ചരിത്രത്തിലെ ഏറ്റവും മോശം സാഹചര്യത്തിലൂടെയാണ് കേരളത്തിലെ സലഫി പ്രസ്ഥാനം ഇപ്പോൾ കടന്നുപോകുന്നത്. കേരളത്തിൽ മാത്രമല്ല; ആഗോളതലത്തിൽ തന്നെയും സലഫിസം ദയനീയമായ തകർച്ച നേരിട്ടുകൊണ്ടിരിക്കുകയാണ്. ഒട്ടും ഭദ്രമല്ലാത്ത ആശയാടിത്തറയിൽ നിന്നുകൊണ്ടാണ് സ്ഥാപകർ സലഫിസത്തെ കെട്ടിപ്പടുത്തത്. തകർച്ചയുടെ കാരണവും ഇതാണ്. ഖാരിജിയ്യ, റാഫിളിയ്യ തുടങ്ങി സലഫസത്തിന്റെ പ്രാഗ്‌രൂപങ്ങളെല്ലാം തകർന്നു മണ്ണടിഞ്ഞു ചരിത്രത്തിന്റെ ഭാഗമായതിന്റെയും കാരണം മറ്റൊന്നല്ല. സത്യം പുലരുകയും അസത്യം തകരുകയും ചെയ്യുമെന്നത് ഖുർആന്റെ സാക്ഷ്യമാണല്ലോ.
സലഫിസത്തിന്റെ അപചയം ബിദ്അത്തിന്റെ അനിവാര്യമായ പതനമാണ്. ഈ പതനം കാലാന്തരത്തിൽ സംഭവിക്കേണ്ട ഒരു പ്രക്രിയയാണ്. കേരളത്തിൽ ഇത് വളരെ പതുക്കെയാണു സംഭവിച്ചത്. രാഷ്ട്രീയത്തിന്റെയും ഭരണത്തിന്റെയും തണൽപറ്റി പരാന്നഭോജിയായി തിടംവെച്ച സലഫിസത്തിന് ഒരു നൂറ്റാണ്ടോളം പിടിച്ചുനിൽക്കാനായത് സ്വാഭാവികം. ആദർശതലത്തിൽ തകർന്നുപോയ ഈ സംഘത്തെ ഒരധികാരകേന്ദ്രത്തിനും ഇനി അധികകാലം താങ്ങിനിറുത്താനാവില്ല. ചെറിയൊരു കാലം കൂടി പിന്നിടുന്നതോടെ വരുംതലമുറക്കു വായിച്ചു തള്ളാനുള്ള ചരിത്ര പരാമർശമായി പുസ്തകത്താളുകളിലേക്ക് സലഫിസം മാറ്റപ്പെടും.
സലഫിസം മൗലികമായി തന്നെ മതഭീകരതയാണ്. ആഗോള തലത്തിൽ ഇസ്‌ലാമിന്റെ പേരിൽ നടക്കുന്ന ഭീകരാക്രമണങ്ങൾക്കും കൂട്ടക്കുരുതികൾക്കും പിന്നിലെ പ്രത്യയ ശാസ്ത്രം റാഡിക്കൽ വഹാബിസമാണ്. മാരകമായ ഈ ചിന്താധാരയുടെ കേരള മോഡലാണ് മുജാഹിദുകൾ എന്ന പേരിൽ ഇവിടെ അറിയപ്പെടുന്നത്. ലോകം സലഫിസത്തെയും അതിന്റെ വകഭേദങ്ങളെയും തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. സ്വന്തം പോറ്റില്ലത്തിൽ നിന്നും ഈറ്റില്ലത്തിൽ നിന്നും സലഫിസം നിഷ്‌കരുണം പുറത്താവുകയാണ്. അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാരാണ് ഒരു നൂറ്റാണ്ടോളമായി കേരളത്തിൽ സലഫിസത്തെ പ്രതിരോധിച്ചു നിറുത്തിയത്. അവർ കാണിച്ച നിതാന്ത ജാഗ്രത കാരണമാണ് കേരളം മറ്റൊരു യമനോ സിറിയയോ ആകാതെ രക്ഷപ്പെട്ടത്. സമൂഹത്തിന്റെ എല്ലാ തലത്തിൽനിന്നും സലഫിസത്തെ അകറ്റി നിറുത്താൻ കുറച്ചൊന്നുമല്ല ഇവിടത്തെ ഉലമാക്കൾ പണിയെടുത്തത്. ആശയ സംവാദങ്ങളും ഖണ്ഡന പ്രസംഗങ്ങളും പത്രമാസികകളും ഗ്രന്ഥരചനകളും പ്രചാരണ-പ്രബോധന പരിപാടികളുമായി സുന്നി സമൂഹം ഉയർത്തിയ പ്രതിരോധമാണ് സലഫിസത്തെ വീഴ്ത്തിയത്. ഇത്തരത്തിൽ ഒരു നൂറ്റാണ്ടോളം നീണ്ട പ്രതിരോധ ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ് കൊട്ടപ്പുറം സംവാദം.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന പണ്ഡിത സംഘടനയും കീഴ്ഘടകങ്ങളും നിലവിൽവന്നതു തന്നെ സലഫിസത്തെ പ്രതിരോധിക്കുന്നതിനു വേണ്ടിയാണ്. സുന്നി പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ പാതിയിലേറെ കാലവും ചെലവഴിച്ചത് സലഫിസത്തെ നേരിടാനാണ്. ഇതിന്റെ ഭാഗമായി എണ്ണമറ്റ ഖണ്ഡന പ്രസംഗങ്ങൾ നടന്നിട്ടുണ്ട്. നിരവധി ആശയ സംവാദങ്ങൾ നടന്നിട്ടുണ്ട്. സംവാദങ്ങളിൽ ഏറ്റവും അവസാനം നടന്നത് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത കൊട്ടപ്പുറത്താണ്. ആ സംവാദം പലതുകൊണ്ടും സവിശേഷമായി.
1983 ഫെബ്രുവരി ഒന്നു മുതൽ മൂന്നു വരെയുള്ള തിയ്യതികളിലാണ് കൊട്ടപ്പുറം സംവാദം നടന്നത്. നാല് ദിവസം നടത്താൻ നിശ്ചയിച്ചിരുന്ന സംവാദം മൂന്നാം ദിവസം കലഹിച്ചു പിരിയുകയായിരുന്നു. പ്രമാണങ്ങൾകൊണ്ടു പിടിച്ചുനിൽക്കാനുള്ള സർവ ശ്രമങ്ങളും പരാജയപ്പെട്ടപ്പോൾ സലഫികൾ കരുതിക്കൂട്ടി പ്രകോപനം സൃഷ്ടിച്ച് പരിപാടി അലങ്കോലപ്പെടുത്തി.
തവസ്സുലും ഇസ്തിഗാസയുമായിരുന്നു കൊട്ടപ്പുറത്തെ സംവാദ വിഷയങ്ങൾ. രണ്ടു ദിവസം ഇസ്തിഗാസ, രണ്ടു ദിവസം തവസ്സുൽ എന്ന ക്രമത്തിൽ. ദിവസം നാല് മണിക്കൂർ സംവാദം നടത്താനായിരുന്നു ധാരണ. ഇതിൽ ഒരു ദിവസം അരമണിക്കൂർ വീതം ഇരുപക്ഷത്തിനും വിഷയം അവതരിപ്പിക്കാം. ശേഷിക്കുന്ന മൂന്നിൽ ഒന്നര മണിക്കൂർ വീതം ചോദ്യോത്തരം. ആദ്യം നറുക്കുവീണ പക്ഷം വിഷയമവതരിപ്പിച്ച് അരമണിക്കൂർ പ്രസംഗിക്കും. ശേഷം മറുപക്ഷം ചോദ്യം ഉന്നയിക്കും. അവതാരകർ മറുപടി പറയണം. രണ്ടു മിനിറ്റ് ചോദ്യവും മൂന്നു മിനിറ്റ് മറുപടിയും.
സലഫിപക്ഷത്തിനു വേണ്ടി ഉമർ സുല്ലമിയും സുന്നി പക്ഷത്തിനു വേണ്ടി അണ്ടോണ പികെഎം ബാഖവി, എപി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം, നാട്ടിക മൂസ മൗലവി എന്നിവരും വിഷയമവതരിപ്പിച്ചു.
