തിരുനബി(സ്വ)യുടെ ജീവിതകാലത്ത്തന്നെ തനിക്ക് ശേഷമുള്ള ഖിലാഫത്ത് (പ്രതിനിധാനം) സംബന്ധിച്ച് വ്യക്തമായും സൂചനാപരമായുമുള്ള പ്രവചനങ്ങൾ അവിടുന്ന് നടത്തിയിട്ടുണ്ട്. നിഷേധിക്കാനും നിരസിക്കാനും കഴിയാത്ത പ്രസിദ്ധമായ തിരുവചനങ്ങൾ അവ സംബന്ധിയായുണ്ട്. തിരുനബിക്ക് ശേഷം സിദ്ദീഖ്(റ)വിന്റെ ഖിലാഫത്ത് മുസ്‌ലിം ഉമ്മത്തിന്റെ ഏകാഭിപ്രായമാണ്. സുബൈറുബ്‌നു മുത്വ്ഇമിൽ നിന്ന് ഉദ്ധരണം: ഒരു സ്ത്രീ നബി(സ്വ)യുടെ അരികിലെത്തി. അവർ തിരികെ പോകുമ്പോൾ വീണ്ടും വരണമെന്ന് നബിതിരുമേനി പറഞ്ഞു. അപ്പോൾ അവർ ചോദിച്ചു: നബിയേ, ഞാൻ വരുമ്പോൾ നിങ്ങളെ കണ്ടില്ലെങ്കിലോ (അഥവാ അവിടുന്ന് വഫാത്തായാലോ)? നബി(സ്വ) പറഞ്ഞു: എന്നെ കണ്ടില്ലെങ്കിൽ നിങ്ങൾ അബൂബക്കർ(റ)വിനെ സമീപിക്കുക (ബുഖാരി, മുസ്‌ലിം). ഈ ഹദീസ് വ്യാഖ്യാനിച്ച് ഇബ്‌നുഹജർ(റ) എഴുതി: നബി(സ്വ)യുടെ ഇത്തരം ഉണർത്തലുകൾ ഖിലാഫത്ത് ആര് ഏറ്റെടുക്കണം എന്നതിലേക്കുള്ള കൃത്യ ബോധനമാണ്. അലി, അബ്ബാസ്(റ) എന്നിവരാണ് തിരുനബിക്ക് ശേഷം ഖിലാഫത്ത് നിർവഹിക്കേണ്ടതെന്ന ശിയാവാദത്തിന് വ്യക്തമായ ഖണ്ഡനവുമാണിത് (ഫത്ഹുൽബാരി).
ആഇശ(റ) പറഞ്ഞു: പ്രവാചകർ(സ്വ) അവിടുത്തെ രോഗഘട്ടത്തിൽ എന്നോട് പറഞ്ഞു: നിന്റെ പിതാവ് അബൂബക്കർ(റ)വിനെയും നിന്റെ സഹോദരനെയും വിളിക്കുക. ഒരെഴുത്ത് എഴുതിവെക്കണം. പലരും ഞാനാണ് ഖിലാഫത്തിന് ഏറ്റവും ബന്ധപ്പെട്ടവരെന്ന് പറയുമെന്ന് ഞാൻ ഭയപ്പെടുന്നു (മുസ്‌ലിം). നബി(സ്വ)യുടെ വഫാത്തിന് ശേഷം സംഭവിക്കുന്ന തർക്കങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരണം ഈ വചനത്തിലുണ്ട്. മഹാനായ സിദ്ദീഖ്(റ)വിന്റെ മഹത്ത്വത്തെ കുറിച്ചിടുകയും ചെയ്തു. നബി(സ്വ)യുടെ രോഗാവസ്ഥയിൽ നിസ്‌കാരത്തിന് നേതൃത്വം നൽകാൻ സിദ്ദീഖ്(റ)വിനെ അധികാരപ്പെടുത്തിയത് ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഹദീസാണ്. ഇശാഅ് നിസ്‌കാരത്തിനായി പള്ളിയിലെത്താൻ വുളൂ ചെയ്ത് തിരുനബി(സ്വ) ഒരുങ്ങിപ്പുറപ്പെട്ടുവെങ്കിലും ബോധക്ഷയത്തിലായത് കാരണം കഴിഞ്ഞില്ല. സ്വഹാബത്ത് പള്ളിയിൽ നബിയെ പ്രതീക്ഷിച്ചിരിക്കുകയാണ്. കഴിയാതെ വന്നപ്പോൾ നബി(സ്വ) ഒരാളെ സിദ്ദീഖ്(റ)വിന്റെ അരികിലേക്കയച്ചു. നിസ്‌കാരത്തിന് നേതൃത്വം നൽകാൻ നിർദേശിച്ചു. നിർമല ഹൃദയനായ സിദ്ദീഖ്(റ) ഉമർ(റ)നോട് ഇമാമത്ത് നിൽക്കാൻ അപേക്ഷിച്ചു. ഇത്‌കേട്ട ഉമർ(റ) പറഞ്ഞു: താങ്കളാണ് അതിന് ഏറ്റവും അർഹൻ. അങ്ങനെ നബിയുടെ രോഗദിനങ്ങളിൽ സിദ്ദീഖ്(റ) നിസ്‌കാരങ്ങൾക്ക് നേതൃത്വം നൽകി. ചെറിയൊരു ആശ്വാസമുണ്ടായപ്പോൾ ഒരു ളുഹ്ർ നിസ്‌കാരത്തിനായി നബി(സ്വ) പള്ളിയിലെത്തി. സിദ്ദീഖ്(റ) നേതൃത്വത്തിൽ നിസ്‌കാരം നടക്കുകയാണ്. നബി(സ്വ)യുടെ വരവ് കണ്ട് സിദ്ദീഖ്(റ) പിന്നോട്ട് മാറാനൊരുങ്ങി. പിൻമാറാതെ നിസ്‌കാരം തുടരാൻ അവിടുന്ന് നിർദേശിച്ചു. സിദ്ദീഖ്(റ)വിന്റെ അരികിൽ നബിയെ ഇരുത്തി. ഇരുന്ന് നിസ്‌കരിക്കുന്ന നബിയുടെ നിസ്‌കാരം അനുകരിച്ച് സിദ്ദീഖ്(റ)വും നിന്ന് നിസ്‌കരിക്കുന്ന സിദ്ദീഖ്(റ)വിനെ അനുകരിച്ച് സ്വഹാബത്തും നിസ്‌കരിച്ചു. നിരവധി ആശയങ്ങൾ ഉൾക്കൊള്ളുന്ന തിരുവചനമാണിത്. 1. സിദ്ദീഖ്(റ)ന് മറ്റ് സ്വഹാബത്തിനേക്കാൾ പ്രാമുഖ്യം നൽകപ്പെട്ടത്തന്നെ തിരുമേനിയെ പ്രതിനിധാനം ചെയ്യാൻ തികച്ചും അനുയോജ്യൻ സിദ്ദീഖ്(റ)ആണെന്ന് ബോധ്യപ്പെടുത്തുന്നു. 2. ജമാഅത്തിന് പങ്കെടുക്കാൻ ഇമാമിന് തടസ്സം നേരിടുമ്പോൾ പകരക്കാരനെ നിശ്ചയിക്കണം. ഏറ്റവും ഉത്തമരെയാണ് പകരക്കാരനാക്കേണ്ടത്. തിരുനബിയുടെ നിർദേശം സിദ്ദീഖ്(റ)വിനാണ് അവിടുത്തെ പ്രതിനിധീകരിക്കാനുള്ള അർഹത എന്ന് തെളിയിക്കുന്നു. 3. സിദ്ദീഖ്(റ)വിന് ശേഷം ഉമർ(റ)വാണ് യോഗ്യൻ. സിദ്ദീഖ്(റ) ആവശ്യപ്പെട്ടത് ഉമർ(റ) ഇമാമത്ത് നിൽക്കാനായിരുന്നുവല്ലോ.
ഇമാം നവവി(റ) മേൽ ഹദീസിലെ പാഠങ്ങൾ കൂടുതൽ വിശദീകരിച്ചിട്ടുണ്ട്. നിസ്‌കാരത്തിന് ഇമാമത്ത് നിൽക്കാൻ സിദ്ദീഖ്(റ) തിരഞ്ഞെടുത്തത് സംബന്ധമായി ഇമാം അബുൽഹസൻ അശ്അരി(റ) പറഞ്ഞു: തിരുനബി(സ്വ)യുടെ നിലപാട് ഇസ്‌ലാമിൽ പ്രകടമായ തീരുമാനമാണ്. സിദ്ദീഖ്(റ)നെ തിരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ ജ്ഞാനത്തിന്റെയും ഖുർആൻ പാരായണത്തിന്റെയും മികവ് ബോധ്യപ്പെടുത്തുന്നുണ്ട്. കാരണം റസൂൽ(സ്വ) പറഞ്ഞത് അല്ലാഹുവിന്റെ കിതാബ് നന്നായി ഓതാനറിയുന്നവരാണ് ഇമാമത്ത് നിൽക്കേണ്ടതെന്നാണ്. എല്ലാവരും ഒരുപോലെ അറിയുന്നവരാണെങ്കിൽ തിരുചര്യ കൂടുതൽ അറിയുന്നവർ ഇമാമത്ത് നിൽക്കണം. തിരുചര്യ അറിയുന്ന വിഷയത്തിൽ എല്ലാവരും ഒരുപോലെയാണെങ്കിൽ കൂടുതൽ പ്രായമുള്ളവരാണ് ഇമാമത്ത് നിൽക്കേണ്ടത്. പ്രായത്തിലും എല്ലാവരും സമൻമാരാണങ്കിൽ ആദ്യം ഇസ്‌ലാമിൽ എത്തിയവനാണ് അർഹൻ.
