കൃഷി മനുഷ്യ ജീവിതത്തിന്റെ അവിഭാജ്യഘടകവും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാന ശിലയുമാണ്. മാനവ സംസ്‌കൃതിയുടെ ഭാഗം കൂടിയാണത്. മനുഷ്യർക്കു വേണ്ട ഭക്ഷ്യധാന്യങ്ങളും കായ്കനികളും ഉൽപാദിപ്പിക്കുന്നതിലൂടെ സമൂഹത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കഴിയുന്നതുകൊണ്ടു തന്നെ രാജ്യത്തിന്റെ സമൃദ്ധിയുടെ അടയാളവുമാണ് കൃഷി.
പച്ചക്കറിയിലും മറ്റു അടിസ്ഥാന കൃഷിയുൽപന്നങ്ങളിലും സ്വയം പര്യാപ്തത നേടാൻ കഴിയുന്ന വിധത്തിൽ ശക്തമായ ഇടപെടലുകൾ നടത്തിയും തരിശു സ്ഥലങ്ങൾ കൃഷിക്കുവേണ്ടി ഉപയോഗപ്പെടുത്തിയും കാർഷിക രംഗത്ത് വലിയ മുന്നേറ്റങ്ങൾ സാധ്യമാക്കേണ്ട കാലമാണിത്. ജലസ്രോതസ്സുകൾക്കു ചുറ്റും മരം വളർത്തുന്നതുൾപ്പെടെയുള്ള കാർഷിക പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയും ഗാർഹിക, സ്ഥാപന തലങ്ങളിൽ ഉൽപാദിക്കപ്പെടുന്ന കമ്പോസ്റ്റ് ഉപയോഗിച്ച് രാസവളങ്ങളുടെയും കീടനാശിനികളുടെയും പ്രയോഗം പരമാവധി കുറച്ചും അതുവഴി പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കിയും സുരക്ഷിത ഭക്ഷ്യവസ്തുക്കളുടെ ഉൽപാദനം നാം വർധിപ്പിക്കണം.
ലാഭകരമായ കൃഷിയിലൂടെയും മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്ന സംരംഭങ്ങളിലൂടെയും കാർഷിക മേഖലയിൽ പരമാവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതു നിലനിൽപ്പിന് അനിവാര്യമാണ്. ക്ഷേമ രാഷ്ട്രം സ്വപ്നം കാണുന്ന സർവ ഭരണാധികാരികളും കൃഷിയെയും കർഷകരെയും കൂടുതൽ പ്രോത്സാഹിപ്പിച്ചതിന്റെ കാരണവും മറ്റൊന്നല്ല.
ഇസ്‌ലാം മതം സമഗ്ര ജീവിത പദ്ധതിയായതുകൊണ്ടുതന്നെ കൃഷിയും കാർഷിക വ്യവഹാരങ്ങളും അതു പ്രമേയമാക്കുന്നുണ്ട്. കാർഷിക വൃത്തി മുന്തിയ ഇനം തൊഴിലാണെന്നും അത് സ്രഷ്ടാവിന്റെ ദൃഷ്ടാന്തങ്ങളിൽപ്പെട്ട ഒന്നാണെന്നും പ്രഖ്യാപിക്കുന്ന വിശുദ്ധ ഖുർആൻ കൃഷിയുടെ വിവിധ ഇനങ്ങളും വ്യത്യസ്ത രൂപങ്ങളും എടുത്തുപറയുന്നുണ്ട്. (ഉദാ: അൽവാഖിഅ 63-64, അബസ് 24-32, അൽഅൻആം 99, യൂനുസ് 24).
കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന നിരവധി ഹദീസുകളുമുണ്ട്. വിശ്വാസിയെ ഈത്തപ്പന മരത്തോട് ഉപമിക്കുന്ന ശൈലി തന്നെ പ്രവാചകരുടെ കൃഷിസ്‌നേഹമാണ് പ്രതിഫലിപ്പിക്കുന്നത്. മുന്നിലിരിക്കുന്ന സ്വഹാബി വൃന്ദത്തോട് ഒരിക്കൽ അവിടന്ന് ചോദിച്ചു: ‘ഒരു മരമുണ്ട്. അതിന്റെ ഇല പൊഴിയുകയില്ല. അതാണ് വിശ്വാസിയുടെ ഉപമ. ആ മരം ഏതാണെന്ന് നിങ്ങളെനിക്ക് പറഞ്ഞുതരിക.’ ഇതു കേട്ട് സ്വഹാബികളെല്ലാം മരങ്ങളെക്കുറിച്ച് ആലോചിച്ചു. അബ്ദുല്ല(റ) പറയുന്നു: ‘ഈത്തപ്പനയാണെന്ന് എനിക്ക് മനസ്സിൽ തോന്നിയെങ്കിലും ഞാൻ മറുപടി പറഞ്ഞില്ല.’ പിന്നീട് അതേതാണെന്ന് സ്വഹാബികൾ ചോദിച്ചപ്പോൾ റസൂൽ(സ്വ) തന്നെ മറുപടി നൽകി: ‘ഈത്തപ്പന’ (സ്വഹീഹുൽ ബുഖാരി).
കൃഷിക്ക് ആത്മീയ മാനമുണ്ടെന്നും സസ്യലതാദികൾ പോലും സ്രഷ്ടാവിനെ പ്രകീർത്തിക്കുന്നുണ്ടെന്നും പ്രസ്താവിക്കുന്ന വിശുദ്ധ ഖുർആൻ കൃഷിയെ പരമാവധി പ്രോത്സാഹിപ്പിച്ചു: ‘ഏഴ് ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവന്റെ പരിശുദ്ധിയെ പ്രകീർത്തിക്കുന്നു. യാതൊരു വസ്തുവും അവനെ സ്തുതിച്ചുകൊണ്ട് പ്രകീർത്തനം നടത്താത്തതായി ഇല്ല. പക്ഷേ, അവയുടെ പ്രകീർത്തനം നിങ്ങൾക്കു ഗ്രഹ്യമാവുകയില്ല’ (അൽഇസ്‌റാഅ് 44).

മനുഷ്യ പിതാവിന്റെ തൊഴിൽ

ആദിമ മനുഷ്യൻ ആദം നബി(അ) തന്നെ കർഷകനായിരുന്നു. പ്രഥമ കർഷകൻ പ്രഥമ മനുഷ്യൻ തന്നെയാണ്. അല്ലാഹുവാണ് നബിക്ക് കാർഷിക ചിന്ത നൽകിയത്. കൃഷിയുടെ രൂപവും മറ്റും പഠിപ്പിച്ചുകൊടുത്തത് ജിബ്‌രീൽ(അ). ആവശ്യമായ വിത്ത് നൽകിയതാവട്ടെ സ്വർഗത്തിൽ നിന്നും (അൽബിദായതു വന്നിഹായ 1/143). കൃഷിഭൂമി ഉഴുതു പാകപ്പെടുത്താൻ വേണ്ടി ആദം(അ) ഉപയോഗിച്ചിരുന്ന കാള ചുവപ്പു നിറമുള്ളതായിരുന്നു (തഫ്‌സീറുൽ ഖുർത്വുബി 11/253).
അമ്പിയാക്കളെല്ലാം കൈത്തൊഴിലുകൾ ചെയ്ത് ജീവിച്ചവരാണ് മൂസ(അ), മുഹമ്മദ്(സ്വ) തുടങ്ങിയവർ വ്യാപാരികളായും ആട്ടിടയന്മാരായും ജോലി ചെയ്തിട്ടുണ്ട്. സകരിയ്യ(അ), നൂഹ്(അ) എന്നിവർ ആശാരിപ്പണിയിൽ നിപുണരായിരുന്നു. പല അമ്പിയാക്കൾക്കും വ്യത്യസ്ത കൈത്തൊഴിലുകൾ വശമുണ്ടായിരുന്നു. മുൻഗാമികളുടെ പാത പിന്തുടർന്ന സ്വഹാബികളും കാർഷിക വൃത്തിയിൽ ബദ്ധശ്രദ്ധരായിരുന്നു.