മൂന്നു ദിവസവും സുന്നിപക്ഷത്തിനു വേണ്ടി ചോദ്യങ്ങൾ ഉന്നയിച്ചതും മറുപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞതും കാന്തപുരം ഉസ്താദാണ്. മറുപക്ഷത്തിനു വേണ്ടി എപി അബ്ദുൽ ഖാദർ മൗലവിയും. ഒന്നാം ദിവസം തന്നെ മൗലവിക്കു പാളിച്ചകൾ സംഭവിച്ചു. രണ്ടാം ദിവസം അദ്ദേഹത്തിനു പിടിച്ചുനിൽക്കാൻ കഴിയാതെ വന്നപ്പോൾ ചെറിയമുണ്ടം അബ്ദുൽ ഹമീദ് മൗലവിയെ പകരക്കാരനായി ഇറക്കി. പരിപാടി കേൾക്കാൻ വന്ന തന്നെ ഒരു തയ്യാറെടുപ്പുമില്ലാതെ പൊടുന്നനേ മൈക്കിനു മുമ്പിലേക്കു നയിക്കുകയാണുണ്ടായതെന്ന് പിന്നീട് ഒരഭിമുഖത്തിൽ ഇദ്ദേഹം ഏറ്റുപറഞ്ഞിട്ടുണ്ട്. സത്യത്തിൽ ഈ മൗലവിയാണ് മൂന്നാം ദിവസം പരിപാടി അലങ്കോലമാക്കി സലഫികളെ കൊട്ടപ്പുറത്തു നിന്നു രക്ഷപ്പെടുത്തിയത്.
ചോദ്യോത്തര വേളയുടെ ആദ്യാവസരത്തിൽ എപി ഉസ്താദ് ഉന്നയിച്ച ഒറ്റച്ചോദ്യത്തിൽ തന്നെ മൗലവി വീണു. ‘ശിർക്കിന്റെ നിർവചനമെന്ത്?’ എന്നായിരുന്നു ഒന്നാമത്തെ ചോദ്യം. ഖുർആനോ ഹദീസോ മറ്റ് അംഗീകൃത പ്രമാണങ്ങളോ ഉദ്ധരിച്ചു മറുപടി വേണമെന്നും ഉസ്താദ് ആവശ്യപ്പെട്ടു. ഒന്നാം അവസരത്തിൽ രണ്ടാമതൊരു ചോദ്യം കൂടി ഉസ്താദ് ഉന്നയിച്ചു: ‘എല്ലാ വിളിയും ശിർക്കാണോ?’ സുദൃഢമായ അടിത്തറയുള്ളതും അത്ര വേഗം മറുപടി പറയാൻ കഴിയാത്തതുമായിരുന്നു രണ്ടു ചോദ്യങ്ങളും. സുന്നികൾ ചെയ്യുന്നതെല്ലാം ശിർക്കാണെന്നാണല്ലോ സലഫികളുടെ ആക്ഷേപം. ശിർക്കിന്റെ നീണ്ട ഒരു പട്ടിക തന്നെ ഇവർ ഇറക്കിയിട്ടുണ്ട്. ഇസ്തിഗാസ അതിലൊന്നു മാത്രമാണ്. ശിർക്ക് എന്താണെന്നു നിർവചിച്ചു കഴിഞ്ഞാൽ ആ നിർവചനത്തിന്റെ പരിധിയിൽ വരുന്നതെല്ലാം ശിർക്കാണെന്നു മനസ്സിലാക്കാമല്ലോ. മദ്യം നിഷിദ്ധമാണെന്നു പറഞ്ഞാൽ അതിന്റെ ബ്രാന്റുകളുടെ പട്ടികയുണ്ടാക്കി ഏതൊക്കെയാണ് വിലക്കപ്പെട്ടത് എന്നു നോക്കേണ്ട കാര്യമില്ല. ലഹരിയുണ്ടാക്കുന്നതെല്ലാം ഹറാം എന്നു നിർവചിച്ചാൽ ഉപയോഗിക്കുന്ന സാധനത്തിന് ലഹരിയുണ്ടോ എന്നു നോക്കിയാൽ മതി. അതുപോലെ ശിർക്ക് എന്ന പരാതി പരിഹരിക്കാൻ ശിർക്കിന്റെ നെടുനീളൻ പട്ടിക തയ്യാറാക്കേണ്ടതില്ല. ശിർക്ക് എന്താണെന്ന് നിർവചിച്ചാൽ മതി. ഇതായിരുന്നു ഉസ്താദിന്റെ ചോദ്യത്തിന്റെ പൊരുൾ.
