ജീവിതം വിജ്ഞാനത്തിനായി നീക്കിവെച്ച മഹാമനീഷിയാണ് കൈപറ്റ ബീരാൻ കുട്ടി മുസ്ലിയാർ. വലിയ ശിഷ്യ സമ്പത്തിന്റെ ഉടമ. പർവതത്തോളം വളർന്നിട്ടും ഭൂമിയോളം താഴ്ന്ന് ജീവിച്ചു. തൊണ്ണൂറാണ്ടുകാലം മലബാറിന്റെ വിളക്കുമാടമായി ആ ജ്ഞാന ജ്യോതിസ്സ് ജ്വലിച്ചുനിന്നു. മഹാജ്ഞാനികളുടെ സവിശേഷത ജ്ഞാനങ്ങൾ തേടി പർണശാലകളിലേക്ക് ആർത്തിയോടെയുള്ള തീർത്ഥാടനമായിരുന്നു. ഉസ്താദിന്റെ രീതിയും അതായിരുന്നു. മസ്അലകൾ തഹ്ഖീഖാക്കാനുള്ള കിലോമീറ്ററുകൾ നീണ്ട യാത്ര ഇമാം ബുഖാരിയെ ഓർമിപ്പിക്കും. മൈലുകൾ ഹദീസിനു വേണ്ടി നടന്ന ഇമാമുമാരുടെ പിൻമുറയിൽ ജ്ഞാനങ്ങൾക്കായി ജീവിതം സമർപ്പിച്ച മലബാറുകാരൻ. കൈപറ്റ ബീരാൻ കുട്ടി മുസ്ലിയാർ എന്ന മിഹ്റാൻ കുട്ടി ബ്നു അവ്റുട്ടി (അബ്ദുറഹ്മാൻ കുട്ടി) മുസ്ലിയാർ കർമശാസ്ത്ര പണ്ഡിതൻ, ഹദീസ് വിശാരദൻ, കറകളഞ്ഞ സ്വൂഫി, ചരിത്രകാരൻ, ഗോളശാസ്ത്ര നിരീക്ഷകൻ, ഭൂമിശാസ്ത്ര വിദഗ്ധൻ, വാസ്തുവിദ്യാ വിശാരദൻ തുടങ്ങി അനേകം ജ്ഞാന വിശേഷങ്ങളുടെ സംഗമ കേന്ദ്രമായി വിളങ്ങിനിന്നു.
ക്രിസ്താബ്ദം 1898 ഹിജ്റ 1317-ൽ മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങലടുത്ത് കൈപറ്റ എന്ന ദേശത്താണ് മഹാൻ ജനിക്കുന്നത്. നാട്ടിലെ അധികാരിയും കേളികേട്ട പ്രമാണിയുമായ ഇമ്മിണിക്കടവത്ത് അവറുട്ടി എന്ന അബ്ദുറഹ്മാൻ കുട്ടിയുടെയും മലപ്പുറം മറ്റത്തൂരിലെ തച്ചുമ്മ എന്ന ആയിശ ബിൻത് കുഞ്ഞഹമ്മദിന്റെയും മകനായാണ് മിഹ്റാൻ കുട്ടി ജനിക്കുന്നത്. ബുദ്ധിവൈഭവവും പഠന സാമർത്ഥ്യവും കണ്ട പിതാവ് മകൻ ഭൗതികമായി വളർന്ന് വലുതാകണമെന്ന് ആഗ്രഹിച്ചു. വേങ്ങരക്കടുത്ത കുറ്റാളൂർ ഗവൺമെന്റ് സ്കൂളിലാണ് ആദ്യം ചേർത്തത്. ഖുർആനും ദീനീ പഠനവും നടത്തുന്നതിന് നാട്ടിലെ മരക്കാർ മുല്ലയുടെ ഓത്തുപള്ളിയിലുമാക്കി. ദീനീ വിജ്ഞാനത്തോടുള്ള അടങ്ങാത്ത ആർത്തിയും ആവേശവും വിജ്ഞാനത്തിന്റെ പുതിയ മേച്ചിൽപുറങ്ങളിലേക്ക് യാത്ര തിരിക്കാൻ കാരണമാകുകയായിരുന്നു. ഉയർന്ന ഭൗതിക വിദ്യാഭ്യാസത്തിലൂടെ മകനെ വളർത്തിയെടുക്കണമെന്ന ബാപ്പയുടെ താൽപര്യത്തോട് സമരം ചെയ്താണ് വാഴക്കാട് ദാറുൽ ഉലൂമിലേക്ക് യാത്ര തിരിച്ചത്. ഭൗതിക വിദ്യാഭ്യാസത്തിന് പരിസമാപ്തി കുറിച്ച് പിന്നീടങ്ങോട്ട് ആത്മജ്ഞാനസപര്യക്കായുള്ള തീർത്ഥാടനമായിരുന്നു. വാഴക്കാട് ദാറുൽ ഉലൂം മുതൽ മദ്രാസിലെ മദ്റസത്തുൽ ജമാലിയ്യ, അഹ്മദാബാദിലെ മദ്റസതു ദാറുൽ ഉലൂം വരെ അതു നീണ്ടു. അറിവിന്റെ നിറദീപങ്ങളായ പതിനൊന്നോളം മഹാഗുരുക്കളുടെ വിജ്ഞാന പറുദീസകളിലൂടെ അലഞ്ഞു നടന്ന് മുത്തും മാണിക്യവും ശേഖരിച്ചു.
