തിരുനബി(സ്വ)യുടെ വീട്ടുവാതിൽക്കൽ കാൽപെരുമാറ്റം കേൾക്കുന്നു. പാറാവുകാരനെ പോലെ തിരുഗേഹത്തിന്റെ വാതിലിനു പരിസരത്ത് നിലയുറപ്പിക്കുന്ന ബിലാൽ(റ) പുറത്തേക്കു ചെന്നു നോക്കി. രണ്ട് സ്ത്രീകളാണ്. ഒരാളെ അദ്ദേഹത്തിന് മനസ്സിലായി. ബിലാൽ(റ)വിനോട് ഇരുവരും ആഗമനോദ്ദേശ്യം വിവരിച്ചു: ഞങ്ങളൊരു സംശയത്തിന് തിരുനബി(സ്വ)യിൽ നിന്ന് ഉത്തരം ലഭിക്കാൻ വന്നതാണ്.
രണ്ട് സ്ത്രീകൾ വീടിനു പുറത്തുണ്ടെന്നും ദാനം ചെയ്യാനുദ്ദേശിക്കുന്ന സമ്പത്ത് സ്വന്തം ഭർത്താവിനും വീട്ടിലുള്ള അഗതികൾക്കും നൽകിയാൽ മതിയാകുമോ എന്നവർ ചോദിക്കുന്നുണ്ടെന്നും ബിലാൽ(റ) അകത്തേക്ക് ചെന്നു റസൂൽ(സ്വ)യോട് പറഞ്ഞു. ആരാണവരെന്ന് അവിടന്ന് തിരക്കി.
സൈനബയും ഒരു അൻസ്വാരി വനിതയുമാണ്- അദ്ദേഹം അറിയിച്ചു.
ഏതു സൈനബ?
അബ്ദുല്ലാഹിബ്‌നു മസ്ഊദിന്റെ ഭാര്യ- ബിലാൽ വ്യക്തമാക്കി.
ശേഷം സൈനബ(റ) തന്നെ പ്രവാചകരോട് കാര്യങ്ങൾ വിശദീകരിച്ചു: സ്ത്രീ സമൂഹമേ, നിങ്ങൾ ദാനം ചെയ്യുക. അത് നിങ്ങൾ അണിഞ്ഞ ആഭരണങ്ങളായാലും ശരി. അങ്ങയുടെ ഈ ആഹ്വാനം കേട്ട് ഞാൻ എന്റെ ആഭരണങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു. ആഭരണങ്ങളെടുത്ത് ഞാൻ പുറത്തിറങ്ങുമ്പോൾ ഭർത്താവുമായി സംസാരമുണ്ടായി. അല്ലാഹുവിന്റെയും റസൂലിന്റെയും പ്രീതി കാംക്ഷിച്ചുകൊണ്ട് ധർമം ചെയ്യാനാണ് എന്റെ താൽപര്യമെന്നറിഞ്ഞ് ആ ആഭരണങ്ങൾ എനിക്കും മക്കൾക്കും നൽകിക്കൂടേ എന്ന് അദ്ദേഹം ചോദിക്കുന്നു. അതിന് ഏറ്റവും അർഹൻ താനാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു. ഞാൻ എന്ത് ചെയ്യണം. കൂടെയുള്ള സ്ത്രീക്കും ഇതേ അനുഭവമുണ്ടായി ഉത്തരം തേടി വന്നതാണ്.
മഹതിയുടെ വിശദീകരണം കേട്ട തിരുനബി(സ്വ) മറുപടി നൽകി: നിന്റെ ഭർത്താവ് ഇബ്‌നു മസ്ഊദ് സത്യം പറഞ്ഞിരിക്കുന്നു. നിന്റെ ദാനം സ്വീകരിക്കാൻ ഏറ്റവും അർഹൻ ഭർത്താവും മക്കളും തന്നെയാണ്. മറ്റുള്ളവർക്ക് നൽകിയാൽ ലഭിക്കാത്ത ഉന്നത പ്രതിഫലം കുടുംബത്തിന് ദാനം ചെയ്യുന്നതിലൂടെ കരസ്ഥമാകും. ദരിദ്രരെ സഹായിക്കലും കുടുംബബന്ധം ചേർക്കലും ഇതിലുണ്ട്.
