കേരളീയ മുസ്‌ലിം നവോത്ഥാനം പല അടരുകളുള്ള അവിരാമ പ്രക്രിയയാണ്. അതിപ്പോഴും അവസാനിച്ചിട്ടില്ല. കാലവും സാങ്കേതികതയും മാറുന്നതിനനുസൃതമായി അതിന്റെ പ്രയോഗങ്ങളിൽ മാറ്റമുണ്ടാകുന്നു എന്നതൊഴിച്ചുനിർത്തിയാൽ നവോത്ഥാന പ്രക്രിയ ഒരിക്കലും നിലച്ചുപോകില്ല. സമൂഹം പാടെ നിശ്ചലമായിപ്പോകുന്ന ഒരു ഘട്ടത്തിൽ മാത്രമേ നവോത്ഥാനത്തിന് വിരാമമാവുകയുള്ളൂ. ഒരു സമൂഹം ഒന്നാകെ നിശ്ചലമാവുകയെന്നത് അസംഭവ്യമാണ്. അതുകൊണ്ടാണ് പറയുന്നത്, നവോത്ഥാനത്തിനു തുടർച്ചകളുണ്ടായേ പറ്റൂ. അത് എങ്ങനെ, ആരിലൂടെ എന്നതൊക്കെ കൂടുതൽ വിശകലനങ്ങൾ അർഹിക്കുന്നുണ്ട്. അതിലേക്ക് കടക്കുന്നതിനു മുമ്പ് മുസ്‌ലിം നവോത്ഥാനംകൊണ്ട് എന്താണ് ഈ കുറിപ്പ് അർത്ഥമാക്കുന്നതെന്ന് വ്യക്തമാക്കേണ്ടതുണ്ട്.
ഇറ്റലിയിൽ ആരംഭിച്ച് യൂറോപ്പിലാകെ വ്യാപിച്ച മാറ്റത്തെയോ ഇന്ത്യയിൽ ഹിന്ദു സമുദായത്തിലുണ്ടായ പരിഷ്‌കരണ പ്രവർത്തനങ്ങളെയോ മുൻനിറുത്തി കേരള മുസ്‌ലിം ജീവിതത്തിലുണ്ടായ മാറ്റങ്ങളെ വിലയിരുത്തുന്നത് ഭീമാബദ്ധമാകും. യൂറോപ്പിൽ സംഭവിച്ചത് യാഥാസ്ഥിതിക ക്രൈസ്തവ സഭയുടെ അധീശത്വത്തിനെതിരായ സർഗാത്മക കലാപമായിരുന്നു. ഇന്ത്യയിൽ അതിന്റെ സ്വഭാവം, കീഴാളരെ മനുഷ്യരായിപോലും പരിഗണിക്കാതിരുന്ന ബ്രാഹ്‌മണവ്യവസ്ഥക്കെതിരായ രോഷമായിരുന്നു. കേരളീയ മുസ്‌ലിം ജീവിതം തികച്ചും ഭിന്നമായിരുന്നു എന്നതുകൊണ്ടുതന്നെ ഈ വക ചരിത്രങ്ങളെ ചേർത്തുവെച്ചുകൊണ്ട് മുസ്‌ലിം നവോത്ഥാനം ചർച്ചക്കെടുക്കുന്നത് ഭൂഷണമല്ല. അധികാരരൂപമാർജിച്ച സാമൂഹിക പ്രതിനിധാനമായോ മനുഷ്യരെ തൊഴിലിന്റെയും നിറത്തിന്റെയും പേരിൽ അകറ്റിനിർത്തിയ ഹിംസയായോ ചരിത്രത്തിൽ ഒരിടത്തും മുസ്‌ലിമിനെയോ ഇസ്‌ലാമിനെയോ നമ്മൾ കാണില്ല. മനുഷ്യോന്മുഖമായിരുന്നു ഇസ്‌ലാമിന്റെ സഹജ പ്രകൃതം. കറുപ്പിലും വെളുപ്പിലും കണ്ണുടക്കി സ്തംഭിച്ചുപോകാത്ത മാനവികതയാണ് ഇസ്‌ലാമിന്റെ സർവകാല പ്രമേയം. തൊട്ടുകൂടായ്മയോ കണ്ടുകൂടായ്മയോ ഇസ്‌ലാമിന്റെ രീതിയല്ല. അപ്പോൾപിന്നെ നമ്മൾ നവോത്ഥാനത്തെ എങ്ങനെയാണു അടയാളപ്പെടുത്തുന്നത്? ഇല്ലായ്മയുടെ ഭൂതകാലത്തും സമൃദ്ധിയുടെ സമകാലത്തും ഒരേ മനസ്സോടെ സാമൂഹിക വികാസം സാധ്യമാക്കാൻ അതതു കാലത്തെ വിശ്വാസികളും അവരുടെ നേതൃത്വവും നടത്തിയ സഫല പരിശ്രമങ്ങളെയാണ് ഇവിടെ നവോത്ഥാനംകൊണ്ട് വിവക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ എന്തായിരുന്നു മുസ്‌ലിം സാമൂഹിക ജീവിതത്തിന്റെ ഭൂതകാല സ്വഭാവം? ആരായിരുന്നു അവരുടെ നേതാക്കൾ?
കേരളത്തിൽ മുസ്‌ലിം വിശ്വാസി ജീവിതം ഏതു കാലത്ത് തുടങ്ങി, അതിന്റെ തുടക്കക്കാർ ആരാണ് എന്നതിൽ ചരിത്രകാരന്മാർക്കിടയിൽ അഭിപ്രായഭേദങ്ങളുണ്ട്. ഏതായാലും പള്ളി കേന്ദ്രീകരിച്ചുള്ള സാമൂഹിക ജീവിതത്തിനു തുടക്കം കുറിക്കുന്നത് എഡി 629ലാണ്. ആ വർഷമാണ് ഇന്ത്യയിലെതന്നെ ആദ്യത്തെ മുസ്‌ലിം പള്ളി കൊടുങ്ങല്ലൂരിൽ സ്ഥാപിതമാകുന്നത്. മുസ്‌ലിം സാമൂഹികതയുടെ കേന്ദ്രസ്ഥാനമാണ് പള്ളികൾക്കുള്ളത്. സമീപ വർഷങ്ങളിൽതന്നെ മറ്റു പലയിടങ്ങളിലും പള്ളികൾ നിർമിക്കപ്പെടുന്നു. അവിടെങ്ങളിലെല്ലാം മുസ്‌ലിം നാഗരികത (നഗരകേന്ദ്രിത ജീവിതം എന്ന അർഥത്തിലല്ല ഈ പ്രയോഗം) അതിന്റെ സകല സൗകുമാര്യതയോടെയും രൂപപ്പെടുന്നു. ആ നാഗരികതയിൽ അപരദ്വേഷമില്ല, അസ്പൃശ്യതയില്ല, അസഹിഷ്ണുതയും അന്യവൽകരണവുമില്ല. വ്യാപാര മേഖലയിൽ മുസ്‌ലിം പ്രതാപ കാലമായിരുന്നു അത്. കച്ചവടത്തിൽ വഞ്ചനയില്ല, കൊള്ളലാഭമില്ല, പൂഴ്ത്തിവെപ്പില്ല, പിടിച്ചുപറിയും മോഷണവുമില്ല. സത്യത്തിനു നിരക്കാത്തതൊന്നുമില്ല. അന്നുവരെ അനുവർത്തിച്ച ജീവിതത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായൊരു സംസ്‌കാരത്തിലേക്ക് കേരളം പിച്ചവെക്കുകയാണ്, ഇസ്‌ലാം ഈ ദേശത്തിന്റെ കൈപിടിക്കുകയാണ്. മതദ്വേഷമില്ലാതെ ഇന്നാട്ടുകാർ മുസ്‌ലിം പ്രബോധകർക്ക് എല്ലാ സഹായവും നൽകുന്നതും കാണാം. കേരളത്തിന്റെ സാമൂഹികബോധത്തെ ഇസ്‌ലാം മാറ്റിപ്പണിഞ്ഞ ഇക്കാലം പക്ഷേ നമ്മുടെ നവോത്ഥാന ചരിത്രങ്ങളിലൊന്നും പരാമർശിക്കപ്പെടാറില്ല. കടൽ കടന്നെത്തിയവർക്കു തദ്ദേശീയർ വെച്ചുനീട്ടിയ ഇളനീർ മധുരത്തിൽ ചരിത്രം അവസാനിച്ചുപോകുന്നതാണ് ഇന്നോളം വായിച്ച പുസ്തകങ്ങളിൽ കണ്ടിട്ടുള്ളത്.
