jn2 (14)

[button color=”black” size=”small” target=”blank” ]ഇബ്റാഹിം സഖാഫി പുഴക്കാട്ടിരി[/button]

മുപ്പതു വര്‍ഷത്തിനുശേഷം കൊട്ടപ്പുറം സംവാദം കേരള മുസ്ലിം വേദികളില്‍ സജീവ ചര്‍ച്ചയായിരിക്കുകയാണിപ്പോള്‍. സംവാദ വിജയത്തിന്‍റെ അവകാശികള്‍ അതേക്കുറിച്ചൊരു ഓര്‍മസംഗമം നടത്തിയതില്‍ പ്രകോപിതരായാണ് മറ്റുള്ളവര്‍ ഒന്നൊഴിയാതെ സംവാദത്തിന്‍റെ ആഘോഷത്തിനൊരുങ്ങിയത്. പ്രസിദ്ധീകരണങ്ങളില്‍ കൊട്ടപ്പുറം സ്പ്യെല്‍ വരെ പലരും പുറത്തിറക്കി. എത്രയെന്നുവെച്ചാല്‍, നാല്‍പത്തിയഞ്ചു വയസ്സിനു താഴെയുള്ളവര്‍ക്ക് ഓര്‍ത്തെടുക്കാന്‍ പോലും കഴിയാത്ത ഒരു പ്രാദേശിക സംവാദത്തിന്‍റെ ജയാരവ വാര്‍ഷികം കേട്ടുകേള്‍വിയില്ലാത്ത ഒരു സംഗതിയാണ്സ്വലാത്തിനും ദുആകള്‍ക്കുമൊക്കെ വാര്‍ഷി നടത്തി ശീലിച്ചവര്‍ക്ക് ഇതു കൂടാതെ കഴിയില്ലല്ലോ (ശബാബ്, 2013 മെയ് 17, പേ 26) എന്ന് എഴുതി സംവാദവാര്‍ഷികം ബിദ്അത്താക്കിയവര്‍ തന്നെ ഇതേ പുസ്തകത്തിന്‍റെ കവര്‍പേജില്‍ ചേര്‍ത്ത പരസ്യം ഇതായിരുന്നു; സംവാദം: കൊട്ടപ്പുറം മുതല്‍ കോടമ്പുഴ വരെ. എക്സ്പ്രസ് ട്രെയ്ന്‍ പോലൊരു പരിപാടിയാണിതെന്നത് വേറെക്കാര്യം. എറണാകുളത്തു നിന്ന് വണ്ടിയെടുത്താല്‍ അടുത്ത സ്റ്റോപ് ഡല്‍ഹിയിലാണ്.
സലാം സുല്ലമി മുമ്പു പറഞ്ഞതുപോലെ എന്തിനാണ് കിതാബുകളില്‍ അടയാളം വെച്ചിരിക്കുന്നത് എന്നുപോലുമറിയാതെ സ്കൂള്‍ വിട്ടുവന്ന് സ്റ്റേജില്‍ കയറി ബന്ധമില്ലാത്ത പലതും പറഞ്ഞ് ചെറിയമുണ്ടം മദനി കൊട്ടപ്പുറത്ത് പരിഹാസ്യനായി ഇറങ്ങിപ്പോയതുമുതല്‍ കോടമ്പുഴയിലെ സംവാദം വരെ മടവൂര്‍ വിഭാഗം മറ്റൊരു സംവാദത്തിനെത്തിയിട്ടില്ല. എവിടെയും സ്റ്റോപ്പില്ലെന്നര്‍ത്ഥം. പിന്നെ റെയില്‍വെയുടെ സാങ്കേതിക പ്രശ്നങ്ങള്‍കൊണ്ട് ഒരിടത്ത് പിടിച്ചിട്ടത് കൊണ്ടോട്ടിയിലായിരുന്നു. ഇമ്മിണി ബല്യ ഹദീസ് പണ്ഡിതന് സുന്നീവിഭാഗത്തിലെ യുകെജിക്കാര്‍ക്കു മുന്പില്‍ അന്ന് സംഭവിച്ച ദയനീയ പരാജയം കണ്ട് വിലയിരുത്താന്‍ ഇപ്പോഴും സംവിധാനങ്ങളുണ്ടല്ലോ. സുല്ലമി മാത്രമല്ല, സ്വന്തക്കാരാരും കൊണ്ടോട്ടി ഓര്‍ക്കാനിഷ്ടപ്പെടാത്തത് വെറുതെയല്ല. ഇങ്ങനെ എല്ലാവര്‍ക്കും ഇളകിയിറങ്ങാന്‍ മാത്രം ബിദ്അത്ത് പ്രസ്ഥാനത്തിന് വെള്ളിടിയായിത്തീരാന്‍ കൊട്ടപ്പുറം സംവാദത്തിന് കഴിഞ്ഞുവെന്നത് ചെറിയ കാര്യമല്ല. അതുകൊണ്ടാണല്ലോ, സുന്നികള്‍ ആഘോഷിക്കാനിറങ്ങിയതും സുന്ന്യേതരര്‍ എതിര്‍ ശ്രമങ്ങള്‍ക്ക് ധൃഷ്ടരായതും.
