നിശ്ചിത പ്രായമെത്തുമ്പോള്‍ പുരുഷന് സ്ത്രീയും സ്ത്രീക്ക് ഒരു പുരുഷനും തുണയാവേണ്ടത് അനിവാര്യമാണ്. ശാരീരിക, മാനസിക, സാമൂഹിക, ലൈംഗിക പ്രശ്നങ്ങള്‍ക്ക് ദാമ്പത്യ ജീവിതം ഏറ്റവും നല്ല പരിഹാരമാണ്. ജീവി വര്‍ഗത്തിന്റെ നിലനില്‍പ്പുതന്നെ ഇണ-തുണ ബന്ധങ്ങളിലൂടെയാണല്ലോ. തലമുറകളുണ്ടാകുന്നത് ഈ വിശുദ്ധ ബന്ധത്തിന്റെ ഫലമായാണ്.

കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കുന്നവര്‍ അതേക്കുറിച്ചു വ്യക്തമായ ബോധ്യമുള്ളവരാകണം. കഥകളിലെ അതിശയോക്തികളും പര്‍വതീകരിച്ച സങ്കല്‍പങ്ങളും യഥാര്‍ത്ഥ കുടുംബ ജീവിതത്തിന്റെ പരിസരങ്ങളില്‍ കാണുകയില്ല. സിനിമാ-സീരിയലുകളില്‍ നല്ല കുടുംബ ജീവിതം അഭിനയിച്ചു കാണിച്ചവര്‍ സ്വന്തം കുടുംബ ജീവിതത്തില്‍ തോറ്റുപോകുന്നത് എമ്പാടും കണ്ടിട്ടുണ്ടല്ലോ.

കുടുംബ ജീവിതം സുഖ-ദുഃഖ സമ്മിശ്രമാണ്. രണ്ടു വ്യക്തികള്‍ ഒത്തുള്ള ജീവിതത്തില്‍ ചില്ലറ പ്രശ്നങ്ങള്‍ ഇല്ലാതിരിക്കില്ല. തെറ്റിദ്ധാരണകളും മുന്‍ശുണ്ഠികളും ഒഴിവാക്കി വിട്ടുവീഴ്ചയാണു വേണ്ടത്. അധികാര സ്വഭാവം രണ്ടാളുടെ ഭാഗത്തു നിന്നുമുണ്ടാവരുത്. വിട്ടുവീഴ്ചയും സന്തോഷത്തോടെ കാര്യങ്ങള്‍ തുറന്നുപറയലും പ്രശ്നങ്ങളില്ലാതാവാന്‍ നല്ലതാണ്. നിസ്സാര പ്രശ്നങ്ങളെ ചൊല്ലി മഹത്തായ കുടുംബ ബന്ധം മുറിച്ചിടരുത്. തുന്നിച്ചേര്‍ക്കാന്‍ പറ്റാത്ത വിധം രംഗം വഷളാക്കുകയുമരുത്. കുടുംബം ഛിന്നഭിന്നമായാല്‍, പിന്നീടത് ഏച്ചുകെട്ടിയാല്‍ തന്നെയും മുഴച്ചിരിക്കും. ഏതും കീറാന്‍ എളുപ്പമാണ്; തുന്നിച്ചേര്‍ക്കാനാണ് പ്രയാസം.

ഭര്‍ത്താവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അറിയല്‍ ഭാര്യയുടെ കടമയാണ്. ഭാര്യയുടെ തൃപ്തിയും അതൃപ്തിയും തിരിച്ചറിയാന്‍ ഭര്‍ത്താവിനും ബാധ്യതയുണ്ട്. കിടപ്പറയെ പരാതി-പരിഭവങ്ങള്‍ കൊണ്ട് കണ്ണീരണിയിക്കുന്നത് ഏതു ഭര്‍ത്താവിനാണ് ഇഷ്ടമുണ്ടാവുക? എപ്പോഴാണ് ഭര്‍ത്താവിനോട് ദുഃഖങ്ങളും പരാതികളും പറയേണ്ടത്? നല്ല നേരം നോക്കി വേണം അവതരിപ്പിക്കാന്‍.

കുടുംബ വഴക്കിന്റെ നടുവില്‍ പെട്ട ഖല്‍ബ് പൊട്ടുന്ന മക്കളുടെ എണ്ണം വര്‍ത്തമാന കാലത്ത് കൂടിവരുന്നു. മാതാപിതാക്കളുടെ സ്നേഹവും ലാളനയും കിട്ടാതെ വളര്‍ന്നതിന്റെ പേരില്‍ സാമൂഹ്യ ദ്രോഹികളായി മാറിയ മക്കള്‍ വാര്‍ത്താ മാധ്യമങ്ങളില്‍ നിറക്കാഴ്ചയാണ്. പഠനത്തില്‍ പിന്നിലാവുക, വീടു വിട്ടോടിപ്പോവുക, സാമൂഹ്യ ദ്രോഹികളുടെയും പ്രകൃതി വിരുദ്ധരുടെയും മയക്കുമരുന്ന് ലോബികളുടെയും ക്വട്ടേഷന്‍ സംഘങ്ങളുടെയും കെണിവലകളില്‍ കുടുങ്ങിപ്പോവുക, ആത്മഹത്യയിലഭയം തേടുക ഇങ്ങനെ കുടുംബ കലഹങ്ങള്‍ തലമുറകളുടെ നശീകരണത്തിലേക്കും സംസ്കാരത്തകര്‍ച്ചയിലേക്കുമാണ് കൂട്ടുക. മാതാപിതാക്കള്‍മൂലം മക്കള്‍ അനാഥരാവരുത്. അവരുടെ ഭാവി ഇരുട്ടിലാവരുത്.