പള്ളികൾ കേന്ദ്രീകരിച്ചു തുടങ്ങിയ സാമൂഹിക വികാസം പിന്നീടിങ്ങോട്ട് പതിയെപ്പതിയെ ശക്തിപ്പെടുന്നു. 1921ലെ മലബാർ സമരത്തിനുശേഷമുള്ള ഏതാനും പതിറ്റാണ്ടുകളിൽ അനിവാര്യമായ കാരണങ്ങളാൽ അതിനു വേഗം കുറയുന്നുണ്ട്. എങ്കിൽപോലും പ്രശ്‌നസങ്കീർണതകളുടെ ആ കാലത്തുപോലും അത് പാടേ നിലച്ചുപോയിട്ടില്ല.
കേരളീയ മുസ്‌ലിം ജീവിതത്തെ ആഴത്തിൽ സ്വാധീനിച്ചത് രണ്ടു കൂട്ടരാണ്: സയ്യിദുമാരും ഉലമാക്കളും. മുഹമ്മദ് നബി(സ്വ)യുടെ പേരക്കുട്ടികൾ എന്ന നിലക്ക് എല്ലാ ആദരവും നൽകിയാണ് വിവിധ നാടുകളിൽ നിന്നെത്തിയ സയ്യിദുമാരെ തദ്ദേശീയ വിശ്വാസികൾ സ്വീകരിച്ചത്. മലയാളി മുസ്‌ലിംകൾ പുലർത്തിപ്പോരുന്ന ആത്മീയനിഷ്ഠകളുടെ വേരുകൾ ചെന്നെത്തുന്നത് സയ്യിദുമാരിലേക്കാണ്. ഓരോ കാലത്തും സമുദായത്തിന് നേതൃത്വം നൽകിയ ഉലമ(ജ്ഞാനി)കളാണ് മുസ്‌ലിംജീവിതത്തെ വൈജ്ഞാനികമായി വഴിനടത്തിയത്. ആ കൂട്ടത്തിൽ വിശ്രുതരാണ് മഖ്ദൂം പണ്ഡിതന്മാർ. ശൈഖ് സൈനുദ്ദീൻ മഖ്ദൂം(റ) ഒന്നാമൻ പൊന്നാനിയിൽ എത്തുന്നതിനു മുമ്പ് ഏഴിമല ഉൾപ്പടെ ചില പ്രദേശങ്ങളിൽ പള്ളിദർസുകൾ നടക്കുന്നുണ്ടായിരുന്നുവെങ്കിലും ദർസിനെ ജനകീയമാക്കുന്നത് മഖ്ദൂം പണ്ഡിതരാണ്. മലബാറിന്റെ മക്ക എന്ന് വിശ്രുതമാകുവോളം മഹത്തായ ജ്ഞാനദേശമായി പൊന്നാനിയെ മാറ്റുന്നുണ്ട് ഇവർ. ’15ാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ പൊന്നാനിയിൽ അധിവാസമുറപ്പിച്ച മഖ്ദൂം കുടുംബമാണ് പൊന്നാനിയെ ഒരു ഇസ്‌ലാമിക വിജ്ഞാന കേന്ദ്രമായി ഉയർത്തിക്കൊണ്ടുവന്നത്. അങ്ങനെ പൊന്നാനി ‘ചെറിയ മക്ക’ എന്ന പേരിൽ വിഖ്യാതമാവുകയും ചെയ്തു’ (പ്രൊഫ. കെവി അബ്ദുറഹ്‌മാൻ, മലബാർ: പൈതൃകവും പ്രതാപവും).
