സമീപ കാലത്ത് സജീവമായ ഒരു ദുരാരോപണമാണ് പൂർവ വേദങ്ങളിൽ നിന്ന് കോപ്പിയെടുത്തതാണ് വിശുദ്ധ ഖുർആൻ എന്നത്. വസ്തുതാപരമായി തെളിയിക്കാനാവാത്ത തനി വങ്കത്തമാണിതെന്നതിൽ ഖുർആൻ ലളിതമായി മനസ്സിലാക്കിയ ആർക്കും സംശയമുണ്ടാകില്ല. എന്നാലും, ആവനാഴിയിലെ അവസാന അസ്ത്രവും പ്രയോഗിച്ച് ഇസ്‌ലാമിനെ എതിർത്തിരിക്കണമെന്ന ശത്രുനിരയുടെ താൽപര്യം നിർലജ്ജം അവർ പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
അല്ലാഹുവിന്റെ മതമാണ് ഇസ്‌ലാം. ഒരു ലക്ഷത്തി ഇരുപതിനായിരത്തിൽപരം പ്രവാചകന്മാർ ലോകത്തിനു പഠിപ്പിച്ച വിശുദ്ധ ദർശനം. ഈ ശൃംഖലയിലെ അവസാന കണ്ണിയായിരുന്നു മുഹമ്മദ് നബി (വി.ഖു: 33:40). അവിടന്ന് സ്ഥാപിച്ച ഒരു മതമല്ല ഇത്. പ്രത്യുത, മുൻപ്രവാചകന്മാർ പ്രചരിപ്പിച്ച ദൗത്യം പൂർത്തിയാക്കുകയാണ് നബി(സ്വ) ചെയ്തത്. സ്വാഭാവികമായും നബിയുടെ പ്രബോധനവും മുൻകാല പ്രവാചകന്മാരുടെ ആദർശങ്ങളും ഒന്നു തന്നെയാകുമെന്നു സാരം. വിശ്വാസകാര്യങ്ങളിൽ പൂർണമായും കർമകാര്യങ്ങളിൽ തന്നെയും ഈ ബന്ധം ദർശിക്കാം. നബി(സ്വ) പറഞ്ഞു: ഞാനും എന്റെ പൂർവിക പ്രവാചകന്മാരും പ്രചരിപ്പിച്ച ശ്രേഷ്ഠ വചനം അല്ലാഹുവല്ലാതെ ഒരാരാധ്യനുമില്ലെന്നതാണ്. (ബൈഹഖി, മുവത്വ). ‘നിങ്ങൾ ശരിക്കും അറിഞ്ഞിരിക്കണം അല്ലാഹുവല്ലാതെ ഒരാരാധ്യനുമില്ല’ (മുഹമ്മദ്: 19) എന്ന് ഖുർആൻ. ബൈബിൾ പുസ്തകങ്ങളിലും സമാന ആശയം കാണാം. ‘യേശു പ്രതിവചിച്ചു: ഇതാണ് ഒന്നാമത്തെ കൽപ്പന. ഇസ്രയേലേ കേൾക്കുക. നമ്മുടെ ദൈവമായ കർത്താവ് ഏക കർത്താവ്’ (മാർക്കോസ് 12:29).
ദൈവത്തിന്റെ ഏകത്വത്തിൽ മാത്രമല്ല, മറ്റു സന്ദേശങ്ങളിലും പ്രവാചകന്മാർ ഒരേ ദർശനമാണ് വെച്ചുപുലർത്തിയിരുന്നതെന്ന് ഖുർആനിൽ കാണാം. അല്ലാഹു സൃഷ്ടികൾക്കു നൽകിയ ഉപദേശമെന്ന് മതം പഠിപ്പിക്കുന്ന തഖ്‌വ(സൂക്ഷ്മ ജീവിതം)യെ ഉദാഹരണമായെടുക്കാം. നൂഹ് നബി (26: 105-108), ഹൂദ് നബി (26: 123-126), ലൂത്വ് നബി (26: 160-163), ശുഐബ് നബി (26: 176-179) എന്നീ പ്രവാചകന്മാരെല്ലാം ഇക്കാര്യത്തെ കുറിച്ച് അനുചരരെ പഠിപ്പിച്ചത് ഖുർആൻ ഉദ്ധരിക്കുന്നു. എന്തിനധികം, കർമകാര്യങ്ങളിലും വിശദീകരണങ്ങളിൽ വ്യത്യാസങ്ങളുണ്ടാകാമെങ്കിലും അടിസ്ഥാനപരമായ യോജിപ്പ് നിലനിന്നിരുന്നുവെന്ന് ഖുർആൻ പറയുന്നു. ശുഐബ് നബി(അ)ന്റെ സമൂഹത്തിനു നിസ്‌കാരവും (ഹൂദ്: 87) മുൻഗാമികൾക്ക് നോമ്പും (2: 183) ഇബ്‌റാഹീം നബി(അ)ന്റെ കാലത്തുതന്നെ ഹജ്ജും (ഹജ്ജ്: 27) ഉണ്ടായിരുന്നു. യഥാർത്ഥ്യം ഇതായിരിക്കെ, ഖുർആനും പൂർവ ഗ്രന്ഥങ്ങൾക്കുമിടയിൽ ചില സാദൃശ്യങ്ങൾ വിവാദമാക്കുന്നവരുടെ ഭീമമായ ജ്ഞാന ശൂന്യതയെ കുറിച്ച് ആലോചിച്ചു നോക്കുക.