ഇബ്‌നു കസീർ എഴുതി: അശ്അരിയുടെ ഈ വാക്കുകൾ സ്വർണലിപിയിൽ എഴുതേണ്ടവയാണ്. സിദ്ദീഖ്(റ) മേൽ വിശേഷണങ്ങളെല്ലാം ഒത്തിണങ്ങിയയാളാണ് (അൽബിദായത്തു വന്നിഹായ 5/265).
നിരവധി സംഭവങ്ങളിൽ തിരുനബി(സ്വ)യുടെ നിലപാടുകളിലും ഈ താൽപര്യം പ്രകടമാണ്. സ്വഹാബത്ത് ഒറ്റക്കെട്ടായി സിദ്ദീഖ്(റ)ന്റെ ഖിലാഫത്തിൽ ഉറച്ച് നിന്നതും അദ്ദേഹത്തെ ബൈഅത്ത് ചെയ്യുന്ന സദസ്സിൽ ഉമർ(റ) നടത്തിയ ശ്രദ്ധേയമായ പ്രസംഗത്തിലെ വരികളും അത് കൃത്യമായി ബോധ്യപ്പെടുത്തുന്നുണ്ട്. മുഹാജിറുകളും അൻസ്വാറുകളുമടങ്ങുന്ന നിറഞ്ഞ സദസ്സിലാണ് ഉമർ(റ)വിന്റെ പ്രസംഗം: ‘നിങ്ങളുടെ കൂട്ടത്തിൽ പിരടികൾ താഴ്ത്തികീഴ്‌പ്പെടുന്നയാളായി സിദ്ദീഖ്(റ)വിനെ പോലെ വേറൊരാളില്ല.’ സ്വഹാബത്തടക്കമുള്ള സലഫിന്റെ നിലപാട് ഇതായിരുന്നു. ഒരാളിൽ നിന്ന് പോലും മറ്റൊരഭിപ്രായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഖത്വീബുൽ ബഗ്ദാദി(റ) പറഞ്ഞു: മുഹാജിറുകളും അൻസ്വാറുകളുമായ മുഴുവൻ സ്വഹാബാക്കളും അബൂബക്കർ(റ)വിന്റെ ഖിലാഫത്ത് ഏകോപിതമായി അംഗീകരിച്ച കാര്യമാണ്. സ്വഹാബികൾ മുഴുവൻ അബൂബക്കർ(റ)നെ സംബോധന ചെയ്തിരുന്നത് തന്നെ ‘യാ ഖലീഫത റസൂലില്ലാഹ്’ (അല്ലാഹുവിന്റെ റസൂലിന്റെ പ്രതിനിധിയേ) എന്നായിരുന്നു. അദ്ദേഹത്തിന്റെ ഖിലാഫത്ത് മുഴുവൻ സ്വഹാബികളും അംഗീകരിക്കുകയും തൃപ്തിപ്പെടുകയും ചെയ്തതാണ് (താരിഖു ബഗ്ദാദ്). സമാന വീക്ഷണം അബുൽ ഹസനുൽ അശ്അരി(റ) അഭിപ്രായപ്പെട്ടത് അൽഇബാന അൻ ഉസ്വൂലിദ്ദിയാന പേജ് അറുപത്തി ആറിലും കാണാം. ബൈഅത്തിൽ നിന്ന് അലി(റ) വിട്ടുനിന്നു എന്ന് ചിലർ ആരോപണം ഉന്നയിക്കാറുണ്ട്. ചരിത്രപരമായും വസ്തുതാപരമായും അത് ശരിയല്ല. ബൈഅത്തിന്റെ ആരംഭത്തിൽ അലി(റ), സുബൈർ(റ) എന്നിവർ വേദിയിലുണ്ടായിരുന്നില്ലെന്നതു ശരിയാണ്. അബൂസഈദിൽ ഖുദ്‌രി(റ)വിൽ നിന്ന് നിവേദനം: തിരുനബി(സ്വ) വഫാത്തായ ദിവസം ഖിലാഫത്തിന്റെ ബൈഅത്ത് സ്വീകരിക്കാനായി മിമ്പറിൽ കയറിയിരുന്ന സിദ്ദീഖ്(റ) സ്വഹാബത്തിനിടയിൽ അലി(റ)വിനെ കാണാതെ വന്നപ്പോൾ അദ്ദേഹം എവിടെയെന്നന്വേഷിച്ചു. അൻസ്വാറുകളായ കുറച്ച് പേർ അലി(റ)വിനെ കൂട്ടിക്കൊണ്ടുവന്നു. അബൂബക്കർ(റ) ചോദിച്ചു: ‘തിരുനബിയുടെ പിതൃസഹോദര പുത്രനും അവിടുത്തെ മരുമകനുമായ അലീ, എന്താണ് നിങ്ങളെ കാണാനില്ലല്ലോ… മുസ്‌ലിംകളെ ഐക്യത്തോടെ കൊണ്ടുപോവുകയല്ലേ.’ അലി(റ)പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരുടെ ഖലീഫാ, സന്തോഷം!’ അങ്ങനെ അലി(റ) സിദ്ദീഖ്(റ)നെ ബൈഅത്ത് ചെയ്തു. ഇതേപ്രകാരം സുബൈറുബ്‌നുൽ അവ്വാം(റ)വിനെയും സിദ്ദീഖ്(റ) അന്വേഷിച്ചു. അദ്ദേഹവും അവിടെയെത്തി ഖലീഫയെ ബൈഅത്ത് ചെയ്തു (മുസ്തദ്‌റക് 76/3, സുനനുൽ കുബ്‌റ143/8).