മഖ്ദൂംകാലത്തെ പൊള്ളുന്ന രാഷ്ട്രീയ പ്രശ്‌നമായി മലബാറിലേക്ക് പറങ്കികളുടെ അധിനിവേശമുണ്ടാകുന്നു. അവർ കച്ചവടത്തിനാണു വന്നത്. പക്ഷേ അത് മാത്രമായിരുന്നില്ല ലക്ഷ്യം. അവർക്കൊപ്പം മിഷനറിമാരുണ്ടായിരുന്നു എന്നതിൽ നിന്നുതന്നെ അത് വ്യക്തമാണ്. മലബാറിനെ ക്രൈസ്തവവൽകരിക്കാൻ ലക്ഷ്യമിട്ടാണ് അവരെത്തിയത്. അറബി വ്യാപാരികൾക്ക് അന്ന് കോഴിക്കോട്ടുണ്ടായിരുന്ന മേൽക്കൈ തകർക്കാനുള്ള നീക്കം പോലും മതാത്മകമായിരുന്നു എന്ന് കരുതുന്നതിൽ തെറ്റില്ല. പറങ്കികളുടെ രാഷ്ട്രീയ സ്വപ്നങ്ങളെ ധീരമായി ചെറുത്തുനിന്നില്ലായിരുന്നുവെങ്കിൽ കേരളം മറ്റൊരു ഗോവ ആയി മാറുമായിരുന്നു. ആ ചെറുത്തുനിൽപിൽ സാമൂതിരിക്കൊപ്പം ഉറച്ചുനിന്നു ശൈഖ് സൈനുദ്ദീൻ മഖ്ദൂം(റ).
മഖ്ദൂംകാലത്തുതന്നെയാണ് അറബി മലയാളം ഒരു സാംസ്‌കാരിക വിപ്ലവമായി മലയാളി മുസ്‌ലിം സാമൂഹികതയുടെ അരികുപറ്റി തിടംവെക്കുന്നത്. ‘കേരളീയ ഇസ്‌ലാമിന്റെ സാഹിത്യ ശാഖയായി അറബി മലയാളം വികസിച്ചുവരികയും ഗദ്യ-പദ്യ വിഭാഗങ്ങളിലായി നിരവധി അറബി മലയാള സാഹിത്യ കൃതികൾ രചിക്കപ്പെടുകയും ചെയ്തു. പൊന്നാനിയിലെ മഖ്ദൂമുമാർ തന്നെയാണ് അറബി മലയാളത്തിന്റെ ജനയിതാക്കൾ. മാപ്പിള ഭാഷ എന്നും ഇതറിയപ്പെട്ടു’ (ഡോ. ഹുസൈൻ രണ്ടത്താണി, മലബാറിലെ മുസ്‌ലിംകളും ഇടതുപക്ഷവും).
‘വ്യാപാരികളായ അറബികൾക്ക് തദ്ദേശീയരായ സഹായികളും ഇടനിലക്കാരുമായും ആശയവിനിമയം ചെയ്യുന്നതിനും ഈ സങ്കരഭാഷയല്ലാതെ മറ്റൊരുപാധിയും ഉണ്ടായിരുന്നുമില്ല. ഉപജീവന സാധ്യതയിലെ ഈ അനുപേക്ഷണീയ ഘടകങ്ങളാണ് അറബി മലയാളമെന്ന സങ്കരഭാഷയുടെ ഉൽപത്തിക്ക് തുടക്കം കുറിച്ചത്’ (ബാലകൃഷ്ണൻ വള്ളിക്കുന്ന്-മാപ്പിള ഭാഷ: അറബി മലയാളത്തിൽ നിന്ന് ശ്രേഷ്ഠ മലയാളത്തിലേക്ക്).