അതിനാല്‍ കുടുംബ ബന്ധത്തില്‍ തകര്‍ച്ചയും വിള്ളലും വരുന്നത് സൂക്ഷിക്കണം. ശ്രദ്ധിച്ച കൈകാര്യം ചെയ്യേണ്ട മേഖലയാണിത്. നല്ല മതവിദ്യാഭ്യാസവും ധാര്‍മിക ബോധവും രണ്ടുപേര്‍ക്കും മക്കള്‍ക്കും വേണം. മത നിയമങ്ങള്‍ ലംഘിക്കുമ്പോള്‍ കുടുംബ ജീവിതത്തില്‍ വിള്ളല്‍ സ്വാഭാവികം. ഭാര്യയുടെ മുമ്പില്‍ വെച്ചോ അസാന്നിധ്യത്തിലോ അന്യ പെണ്ണിനോട് സല്ലപിക്കുന്നത് ഭര്‍ത്താവിനോട് സ്നേഹമുള്ള ഒരു ഭാര്യയും പൊറുപ്പിക്കില്ല. ഇതേ സ്ഥിതി പുരുഷനും പൊറുക്കില്ല. കല്യാണങ്ങള്‍, കുടുംബ സംഗമങ്ങള്‍, ക്ലബ്ബുകള്‍, മറ്റു കൂട്ടായ്മകള്‍ ഇവിടെയെല്ലാം ഇത്തരം സല്ലാപങ്ങള്‍ കടന്നുവരുന്നത് സൂക്ഷിക്കണം.

ഫോണും സോഷ്യല്‍ മീഡിയകളും കുടുംബ ജീവിതത്തിലെ വില്ലന്മാരായി കടന്നുവന്ന് നാശം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. മൃദുല ഹൃദയമുള്ളവരാണ് സ്ത്രീകള്‍. ഇവര്‍ പൊതുരംഗപ്രവേശം നടത്തുമ്പോള്‍ ഉണ്ടാകുന്ന ധാര്‍മിക പ്രശ്നങ്ങള്‍ പറയേണ്ടതില്ല. സാമൂഹിക ചുറ്റുപാട് മലീമസമാണ്. പല കാരണങ്ങള്‍ കൊണ്ടും സ്ത്രീ-പുരുഷന്മാരുടെ ഹൃദയം മലിനപ്പെട്ടിരിക്കുന്നു. ഇത്തരം പശ്ചാത്തലത്തില്‍ അന്യ സ്ത്രീ-പുരുഷ സംഗമങ്ങള്‍ കുടുംബ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.

വിവാഹ ജീവിതം വിശുദ്ധമാകണം. നല്ല ക്ഷമയും സഹനവും വേണം. ‘വിവാഹത്തിലൂടെ വിശുദ്ധി നിലനിറുത്താന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും അല്ലാഹുവിന്റെ സഹായം തീര്‍ച്ചയായും ഉണ്ടാകുമെന്ന്’ നബി(സ്വ) അറിയിച്ചിട്ടുണ്ട് (തുഹ്ഫ 7/185 നോക്കുക).

ലക്ഷണമൊത്ത ഭാര്യ; കുടുംബ ഭദ്രതയുടെ കാവലാള്‍

കുടുംബ ഭദ്രത കൊതിക്കുന്നവര്‍ വിവാഹാലോചന തൊട്ടേ പ്ലാനിംഗ് തുടങ്ങണം. ലക്ഷണമൊത്ത ദമ്പതികളില്‍ കുടുംബം ഭദ്രമായിരിക്കും. മൂന്ന് കാര്യങ്ങളില്‍ ലക്ഷണവും ലക്ഷണക്കേടും അടങ്ങിയിട്ടുണ്ട്; സ്ത്രീ, വീട്, വാഹനം. ഇമാം ബുഖാരി(റ)യും ഇമാം മുസ്ലിമും(റ) നിവേദനം ചെയ്ത ഹദീസില്‍ ഇതുകാണാം. ആയതിനാല്‍, ലക്ഷണമൊത്ത പെണ്ണിനെ നോക്കി കെട്ടണം. വിവാഹം ചെയ്യാനുദ്ദേശിക്കുന്ന സ്ത്രീയില്‍ ശ്രദ്ധിക്കാനുള്ള നാല് കാര്യങ്ങള്‍ ഇവയാണ്:

 1. സ്ത്രീയുടെ മതബോധം
 2. അവളുടെ തറവാട്
 3. അവളുടെ സൗന്ദര്യം
 4. അവളുടെ സാമ്പത്തികാവസ്ഥ

ഈ നാല് സംഗതികളാണ് പ്രധാനമായും അവളുടെ നല്ല ലക്ഷണം. ഉത്തമമായ സ്ത്രീ കുടുംബ പ്രശ്നങ്ങള്‍ക്ക് ഏറെയൊന്നും ഇടം നല്‍കുകയില്ല.