ബൈബിളും വ്യത്യസ്തമല്ല

നാം ചർച്ച ചെയ്യുന്ന ദുരാരോപണത്തിന് അടിത്തറ പാകിയത് ഓറിയന്റലിസ്റ്റുകളാണെങ്കിലും അത് ഭൂലോകമാകെ കൊട്ടിഘോഷിച്ചു പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത് ക്രൈസ്തവരാണ്. പലരും ഛർദിച്ച അമേദ്യം ശേഖരിച്ചു ന്യായവും യുക്തിയും നോക്കാതെ വാരിവിഴുങ്ങുന്നത് ജീവിതവ്രതമാക്കിയ നവനാസ്തികരും എന്തിനെന്നറിയാതെ കുരച്ച് തീരുന്ന വികൃത ജന്മങ്ങളായ എമുകളും ജബ്രകളുമാണ് ഇതിന്റെ ഇപ്പോഴത്തെ പ്രധാന ഉപഭോക്താക്കളെന്നത് മറ്റൊരു കാര്യം. അതുകൊണ്ടുതന്നെ ‘കോപ്പിയടി’ ആരോപണവുമായി ബന്ധപ്പെട്ട് ക്രൈസ്ത വേദ ഗ്രന്ഥമായ ബൈബിളിന്റെ സമീപനം പരിശോധനാർഹമാണ്. മുൻ വേദങ്ങളിൽ നിന്ന് ഉദ്ധരിക്കുക മാത്രമല്ല; അവയെ മൊത്തം ആവാഹിച്ച്, സ്വന്തമാക്കി ആഘോഷിക്കേണ്ട പരിമിതികളാണ് ക്രൈസ്തവ ലോകം അഭിമുഖീകരിക്കുന്നതെന്നാണ് ശ്രദ്ധേയമായ വസ്തുത. യേശു പറഞ്ഞതിങ്ങനെ: ‘നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണ് ഞാൻ വന്നതെന്ന് നിങ്ങൾ ധരിക്കരുത്. അസാധുവാക്കാനല്ല; പൂർത്തീകരിക്കാനാണ് ഞാൻ വന്നത് (മത്തായി 5:17). ഇങ്ങനെ പറയുക മാത്രമല്ല, പലപ്പോഴായി പുതിയ നിയമത്തിൽ യേശു തന്നെ പഴയ നിയമം സുലഭമായി ഉദ്ധരിക്കുന്നുമുണ്ട് (മത്തായി നാലാം അധ്യായം കാണുക).
