വിശ്വാസിയുടെ കർമങ്ങൾ മധുരമായിരിക്കണം. നിർബന്ധിതവും ഐച്ഛികവുമായ ഇബാദത്തുകളെല്ലാം മധുരിക്കുന്ന ഫലങ്ങൾ നൽകും. കർമങ്ങൾ നിർവഹിക്കുമ്പോൾ അനുഭവപ്പെടുന്ന ആത്മീയസായൂജ്യം അവ സ്വീകരിക്കപ്പെടുമെന്നതിന്റെ അടയാളമാണെന്നാണ് ആത്മജ്ഞാനികളുടെ നിരീക്ഷണം.
ആവർത്തിച്ച് ചെയ്യുന്ന കർമങ്ങളിൽ മടുപ്പ് അനുഭവപ്പെടുന്നതാണ് മനുഷ്യപ്രകൃതം. മടിയും മടുപ്പും തടുത്ത് നിർത്തിയും മനസ്സിലെ ദുർമേദസ്സുകൾ ദൂരെയെറിഞ്ഞും സുകൃതങ്ങളിൽ ഇടപെടുമ്പോൾ ഹൃത്തിൽ ആത്മീയ മധു പൊട്ടിയൊഴുകും. തന്റെ ഊക്കിനും ശക്തിക്കുമനുസരിച്ച് മധുധാരക്ക് ശക്തിയും പ്രസരിപ്പും വർധിക്കും.
ആത്മജ്ഞാനികൾ പറയാറുണ്ട്: ‘എല്ലാ നന്മകളും മലമ്പാതകൾ താണ്ടിക്കടന്ന് സമ്പാദിക്കണം. അതിനായി നല്ല ക്ഷമ കൈകൊള്ളണം. അപ്പോൾ എല്ലാ നന്മകളെയും സന്തോഷത്തോടെ ചേർത്തുവെക്കാനാവും. സ്വന്തത്തോട് പോരാടുക, വൈകാരിക സ്വഭാവങ്ങൾ വിപാടനം ചെയ്യുക, ദൗതികതയോട് മത്സരിക്കുക എന്നീ സിദ്ധികളുണ്ടാവുമ്പോൾ ആത്മീയാനുഭവും സന്തോഷവും അനുഭവപ്പെടും.
ഒരു സൂഫീ പണ്ഡിതൻ പറഞ്ഞതിങ്ങനെ: ഞാൻ കാലങ്ങളായി ഖുർആനോതുന്നു. എനിക്ക് ഒരു രുചിയും അനുഭവപ്പെട്ടില്ല. എന്നാൽ തിരുനബി(സ്വ) സ്വഹാബത്തിന് ഖുർആൻ ഓതിക്കൊടുക്കുമ്പോൾ അവരിൽ ഒരാളായി കേൾക്കുന്നത് പോലെ ഖുർആൻ ഓതിനോക്കി. അപ്പോൾ എനിക്ക് അൽപ്പം ആനന്ദം തോന്നി. ഞാൻ ഒന്ന് കൂടി ഉയർന്ന പദവിയിൽ നിന്ന് ഖുർആൻ പാരായണം ചെയ്യാനാരംഭിച്ചു. റസൂലി(സ്വ)ന് ജിബ്‌രീൽ(അ) ഓതിക്കൊടുക്കുമ്പോൾ ഞാനും കൂടെ നിന്ന് കേൾക്കുന്ന സങ്കൽപനയോടെയായിരുന്നു തുടർന്നുള്ള പാരായണം. അതോടെ എന്റെ മനസ്സ് വികസിച്ചു. ഞാൻ ഒന്നുകൂടി ഉയർന്ന് അല്ലാഹുവിൽ നിന്ന് നേരിട്ട് ഖുർആൻ കേൾക്കുന്ന പ്രതീതിയിൽ പാരായണം ചെയ്തുനോക്കി. ക്ഷമിക്കാനോ പിടിച്ചുനിൽക്കാനോ കഴിയാത്ത അത്യത്ഭുതകരമായ ആത്മീയ മാധുര്യത്തിന്റെ ലോകത്താണ് അതോടെ ഞാനെത്തിപ്പെട്ടത്.
കർമങ്ങൾ ഹൃദയസാന്നിധ്യത്തിലാവണം. അശ്രദ്ധയും ബോധമില്ലായ്മയും സുകൃതങ്ങളുടെ അന്തസത്ത കെടുത്തിക്കളയും. ഉൾക്കാമ്പില്ലാത്ത ബാഹ്യപ്രകടനങ്ങൾക്ക് പ്രസക്തിയില്ല. അകക്കാമ്പിലാണ് കർമങ്ങളുടെ അർഥം. ഹൃദയ സാന്നിധ്യത്തിൽ മാത്രമേ അത് കണ്ടെത്താനാവൂ. ‘നിസ്‌കരിക്കുന്നവർക്കാണ് വയ്ൽ അവർ അശ്രദ്ധരാണ്’ (ഖുർആൻ). ‘താങ്കൾ അശ്രദ്ധരിൽ പെടരുത്’ (ഖുർആൻ). നിസ്‌കാരം കൊണ്ട് വെറും ക്ഷീണവും അധ്വാനവുമല്ലാതെ യാതൊരു ഫലവും ലഭിക്കാത്ത എത്ര നിസ്‌കാരക്കാരുണ്ട് (നസാഈ, ഇബ്‌നുമാജ).