ടുണീഷ്യയിലെ ശൈഖുല്‍ ഇമാം അബൂ അബ്ദില്ലാഹിന്നഫ്സാവിയുടെ വൈവാഹിക പഠന ഗ്രന്ഥത്തില്‍ ഉത്തമയായ സ്ത്രീയെ കുറിച്ച് എഴുതി:

ഉത്തമയായ സ്ത്രീ കാര്യമില്ലാതെ സംസാരിക്കുകയോ പൊട്ടിച്ചിരിക്കുകയോ ഇല്ല. പരിചയക്കാരെ കാണാന്‍ പോലും അവള്‍ വീട്ടില്‍ നിന്നു പുറത്തുപോവില്ല. ഭര്‍ത്താവിലല്ലാതെ അവളാരിലും വിശ്വാസമര്‍പ്പിക്കുകയില്ല. ഭര്‍ത്താവില്‍ നിന്നും മാതാപിതാക്കളില്‍ നിന്നുമല്ലാതെ പാരിതോഷികം സ്വീകരിക്കുകയില്ല. ബന്ധുക്കളുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടില്ല. അവളാരെയും വഞ്ചിക്കില്ല. മൂടിവെക്കേണ്ട കുറ്റങ്ങളൊന്നും ചെയ്യില്ല. ദുഷ്പ്രവൃത്തിയിലും ഇടപെടില്ല. ഭര്‍ത്താവിന്റെ അഭിലാഷത്തിനനുസരിച്ച്, അവള്‍ ലൈംഗിക ബന്ധത്തില്‍ സസന്തോഷം ഏര്‍പ്പെടുന്നു. ചിലപ്പോള്‍ അതിനുവേണ്ടി അയാളെ പ്രലോഭിപ്പിക്കുകയും ചെയ്യുന്നു. അവള്‍ യാതൊരു പരാതിയും കരച്ചിലുമില്ലാതെ, അയാളെ എല്ലാ വിധത്തിലും സഹായിക്കുന്നു. അവള്‍ ഭര്‍ത്താവിന്റെ ദുഃഖത്തില്‍ പങ്കുകൊള്ളുന്നു. ഭര്‍ത്താവില്‍ നിന്ന് എത്ര കാലം പിരിഞ്ഞിരുന്നാലും അന്യപുരുഷനെ സ്വീകരിക്കുകയില്ല. നഗ്നത പ്രദര്‍ശിപ്പിക്കാതെ മാന്യമായി വസ്ത്രം ധരിക്കുന്നു. അവള്‍ എപ്പോഴും ദേഹം ശുചിയായി സൂക്ഷിക്കുകയും ഭര്‍ത്താവിന്റെ സാന്നിധ്യത്തില്‍ സുഗന്ധലേപനങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നു’ (പേജ്/21).

ഇമാം ഗസ്സാലി(റ) ഇഹ്യായില്‍ ഒരു അറേബ്യന്‍ പഴമൊഴി ഉദ്ധരിക്കുകയുണ്ടായി:

അന്നാന, മന്നാന, ഹദ്ദാഖ, ബര്‍റാഖ, ശദ്ദാഖ, ഹന്നാന എന്നിവരെ നീ വിവാഹം ചെയ്യരുത്.

 1. അന്നാന എന്നാല്‍ അധികമായി വേവലാതിയും പരിഭവവും പറഞ്ഞുനടക്കുന്നവളാണ് തലയും ദേഹവും വേദനിക്കുന്നുവെന്ന് എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുമവള്‍.
 2. മന്നാന-ഭര്‍ത്താവിന് ചെയ്തുകൊടുത്ത ഉപകാരങ്ങള്‍ എടുത്തുപറഞ്ഞു കൊണ്ടിരിക്കുന്നവള്‍. ഭര്‍ത്താവിനോടു പറയും; ഞാന്‍ നിങ്ങള്‍ക്ക് ഇന്നതൊക്കെ ചെയ്തു തന്നില്ലേ!
 3. ഹന്നാന-മറ്റൊരു ഭര്‍ത്താവിനെയോ മറ്റൊരു ഭര്‍ത്താവില്‍ നിന്നുള്ള സന്താനത്തെയോ കൊതിക്കുന്നവള്‍.
 4. ഹദ്ദാഖ-കാണുന്നതൊക്കെ കിട്ടിയാല്‍ കൊള്ളാമെന്നുള്ളവള്‍. ഷോപ്പിംഗിനു കൊണ്ടുപോയാല്‍ പാവം ഭര്‍ത്താവിന്റെ പണസഞ്ചി കാലിയാവും. എന്തും വാങ്ങിക്കൊടുക്കാന്‍ ഭര്‍ത്താവിനെ നിര്‍ബന്ധിക്കുന്നവള്‍.
 5. ബര്‍റാഖ-യമനീ ഭാഷയില്‍ ഇതിന് രണ്ടര്‍ത്ഥം. രണ്ടും ഇവിടെ യോജിക്കും. ഒന്ന്, മുഖത്തിന് കൃത്രിമ സൗന്ദര്യം വര്‍ധിപ്പിക്കാനായി സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഉപയോഗിക്കുന്നതില്‍ സമയം ചെലവഴിക്കുന്നള്‍. രണ്ട്, ആഹാരത്തിന്റെ കാര്യത്തില്‍ പിണങ്ങുന്നവള്‍. എന്തെങ്കിലും പൊല്ലാപ്പുണ്ടാക്കി തന്റെ ഓഹരി എടുത്തുകൊണ്ടുപോയി ഒറ്റക്കിരുന്ന് കഴിക്കാനായിരിക്കും ഇവള്‍ ഇഷ്ടപ്പെടുക.
 6. ശദ്ദാഖ-വായാടി, അധികം സംസാരിച്ചുകൊണ്ടിരിക്കുന്നവള്‍. മൊബൈല്‍ ഫോണ്‍ കാലഘട്ടത്തില്‍ ശദ്ദാഖകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ദുരന്തങ്ങള്‍ കൂടുന്നു. കലാപങ്ങള്‍ ഏറുന്നു. നബി(സ്വ) പറഞ്ഞു: വായാടികളെ അല്ലാഹു വെറുക്കുന്നു.’