വലിയ സമ്പന്നനായിട്ടും തന്റെ തോട്ടത്തിൽ കൈക്കോട്ടുപയോഗിച്ച് ജോലി ചെയ്യുന്നത് അബ്ദുറഹ്‌മാനുബ്‌നു ഔഫ്(റ)ന്റെ പതിവായിരുന്നു. കൃഷിയെ ഒരു ജീവിതോപാധി എന്നതിനപ്പുറം മാനവ സംസ്‌കാരത്തിന്റെ അടിത്തറയാണെന്നും കൃഷിയും കാർഷിക മേഖലയും ജീവിതത്തിന്റെ സർവതല സ്പർശിയാണെന്നും മനസ്സിലാക്കാൻ മഹാന് സാധിച്ചിരുന്നു. മദീനയിൽ ഗോതമ്പു കൃഷി ആരംഭിക്കുന്നത് ത്വൽഹതുബ്‌നു ഉബൈദില്ലാഹ്(റ)വാണ്. കൃഷി മനുഷ്യർ തുടരുന്ന/തുടരേണ്ട മനോഹരമായ ജീവിതോപാധിയായി അവരെല്ലാം ഗണിച്ചു.
മൂന്നാം ഖലീഫ ഉസ്മാൻ(റ) വാർധക്യത്തിന്റെ മൂർധന്യാവസ്ഥയിലും കൃഷി ചെയ്തിരുന്നു. ആളുകൾ ചോദിച്ചു: ഈ പ്രായത്തിലാണോ താങ്കൾ കൃഷി ചെയ്യുന്നത്? അദ്ദേഹം നൽകിയ മറുപടി ഇപ്രകാരമാണ്: ‘ഞാനൊരു നല്ല കാര്യം ചെയ്യുമ്പോൾ എന്റെ അന്ത്യം സംഭവിക്കുന്നത് എനിക്ക് ഗുണകരമാണ്.’ കാർഷിക സംസ്‌കൃതിയുടെ സംരക്ഷണബോധം മഹാനിൽ എത്രമാത്രം ലയിച്ചു ചേർന്നിരുന്നുവെന്ന് ഇതിൽ നിന്നു മനസ്സിലാക്കാം.
നിശ്ചയദാർഢ്യവും സ്ഥിരോത്സാഹവുമുണ്ടെങ്കിൽ കൃഷിയെ ജീവിതത്തിന്റെ ഭാഗമാക്കാമെന്ന് തെളിയിക്കുകയായിരുന്നു സ്വഹാബികൾ. വ്യാപകമായി കൂട്ടുകൃഷിയിൽ ഏർപ്പെട്ടിരുന്ന അവർ പാരമ്പര്യ കാർഷിക സംസ്‌കൃതിയുടെ പിന്തുടർച്ചക്കാരായിരുന്നു. ഉമാമത്ത്(റ)ന്റെ പിതാവ് ഖുസൈമ(റ)യുമായി ചേർന്ന് ഉമർ(റ) കൃഷി നടത്തിയിരുന്നു (ഇബ്‌നു ജരീർ).
വാർധക്യത്തിന്റെ അവശതയിലും കൃഷിപ്പണിക്കിറങ്ങിയ സ്വഹാബികൾ മുമ്പുള്ളവർ നട്ടുപിടിപ്പിച്ചതിന്റെ ഫലമനുഭവിക്കുന്ന പിൽകാലത്തുള്ളവർക്കു വേണ്ടി സസ്യലതാദികൾ നട്ടുവളർത്തേണ്ടതിന്റെ ആവശ്യകതയാണ് നമ്മെ ബോധ്യപ്പെടുത്തുന്നത്. വാർധക്യത്തിലും കൃഷി ചെയ്യുന്നതു കണ്ട് അത്ഭുതപ്പെട്ടവരോട് മുആവിയ(റ) പറഞ്ഞു: ‘മരണ ശേഷം വല്ല സുകൃതവും ബാക്കി വേണമെന്ന ചിന്തയാണ് എന്നെ ഇതിന് പ്രചോദിപ്പിക്കുന്നത്’ (ഫൈളുൽ ഖദീർ).