എല്ലാ സൽകർമങ്ങളുടെയും സ്വീകാര്യതക്ക് ആത്മീയ വിശുദ്ധി പ്രധാനമാണ്. കർമങ്ങളുടെ ബാഹ്യപ്രകടനങ്ങൾ ആത്മാവിന് ലഭിക്കുന്ന പുറം സഹായങ്ങൾ മാത്രമാണ്. ‘തീർച്ചയായും അല്ലാഹു ഭക്തരിൽ നിന്നാണ് സ്വീകരിക്കുക’ എന്നു ഖുർആൻ. ദുൻയാവിൽ പ്രതിഫലം ലഭിക്കാത്തവർ പരലോകത്തും ഒന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് ആത്മജ്ഞാനിയായ അബൂ സുലൈമാനുദ്ദാവനിയുടെ നിരീക്ഷണം. കർമങ്ങൾ അനുഷ്ഠിക്കുമ്പോൾ ഹൃദയ സാന്നിധ്യത്തിൽ നിർവഹിക്കാനാവുന്നതാണ് ദുൻയാവിലെ പ്രതിഫലം. ഹസൻ(റ) പറഞ്ഞു: മൂന്നിടത്ത് മധുരം നഷ്ടപ്പെട്ടാൽ വാതിലടഞ്ഞിട്ടുണ്ടെന്ന് നിങ്ങൾ തിരിച്ചറിയുക. ഖുർആൻ പാരായണം ചെയ്യുമ്പോൾ, ദിക്ർ ചൊല്ലുമ്പോൾ, സുജൂദ് ചെയ്യുമ്പോൾ.
അല്ലാഹുവിന്റെ സ്ഥാനത്തെ ഭയപ്പെടുന്നവർക്ക് രണ്ട് സ്വർഗമുണ്ട്. ആരാധനകൾ കർമങ്ങളിലും റബ്ബുമായുള്ള സംഭാഷണത്തിലും അനുഭവിക്കുന്ന മധുരമാണ് ഒരു സ്വർഗം. സുഖാനുഭൂതികളുടെ സ്വർഗമാണ് രണ്ടാമത്തേത്. ഇങ്ങനെയൊരു വ്യാഖ്യാനം പ്രസ്തുത ആയത്തിന് നൽകിയ ദാർശനിക പണ്ഡിതരുണ്ട്.
തെറ്റുകളിൽ നിന്ന് പൂർണമായി വിട്ടുനിൽക്കുമ്പോൾ മാത്രമേ കർമങ്ങളുടെ മധുരം നുണയാനാവൂ. തെറ്റുകുറ്റങ്ങളും ആത്മീയ മധുരവും പരസ്പര പൂരകങ്ങളാണ്. രണ്ടും ഒന്നിച്ച് ഉണ്ടാവില്ല. ഇസ്മാഈലുബ്‌നു നുജൈദ് പറയുകയുണ്ടായി: കാര്യങ്ങളെല്ലാം നിസ്സാരമായി കാണുന്നത് അല്ലാഹുവിനെ മനസ്സിലാക്കിയിടത്ത് സംഭവിച്ച തകരാണ്. റബ്ബിനെ കുറിച്ച് ജ്ഞാനമുള്ളവന് അവനെ ധിക്കരിക്കാനാവില്ല. വല്ല അബദ്ധവും സംഭവിക്കുമ്പോൾ മനസ്സിൽ നീറ്റലും വേദനയും അനുഭവപ്പെടുന്നത് ഉള്ളിൽ ആത്മീയ മധു അവശേഷിക്കുന്നതിന്റെ അടയാളമാണ്.
മനസ്സിനെ കൂടി കർമങ്ങളിൽ പങ്കാളിയാക്കുക, എല്ലാം നിർവഹിക്കുന്നത് മനസ്സുകൊണ്ടാവുക, എല്ലാ ധ്യാനങ്ങളുടേയും സ്രോതസ്സ് മനസ്സാവുമ്പോൾ അനുഭവിക്കുന്ന അനുഭൂതി മഹത്തരമായിരിക്കും. അതിന് നിരവധി തിരശ്ശീലകൾ ചാടിക്കടന്ന് ഹൃദയം സഞ്ചരിക്കണം, വിധേയപ്പെടണം.

അബ്ദുറഹ്‌മാൻ ദാരിമി സീഫോർത്ത്

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