ഒരു ഭാഷ എങ്ങനെയൊക്കെയാണ് നവോത്ഥാന പ്രക്രിയയിൽ ഇടപെടുക എന്ന ചോദ്യത്തിന് ഉത്തരം കൂടിയാണ് അറബി മലയാളം. നവോത്ഥാനബാഹ്യമായ ഒരു മുസ്‌ലിം ആവിഷ്‌കാരം എന്ന നിലയിൽ അറബി മലയാളത്തെ ചുരുക്കിക്കെട്ടാനുള്ള ശ്രമങ്ങൾ പലപ്പോഴും ഉണ്ടായിട്ടുണ്ട്. കനപ്പെട്ട ഒട്ടേറെ രചനകൾ വെളിച്ചം കാണിച്ച, സർഗാത്മക സാഹിത്യ സൃഷ്ടികൾ പോലും സാധ്യമാക്കിയ ഈ ഭാഷയെക്കുറിച്ച് മലയാളി പൊതുമണ്ഡലത്തിന് പരിമിതമായ അറിവേയുള്ളൂ. മലബാറിലെ മാപ്പിളമാർക്കിടയിലാണ് കൂടുതൽ പ്രചാരവും സ്വീകാര്യതയും ഉണ്ടായിരുന്നത് എന്നതുകൊണ്ടുതന്നെ മലയാളി വരേണ്യതക്ക് പരിഗണിക്കപ്പെടേണ്ട ഒന്നായി അറബി മലയാളം അനുഭവപ്പെട്ടില്ല എന്നും പറയാവുന്നതാണ്.
ഭാഷ എന്നതിലുപരി ഒരു ജനതയുടെ സാംസ്‌കാരിക വെളിപ്പെടൽ എന്ന പ്രാധാന്യമുണ്ട് അറബി മലയാളത്തിന്. അത്തരം വെളിപ്പെടലുകളെ അസഹിഷ്ണുതയോടെ കണ്ടവർ മുസ്‌ലിംകളിൽ തന്നെ ഉണ്ടായിരുന്നു എന്നതും മറച്ചുവെക്കാനാകില്ല. മക്തി തങ്ങൾ അവരിൽ പ്രധാനിയായിരുന്നു.
മുസ്‌ലിംകൾക്കിടയിൽ അറബി മലയാളം പ്രചുരപ്രചാരം നേടിയതിന്റെ മുഖ്യകാരണം അറബി ഭാഷയോടുള്ള അതിന്റെ എഴുത്തുസാമ്യതയായിരുന്നു. അന്നത്തെ മുസ്‌ലിംകൾക്ക് അറബി ഭാഷ വായിക്കാനും എഴുതാനും വശമുണ്ടായിരുന്നു. അവർ ഖുർആനോതും, മൗലിദ് പാരായണം ചെയ്യും. സലഫികൾ പിൽക്കാലത്ത് കള്ളം പറഞ്ഞതുപോലെ, അവർ അക്ഷരാഭ്യാസമില്ലാത്തവരായിരുന്നില്ല. അറബി ഭാഷ അറിയുന്ന സമൂഹത്തിന് അറബി മലയാളം എളുപ്പം വഴങ്ങി. ആ ഭാഷയിൽ എത്രയോ കനപ്പെട്ട രചനകൾ വെളിച്ചം കണ്ടു. ധാരാളം പ്രസിദ്ധീകരണങ്ങൾ പുറത്തുവന്നു. മാപ്പിള സാംസ്‌കാരിക ജീവിതം മനോഹരമായിരുന്നു അക്കാലം. ചുരുക്കത്തിൽ പാരമ്പര്യ മുസ്‌ലിം സമുദായത്തിൽ നടന്നുവന്ന അത്തരത്തിലുള്ള അനേകം സൃഷ്ടിപരമായ പ്രവർത്തനങ്ങളെയും മഹാമുന്നേറ്റങ്ങളെയും അരികിലേക്ക് മാറ്റിവെച്ചുകൊണ്ട് നവോത്ഥാനത്തിന്റെ അവകാശം കയ്യേറ്റെടുക്കാനുള്ള ശ്രമമാണ് പിൽക്കാലത്ത് കേരള വഹാബിസം ചെയ്തത്. അക്കാര്യത്തിൽ അവർക്ക് സാമ്പത്തിക, രാഷ്ട്രീയ പിന്തുണ ഉണ്ടായിരുന്നുവെന്നത് കാര്യങ്ങൾ എളുപ്പമാക്കി. എങ്കിലും ചരിത്രം എക്കാലവും മൂടിവെക്കാനാകില്ലല്ലോ.
കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ നടത്തിപ്പവകാശം കൈയേറ്റെടുത്ത വഹാബിസം അവകാശപ്പെടുന്നത് രണ്ടു കാര്യങ്ങളാണ്. ഒന്ന്: മുസ്‌ലിം സമുദായത്തിലെ അന്ധവിശ്വാസങ്ങൾക്കെതിരെ പോരാടി. രണ്ട്: മുസ്‌ലിം സമുദായത്തിന് അക്ഷരാഭ്യാസം നൽകിയത് തങ്ങളാണ്. എന്താണ് ഈ അന്ധവിശ്വാസം? സമുദായത്തിൽ പാരമ്പര്യമായി തുടർന്നുവന്ന ഉറുക്ക്, മന്ത്രം പോലുള്ള ആചാരങ്ങൾക്കെതിരെ പോരാടി എന്നതാണോ? എങ്കിൽ നവോത്ഥാനത്തിന്റെ പട്ടികയിൽ നിന്ന് ആദ്യം പേര് വെട്ടേണ്ടത് വക്കം അബ്ദുൽ ഖാദർ മൗലവിയുടേതാണ്. അദ്ദേഹത്തെയാണല്ലോ നവോത്ഥാന നായകനായി വഹാബികൾ കൊണ്ടാടുന്നത്. ‘കാലത്ത് ആറര മണിയോടെ ശയ്യാമുറി തുറന്ന് മൗലവി പുറത്ത് വരും. അപ്പോൾ സ്വദേശികളും അയൽദേശവാസികളും ആയി നാനാജാതി മതസ്ഥർ ആബാലവൃദ്ധം വീട്ടിന് പുറത്ത് കാത്ത് നിൽപ്പുണ്ടാകും. എലി, പൂച്ച, ചിലന്തി, പഴുതാര, പേപ്പട്ടി, പാമ്പ് ഇവയിലേതെങ്കിലും കടിച്ചവരായിരിക്കും അവർ. അവർക്കെല്ലാം ഗ്ലാസിൽ ശുദ്ധജലം ‘ഓതിക്കൊടുക്കുക’ അതിരാവിലെയുള്ള ഒരു പ്രഭാത പരിപാടിയാണ്’- വക്കം മൗലവിയുടെ ജീവചരിത്രകാരൻ മുഹമ്മദ് കണ്ണിന്റെ പുസ്തക(വക്കം മൗലവിയും നവോത്ഥാന നായകന്മാരും)ത്തിൽ നിന്നുള്ള വരികളാണിത്. അപ്പോൾപിന്നെ ഏത് അന്ധവിശ്വാസത്തിനെതിരെയാണ് മുജാഹിദുകൾ/ വഹാബികൾ സംസാരിച്ചിട്ടുള്ളത്? വിശുദ്ധ ഖുർആനും സുന്നത്തും ഉൾപ്പെടെയുള്ള മതപ്രമാണങ്ങളിൽ മുസ്‌ലിംകൾ സമ്പൂർണമായി വിശ്വസിക്കുന്നതിനെതിരെയാണ് വഹാബിസം പോരടിച്ചത് എന്ന് ചരിത്രം പഠിച്ചാൽ മനസ്സിലാകും.
