സ്രഷ്ടാവിൽ നിന്നുള്ള അമാനുഷിക ഗ്രന്ഥമായതിനാൽ ഖുർആന്റെ പാരായണം സാധാരണ ഗ്രന്ഥവായന പോലെയല്ല. ഖുർആൻ പാരായണം ആരാധനയാണ്. ഇരുലോകത്തും നിരവധി നേട്ടങ്ങൾ കരസ്ഥമാക്കാൻ വഴിയൊരുക്കുന്ന കർമം. നബി(സ്വ) പറഞ്ഞു: നിങ്ങൾ ഖുർആൻ പാരായണം ചെയ്യുവീൻ. നിശ്ചയം അന്ത്യനാളിൽ ഖുർആൻ അതിന്റെ ആളുകൾക്ക് ശിപാർശകനായി വരുന്നതാണ് (മുസ്‌ലിം 252). നിങ്ങളിൽ ഏറ്റവും ഉത്തമർ ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ് (ബുഖാരി). ഖുർആൻ പാരായണം ചെയ്യുന്നവനെ തിരുദൂതർ ഉപമിച്ചത് മധുരനാരങ്ങയോടാണ്. അതിന്റെ രുചിയും ഗന്ധവും മാധുര്യമുള്ളതാണ്. അത്തരക്കാർ എല്ലാവർക്കും ഇഷ്ടപ്പെട്ടവരായിരിക്കും.
ഖുർആൻ പാരായണത്തിന് നിരവധി നിബന്ധനകളും നിയമങ്ങളുമുണ്ട്. അവ വിവരിക്കുന്ന വിജ്ഞാനശാഖയാണ് ഇൽമുത്തജ്‌വീദ്. മികച്ചതാക്കുക, ശരിയാക്കുക എന്നൊക്കെയാണ് തജ്‌വീദ് എന്ന അറബി പദത്തിന്റെ ഭാഷാർഥം. അറബി അക്ഷരങ്ങളെ അവക്കർഹമായ മഖ്‌റജുകൾ, സ്വിഫതുകൾ എന്നിവ പാലിച്ചും മണിക്കൽ, നീട്ടൽ മുതലായവ നൽകിയും പാരായണം ചെയ്യുന്നതിനാണ് തജ്‌വീദ് എന്ന് പറയുന്നത്.
ഖുർആൻ പാരായണം സ്വീകാര്യമാകുന്നതിന് മൂന്ന് നിബന്ധനകൾ പണ്ഡിതന്മാർ പഠിപ്പിക്കുന്നു. ഒന്ന്, നബി(സ്വ)യിൽ നിന്ന് സനദ് മുത്തസ്വിലായിരിക്കുക. രണ്ട്, അറബി വ്യാകരണ നിയമങ്ങളോട് എതിരാവാതിരിക്കുക. മൂന്ന്, റസ്മുൽ ഉസ്മാനി അറിഞ്ഞിരിക്കുക. ഇമാം ജസരി(റ)യുടെ അന്നശ്ർ എന്ന ഗ്രന്ഥത്തിൽ ഇവ വിവരിക്കുന്നുണ്ട്. കേവലം അറബി ഭാഷ വായിക്കാൻ അറിയുന്നതുകൊണ്ട് മാത്രം ഖുർആൻ പാരായണം ചെയ്യാനാവില്ല. നബി(സ്വ) വരെ ഇടമുറിയാത്ത ഗുരുപരമ്പരയിലൂടെ വന്നുചേർന്ന നിപുണനായ ഒരു ഗുരുനാഥനിൽ നിന്ന് കേട്ട് പഠിച്ചെങ്കിലേ ഖുർആൻ പാരായണം സാധുവാകൂ. അപ്രകാരം തന്നെ റസ്മുൽ ഉസ്മാനി അറിയാതെ ശരിയായ രൂപത്തിൽ പാരായണം നടത്താനാവില്ല.
