ജനങ്ങൾക്കിടയിൽ രഞ്ജിപ്പുണ്ടാക്കുന്നതിനായി പ്രവർത്തിക്കൽ പുണ്യകർമമാണ്. നബി(സ്വ) പറഞ്ഞു: നിസ്‌കാരം, നോമ്പ്, സ്വദഖ എന്നിവയെക്കാൾ മഹത്ത്വമുള്ളൊരു കർമം നിങ്ങൾക്ക് ഞാൻ പറഞ്ഞു തരട്ടെയോ? സ്വഹാബിമാർ അതേയെന്നായി. അവിടന്ന് തുടർന്നു: അവർക്കിടയിൽ യോജിപ്പുണ്ടാക്കലാണ്, ജനങ്ങൾക്കിടയിൽ കുഴപ്പമുണ്ടാക്കൽ സർവ നാശമത്രെ (അബൂദാവൂദ്, തിർമുദി).
അനസ്(റ) പറഞ്ഞു: ഒരു ദിവസം തിരുനബി(സ്വ) ഞങ്ങൾക്കിടയിലിരിക്കെ പെട്ടെന്നു പുഞ്ചിരിതൂകുന്നതായി കണ്ടു. പ്രവാചകരുടെ മുൻപല്ലുകൾ വെളിപ്പെടുന്ന നിറഞ്ഞ ചിരി. ഉമർ(റ) കാരണം തിരക്കിയപ്പോൾ അവിടന്നരുളി: മറ്റൊന്നുമല്ല, അല്ലാഹുവിന്റെ മുമ്പിൽ എന്റെ സമുദായത്തിലെ രണ്ടു കൂട്ടുകാർ മുട്ടുകുത്തി നിൽക്കുന്നു. ഒരാൾ പറയും: നാഥാ, ഇവനിൽ നിന്ന് എനിക്കു നീതി കിട്ടണം. എന്നെ ഇവനക്രമിച്ചിരിക്കുന്നു.
നീ പ്രതിവിധി ചെയ്യുക എന്ന് അല്ലാഹു നിർദേശിക്കും.
അപ്പോൾ രണ്ടാമൻ പറയും: എന്റെ പക്കൽ ഇനിയൊരു നന്മയും ശേഷിപ്പില്ല.
പരാതിക്കാരനോട് റബ്ബ് ചോദിക്കും: ഒരു പുണ്യവും കയ്യിലില്ലാത്ത നിന്റെ ഈ കൂട്ടുകാരനിൽ നിന്ന് ഇനി നീ എന്താണു പ്രതീക്ഷിക്കുന്നത്?
എന്റെ തിന്മകൾ അവന് ചാർത്തിക്കൊടുക്കൂ എന്ന് അയാൾ കേഴും.
ഇത്രയുമായപ്പോൾ റസൂലിന്റെ കണ്ണു നിറഞ്ഞു. വിതുമ്പലോടെ അവിടന്ന് ഉണർത്തി: എങ്ങനെ ഇവ്വിധം ശഠിക്കാതിരിക്കും. സ്വന്തം പാപങ്ങൾ അപരനു മേൽ ചുമത്താൻ ആരും കൊതിക്കുന്ന ഭയാനക ദിനമാണത്.
അപ്പോൾ അല്ലാഹു പരാതിക്കാരനോട് കൽപിക്കും: നീ കണ്ണുകളുയർത്തി സ്വർഗത്തിലേക്ക് നോക്കുക.
അങ്ങോട്ട് നോക്കി അയാൾ ഇപ്രകാരം പ്രതികരിക്കും: റബ്ബേ, ഞാനിതാ കുറേ സ്വർണ ഹർമ്യങ്ങളും വെള്ളിക്കൊട്ടാരങ്ങളും കാണുന്നു. എല്ലാം രത്‌നങ്ങൾ പതിച്ചവ. ഇവ പ്രവാചകർക്കോ സിദ്ദീഖീങ്ങൾക്കോ ശുഹദാക്കൾക്കോ, ആർക്കുള്ളവയാണ്?
