economics in quran-malayalam

വിശുദ്ധ ഖുര്‍ആനാണ് ഇസ്‌ലാമിന്റെ ഒന്നാം പ്രമാണം. ഇസ്‌ലാമിക വ്യവസ്ഥയുടെ അടിസ്ഥാനമാണത്. സാമ്പത്തികം മനുഷ്യനെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ഭൗതിക വിഭവങ്ങള്‍ ഉപയോഗിച്ച് ജീവിക്കുന്നവനായതിനാല്‍ തന്നെ അവയുടെ വളര്‍ച്ചയും വികാസവും വിനിമയവും നിക്ഷേപവുമെല്ലാം ഇസ്‌ലാമില്‍ ചര്‍ച്ചയാണ്. സാമ്പത്തിക ശാസ്ത്രം എന്നറിയപ്പെടുന്ന വിജ്ഞാനശാഖയില്‍ വ്യത്യസ്ത സാമ്പത്തിക വീക്ഷണങ്ങള്‍ കാണാം. അവയെല്ലാം മുന്നോട്ട് വെക്കുന്ന സാമ്പത്തിക നിര്‍ദേശങ്ങള്‍ക്ക് പരിമിതികളുണ്ട്. സാമ്പത്തിക വളര്‍ച്ചയും നീതിയുക്തമായ വിതരണ സമ്പ്രദായവും ഫലപ്രദവും ചൂഷണമുക്തവുമായ നിക്ഷേപ നിര്‍ദേശങ്ങളും ഒത്തുചേര്‍ന്നവയല്ല പലതും. ലോകത്തെമ്പാടുമുള്ള വ്യത്യസ്ത സാമ്പത്തിക വീക്ഷണം സ്വീകരിക്കുന്നവര്‍ പൊതുവെ സമ്പദ്‌വളര്‍ച്ചക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലും നിക്ഷേപത്തിന്റെ കാര്യത്തിലും ചൂഷണമുക്തമായ മാര്‍ഗം നിശ്ചയിക്കുന്നതില്‍ പരാജയമാണ്.

എന്നാല്‍, ഖുര്‍ആന്‍ സുപ്രധാനമായ ചില അടിസ്ഥാന തത്ത്വങ്ങള്‍ ഉദ്‌ഘോഷിക്കുന്നു. ഭൗതിക ലോകത്ത് സാമ്പത്തിക പ്രവര്‍ത്തനം നടത്തുന്നവന്‍ മനുഷ്യനാണ്. അവന്‍ ആരാണ്, അവന്റെ ദൗത്യമെന്ത്, അവനും പ്രപഞ്ചവും തമ്മിലുള്ള ബന്ധമെന്ത് എന്നെല്ലാം നിശ്ചയിക്കേണ്ടതുണ്ട്. വിശുദ്ധ ഖുര്‍ആന്‍ അത് വ്യക്തമാക്കി. മനുഷ്യന്‍ ഭൂമിയില്‍ അല്ലാഹുവിന്റെ പ്രതിനിധിയാണ്. പ്രതിനിധിയെ സംബന്ധിച്ചിടത്തോളം പ്രതിനിധാനത്തിന്റെ നിര്‍വഹണ നിര്‍ദേശങ്ങള്‍ പാലിക്കുക എന്നത് അടിസ്ഥാന ബാധ്യതയത്രെ. പ്രതിനിധാനം നിശ്ചയിക്കുന്നവന്‍ പ്രതിനിധിക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കേണ്ടതുമുണ്ട്.