കൊട്ടപ്പുറം വാര്‍ഷികത്തിന്‍റെ ബിദ്അത്ത് വേദികളിലും ലേഖനങ്ങളും പ്രധാനമായി രണ്ടു കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. ഒന്ന് സുന്നികള്‍ അതിനുശേഷം ഭിന്നിക്കുകയുണ്ടായി. രണ്ടാമത്, അന്ന് പുറത്തിറക്കിയ തെളിവ് പിന്നീട് ഉന്നയിച്ചില്ല! വലിയ സംഗതിയായി ആഘോഷിക്കപ്പെടുന്നത് ഇവയാണ്. സമസ്ത രണ്ടായി ഛേദിക്കപ്പെട്ടത് വസ്തുത തന്നെയാണ്. അതുപക്ഷേ, തൗഹീദിന്‍റെയോ രിസാലത്തിന്‍റെയോ പേരിലായിരുന്നില്ല. ഇതിനു പിന്നില്‍ അന്നും പിന്നീടും ഉണ്ടായ ആദര്‍ശ വിഷയങ്ങള്‍ മൗലികമായുള്ളതോ ഇസ്ലാമിന്‍റെ വ്യാപ്തി നിര്‍ണയിക്കാന്‍ പറ്റും വിധം അടിസ്ഥാനപരമോ ആയിരുന്നില്ല. ഇരു സമസ്തക്കാരും ഇപ്പോഴും ഇസ്തിഗാസ അംഗീകരിക്കുന്നു. മഹാന്മാരോട് അവശ്യ ഘട്ടങ്ങളില്‍ സഹായാര്‍ത്ഥന നടത്തുന്നു. നബി(സ്വ) സാധാരണ അറബിപ്പയ്യനല്ലെന്ന് ഉറച്ചുവിശ്വസിക്കുന്നു.
എന്നാല്‍ കൊട്ടപ്പുറാനന്തര ബിദ്അത്ത് മതമോ? ആരാണ് വിശ്വാസി, അവിശ്വാസി എന്നു തീരുമാനിക്കാനാവാതെ പരസ്പരം കാഫിറാക്കുകയാണ്. തൗഹീദും ശിര്‍ക്കും പരിണാമവികാസങ്ങള്‍ സ്വീകരിച്ച് എന്താണെന്ന് തീരുമാനം പറയാനാവാതെ വികൃതമായിക്കൊണ്ടിരിക്കുകയാണ്. കൊട്ടപ്പുറത്തെ തൗഹീദ് അവര്‍ക്കിടയില്‍ നിലനില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന മടവൂരികളിലെ തന്നെ വലിയ പണ്ഡിതര്‍ അതിനെ തിരുത്തി. കൂടെയുള്ളവരെ മുശ്രിക്കുകളാക്കുകയും ചെയ്തു.