ഇതിനൊക്കെ പുറമെ രസകരമായൊരു വസ്തുത കൂടി മനസ്സിലാക്കേണ്ടതുണ്ട്. പുതിയ നിയമങ്ങളുടെ രചന തുടങ്ങുന്നത് തന്നെ കുരിശു സംഭവത്തിനു ശേഷം 30 വർഷങ്ങൾ കഴിഞ്ഞാണ്. ഈസാ(അ)ന് ലഭിച്ച ഇഞ്ചീൽ ഇതല്ല. അപ്രകാരം തന്നെ തൗറാത്തും പഴയനിയമവും ഒന്നല്ല. ഈ വ്യത്യാസം തൽകാലം ചർച്ചക്കെടുക്കാതെ ഈ രണ്ടു ഗ്രന്ഥ സമുച്ചയങ്ങളുടെ നവകാലാനുയായികളുടെ അവകാശവാദം മുഖവിലയ്‌ക്കെടുത്ത് മുന്നോട്ടു പോകാം. അതനുസരിച്ച് ജൂതരുടെ ഗ്രന്ഥമാണ് പഴയനിയമം. ക്രൈസ്തവരുടേത് പുതിയതും. ജൂതരും ക്രൈസ്തവരും ആദർശപരമായ ചരിത്രത്തിൽ ഒരിടത്തും യോജിച്ചിട്ടേയില്ല. യേശുവിനെ ദൈവവും ദൈവപുത്രനുമൊക്കെയായി ക്രൈസ്തവർ വിശ്വസിക്കുമ്പോൾ ജാര സന്താനമെന്നാണ് മറുപക്ഷത്തിന്റെ വിശ്വാസം- ഇത്രമേൽ പൂർവാപര വിരുദ്ധമാണ് രണ്ടു മതങ്ങളും. എന്നിട്ടും ജൂതരുടെ പഴയ നിയമം ഒന്നിച്ചെടുത്ത്, അത് ജീവിത രേഖയായി പ്രചരിപ്പിച്ച്, കോടിക്കണക്കിന് കോപ്പികൾ പ്രിന്റ് ചെയ്ത് ലോകമാസകലം വിതരണം ചെയ്യുന്നവരാണ് ക്രൈസ്തവർ! അൽപാൽപം കോപ്പിയടിക്കുകയല്ല, ഒന്നിച്ച് അടിച്ചുമാറ്റുകയാണെന്ന് വ്യക്തം. ഇവരാണ് പൂർവിക ഗ്രന്ഥങ്ങളിൽ പരാമർശിച്ച ചില സംഭവങ്ങൾ തികച്ചും വ്യത്യസ്തമായും അവയിലെ പ്രമാദങ്ങൾ തിരുത്തിയും ഖുർആൻ പരാമർശിക്കുന്നത് വലിയ അപരാധമായി ആഘോഷിക്കുന്നതെന്നത് എത്രമേൽ രസാവഹമല്ല! പൂർവ ഗ്രന്ഥങ്ങളിൽ നിന്ന് ഉദ്ധരിക്കുമ്പോൾ ചില ലക്ഷ്യങ്ങൾ ഖുർആൻ മുന്നോട്ടുവെക്കുന്നുണ്ട്. പ്രചാരത്തിലുള്ള ചരിത്രങ്ങളിലെ അബദ്ധങ്ങളും വൈരുധ്യങ്ങളും തീർക്കുക (അന്നംല് 76), മൂടിവെക്കപ്പെട്ടവ പുറത്തുകൊണ്ടുവരിക (ഹൂദ്: 100), പൂർവ പ്രവാചകന്മാരുടെ ചരിത്രവും അനുഭവങ്ങളും ഉദ്ധരിച്ച് പ്രബോധന രംഗത്ത് നബി(സ്വ) പ്രയാസങ്ങൾ നേരിടുമ്പോൾ അവിടത്തെ സ്ഥൈര്യപ്പെടുത്തുക (ഹൂദ്: 120) പ്രധാനമായും ഇത്തരം കാര്യങ്ങൾക്കു വേണ്ടിയാണ് ഖുർആന്റെ ചരിത്രം ഉദ്ധരിക്കൽ. അപ്പോൾ തന്നെ ഒരേ പ്രമേയം ചർച്ച ചെയ്യുക എന്നതിനപ്പുറം തമ്മിൽ ഒരു ബന്ധവുമില്ലാത്തവിധം, അബദ്ധങ്ങളിൽ നിന്നും കുഴപ്പങ്ങളിൽ നിന്നും മുക്തമായി സംശുദ്ധമാണ് വിശുദ്ധ വേദത്തിന്റെ പരാമർശങ്ങൾ. മറ്റു സ്രോതസ്സുകളിൽ നിന്ന് ലഭിക്കാൻ ഒരു സാധ്യതയുമില്ലാത്ത തിരുത്തലുകൾ ഖുർആൻ വരുത്തുന്നത് സർവശക്തനായ സ്രഷ്ടാവിൽ നിന്ന് അവതരിച്ചതുകൊണ്ട് മാത്രമാണ്. നിരക്ഷരനായ പ്രവാചകർക്ക് സ്വന്തമായി ഇതൊക്കെ രചിക്കാൻ ഒരിക്കലും സാധ്യമല്ലല്ലോ. നമുക്ക് പരിശോധിക്കാം.