പ്രപഞ്ചത്തിലെ അടിസ്ഥാന അനുകൂലനത്തോടൊപ്പം മനുഷ്യന്റെ പ്രവര്‍ത്തനവും ഇടപെടലും വഴി ആവശ്യാനുസരണമുള്ള ലഭ്യത വിഭവങ്ങള്‍ക്കുണ്ടാക്കിയെടുക്കണം. അടിസ്ഥാന ജീവിതോപാധികള്‍ക്ക് നാശവും ഹാനിയും വരാത്തവിധം ഉല്‍പാദനവും വിനിയോഗവും നടക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ അവന് നല്‍കപ്പെട്ടിട്ടുണ്ട്. മനുഷ്യന്റെ ഉടമസ്ഥതയില്‍ വരുന്നതാണ് സമ്പത്ത്. നിയന്ത്രിതമായ ഈ ഉടമസ്ഥതയെ ചുറ്റിപ്പറ്റി വരുന്നതാണ് ഖുര്‍ആനിലെ സാമ്പത്തിക നിര്‍ദേശങ്ങള്‍. സമ്പത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥന്‍ അല്ലാഹുവാണ്. അതിനാല്‍ ഭൗതികവും അഭൗതികവുമായ ഒന്നിലും അവനല്ലാത്തവര്‍ക്ക് ശരിയായ ഉടമസ്ഥത അവകാശപ്പെടാനില്ല.

ഉപയോഗ-ക്രയാവകാശങ്ങള്‍ അനുവദിച്ചത് സാമ്പത്തിക വളര്‍ച്ച പ്രധാനമായതിനാലാണ്. ഉപയോഗിച്ച് തീര്‍ക്കുകയല്ല, ഉല്‍പാദിപ്പിച്ച് ഉപയോഗിക്കുകയാണ് വേണ്ടത്. സാമ്പത്തിക വളര്‍ച്ചക്കുള്ള നിര്‍ദേശങ്ങളും വ്യവസ്ഥകളും ഇസ്‌ലാം സമര്‍പ്പിക്കുന്നുണ്ട്. അതുപോലെ വിതരണത്തിന്റെ നീതിനിഷ്ഠമായ രീതിയും അത് മുന്നോട്ട് വെക്കുന്നു. വളര്‍ച്ചക്കാവശ്യമായ പ്രവര്‍ത്തനം മനുഷ്യനില്‍ നിന്നുണ്ടാവണം. നീതിയിലധിഷ്ഠിതമായ വിതരണരീതിയിലൂടെ സമ്പത്തിന്റെ അഥവാ ഭൗതിക വിഭവങ്ങളുടെ ലഭ്യത എല്ലാവര്‍ക്കുമുണ്ടാകണം. സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയും നീതിയും സത്യസന്ധതയും കൃത്യതയും അനിവാര്യമായ മറ്റു ഗുണങ്ങളും ഉണ്ടായിരിക്കണം.

നിരുപാധികവും പൂര്‍ണവുമായ ഉടമസ്ഥത അല്ലാഹുവിനാണെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു: ‘ആകാശ ഭൂമികളുടെയും അവയിലുള്ളതിന്റെയും പരമാധികാരം അവനാണ്. അവന്‍ എല്ലാത്തിനും കഴിവുള്ളവനാണ്’ (അല്‍മാഇദ: 120). സൂറത്തുല്‍ മാഇദയില്‍ തന്നെ 17,18,40 എന്നീ സൂക്തങ്ങളില്‍ അല്ലാഹുവിന്റെ പരമാധികാരത്തെ കുറിച്ച് വേറെയും പറഞ്ഞിട്ടുണ്ട്. ആരുടെയെങ്കിലും നിശ്ചയമോ തിരഞ്ഞെടുപ്പോ കാരണത്താല്‍ അധികാരസ്ഥനായതല്ല അല്ലാഹു. നാഥന്‍ സൃഷ്ടിച്ചതിനു മേല്‍ അവന്റെ ആധിപത്യം സാര്‍വത്രികവും സ്വതന്ത്രവുമാണ്. തനിക്ക് ആവശ്യമില്ലാത്തവയെ സൃഷ്ടിച്ചവനെ സംബന്ധിച്ചിടത്തോളം അതിന്റെ വിതരണത്തില്‍ ഒരുതരത്തിലുള്ള സ്വാര്‍ത്ഥ താല്‍പര്യങ്ങളുടെയും സ്വാധീനമുണ്ടാവില്ല. നല്‍കുന്നതില്‍ അവന് പിശുക്കനാകേണ്ടതുമില്ല.