ഓരോ ഫന്നിലും കേളികേട്ട ഗുരുക്കളെത്തന്നെ തേടിപ്പിടിച്ചു. മലബാർ വൈജ്ഞാനിക നവോത്ഥാന ശിൽപി ചാലിലകത്ത് കുഞ്ഞഹമ്മദ് മുസ്ലിയാരു(വഫാത്ത്: ഹി. 1338)ടെ അരുമ ശിഷ്യനായി കുറേനാൾ കഴിഞ്ഞു. പിന്നീട് ചാലിലകത്തിന്റെ പ്രമുഖ ശിഷ്യനും പരിത്യാഗിയുമായ ഉപ്പുങ്ങൽ ബാപ്പുട്ടി മുസ്ലിയാർ (ഹി 1353) എന്ന കുഞ്ഞഹമ്മദ് മുസ്ലിയാരുടെ പൂമുഖത്ത്. ഫിഖ്ഹ് പഠനത്തിനായി തെരഞ്ഞെടുത്തത് തിരൂരങ്ങാടി കുഞ്ഞുമുഹമ്മദ് മുസ്ലിയാരെ. ‘ഇആനത്തു ത്വാലിബീ’ന്റെ രചയിതാവ് അബൂബക്കർ ശത്വദ്ദിംയാത്വിയുടെ ജ്ഞാന വേദിയായിരുന്ന മക്കാ ഹറം ശരീഫിൽ നിന്നു നേരിട്ടു ഫിഖ്ഹ് പഠിച്ച പണ്ഡിതനായിരുന്നു കുഞ്ഞഹമ്മദ് മുസ്ലിയാർ. രണ്ട് വർഷം അവിടെ തുഹ്ഫ പഠിച്ചു.
മുഹഖിഖ് എന്ന് വിശേഷിക്കപ്പട്ട മുഹമ്മദ് മുസ്ലിയാർ കരിമ്പനക്കലി(ഹി 1369)ൽ നിന്നു തഹ് ഖീഖിന്റെ ശേഖരങ്ങൾ പഠിച്ചെടുത്തു. ഇന്ന് പള്ളിദർസുകളിൽ ഓതിപ്പഠിക്കുന്ന ധാരാളം കിതാബുകൾക്ക് ശറഹും തഅലീഖാത്തും എഴുതിയ ആളാണ് കരിമ്പനക്കൽ ഉസ്താദ്. ഫത്ഹുൽ ഖയ്യൂം, മുർഷിദുത്വുല്ലാബ് എന്നിവക്ക് ശറഹുകളെഴുതിയിട്ടുണ്ട്. ‘മുഅല്ലിമുൽ ഊലാ അൽ അൽബാബ്’ എന്ന തസ്കിയ കിതാബ് രചിച്ചു. വണ്ടൂർ സ്വദഖത്തുല്ല മുസ്ലിയാരെ പോലുള്ള ഒട്ടനവധി വിശിഷ്ട വ്യക്തികളുടെ ഗുരു കൂടിയാണ് അദ്ദേഹം.