ചെറിയമുണ്ടം മൗലവി ഉദാഹരണം: അദൃശ്യ ശക്തികളോടുള്ള സഹായാര്‍ത്ഥനയില്‍ ഇപ്പോഴും പിടിച്ചുനില്‍ക്കുകയാണ് ഇദ്ദേഹം. ഒറ്റവാക്കില്‍ തിരുത്ത് നല്‍കാവുന്ന ഈ കാര്യം നാലു പേജുകള്‍ വിശദീകരിച്ചിട്ടും വായനക്കാരെ സംഭ്രമിച്ചു നിര്‍ത്താനല്ലാതെ, ജിന്നുകളോടുള്ള സഹായാര്‍ത്ഥന ശരിയല്ലെന്നു പറയാന്‍ അദ്ദേഹത്തിന്‍റെ മനസ്സനുവദിച്ചിട്ടില്ല. ഇനി എന്തെങ്കിലും സമ്മര്‍ദം വഴി അദ്ദേഹമത് തീരുമാനിച്ചാലും മുമ്പ് അനുകൂലമായി നിന്ന് ശിര്‍ക്കിലകപ്പെട്ടതിന്‍റെ പേരിലുള്ള പൊന്നാനിയില്‍ പോക്ക് നടന്നിട്ടുമില്ല. പ്രസ്ഥാനം രൂപീകരിച്ചിട്ട് 90 കൊല്ലവും കൊട്ടപ്പുറം സംവാദം കഴിഞ്ഞിട്ട് മുപ്പതു കൊല്ലവും കഴിഞ്ഞിട്ടും ഇപ്പോഴും തൗഹീദും ശിര്‍ക്കും തീരുമാനിക്കാനാവാതെ ഉഴപ്പിക്കളിക്കുകയാണ് മുജാഹിദുകള്‍. കൊട്ടപ്പുറത്ത് കാന്തപുരം ഉസ്താദ് ആവര്‍ത്തിച്ച് ഉന്നയിച്ച ശിര്‍ക്കിന്‍റെ നിര്‍വചനമെന്ത് മൗലവി എന്ന ചോദ്യം ഇപ്പോഴും മുജാഹിദുകളെ കുത്തിനോവിക്കുന്നു എന്നര്‍ത്ഥം.
ലോക മുസ്ലിംകളെ മുശ്രിക്കുകളാക്കാമെന്ന വ്യാമോഹം ശിര്‍ക്കില്‍ തട്ടിത്തകരുമ്പോള്‍, മൗലിക ദര്‍ശനം തന്നെയും ഗതികിട്ടാ പ്രേതമായി ഊരുചുറ്റുമ്പോള്‍ സുന്നികള്‍ ഭിന്നിച്ചു, പതിയും ഇകെയും പരസ്പരം സംവാദം നടത്തേണ്ടിവന്നു എന്നൊക്കെ എഴുതി ഞെളിഞ്ഞിരിക്കാന്‍ നല്ല സുഖം കാണും. ഇതിനുപക്ഷേ, കേരളക്കാര്‍ക്ക് മുഴുവന്‍ ബോധം നഷ്ടപ്പെട്ടിരിക്കണമെന്നു മാത്രം.
കൊട്ടപ്പുറത്തിന് ശേഷം ആരാണ് ഭിന്നിച്ചത്? ആര്‍ക്കാണ് ആദര്‍ശം പറയാനാവാതായത്? നിവാരണത്തിനായി ഇതേ ലക്കം ശബാബില്‍ നിന്നു ദീര്‍ഘമായി വായിക്കാം: ഇസ്തിഗാസ പോലുള്ള വിഷയങ്ങളില്‍ സംവാദം നടത്താന്‍ സമകാലിക സാഹചര്യത്തില്‍ മുജാഹിദുകള്‍ക്ക് കഴിയുമോ? കഴിയില്ലെന്നതിന് ചില സംഭവങ്ങള്‍ സാക്ഷിയായില്ലേ. അല്ലാഹുവിന്‍റെ സൃഷ്ടികളായ ജിന്നുകളോടും മലക്കുകളോടും സഹായം ചോദിക്കുന്നത് ശിര്‍ക്കാണ് എന്നുറപ്പിച്ചു പറയാന്‍ മുജാഹിദുകളെന്ന് പറഞ്ഞു നടക്കുന്ന ചിലര്‍ക്ക് കഴിയുമോ? സഹായം തേടാന്‍ പാടില്ലെന്ന് ചിലര്‍ പറയും. എന്നാല്‍ അത് ശിര്‍ക്കല്ല, ഹറാം മാത്രം. ഈ പുതിയ വാദം നിമിത്തം ഒന്നുരണ്ടിടങ്ങളില്‍ സംവാദം അലസിപ്പിരിഞ്ഞില്ലേ. ഒരിടത്ത് മുട്ടുമടക്കേണ്ടിയും വന്നു ഈ വിഭാഗത്തിന് (പേ, 20). പതിയും ഇകെയും തമ്മിലുണ്ടായ അല്ലാഹ് ഉച്ചാരണ ചര്‍ച്ചയെ കൊട്ടപ്പുറം സംവാദത്തിന്‍റെ മുജാഹിദ് വിജയ പ്രമാണമാക്കിയ സിപി സുല്ലമിക്ക് ഇനിയെന്തു പറയാനുണ്ട്?