അല്ലാഹുവിന്റെ മറുപടി: ഇത് ഇതിന്റെ വില നൽകുന്നവർക്കുള്ളതാണ്.
നാഥാ, ആർക്കാണിത് വില നൽകി സ്വന്തമാക്കാനാവുക?
വിചാരിച്ചാൽ നിനക്കു തന്നെ സ്വന്തമാക്കാമല്ലോ.
എനിക്കോ, അതെങ്ങനെ?
നീ നിന്റെ ഈ സുഹൃത്തിന് മാപ്പ് നൽകൂ, എങ്കിൽ ഇത് നിനക്കു സ്വന്തമാക്കാം.
ഉവ്വോ, എങ്കിലിതാ ഞാനവന് പൊരുത്തപ്പെട്ടിരിക്കുന്നു.
എങ്കിൽ നീ അവന്റെ കൈപുണർന്ന് സ്വർഗസ്ഥനാവുക.
അനന്തരം നബി(സ്വ) അരുളി: നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. നിങ്ങൾക്കിടയിൽ രഞ്ജിപ്പുണ്ടാക്കാൻ ശ്രമിക്കുക. അല്ലാഹു അന്ത്യദിനത്തിൽ മുഅ്മിനീങ്ങൾക്കിടയിൽ മസ്വ്‌ലഹത്തുണ്ടാക്കുന്നതാണ് (ഖറാഇത്വി).
റസൂൽ(സ്വ) പറഞ്ഞു: നന്മ ലക്ഷ്യമാക്കി രണ്ടു പേർക്കിടയിൽ ഐക്യമുണ്ടാക്കുന്നതിന് വേണ്ടി വല്ലതും പറയുന്നവൻ കളവ് പറഞ്ഞവനാകില്ല (ബുഖാരി, മുസ്‌ലിം). രണ്ടു പേർക്കിടയിൽ യോജിപ്പുണ്ടാക്കുന്നതിന് കളവ് പറയേണ്ടി വന്നവന്റെ കളവ് രേഖപ്പെടുത്തുന്നതല്ല (ഖറാഇത്വി).

ന്യൂനതകൾ മറച്ചുപിടിക്കാം

കുറ്റങ്ങളും കുറവുകളും പരസ്പരം മറച്ചുപിടിക്കുകയെന്നത് മുസ്‌ലിംകളുടെ പെരുമാറ്റ മര്യാദയാണ്. ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്റെ ന്യൂനത മറച്ചുപിടിച്ചാൽ ഇഹത്തിലും പരത്തിലും അവന്റെ ന്യൂനത അല്ലാഹു മറച്ചുവെക്കുന്നതാണ് എന്ന് മുസ്‌ലിമിന്റെ ഹദീസിൽ കാണാം. അബൂസഈദിൽ ഖുദ്‌രി(റ) റസൂൽ(സ്വ)യെ ഉദ്ധരിക്കുന്നു: കൂട്ടുകാരന്റെ ഒരു ന്യൂനത കാണാനിടവന്നിട്ടും അത് മറച്ചുപിടിക്കുന്ന വിശ്വാസി സ്വർഗത്തിൽ കടക്കാതിരിക്കില്ല (ത്വബ്‌റാനി, ഖറാഇത്വി).
ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം സ്വന്തത്തിന് സമാനം പരിരക്ഷിക്കേണ്ട ഒന്നാണ് അപരന്റെ അഭിമാനം. അബൂബക്കർ സിദ്ദീഖ്(റ) പറഞ്ഞു: ഒരു മദ്യപാനിയെയോ തസ്‌കരനെയോ ഞാൻ കാണുന്നപക്ഷം അവനെ അല്ലാഹു മറച്ചുപിടിച്ചെങ്കിൽ എന്നേ ഞാൻ ആശിക്കാറുള്ളൂ.
ഒരു രാത്രി രണ്ടാം ഖലീഫ ഉമർ(റ) പ്രജകളുടെ ക്ഷേമമന്വേഷിച്ചു സഞ്ചരിക്കുന്നതിനിടെ ഒരു ആണും പെണ്ണും അവിഹിത ബന്ധത്തിലേർപ്പെടുന്നത് കാണാനിടയായി. നേരം പുലർന്നപ്പോൾ അദ്ദേഹം ജനങ്ങളോട് ചോദിച്ചു: അവിഹിതത്തിലേർപ്പെടുന്ന പുരുഷനെയും സ്ത്രീയെയും ഒരു അമീർ കാണാനിടവന്നുവെന്ന് കരുതുക. അവർക്കെതിരെ അദ്ദേഹം ശിക്ഷ നടപ്പാക്കുന്നതിനെ പറ്റി നിങ്ങളുടെ അഭിപ്രായമെന്താണ്?
ആളുകൾ പ്രതിവചിച്ചു: നിങ്ങൾ ഇമാമല്ലേ, നിങ്ങളുടെ അഭിപ്രായ പ്രകാരം പ്രവർത്തിക്കുക.
ഉടൻ അലി(റ) ഇടപെട്ടു: അങ്ങനെയല്ല, താങ്കൾ ഇക്കാര്യത്തിൽ നാല് സാക്ഷികളെ ഹാജറാക്കുന്നില്ലെങ്കിൽ താങ്കൾക്കെതിരെ ശിക്ഷാ നടപടി കൈക്കൊള്ളണമെന്നതാണ് മതനിയമം.
ഉമർ(റ) ഒരിക്കൽ കൂടി ജനങ്ങളുടെ പ്രതികരണം തേടി. അവരുടെ അഭിപ്രായം പഴയതു തന്നെയായിരുന്നു. എന്നാൽ അലി(റ) ശിക്ഷ നടപ്പാക്കുന്നതിനെതിരെ ഉറച്ചുനിന്നു.
ഈ സംഭവം മനുഷ്യന്റെ ന്യൂനതകൾ മറച്ചുവെക്കുന്നതിൽ മതത്തിനുള്ള വലിയ താൽപര്യം ബോധിപ്പിക്കുന്നതാണ്. വ്യഭിചാരം ഏറെ ദുഷിച്ച തെറ്റാണെങ്കിലും കുറ്റം തെളിയിക്കാൻ നാല് ദൃക്‌സാക്ഷികൾ വേണമെന്നാണ് നിയമം. ഒന്നോ രണ്ടോ പേരുടെ സാക്ഷിമൊഴി സ്വീകരിച്ചു മാത്രം വ്യഭിചാരികൾക്കെതിരെ ഇസ്‌ലാം നടപടി സ്വീകരിക്കില്ല. ഇനി ഖാളി(ന്യായാധിപൻ) തന്നെ വ്യഭിചാരം വ്യക്തമായി കണ്ടാൽ അത് പരസ്യപ്പെടുത്താതിരിക്കുകയാണ് വേണ്ടത്. ആളുകളുടെ കുറ്റങ്ങൾ മറച്ചുവെക്കണമെന്ന് അല്ലാഹു ആഗ്രഹിക്കുന്നു, അത് പാടിനടക്കുന്നവരെ വെറുക്കുന്നു. പിന്നെങ്ങനെ നാം അന്യന്റെ അഭിമാനത്തിന് ക്ഷതം വരുത്തും.
തുർമുദിയും ഇബ്‌നു മാജയും(റ) റിപ്പോർട്ട്: ദുൻയാവിൽ അല്ലാഹു ഒരു ദാസന്റെ ന്യൂനത മറച്ചുവെക്കുമെങ്കിൽ പാരത്രിക ലോകത്ത് തീർച്ചയായും അത് വെളിപ്പെടുത്താതിരിക്കുന്നതിൽ മാന്യത കാണിക്കുമെന്നുറപ്പാണ്. അഥവാ, ദുൻയാവിൽ പരസ്യമാക്കിയാൽ ആഖിറത്തിൽ വീണ്ടും പരസ്യപ്പെടുത്താതിരിക്കാൻ അവൻ മാന്യത കാണിക്കും.