അറിവിന്റെ ഉറവിടങ്ങൾ തേടി വീണ്ടും യാത്രതന്നെ. പിന്നീട് പോയത് സമസ്തയുടെ നെടുംതൂണായിരുന്ന ഖുതുബി മുഹമ്മദ് മുസ്ലിയാരുടെ(മരണം 1965) സന്നിദ്ധിയിലേക്കാണ്. ഖുതുബി ഉസ്താദ് അന്ന് വാഴക്കാട് ദാറുൽ ഉലൂമിലെ മുദരിസായിരുന്നു. നീണ്ട എട്ടു വർഷം അവിടെ കഴിഞ്ഞു. മഹല്ലി, ശറഹുൽ മിൻഹാജ്, തഫ്സീർ ബൈളാവി തുടങ്ങിയ കിതാബുകൾ അവിടെ നിന്നു ഓതി പൂർത്തിയാക്കി. ഇതോടെ മലബാറിലെ ദർസ് പഠനത്തിനു വിരാമമിട്ടു. തന്റെ അഭിവന്ദ്യ ഗുരുക്കളിൽ പ്രത്യേകം എടുത്തുപറഞ്ഞിരുന്ന രണ്ടു മഹാരഥന്മാർ ഖുതുബി ഉസ്താദും കൈപറ്റ മമ്മദ് കുട്ടി മുസ്ലിയാരുമായിരുന്നു. ‘രിസാലത്തുത്തൻബീഹ്’ എന്ന തന്റെ ഗ്രന്ഥത്തിൽ ഉസ്താദുമാരെ എണ്ണിയിടത്ത് ഇവരെ മാത്രമാണ് പരാമർശിച്ചിട്ടുള്ളത്.
തിരൂരങ്ങാടി തയ്യിൽ മുഹമ്മദ് കുട്ടി എന്ന കെ.എം മൗലവിയിൽ നിന്ന് അൽഫിയ ഓതിയിട്ടുണ്ട്. പിൽക്കാലത്ത് സലഫി സ്വാധീനത്തിലകപ്പെട്ട മൗലവി വഹാബിസത്തിന്റെ കേരളത്തിലെ പ്രചാരകനും പ്രധാന നേതാവുമായിത്തീർന്നു. പൂർവകാല പണ്ഡിതരും സ്വഹാബത്തും പഠിപ്പിച്ച വഴിയിൽ നിന്നു വ്യതിചലിച്ച മൗലവിയെ തന്റെ ഗുരുക്കളിൽ ഒരിക്കൽ പോലും കൈപറ്റ ഉസ്താദ് എണ്ണിയിരുന്നില്ലെന്ന് വാളക്കുളം ബീരാൻ കുട്ടി മുസ്ലിയാർ പറയുകയുണ്ടായി.
ഹദീസ് വിജ്ഞാനത്തിൽ മികവ് നേടാനായിരുന്നു ദയൂബന്ദിലേക്ക് യാത്ര തിരിച്ചത്. പ്രമുഖ ഹദീസ് പണ്ഡിതൻ അൻവർ ശാഹ് കാശ്മീരിയുടെ പ്രമുഖ ശിഷ്യൻ ശൈഖ് ശംസുൽ ഹഖ് കാശ്മീരി യായിരുന്നു അന്നവിടുത്തെ മുഹദ്ദിസ്. പിന്നീട് എത്തിയത് മദ്രാസിലെ മദ്റസത്തുൽ ജമാലിയ്യയിലാണ്. ചെറുശ്ശോല സയ്യിദ് അലവിക്കോയയായിരുന്നു അവിടെ മുദരിസ്. കോഴിക്കോട് ഫാറൂഖ് കോളേജ് സ്ഥാപകൻ അബു സ്വബാഹ് അഹമദ് അലി അസ്ഹരി അന്നവിടെ പഠിതാവായിരുന്നു.
വേറെയും ഒരുപാട് ഗുരുവര്യർ മഹാനുണ്ട്. ശൈഖ് അഹ്മദ് മുസ്ലിയാർ മറ്റത്തൂർ, ശൈഖ് കുഞ്ഞു മുസ്ലിയാർ ചെറുശ്ശോല തുടങ്ങി പതിനൊന്നോളം ഗുരുക്കളിൽ നിന്ന് അറിവു നുകർന്നു. സമർഖന്ദും ബുഖാറയും മക്കയും മദീനയും കൂഫയും ബസ്വറയും പേർഷ്യയും ബാഗ്ദാദും ദൂരം മറന്ന് സഞ്ചരിച്ച ഇമാമുകളുടെ ജീവിതത്തിന്റെ സമീപകാല ദൃശ്യം. അറിവിന്റെ കനം അഹംഭാവം പകർന്നില്ല. സഹപാഠികളിൽ നിന്നും തന്നേക്കാൾ ഇളയവരിൽ നിന്നും അറിവ് ചോദിച്ചു പഠിച്ചു. വാഴക്കാട് ദാറുൽ ഉലൂമിൽ തന്റെ സഹപാഠിയായിരുന്ന കണ്ണിയത്ത് അഹ്മദ് മുസ്ലിയാരി(ഹി 1413)ൽ നിന്നാണ് ഉഖ്ലൈദിസ് പഠിച്ചത്. അതിനു പിന്നിൽ ഒരു കഥയുണ്ട്. ദാരിദ്ര്യം