സ്വഹാബി പ്രമുഖനായ അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ)വിന്റെ ഭാര്യയാണ് സൈനബ ബിൻത് അബ്ദുല്ലാഹി സഖഫിയ്യ്(റ). മഹതി തിരുദൂതരിൽ നിന്ന് ഹദീസുകൾ ഉദ്ധരിച്ചിട്ടുണ്ട്. ഖൈബർ യുദ്ധത്തിൽ പരിക്കേറ്റവരെ പരിചരിക്കാനും ഭക്ഷണം പാകം ചെയ്യാനും അവർ സഹായിച്ചത് ചരിത്രത്തിലുണ്ട്. സ്ത്രീകൾക്കു ചെയ്യാവുന്ന കൈത്തൊഴിലുകൾ ചെയ്ത് പണം സമ്പാദിക്കുന്നതിൽ മിടുക്കിയായിരുന്നു. ഭർത്താവാകട്ടെ, തിരുനബി(സ്വ)യിൽ നിന്ന് വിജ്ഞാനം കരസ്ഥമാക്കി ഹദീസുകളിൽ നിന്ന് നിർധാരണം ചെയ്ത് മതവിധികളിൽ ഗവേഷണം നടത്തുന്ന പണ്ഡിതനും. ഭാര്യക്കുള്ള സാമ്പത്തിക ഭദ്രത പോലും ഭർത്താവിന് ഇല്ലാതിരുന്നപ്പോഴാണ് അദ്ദേഹത്തെ സഹായിക്കാൻ പ്രവാചകർ സൈനബിന്(റ) ഉപദേശം നൽകിയത്.
ദാനധർമങ്ങൾ വിശുദ്ധ ഇസ്‌ലാമിൽ ഏറെ പുണ്യകരമാണ്. അത് കുടുംബക്കാർക്കാകുമ്പോൾ അതിന്റെ പുണ്യവും പ്രതിഫലവും പിന്നെയും വർധിക്കുകയാണ്. പാവങ്ങളെ സഹായിക്കുന്നതിന് പുറമെ മതം ഏറെ പ്രാധാന്യം നൽകിയ കുടുംബബന്ധം ഉറപ്പിച്ചു നിർത്തുന്നതിനും ഇത് നിമിത്തമാകുന്നുണ്ട്.
നിങ്ങൾക്കേറ്റവും പ്രിയപ്പെട്ട സമ്പത്തിൽ നിന്ന് ദാനം ചെയ്യുന്നതോടെയാണ് നിങ്ങൾ ഗുണവാന്മാരാകുന്നത് എന്ന വിശുദ്ധ ഖുർആൻ സൂക്തം അവതരിച്ചപ്പോൾ അബൂത്വൽഹ(റ) തിരുസവിധത്തിലെത്തി. തനിക്കേറ്റം ഇഷ്ടപ്പെട്ട തോട്ടമായിരുന്ന ബയ്‌റുആ തോട്ടം അല്ലാഹുവിന്റെ മാർഗത്തിൽ ദാനം ചെയ്യാനുള്ള താൽപര്യമറിയിച്ചു. മസ്ജിദുന്നബവിക്കു തൊട്ടുമുന്നിൽ സമൃദ്ധമായി നിൽക്കുന്ന മനോഹരമായ ഈന്തപ്പന തോട്ടമായിരുന്നു അത്. പാനയോഗ്യമായ തണുത്ത ശുദ്ധജലം ലഭിക്കുന്ന കിണറും അതിലുണ്ടായിരുന്നു. നബി(സ്വ) പലപ്പോഴും ആ തോട്ടത്തിൽ പോയിരിക്കാറുണ്ടായിരുന്നു. ഇത്ര ഐശ്വര്യം നിറഞ്ഞ തോട്ടമാണ് ഖുർആനികാഹ്വാനം കേട്ട് അബൂത്വൽഹ(റ) ദാനം ചെയ്യാൻ തീരുമാനിച്ചത്. നല്ല ലാഭം തരുന്ന തോട്ടം ദാനം ചെയ്യാൻ ഉറപ്പിച്ചോ എന്ന് നബി വീണ്ടും ചോദിച്ചു. അദ്ദേഹം തീരുമാനത്തിലുറച്ചു നിന്നു. തിരുനബി(സ്വ)യുടെ നേതൃത്വത്തിൽ അബൂത്വൽഹയുടെ പിതൃസഹോദന്റെ മക്കൾക്കും മറ്റ് അടുത്ത കുടുംബക്കാരിൽ പെട്ട പാവങ്ങൾക്കും അത് വീതിച്ചുനൽകി. സ്വന്തം കുടുംബങ്ങൾക്ക് ദാനം ചെയ്യുന്നതിന്റെ മഹത്ത്വം ബോധ്യപ്പെടുത്താനാണ് പ്രവാചകർ(സ്വ) അങ്ങനെ ചെയ്തത്.