സമ്പത്ത് സ്രഷ്ടാവിന്റേതാണ്. ‘അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ അവന്റെ സമ്പത്തില്‍ നിന്ന് നിങ്ങള്‍ അവര്‍ക്കു നല്‍കുകയും ചെയ്യുക’ (അന്നൂര്‍ 33). അല്ലാഹു അവന്റെ സമ്പത്തില്‍ നിന്ന് നല്‍കിയതിനെയാണ് നാം നമ്മുടെ സമ്പത്തായി ഉപയോഗിക്കുന്നത്. അതില്‍ കൊടുക്കാനടക്കുമുള്ള സ്വാതന്ത്ര്യം നമുക്കുണ്ട് താനും. കാരണം പ്രതിനിധാനമാണ് സമ്പത്തിന്റെ ക്രയസ്വാതന്ത്ര്യത്തില്‍ നമുക്കുള്ളത്. ഖുര്‍ആന്‍ പറയുന്നു: ‘നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുക. അവന്‍ നിങ്ങളെ പ്രതിനിധികളാക്കിയ സമ്പത്തില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യുക’ (അല്‍ഹദീദ്: 7).

അല്ലാഹു സൃഷ്ടിച്ച സമ്പത്തുക്കള്‍ അവന്റെ പ്രതിനിധികളായ മനുഷ്യര്‍ക്ക് നല്‍കുകയും അതില്‍ പ്രതിനിധാനം നിര്‍വഹിക്കുന്നതിന്റെ രീതി നാഥന്‍ തന്നെ നിര്‍ണയിക്കുകയും നിര്‍ദേശിക്കുകയും ചെയ്തു. ഈ അടിസ്ഥാനതത്ത്വത്തില്‍ നിന്നു വ്യതിചലിക്കാതെ കൃത്യതയോടെ സാമ്പത്തിക കാര്യങ്ങള്‍ നിര്‍വഹിക്കാനാണ് ഖുര്‍ആന്‍ നിര്‍ദേശിച്ചിട്ടുള്ളത്.

പ്രതിനിധിയെ സംബന്ധിച്ചിടത്തോളം നിയന്ത്രിതമായ വിനിമയ-വിതരണ സ്വാതന്ത്ര്യമുണ്ടാകണം. അതിനുള്ള അര്‍ഹതയാണ് ‘സ്വാഹിബുല്‍ മാല്‍’ അഥവാ സമ്പത്തിന്റെ ഉടമ എന്ന വിശേഷണം. വ്യക്തിപരമായ ഉടമസ്ഥത സാമ്പത്തിക പ്രവര്‍ത്തനങ്ങളെ പ്രചോദിപ്പിക്കും. പൊതു ഉടമസ്ഥതയേക്കാള്‍ പ്രത്യുല്‍പാദനവും വികസനവും നടക്കാന്‍ സ്വകാര്യ സ്വത്തവകാശം സഹായകമാണെന്നു കാലം തെളിയിച്ചതാണ്.

അല്ലാഹുവിന്റെ സമ്പത്തില്‍ അവന്റെ പ്രതിനിധികളായ മനുഷ്യര്‍ക്ക് ക്രയാധികാരം നല്‍കുന്നുവെന്നതാണ് ഇസ്‌ലാമികമായി സ്വകാര്യസ്വത്തവകാശത്തിന്റെ കാതല്‍. ഇതിന്റെ പ്രധാന സവിശേഷത സാമ്പത്തിക പ്രവര്‍ത്തനത്തില്‍ പ്രചോദനം നല്‍കുന്നുവെന്നതാണ്. ഖുര്‍ആന്‍ ഈ അവകാശം പ്രഖ്യാപിക്കുക മാത്രമല്ല, യുക്തമായ പ്രായോഗിക രീതികള്‍ നിര്‍ദേശിക്കുന്നുമുണ്ട്. സ്വന്തമായ ഉപഭോഗവും ദാനവും ചെലവഴിക്കലും ഹിതവും പ്രതിഫലാര്‍ഹവുമായിത്തീരുന്നതതിനാലാണ്. മനുഷ്യര്‍ക്ക് അനുവദിക്കപ്പെട്ട അവകാശം ഉപയോഗപ്പെടുത്തുന്നുവെന്നതിനാലാണ് പ്രതിഫലദായകമാകുന്നത്. അതാകട്ടെ പ്രതിനിധാനത്തിന്റെ സ്വാഭാവിക തേട്ടവുമാണ്. ഇതിലൂടെ, ഏല്‍പ്പിക്കപ്പെട്ട ദൗത്യം നിര്‍വഹിക്കുകയാണല്ലോ മനുഷ്യന്‍.