കാരണം കണ്ണിയത്ത് ഉസ്താദ് വാഴക്കാട്ടെ ചില പ്രമാണികളുടെ വീട്ടിൽ ഖുർആൻ പാരായണം ചെയ്യുകയും അതിലൂടെ ഹലാലായ ധനം സമ്പാദിക്കുകയും ചെയ്തിരുന്നു. ഇത് കാണാനിടയായ കൈപറ്റ ബീരാൻ കുട്ടി ഉസ്താദ് പറഞ്ഞു: ‘എനിക്ക് ഉഖ്ലൈദിസ് ഓതിത്തരുന്നുവെങ്കിൽ ഖുർആൻ ഓതിക്കിട്ടുന്നത്ര തുക ഞാൻ നിങ്ങൾക്കു നൽകാം’. തന്നേക്കാൾ പ്രായം കുറഞ്ഞ കണ്ണിയ്യത്ത് ഉസ്താദിൽ നിന്നു കിതാബ് ഓതിപ്പഠിക്കാൻ ഒരു മടിയുമുണ്ടായിരുന്നില്ല. വർഷങ്ങൾ നീണ്ട യാത്രയിൽ ശൈഖുനാ കണ്ണിയത്ത്, വണ്ടൂർ സദഖതുല്ല മുസ്ലിയാർ, കരീറ്റിപ്പറമ്പ് കെ.വി മോയിൻകുട്ടി മുസ്ലിയാർ തുടങ്ങിയവർ സഹപാഠികളായിരുന്നു. അറബി, ഉറുദു, ഇംഗ്ലീഷ്, പേർഷ്യ, തമിഴ് തുടങ്ങി ആറോളം ഭാഷകൾ വശപ്പെടുത്തുകയുമുണ്ടായി.
തികഞ്ഞ സൂക്ഷ്മത, ആഴമുള്ള ജ്ഞാനം, നിഷ്കളങ്കത, വിനയം, കർമശാസ്ത്രത്തിന്റെ ഉൾപിരിവുകളിൽ ബഹ്സിനുള്ള കഴിവ് ഇതെല്ലാമായിരുന്നു കൈപറ്റ ഉസ്താദിനെ മലബാറിന്റെ ഹൈതമിയാക്കി മാറ്റിയത്. ഖുർആൻ വിശദീകരിക്കുമ്പോൾ ബൈളാവിയെ ഓർമിപ്പിക്കുന്ന രീതിയായിരുന്നു. പദങ്ങൾക്കിടയിലൂടെ ആയത്തുകളുടെ അർത്ഥഗർഭത്തിലെത്തിച്ചേരാനും വരികളിൽ നിന്നു തന്നെ ചോദ്യങ്ങൾക്കുള്ള മറുപടി കണ്ടെത്താനുമുള്ള ജ്ഞാന വൈഭവവും കൈപറ്റ ഉസ്താദിനെ വേറിട്ടു നിർത്തി. ശാലിയാത്തിക്ക് ശേഷം തെളിവാർന്ന രചനയിലും ധൈഷണിക ഇടപെടലുകളിലും ആധികാരികതയിലും കൈപറ്റ ഉസ്താദ് മികച്ചു നിൽക്കുന്നു.
ഒരിക്കൽ ഒതുക്കുങ്ങൽ സുലൈമാൻ ഉസ്താദ് കണ്ണിയത്ത് ഉസ്താദിനെ കാണാൻ പോയി. ചെന്നപ്പോൾ ഉസ്താദ് നിസ്കാരത്തിലാണ്. വുളുവെടുത്ത് സുലൈമാൻ ഉസ്താദ് പിറകിൽ കൂടി. കണ്ണിയത്ത് ഉസ്താദ് സലാം വീട്ടിയപ്പോൾ മസ്ബൂഖായ സുലൈമാൻ ഉസ്താദ് റക്അത്ത് വീണ്ടെടുക്കാൻ എണീറ്റു. നിസ്കാരമെല്ലാം കഴിഞ്ഞപ്പോൾ കണ്ണിയത്തുസ്താദ് പറഞ്ഞു: ‘കൈ കെട്ടുന്നിടത്ത് മഹല്ലി പറഞ്ഞത് സ്വവാബിനെതിരാണ്. ആഖിറുസ്സദ്റിൽ കൈ കെട്ടാനാണ് മഹല്ലി പറയുന്നത്. ആഖിറു സ്വദ്ർ നെഞ്ചിലല്ലേ വരിക’. ഇതേ സംശയം സുലൈമാൻ ഉസ്താദ് കൈപറ്റ ഉസ്താദിന്റെ മുന്നിൽ വെച്ചു. ഉസ്താദ് പറഞ്ഞു: ‘മഹല്ലി പറഞ്ഞത് സ്വവാബിനെതിരാക്കേണ്ടതില്ല. ആഖിറ് എന്ന് പറഞ്ഞാൽ നെഞ്ചിന്റെ താഴെ എന്നല്ലേ. കാരണം ഇമാം നവവി(റ) പറഞ്ഞില്ലേ, ചില മസ്അലകളുടെ ആഖിറിൽ ഞാൻ അല്ലാഹു അഅ്ലം എന്ന് പറയുമെന്ന്. അതിന്റെ ഉദ്ദേശ്യം മസ്അലക്കിടയിൽ പറയും എന്നല്ലല്ലോ, ശേഷം എന്നല്ലേ’. ലളിതമായ മറുപടിയിൽ ഇമാമിനെ ശരിവെക്കുകയും ചെയ്തു.