പാരായണ ശാസ്ത്രം അഭ്യസിക്കുക വഴി ഖുർആൻ വചനങ്ങളെ തനതായ രാഗത്തിലും ശൈലിയിലും ഓതാൻ സാധിക്കും. ഇത് പഠിച്ചെടുക്കൽ എല്ലാവർക്കും വ്യക്തിഗത നിർബന്ധമില്ലെങ്കിലും പാരായണം എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ടായിരിക്കൽ നിബന്ധനയാണ്. സ്രഷ്ടാവിന്റെ വചനങ്ങൾ ആശയങ്ങൾ ചോർന്നുപോകും വിധം മാറ്റിത്തിരുത്തൽ കൊടിയ പാപമായതാണു കാരണം. അത്തരം പിഴവുകളിൽ നിന്നു രക്ഷപ്പെടണമെങ്കിൽ പാരായണ നിയമങ്ങൾ അറിഞ്ഞിരിക്കണം.

പ്രാമാണികത

ഖുർആനിലെ ആശയങ്ങൾ മനസ്സിലാക്കലും അതനുസരിച്ച് ജീവിതം നയിക്കലും വിശ്വാസിക്ക് നിർബന്ധമാണെന്നതു പോലെ ഖുർആൻ പാരായണം ശരിയായ രീതിയിലാക്കലും നിർബന്ധം തന്നെ. ഇത് ഖുർആൻകൊണ്ടും സുന്നത്ത്‌കൊണ്ടും ഇജ്മാഅ്‌കൊണ്ടും സ്ഥിരപ്പെട്ടതാണ്. അല്ലാഹു പറയുന്നു: ഖുർആൻ നിങ്ങൾ ചൊവ്വായ രൂപത്തിൽ(തർതീൽ) പാരായണം ചെയ്യുക (അൽമുസമ്മിൽ 4). ഇമാം നസാഈ(റ) ഉദ്ധരിക്കുന്ന ഹദീസിൽ കാണാം: യഅ്‌ലാ(റ) ഉമ്മുസലമ ബീവി(റ)യോട് നബി(സ്വ)യുടെ ഖുർആൻ പാരായണത്തെക്കുറിച്ച് ചോദിച്ചു. മഹതി മറുപടി നൽകി: അവിടത്തെ പാരായണം ഓരോ അക്ഷരവും വ്യക്തമായി ഉച്ചരിച്ചു കേൾക്കുന്ന രൂപത്തിലായിരുന്നു (നസാഈ).

ഇൽമുത്തജ്‌വീദിന്റെ സ്ഥാപകൻ തിരുദൂതർ(സ്വ) തന്നെയാണെങ്കിലും ക്രോഡീകരണമടക്കമുള്ളവ നടക്കുന്നത് ഹിജ്‌റ മൂന്നാം നൂറ്റാണ്ടിലാണ്. തജ്‌വീദിൽ ആദ്യമായി ഗ്രന്ഥരചന നടത്തിയത് ബഗ്ദാദിലെ ഖാരിആയ ഇമാം ഖാഖാനി(റ-വഫാത്ത് ഹിജ്‌റ 325)യാണ് (കശ്ഫുള്ളുനൂൻ 1/305). ഏഴു ഖിറാഅത്തുകൾ ക്രോഡീകരിച്ചുകൊണ്ടുള്ള ഗ്രന്ഥം രചിക്കപ്പെട്ടതും മൂന്നാം നൂറ്റാണ്ടിലാണ്. നാലാം നൂറ്റാണ്ടിൽ ഹാഫിള് അബൂബക്ർബ്‌നു മുജാഹിദിൽ ബഗ്ദാദി(റ) ഏഴു ഖിറാഅത്തുകളും ഒറ്റ ഗ്രന്ഥത്തിൽ ക്രോഡീകരിച്ചു രചന നടത്തി. അഞ്ചാം നൂറ്റാണ്ടിൽ വന്ന ഹാഫിള് അബൂഅംറുദ്ദാനി(റ) തജ്‌വീദിൽ നിരവധി ഗ്രന്ഥങ്ങൾ രചിച്ചു. പ്രസിദ്ധമായത് അത്തയ്‌സീറാണ്. ഹി. 