അബുദ്ദർദാഅ്(റ) ഒരു ആക്രോട്ടു മരം നടുമ്പോൾ അതുവഴി വന്ന ഒരാൾ ചോദിച്ചു: ‘മഹാവൃദ്ധനായ താങ്കൾ ഏറെ വർഷങ്ങൾക്ക് ശേഷം മാത്രം ഫലം നൽകുന്ന ഈ വൃക്ഷമാണോ നടുന്നത്?’ അദ്ദേഹത്തിന്റെ പ്രതികരണം: ‘മറ്റുള്ളവർ തിന്നുകയും എനിക്കതിന്റെ പ്രതിഫലം ലഭിക്കുകയും ചെയ്യുന്നതുകൊണ്ട് എന്തു ദോഷമാണുള്ളത്?’ (ഇർശാദുസ്സാരി 5/337).
മറ്റൊരിക്കൽ അബുദ്ദർദാഅ്(റ) ചെടി നട്ടുകൊണ്ടിരിക്കുമ്പോൾ അതുവഴി കടന്നുപോയ ഒരാൾ ഭൗതിക പ്രേമത്തിന്റെ ഭാഗമാണ് കൃഷിയെന്ന ധാരണയോടെ ചോദിച്ചു: ‘താങ്കൾ പ്രവാചക ശിഷ്യനായിരിക്കെ ഇതു ചെയ്യുന്നുവോ?’ മഹാന്റെ പ്രതികരണം: ‘എന്റെ മേൽ ആക്ഷേപമുന്നയിക്കാൻ നിങ്ങൾ ധൃതിപ്പെടരുത്. അല്ലാഹുവിന്റെ റസൂൽ ഇങ്ങനെ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്; ‘വല്ല വ്യക്തിയും ഒരു ചെടി നട്ടു വളർത്തുകയും ഒരു മനുഷ്യനോ അല്ലാഹുവിന്റെ മറ്റു വല്ല സൃഷ്ടിയോ അതിൽ നിന്ന് തിന്നുകയും ചെയ്താൽ അവന് സ്വദഖയുടെ പ്രതിഫലം ലഭിക്കാതിരിക്കില്ല’ (ഉംദത്തുൽഖാരി 12/155).
ഒലീവു ചെടി നടുകയായിരുന്ന ഒരു വൃദ്ധന്റെ അരികിലൂടെ ഒരിക്കൽ അബുശർവാൻ ചക്രവർത്തി സഞ്ചരിച്ചു. ചക്രവർത്തി അയാളോട് പറഞ്ഞു: ‘ഒലീവു നടുന്ന പ്രായത്തിലല്ല നിങ്ങളിപ്പോഴുള്ളത്. അത് വളരെ വൈകി മാത്രം കായ്ക്കുന്ന വൃക്ഷമാണല്ലോ?’ അപ്പോൾ വൃദ്ധൻ പറഞ്ഞു: ‘നമുക്ക് വേണ്ടി മറ്റുള്ളവർ നട്ടുപിടിപ്പിച്ചു. അതു നാം തിന്നു. നമ്മുടെ ശേഷമുള്ളവർക്ക് കഴിക്കാനായി നമ്മളും നടുന്നു’ (ഇർശാദുസ്സാരി 5/338).
അബൂത്വൽഹതിൽ അൻസ്വാരി(റ) വലിയ ധനികനും കർഷകനുമായ നബിശിഷ്യനായിരുന്നു. ബൈറുഹാഅ് തോട്ടം അദ്ദേഹത്തിന് ഏറെ പ്രിയങ്കരമായിരുന്നു. തിരുനബി(സ്വ) പലപ്പോഴും അതിൽ പ്രവേശിക്കുകയും തണൽ കൊള്ളുകയും ചെയ്യാറുണ്ട്. ആ തോട്ടത്തിലെ വെള്ളം കുടിച്ചും വിഭവങ്ങൾ കഴിച്ചും നബി(സ്വ) സന്തോഷത്തിൽ പങ്ക് കൊള്ളുമായിരുന്നു. മസ്ജിദുന്നബവിയുടെ മുൻവശത്ത് തന്നെയായിരുന്നു അത്. ‘നിങ്ങൾ ഇഷ്ടപ്പെട്ടവയിൽ നിന്ന് ചെലവഴിക്കാതെ നിങ്ങൾക്ക് പുണ്യം ലഭിക്കുകയില്ല’ (ആലു ഇംറാൻ 92) എന്ന സൂക്തമിറങ്ങിയപ്പോൾ മഹാൻ തിരുനബി(സ്വ)യുടെ സവിധത്തിലെത്തി ഈ തോട്ടം സ്വദഖയായി സമർപ്പിക്കുകയുണ്ടായി. സമ്പന്നരും ദരിദ്രരുമായ സ്വഹാബികളെല്ലാം കാർഷിക രംഗത്ത് സജീവമായിരുന്നുവെന്ന് ചുരുക്കം.