ഒരു മനുഷ്യൻ ചെലവഴിക്കുന്ന നാണയങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായത് തന്റെ ഭാര്യക്കും കുടുംബത്തിനും വേണ്ടി ചെലവാക്കുന്നതാണെന്ന് തിരുഹദീസ് പഠിപ്പിക്കുന്നു. പുതിയകാലം പ്രദർശനപരതയുടെ കാലമാണ്. ചെയ്യുന്ന സുകൃതങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും പ്രചരിപ്പിച്ച് ആത്മനിർവൃതി കൊള്ളുന്നവരുടെ കാലം. പ്രത്യേകിച്ചും ദാനധർമങ്ങൾ മറ്റുള്ളവരെ അറിയിക്കുന്നതിൽ ചിലർ തൽപരരാണ്. ഇത്തരക്കാർ മാതാപിതാക്കൾ, സഹോദരങ്ങൾ പോലുള്ള സ്വന്തം കുടുംബത്തിന് നൽകാൻ ജാഗ്രത കാണിക്കില്ല. സ്വന്തക്കാർക്ക് നൽകുന്നതിൽ ജനശ്രദ്ധ കിട്ടില്ല എന്നതാവാം കാരണം. നാട്ടുകാർക്ക് മുഴുവൻ വാരിക്കോരി കൊടുക്കുന്ന പല പരോപകാരികളും സ്വന്തം മാതാപിതാക്കളെയും സഹോദരങ്ങളെയും കുടുംബത്തിലെ പാവങ്ങളെയും വിസ്മരിക്കുന്നു. അല്ലാഹുവിന്റെ പ്രീതി മാത്രമാണ് ധർമം ചെയ്യാനുള്ള പ്രേരകമെങ്കിൽ അത്തരക്കാർ കുടുംബക്കാരുടെ ദാരിദ്ര്യത്തിന് ആദ്യം പരിഹാരം കാണുമെന്നതിൽ സംശയമില്ല.
അവിശ്വാസികളായ ബന്ധുക്കൾക്ക് പോലും ദാനധർമങ്ങൾ ചെയ്യാൻ പ്രവാചകർ നിർദേശിച്ചിരുന്നു. മാതാപിതാക്കളോടും കുടുംബത്തോടുമുള്ള കടപ്പാടിന്റെ ആഴം വ്യക്തമാക്കുന്നതാണിത്. അസ്മാഅ് ബിൻത് അബീബക്കർ(റ) പറഞ്ഞു: ഒരിക്കൽ എന്റെ ഉമ്മ എന്റെയടുത്തു വന്നു. അന്നവർ വിശ്വാസിയായിട്ടില്ല. അവരെ സ്വീകരിച്ച് വല്ലതും നൽകാമോ എന്ന് തിരുനബി(സ്വ)യോട് ചോദിച്ചപ്പോൾ മാതാവിനോട് കുടുംബബന്ധം ദൃഢമാക്കാനായിരുന്നു റസൂലിന്റെ കൽപ്പന.

നിശാദ് സിദ്ദീഖി രണ്ടത്താണി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