, പൊതുവഴി പോലെ നാറുന്നതാവുന്നതില്‍ രാഷ്ട്രീയക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ജലദൗര്‍ലഭ്യം പരിഹരിക്കാനുള്ള ജലദുര്‍വിനിയോഗം കുറച്ചുകൊണ്ടുവരാനുള്ള ജീവിതസംസ്കാരം വീടുകളില്‍ നിന്നുതന്നെ ആരംഭിക്കണം. എന്നാല്‍ നാട്ടിലും അതുണ്ടാകും. ഭൂമിയില്‍ ശുദ്ധജലം കുടിച്ച് ജീവിക്കാനും മരിക്കാനും എല്ലാവര്‍ക്കും ഇടയുണ്ടാവുകയും ചെയ്യും.
പൊതുനിരത്തിലേക്ക് യാതൊരു ഉളുപ്പിമില്ലാതെ മാലിന്യം വലിച്ചെറിയുന്ന അലക്കിത്തേച്ച ഉടുപ്പണിഞ്ഞ പരിഷ്കാര മാനവന്റെ പൊതുബോധ ശൂന്യമായ സ്വാര്‍ത്ഥ പ്രകൃതമുണ്ടല്ലോ, അതു തന്നെയാണ് ചെറുതും വലുതുമായ വ്യവസായികള്‍ക്കും ഉള്ളത്. അവര്‍ അവരുടെ ലാഭത്തിന് ഇടിവു വരാതിരിക്കുവാന്‍ കണ്ടെത്തുന്ന ചെലവുചുരുക്കല്‍ മാര്‍ഗ, വിഷാംശങ്ങള്‍ കലര്‍ന്ന ഖരദ്രാവക വ്യവസായ മാലിന്യങ്ങള്‍ ഭൂമിയുടെ ജീവനാഡികളായി ഒഴുകുന്ന നദികളിലേക്ക് അലസമായി തള്ളുക എന്നതാണ്. പുഴമത്സ്യങ്ങളുടെ ജീവനൊടുക്കുന്ന ഈ മാലിന്യം തള്ളല്‍, പുഴയില്‍ കുളിക്കുകയും പുഴവെള്ളം കുടിക്കാനും പാചകത്തിനും ഉപയോഗിക്കുകയും ചെയ്യുന്ന മനുഷ്യരുടെയും ജീവനെ ബാധിക്കാവുന്നവയും വിവിധ രോഗാദി പാര്‍ശ്വഫലങ്ങള്‍ ഉളവാക്കുന്നവയുമാണ്.
ഗംഗാനദീ തീരത്തെ ഫാക്ടറികള്‍ ചെയ്തുവരുന്ന ഇത്തരം ജീവ ദ്രോഹ പ്രവര്‍ത്തികള്‍ക്ക് പര്യവസാനമുണ്ടാക്കുന്നതിനു വേണ്ടിയാണ്, സ്വാമി നിഗമാനന്ദ എന്ന യുവസന്യാസി നിരാഹാര സമരം ചെയ്ത് മൃതിയടഞ്ഞത്. പക്ഷേ, അദ്ദേഹത്തെ കാണാനോ കൂടെ സമരം ചെയ്യാനോ കാവിയെ പ്രാണതുല്യം ബഹുമാനിക്കുന്നവരെന്നു മേനി നടിക്കുന്ന വിശ്വഹിന്ദു പരിഷത്തുകാരൊന്നും ഉണ്ടായില്ല. എന്നാല്‍ കാഞ്ചി ശങ്കരാചാര്യരെ കൊലക്കുറ്റത്തിന് അറസ്റ്റു ചെയ്തപ്പോള്‍ കാവിപ്പട തമിഴ്നാട്ടിലേക്ക് ഓടിയെത്തി. പണമുള്ളവരും പണക്കാര്‍ക്ക് കോട്ടം തട്ടുന്നതൊന്നും പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യാത്തവരുമായ കാവിധാരികളെ മാത്രമേ ഇന്ത്യയിലെ കാവി ഫാഷിസ്റ്റുകള്‍ പിന്തുണക്കൂ എന്നാണ് ഇതുവഴി തെളിഞ്ഞത്. ഗംഗാനദിയിലേക്കൊന്നു കാറിത്തുപ്പിയാല്‍, പുണ്യനദിയെ അപമാനിച്ചെന്നു പറഞ്ഞ് ആക്രോശിക്കുന്ന സ്വഭാവമുള്ള ഇവിടുത്തെ കാവിപ്പട, ഗംഗാനദിയെ മാലിന്യം തള്ളാനുള്ള കക്കൂസാക്കി മാറ്റുന്ന വ്യവസായികള്‍ക്കെതിരെ പോരിനിറങ്ങിയ നിഗമാനന്ദയെ കണ്ടില്ലെന്നു നടിച്ചത് പണക്കാര്‍ക്കു പാദസേവ ചെയ്യുന്ന കാവി സംസ്കാരമല്ലാതെ മറ്റൊന്നും സംഘപരിവാരത്തിന്റെ ദേശപ്രേമ പ്രത്യയശാസ്ത്രത്തിന് ഇല്ലെന്നാണു തെളിയിക്കുന്നത്. ഇതു തിരിച്ചറിയുമ്പോള്‍ മയിലമ്മയും നിഗമാനന്ദയും യഥാര്‍ത്ഥ ജീവകാരുണ്യ പ്രവര്‍ത്തകരും ദേശരക്ഷാ പ്രക്ഷോഭകരുമായിരുന്നെന്നും ശുദ്ധജലം കുടിച്ചുജീവിക്കുന്ന വിവേകമുള്ള ഏതൊരു ഭാരതീയനും പറയേണ്ടിവരുന്നു. അത്തരം ഭാരതീയരുടെ ഭാരതീയതയിലൂടെ മാത്രമേ നാടിനും നദികള്‍ക്കും നാട്ടുകാര്‍ക്കും ജീവിക്കാവുന്ന ഒരു ഭാരതം കെട്ടിപ്പടുക്കാനാവൂ. ആ ഭാരതത്തില്‍ ജലദൗര്‍ലഭ്യം ഉണ്ടാവുകയില്ല.
ഇസ്ലാം മതത്തില്‍ പലരീതിയിലും വിലക്കപ്പെട്ട ഒരു നാല്‍ക്കാലിയാണ് പട്ടി. അവശയായ ഒരു പട്ടിക്ക് സ്വന്തം പാദരക്ഷയില്‍ വെള്ളമെടുത്ത് ഒരു സ്ത്രീ കുടിക്കാന്‍ കൊടുത്തതിനെ പരാമര്‍ശിച്ചുകൊണ്ട് മുഹമ്മദ് നബിതിരുമേനി പറഞ്ഞത് ‘അവളുടെ പ്രവര്‍ത്തിയാല്‍ അവള്‍ സ്വര്‍ഗാവകാശിയായിരിക്കുന്നു’ എന്നാണ്. കുടിനീരിന്റെ വിലയാണ് ഇതിലൂടെ ഭംഗ്യന്തരേണ വെളിവാക്കപ്പെട്ടത്. ദാഹിച്ചു പൊരിയുന്ന മിണ്ടാപ്രാണിക്കു കുടിനീരേകുന്നത് മനുഷ്യനെ സ്വര്‍ഗാവകാശിയാക്കുമെങ്കില്‍ കുടിനീര് ദുര്‍വ്യയം ചെയ്യാതിരിക്കുകയും കുടിനീരിനെ മലിനപ്പെടുത്തുന്ന ചെറുതും വലുതുമായ സ്വാര്‍ത്ഥപങ്കില കൃത്യങ്ങളെ അരുതെന്നു ഒരു വാക്കുകൊണ്ടെങ്കിലും വിലക്കുകയും ചെയ്യുന്നത് എന്തുമാത്രം പുണ്യ പ്രവര്‍ത്തികളായിരിക്കും. അതിനാല്‍ കുടിനീരു കാത്തുരക്ഷിക്കുന്നതിനു വേണ്ടിയുള്ള മാനസികവും വാചികവും പ്രായോഗികവുമായ ഏതൊരു കര്‍മത്തിലും ഇസ്ലാമിക ചര്യയുടെ ഉത്കൃഷ്ടമായ ആത്മീയ വെളിച്ചം ഉണ്ട്. ഇതു തിരിച്ചറിയുന്ന മുസ്ലിം സഹോദരങ്ങള്‍ക്കെല്ലാം മയിലമ്മയും നിഗമാനന്ദയും അമൃതാനന്ദ മയിയെക്കാളും ശ്രീ ശ്രീ രവിശങ്കറിനെക്കാളും പ്രിയപ്പെട്ട ഉറ്റമിത്രങ്ങള്‍ തന്നെയായിരിക്കും.