ഇല്‍യാസ് നബി(അ) ഒരു ജോര്‍ദാനിക്കു നല്‍കിയ ഉപദേശം ഇമാം ഗസ്സാലി(റ) ഉദ്ധരിക്കുന്നു: നാലു സ്വഭാവക്കാരികളെ കല്യാണം കഴിക്കരുത്.

 1. മുഖ്തലിഅ (തോന്നുമ്പോഴൊക്കെ നിസ്സാര കാരണം പറഞ്ഞ് വിവാഹമോചനം ആവശ്യപ്പെടുന്നവള്‍).
 2. മുബാരിഅ (ഭൗതിക വസ്തുക്കളുടെ പേരില്‍ മേനി നടിച്ചു നടക്കുന്നവള്‍).
 3. ആഹിറ (രഹസ്യ കൂട്ടുകാരും ജാരന്മാരുമുള്ളവള്‍).
 4. നാശിസ (വാക്കും പ്രവൃത്തിയും കൊണ്ട് ഭര്‍ത്താവിനെ ബുദ്ധിമുട്ടിക്കുന്നവള്‍).

കുടുംബ വഴക്കിലേക്ക് വഴിവെക്കുന്ന ഇത്തരം സ്ത്രീകളെ ഇണകളാകാതിരിക്കുക.

ഭര്‍ത്താവിന് വെറുപ്പുണ്ടാക്കുന്ന സ്വഭാവ പെരുമാറ്റങ്ങളില്‍ നിന്ന് ഭാര്യ മാറിനില്‍ക്കുമ്പോള്‍ കുടുംബ വഴക്കിനുള്ള വാതില്‍ കൊട്ടിയടക്കപ്പെടും. ഭര്‍ത്താവിനെ മുഖപ്രസന്നതയോടെ സമീപിക്കുക. മത്സര സ്വഭാവത്തോടെ സംസാരിക്കാതിരിക്കുക. രഹസ്യങ്ങള്‍ പരസ്യമാക്കാതിരിക്കുക. അന്യപുരുഷന്മാരുടെ മുന്നില്‍ ആകര്‍ഷകമായി പെരുമാറാതിരിക്കുക. എല്ലാവരോടും നല്ല വാക്കു പറയുക. തര്‍ക്കിക്കാതിരിക്കുക-എന്നാല്‍ കുടുംബം ഭദ്രമാകും.

നല്ല ഭര്‍ത്താവ്

മുകളില്‍ പറഞ്ഞ സ്വഭാവങ്ങള്‍ ഭര്‍ത്താവും കാര്യഗൗരവത്തോടെ ഉള്‍ക്കൊള്ളുക. എങ്കില്‍ കുടുംബം സമാധാന തീരമാവും. കുടുംബ ജീവിതം വെറും ലൈംഗിക സുഖത്തിനു വേണ്ടിയല്ല; എന്നാല്‍ ലൈംഗികത ഒഴിച്ചുകൂടാനാവാത്തതാണ്. കുടുംബ ബന്ധം ദൃഢമാവാന്‍ വീര്യമുള്ള ലഹരിയാണ് രതിബന്ധം. സംഭോഗത്തില്‍ ഇരുവരും ഒന്നായിത്തീരണം. ഈ ഒന്നിക്കല്‍ സംഭോഗാനന്തരവും നിലനില്‍ക്കണം. ഇതാണ് ആരോഗ്യകരമായ ലൈംഗിക ബന്ധം. നല്ല ഭര്‍ത്താവ് സ്വന്തം കാര്യം കഴിഞ്ഞാല്‍ എഴുന്നേല്‍ക്കരുത്. തെറ്റാണത്. ഈ തെറ്റിന്റെ ആവര്‍ത്തനം ബന്ധത്തില്‍ വലിയ വിള്ളലുണ്ടാക്കും. കുടുംബ ജീവിതത്തില്‍ സ്ത്രീക്ക് അവകാശപ്പെട്ടത് നല്‍കിയേ പറ്റൂ. പുരുഷന് അവകാശപ്പെട്ടത് അവളും നല്‍കണം.

ഇമാം ഗസ്സാലി(റ)യെ ഉദ്ധരിക്കാം. നബി(സ്വ) പറഞ്ഞു: ‘മൂന്നു കാര്യങ്ങള്‍ പുരുഷന്റെ ദൗര്‍ബല്യമാണ്. ഒന്ന്, പരിചയപ്പെടാന്‍ ആഗ്രഹിച്ചിരുന്ന ആളെ കണ്ടുമുട്ടിയതിനു ശേഷം അയാളുടെ പേരും കുടുംബവും ചോദിച്ചറിയാതെ പിരിയല്‍. രണ്ട്, തന്നെ ബഹുമാനിച്ച ആളുടെ ആദരം തിരസ്കരിക്കല്‍. മൂന്ന്, സംഭോഗം ചെയ്യുന്നവന്‍ ഇണയെ ഉത്സാഹിപ്പിക്കുകയും വൈകാരികമായി മൂര്‍ച്ഛിക്കുകയും ചെയ്യുന്നതിന് മുമ്പ് സ്വന്തം കാര്യം നോക്കുക. അതായത് സംഭോഗം കഴിയുമ്പോള്‍ അവന് അവളെ കൊണ്ടുള്ള ആവശ്യം കഴിഞ്ഞിരിക്കും. അവള്‍ക്ക് അവനെക്കൊണ്ടുള്ള ആവശ്യം കഴിഞ്ഞിട്ടുമുണ്ടാകില്ല.’

