ഖലീഫ ഉസ്മാൻ(റ)വിന് ഭക്ഷണവും വെള്ളവും തടഞ്ഞുള്ള ഉപരോധം തുടങ്ങിയിട്ട് ദിവസങ്ങളായി. അപ്പോഴെല്ലാം സുന്നത്ത് നോമ്പിലായിരുന്നു മഹാൻ. നോമ്പു തുറക്കാനുള്ള ഒരിറ്റു വെള്ളം പോലും വീടിനുള്ളിലേക്ക് കൊണ്ടുവരാൻ അക്രമികൾ സമ്മതിച്ചിരുന്നില്ല.
ദിവസങ്ങൾ കടന്നുപോയി. അക്രമികൾക്കെതിരെ നടപടി സ്വീകരിക്കാൻ ഖലീഫ അനുവദിക്കാത്തതിനാൽ അദ്ദേഹം ഉടനെ കൊല്ലപ്പെട്ടേക്കുമെന്ന് സ്വഹാബികൾ ഏതാണ്ട് ഉറപ്പിച്ചു. തങ്ങൾ ആ രംഗത്തിന് സാക്ഷിയാവാതിരിക്കാൻ മക്കളായ ഹസൻ(റ), ഹുസൈൻ(റ), ഇബ്‌നു അബ്ബാസ്(റ), ഇബ്‌നു സുബൈർ(റ) തുടങ്ങിയവരെ ഖലീഫയുടെ വീടിന് കാവൽ നിർത്തി അലി(റ), അബ്ബാസ്(റ), ത്വൽഹ(റ) തുടങ്ങിയ പ്രമുഖ സ്വഹാബികൾ മദീന വിട്ടു പോയി.

അവസാന രാത്രിയിലെ
സന്തോഷ വാർത്ത

ഖലീഫക്ക് നോമ്പു തുറക്കണം. ഒന്നും കൈവശമില്ല. ഭാര്യ നാഇല(റ) അക്രമികളോട് ഒരിറ്റു വെള്ളത്തിനായി കെഞ്ചി. പക്ഷേ, അവർ കനിഞ്ഞില്ല. രാത്രി ഇരുട്ടിയപ്പോൾ അക്രമികൾ കാണാതെ അയൽവാസിയുടെ വീടുമുറ്റത്തെത്തിയ മഹതി ചോദിച്ചു: ‘ഖലീഫ നോമ്പു തുറന്നിട്ടില്ല. അൽപം വെള്ളം തരാമോ?’
അയൽവാസി രഹസ്യമായി നൽകിയ വെള്ളവുമായി ഭാര്യ ഖലീഫയുടെ സന്നിധിയിലെത്തി. ‘അങ്ങ് നോമ്പു തുറന്നിട്ടില്ലല്ലോ. ഇതാ വെള്ളം, നോമ്പു തുറന്നോളൂ.’
ഉസ്മാൻ(റ) പറഞ്ഞു: സമയം ഫജ്‌റായിട്ടുണ്ട്. ഞാൻ നോമ്പുകാരനാണ്.’
ഭാര്യ: ‘നോമ്പു തുറക്കാതെ എങ്ങനെയാണ് താങ്കൾ വീണ്ടും നോമ്പനുഷ്ഠിച്ചത്?’
ഉസ്മാൻ(റ)ന്റെ മറുപടി: മഗ്‌രിബ് നിസ്‌കരിച്ച ഉടനെ തിരുനബി(സ്വ)യും എന്റെ സുഹൃത്തുക്കളായ രണ്ടു ഖലീഫമാരും വന്നിരുന്നു. ഒരു പാത്രം വെള്ളവുമായി ഈ ജനലിനടുത്ത് വന്ന നബി(സ്വ) പറഞ്ഞു: ‘ഉസ്മാനേ, അവർ നിങ്ങളുടെ വീട് ഉപരോധിച്ചുവല്ലേ. നിങ്ങൾ നിർമിച്ച മസ്ജിദിൽ വെച്ചുള്ള നിസ്‌കാരം അവർ വിലക്കിയല്ലേ. നിങ്ങൾ പണം കൊടുത്തു വാങ്ങിയ കിണറിൽ നിന്ന് ഒരിറ്റു വെള്ളം പോലും കൊണ്ടുവരാനോ കുടിക്കാനോ അവർ സമ്മതിച്ചില്ല അല്ലേ. ഇതാ, ഈ പാത്രത്തിൽ നിന്ന് താങ്കൾക്കു മതിവരുവോളം വെള്ളം കുടിച്ചോളൂ.’ അങ്ങനെ ഞാനതിൽ നിന്ന് മതിയാവുന്നത്ര കുടിച്ചു. എന്റെ ദാഹവും വിശപ്പും വിഷമങ്ങളുമെല്ലാം മാറി.
ശേഷം അവിടുന്ന് പറഞ്ഞു: ‘ഉസ്മാനേ. നിങ്ങൾക്കു വേണമെങ്കിൽ ഈ അക്രമികളുമായി യുദ്ധം ചെയ്യാം. എന്റെ സഹായം നിങ്ങളോടൊപ്പമുണ്ടാവും. അവർ പരാജയപ്പെടും. നിങ്ങൾ ക്ഷമിക്കുകയാണെങ്കിൽ നാളത്തെ നോമ്പ് നമുക്കൊരുമിച്ചു തുറക്കാം.’
ഞാൻ പറഞ്ഞു: അല്ലാഹുവിന്റെ ഹബീബേ, ഞാനേറ്റവും കൂടുതൽ വെറുക്കുന്നത് ദുനിയാവിനെയും അതിന്റെ ആളുകളെയുമാണ്. ഈ അക്രമികളെ പരാജയപ്പെടുത്തി അധികാരം നിലനിർത്തണമെന്നോ ഇവിടെ ഇനിയും ജീവിക്കണമെന്നോ ഞാനാഗ്രഹിക്കുന്നില്ല. എത്രയും പെട്ടെന്ന് അങ്ങയുടെ അടുത്ത് എത്തിച്ചേരണമെന്നേ എനിക്കുള്ളൂ.
അടുത്തുണ്ടായിരുന്ന സിദ്ദീഖ്(റ) പറഞ്ഞു: ‘ഉസ്മാനേ, ക്ഷമിക്കുക. നമുക്കൊരുമിച്ച് നാളത്തെ നോമ്പു തുറക്കാം. അതിനാൽ ഞാൻ ഇന്നും നോമ്പനുഷ്ഠിച്ചിട്ടുണ്ട്.’ ഖലീഫയെ നബി(സ്വ) കുടിപ്പിച്ച ആ വെള്ളം ഹൗളുൽ കൗസറായിരുന്നു.