പിന്നെയുള്ള പ്രശ്നം സുന്നികള്‍ പലപ്പോഴും പല തെളിവുകളാണ് ഉന്നയിച്ചതെന്നതാണ്. തെളിവുകളുടെ ആധിക്യത്തിനല്ലാതെ പരാജയത്തിന് ഇതെങ്ങനെ തെളിവാകാനാണ്? മരണപ്പെട്ടവരോട് മരിക്കാത്ത ഒരാള്‍ സഹായം ചോദിച്ചു എന്നതിന്, അഥവാ ചോദിക്കാമെന്നതിന് തെളിവ് തന്നെയാണ് സൂറതുസ്സുഖ്റുഫിലെ 45ാം സൂക്തം. അതിനു പുറമെ മറ്റുചില സൂക്തങ്ങളും പലപ്പോഴായി മുസ്ലിംകള്‍ ഈ ആവശ്യാര്‍ത്ഥം സമര്‍ത്ഥിച്ചിരുന്നു. അത് പരാജയ കാരണമായി ഊറ്റം കൊള്ളാന്‍ ചെറിയ അജ്ഞതയൊന്നും പോര.
സുന്നികള്‍ പ്രമാണം മാറ്റിയെന്ന് തല്‍ക്കാലം സമ്മതിക്കുക. എന്നിട്ടും അവര്‍ തെളിയിക്കാന്‍ ശ്രമിച്ച തൗഹീദ്, ശിര്‍ക്ക്, ഇസ്തിഗാസ എല്ലാം ഒരു മാറ്റവും കൂടാതെ ഇപ്പോഴും നിലനില്‍ക്കുന്നു. ഇക്കാരണത്താല്‍ ഏതെങ്കിലുമൊരു സുന്നി കാഫിറായെന്ന് ഒരു സമസ്തയും പറഞ്ഞിട്ടുമില്ല. വിവിധ പ്രമാണങ്ങള്‍ കൊണ്ട് സ്ഥിരത നേടിയ ആദര്‍ശമാണിത്. ഇമാമുകള്‍ തെളിയിച്ചുപറഞ്ഞ കാര്യവും. അതിനെ ബലപ്പെടുത്തുന്ന തെളിവു കണ്ടെത്തുകയാണ് ആധുനിക പണ്ഡിതര്‍. അല്ലാതെ പ്രമാണങ്ങളില്‍ നിന്ന് പുതിയൊരു നിയമം രൂപീകരിച്ചെടുക്കുകയല്ല. ഇങ്ങനെ വരുമ്പോഴാണ് പ്രമാണം മാറുമ്പോള്‍ വിഷയവും മാറേണ്ടത്. ഇസ്തിഗാസക്കാര്യത്തില്‍ കൃത്യമാണ് കാര്യങ്ങള്‍. അവക്കൊപ്പമുള്ള നിരന്തര തെളിവുകളും! എന്നാല്‍ മുജാഹിദിന്‍റെ തൗഹീദോ? മുപ്പതു വര്‍ഷങ്ങള്‍ക്കിപ്പുറം തികച്ചും വ്യതിരിക്തമായ മറ്റൊന്നായി അത് പരിണമിച്ചിരിക്കുന്നു. കൊട്ടപ്പുറം സംവാദത്തില്‍ മുജാഹിദും മുസ്ലിമുമായിരുന്ന പല നേതാക്കളും അനുയായികളും ഇപ്പോള്‍ ശിര്‍ക്കിന്‍റെ കരിമ്പട്ടികയില്‍ വീര്‍പ്പുമുട്ടുന്നു. അല്ലാഹുവല്ലാത്ത പലരോടും സഹായാര്‍ത്ഥനയാവാം എന്നതില്‍ തര്‍ക്കമില്ലാതിരിക്കുമ്പോള്‍, അത് ആനയോടാവാമോ, ജിന്നിനോടു പറ്റുമോ, മലക്കായാലെന്താണ്? തുടങ്ങിയ തൊലി പ്രശ്നങ്ങളിലാണ് ഇപ്പോള്‍ തര്‍ക്കം നടക്കുന്നത്. പ്രമാണം മാറുന്നതിന്‍റെ, അല്ല അതു തീരെയില്ലാത്തതിന്‍റെ കുഴപ്പമാണിത് (തൗഹീദിനെക്കുറിച്ചുള്ള ലേഖനം കാണുക).