ജമാലിയ്യ മദ്റസയിൽ നിന്നു പഠനം പൂർത്തിയാക്കി ഉസ്താദ് നാട്ടിൽ തിരിച്ചുവന്നു. ശേഷം തന്റെ ഗുരുവര്യർ കൂടിയായ കോടഞ്ചേരി കുഞ്ഞു മുഹമ്മദ് മുസ്ലിയാരുടെ ദർസിൽ സഹമുദരിസായി.
പഠനം പൂർത്തിയാക്കിയപ്പോഴേ ഉസ്താദിനെ പെണ്ണുകെട്ടിക്കാനുള്ള ഒരുക്കങ്ങൾ നാട്ടിൽ ജോറായിരുന്നു. അങ്ങനെ ഊരകം മുഹമ്മദ് ഹാജിയുടെ മകളെ വധുവായി സ്വീകരിച്ചു. അതിൽ ഒരു കുഞ്ഞു പിറന്നു. തന്റെ പിതാവിന്റെ നാമമായ അബ്ദുറഹ്മാൻ എന്ന് തന്നെ പേരിട്ടു. എന്നാൽ ആ ബന്ധം കൂടുതൽ നീണ്ടു നിന്നില്ല. വൈകാതെ മഹതി ഇഹലോക വാസം വെടിഞ്ഞു. യൗവനത്തിന്റെ ഉച്ചിയിൽ പ്രിയതമ വേർപിരിഞ്ഞപ്പോൾ വീണ്ടുമൊരു വിവാഹം കഴിക്കാൻ കുടുംബത്തിൽ നിന്നു നിർബന്ധമുണ്ടായി. എന്നാൽ അദ്ദേഹം ചെവികൊടുത്തില്ല. മുത്വാലഅയും തസ്വ്നീഫും തദ്രീസുമായി ഞാനെന്റെ വികാരത്തെ ശമിപ്പിച്ചുകൊള്ളാമെന്ന നയത്തിൽ അവിടുന്ന് ഉറച്ചുനിന്നു. അന്നു മുതൽ നാടും വീടും അവഗണിച്ച് ജ്ഞാനം മാത്രമായി ചിന്ത. പൈതൃക സ്വത്തിൽ നിന്ന് ഒരു വലിയ വിഹിതം കിട്ടിയിരുന്നെങ്കിലും അതിനെക്കുറിച്ച് ചിന്തിച്ചതേയില്ല. വിളകൾ പറിക്കാനോ പരിചരിക്കാനോ കൃഷിയിറക്കാനോ മിനക്കെട്ടില്ല. സമൃദ്ധമായ സമ്പത്തിന് ഒട്ടും മൂല്യം കൽപിച്ചില്ല. കടബാധിതനായ തന്റെ ജ്യേഷ്ഠന്റെ കടം തീർക്കാൻ സ്വത്തിന്റെ വലിയ ഭാഗം അദ്ദേഹത്തിനു വിട്ടുകൊടുത്തു. ഭാര്യയുടെ മരണത്തോടെ ഇഹലോകത്തോട് മൊഴിചൊല്ലി പിരിഞ്ഞിരുന്നല്ലോ മഹാൻ. പരിത്യാഗികൾക്കെന്തിനാണ് സമ്പാദ്യം? തദ്രീസ്, തസ്വ്നീഫ്, മുത്വാലഅ എന്നിവക്കപ്പുറം ഒന്നിലും കൂടുതൽ സമയം ചെലവഴിച്ചില്ല.