സ്വതന്ത്രവും പൂര്‍ണവുമായ ഉടമസ്ഥതയുള്ള കേന്ദ്രത്തില്‍ നിന്നും സമ്പത്തിന്റെ വിതരണ നിര്‍ദേശങ്ങളുണ്ടാവുമ്പോഴാണ് സാമ്പത്തിക കാര്യങ്ങള്‍ ഫലപ്രദമാവുക. സ്വയം വാദിച്ച് സ്ഥാപിച്ചെടുത്ത ഉടമസ്ഥതക്ക് സ്വാര്‍ത്ഥതയുടെ പിടിയില്‍ നിന്ന് മോചനം നേടാനാവണമെന്നില്ല. അഴിമതികളുണ്ടാകുന്നതതിനാലാണ്. സര്‍ക്കാറിനും ഭരണാധികാരിക്കും തങ്ങളുടെ പരിധിയില്‍ വരുന്ന സമ്പത്തിന്റെ വിതരണത്തില്‍ പൂര്‍ണ നീതിയും സത്യസന്ധതയും പാലിക്കാനാവണമെന്നുമില്ല. അര്‍ഹരിലേക്ക് അവകാശങ്ങളെത്താതിരിക്കുന്നുവെന്ന പരിഭവം നാം ഏറെ കേള്‍ക്കുന്നതാണല്ലോ. അതേസമയം, സ്വന്തമായി സമ്പത്ത് ആവശ്യമില്ലാത്ത നിരാശ്രയനായ അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം അഴിമതിയും പൂഴ്ത്തിവെപ്പും മറ്റു സാമ്പത്തികാപരാധങ്ങളൊന്നും വേണ്ടതില്ല. നല്‍കുന്ന കാര്യത്തില്‍ അവന്‍ സ്വതന്ത്രനും സര്‍വപ്രതാപിയും ഉദാരനുമാണ്. ആര്‍ക്കൊക്കെ എന്തൊക്കെ നല്‍കണം എന്ന വിഷയത്തില്‍ അവനുമേല്‍ യാതൊരു സമ്മര്‍ദവുമില്ല. താനുദ്ദേശിക്കുന്നവര്‍ക്ക് അവന്‍ നല്‍കുകയോ തടയുകയോ ചെയ്യും. അതിലെ യുക്തി നമുക്കറിയില്ലെങ്കിലും അനുഭവമാണ്.

‘നബിയേ പറയുക, എല്ലാ അധികാരാവകാശങ്ങളുടെയും ഉടമസ്ഥനാണ് അല്ലാഹു. നീ ഉദ്ദേശിച്ചവര്‍ക്ക് നീ അധികാരം നല്‍കുന്നു. ഉദ്ദേശിച്ചവരില്‍ നിന്ന് നീ അധികാരം പിന്‍വലിക്കുന്നു. നീ കരുതിയവരെ നീ പ്രതാപിയാക്കുന്നു. ഉദ്ദേശിച്ചവരെ നീ നിസ്സാരനാക്കുന്നു. നിന്റെ അധീനതയിലാണ് സകല ജനങ്ങളും. നീ എല്ലാത്തിനും കഴിവുള്ളവനാണ്’ (ആലുഇംറാന്‍: 26).

ഉടമസ്ഥനായ അല്ലാഹു അവന്റെ സൃഷ്ടികള്‍ക്ക് നല്‍കുകയും നല്‍കാതിരിക്കുകയും ചെയ്യും. അവന്‍ നിശ്ചയിച്ചും വീതിച്ചും തന്നതാണ് നമ്മുടെ ജീവിത വിഭവം. ഖുര്‍ആന്‍ പറഞ്ഞു: ‘ഐഹിക വിഹിതത്തില്‍ അവരുടെ ജീവിത വിഭവങ്ങളെ നാം അവര്‍ക്കിടയില്‍ വീതിച്ചു നല്‍കിയിരിക്കുന്നു. അവരില്‍ ചിലരെ മറ്റു ചിലരെക്കാള്‍ പദവികളില്‍ നാം ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു’ (അസ്സുഖ്‌റുഫ്: 32).