ഈ പ്രവണത ഭാര്യക്ക് ഭര്‍ത്താവിനോട് അകല്‍ച്ചക്കിടയാക്കും. ആമുഖലീലകളിലൂടെ ഭാര്യയെ പ്രചോദിതയാക്കിയ ശേഷം സംസര്‍ഗം ചെയ്യുമ്പോള്‍ മുകളില്‍ പറഞ്ഞ പ്രശ്നങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കാനാവും. ഭാര്യയോട് മനസ്സു തുറന്നു സംസാരിക്കാനും അവള്‍ പറയുന്ന കാര്യങ്ങള്‍, ചിലപ്പോള്‍ കഴമ്പൊന്നുമില്ലെങ്കിലും കേട്ടിരിക്കാനും ഭര്‍ത്താവ് സമയം കണ്ടെത്തണം. മതം അനുവദിച്ച ഉല്ലാസങ്ങളും യാത്രകളും തമാശകളും ദാമ്പത്യത്തിനു നിറം പകരും.

നല്ല ഭര്‍ത്താവിന്റെ അടയാളമായി ഇമാം ഗസ്സാലി(റ) പ്രത്യേകം പറഞ്ഞത്; ഭാര്യയുടെ രഹസ്യങ്ങള്‍ പരസ്യമാക്കാതിരിക്കലാണ്. ഭാര്യയുടെ രഹസ്യങ്ങള്‍ പരസ്യമാക്കിയവന് അതികഠിനമായ ശിക്ഷയുണ്ടെന്ന് പ്രബലമായ ഹദീസില്‍ വന്നിട്ടുണ്ട്.

ഒരു സദ്വൃത്തനു ഭാര്യയെ മൊഴി ചൊല്ലേണ്ട സ്ഥിതി വന്നു. ഇതറിഞ്ഞപ്പോള്‍ ഒരാള്‍ ചോദിച്ചു: അവള്‍ക്കുള്ള തകരാറെന്താണ്? സദ്വൃത്തന്‍ പറഞ്ഞു: ‘ബുദ്ധിയുള്ള ആരും തന്റെ ഭാര്യയുടെ രഹസ്യങ്ങള്‍ പുറത്തുപറയില്ല.’ വിവാഹ മോചനാനന്തരം തമ്മില്‍ കണ്ടപ്പോള്‍ അദ്ദേഹത്തോടു ചോദിച്ചു: മൊഴി ചൊല്ലാന്‍ കാരണം? സദ്വൃത്തന്‍: ‘ഒരന്യ സ്ത്രീയെ കുറ്റം പറഞ്ഞിട്ട് എനിക്കെന്തു കിട്ടാന്‍.’

പല മേഖലകളിലും ഉയര്‍ന്ന സ്ഥാനവും മേധാവിത്വവും പുലര്‍ത്തുന്ന ആളായിരിക്കും ഭര്‍ത്താവ്. എന്നുവെച്ച് ഈ മേധാവിത്വവും അധീശത്വവും വീട്ടില്‍ കാണിക്കരുത്. ഭാര്യമാര്‍ കുറച്ചൊക്കെയേ അത് പൊറുപ്പിക്കുകയുള്ളൂ. പിന്നീട് വെറുക്കാന്‍ തുടങ്ങും. നബി(സ്വ) ഭാര്യമാരോട് ഇടപെട്ടിരുന്നത് എത്ര മസൃണമായിട്ടായിരുന്നു.

ആഇശ(റ) പറയുന്നു: ഒരു ആശൂറാ ദിവസം അബ്സീനിയക്കാര്‍ കളിക്കുന്ന ബഹളം. നബി(സ്വ) എന്നോടു ചോദിച്ചു: കളി കാണണോ?

‘കാണണം.’

തിരുനബി(സ്വ) കളിക്കാരെ വരുത്തി. നബി(സ്വ) വാതിലില്‍ കൈവെച്ചിരുന്നു. അവിടുത്തെ കൈത്തണ്ടയില്‍ എന്റെ കഴുത്ത് വെച്ച് ഞാന്‍ കളി കണ്ടു. അല്‍പം കഴിഞ്ഞപ്പോള്‍ നബി(സ്വ) ചോദിച്ചു: മതിയായില്ലേ?

‘കുറച്ചുകൂടി കാണണം.’

കുറച്ച് കഴിഞ്ഞ് പിന്നെയും രണ്ടുമൂന്നു പ്രാവശ്യം ഇതേ ചോദ്യം ആവര്‍ത്തിച്ചു. ഒടുവില്‍ അവിടുന്ന് പറഞ്ഞു: ‘ആഇശാ, മതി.’

‘ശരി, മതി.’

നബി(സ്വ) കളി നിറുത്താന്‍ പറഞ്ഞു. കളിക്കാര്‍ സ്ഥലംവിട്ടു.

ചില ഹദീസുകള്‍:

‘സല്‍സ്വഭാവിയും ഭാര്യയോട് ദയാപൂര്‍വം പെരുമാറുന്നവനുമാണ് സമ്പൂര്‍ണ സത്യവിശ്വാസി.’

