പുണ്യമാസം വിട പറഞ്ഞു. ആരാധനകൾക്ക് അനേകമിരട്ടി പ്രതിഫലം വാഗ്ദത്തം ചെയ്യപ്പെട്ട റമളാനിൽ നോമ്പ്, ഫർള്-സുന്നത്ത് നിസ്‌കാരങ്ങൾ, ഖുർആൻ പാരായണം, ദാനധർമം, ഇഅ്തികാഫ്, നോമ്പ് തുറപ്പിക്കൽ തുടങ്ങി ഓരോ കർമത്തിന്റെയും പ്രതിഫലങ്ങൾ വളരെ വലുതാണ്. എന്നാൽ തറാവീഹ് ഒഴികെയുള്ളവയെല്ലാം റമളാനിന് ശേഷവും തുടരുന്ന പുണ്യകർമങ്ങളാണ്. റമളാനിൽ ഊതിക്കാച്ചി സംസ്‌കരിച്ചെടുത്ത മനസ്സിനുള്ളിൽ തുടർജീവിതത്തിന്റെ ആസൂത്രണങ്ങളുണ്ടാവണം. പിശാചിന്റെ ദുർബോധനവും വികാരങ്ങളും വലിച്ചെറിഞ്ഞ് ശുദ്ധമായ മനസ്സിൽ ഇസ്‌ലാമിലെ ആരാധന കർമങ്ങളുടെ അകക്കാമ്പ് മുളപൊട്ടണം.
റമളാനിലെ നിർബന്ധ വ്രതത്തിന് പുറമെ ഐച്ഛിക നോമ്പുകൾ നിർദേശിച്ചതിലൂടെ ഇസ്‌ലാം മുന്നോട്ട് വെക്കുന്ന കാഴ്ചപ്പാടുകൾക്ക് വളരെ അർഥമുണ്ട്. റമളാനിൽ സ്വാംശീകരിച്ച പരിശുദ്ധയുടെ തുടർച്ചയാണ് ഐച്ഛിക വ്രതത്തിലൂടെ മതം ലക്ഷ്യമിടുന്നത്. അടുക്കും അച്ചടക്കവും സംസ്‌കരണവുമുള്ള മനസ്സും ശരീരവും സദാ നിലനിർത്തി ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സുന്നത്ത് നോമ്പുകളിലൂടെ സാധിക്കുമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.
വിശുദ്ധ റമളാനിന് ശേഷം വ്രതം പുണ്യമുള്ള മാസങ്ങളാണ് ദുൽഖഅ്ദ്, ദുൽഹജ്ജ്, മുഹർറം, റജബ് എന്നിവ. സുന്നത്ത് നോമ്പുകളിൽ പ്രധാനമാണ് ദുൽഹജ്ജ് ഒമ്പതിന്റെ നോമ്പ്. കഴിഞ്ഞ് പോയതും ശേഷമുള്ളതുമായ വർഷങ്ങളിലെ ദോഷങ്ങൾ പൊറുപ്പിക്കുമെന്ന പുണ്യം ഈ നോമ്പിനുണ്ട്. ‘ദുൽഹജ്ജ് ഒമ്പതിന്റെ നോമ്പ് കഴിഞ്ഞ വർഷത്തെയും വരുന്ന വർഷത്തെയും ദോഷങ്ങൾ പൊറുപ്പിക്കുമെന്ന് അല്ലാഹുവിൽ നിന്ന് ഞാൻ പ്രതിഫലമായി പ്രതീക്ഷിക്കുന്നു’ എന്ന് നബി(സ്വ) പറഞ്ഞതായി ഇമാം മുസ്‌ലിം(റ) ഉദ്ധരിക്കുന്നതു കാണാം. അതോടൊപ്പം ദുൽഹജ്ജ് എട്ടിന് കൂടി നോമ്പെടുക്കാൻ പ്രത്യേകം നിർദേശമുണ്ട്.