ഈ മഹാന്മാർ അൽപം വൈകിയത് സ്വിദ്ദീഖ്(റ)ന്റെ ഖിലാഫത്തിൽ എതിർപ്പുണ്ടായതുകൊണ്ടല്ലായിരുന്നു. ആദ്യഘട്ടത്തിൽ തന്നെ ഇരുവരും ബൈഅത്ത് നടത്തുകയും ചെയ്തു.
ഇമാം മുസ്‌ലിം ഈ ഹദീസ് സംബന്ധിച്ച തന്റെ ഗുരുവര്യർ ഇബ്‌നു ഖുസൈമ(റ)യോട് ചോദിച്ചു: മഹാനായ ഇബ്‌നു ഖുസൈമ(റ) ഈ ഹദീസ് ഇമാം മുസ്‌ലിമിന് എഴുതിക്കൊടുക്കുകയും പറഞ്ഞുകൊടുക്കുകയും ചെയ്തു. ഇമാം മുസ്‌ലിം(റ) ചോദിച്ചു: ‘ഈ ഹദീസ് ഒരു ഒട്ടകത്തിന്റെ മൂല്യമുള്ള ഹദീസാണല്ലോ.’ ഇബ്‌നു ഖുസൈമ(റ) പറഞ്ഞു: ‘ഈ ഹദീസിന് ഒരു ഒട്ടകത്തിന്റെ മൂല്യമല്ല. പതിനായിരം ദിർഹമിലേറെ മൂല്യമുണ്ട്.’ ഈ ഹദീസിന്റെ വിശദീകരണത്തിൽ ഇബ്‌നുകസീർ എഴുതി: ആദ്യസമയത്ത്തന്നെ സിദ്ദീഖ്(റ)നെ അലി(റ) ബൈഅത്ത് ചെയ്തിട്ടുണ്ടെന്നതാണ് സത്യം. സിദ്ദീഖ്(റ)വുമായി ഒരു സമയവും അലി(റ) വേർപിരിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ പിന്നിലുള്ള ഒരു നിസ്‌കാരത്തിൽ നിന്നും അലി(റ) വിട്ടുനിന്നിട്ടുമില്ല (അൽബിദായത്തു വന്നിഹായ 239/5).
റസൂൽ(സ്വ)യ്ക്കുശേഷം ഖിലാഫത്ത് വഹിക്കേണ്ടതാരെന്നതിൽ സ്വഹാബികൾക്കിടയിൽ ചില ചർച്ചകൾ നടന്നിരുന്നു. ഒരു തീരുമാനത്തിലെത്താതെ അത് തുടർന്നാൽ പലരും പലരെയും ഖലീഫയാക്കി വാഴിക്കുമെന്നും അങ്ങനെ ഇസ്‌ലാമിക സമൂഹം ഭിന്നിക്കുമെന്നു തിരിച്ചറിഞ്ഞ സ്വഹാബി പ്രമുഖർ കൂടുതൽ കൂടിയാലോചനക്കുള്ള അവസരത്തിനു കാത്തുനിൽക്കാതെ റസൂൽ(സ്വ)യുടെ ഏറ്റവും അടുപ്പക്കാരനായ അനുചരനും ഹിജ്‌റയിലെയും ഗാർ സൗറിലെയും സഹചരനും ഒന്നാമത്തെ വിശ്വാസിയുമായ സ്വിദ്ദീഖ്(റ)നെ ഭരണച്ചുമതല ഏൽപ്പിക്കുകയാണുണ്ടായത്. ഉമർ(റ) പറയുന്നു: അഭിപ്രായങ്ങൽ ഉയരുകയും ചർച്ച മുറുകുകയും ചെയ്തപ്പോൾ ഞാൻ പറഞ്ഞു: അബൂബക്കർ, കൈനീട്ടിയാലും. അദ്ദേഹം കൈനീട്ടി. ഞാനും മുഹാജിറുകളും അൻസ്വാറുകളും അദ്ദേഹത്തെ ബൈഅത്തു ചെയ്തു. ഞാൻ പറഞ്ഞു: അല്ലാഹുവാണ, നാം ഇവിടെ ഒരുമിച്ചു കൂടിയതിന് അബൂബക്കർ(റ)നെ ബൈഅത്തു ചെയ്യുന്നതിനേക്കാൾ പ്രാധാന്യമുള്ള മറ്റൊരു ലക്ഷ്യവുമില്ല. നാമത് നിർവഹിക്കാതെ പിരിഞ്ഞുപോയാൽ മറ്റാരെങ്കിലും ബൈഅത്ത് നിർവഹിച്ചേക്കാം. അത് അനിഷ്ടത്തോടെ അംഗീകരിക്കാനോ വിരുദ്ധരായി നിലകൊള്ളാനോ നാം നിർബന്ധിതരാവും. അത് പ്രശ്‌നം സൃഷ്ടിക്കുകയും ചെയ്യും. അറിയുക, അബൂബക്കറെക്കാൾ ശ്രേഷ്ഠനായ ഒരാൾ
ഇന്ന് ജീവിച്ചിരിക്കുന്നില്ല (സ്വഹീഹുബ്‌നു ഹിബ്ബാൻ – സംഗ്രഹം 2/157).
