ല്ലാഹുവിന്റെ അന്നവും വെളിച്ചവും അനുഭവിച്ച് ജീവിക്കുന്ന മനുഷ്യർക്ക് ആരാധനകളിലെ ആചാര മര്യാദകൾ അറിഞ്ഞും സാമ്പത്തിക സാമൂഹിക നിയമ നിയന്ത്രണങ്ങൾ പാലിച്ചും മുന്നേറാൻ അറിവന്വേഷണം അത്യന്താപേക്ഷിതമാണ്.
പ്രായപൂർത്തിയായ ആദ്യ ഘട്ടത്തിൽ തന്നെ ശഹാദത്തിന്റെ വചനങ്ങളും അതിന്റെ ആശയവും ഗ്രഹിക്കണം. തുടർന്ന് ആസന്നമായ നിസ്‌കാരത്തിനു മുമ്പ് ശുദ്ധീകരണം, നിസ്‌കാരത്തിന്റെ നിർബന്ധരൂപം എന്നിവ അഭ്യസിച്ചിരിക്കണം.
റമളാൻ മാസം ആസന്നമായാൽ വ്രതം നഷ്ടപ്പെടുത്തുന്ന കാര്യങ്ങൾ, വ്രത ബാധ്യതയിൽ നിന്നു മുക്തരായവർ, ശാരീരിക ക്ഷമതയില്ലാത്തവരുടെ പ്രതിവിധികൾ തുടങ്ങിയ വ്രതാനുഷ്ഠാനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്.
സകാത്ത് കൊടുക്കാൻ ബാധ്യതയുള്ള വ്യക്തി അതു നൽകേണ്ട സമയമാകുമ്പോൾ സകാത്ത് സംബന്ധിയായ വിധികളെ പറ്റി ബോധവാനായിരിക്കണം. നിബന്ധനകൾ ഒരുമിച്ചു കൂടിയവർക്ക് ആയുസ്സിലൊരിക്കൽ ഹജ്ജ്-ഉംറ നിർവഹിക്കൽ നിർബന്ധമാണല്ലോ. അവ ഉദ്ദേശിക്കുന്ന സമയത്തു മാത്രം അവകളുടെ ശരിയായ രൂപവും ചിട്ടയും നിയന്ത്രണങ്ങളും മനസ്സിലാക്കിയിരിക്കണം.
കച്ചവടം പോലുള്ള സാമ്പത്തിക ഇടപാടുകളിൽ ഏർപ്പെടുന്നവർ അതിനു മുമ്പായി കർമശാസ്ത്ര വിധികൾ അറിഞ്ഞിരിക്കണം.
പുതിയ കാലത്തെ അതിനൂതനമായ ഇടപാടുകളുടെ മതനിലപാടുകൾ സൂക്ഷ്മമായി കാര്യങ്ങൾ പഠിച്ചു പറയുന്ന പണ്ഡിതരോട് അന്വേഷിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്.
ജീവിതത്തിൽ ധാരാളമായി അഭുമുഖീകരിക്കുന്ന കർമശാസ്ത്ര പ്രശ്‌നങ്ങളുടെ മതവിധി ആരാഞ്ഞു ഉദ്ബുദ്ധരാവേണ്ടത് ഓരോ വിശ്വാസിയുടെയും വ്യക്തിഗത ബാധ്യതയാണ്.
അപ്പോൾ നാട്ടിൽ സാർവത്രികമായി ലഭ്യമായ ഭക്ഷ്യ വസ്തുക്കൾ, വസ്ത്രങ്ങൾ, സർക്കാർ ആനുകൂല്യങ്ങൾ, സമ്മാന കൂപ്പണുകൾ തുടങ്ങിയവയുടെ മതനിലപാട് അന്വേഷിച്ചറിയണം.