ഇനി, മുസ്‌ലിം സമുദായത്തിന്റെ അക്ഷരജ്ഞാനത്തിന്റെ കാര്യം. അവർ ഒരുകാലത്തും നിരക്ഷരരായിരുന്നില്ലല്ലോ. മുസ്‌ലിംകളിലെ സ്ത്രീകൾ പോലും അങ്ങനെ ആയിരുന്നില്ല. വക്കം മൗലവി തന്നെ അദ്ദേഹത്തിന്റെ അൽഇസ്‌ലാം അറബി മലയാളം മാസികയുടെ പ്രഥമ ലക്കത്തിലെ ലേഖനത്തിൽ ഇക്കാര്യം സമ്മതിക്കുന്നുണ്ട്. പള്ളി ദർസുകളിൽ തുടങ്ങി മർകസ് നോളജ് സിറ്റിയോളം എത്തിനിൽക്കുന്ന വൈജ്ഞാനിക, നവോത്ഥാന പരിശ്രമങ്ങൾ സുന്നി മുൻകൈയിലാണ് നടന്നതെന്നതിന് ചരിത്രം മാത്രമല്ല വർത്തമാനവും സാക്ഷിയാണ്. അപ്പോൾ പിന്നെ കേരള വഹാബിസം നടത്തിയ പരിഷ്‌കരണ പ്രവർത്തനങ്ങളുടെ സ്വഭാവം എന്തായിരുന്നു?
വഹാബിസത്തിന്റേത് മുസ്‌ലിം നവോത്ഥാനമായിരുന്നില്ല, പ്രമാണി പരാക്രമങ്ങളായിരുന്നു. സാധാരണക്കാരായ മുസ്‌ലിം ജനസാമാന്യത്തിന്റെ ദാരിദ്രാവസ്ഥയെ ചൂഷണം ചെയ്ത്, അവരെ സലഫിസത്തിലേക്ക് മാർഗം കൂട്ടി, വഴങ്ങാത്തവരെ കായികബലത്തിൽ അടിച്ചൊതുക്കിയാണ് കേരളത്തിൽ എവിടെയും സലഫിസം/വഹാബിസം പിടിമുറുക്കിയത്. ഒരുതരം ഫാഷിസ്റ്റ് സമീപനം. കേരള മൗദൂദിസത്തിന്റെ ആദ്യകാലങ്ങളിൽ ഇക്കാര്യത്തിൽ അവർ സലഫികൾക്ക് കൂട്ടായിരുന്നിട്ടുണ്ട്. നവോത്ഥാനം ഒരു സർഗാത്മക പ്രക്രിയയാണ്, അത് അപരോന്മുഖമാകണം. അസഹിഷ്ണുതയോ അക്രമമോ അതിന്റെ ജീനിൽ ഉണ്ടാകരുത്. ഇവിടെ നടന്നത് അങ്ങനെയാണോ? സുന്നികളുടെ പള്ളികൾ കള്ളരേഖകൾ പടച്ചുണ്ടാക്കി കയ്യേറിയും സുന്നിവിശ്വാസങ്ങളെ ആവതു ദ്രോഹിച്ചുമാണ് വഹാബിസം ഇവിടെ ചുവടുറപ്പിച്ചത്. സമുദായത്തിലെ സമ്പന്നരുടെയും മുസ്‌ലിം രാഷ്ട്രീയ പാർട്ടിയുടെയും നിർലോഭമായ പിന്തുണ ഉണ്ടായിരുന്നില്ലെങ്കിൽ കേരളത്തിൽ വഹാബിസം തന്നെ ഉണ്ടാകുമായിരുന്നില്ല.