കൃഷി ചെയ്യുന്നതിനു പുറമെ സ്ഥലം പാട്ടത്തിന് കൊടുക്കുന്ന ശീലവുമുണ്ടായിരുന്നു സ്വഹാബത്തിന്. ജാബിർ(റ)വിൽ നിന്ന് നിവേദനം: വിളവിന്റെ മൂന്നിലൊന്ന്, നാലിലൊന്ന്, പകുതി എന്നീ ക്രമത്തിൽ സ്വഹാബിമാർ കൃഷി ഭൂമി പാട്ടത്തിന് കൊടുക്കാറുണ്ടായിരുന്നു. അപ്പോൾ നബി(സ്വ) പറഞ്ഞു: ‘വല്ലവനും ഭൂമിയുണ്ടെങ്കിൽ അവനതിൽ കൃഷി ചെയ്യട്ടെ. അല്ലെങ്കിൽ തന്റെ സ്‌നേഹിതനത് വിട്ടുകൊടുക്കട്ടെ. അവനതു ചെയ്യുന്നില്ലെങ്കിൽ തന്റെ ഭൂമി (തൽക്കാലം) പിടിച്ചുവെക്കട്ടെ’ (ബുഖാരി).
സ്വഹാബിമാരിൽ അൻസ്വാറുകളാണ് കാർഷിക മേഖലയിൽ മുന്നിട്ടുനിന്നിരുന്നത്. മുഹാജിറുകൾ കൂടുതലും വ്യാപാര രംഗത്തായിരുന്നു. അബൂഹുറൈറ(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസ് കാണുക: ‘ഒരു ദിവസം നബി(സ്വ) സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അടുത്തു തന്നെ ഒരു ഗ്രാമീണൻ ഇരിക്കുന്നുണ്ടായിരുന്നു. അപ്പോൾ നബി(സ്വ) പറഞ്ഞു: ‘സ്വർഗവാസികളിലൊരാൾ തന്റെ സ്രഷ്ടാവിനോട് കൃഷി നടത്താൻ അനുവാദം ചോദിച്ചു. ‘നീ ആഗ്രഹിക്കുന്ന ക്ഷേമൈശ്വര്യങ്ങളിൽ തന്നെയല്ലേ ഇപ്പോൾ നീയുള്ളത്’ എന്നായിരുന്നു അല്ലാഹുവിന്റെ മറുചോദ്യം. അപ്പോൾ അദ്ദേഹം പറയുകയുണ്ടായി: ‘അതേ, പക്ഷേ എനിക്ക് കൃഷി ചെയ്യാനാണ് കൂടുതൽ ആഗ്രഹം.’ അങ്ങനെ അയാൾ വിത്തു വിതച്ചു. കണ്ണു ചിമ്മിത്തുറക്കുന്നതിനിടയിൽ അത് മുളച്ച് വളർന്നു കൊയ്യാൻ പാകമായി. അവയുടെ ഫലങ്ങൾ പർവതങ്ങളോളം വളർന്നു. അല്ലാഹു പറഞ്ഞു: ‘മനുഷ്യ പുത്രാ, നീ ആഗ്രഹിച്ചതിതാ നിന്റെ കൺമുന്നിൽ നിൽക്കുന്നു. എടുത്തോളൂ. നിനക്ക് എത്ര കിട്ടിയാലും മതിയാവുകയില്ല.’ എല്ലാം കേട്ട് തിരുനബി(സ്വ)യുടെ ചാരെ ഇരിക്കുകയായിരുന്ന ഗ്രാമീണൻ പറഞ്ഞു: ‘അല്ലാഹു സത്യം, ഒന്നുകിൽ ആ മനുഷ്യൻ ഖുറൈശിയായിരിക്കും. അല്ലെങ്കിൽ അൻസ്വാരി. അവരാണ് കർഷകർ! (ഞങ്ങൾ കർഷകരല്ല). ഇതു കേട്ട നബി(സ്വ) ചിരിച്ചു (ബുഖാരി).