ദുൽഹജ്ജിലെ ആദ്യ പത്ത് ദിവസത്തെ ആരാധനകൾക്ക് വലിയ മഹത്ത്വങ്ങളുണ്ട്. സൂറത്തുൽ ഫജ്‌റിന്റെ ആമുഖത്തിലെ ‘പത്ത് രാത്രികൾ തന്നെ സത്യം’ എന്ന് പറഞ്ഞത് ദുൽഹജ്ജിലെ ആദ്യ പത്ത് ദിനങ്ങളാണെന്ന് വ്യാഖ്യാനമുണ്ട്.
റമളാൻ നോമ്പിന് മുമ്പ് തന്നെ നിർദേശിക്കപ്പെട്ട നോമ്പാണ് ആശുറാഅ് നോമ്പ് (മുഹർറം പത്ത്). ആശുറാഅ് നോമ്പ് കഴിഞ്ഞ ഒരു വർഷത്തെ ദോഷങ്ങൾ പൊറുപ്പിക്കുമെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട് (മുസ്‌ലിം 196). ആശുറാഇനോടൊപ്പം മുഹർറം ഒമ്പതിനും പതിനൊന്നിനും വ്രതമെടുക്കണമെന്ന് ഹദീസിലുണ്ട്. ‘നിങ്ങൾ മുഹർറം പത്തിന് വ്രതമെടുക്കുക. ജൂതന്മാരോട് എതിരാവുക. പത്തിന്റെ ഒരു ദിവസം മുമ്പും ശേഷവും കൂടി നോമ്പെടുക്കുക (അഹ്‌മദ്). ഈ മൂന്ന് ദിവസവും നോമ്പ് സുന്നത്താണെന്ന് ഇമാം ശാഫിഈ(റ) ഉമ്മിലും ഇംലാഇലും പറഞ്ഞിട്ടുണ്ട്.
റമളാൻ വ്രതത്തോടൊപ്പം ശവ്വാലിലെ ആറ് നോമ്പിന് ഒരു വർഷത്തെ നോമ്പിന്റെ പ്രതിഫലമുണ്ട്. ശവ്വാലിൽ എപ്പോഴെങ്കിലും ആറ് ദിവസം നോമ്പെടുത്താലും ആറ് നോമ്പിന്റെ അടിസ്ഥാന സുന്നത്ത് ലഭിക്കുമെങ്കിലും ചെറിയ പെരുന്നാളിനോട് ചേർന്നുള്ള ആറ് ദിവസങ്ങളാണ് ഏറ്റവും പുണ്യകരം.
എല്ലാ മാസത്തിലുമുള്ള നോമ്പിനെ കുറിച്ച് ഹദീസുകളിൽ നിരവധി പ്രതിപാദ്യങ്ങളുണ്ട്. അബൂഹുറൈറ(റ) പറയുന്നു: തിരുനബി(സ്വ) എന്നോട് മാസത്തിൽ നോമ്പ് പിടിക്കാനും ളുഹാ നിസ്‌കരിക്കാനും ഉറങ്ങുന്നതിന് മുമ്പ് വിത്ർ നിസ്‌കരിക്കാനും വസ്വിയ്യത്ത് ചെയ്തു (ബുഖാരി). റസൂൽ(സ്വ) ഞങ്ങളോട് എല്ലാ മാസത്തിലും പതിമൂന്ന്, പതിനാല്, പതിനഞ്ച് ദിവസങ്ങളിൽ നോമ്പെടുക്കാൻ കൽപ്പിച്ചിരുന്നുവെന്ന് മഹാന്മാരായ സ്വഹാബികൾ പറഞ്ഞതായി അബൂദാവൂദ് ഉദ്ധരിക്കുന്നുണ്ട്. ഈ ദിവസങ്ങളിലെ നോമ്പുകളുടെ കാര്യത്തിൽ തിരുദൂതർ പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്നതും ഹദീസുകളിലുണ്ട്. അയ്യാമുൽ ബീള് എന്നാണ് ഈ ദിവസങ്ങൾ അറിയപ്പെടുന്നത്. ചന്ദ്രൻ പൂർണമായി കാണപ്പെടുന്ന ദിവസങ്ങളാണിവ. ഇതിന് പുറമെ മാസത്തിന്റെ അവസാന മൂന്ന് ദിവസങ്ങളായ 28, 29, 30 ദിവസങ്ങളിൽ നോമ്പെടുക്കുന്നതും സുന്നത്താണ് (ഫത്ഹുൽ മുഈൻ).