ഒന്നാം ചോദ്യത്തിനു ആദ്യ അവസരത്തിൽ മറുപടി പറയാനാകാതെ മൗലവി ഉരുണ്ടുകളിച്ചു. രണ്ടാം അവസരത്തിൽ ഉസ്താദ് അതേ ചോദ്യം ആവർത്തിച്ചു. രണ്ടാം അവസരത്തിൽ വിജയഭാവത്തിൽ മൗലവി ഇമാം റാഗിബിന്റെ മുഫ്‌റദാത്തിൽ നിന്ന് ഉദ്ധരിച്ചു. ശിർക്കിന്റെ അർത്ഥം ഇതാ എന്ന ഭാവത്തിലായിരുന്നു മറുപടി. ഏറ്റവും കൊടിയ ശിർക്ക് (അശ്ശിർക്കുൽ അളീം) ഏതാണെന്നാണ് ഇമാം റാഗിബ് പറയുന്നത്. അത് അല്ലാഹുവിൽ പങ്കുചേർക്കലാണ്. അടുത്ത അവസരത്തിൽ ഉസ്താദ് മൗലവിയെ ഒന്നു കുടഞ്ഞു. വലിയ ശിർക്ക് ഏതാണ് എന്നതല്ലല്ലോ തർക്കം. എന്താണ് ശിർക്ക് എന്നു പറയൂ. എല്ലാ വിളിയും ശിർക്കാണോ എന്ന ചോദ്യവും ആവർത്തിച്ചു. വിശുദ്ധ ഖുർആനിലെ ‘ദുആ, ദഅ്‌വത്ത് തുടങ്ങിയ പദങ്ങൾ വരുന്ന വചനങ്ങൾക്കെല്ലാം ‘വിളിച്ചു പ്രാർത്ഥിക്കുക’ എന്ന് അർത്ഥം പറയുകയും അതത്രയും ശിർക്കാണെന്ന് വാദിക്കുകയും ചെയ്യുന്ന പതിവ് രീതിക്കെതിരെയായിരുന്നു ഈ ചോദ്യം.
ഈ ചോദ്യോത്തരം നടക്കുന്ന സമയത്തെല്ലാം പിന്നിലിരുന്നു മൗലവിമാർ തലങ്ങും വിലങ്ങും ഗ്രന്ഥങ്ങൾ പരതുന്നതു കാണാമായിരുന്നു. ചില കുറിപ്പുകൾ മൗലവിക്കു കൊടുക്കുന്നുമുണ്ട്. അദ്ദേഹം അതു നോക്കി നിരാശപ്പെടുന്നതും കണ്ടു.
മൂന്നാം അവസരം വന്നപ്പോൾ കിട്ടിപ്പോയി എന്ന ഭാവത്തിൽ മൗലവി മറുപടി പറഞ്ഞു: ‘അല്ലാഹുവിന്റെ ദാത്തിലോ സ്വിഫാത്തിലോ പങ്കുചേർക്കലാണ് ശിർക്ക്’ എന്നാണു ഞങ്ങളുടെ വാദം. ഈ പറഞ്ഞതിന് രേഖകളാന്നും ഉദ്ധരിച്ചില്ല. നാലാമൂഴത്തിൽ ഉസ്താദ് കത്തിക്കയറി. നിങ്ങളുടെ വാദം കേൾക്കേണ്ട. ഈ പറഞ്ഞ നിർവചനത്തിന് ഖുർആനിൽ നിന്ന് തെളിവ് തരൂ, ഹദീസിൽ നിന്ന് തെളിവ് തരൂ, പ്രമാണങ്ങൾ ഉദ്ധരിക്കൂ.
മറുപടിയുടെ ചുവടുപിടിച്ച് പുതിയ ചില ചോദ്യങ്ങൾ കൂടി ഉസ്താദ് ഉന്നയിച്ചു. അല്ലാഹുവിന്റെ ദാത്തിലും സ്വിഫാത്തിലും പങ്കുചേർക്കുക എന്നു പറഞ്ഞല്ലോ, അപ്പോൾ അല്ലാഹു ഉണ്ട്; മനുഷ്യനും ഉണ്ട്, അല്ലാഹുവിനു ഹയാത്തുണ്ട്; മനുഷ്യനും ഹയാത്തുണ്ട്, അല്ലാഹു സഹായിക്കും; മനുഷ്യനും സഹായിക്കും… എന്നിങ്ങനെ വിശ്വസിച്ചാൽ ശിർക്കാകുമോ? ഈ ചോദ്യങ്ങൾക്കു മറുപടി തന്നാൽ നമ്മൾ തമ്മിലുള്ള തർക്കം തീരാൻ പോവുകയാണെന്നും ഉസ്താദ് പ്രസ്താവിച്ചു.