444ൽ സ്‌പെയിനിൽ വെച്ചാണ് അദ്ദേഹം വഫാത്താവുന്നത്. ആറാം നൂറ്റാണ്ടുകാരനായ ഇമാം ശാത്വിബി(റ) അത്തയ്‌സീറിനെ പദ്യരൂപത്തിലാക്കി 1173 ബൈത്തുകളുൾക്കൊള്ളിച്ച് അശാത്വിബിയ്യ എന്ന പദ്യഗ്രന്ഥം രചിച്ചു. ഹി. 590ൽ കൈറോയിൽ വെച്ചാണ് ഇദ്ദേഹത്തിന്റെ മരണം. പിന്നീടും പല ഗ്രന്ഥങ്ങൾ വിരചിതമായെങ്കിലും ഹി. 833ൽ വഫാത്തായ ഇമാം ജസരി(റ)യുടെ മത്‌നുൽ ജസരിയ്യയാണ് ഏറെ പ്രസിദ്ധമായ ഗ്രന്ഥം. നിരവധി വിശദീകരണ കൃതികളും ജസരിയ്യക്ക് പിറന്നു. ശൈഖുൽ ഇസ്‌ലാം സകരിയ്യൽ അൻസ്വാരി(റ)യുടെ ശർഹാണ് ഏറ്റവുമധികം പ്രചാരത്തിലുള്ളത്.

ചരിത്രവഴികൾ

നബി(സ്വ)ക്ക് അവതീർണമായ ഖുർആൻ അനുചരരായ സഹാബികൾ വള്ളിപുള്ളി വ്യത്യാസമില്ലാതെ സ്വീകരിച്ചു. അവരിൽ ഏറെ പേർ അത് പൂർണമായും ഹൃദിസ്ഥമാക്കി. ഒന്നാം ഖലീഫ അബൂബക്കർ(റ)വിന്റെ കാലത്ത് നടന്ന യമാമ യുദ്ധത്തിൽ മുസ്‌ലിം പക്ഷത്തുനിന്നും ഖുർആൻ മനഃപാഠമുള്ള എഴുനൂറിലധികം സ്വഹാബികൾ രക്തസാക്ഷിത്വം വരിക്കാനിടയായി. ഈ ഘട്ടത്തിലാണ് ഖുർആൻ ഗ്രന്ഥരൂപത്തിൽ ക്രോഡീകരിക്കുന്നത്. പിന്നീട് ഉസ്മാൻ(റ)വിന്റെ കാലത്ത് വിവിധ പകർപ്പുകളെടുത്ത് വ്യത്യസ്ത നാടുകളിലേക്ക് കൊടുത്തയക്കുകയുണ്ടായി.
സ്വഹാബികളിൽ ഖുർആൻ ഹൃദിസ്ഥമാക്കിയവരിൽ പ്രധാനികളാണ് അലി(റ), ഉസ്മാൻ(റ), ഉബയ്യുബ്‌നു കഅ്ബ്(റ), സൈദുബ്‌നു സാബിത്(റ), ഇബ്‌നു മസ്ഊദ്(റ) തുടങ്ങിയവർ. അലി(റ) നബി(സ്വ)യുടെ വഫാത്തിന് ശേഷം ‘ഖുർആൻ മുഴുവനായും ഹൃദിസ്ഥമാക്കിയല്ലാതെ ഞാൻ മേൽത്തട്ടം അഴിച്ചുവെക്കുകയില്ല’ എന്ന് സത്യം ചെയ്തിരുന്നതായി ഹിൽയതുൽ ഔലിയാഇൽ കാണാം. നബി(സ്വ)ക്ക് ഓതിക്കൊടുക്കുകയും തങ്ങൾ തിരിച്ചു ഓതിക്കൊടുക്കുകയും ചെയ്ത സ്വഹാബിയാണ് ഉബയ്യുബ്‌നു കഅ്ബ്(റ). തിരുദൂതർ പറഞ്ഞു: ‘സ്വഹാബികളിൽ മികച്ച ഓത്തുകാരൻ ഉബയ്യാകുന്നു.’