അബ്ദുറഹ്‌മാൻ ബ്‌നു ഔഫ്(റ) പറയുന്നു: ഒരു രാത്രി ഞാൻ ഉമർ(റ)വിനൊപ്പം പുറത്തുപോയി. കുറച്ചു ചെന്നപ്പോൾ ഒരു വിളക്കിന്റെ വെട്ടം ദൃശ്യമായി. ഞങ്ങൾ അങ്ങോട്ട് നീങ്ങി. അടഞ്ഞു കിടക്കുന്ന ഒരു വീടിനു മുമ്പിലാണ് ഞങ്ങൾ എത്തിപ്പെട്ടത്. അകത്ത് ചില ബഹളങ്ങൾ കേൾക്കാമായിരുന്നു.
ഉമർ(റ) എന്റെ കൈ പിടിച്ചു ചോദിച്ചു: ഇത് ആരുടെ വീടാണെന്നറിയാമോ?
ഞാൻ അറിയില്ലെന്നു പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു: ഇത് റബീഅത്തിന്റെ ഭവനമാണ്. അകത്ത് മദ്യപാനം നടക്കുന്നുവെന്നാണ് തോന്നുന്നത്. നമ്മൾ എന്തു ചെയ്യണം?
ഞാൻ: ഞാനെന്ത് പറയാനാണ്? അല്ലാഹു വിലക്കിയ ഒന്നാണ് നാമീ ചെയ്യുന്നതെന്നാണ് എനിക്കു തോന്നുന്നത്. നിങ്ങൾ ജാരപ്പണി ചെയ്യരുതെന്നല്ലേ അല്ലാഹു ആജ്ഞാപിച്ചിട്ടുള്ളത് (ഹുജുറാത്ത് 12). ഉമർ(റ) പിന്നെ അവിടെ നിന്നില്ല. അവരെ വെറുതെ വിട്ടു. മറച്ചുവെക്കൽ നിർബന്ധമാണെന്നും കടുത്ത രഹസ്യാന്വേഷണം അരുതെന്നും തെളിയിക്കുന്ന സംഭവമാണിത്. തിരുനബി(സ്വ) മുആവിയ(റ)യോട് പറഞ്ഞതിങ്ങനെ: മുആവിയാ, ജനങ്ങളുടെ ന്യൂനതകൾ രഹസ്യമായി കണ്ടുപിടിക്കാൻ ശ്രമിക്കുന്നുവെങ്കിൽ നീ അവരെ ഫസാദാക്കി എന്നാണർത്ഥം (അബൂദാവൂദ്).
റസൂൽ(സ്വ) അരുളി: നാവുകൊണ്ട് മാത്രം ഈമാൻ കൊള്ളുകയും ഖൽബിലേക്ക് ഈമാൻ കടത്താതിരിക്കുകയും ചെയ്തവരേ, നിങ്ങൾ മുസ്‌ലിംകളെ പരദൂഷണം പറയുന്നതൊഴിവാക്കുവീൻ. അവരുടെ ന്യൂനതകൾ തിരക്കുന്നത് നിറുത്തുവീൻ. സ്വന്തം മുസ്‌ലിം സുഹൃത്തിന്റെ കുറവുകൾ ചികഞ്ഞന്വേഷിക്കുന്നവന്റെ കുറ്റങ്ങൾ അല്ലാഹുവും അന്വേഷിക്കുന്നതാണ്. അല്ലാഹു ആരുടെയെങ്കിലും ന്യൂനതകൾ അന്വേഷിക്കുന്നുവെങ്കിൽ അവൻ സ്വന്തം അറക്കകത്താണെങ്കിൽ പോലും വഷളാവുന്നതാണ് (അബൂദാവൂദ്).