തിങ്കൾ, വ്യാഴം നോമ്പുകൾ അനുഷ്ഠിക്കുന്നതിൽ പ്രവാചകർ(സ്വ) പ്രത്യേക ശ്രദ്ധ കാണിച്ചിരുന്നു. അവിടന്ന് പറഞ്ഞു: ‘തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് കർമങ്ങൾ അല്ലാഹുവിലേക്ക് ഉയർത്തപ്പെടുന്നത്. എന്റെ കർമങ്ങൾ നോമ്പുകാരനായിരിക്കെ ഉയർത്തപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു (തുർമുദി). തിങ്കളാഴ്ച നോമ്പിനാണ് വ്യാഴാഴ്ചയിലേതിനേക്കാൾ മഹത്ത്വമുള്ളത്. തിരുനബി(സ്വ)യെ പ്രസവിച്ചതടക്കം പ്രധാന സംഭവങ്ങളെല്ലാം നടന്നത് തിങ്കളാഴ്ചയാണ്.
യുദ്ധം നിഷിദ്ധമാക്കിയ നാല് മാസങ്ങളിലെ നോമ്പിന് പ്രത്യേകം പുണ്യങ്ങൾ ഹദീസിൽ കാണാം. അതിന് ശേഷം കൂടുതൽ പവിത്രത ശഅ്ബാൻ മാസത്തിലെ നോമ്പിനാണ്. ആഇശ(റ)യിൽ നിന്ന്: തിരുനബി(സ്വ) പൂർണമായി നോമ്പനുഷ്ഠിച്ചിരുന്നത് റമളാനിലാണ്. കൂടുതൽ ദിവസങ്ങളിൽ നോമ്പെടുത്തിരുന്നത് ശഅ്ബാനിലും (ബുഖാരി, മുസ്‌ലിം). മിഅ്‌റാജ്, ബറാഅത്ത് ദിനങ്ങൾ നോമ്പ് സുന്നത്തുള്ള ദിവസങ്ങളാണ്.
നോമ്പിന്റെ മഹത്ത്വവും അകക്കാമ്പും ഉൾക്കൊണ്ട് സ്വഹാബികൾ കൂടുതൽ നോമ്പെടുക്കുന്നവരായിരുന്നു. അല്ലാഹുവുമായി കൂടുതൽ അടുക്കാനും സ്വശരീരത്തെ കീഴ്‌പ്പെടുത്തിയും മാനസിക ദുർമേദസ്സുകളെ വിപാടനം ചെയ്തും പരിശുദ്ധിയിൽ ജീവിക്കാൻ നോമ്പ് ഫലപ്പെടുമെന്ന നിലക്കാണ് സ്വഹാബത്ത് നോമ്പിനെ സമീപിച്ചിരുന്നത്. എല്ലാ ദിവസവും വ്രതമെടുക്കാൻ നബിയോട് സമ്മതം ചോദിച്ച സ്വഹാബികളുണ്ട്. ഹംസതുബ്‌നു അംർ(റ) നബി(സ്വ)യോട് ചോദിച്ചു: എല്ലാ ദിവസവും നോമ്പെടുക്കാൻ കഴിയുന്നയാളാണ് ഞാൻ. ഞാൻ അങ്ങനെ ചെയ്യട്ടേ? അവിടന്ന് പറഞ്ഞു: കഴിയുമെങ്കിൽ അങ്ങനെ ചെയ്‌തോളൂ (ബുഖാരി). നോമ്പ് നിരോധിക്കപ്പെട്ട ദിനങ്ങൾ ഒഴിവാക്കി ബാക്കിയുള്ള മുഴുവൻ ദിവസവും നോമ്പ് പതിവാക്കിയിരുന്നവരുടെ ത്യാഗചരിത്രങ്ങൾ നിരവധിയുണ്ട്.