ഇങ്ങനെ ഒരു സാഹചര്യത്തിൽ അധിക കൂടിയാലോചനക്ക് സ്വഹാബത്ത് നിന്നില്ല. സ്വഹാബികളിൽ പ്രമുഖരും പല നിലയിൽ നബി(സ്വ)യോടു ബന്ധമുള്ളവരായിട്ടും അവരുമായി കൂടിയാലോചിച്ചില്ലല്ലോ എന്നതു മാത്രമായിരുന്നു അലി(റ), സുബൈർ(റ) എന്നിവരുടെ പ്രശ്‌നം. ‘കാര്യം കൂടിയാലോചനയിലൂടെയാണ് തീരുമാനിക്കേണ്ടത്’ എന്ന ഖുർആൻ വാക്യം അവരെ പ്രചോദിപ്പിച്ചിട്ടുണ്ടാവണം. ഇസ്‌ലമാലി#െ ഈ രീതി നിലനിർത്താൻ സമൂഹത്തിനു ബാധ്യതയുള്ളതിനാൽ അതെക്കുറിച്ച് അവരെ ബോധവൽക്കരിക്കേണ്ടതുമുണ്ടായിരുന്നു.
വേദിയിൽ വെച്ച് ഇവർ നടത്തിയ ചെറുപ്രഭാഷണം ഇക്കാര്യം സുതരാം വ്യക്തമാക്കുന്നു. ഇമാം ബുഖാരി(റ), മുസ്‌ലിം(റ0 എന്നിവരുടെ നിബന്ധനയൊത്ത പരമ്പരയിലൂടെ ഇബ്‌നു അസാകിർ(റ) ഉദ്ധരിക്കുന്നു; അവർ പറഞ്ഞു: കൂടിയാലോചനയിൽ ഞങ്ങൾ പിന്തിപ്പിക്കപ്പെട്ടതുകൊണ്ടുമാത്രമാണ് (വൈകിയത്); അല്ലാതെ അങ്ങയോട് ഞങ്ങൾക്ക് യാതൊരു താൽപര്യക്കുറവുമില്ല. നബിക്കുശേഷം ഖിലാഫത്തിന് ഏറ്റവും അർഹൻ അബൂബക്കർ(റ) ആണെന്ന് ഞങ്ങൾക്കറിയാം. അദ്ദേഹം ഗാർസൗറിലെ സഹയാത്രികനാണ് (ഖുർആൻ പുകഴ്ത്തിയ) രണ്ടാളിലെ ദ്വിതീയനാണ്. അവിടുത്തെ ശ്രേഷ്ഠതയും പരിചയസമ്പത്തും ഞങ്ങൾക്കറിയാം. നബി(സ്വ) ജീവിച്ചിരിക്കെ അദ്ദേഹത്തെയാണ് നിസ്‌കാര നേതൃത്വം ഏൽപിച്ചത് (മുസ്തദ്‌റക് 3/66).
ഇതാണ് വസ്തുത. അലി(റ) തന്നെ അബൂബക്കർ(റ)വുമായുള്ള തന്റെ ബന്ധം വിശദീകരിച്ചിട്ടും അതിനുവിരുദ്ധമായി മഹാൻ ഒന്നാം ഖലീഫയെ എതിർത്തുവെന്ന് പ്രചരിപ്പിക്കുന്നവർ, സത്യത്തിന്റെ ശത്രുക്കൾ മാത്രം. ശിയാ വിഘടനവാദികളുമായി അലി(റ) ഒരു ബന്ധവുമില്ലെന്ന് ഈ സംഭവവും തെളിയിക്കുന്നു.