ഖലീഫയുടെ വിയോഗം

പിറ്റേന്ന് വെള്ളിയാഴ്ച പകൽ. നോമ്പുകാരനായ ഖലീഫ പതിവുപോലെ ഖുർആൻ പാരായണത്തിൽ മുഴുകിയിരിക്കുകയാണ്. ഉപരോധം നാൽപതു ദിവസം പിന്നിട്ടിരിക്കുന്നു. അതിന്റെ ഒരു സങ്കടവും ഖലീഫയുടെ മുഖത്തുണ്ടായിരുന്നില്ല. വീട്ടിൽ ഖലീഫയും രണ്ടു ഭാര്യമാരും അടിമകളും മക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതുതന്നെ അവസരം. ശാമിൽ നിന്നുള്ള മുസ്‌ലിം സൈന്യമെത്തിയാൽ നമ്മുടെ കഥ കഴിയും. അതിനു മുമ്പ് എല്ലാം തീർക്കണം.
കാവൽക്കാരായ സ്വഹാബത്തിന്റെ കണ്ണുവെട്ടിച്ച് മൂന്നു സംഘങ്ങളായി അക്രമികൾ ഖലീഫയുടെ അയൽവാസിയുടെ വീടിന്റെ മതിലിൽ കയറി പിൻഭാഗത്തെ അടുക്കള വാതിലിനടുത്തെത്തുകയും തീയിട്ട് വാതിൽ തകർത്ത് അകത്തു കടക്കുകയും ചെയ്തു. വീടിനു മുന്നിൽ കാവൽ നിന്നവർ ഇതൊന്നും അറിഞ്ഞില്ല.
മുഹമ്മദ് ബ്‌നു അബീബക്‌റിന്റെ നേതൃത്വത്തിൽ ആദ്യം മൂന്നംഗ സംഘവും പിന്നെ പത്തംഗ സംഘവുമാണ് വീടിനുള്ളിൽ പ്രവേശിച്ചത്. ഖലീഫയുടെ മുന്നിലെത്തിയ മുഹമ്മദ് ബ്‌നു അബീബക്ർ അദ്ദേഹത്തിന്റെ താടി പിടിച്ചുവലിച്ചു. തന്റെ താടിക്കു പിടിക്കുന്നയാളുടെ മുഖത്തേക്കു നോക്കിയ ഖലീഫ കണ്ടത് കൂട്ടുകാരനായ സ്വിദ്ദീഖ്(റ)ന്റെ മകൻ മുഹമ്മദ് ബ്‌നു അബീബക്‌റിനെയാണ്. ഉടനെ ഖലീഫ പറഞ്ഞു: മോനേ, നീ ഈ ചെയ്യുന്നത് നിന്റെ ഉപ്പ അബൂബക്ർ സിദ്ദീഖ്(റ) ഇഷ്ടപ്പെടില്ല.
പിതാവിനെ കുറിച്ചു പറഞ്ഞപ്പോൾ മുഹമ്മദ് കൈ പിൻവലിച്ചു. എന്നിട്ട് അൽപം മാറിനിന്നു പറഞ്ഞു: ‘ഞാൻ ചെയ്തത് തെറ്റായ പ്രവൃത്തിയാണ്. എനിക്കു മാപ്പു തരണേ…’
ഇതുകണ്ട ഇബ്‌നുൽ കുവ ഒരു ഇരുമ്പുവടിയെടുത്ത് ഖലീഫയുടെ തലക്കടിച്ചു. അടിയുടെ ശക്തിയിൽ ഖലീഫ താഴെ വീണു. അവസരം മുതലെടുത്ത് ഖലീഫയെ കഠാര കൊണ്ട് കൊലപ്പെടുത്താൻ ഗാഫിഖിയ്യ് ബ്‌നു ഹർബ് എന്ന ഈജിപ്തിൽ നിന്നു വന്ന അക്രമി ഉദ്യമിച്ചപ്പോൾ ഭാര്യ നാഇല തടയാൻ ശ്രമിച്ചു. അക്രമിയിൽ നിന്ന് കഠാര പിടിച്ചു വാങ്ങാൻ ശ്രമിക്കുന്നതിനിടെ മൂർച്ചയുള്ള ഭാഗം തട്ടി മഹതിയുടെ വിരലുകളറ്റു. ഖലീഫയെ രക്ഷിക്കാനായി ഭാര്യമാരായ നാഇലയും ഉമ്മുഹബീബയും വീണുകിടക്കുന്ന അദ്ദേഹത്തിനു മുകളിൽ കയറി കിടന്ന് പ്രതിരോധം തീർത്തു. ബഹളം കേട്ട് മൂവരെയും രക്ഷപ്പെടുത്താൻ വന്ന അടിമകളെ അക്രമികൾ നിഷ്‌കരുണം കൊലപ്പെടുത്തി. ഭാര്യമാർ മുകളിൽ കയറി കിടക്കുന്നതിനാൽ അടിയിലൂടെ കഴുത്തിൽ കത്തിയിറക്കി ഗ്വാഫിഖ് മഹാന്റെ ശിരസ്സറുത്തു. രക്തം ധാരധാരയായി ഒഴുകാൻ തുടങ്ങി. മഹാൻ ഓതിക്കൊണ്ടിരുന്ന വിശുദ്ധ ഖുർആനിലെ രണ്ടാം അധ്യായം 137ാം സൂക്തത്തിൽ രക്തം പുരണ്ടു. രക്തം ഖുർആനിലാകാതിരിക്കാൻ അക്രമി കാലുകൊണ്ട് ഖുർആൻ തട്ടിമാറ്റിയെങ്കിലും കറങ്ങിത്തിരിഞ്ഞ് പഴയ സ്ഥലത്തു തന്നെ അതെത്തി. ഖലീഫയുടെ കഴുത്തിൽ നിന്നും ഭാര്യ നാഇലയുടെ വിരലുകളിൽ നിന്നും രക്തമൊഴുകിക്കൊണ്ടിരുന്നു.
അക്രമികളുടെ അടുത്ത ശ്രമം ഖലീഫയുടെ തലയറുത്തെടുക്കാനായിരുന്നു. ഇതു കണ്ട് പെൺമക്കളും ഭാര്യമാരും ആർത്തു കരഞ്ഞു. അപ്പോൾ ഒരു അക്രമി പറഞ്ഞു: ‘പെൺമക്കൾ കരയുന്നതു കണ്ടില്ലേ. ഇനിയുമവരെ ഉപദ്രവിക്കേണ്ട.’
ഹിജ്‌റ 35 ദുൽഹജ്ജ് 18 വെള്ളിയാഴ്ചയാണ് ഈ സംഭവം നടക്കുന്നത്. 12 വർഷം നീണ്ടുനിന്ന ചരിത്രപരമായ ഖിലാഫത്തിന് അവിടെ അന്ത്യം കുറിക്കപ്പെട്ടു.
ഖലീഫയുടെ വീടിനുള്ളിൽ നടന്നതൊന്നും മദീന നിവാസികൾ അറിഞ്ഞിരുന്നില്ല. തനിക്കുവേണ്ടി ഒരു മുസ്‌ലിമിന്റെ ചോര ചിന്തുന്നത് വെറുത്ത ഖലീഫയുടെ നിർബന്ധത്തിൽ മദീനക്കാർ തങ്ങളുടെ ജോലികളിലും വീടുകളിലും തുടരുന്നതിനിടെയാണ് ഈ സംഭവം നടക്കുന്നത്. വിമതരായ സബഇകൾ മുസ്‌ലിംകളായതിനാലും അവരുടെ ആരാധനകളും മറ്റും കാണുന്ന ഏതൊരാളും അനിഷ്ടങ്ങൾ സംഭവിക്കില്ലെന്നേ കരുതിയുള്ളൂ. ഈ പുറംമോടിയും അന്നത്തെ മദീനയുടെ സാഹചര്യവും വിമതർക്ക് കാര്യങ്ങൾ എളുപ്പമാക്കി. മുസ്‌ലിം വിശ്വാസികളുടെ കരങ്ങൾകൊണ്ട് തന്നെ ഇബ്‌നു സബഅ് തന്റെ ലക്ഷ്യം നിറവേറ്റി.
ഉസ്മാൻ(റ)വിന്റെ ഖിലാഫത്ത് പകുതി പിന്നിട്ടപ്പോൾ ബിഅ്‌റു അരീസിൽ റസൂൽ(സ്വ)യുടെ മോതിരം നഷ്ടപ്പെട്ടതു മുതലാണ് മുസ്‌ലിം രാഷ്ട്രത്തിൽ ആഭ്യന്തര പ്രശ്‌നങ്ങൾ ഉടലെടുക്കുന്നത്. ഇത് ഇബ്‌നു സബഇന്റെ ലക്ഷ്യങ്ങൾ എളുപ്പമാക്കി.
ഉസ്മാൻ(റ) കൊല്ലപ്പെട്ടതോടെ മുസ്‌ലിംകൾ നേതൃത്വമില്ലാത്തവരായി. സബഇകൾ അടുത്ത തന്ത്രങ്ങൾ മെനയുകയായിരുന്നു അപ്പോഴും. സംഭവങ്ങൾ കാട്ടുതീ പോലെ മുസ്‌ലിംലോകം അറിഞ്ഞു. വിമതരുടെ ക്രൂരത കണ്ട് ജനം അമ്പരന്നു. വിശ്വാസികൾക്കിടയിൽ ഖലീഫയെ കൊലപ്പെടുത്താൻ മാത്രം വലിയ ക്രൂരന്മാരോ എന്നവർ അത്ഭുതപ്പെട്ടു. ഇനിയും നോക്കിനിന്നാൽ സബഇകൾ ഖലീഫയുടെ വീട്ടിലുള്ളവരെയും അക്രമിക്കുമെന്നും വീട്ടിലെ വസ്തുക്കളും കൊലപാതകത്തിന്റെ തെളിവുകളും നശിപ്പിക്കുമെന്നും മനസ്സിലാക്കിയ സ്വഹാബികൾ മഹാൻ ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രവും ഭാര്യയുടെ അറ്റുപോയ വിരലുകളും രക്തം പുരണ്ട ഖുർആനടക്കമുള്ള വസ്തുക്കളും ശേഖരിച്ചു.