ഇബ്‌നുഅബ്ബാസ്(റ), അബൂഹുറൈറ(റ), അബ്ദുല്ലാഹിബ്‌നു സാഇബ്(റ) തുടങ്ങിയ സ്വഹാബി പ്രമുഖർ ഉബയ്യ്(റ)ന്റെ ശിഷ്യന്മാരാണ്. സൈദുബ്‌നു സാബിത്(റ) റസൂൽ(സ്വ)യുടെ വഹ്‌യ് എഴുത്തുകാരനായിരുന്നു. ശേഷം അബൂബക്കർ(റ)ന്റെയും ഉസ്മാൻ(റ)ന്റെയും കാലത്തു നടന്ന ഖുർആൻ ക്രോഡീകരണ സമയത്തും അദ്ദേഹം എഴുത്തുകാരനായി തുടർന്നു. അബൂഹുറൈറ(റ), ഇബ്‌നു അബ്ബാസ്(റ) പോലുള്ളവർ അദ്ദേഹത്തിന് ഓതിക്കേൾപ്പിച്ചിരുന്നു. നബി(സ്വ)യിൽ നിന്ന് നേരിട്ട് എഴുപതിലധികം സൂറത്തുകൾ കേട്ടു പഠിച്ചിട്ടുണ്ട് ഇബ്‌നു മസ്ഊദ്(റ). മനോഹരമായ ശബ്ദത്തിൽ പാരായണം ചെയ്യുന്നതിൽ അദ്ദേഹം സമർഥനായിരുന്നു. ഏഴ് ഖാരിഉകളിൽ കൂഫയിൽ പ്രസിദ്ധരായ മൂന്ന് പണ്ഡിതരുടെയും സനദ് ചെന്നെത്തുന്നത് ഇബ്‌നു മസ്ഊദ്(റ)വിലേക്കാണ്.
താബിഉകളിലും ഖുർആൻ മനപ്പാഠമുള്ളവൻ നിരവധി ഉണ്ടായിരുന്നു. മക്കയും മദീനയും കൂഫയും ബസ്വറയും ശാമുമെല്ലാം ഖാരിഉകളാൽ സമ്പന്നമായിരുന്ന കാലമായിരുന്നു അത്. പിന്നീടാണ് ഏഴ് ഖിറാഅത്ത് പണ്ഡിതരുടെ(ഖുർറാഉസ്സബ്അ) കാലഘട്ടം പിറക്കുന്നത്. ഖുർആൻ പാരായണത്തിന്റെ എല്ലാ വശങ്ങളും കൃത്യമായും സ്പഷ്ടമായും പഠിച്ചെടുത്ത് മറ്റുള്ളവർക്ക് പിന്തുടരാവുന്ന ഇമാമുമാരായി അവർ വിഖ്യാതരായി. പഠിതാക്കൾ അവരിലേക്ക് ഒഴുകിയെത്തുകയും പാരായണ രീതി സ്വായത്തമാക്കുകയും ചെയ്തു.

ഏഴു ഖാരിഉകൾ

വിശുദ്ധ ഖുർആൻ പാരായണത്തിനും പരിശീലനത്തിനും അധ്യാപനത്തിനുമായി ജീവിതം നീക്കിവെച്ച പണ്ഡിത പ്രതിഭകൾ നിരവധിയാണ്. അക്കൂട്ടത്തിൽ പ്രധാനികളും സർവരാലും അംഗീകരിക്കപ്പെടുന്നവരുമായ ഏഴു പേരാണ് ഖിറാഅത്തിന്റെ ഇമാമുമാർ. ഓരോ ഇമാമുമാരിൽ നിന്നും ഖുർആൻ പഠിച്ചവരിൽ രണ്ടുവീതം ശിഷ്യന്മാർ(റാവിമാർ) പ്രസിദ്ധി നേടിയിട്ടുണ്ട്. ഏഴു ഖാരിഉകളെയും അവരുടെ റാവിമാരെയും ഹ്രസ്വമായി പരിചയപ്പെടാം.