‘സ്വന്തം ഭാര്യയോട് നല്ല രൂപത്തിലുള്ളവനാണ് നിങ്ങളില്‍ ഏറ്റവും നല്ലവന്‍. ഞാന്‍ എന്റെ ഭാര്യമാര്‍ക്ക് നല്ലവനാണ്.

ഉമര്‍(റ) പറയുന്നു: പുരുഷന്‍ ഭാര്യമാരോടുള്ള പെരുമാറ്റത്തില്‍ കുഞ്ഞിനെപ്പോലെ കൊച്ചാകണം. മതകാര്യം കൈകാര്യം ചെയ്യുമ്പോള്‍ തികഞ്ഞ പുരുഷനാവണം.

ലുഖ്മാന്‍(റ) പറയുന്നു: ബുദ്ധിമാന്‍ സ്വന്തം വീട്ടില്‍ കുഞ്ഞിനെപ്പോലെ വിനീതനാകണം. പുറത്തിറങ്ങിയാല്‍ തികഞ്ഞ പുരുഷനാകണം.

‘ഭാര്യയോട് പരുഷമായി പെരുമാറുന്നവനെയും അഹങ്കാരിയെയും അല്ലാഹു വെറുക്കുന്നു’ എന്ന ഹദീസ് ശ്രദ്ധേയം. ഖുര്‍ആനില്‍ അധിക്ഷേപം ചൊരിഞ്ഞ ‘ഉതുല്ല്’ എന്ന പദം (68/13) ‘ഭാര്യയോട് പരുഷമായി സംസാരിക്കുന്നവനും കഠിന ഹൃദയനുമായവനെ’ പരാമര്‍ശിച്ച് വന്നതാണെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

വീട്ടിലെ നല്ല പെരുമാറ്റം കുടുംബ വഴക്കുകള്‍ക്ക് ഇടം നല്‍കില്ല. ഭര്‍ത്താക്കന്മാര്‍ വിനീതരായതിന്റെ പേരില്‍ ഭാര്യമാര്‍ അവരുടെ തോളത്തു കയറാന്‍ നില്‍ക്കരുത്. വിനയം ഭാര്യമാര്‍ക്കും അലങ്കാരമാണ്. തമ്മില്‍ സലാം പറയണം. ദുആ വസ്വിയ്യത്ത് ചെയ്യണം. ദുആ ചെയ്തുകൊടുക്കണം. ഒരുമിച്ച് ചെയ്യാവുന്ന സല്‍കര്‍മങ്ങളില്‍ ഒന്നിക്കുക. അന്യരാരുമില്ലെങ്കില്‍, മാതാപിതാക്കളും മക്കളും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കണം. മതപരമായ കാര്യങ്ങളും മസ്അലകളും മറ്റും ചര്‍ച്ച ചെയ്യണം. കാര്യങ്ങളിലെല്ലാം ഭാര്യയോട് കൂടിയാലോചന നടത്തുന്നത് സഹകരണത്തിനും പ്രശ്നങ്ങളില്ലാതിരിക്കാനും നല്ലതാണ്. യോജിപ്പും വിയോജിപ്പും ആകാം. മതത്തിനപ്പുറത്തേക്ക്, ഭാര്യയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ഭര്‍ത്താവും ഭര്‍ത്താവിന്‍റേതിന് ഭാര്യയും കൂട്ടുനില്‍ക്കേണ്ടതില്ല. എതിര്‍ക്കുമ്പോള്‍ മാന്യതയോടെ വിയോജിക്കുക.

പുരുഷന്റെ ബാഹ്യ സൗന്ദര്യത്തേക്കാള്‍, നല്ല ഹൃദ്യമായ വ്യക്തിത്വവും പെരുമാറ്റവുമാണ് സ്ത്രീക്ക് ഇഷ്ടം. നല്ല ഹൃദയമുണ്ടെങ്കില്‍, സ്നേഹമസൃണമായ പെരുമാറ്റത്തിന്റെ ഉടമയാണെങ്കില്‍, സ്ത്രീയായ തന്നെ സുരക്ഷയുടെ കരവലയത്തില്‍ ആക്കാന്‍ ഇയാള്‍ക്കു കഴിയുമെന്ന ചിന്ത അവളില്‍ ഉണ്ടാകും. സംസാരിക്കുമ്പോള്‍ പതിവില്‍ കവിഞ്ഞ കട്ടിയും കാഠിന്യവും അവളെ നൊമ്പരപ്പെടുത്തും. അതിനാല്‍ ശ്രദ്ധിച്ച് സംസാരിക്കുക.