എന്തുകൊണ്ട് രാജിവെച്ചില്ല?

ഖിലാഫത്തിലോ അധികാരത്തിലോ പിടിച്ചുതൂങ്ങാൻ ഉസ്മാൻ(റ)വിന് താൽപര്യമുണ്ടായിരുന്നില്ല. ഖിലാഫത്ത് തകർക്കാനും രാജിവെപ്പിക്കാനും കപട വിശ്വാസികളായ ശത്രുക്കൾ ഒരുകാലത്ത് ശ്രമിക്കുമ്പോൾ അവർക്ക് വഴങ്ങിക്കൊടുക്കരുതെന്ന തിരുനബി(സ്വ)യുടെ പ്രവചനവും നിർദേശവും അംഗീകരിച്ച് മരണം തൃണവൽകരിക്കുകയായിരുന്നു അദ്ദേഹം. പ്രമുഖ സ്വഹാബിമാർ പലരും രാജിവെച്ച് പ്രശ്‌നപരിഹാരം നടത്തിക്കൂടേ എന്നു തിരക്കിയപ്പോഴും പദവി ഒഴിയാതിരുന്നത് അതുകൊണ്ടാണ്. താൻ കൊല്ലപ്പെടുമെന്നുറപ്പുള്ളതു കൊണ്ടുതന്നെ തനിക്കുവേണ്ടി ഒരു മുസ്‌ലിമിന്റെയും രക്തം പാഴാകരുതെന്ന് അദ്ദേഹം ശഠിച്ചു. അക്രമികളുമായി പോരാടുന്നതിൽ നിന്ന് സ്വഹാബിമാരെ വിലക്കുകയും ചെയ്തു.

മയ്യിത്തിനെ പോലും
വെറുതെ വിടാതെ സബഇകൾ

കൊല്ലപ്പെട്ട അന്നു രാത്രി തന്നെ മയ്യിത്ത് കുളിപ്പിച്ച് കഫൻ ചെയ്ത് കുറച്ചു പേർ മാത്രം നിസ്‌കാരം നിർവഹിച്ച് ഉസ്മാൻ(റ)നെ മറവു ചെയ്തു. ശത്രുക്കളുടെ കണ്ണിൽപെടാതിരിക്കാൻ സ്വകാര്യമായാണ് എല്ലാം നടത്തിയത്. എന്നിട്ടും നിസ്‌കാരത്തിനായി തക്ബീർ കെട്ടിയ സമയം നോക്കി സബഇകളിൽപെട്ട ഇറാഖുകാരനായ അക്രമി ഉമൈറുബ്‌നു ള്വാബി മയ്യിത്തിനു മുകളിൽ ആഞ്ഞുചവിട്ടി. ചവിട്ടേറ്റ് ഉസ്മാൻ(റ)ന്റെ വാരിയെല്ല് പൊട്ടി. എന്തോ വിരോധത്താൽ ഉസ്മാൻ(റ)വിന്റെ മുഖത്തടിക്കുമെന്നു ശപഥം ചെയ്തിരുന്ന മറ്റൊരു അക്രമി വന്ന് ജനാസയുടെ തല ഭാഗത്തെ കെട്ടഴിച്ച് മുഖത്തടിക്കുകയുണ്ടായി. രണ്ടു പേർക്കും തൽക്ഷണം തന്നെ അല്ലാഹുവിൽ നിന്നുള്ള ശിക്ഷ ലഭിച്ചു.
നിസ്‌കാര ശേഷം ജന്നത്തുൽ ബഖീഇന്റെ തൊട്ടടുത്തുള്ള ഹുശ്ശ് കൗകബിൽ മഹാനെ ഖബറടക്കി. ഖലീഫയോടൊപ്പം അക്രമികൾ കൊലപ്പടുത്തിയ അദ്ദേഹത്തിന്റെ അടിമകളായ സ്വബീഹ്, നജീഹ് എന്നിവരെയും മഹാന്റെ തൊട്ടടുത്തായി മറവു ചെയ്തു.
മുആവിയ(റ) ഖലീഫയായ സമയത്ത് ഈ സ്ഥലത്ത് ഖുബ്ബയും പ്രത്യേക കെട്ടിടവും നിർമിച്ചു. ഉസ്മാൻ(റ)വിന്റെ തോട്ടമായിരുന്ന ഹുശ്ശ് കൗകബിനെ ജന്നത്തുൽ ബഖീഇലേക്ക് ചേർത്ത് മുസ്‌ലിംകളുടെ പൊതുശ്മശാനം വികസിപ്പിച്ചതും മുആവിയ(റ)വാണ്.

(തുടരും)

 

സുലൈമാൻ ഫൈസി കിഴിശ്ശേരി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