1. നാഫിഉബ്‌നു അബ്ദുറഹ്‌മാൻ(റ): മദീനയിലെ ഖാരിആയിരുന്നു ഇദ്ദേഹം. 70 താബിഉകളിൽ നിന്ന് പാരായണം ശീലിക്കുകയും എഴുപതിലധികം വർഷം മദീനയിൽ ഓത്ത് പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നാഫിഅ്(റ)ന്റെ ഗുരുപരമ്പര ഇങ്ങനെ: താബിഈ പണ്ഡിതനായ അഅ്‌റജ്(റ), ഇബ്‌നു അബ്ബാസ്(റ), അബൂഹുറൈറ(റ), ഉബയ്യുബ്‌നു കഅ്ബ്(റ), തിരുനബി(സ്വ). ഹി. 70ൽ ജനിച്ചു. ഹി. 169ലാണ് വഫാത്ത്. സംസാരിക്കുമ്പോഴെല്ലാം അദ്ദേഹത്തിന്റെ വായിൽ നിന്നും ചുറ്റുമുള്ളവരിലേക്ക് സുഗന്ധം വമിക്കുമായിരുന്നു. നാഫിഅ്(റ)ന്റെ രണ്ട് റിപ്പോർട്ടർമാർ ഖാലൂൻ(ഹി. 120-220)വും വർശ്(ഹി.110-197)വുമാണ്. വർശ്(റ) മദീനയിലെത്തി നാഫിഅ്(റ)നു മുമ്പിൽ 155 ഖത്മുകൾ ഓതി പൂർത്തീകരിച്ചിട്ടുണ്ട്. ശേഷം മിസ്‌റിലേക്ക് താമസം മാറുകയും അവിടെ പാരായണ രംഗത്ത് മുന്നേറുകയും ചെയ്തു.
2. അബ്ദുല്ലാഹിബ്‌നു കസീർ(റ): മക്കയിൽ ഖാരിആയി സേവനം ചെയ്ത ഇദ്ദേഹം ഹി. 45ൽ ജനിച്ചു. ഹി. 120ൽ വഫാത്തായി. മരണം വരെയും ഒരാൾക്കും എതിർപ്പില്ലാത്ത ഖാരിആയി ശോഭിച്ചു. താബിഈ പണ്ഡിതനായ മുജാഹിദ്(റ)വിൽ നിന്നാണ് ഖുർആൻ പഠിച്ചത്. ഇതാണ് ഗുരുപരമ്പര: മുജാഹിദ്(റ), ഇബ്‌നു അബ്ബാസ്(റ), ഉബയ്യ്(റ), നബി(സ്വ).
ഇബ്‌നുകസീർ(റ)വിന്റെ ഖിറാഅത്ത് റിപ്പോർട്ട് ചെയ്ത റാവിമാർ ബസ്സി(ഹി. 170-250), ഖുൻബുൽ(ഹി. 195-291) എന്നിവരാണ്. ഇരുവരും ഇബ്‌നുകസീർ(റ)വിൽ നിന്നു നേരിട്ട് ഓത്തു പഠിച്ചിട്ടില്ലെങ്കിലും ശിഷ്യതലമുറയിൽ ഉന്നത സ്ഥാനീയരാണ്.