മനുഷ്യര്‍ക്ക് വീതിച്ചുനല്‍കുന്നതില്‍ റബ്ബിന് പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. അവനെ തടസ്സപ്പെടുത്താന്‍ ആര്‍ക്കും യാതൊരധികാരവുമില്ല. അതിനാല്‍, ഉടമസ്ഥതയുടെ പൂര്‍ണതയും സ്വാതന്ത്ര്യവുമാണ് ഖുര്‍ആനിലെ സാമ്പത്തിക വീക്ഷണത്തിന്റെ കാതല്‍. അവന്‍ നല്‍കുമ്പോള്‍ നല്‍കപ്പെട്ടവര്‍ക്കതു ലഭിക്കും. ലഭിച്ചവര്‍ അതിന്റെ കൈവശക്കാരനായി അറിയപ്പെടുകയും ചെയ്യും. അതാണ് സാമ്പത്തിക വളര്‍ച്ചക്കാവശ്യമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ അവനെ പ്രേരിപ്പിക്കുന്നത്. തങ്ങള്‍ക്കു മീതെ യഥാര്‍ത്ഥ ഉടമസ്ഥനുണ്ടെന്നതിനാല്‍ തന്നെ വളര്‍ച്ചക്കു സ്വീകരിക്കുന്ന മാര്‍ഗങ്ങളും നിയന്ത്രിതമായിരിക്കും. ഉപഭോഗത്തിന്റെയും വിനിമയത്തിന്റെയും ഹിതമായ മാര്‍ഗം മാത്രമേ സ്വീകരിക്കാവൂ.

 

കച്ചവടവും പലിശയും

സമ്പത്തിന് പകരം സമ്പത്ത് എന്ന വിഭവക്കൈമാറ്റത്തിലൂടെ നടക്കുന്ന സാമ്പത്തിക പ്രവര്‍ത്തനമാണ് കച്ചവടവും പലിശയും. കച്ചവടം അനുവദനീയവും പലിശ നിഷിദ്ധവുമാണ്. ‘കച്ചവടം അല്ലാഹു അനുവദനീയമാക്കി. പലിശ അവന്‍ നിഷിദ്ധവുമാക്കി’ (അല്‍ബഖറ: 275). പലിശയുടെ വ്യത്യസ്ത ഇനങ്ങളുണ്ട്. ഒരു സംഖ്യക്ക് അതിലധികം നിബന്ധന വെച്ച് നല്‍കുന്നത് മാത്രമല്ല പലിശ.

അനുവദനീയമായ കച്ചവടത്തില്‍ തന്നെ അരുതായ്മകളുണ്ടാകാതെ നോക്കണം. പകരത്തിന് പകരം പരസ്പരം സംതൃപ്തിയോടെയുള്ള വിഭവക്കൈമാറ്റമേ അനുവദനീയമായ കച്ചവടമാകൂ. വഞ്ചനാപരമായുള്ള അളവ് തൂക്കങ്ങളിലെ വ്യത്യാസപ്പെടുത്തല്‍ വലിയ സാമ്പത്തിക കുറ്റമാണ്. അതിന്റെ ശിക്ഷാകാഠിന്യം ഖുര്‍ആന്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.

‘(അളവിലും തൂക്കത്തിലും) കബളിപ്പിക്കുന്നവര്‍ക്കാണ് സര്‍വ നാശവും. ജനങ്ങളില്‍ നിന്ന് അളന്ന് വാങ്ങുമ്പോള്‍ തികച്ചും വാങ്ങും. എന്നാല്‍ അവര്‍ അളന്ന് നല്‍കുകയോ തൂക്കി നല്‍കുകയോ ചെയ്യുകയാണെങ്കില്‍ കുറവ് വരുത്തുകയും ചെയ്യുന്നവരാണവര്‍’ (അല്‍മുത്വഫ്ഫിഫീന്‍ 1-3).