ഗൗരവതരമായ നജസാണ് നായയെങ്കിലും കാർഷികാവശ്യത്തിന് അതിനെയും ഉപയോഗപ്പെടുത്താമെന്ന തിരുമൊഴി കാർഷിക വൃത്തി ഏതു നിലക്കും അത്യന്താപേക്ഷിതമാണെന്ന് കുറിക്കുന്നുണ്ട്. അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനമുള്ള ഹദീസിൽ നബി(സ്വ) പറയുന്നു: ‘വല്ലവനും കൃഷിയുടെയോ കന്നുകാലികളുടെയോ കാവലിനു വേണ്ടിയല്ലാതെ നായയെ വളർത്തിയാൽ ഓരോ ദിവസവും അതു നിമിത്തം അവന്റെ പുണ്യങ്ങളിൽ നിന്ന് ഓരോ ഖീറാത്ത് (ഒരു അളവ്) കുറഞ്ഞുകൊണ്ടിരിക്കും (സ്വഹീഹുൽ ബുഖാരി).
അലി(റ), സഅ്ദുബ്‌നു മാലിക്(റ), അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ), ഉമറുബ്‌നു അബ്ദുൽ അസീസ്(റ), ഖാസിം(റ), ഉർവ(റ) തുടങ്ങിയവരും അബൂബക്കർ(റ), ഉമർ(റ), അലി(റ), ഇബ്‌നുസീരിൻ(റ) തുടങ്ങിയവരുടെ കുടുംബങ്ങളും കാർഷിക വൃത്തി ജീവിതമാർഗമാക്കിയവരായിരുന്നു. അബ്ദുറഹ്‌മാനുബ്‌നുൽ അസ്‌വദ്(റ) പറയുകയുണ്ടായി: ഞാൻ അബ്ദുറഹ്‌മാനുബ്‌നു യസീദ്(റ)വിനൊപ്പം കൃഷിയിൽ പങ്കാളിയാകാറുണ്ട് (ബുഖാരി).

ക്ഷീര കൃഷി

കാലി വളർത്തൽ പ്രോത്സാഹിപ്പിക്കാനും ക്ഷീരോൽപ്പാദനം ശാസ്ത്രീയമായി വർധിപ്പിക്കാനും കർഷകരെ പ്രാപ്തരാക്കുന്ന പദ്ധതികൾ പുതിയ കാലത്ത് സജീവമാണ്. ശുദ്ധമായ പാലിന്റെ വർധിത ഉൽപാദനവും അതിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങളും ക്ഷീരകർഷകരുടെ ജീവിത നിലവാരം ഉയർത്തും. കൂടാതെ സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് പോഷക വസ്തുക്കളും ലഭ്യമാകും.
കാലികളെ വളർത്തിയ ചരിത്ര പുരുഷർ നിരവധിയാണ്. മുഹമ്മദ്(സ്വ), മൂസാ(അ), ശുഐബ്(അ) തുടങ്ങിയവരെല്ലാം ആടുകളെയും കന്നുകാലികളെയും വളർത്തിയിരുന്നു. ജനങ്ങൾക്ക് ചെലവ് കുറഞ്ഞ പോഷക സമൃദ്ധമായ ആഹാരം ലഭ്യമാക്കുക മാത്രമല്ല, പാരിസ്ഥിതിക തുലനാവസ്ഥ നിലനിർത്തുക കൂടി മൃഗസമ്പത്ത് ചെയ്യുന്നുണ്ട്. കാരണം കന്നുകാലി വർധനവും കൃഷിയും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണ് (ആധുനിക കൃഷിരീതിയിൽ അപവാദമുണ്ടാകാമെങ്കിലും). കൃഷിക്കാവശ്യമായ നിർണായക സാധനങ്ങൾ ലഭ്യമാക്കാനും മറ്റു തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തിക്ക് അനുബന്ധ വരുമാനം ലഭ്യമാക്കാനും ഇത് സഹായകമത്രെ.