തിരുശരീരം മറവ് ചെയ്യുന്നതിന് മുമ്പ്തന്നെ ഖലീഫയെ തിരഞ്ഞെടുക്കാൻ ധൃതികാണിച്ചത് ചില അധികാരക്കൊതിയൻമാരുടെ ദുഷ്ടലാക്കാണെന്നാണ് ശിയാക്കളുടെ പ്രധാന വാദങ്ങളിലൊന്ന്. അവരുടെ ഗ്രന്ഥങ്ങളിലെല്ലാം അതീവഗൗരവത്തോടെ ഇക്കാര്യം പരാമർശിക്കുന്നുണ്ട്. അസൂയാലുക്കൾ, അഹങ്കാരികൾ എന്നൊക്കെയാണ് ഖിലാഫത്ത് ബൈഅത്തിൽ സംബന്ധിച്ച മഹത്തുക്കളെ ഇവർ പരിചയപ്പെടുത്താറുള്ളത്. ഖിലാഫത്തിന്റെ താൽപര്യം എന്താണെന്ന തിരിച്ചറിവില്ലാത്തതാണ് അതിന് കാരണം. പ്രമുഖ ചരിത്രകാരൻ ഇബ്‌നു ഖൽദൂൻ ഖിലാഫത്തിനെ നിർവചിക്കുന്നു: ഭൗതികവും അഭൗതികവുമായ മുഴുനൻമകളെയും മതവീക്ഷണപ്രകാരമുള്ള നിർവഹണമാണ് ഖിലാഫത്ത്. അഭൗതിക ലോകത്തിന്റെ നന്മകളെ പരിഗണിച്ച് കൊണ്ടായിരിക്കണം ഭൗതിക കാര്യങ്ങളെ ക്രമീകരിക്കേണ്ടതെന്നാണ് അല്ലാഹുവിന്റെ നിയമമുള്ളത്. അപ്പോൾ സത്യത്തിൽ ഖിലാഫത്ത് മതത്തെ കൈകാര്യം ചെയ്യുന്ന വ്യക്തിയുടെ പ്രതിനിധാനമാണ്. മതസംരക്ഷണത്തിനും ഭൗതിക സുരക്ഷക്കുമെല്ലാം ഖിലാഫത്ത് സഹായകമാണ്(മുഖദ്ദിമ).
തിരുശരീരം മറവ് ചെയ്യുന്നതിന് മുമ്പ്തന്നെ ഖലീഫയുടെ തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയത് ഉത്തമരും മഹത്തുക്കളുമായ സ്വഹാബാക്കളാണ്. ഇസ്‌ലാമിക രാഷ്ട്രത്തിന് ഒരു ഇമാമിന്റെ സാന്നിധ്യം നിർബന്ധമാണെന്നാണ് ഖുർആനും സുന്നത്തും നൽകുന്ന പാഠം. സ്വഹാബത്തിന്റെ ഈ നിലപാടിന് കാരണവും അത് തന്നെയത്രെ. ”തിരുനബിയുടെ പ്രതിനിധിയാവുന്നതിനുള്ള മുഴുസവിശേഷതകളും സമ്മേളിച്ച വ്യക്തിത്വമായിരുന്നു സിദ്ദീഖ്(റ)വിന്റേത്. നീണ്ടകാലം തിരുമേനിയുമായുള്ള സുദൃഢബന്ധവും അതിപ്രധാന മതകാര്യങ്ങൾക്കും മുഖ്യചർച്ചകൾക്കുമെല്ലാം സിദ്ദീഖ്(റ)വിനെ ചുമതലപ്പെടുത്തിയതും ചരിത്രത്തിൽ പ്രകടമായ കാര്യമാണ്. മതത്തിന്റെ അകക്കാമ്പ് അടുത്തറിയാനും വിശ്വാസത്തിന്റെ മാധുര്യം കൂടുതൽ അനുഭവിക്കാനും മഹാഭാഗ്യം ലഭിച്ച വ്യക്തിയാണ് സിദ്ദീഖ്(റ). തിളച്ച് മറിയുന്ന പരീക്ഷണങ്ങൾക്ക് മുന്നിലും പതറാതെ പിടിച്ച് നിന്ന അവിടുത്തെ സ്ഥൈര്യം പ്രസിന്ധമാണ്. തിരുജീവിതത്തെ അടുത്തറിയാനും അനുഭവിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. പോരാട്ടത്തിലും ഏകതയിലും കൂട്ടത്തിലും പട്ടിണിയിലും സുഭിക്ഷതയിലുമെല്ലാം തിരുമേനിയെ അടുത്തറിഞ്ഞു. സിദ്ദീഖ്(റ)വിന്റെ ഭൗതിക പരിത്യാഗം പ്രസിദ്ധമാണ്. സ്ഥാനമോഹമോ അധികാര ലബ്ധിയോ സാമ്പത്തിക നേട്ടമോ ഒന്നും സിദ്ദീഖ്(റ)വിന്റെ അജണ്ടയിലില്ല. നിയമനിർമാണത്തിനും നിർവഹണത്തിനും അദ്ദേഹം കാണിച്ച സമ്പന്ന മാതൃകകൾ എമ്പാടും ചരിത്രത്തിൽ കാണാനാകും. മതകീയ ചിഹ്നങ്ങൾ അതേപടി നിലനിർത്തുന്നതിൽ സ്വകുടുംബത്തെപ്പോലും വകവെക്കാത്ത പ്രകൃതമായിരുന്നു സിദ്ദീഖ്(റ)വിന്റേത്. സൗർ ഗുഹയും ഹിജ്‌റയുമെല്ലാം പറഞ്ഞ് തരുന്ന വിവരണങ്ങളുടെ മൂർച്ച എത്രയാണ്? തിരുജീവിതകാലത്ത് പ്രതിനിധിയായി കാര്യനിർവഹണം നടത്തിയ സിദ്ദീഖ്(റ) തന്നെയാണ് വഫാത്തിന് ശേഷവും അത് നിർവഹിക്കേണ്ടതെന്ന് ഏത് നിർമല ബുദ്ധിക്കും ബോധ്യപ്പെടുന്നതാണ്.’ – പിൽകാല പണ്ഡിതരുടെ ഇതു സംബന്ധ വിശദീകരണം ഇങ്ങനെ സംഗ്രഹിക്കാം.