നിയമപരമായ ശിക്ഷ ആർക്കെതിരെയെങ്കിലും നടപ്പാക്കേണ്ടി വന്നാൽ മറ്റാരുടെയും സാന്നിധ്യമില്ലാതെ ഞാനൊറ്റക്ക് അത് നടത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് പ്രഥമ ഖലീഫ അബൂബക്കർ(റ) പറയുകയുണ്ടായി.
രാത്രിയിൽ ഒരു വീട്ടിൽ നിന്ന് ഉമർ(റ) ഒരു യുവാവിന്റെ ശബ്ദം കേൾക്കുകയുണ്ടായി. ഖലീഫ സംഗതിയെന്തെന്നറിയാൻ അങ്ങോട്ടെത്തി നോക്കി. യുവാവും ഒരു സ്ത്രീയും അടുത്തിരുന്ന് മദ്യപിക്കുകയാണ്. കുപിതനായ ഖലീഫ ചോദിച്ചു: അല്ലാഹുവിന്റെ ശത്രൂ, നിന്റെ പ്രവൃത്തി അല്ലാഹു മറച്ചുവെക്കുമെന്നാണോ നീ കരുതിയത്?
ആ ചെറുപ്പക്കാരന്റെ പ്രതികരണം വിചിത്രമായിരുന്നു: നിൽക്കൂ അമീറുൽ മുഅ്മിനീൻ, ധൃതി കാണിക്കാതിരിക്കുക. ഞാൻ പറയട്ടെ, ഞാൻ ഒരു തെറ്റാണ് ചെയ്തതെങ്കിൽ താങ്കളിപ്പോൾ മൂന്ന് കുറ്റങ്ങളാണ് ചെയ്തിരിക്കുന്നത്. ഒന്ന്, ഒളിഞ്ഞു നോക്കരുതെന്ന് അല്ലാഹു പറഞ്ഞു. താങ്കളത് ചെയ്തു. രണ്ട്, വീടുകളിലേക്ക് നേർവഴിയിലൂടെ ചെല്ലണമെന്നാണ് അല്ലാഹുവിന്റെ നിർദേശം. താങ്കൾ മതിൽ ചാടിയാണ് വന്നത്. മൂന്ന്, അന്യന്റെ വീട്ടിലേക്ക് സമ്മതം ചോദിക്കാതെ പ്രവേശിക്കരുതെന്ന് അല്ലാഹു കൽപിച്ചു. താങ്കൾ അതും ലംഘിച്ചു. എന്നോട് താങ്കൾ അനുവാദം ചോദിച്ചില്ല, സലാം പറഞ്ഞതുമില്ല.
അയാളുടെ ന്യായങ്ങൾ ഉൾക്കൊണ്ട ഖലീഫ ചോദിച്ചു: ഞാൻ നിനക്ക് മാപ്പുതന്നാൽ നീ ഇനി മുതൽ നന്നായി നടക്കുമോ?
അയാൾ: അല്ലാഹുവാണ, താങ്കൾ മാപ്പു നൽകുന്നപക്ഷം ഞാൻ ശിഷ്ടകാലം നല്ലവനായി ജീവിക്കും. ഇനി തെറ്റുകൾ ആവർത്തിക്കില്ല.
യുവാവ് വാക്കു കൊടുത്തു. ഖലീഫ അവിടന്ന് മടങ്ങി.
രഹസ്യമായി പാപങ്ങൾ ചെയ്ത് പിന്നീട് പരസ്യമാക്കുന്ന ചിലരുണ്ട്. അവരെ കുറിച്ച് നബി(സ്വ) ഗൗരവത്തോടെ പറഞ്ഞു: എന്റെ സമുദായത്തിലെ സർവർക്കും മാപ്പുണ്ട്. പരസ്യമാക്കുന്നവനൊഴികെ (ബുഖാരി, മുസ്‌ലിം).

സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