3. അബൂഅംറ്(റ): ബസ്വറയിലെ അറിയപ്പെട്ട ഖാരിആയിരുന്നു ഇദ്ദേഹം. അലാഉ ബ്‌നു അമ്മാർ എന്നാണ് യഥാർഥ പേര്. ഹി. 67ൽ ജനിച്ച് ഹി. 150ൽ വഫാത്തായി. ഖുർആൻ പാരായണത്തിൽ മാത്രമല്ല, അറബി ഭാഷയിലും നൈപുണ്യമുള്ളയാളായിരുന്നു. മക്ക-മദീനകളിൽ നിന്നാണ് പാരായണം പഠിച്ചത്. താബിഉകളിൽ പെട്ട മുജാഹിദ്(റ), സഈദുബ്‌നു ജുബൈർ(റ) എന്നിവരാണ് ഗുരുനാഥന്മാർ. ഹി. 246ൽ വഫാത്തായ ഹഫ്‌സു ബ്‌നു ഉമർ(റ), ഹി. 261ൽ വഫാത്തായ സ്വാലിഹ് ബ്‌നു സിയാദ് അസ്സൂസീ എന്നിവരാണ് പ്രധാന റിപ്പോർട്ടർമാർ. രണ്ടുപേരും അബൂഅംറ്(റ)വിന്റെ ശിഷ്യനായ യസീദീ(റ)യുടെ ശിഷ്യന്മാരാണ്.
4. ഇബ്‌നു ആമിർ(റ): ശാമിലെ ഖാരിആണ് ഇദ്ദേഹം. ഹി. എട്ടാം വർഷം ജനിച്ചു. 21ലാണെന്നും അഭിപ്രായമുണ്ട്. സ്വഹാബി പ്രമുഖനായ അബൂദർറ്(റ)ന്റെ ശിഷ്യനും ഉസ്മാനുബ്‌നു അഫ്ഫാൻ(റ)ന്റെ ശിഷ്യന്റെ ശിഷ്യനുമാണ്. ഉമർ ബ്‌നു അബ്ദിൽ അസീസ്(റ)ന്റെ ഭരണകാലത്ത് ദീർഘകാലം ഉമവി മസ്ജിദിൽ ഇമാമായിരുന്നു. ഭരണകേന്ദ്രമായിരുന്ന ഡമസ്‌കസിലെ ഖാളിയായും ഖിറാഅത്തിന്റെ ശൈഖായും പ്രസിദ്ധി നേടി. ഹി. 118ൽ ആശൂറാഅ് ദിനത്തിൽ ഡമസ്‌കസിലായിരുന്നു വിയോഗവും.
അദ്ദേഹത്തിന്റെ ശിഷ്യപരമ്പരയിൽ മൂന്നാം സ്ഥാനത്തുള്ളയാളും പിൽക്കാലത്ത് ഡമസ്‌കസിലെ ഖാരിഉം മുഫ്തിയും ഇമാമുമൊക്കെയായി അറിയപ്പെട്ടയാളുമായ ഹിശാം(ഹി.153-245), ഇബ്‌നു ദക്‌വാൻ(ഹി. 173-242) എന്നിവരാണ് റിപ്പോർട്ടർമാർ.