റമളാനാനന്തര ഘട്ടത്തിലും ഐച്ഛിക നിസ്‌കാരങ്ങളുടെ കാര്യത്തിൽ നല്ല ശ്രദ്ധ വേണം. നിർബന്ധ നിസ്‌കാരങ്ങളുടെ കുറവുകൾ പരിഹരിക്കാൻ നിർദേശിക്കപ്പെട്ട സുന്നത്ത് നിസ്‌കാരങ്ങൾക്ക് വലിയ പുണ്യമാണുള്ളത്. കൂട്ടത്തിൽ ഏറ്റവും ശ്രേഷ്ഠത സുബ്ഹിക്ക് മുമ്പുള്ള രണ്ട് റക്അത്തിനാണ്. തിരുദൂതർ(സ്വ) അരുളി: ‘സുബ്ഹിയുടെ മുമ്പുള്ള രണ്ട് റക്അത്ത് നിസ്‌കാരം ഭൗതിക ലോകത്തേക്കാളും അവയിലുള്ളതിനേക്കാളും ഉത്തമമാണ്’ (മുസ്‌ലിം).
ളുഹാ നിസ്‌കാരം വലിയ ശ്രേഷ്ഠകർമമാണ്. പ്രവാചകന്മാരുടെ നിസ്‌കാരമാണത്. നിരവധി ഹദീസുകൾ ഇത് സംബന്ധമായി കാണാം. ഇപ്രകാരം വളരെ പുണ്യമുള്ള നിസ്‌കാരമാണ് സ്വലാത്തുൽ അവ്വാബീൻ. ഇശാ-മഗ്‌രിബിനിടയിലാണ് ഇതിന്റെ സമയം. ആത്മജ്ഞാനികൾ പ്രത്യേകം ശ്രദ്ധിച്ചിരുന്ന നിസ്‌കാരമാണിത്. സൂറത്തുസ്സജദയുടെ 10ാം വചനത്തിൽ (കിടക്കുന്ന വിരിപ്പുകളിൽ നിന്ന് അവരുടെ പാർശ്വങ്ങൾ അകന്ന് പോകും എന്ന് ആശയം) പരാമർശിച്ചത് അവ്വാബീൻ നിസ്‌കാരത്തെ കുറിച്ചാണെന്ന് ഇമാം ഗസ്സാലി(റ) പറയുന്നുണ്ട്. അബൂഹുറൈറ(റ)വിൽ നിന്ന്: നബി(സ്വ) പറയുകയുണ്ടായി; മഗ്‌രിബിന് ശേഷം ഒരാൾ ആറ് റക്അത്ത് നിസ്‌കരിച്ചാൽ പൂർണമായ ഒരു വർഷത്തെ നിസ്‌കാരം പോലെയാണ് (ഇഹ്‌യ).
രാത്രിയിലെ അവസാന നിസ്‌കാരമാണ് വിത്ർ. ഏറ്റവും കുറഞ്ഞത് ഒരു റക്അത്തും പൂർണതയിൽ കുറഞ്ഞത് മൂന്നുമാണ്. നബി(സ്വ) അരുളി: പ്രതാപിയും ഉന്നതനുമായ അല്ലാഹു നിങ്ങളെ ഒരു പ്രത്യേക നിസ്‌കാരം കൊണ്ട് അനുഗ്രഹിച്ചിട്ടുണ്ട്. അത് നിങ്ങൾക്ക് ചുവന്ന ഒട്ടകത്തേക്കാൾ ഉത്തമമാണ്. അതാണ് വിത്ർ നിസ്‌കാരം. ഇശാഇനും പ്രഭാതം വെളിപ്പെടുന്നതിനുമിടയിലുള്ള സമയമാണ് വിത്‌റിന്റേത് (അബൂദാവൂദ്, തുർമുദി).