പാരമ്പര്യത്തിന്റെ നിഷേധമായിരുന്നു അതിന്റെ ജന്മവാസന. മുഹമ്മദ് നബി(സ്വ)യുടെ ജന്മദിനാഘോഷം പോലും വിലക്കുകയും പള്ളികളിലും വീടുകളിലും അത്തരം സംഗമങ്ങൾ നടക്കുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന പാരമ്പര്യ നിഷേധം സലഫി ഇസ്‌ലാമിസ്റ്റുകൾ കർക്കശമായി തന്നെ പാലിച്ചുപോരുന്നതാണ്. പാരമ്പര്യത്തിൽ നിന്ന് അടർന്നുമാറുമ്പോൾ സ്വേച്ഛ പ്രകാരം മതത്തെ നിർവചിക്കാനുള്ള സൗകര്യമുണ്ട്. ആ സൗകര്യത്തിന്റെ മറപറ്റിയാണ് ഇക്കൂട്ടർ സ്വതന്ത്ര ഗവേഷണം എന്ന പേരിൽ ഇസ്‌ലാമിന്റെ പേരിൽ പലതും കെട്ടിച്ചമച്ചത്. അതിൽ മുഖ്യം തീവ്രവാദവും അപരദ്വേഷവും തന്നെ. അത്തരം വിധ്വംസകതക്ക് പ്രവാചകദർശനം കൂട്ടുനിൽക്കുന്നില്ല. എങ്കിൽ പിന്നെ പ്രവാചകരെ സ്മരിക്കുന്ന വേദികൾ തന്നെ ഇല്ലാതാക്കുകയെന്ന സലഫി ഇസ്‌ലാമിസ്റ്റുകളുടെ മർക്കടമുഷ്ടിയാണ് പല ചെറുപ്പക്കാരെയും വഴിതെറ്റിച്ചത്, പല പ്രദേശങ്ങളുടെയും വെളിച്ചം കെടുത്തിയത്. ആരോടും പരസ്യമായി പറയാൻ കഴിയുന്ന ആശയങ്ങളേ മുഹമ്മദ്(സ്വ) പഠിപ്പിച്ചിട്ടുള്ളൂ. ആ തുറവിയെ നിരാകരിച്ച്, അടച്ചിട്ട ഇരുട്ടുമുറികളിലേക്ക് ഇസ്‌ലാമിനെ ചുരുക്കിപ്പറയാനുള്ള സലഫി ഇസ്‌ലാമിന്റെ അവിവേകത്തിന്റെ സൃഷ്ടിയാണ് മതത്തിന്റെ പേരിൽ ഇന്ന് പ്രവർത്തിക്കുന്ന ഏതാണ്ടെല്ലാ തീവ്രവാദ ഗ്രൂപ്പുകളും.
വിശ്വാസിയുടെ ചെയ്തികളും മനോവ്യാപാരങ്ങളും നിർണയിക്കുന്നത് ആത്മീയതയാണ്. അരുതായ്മകളോടുള്ള അകൽച്ച മാത്രമല്ല, അപരനോടുള്ള കരുതലും അതിന്റെ ഭാഗമാണ്. അതില്ലാതാക്കാനാണ് സലഫിസം ഇന്നോളം പരിശ്രമിച്ചിട്ടുള്ളത്. ആത്മീയതയിൽ നിന്നുള്ള ഈ ഒളിച്ചോട്ടത്തിന് അവർ പുരോഗമനം എന്ന് പേരിട്ടു. ഒട്ടും പുരോഗമനമല്ലാത്ത നിലപാടുകൾ ഉള്ളിൽ സൂക്ഷിച്ചുകൊണ്ടാണ് അവർ ഈ വിളിപ്പേരിലേക്ക് വേഷപ്പകർച്ച നേടിയത്. ഉള്ളുപൊള്ളയായ ആ പുരോഗമനത്തെ പൊതുമണ്ഡലത്തിൽ ചിലരെങ്കിലും നവോത്ഥാനമായി തെറ്റിദ്ധരിക്കുകയാണുണ്ടായത്. അവരിൽ പലരുമിപ്പോൾ മാറിച്ചിന്തിച്ചു തുടങ്ങിയിരിക്കുന്നുവെന്നത് ആശാവഹമാണ്.

 

മുഹമ്മദലി കിനാലൂർ

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