5. ആസ്വിം(റ): നമ്മുടെ ഖിറാഅത്തിന്റെ ഇമാമായ ഇദ്ദേഹം കൂഫയിലെ ഖുർആൻ പരിശീലകരിൽ മുൻപന്തിയിലായിരുന്നു. പ്രധാന ഗുരുവായ അബ്ദുല്ലാഹിസ്സുലമി(റ)യുടെ കാലശേഷം തൽസ്ഥാനത്ത് അവരോധിതനായി. അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ)ന്റെ ശിഷ്യനാണ് അബ്ദുല്ലാഹിസ്സുലമി(റ). ശിഷ്യരായ ഹഫ്‌സ്(ഹി. 90-180), ശുഅ്ബ(ഹി. 95-193) എന്നിവരാണ് ആസ്വിം(റ)ന്റെ റിപ്പോർട്ടർമാർ. തന്റെ ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകൻ കൂടിയായിരുന്നതിനാൽ ഇമാമിന് ഏറ്റവുമധികം അടുപ്പമുള്ള ശിഷ്യനായിരുന്നു ഹഫ്‌സ്(റ). അതുകൊണ്ടാണ് ആസ്വിം(റ)ന്റെ ഖിറാഅത്ത് ഉദ്ധരിച്ചതിൽ ഏറെ പ്രാധാന്യമുള്ളത് ഹഫ്‌സ്(റ)ന്റേതാണെന്ന് പണ്ഡിതർ പറഞ്ഞത്. ശുഅ്ബ(റ) ഓരോ ദിവസവും ഒരു ഖത്മ് തീർത്ത് 30 വർഷംകൊണ്ട് 12000 തവണ ഖുർആൻ ഓതി പൂർത്തീകരിച്ചതായി ചരിത്രത്തിൽ കാണാം.
6. ഹംസ(റ): കൂഫയിലെ മറ്റൊരു ഖാരിആയ ഇദ്ദേഹം ഉസ്മാൻ(റ), അലി(റ), ഇബ്‌നു മസ്ഊദ്(റ) തുടങ്ങിയ സ്വഹാബി ഖാരിഉകളുടെ നാലാം ശിഷ്യതലമുറയാണ്. ജനനം ഹി. 80ൽ, വഫാത്ത് ഹി. 156ലും. ഇമാം അബൂഹനീഫ(റ) അടക്കമുള്ള സമകാലിക പണ്ഡിതരെല്ലാം പുകഴ്ത്തിപ്പറഞ്ഞ സൂക്ഷ്മശാലിയായ പണ്ഡിതനായിരുന്നു ഹംസ(റ). തന്റെ ശിഷ്യന്റെ ശിഷ്യന്മാരായ ഖലഫ്(ഹി. 150-229), ഖല്ലാദ്(ഹി. 220) എന്നിവരാണ് റിപ്പോർട്ടർമാർ.
7. അലിയ്യുൽ കിസാഈ(റ): കൂഫയിലെ തന്നെ മറ്റൊരു ഖാരിആയിരുന്നു ഇദ്ദേഹം. വ്യാകരണ ശാസ്ത്രത്തിലും അഗ്രഗണ്യൻ. അനവധി ശിഷ്യന്മാരുണ്ട്. ഹി. 119ൽ ജനിക്കുകയും ഹി. 181ൽ വഫാത്താവുകയും ചെയ്തു. നേർ ശിഷ്യരായ അബുൽ ഹാരിസ്(ഹി. 240), ഹഫ്‌സു ബ്‌നു ഉമർ അദ്ദൂരീ(റ)യുമാണ് റിപ്പോർട്ടർമാർ. അബൂ അംറ്(റ)വിന്റെ റിപ്പോർട്ടറായ അദ്ദൂരീ തന്നെയാണ് ഇമാം കിസാഈ(റ)യുടെയും റിപ്പോർട്ടർ.
വിശുദ്ധ ഖുർആനിന്റെ നിസ്വാർഥ സേവകരായി നിലകൊണ്ട ഖാരിഉകൾ പിൽക്കാലക്കാർക്കു ഖുർആൻ പാരായണ രീതികൾ പകർന്നു നൽകി വിശുദ്ധ വേദത്തിന്റെ കാവൽക്കാരായി. പാരായണ ശാസ്ത്രത്തിന്റെ പ്രചാരണവും സ്വീകാര്യതയും അവരുടെ ജീവിത വിശുദ്ധിയുടെ കൂടി സാക്ഷ്യമാണ്. തജ്‌വീദ് എന്ന വിജ്ഞാന ശാഖയെ ചിട്ടപ്പെടുത്തിയ മഹാവിജ്ഞരാണ് ഈ സാത്വിക പ്രതിഭകൾ.

ഹാഫിള് ഉസ്മാൻ അദനി പയ്യനാട്

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