രാത്രിയിലെ അതിപ്രധാന നിസ്‌കാരമാണ് തഹജ്ജുദ്. ഖുർആനിലും ഹദീസിലും ഇത് സംബന്ധമായി ധാരാളം പ്രോത്സാഹന വചനങ്ങളുണ്ട്. ഇബ്‌നു ഉമർ(റ)വിൽ നിന്ന്: നബി(സ്വ) പറഞ്ഞു: അബ്ദുല്ല നല്ല വ്യക്തിയാണ്. അദ്ദേഹം തഹജ്ജുദ് നിസ്‌കരിച്ചിരുന്നുവെങ്കിൽ കൂടുതൽ നന്നായിരുന്നു (ബുഖാരി, മുസ്‌ലിം). ജ്ഞാനികളും അജ്ഞരും തുല്യരാണോ (ഖുർആൻ 39/9) എന്ന് അല്ലാഹു ചോദിക്കുന്നുണ്ട്. ഈ വചനത്തെ ഇമാം സുഹ്‌റ വർദി(റ) ഇങ്ങനെ വ്യാഖ്യാനിച്ചു: ഇവിടെ ജ്ഞാനികളെന്ന് പറഞ്ഞത് രാത്രിയിൽ എഴുന്നേറ്റ് നിസ്‌കരിക്കുന്നവരെ കുറിച്ചാണ്. ജ്ഞാനവും ബോധവും ഉള്ളതുകൊണ്ടാണ് ദേഹേച്ഛകളുടെ വികാരങ്ങൾക്ക് വിധേയപ്പെടാതെ ശയ്യയിൽ നിന്ന് അവർ ഉയരുന്നത്.
കാരണബന്ധിതമായ സുന്നത്ത് നിസ്‌കാരങ്ങളും നിർദേശിക്കപ്പെട്ടിട്ടുണ്ട്. ചന്ദ്രഗ്രഹണം, സൂര്യഗ്രഹണം, മഴക്ക് വേണ്ടിയുള്ള നിസ്‌കാരം, തഹിയ്യത്ത്, വുളൂഇന്റെ ശേഷമുള്ള രണ്ട് റക്അത്ത്, വീട്ടിൽ നിന്ന് പുറപ്പെടുമ്പോഴും പ്രവേശിക്കുമ്പോഴുമുള്ള രണ്ട് റക്അത്ത് തുടങ്ങിയവയാണത്. റമളാൻ സ്‌പെഷ്യൽ തറാവീഹ് ഒഴിച്ചാൽ മുകളിൽ പരിചയപ്പെടുത്തിയവയെല്ലാം അതാതു സന്ദർഭങ്ങളിൽ സുന്നത്താണ്.
തഖ്‌വയുടെ നിർമിതിയാണ് റമളാനിൽ നടന്നത്. അതിന്റെ പ്രതിഫലനങ്ങൾ തുടർന്നുള്ള ജീവിതത്തിലും സാധ്യമാകുമ്പോഴാണ് റമളാനിന് സാംഗത്യമുണ്ടാവുക. കുടുംബ സാമൂഹിക-ബന്ധങ്ങളിൽ, വ്യക്തിജീവിതത്തിൽ, പരസ്പര ബന്ധങ്ങളിലെല്ലാം വിശുദ്ധ ജീവിതത്തിന്റെ അടയാളങ്ങളാണുണ്ടാവേണ്ടത്.