എങ്ങനെയാണ് ഒരു സംവാദ വിജയം വിലയിരുത്തേണ്ടത്? ശബാബ് പറയുന്നതിങ്ങനെ: കൃത്യമായ ഗെയിംസ് പോയന്‍റ്സ് അടിസ്ഥാനത്തില്‍ കുട്ടികളിലെ ജയപരാജയങ്ങള്‍ തീരുമാനിക്കുന്നതുപോലെ ജയപരാജയം പ്രഖ്യാപിക്കുന്ന ജൂറികള്‍ വാദപ്രതിവാദങ്ങള്‍ക്കുണ്ടായിരിക്കില്ല. ഇരുവിഭാഗങ്ങളും ഉന്നയിച്ച വാദങ്ങളും അവതരിപ്പിച്ച തെളിവുകളും വച്ച് ശ്രോതാക്കള്‍ വിഷയത്തിന്‍റെ പൊരുള്‍ ഉള്‍ക്കൊള്ളുകയാണുണ്ടാവുക (പേ 28).
ഈ മാനദണ്ഡം കൊട്ടപ്പുറത്ത് പരിശോധിച്ചു നോക്കാന്‍ എല്ലാവര്‍ക്കും അവസരമുണ്ട്. ശബാബ് തന്നെ അവകാശപ്പെടുന്ന പ്രകാരം ഇസ്ലാഹീ പ്രസ്ഥാനത്തിന്‍റെ വേരുകള്‍ വളരെ നേരത്തെ ആഴ്ന്നിറങ്ങിയ, മലപ്പുറം ജില്ലയിലെ പുളിക്കല്‍ എന്ന പ്രദേശത്തിനടുത്ത ഗ്രാമമാണ് കൊട്ടപ്പുറം (പേ 26). അവിടെ കേട്ടിരുന്ന ശബ്ദം മുഴുവന്‍ ബിദ്അത്തിന്‍റെതായിരുന്നു. പ്രമാണിമാരും പണക്കാരും നിലയുറപ്പിച്ചതിനാല്‍ സുന്നികളുടെ വ്യാപക പ്രവര്‍ത്തനങ്ങള്‍പോലും തടയപ്പെട്ടിരുന്നു. നിയമവ്യവസ്ഥയെ തെറ്റിദ്ധരിപ്പിച്ചും രാഷ്ട്രീയപരമായി സ്വാധീനിച്ചുമൊക്കെ കൊട്ടപ്പുറം സംവാദം തന്നെ നിര്‍ത്തിവെക്കാന്‍ അവസാന നിമിഷം വരെയും കുതന്ത്രങ്ങളൊരുക്കിയിരുന്നു. ഇതൊക്കെ പണ്ട്. എന്നാല്‍ കൊട്ടപ്പുറത്തിന് ശേഷമോ? പുളിക്കല്‍ അങ്ങാടി എന്ന കേരളത്തിലെ നജ്ദിനു ഒത്ത നടുവില്‍ വിപുലമായ സൗകര്യമുള്ള സുന്നിപള്ളി തലയുയര്‍ത്തി നില്‍ക്കുന്നു. അറബിയിലുള്ള ഖുതുബയും ഇരുപത് റക്അത്ത് തറാവീഹും അവിടെയും പരിസരങ്ങളിലും വ്യാപകമായി നടപ്പിലാക്കിയിരിക്കുന്നു. സുന്നീ സംഘടനകളുടെ ശക്തമായ പ്രവര്‍ത്തനം ആ നാടിനു സത്യത്തിലേക്കുള്ള തിരിച്ചുപോക്കിന് അവസരം നല്‍കുകയും ചെയ്തു.
സംവാദം ശ്രോതാക്കള്‍ ശരിയായ വിധം മനസ്സിലാക്കിയതു കൊണ്ടാണ് കൊട്ടപ്പുറത്തിനു സമീപം അരൂരിലും മറ്റും നിരവധി കുടുംബങ്ങള്‍ മുജാഹിദിസം ഊരിയെറിഞ്ഞ് സുന്നികളായത്, സുന്നിമഹല്ലുകള്‍ രൂപീകരിച്ചത്. ഇതൊക്കെ ജീവിച്ചിരിക്കുന്ന തെളിവുകളായി നിലനില്‍ക്കുന്നതു കൊണ്ടാണ് മുജാഹിദ് മത വിഭാഗങ്ങളൊക്കെയും കൊട്ടപ്പുറത്തിന്‍റെ പേരില്‍ ഹാലിളകുന്നത്. കേരള മുസ്ലിം ചരിത്രത്തില്‍ കൊട്ടപ്പുറത്തെ കട്ടപ്പാടം ചെറിയ സ്പന്ദനമൊന്നുമല്ല സൃഷ്ടിച്ചത്, ശരിയായ ഭൂകന്പം തന്നെയായിരുന്നു. ചരിത്രം സാക്ഷി!

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