വിവാഹത്തിലേർപ്പെടുന്ന വ്യക്തി വിവാഹത്തിനു മുന്നോടിയായി ഇണയുടെ അവകാശങ്ങൾ, തന്റെ ബാധ്യതകൾ തുടങ്ങിയ വൈവാഹിക ജീവിതവുമായി നേരിട്ട് ബന്ധപ്പെട്ടു കിടക്കുന്ന കാര്യങ്ങൾ അറിഞ്ഞിരിക്കണം.
സുന്നത്ത് നിസ്‌കരിക്കാനുദ്ദേശിക്കുന്ന വ്യക്തി വിശദാംശങ്ങളറിയാതെ അതിൽ ഏർപ്പെടുന്നത് കുറ്റകരമാണ് (ശർഹുൽ മുഹദ്ദബ് 1/26 കാണുക).
അപൂർവമായി മാത്രം അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്‌നങ്ങളുടെ നിവാരണം നേരത്തെ പഠിച്ചിരിക്കേണ്ടെങ്കിലും ആസന്നമായാൽ അറിവു തേടിയിരിക്കണം.
വാഹനം ഓടിക്കുന്നയാൾ രാജ്യത്തെ ഗതാഗത നിയമങ്ങൾ അറിഞ്ഞിരിക്കേണ്ടതു പോലെ അതു സംബന്ധിയായ മതപരമായ നിയമ കാര്യങ്ങളിൽ വിശ്വാസി ബോധവാനായിരിക്കണം. അശ്രദ്ധ മൂലം സംഭവിക്കുന്ന അപകടങ്ങളിൽ പരിക്കോ മരണമോ പറ്റിയവരുടെ നഷ്ടപരിഹാരം, ഇങ്ങോട്ടു വന്നിടിച്ച് ജീവഹാനി സംഭവിച്ചവരുടെ ആശ്രിതർക്ക് ലഭിക്കേണ്ട അവകാശം തുടങ്ങിയവ ഉദാഹരണങ്ങളാണ്.
അല്ലാഹുവിന്റെ നയനിലപാടുകൾ അറിയുന്നതും അത് പകർന്നു നൽകുന്നതിലും വലിയ ആരാധനയെന്താണ്? അതുകൊണ്ടാണ് അറിവിന്റെ ആദാനപ്രദാനത്തെ റസൂൽ(സ്വ) ഏറെ പ്രശംസിച്ചത്.
ആരാധനകളിൽ ഏറ്റവും മികച്ചവയിൽ പെട്ടതും അമൂല്യമായ സമയം ചെലവഴിക്കാൻ എന്തുകൊണ്ടും പര്യാപ്തമായതും അറിവിന്റെ വഴിയാണെന്ന് ഇമാം നവവി(റ). മഹാൻ പരാമർശിച്ച ‘വിദ്യ’ കർമശാസ്ത്രമാണെന്ന് ഇമാം ദമീരി(അന്നജ്മുൽ വഹ്ഹാജ് 1/197)യെ പോലുള്ളവർ നിരീക്ഷിച്ചിട്ടുണ്ട്.
അബ്ദുല്ലാഹിബ്‌നുൽ മുബാറകി(റ)നോട് ഒരാൾ ചോദിച്ചു; ‘നിങ്ങളുടെ ആയുസ്സിൽ നിന്നും ഒരു ദിവസമേ ബാക്കിയുള്ളൂ എന്ന് കൃത്യമായ ബോധ്യം വന്നാൽ നിങ്ങൾ എന്തു കാര്യത്തിലായിരിക്കും വ്യാപൃതനാവുക?’
ഇമാമിന്റെ മറുപടി: ‘ഞാൻ ജനങ്ങൾക്ക് നല്ല കാര്യങ്ങൾ പകർന്നു കൊണ്ടിരിക്കും’ (അൽ മദ്ഖൽ ഇലാ സുനനിൽ കുബ്‌റാ പേ. 309).

ഇസ്മാഈൽ അഹ്‌സനി പുളിഞ്ഞാൽ

 

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