ക്ഷീര കർഷകർ പാലിക്കേണ്ട പല കാര്യങ്ങളും തിരുനബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. സവാദത്തുബ്ൻ റബീഅ്(റ) പറയുന്നു: ‘ഞാൻ നബി(സ്വ)യെ സമീപിച്ച് എന്റെ ആവശ്യങ്ങളുന്നയിച്ചു. അപ്പോൾ അവിടന്ന് എനിക്കൊരു ഒട്ടകക്കൂട്ടം നൽകി ഇപ്രകാരം പറഞ്ഞു: ‘നീ വീട്ടിലേക്കെത്തിയാൽ വീട്ടുകാരോട് ഇപ്രകാരം കൽപ്പിക്കുക: അവർ തങ്ങളുടെ ഒട്ടകക്കുട്ടികളുടെ ആഹാരം മെച്ചപ്പെടുത്തുകയും തങ്ങളുടെ നഖങ്ങൾ മുറിക്കുകയും ചെയ്തു കൊള്ളട്ടെ. എങ്കിൽ നഖങ്ങൾകൊണ്ട് അവർ മൃഗങ്ങളുടെ അകിടുകൾക്ക് മുറിവേൽപ്പിക്കാനിട വരില്ല (ബൈഹഖി 15820).
ളിറാറുബ്‌നു അസ്‌വർ(റ) പറയുന്നു: ‘ഞങ്ങൾ അല്ലാഹുവിന്റെ റസൂലിന് കറവയുള്ള ഒരൊട്ടകത്തെ സമ്മാനിച്ചു. അപ്പോൾ അതിന്റെ പാൽ കറന്നെടുക്കാൻ നബി(സ്വ) ഞങ്ങളോട് നിർദേശിച്ചു. ഞാനാണ് കറന്നത്. പൂർണമായും കറന്നെടുക്കാൻ തുടങ്ങിയപ്പോൾ അവിടന്ന് പറഞ്ഞു: ശിഷ്ട പാൽ അകിടിൽ തന്നെ ഉപേക്ഷിക്കുക (ബൈഹഖി 15821).
പ്രസ്തുത ഹദീസുകളിൽ നിന്നും മറ്റും നിർദ്ധാരണം ചെയ്ത് ക്ഷീരകർഷകരും അല്ലാത്തവരും ശ്രദ്ധിക്കേണ്ട മതനിയമങ്ങൾ കർമശാസ്ത്ര പണ്ഡിതർ വിവരിച്ചിട്ടുണ്ട്. കുഞ്ഞിന്റെ ആവശ്യം കഴിച്ച് ശേഷിക്കുന്നത് മാത്രമേ കറന്നെടുക്കാൻ പാടുള്ളൂ. തീറ്റയെടുത്തോ സ്വയം മേയുന്നതു മൂലമോ പാലില്ലാതെ ജീവിക്കാൻ പര്യാപ്തമാകുന്നത് വരെ ഇതു ചെയ്യൽ നിർബന്ധമാണ്. മൃഗത്തിന്റെ പാൽ കുട്ടിയുടെ പോഷകത്തിനു തികയാതെ വന്നാൽ മറ്റു വിധത്തിൽ പരിഹരിക്കലും നിർബന്ധം. പാൽ അകിട്ടിൽ കെട്ടിക്കിടക്കുന്നത് മൃഗത്തിന് ഉപദ്രവമാകുമെന്ന് കണ്ടാൽ അതു കറന്നെടുക്കൽ നിർബന്ധമാണ്. അതിൽ വീഴ്ച വരുത്തൽ ഹറാമാകുന്നു. മൃഗത്തെ ഉപദ്രവിക്കുന്ന വിധത്തിൽ നഖങ്ങൾ കൂടുതൽ നീണ്ടിട്ടുണ്ടെങ്കിൽ ഉപദ്രവകരമായ ഭാഗങ്ങൾ വെട്ടിക്കളയാതെ പാൽ കറക്കുന്നത് അനുവദനീയമല്ല (തുഹ്ഫ, മുഗ്‌നി, നിഹായ).

സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