സ്രഷ്ടാവുമായുള്ള ബന്ധങ്ങൾ പാലിക്കുന്നിടത്ത് വിജയിക്കുകയും സൃഷ്ടികളുമായുള്ള ബന്ധങ്ങളിൽ ഉഴലുകയും ചെയ്യുന്നത് ശരിയല്ല. ആരാധന കർമങ്ങൾ സ്വീകരിക്കുന്നിടത്ത് പോലും മനുഷ്യബന്ധങ്ങളുടെ ഏറ്റക്കുറച്ചിലുകൾക്ക് സ്വാധീനമുണ്ടെന്നത് സഗൗരവം മനസ്സിലാക്കേണ്ടതുണ്ട്. ജമാഅത്ത് നിസ്‌കാരങ്ങളും സ്വദഖയുമെല്ലാം കൃത്യമായി നിർവഹിക്കുന്നു, പക്ഷേ അവയൊക്കെ നഷ്ടപ്പെടുത്തുന്നതാണ് ജീവതമെങ്കിലോ!? ഗീബത്തും നമീമത്തും കളവും വഞ്ചനയും കള്ളത്തരങ്ങളും പിണക്കങ്ങളും പലിശയുമൊക്കെയായി ജീവിക്കുമ്പോൾ ചോർന്നുപോവുന്നത് നന്മയുടെ പ്രതിഫലങ്ങളാണ്.
സങ്കുചിതത്വങ്ങൾ, വികല ധാരണകൾ, സ്വാർഥ ചിന്തയിലൂന്നിയ അഹങ്കാരം, അന്യനെ വെറുക്കുന്ന അസൂയ തുടങ്ങിയ ദുർഗുണങ്ങൾ വിശ്വാസിയുടെ മനസ്സിൽ നിന്ന് കൊഴിഞ്ഞ് പോവണം. മനസ്സ് നിഷ്‌കപടമാവണം. അത്തരം മനസ്സിൽ നിന്നാണ് തഖ്‌വയുടെയും ഇബാത്തിന്റെയും നാമ്പുകൾ പൊട്ടിമുളക്കുക.
റമളാനാനന്തര ജീവിതത്തിലെ ഇസ്‌ലാമിനും ഈമാനിനും ജീവനുണ്ടാവണം, കേവലം ഏർപ്പാടാവരുത് ഒന്നും. ഇബാദത്തുകൾ പ്രകടനങ്ങളാവാതെ മധുരവും രുചിയുമുള്ളതാക്കണം. തഖ്‌വയിലൂടെ നേടിയെടുക്കാൻ സാധിക്കുന്നതാണ് ഇബാദത്തിന്റെ മധുരവും മഹത്ത്വവും. ആത്മജ്ഞാനികൾ തഖ്‌വയുടെ പ്രതിഫലനങ്ങൾ എണ്ണിപ്പറയുന്നത് ശ്രദ്ധിച്ചാൽ അത് ബോധ്യപ്പെടും. സൂക്ഷ്മത, ക്ഷമ, സഹനം, നന്ദി, സമർപ്പണം, നിരീക്ഷണം, തൃപ്തി, ആത്മാർഥത, ലജ്ജ, സൽസ്വഭാവം, ധർമം, പ്രാർഥന, അച്ചടക്കം, സഹവാസം, ഭക്തി, താഴ്മ, ഭയം, പ്രപഞ്ചപരിത്യാഗം, പരിശ്രമം, പശ്ചാത്താപം, പ്രതീക്ഷ, തിന്മ വിപാടനം, സുജീവിതം തുടങ്ങിയ സവിശേഷതകൾ മുഖമുദ്രയാക്കുമ്പോഴേ ജീവിതം തഖ്‌വയിലൂടെ സഞ്ചരിക്കൂ എന്ന് ആത്മജ്ഞാനികൾ ഉപദേശിക്കുന്നു.
റമളാനിൽ നേടിയെടുത്ത ആത്മസംസ്‌കരണം പുതിയ നന്മ ജീവിതത്തിന് സഹായകമാവണം. എല്ലാ തിന്മകളിൽ നിന്നും പൂർണമായി വിട്ടുനിൽക്കുക, നന്മകളുടെ കാവൽക്കാരനായി സ്വന്തത്തെ പരിവർത്തനം ചെയ്യുക എന്നതാവട്ടെ ഇനിയുള്ള തുടർജീവിതം.

അബ്ദുറഹ്‌മാൻ ദാരിമി സീഫോർത്ത്

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