നാലാമത്തെ അവസരത്തിൽ മറുപടി പറയാൻ എഴുന്നേറ്റ മൗലവി അസ്വസ്ഥനായി കാണപ്പെട്ടു. വിഷയബന്ധമില്ലാതെ പലതും പറഞ്ഞു. ‘ഞങ്ങളുടെ വാദം’ എന്നു പറഞ്ഞുകൊണ്ട് വിഷയാവതാരകൻ ഓതിയ ആയത്തുകൾ പലവുരു ആവർത്തിച്ചു. പക്ഷേ, ശിർക്ക് എന്താണെന്നു നിർവചിക്കാൻ മൗലവിക്കായില്ല. പറഞ്ഞ മറുപടിക്ക് തെളിവുകൊണ്ടുവരാനും കഴിഞ്ഞില്ല. ഉസ്താദ് പിന്നെയും പുതിയ ചില ചോദ്യങ്ങൾ കൂടി ഉന്നയിച്ചു. ഒപ്പം, നേരത്തെ ഉന്നയിച്ച ചോദ്യങ്ങളിൽ പ്രധാനപ്പെട്ടവ വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടേയിരുന്നു.
ഒന്നാം ദിവസം മുഴുക്കെ മൗലവിയുടെ ഉരുണ്ടുകളിയായിരുന്നു. തൗഹീദ് അപകടത്തിലാണെന്നും ശിർക്ക് സർവ വ്യാപകമാണെന്നും പറഞ്ഞു സമുദായത്തെ ബേജാറാക്കാൻ വന്ന മൗലവിമാർക്ക് ശിർക്ക് എന്താണെന്നു പറയാനായില്ല. തൗഹീദ് ശരിയായി അവതരിപ്പിക്കാനും സാധിച്ചില്ല.
രണ്ടാം ദിവസം സമാപനത്തോടടുത്തപ്പോൾ ശർഹുൽ അഖാഇദ് ഉദ്ധരിച്ചുകൊണ്ട് എപി ഉസ്താദ് ശിർക്കിന്റെ നിർവചനം പറഞ്ഞു. അതൊരു പറച്ചിലായിരുന്നില്ല, വിളംബരമായിരുന്നു. അടുത്ത സംവാദത്തിൽ ചോദ്യം വന്നാൽ ഉത്തരം പറയാൻ ഇതു പഠിച്ചുവെച്ചോളൂ എന്നും ഉസ്താദ് കളിയാക്കി. എന്നിട്ടും മറുപക്ഷം ഇളകിയില്ല. സത്യത്തിൽ ശർഹുൽ അഖാഇദിലെ നിർവചനം മൗലവിമാർക്കറിയാമായിരുന്നു. അതെങ്ങാനും പറഞ്ഞിരുന്നെങ്കിൽ അതുവരെ കെട്ടിപ്പൊക്കിയ ശിർക്കാരോപണത്തിന്റെ കോട്ടകൾ അരനിമിഷം കൊണ്ട് ഉസ്താദ് പൊളിച്ചടുക്കുമായിരുന്നു! അതവർ ശരിക്കും ഭയന്നു.
സത്യത്തിൽ, സലഫിസം നേരിടുന്ന സ്വത്വപ്രതിസന്ധിയുടെ കാതൽ ശിർക്കും തൗഹീദും നിർവചിക്കുന്നതിൽ അവർക്കു പറ്റിയ ഭീമാബദ്ധമാണ്. ഒന്നുകിൽ സ്ഥാപകരുടെ അറിവില്ലായ്മ, അല്ലെങ്കിൽ അപഭ്രംശം, അതുമല്ലെങ്കിൽ സൈനീ ദഹ്‌ലാൻ ഉൾപ്പെടെയുള്ള ചരിത്രകാരന്മാർ നിരീക്ഷിച്ചതുപോലെ മുസ്‌ലിം സംഘശക്തി തകർക്കാൻ ജൂതലോബികൾ ഒരുക്കിയ കെണി. ഇതിലേതായാലും സലഫിസം പുതിയ കാലത്ത് നേരിടുന്ന സ്വത്വപ്രതിസന്ധിയുടെ ശരിയായ കാരണം തൗഹീദും ശിർക്കും മനസ്സിലാക്കുന്നതിലുണ്ടായ വിവരക്കേടാണ്. കൊട്ടപ്പുറം സംവാദം ഈ വസ്തുത ശരിയായ രീതിയിൽ ബോധ്യപ്പെടുത്തുന്നുണ്ട്.

 

ഒഎം തരുവണ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