കുടുംബ പ്രശ്നങ്ങളിലേക്ക് നയിക്കുന്ന കാരണങ്ങള്‍

 1. വിശ്വാസം, അഭിപ്രായം, മൂല്യങ്ങള്‍ എന്നിവയില്‍ ദമ്പതികള്‍ രണ്ടു തട്ടിലാവല്‍. ഒരുമിച്ച് ജീവിക്കുമ്പോള്‍ ഒരേ ചിന്തയും വിശ്വാസവും മൂല്യങ്ങളും വെച്ചുപുലര്‍ത്തണം. അല്ലാത്തപക്ഷം ക്രമേണ അകല്‍ച്ച തുടങ്ങും.
 2. ലൈംഗികത ദാമ്പത്യത്തിന്റെ പ്രധാനാവശ്യങ്ങളിലൊന്നാണ്. ഇരുവര്‍ക്കും തൃപ്തിയാവാത്ത ലൈംഗികത അകല്‍ച്ചയിലേക്ക് നയിക്കും.
 3. ലഹരി/മദ്യപാനം. ഇങ്ങനെ ദ്രോഹിക്കുന്ന, അല്ലെങ്കില്‍ മാനം കെടുത്തുന്നവരുടെ കൂടെ എത്രകാലം കഴിയാനാവും?
 4. ചൂതാട്ടം/ധന നശീകരണം. സ്വത്ത് നശിപ്പിച്ചു കൊണ്ടിരിക്കുന്നവരെ ഇണകള്‍ വെറുക്കും.
 5. വിശ്വാസ വഞ്ചന. വേലിചാടുന്ന സ്വഭാവക്കാരുടെ കൂടെ ജീവിക്കാന്‍ ആര്‍ക്കും താല്‍പര്യമുണ്ടാവില്ല.
 6. സംശയരോഗം. ഭര്‍ത്താവിന്റെയോ ഭാര്യയുടെയോ ഒളിച്ചുകളികളും നുണപറച്ചിലുകളും പെരുമാറ്റ രീതികളിലെ മാറ്റവും ഇരുവരിലും സംശയമുളവാക്കും. പ്രത്യേകിച്ചും രണ്ടുപേരുടെയും മുന്‍കാല ചരിത്രങ്ങളിലെ എന്തെങ്കിലും വീഴ്ചകള്‍ ഇണ അറിഞ്ഞിട്ടുണ്ടെങ്കില്‍. ഇടക്ക് പറയട്ടെ, ദമ്പതികള്‍, പഴയകാല ചരിത്രങ്ങള്‍ പങ്കുവെക്കുമ്പോള്‍ പിന്നീട് പ്രശ്നങ്ങള്‍ക്കിടയാക്കുന്ന ഒന്നും പറയാതിരിക്കുക. സ്കൂള്‍ പ്രണയങ്ങള്‍, കൂട്ടുകെട്ടിലെ വീഴ്ചകള്‍, ദുരനുഭവങ്ങള്‍… ഇങ്ങനെ അല്ലാഹു മറച്ചുവെച്ചത് നാം പുറത്തിടരുത്.
 7. മാനസിക സമ്മര്‍ദ്ദങ്ങള്‍. തൊഴിലിടങ്ങള്‍, കുടുംബ സാഹചര്യങ്ങള്‍, കൂട്ടുകെട്ട്, രാഷ്ട്രീയം തുടങ്ങിയ കാരണങ്ങളാല്‍ ഉണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം കുടുംബത്തില്‍ തീര്‍ക്കുന്നവരുണ്ട്. മിക്കവാറും ഇത് കുടുംബവഴക്കില്‍ കലാശിക്കും.
 8. സാമ്പത്തികം. സ്ത്രീധനത്തിന്റെ പേരില്‍ കുടുംബ ഛിദ്രതയുണ്ടാവാം. അതുപോലെ നാല് കാശ് കിട്ടുമ്പോഴേക്ക്, ദാരിദ്ര്യക്കാലത്ത് തണലും തുണയുമായി നിന്ന സഹധര്‍മിണിയെ വലിച്ചെറിഞ്ഞ് പണക്കാരികളെയും പരിഷ്കാരികളെയും തേടുന്ന ഭര്‍ത്താക്കളുണ്ട്. നേരെ തിരിച്ചും. ഉള്ള കാലത്ത് കൂടെ പുലരുകയും പല കാരണങ്ങളാല്‍ കടം കേറിയപ്പോള്‍ വേലിചാടുന്ന സ്ത്രീകളുമുണ്ട്. ഇവിടെ കുടുംബം തകരുന്നു.
 9. പീഡനം/ഭീഷണി. ഇല്ലാ കാരണങ്ങള്‍ പറഞ്ഞ് ഭാര്യയെ തല്ലുന്നവര്‍, സൗന്ദര്യം കുറഞ്ഞതിന്റെ പേരില്‍, പ്രായവ്യത്യാസത്തിലുണ്ടാകുന്ന ശാരീരിക ഉടച്ചിലുകളുടെ പേരില്‍, അരുതാത്തത് ചെയ്യാന്‍ പ്രേരിപ്പിച്ചപ്പോള്‍ അതിന് സമ്മതിക്കാത്തതിന്റെ പേരില്‍, മറ്റെന്തെങ്കിലും സംശയത്തില്‍ ഉണ്ടായിത്തീരുന്ന ഭീഷണിയും ശാരീരിക മാനസിക പീഡനവും കുടുംബത്തകര്‍ച്ചയിലേക്ക് നയിക്കുന്നു.
 10. വൃത്തിയില്ലായ്മ. കേട്ടാല്‍ ചെറുതാണെന്ന് തോന്നുമെങ്കിലും ദമ്പതികള്‍ക്കിടയില്‍ മാനസിക അകല്‍ച്ചയുണ്ടാക്കുന്നതാണിത്. ദേഹം, വസ്ത്രം, കിടപ്പുമുറി, പരിസരം എന്നിവ വൃത്തിയിലും ചിട്ടയിലും ആവണം. ഉറങ്ങി എണീക്കുമ്പോള്‍ മാത്രം ബ്രഷ് ചെയ്താല്‍ പോരാ. സുഗന്ധ വസ്തുക്കള്‍ മേശപ്പുറത്ത് വെക്കാനുള്ളതല്ല. ഇടക്കിടെ പുരട്ടണം. വിയര്‍പ്പിന്റെ ഗന്ധം എല്ലായ്പ്പോഴും ഇണകള്‍ക്ക് ഹൃദ്യമാവില്ല. കുളി ചിലപ്പോള്‍ ഒന്നിലധികം തവണ വേണ്ടിവരും. ഉള്ളിയരിഞ്ഞവളും പച്ചമീന്‍ വെട്ടിയവളും കോഴിമുട്ട പൊട്ടിച്ചവളും രുചിയറിയാന്‍ ഇവ തിന്നുനോക്കിയവളും സ്നേഹനിധിയായ ഭര്‍ത്താവിനെ സമീപിക്കുന്നതിനു മുമ്പായി കൈകളും വായയും വൃത്തിയാക്കിയെന്നു ഉറപ്പുവരുത്തണം.