ഒരു കാര്യം കൂടി സൂചിപ്പിക്കാം. നമ്മള്‍ പുരോഗതി എന്നു വിചാരിക്കുന്നത് കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ എണ്ണപ്പെരുക്കത്തെയാണ്. എത്ര കോണ്‍ക്രീറ്റ് ഉപയോഗിക്കുന്നു അത്രയും നിങ്ങള്‍ പരിഷ്കാരിയാണെന്നാണു നമ്മളോട് യൂറോ കേന്ദ്രീകൃതവും യൂറോപ്യന്‍ അനുകരണവുമായ നാഗരികത പറഞ്ഞുകൊണ്ടിരിക്കുന്നത്. അങ്ങനെ നാം മലയിടിച്ച് കെട്ടിടങ്ങള്‍ പണിയുന്നു. കെട്ടിടങ്ങള്‍ പണിയാന്‍ മലകള്‍ പൊട്ടിച്ച് കരിങ്കല്‍ ക്വാറികള്‍ ഉണ്ടാകുന്നു. ഇതു രണ്ടും നടന്ന ഒരു സ്ഥലമാണ് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനടുത്തുള്ള ഏഴിമല. അവിടെ നേവല്‍ അക്കാഡമിക്കു വേണ്ടി മലയിടിച്ച് സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ഇപ്പുറത്ത് നാട്ടുകാര്‍ മലയിടിച്ച് കരിങ്കല്‍ ക്വാറികളും ഉണ്ടാക്കി. ഇങ്ങനെ പ്രകൃതിയെ നശിപ്പിക്കുന്ന ജനങ്ങളും അവരുടെ സര്‍ക്കാരും ചേര്‍ന്നു ചെയ്യുന്ന പരിപാടികള്‍ പ്രകൃതിയുടെ താളം തെറ്റിക്കുന്നു.
ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ ജീവിതതാളം തെറ്റുന്നപോലെ പുരോഗതിയുടെ മറവിലുള്ള മനുഷ്യന്റെ പ്രകൃതി ബലാത്സംഗങ്ങള്‍ പ്രകൃതിയുടെ താളം തെറ്റിക്കുന്നു. ഇത്തരം താളം തെറ്റലുകളിലൂടെ മഴവെള്ളം തങ്ങേണ്ടിടത്ത് തങ്ങാതെയും മണ്ണിലേക്ക് കിനിഞ്ഞിറങ്ങി ജലസ്രോതസ്സുകളെ പുഷ്ടിപ്പെടുത്താതെ ഒഴുകിപ്പോയും വേണ്ടാത്തിടത്ത് കെട്ടിക്കിടന്നും ഭൂമിയെ ഊഷരമാക്കുന്നു. അതിനാല്‍ കോണ്‍ക്രീറ്റിലധിഷ്ഠിതമായ പുരോഗതി സങ്കല്‍പം തന്നെ പൊളിച്ചെഴുതേണ്ടതുണ്ട്. എങ്കിലേ പുഴയില്‍ മണലുണ്ടാവൂ, എന്നാലേ പുഴവെള്ളം തങ്ങിനിന്ന് ജീവോപകാരപ്രദമായ തെളിനീരാവുകയും ചെയ്യൂ.
നമ്മുടെ വീടിനു ചുറ്റുമുള്ള മണ്‍മുറ്റം വൃത്തിക്കുവേണ്ടി സിമന്‍റിട്ട് വീടകം പോലെയാക്കുന്നതു മണ്ണില്‍ തങ്ങി നിന്ന് കിനിഞ്ഞിറങ്ങേണ്ട മഴവെള്ളം പാഴായി ഒഴുകിപ്പോവുന്നതിനേ വഴിവെയ്ക്കുന്നുള്ളൂ. ഇത്തരം ചെറുതും വലതുമായ പ്രകൃതിബോധമില്ലാത്ത പരിഷ്കാര പകിട്ടുപ്രവൃത്തികളെ കൂടി ഒഴിവാക്കേണ്ടതും കുടിനീരുള്ള ഭൂമിയില്‍ ജീവിക്കുന്നവരായിരിക്കുവാന്‍, നമ്മള്‍ ചെയ്യേണ്ട അവശ്യം ആവശ്യമായ കാര്യങ്ങളാണ്. എന്തെന്നാല്‍ ഭൂമിയോട് അതിക്രമം കാണിക്കുന്ന മനുഷ്യന്‍ അവനവനോട് തന്നെയാണ് അതിക്രമം കാണിക്കുന്നത്. ക്ഷിപ്ര ഫലസിദ്ധിക്കുവേണ്ടി ദൂരവ്യാപക കെടുതികള്‍ ഉളവാക്കുന്ന കാര്യങ്ങള്‍ ലക്കും ലഗാനുമില്ലാതെ ചെയ്യാതിരിക്കുവാന്‍ ശ്രദ്ധിക്കുക എന്നതാണ് അതിക്രമിയാവാതിരിക്കാനുള്ള മാര്‍ഗം.

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