സമ്പത്തിന് മനുഷ്യജീവിതവുമായുള്ള ബന്ധത്തെ ഖുര്‍ആന്‍ വിവരിച്ചത് ‘നിങ്ങളുടെ നിലനില്‍പിന്റെ ഉപാധി’യെന്നാണ്. ഐഹിക ജീവിതം സാധ്യമാക്കാന്‍ വേണ്ടിവരുന്ന ഉപാധികള്‍ പലതാണ്. അവയുടെ ആവശ്യകത ഖുര്‍ആന്‍ അംഗീകരിക്കുകയും സമ്പത്തിനെ ആ നിലയില്‍ കാണണമെന്ന് ഉല്‍ബോധിപ്പിക്കുകയും ചെയ്തു. ദുര്‍വിനിയോഗത്തിലൂടെയോ അശ്രദ്ധയിലൂടെയോ നഷ്ടപ്പെടാതിരിക്കാന്‍ ജാഗ്രത കാണിക്കണമെന്ന് ഖുര്‍ആന്‍ നിര്‍ദേശിക്കുന്നു:

‘അല്ലാഹു നിങ്ങളുടെ നിലനില്‍പിനാധാരമായി നിശ്ചയിച്ച സമ്പത്ത് കാര്യവിവരമില്ലാത്തവര്‍ക്ക് നിങ്ങള്‍ വിട്ടുകൊടുക്കരുത്’ (അന്നിസാഅ്: 5). സമ്പത്തിന്റെ മൂല്യമറിയാത്തവരായിരിക്കുമവര്‍. അതിനാല്‍ തന്നെ അത് പാഴാക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. ധൂര്‍ത്തായി ചെലവഴിക്കുന്നതിനെതിരെ ശക്തമായ നിലപാടാണ് ഖുര്‍ആന്റേത്. അനാവശ്യവും അഹിതവുമായ മേഖലകളില്‍ വിനിയോഗിക്കുന്നത് മാത്രമല്ല, ആവശ്യങ്ങള്‍ക്കൊപ്പം അനാവശ്യമായി ചെലവാക്കുന്നതും ഖുര്‍ആന്‍ വിലക്കുന്നു.

ജീവിതാവശ്യങ്ങളുടെ നിര്‍വഹണത്തിന് മിതമായ രീതിയാണ് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. സ്വന്തം അധീനതയിലുള്ളതിന്റെ അധികാരം തനിക്കാണെന്നുവെച്ച് ധൂര്‍ത്തായി ചെലവഴിച്ചുകൂടാ. ഇങ്ങനെ ഉപയോഗിക്കുന്നത് ഏതു വിഷയത്തിലാണോ അതനുസരിച്ച് ചിലപ്പോള്‍ പ്രത്യക്ഷമായ പ്രത്യാഘാതങ്ങള്‍ തന്നെയുണ്ടാകും. ആത്മീയ നാശമാണ് വളരെ ഗുരുതരം. ദുര്‍വിനിയോഗം ചെയ്യുന്നവര്‍ പിശാചിന്റെ ആളുകളാണെന്നും അത്തരക്കാരെ അല്ലാഹു ഇഷ്ടപ്പെടുകയില്ലെന്നും ഖുര്‍ആന്‍ മുന്നറിയിപ്പു നല്‍കി. ‘നിങ്ങള്‍ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുക. എന്നാല്‍ നിങ്ങള്‍ അമിതമാക്കരുത്. കാരണം അമിതമാക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നതല്ല’ (അല്‍അഅ്‌റാഫ്: 31).

‘അടുത്ത കുടുംബങ്ങള്‍ക്കും അഗതികള്‍ക്കും യാത്രികനും അവരുടെ വിഹിതം നിങ്ങള്‍ നല്‍കുക. നിങ്ങള്‍ ധൂര്‍ത്തടിക്കരുത്. കാരണം ധൂര്‍ത്തന്മാര്‍ പിശാചിന്റെ കൂട്ടാളികളാണ്. പിശാചാകട്ടെ തന്റെ നാഥന് നന്ദികേട് കാണിച്ചവനും (അല്‍ഇസ്‌റാഅ്: 26,27).