അടുക്കളപ്പണി സമയത്ത് ധരിക്കുന്ന വസ്ത്രങ്ങളും അടിവസ്ത്രങ്ങളും ഒറ്റത്തവണ ഉപയോഗിച്ചാല്‍ തന്നെ കഴുകുക. ഭര്‍ത്താക്കന്മാരും ദുര്‍ഗന്ധങ്ങളില്‍ നിന്ന് ശരീരത്തെ വൃത്തിയായി സൂക്ഷിക്കണം. സുഗന്ധ വസ്തുക്കള്‍ വാങ്ങുമ്പോള്‍ ഇണക്കുകൂടി ഇഷ്ടപ്പെടുന്നത് വാങ്ങുക. ‘കിടപ്പറയിലേക്ക് വരുമ്പോള്‍ കുളിച്ചു വൃത്തിയായി, നല്ല വസ്ത്രം ധരിച്ച്, അത്തറ് പൂശി വരണം’ (തുഹ്ഫ 7/216).

തര്‍ക്കിക്കുമ്പോള്‍ മക്കളുടെ സാന്നിധ്യത്തിലാകാതെ സൂക്ഷിക്കുക. ‘വടി വളഞ്ഞാല്‍ നിഴലും വളയും’ എന്നാണു ചൊല്ല്. കുട്ടികള്‍ മാതാപിതാക്കളുടെ പേരില്‍ അസ്വസ്ഥരാകാനും മാനസിക സംഘര്‍ഷമനുഭവിക്കാനും ഇടവരുത്തരുത്.

കുടുംബ പ്രശ്നമുണ്ടായാല്‍

കുടുംബം പ്രശ്നത്തിലായാല്‍ ധാരാളം പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. ദാമ്പതികള്‍ക്ക് ഇതോര്‍മ വേണം. അതിനാല്‍ പരമാവധി പ്രശ്നങ്ങള്‍ ഒതുക്കാന്‍ ശ്രദ്ധിക്കുക.

പ്രത്യാഘാതങ്ങള്‍:

 1. ജീവിതത്തില്‍ ഒറ്റപ്പെട്ടു എന്ന തോന്നല്‍, സമൂഹത്തില്‍ നിന്ന് ഉള്‍വലിയല്‍.
 2. ആത്മഹത്യാ പ്രവണത വര്‍ധിക്കും.
 3. നിത്യവൃത്തികളിലും ജോലികളിലും ചിട്ടയും ശ്രദ്ധയും നഷ്ടപ്പെടും. ജോലിസ്ഥലത്ത് പ്രശ്നങ്ങള്‍ തുടങ്ങും.
 4. കൂട്ടുകാരോടും സഹപ്രവര്‍ത്തകരോടും മാതാപിതാക്കളോടും ദേഷ്യവും ഈര്‍ഷ്യതയും മറ്റു പ്രശ്നങ്ങളും ഉണ്ടാകും.
 5. മാനസിക സമ്മര്‍ദ്ദത്തിനടിമയാകും.
 6. അധാര്‍മിക പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനും അതുവഴി ഭാവിയും ആഖിറവും ഇരുളടയാനും കാരണമാവും.
 7. മദ്യപാന-ലഹരിയുപയോഗത്തിനു പ്രേരണയാകും. മാരക രോഗങ്ങള്‍ക്ക് വേഗം ഇരയാകും.
 8. ജീവിതം തളരും.
 9. എല്ലാത്തിലും ആശയക്കുഴപ്പം. കണിശ തീരുമാനമെടുക്കാന്‍ പ്രയാസപ്പെടും.
 10. എന്തിനോടും നെഗറ്റീവ്/പിന്തിരിപ്പന്‍ സ്വഭാവം കാണിക്കും. വിഷാദം വര്‍ധിക്കും.
 11. രക്ത സമ്മര്‍ദ്ദം, ഹൃദയാഘാതം, ഷുഗര്‍, മറ്റു രോഗങ്ങള്‍ പെട്ടെന്ന് കൂടുവാന്‍ കാരണമാവും. സ്നേഹവും പരിചരണവും നല്ല കൂട്ടുകെട്ടും ആവശ്യമുള്ള കാന്‍സര്‍ പോലുള്ള രോഗങ്ങള്‍, ബന്ധം തകരലിലൂടെ തീപിടിച്ച പോലെ പടരും; വര്‍ധിക്കും. പെട്ടെന്ന് മരണം സംഭവിക്കും.
 12. മക്കള്‍ ഒറ്റപ്പെടും, അനാഥരാവും, മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കും രോഗങ്ങള്‍ക്കും അവര്‍ അടിപ്പെടും.
 13. പില്‍ക്കാലത്ത് മക്കളും പ്രശ്നക്കാരാവും.

(തുടരും)

നിസാമുദ്ദീന്‍ അഹ്സനി പറപ്പൂര്‍

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