അബൂബക്കർ, ഉമർ(റ) എന്നിവരെ പുകഴ്ത്തി കൂഫയിലെ മിമ്പറിൽവച്ച് അലി(റ) പറഞ്ഞു: മുസ്‌ലിംകൾ പൂർണമായും അവരെ രണ്ട് പേരെയും അനുസരിച്ചു, ബൈഅത്ത് ചെയ്തു. അബ്ദുൽ മുത്വലിബിന്റെ മക്കളിൽ ആദ്യമായി ബൈഅത്ത് ചെയ്തത് ഞാനാണ് (ഉസ്ദുൽഗാബ 6667/4). പ്രധാന കാര്യങ്ങളിലെല്ലാം സിദ്ദീഖ്(റ)നോട് കൂടിയാലോചിച്ച് നീങ്ങുന്നതായിരുന്നു അലി(റ)വിന്റെ പ്രകൃതം. ഒന്നാം ബൈഅത്തിന് പുറമെ ആറ് മാസത്തിന് ശേഷം (ഫാത്വിമ ബീവിയുടെ വഫാത്തിന് ശേഷം) അലി(റ) ബൈഅത്ത് പുതുക്കുകയുണ്ടായി. നിരവധി പരമ്പരകളിലൂടെ ഇത് ഉദ്ധരിച്ചിട്ടുണ്ട്. രണ്ടാം ബൈഅത്തിനെ കുറിച്ച് ചിലർ ധരിച്ചത് ആദ്യം അദ്ദേഹം ബൈഅത്ത് ചെയ്യാത്തത് കൊണ്ടാണെന്നാണ്. എന്നാൽ സാധൂകരിക്കപ്പെട്ട പരമ്പരകളിലൂടെ സ്ഥിരപ്പെട്ടതാണ് ഒന്നാം ബൈഅത്ത്. ഇബ്‌നു കസീർ(അൽബിദായത്തു വന്നിഹായ 5/219) ഇത് സലക്ഷ്യം സമർത്ഥിക്കുന്നതു കാണാം. മതപരിത്യാഗികളോടും സകാത്ത് നിഷേധികളോടുമുള്ള പോരാട്ടത്തിൽ അബൂബക്കർ(റ)വിന്റെ നയത്തോടും നിലപാടിനോടും പൂർണമായി ഒട്ടിനിന്ന്‌കൊണ്ടാണ് അലി(റ) നീങ്ങിയത്. വാക്കിലും നോക്കിലും പ്രവൃത്തിയിലുമെല്ലാം ഇത് പ്രകടമാണ്. അലി(റ) പറയുകയുണ്ടായി: ‘നബിക്ക് ശേഷം ഏറ്റവും ഉത്തമൻ ആരാണെന്ന് ഞാൻ പറഞ്ഞ് തരട്ടെ, അബൂബക്കർ(റ) ആണ്. അബൂബക്കർ(റ)ന് ശേഷം ആരാണ് ഉമ്മത്തിലെ ഏറ്റവും ഉത്തമൻ എന്ന് ഞാൻ പറയട്ടെ, ഉമർ(റ) ആണ് (മുസ്‌നദ് അഹ്മദ്).