സാമ്പത്തിക രംഗത്ത് വരാവുന്ന നന്മ-തിന്മകള്‍ പലതും വ്യക്തമായും ചിലത് സൂചനാപരമായും ഖുര്‍ആന്‍ വിവരിച്ചിട്ടുണ്ട്. അവയില്‍ ചിലത് ഗൗരമായിത്തന്നെ വിവരിച്ചു. സമ്പാദിക്കുന്നതിലും വിനിയോഗിക്കുന്നതിലും ഇസ്‌ലാമിനു കൃത്യമായ നിര്‍ദേശങ്ങളുണ്ട്. ഉടമസ്ഥത, വളര്‍ച്ച, വികസനം, വിനിയോഗം, വിനിമയം തുടങ്ങിയ സംബന്ധിച്ച സാമ്പത്തിക പ്രവര്‍ത്തനങ്ങളും നിലപാടുകളും ഇസ്‌ലാമിക കര്‍മശാസ്ത്രവും ധര്‍മശാസ്ത്രവും വിശദമായി ചര്‍ച്ചചെയ്തതു കാണാം.

ചുരുക്കത്തില്‍, വിശുദ്ധ ഖുര്‍ആന്‍ സമര്‍പ്പിക്കുന്നത് കേവലമായൊരു സാമ്പത്തിക വീക്ഷണമല്ല. പ്രത്യുത, സാമ്പത്തിക ആദര്‍ശമാണ്. ഇസ്‌ലാമിക മീമാംസയുടെ അസ്ഥിവാരത്തില്‍ നിലകൊള്ളുന്നതാണത്. ചൂഷണ മുക്തവും സുതാര്യവുമായ ആഗമനമാര്‍ഗങ്ങളും പാഴ്‌ചെലവുകളും അപായങ്ങളുമില്ലാത്ത വിനിയോഗ രീതികളുമാണതിന്റെ ഭാഗമായി വരുന്നത്. നിര്‍ബന്ധവും ഐച്ഛികവുമായ സാമ്പത്തിക വിതരണ രീതികള്‍ അതിലടങ്ങിയിട്ടുണ്ട്. സാമ്പത്തികാദര്‍ശത്തിന്റെ അടിസ്ഥാനത്തിലുള്ള സാമ്പത്തിക സംസ്‌കാരവുമുണ്ട്. അംഗീകരിക്കേണ്ടതും അനുവര്‍ത്തിക്കേണ്ടതുമായ ആദര്‍ശവും സംസ്‌കാരവുമായി സാമ്പത്തിക വീക്ഷണവും സമീപനവും മാറണമെന്നതാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്ന സാമ്പത്തിക ദര്‍ശനം.  അതിന്റെ അസ്ഥിവാരങ്ങളും അനിവാര്യമായ നിര്‍ദേശങ്ങളും ഖുര്‍ആന്‍ വ്യക്തമാക്കി.

മനുഷ്യന് സമ്പത്ത് നല്‍കി മാറിനില്‍ക്കുകയല്ല നാഥന്‍. അതിന്റെ വളര്‍ച്ചയും ഉപയോഗക്രമവും മൂല്യവും വിവരിക്കുകയും ഉപയോഗത്തിന്റെ ഐഹികവും പാരത്രികവുമായ വശങ്ങള്‍ പഠിപ്പിക്കുകയും ചെയ്തു. അല്ലാഹുവില്‍ നിന്നു ദാനമായി ലഭിച്ചതിനെ അവന്‍ നിര്‍ദേശിച്ച പോലെ വിനിയോഗിച്ചാല്‍ പ്രതിഫലവും അതു ലംഘിച്ച് വിരുദ്ധം പ്രവര്‍ത്തിച്ചാല്‍ പ്രത്യാഘാതവും അറിയിച്ചുതന്നു. ഖുര്‍ആന്‍ സമര്‍പ്പിക്കുന്നതും അംഗീകരിക്കുന്നതുമായ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പ്രത്യക്ഷമായ ഗുണം മാത്രമല്ല നല്‍കുക. ശാശ്വതവും ഉന്നതവുമായ പ്രതിഫലം അതു നേടിത്തരുന്നു. പ്രത്യുല്‍പാദനപരമായ സാമ്പത്തിക ചലനങ്ങള്‍ക്ക് ആത്മീയവും ഭൗതികവുമായ പ്രചോദനങ്ങളാണ് ഖുര്‍ആന്‍ നല്‍കുന്നതെന്നു സാരം.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