അല്ലാമാ ഖുർതുബി എഴുതി: സിദ്ദീഖ്(റ)ന്റെയും അലി(റ)ന്റെയും ഇടയിൽ സ്‌നേഹസമ്പന്നമായ ബന്ധമാണ് ഉണ്ടായിരുന്നത്. പരസ്പരം അംഗീകരിച്ചുകൊണ്ടാണ് അവർ ഇടപഴകിയതും ജീവിച്ചതും. പ്രകൃത്യാ രണ്ട് പേർക്കുമിടയിൽ വ്യത്യാസങ്ങളുണ്ടായിരുന്നുവെങ്കിലും അന്യോന്യം സഹകരിച്ചാണ് അവർ ജീവിച്ചത് (ഫത്ഹുൽബാരി 495/7). അബൂബക്കർ, ഉമർ(റ) എന്നിവരേക്കാൾ മഹത്ത്വമോ പദവിയോ ഒരിക്കലും അലി(റ) അവകാശപ്പെട്ടിട്ടില്ല. എനിക്കാണ് ഖിലാഫത്ത് ലഭിക്കേണ്ടത് എന്നും പറഞ്ഞിട്ടില്ല. അബൂബക്കർ(റ)നെയല്ലാതെ ഒരാളെയും അഭിപ്രായപ്പെട്ടിട്ടുമില്ല. ജാഹിലിയ്യത്തിന്റെ ചിന്തയുണ്ടായിരുന്ന ചിലരാണ് ചില പ്രചാരണങ്ങൾ നടത്തിയത്. അവർ ജൽപിച്ചു: നബിയുടെ കുടുംബമാണ് അധികാരത്തിന്റെ അവകാശികൾ. കാരണം ജാഹിലിയ്യത്തിന്റെ സമ്പ്രദായം അങ്ങനെയായിരുന്നു. പേർഷ്യക്കാരുടെ സംസ്‌കാരവും അതായിരുന്നു. ഇത്തരക്കാരാണ് അനാവശ്യ പ്രചരണങ്ങൾ നടത്തിയത്.
സിദ്ദീഖ്(റ)വിന്റെ സ്ഥൈര്യവും ധീരതയുമെല്ലാം എടുത്തുപറഞ്ഞ് അലി(റ) നടത്തിയ പ്രസംഗം പ്രസിദ്ധം. ‘ബദ്‌റിൽ നബിക്ക് പന്തൽ നിർമിച്ച് കൊടുത്ത് കാവൽ നിന്നതും കഅ്ബ ശരീഫിനടുത്ത്‌വച്ച് നബിയെ വളഞ്ഞ് പരിഹസിച്ച ഖുറൈശികളെ പ്രതിരോധിക്കാൻ എടുത്ത് ചാടിയതുമടക്കമുള്ള നിരവധി ഗുണങ്ങളുള്ളയാളാണ് അബൂബക്കർ(റ). സ്വന്തത്തെ അല്ലാഹുവിന് വേണ്ടി സമർപ്പിച്ചയാൾ. ആകാശത്ത് നിന്ന് അല്ലാഹു സമ്മാനിച്ച നാമമാണ് സിദ്ദീഖ് എന്നത്. ഏറ്റവും ധീരനാണദ്ദേഹം. തിരുനബിക്ക് ശേഷം ഏറ്റവും ഉത്തമർ. അദ്ദേഹത്തെക്കാൾ എനിക്ക് മഹത്ത്വമുണ്ടെന്ന് പറയുന്നവർക്ക് കളവ് പ്രചരിപ്പിക്കുന്നവർക്കുള്ള അടിയാണ് ഞാൻ വിധിക്കുക. ഫിർഔനിൽ നിന്ന് ഈമാൻ മറച്ച്‌വച്ച് ജീവിച്ച വിശ്വാസിയേക്കാൾ മഹത്തരമാണ് സിദ്ദീഖ്(റ)വിന്റെ ഒരു ദിവസം. മുസ്ഹഫുകളുടെ മുഴുപ്രതിഫലവും സംഭരിക്കുന്നു അദ്ദേഹം. കാരണം രണ്ട് ചട്ടകൾക്കുള്ളിൽ മുസ്ഹഫിനെ സമാഹരിച്ചത് അബൂബക്കർ(റ)വാണ്.’ സിദ്ദീഖ്(റ)വിനെ സംബന്ധിച്ച് അലി(റ) പ്രകടിപ്പിച്ച ഇത്തരം അഭിപ്രായങ്ങളും നിരീക്ഷണങ്ങളും പ്രമാണിക രചനകളിൽ സുലഭമായി കാണാം.
അലി(റ)ന് ലഭിക്കേണ്ട അധികാരം തട്ടിയെടുക്കുകയായിരുന്നു ആദ്യ മൂന്ന് ഖലീഫമാരെന്ന ശിയാ ദുർവാദങ്ങൾക്ക് ഇസ്‌ലാമിക പ്രമാണങ്ങളുടെ പിന്തുണയില്ലെന്ന് ചുരുക്കം. സ്വഹാബത്തിന്റെ വിശ്വാസ്യതയിലും നീതിനിഷ്ഠയിലും തർക്കവും സന്ദേഹവുമുള്ളവർക്കേ ഇത്തരം അപവാദങ്ങളുടെ പിന്നാലെ പോകാനാവൂ എന്നാണ് ചരിത്രത്തിന്റെ പാഠം.