ബൈബിളിലെ അബദ്ധങ്ങൾ

ബൈബിൾ ഗ്രന്ഥങ്ങളിൽ കടന്നുകൂടിയ അബദ്ധങ്ങളൊന്നും ഖുർആനിലില്ലെന്നത് ‘കോപ്പിയടി’ വിവാദത്തിന്റെ നടുവൊടിക്കുന്നതാണ്. ചില ഉദാഹരണങ്ങൾ കാണാം:
ഒന്ന്: ജോസഫിന്റെ കാലത്തെ രാജാവിനെക്കുറിച്ച് ഉൽപത്തി പുസ്തകം 37:36-50:7 വരെയുള്ള ഭാഗങ്ങളിൽ എഴുപതിലധികം പ്രാവശ്യം ഫറോവ(ഫിർഔൻ) എന്ന് പ്രയോഗിക്കുന്നത് കാണാം. ഇത് പരമാബദ്ധമാണ്. ഈജിപ്‌തോളജി കൃത്യമായ പഠനങ്ങൾ കൊണ്ട് സുവ്യക്തമാണിപ്പോൾ. പഴയ രാജവംശം (old kingdome), മധ്യമ രാജവംശം (Midle kingdome), പുതിയ രാജവംശം (New kingdome) എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് അവിടെയുള്ള ഭരണവംശങ്ങളെ ചരിത്ര പണ്ഡിതർ വിശദീകരിച്ചിട്ടുള്ളത്. ഇതിൽ അബ്രഹാം, ജോസഫ് എന്നിവരുടെ കാലത്തെ രാജാക്കളെ കുറിച്ച് ‘ഫറോവ’ എന്ന പ്രയോഗം നിലവിലുണ്ടായിരുന്നില്ല. മോശയുടെ കാലത്ത് അങ്ങനെ ഒരു സ്ഥാനപ്പേര് പ്രയോഗത്തിലുണ്ടായിരുന്നുതാനും. ബൈബിൾ ഈ ഘട്ടങ്ങളിലുള്ളവരെ കുറിച്ച് മുഴുവൻ ഈ പ്രയോഗം നടത്തുകയാണുണ്ടായത്. ഫറവോ എന്ന നാമം നിലവിൽ വന്നതിനുശേഷം രേഖപ്പെടുത്തിയപ്പോൾ എഴുത്തുകാർക്ക് സംഭവിച്ച അബദ്ധമാണിത്. എന്നാൽ ഖുർആൻ ഏറെ സൂക്ഷ്മതയോടെ ഇബ്‌റാഹീം നബി, യൂസുഫ് നബി എന്നിവരുടെ കാലത്തെ രാജാവിനെ കുറിച്ച് ഫറോവ എന്നു പ്രയോഗിച്ചതേയില്ല. മറിച്ച് മൂസാ(അ)ന്റെ കാലത്തുള്ള രാജാവിനെ കുറിച്ച് മാത്രം ഇത് (ഫിർഔൻ) എന്ന് ഉപയോഗിച്ചു. ഇത് നബി(സ്വ)യുടെ വിജ്ഞാന പരിധിയിൽ ഉൾപ്പെടുന്നതേയല്ല. ബൈബിളിൽ നിന്ന് കോപ്പിയടിച്ചതാണ് ഖുർആനെങ്കിൽ ഈ അബദ്ധം നൈസായി ഖുർആനിലും ഉൾപ്പെടുമായിരുന്നു.
രണ്ട്: ഭാഷാഭേദം മനുഷ്യർക്കും ലഭിച്ച അനുഗ്രഹമാണെന്നാണ് ഖുർആൻ ഭാഷ്യം. എന്നാൽ മനുഷ്യർ ഐക്യത്തിൽ മുന്നേറിയാൽ തനിക്കു ഭീഷണിയാവുമെന്ന് കരുതി ദൈവം ഭിന്നിപ്പിച്ചതാണെന്നാണ് ബൈബിൾ പറയുന്നത് (ഉൽപത്തി 11:5-9).
മൂന്ന്: ബൈബിൾ പറയാതെവിട്ട വ്യക്തികളെയും വസ്തുതകളെയും ഖുർആൻ പരിചയപ്പെടുത്തി. മൂസാ(അ)ന്റെ കാലത്തെ ഹാമാനും ഖാറൂനും ഉദാഹരണം (ഗാഫിർ: 23-24). ഇത് നബി(സ്വ)ക്ക് എവിടെ നിന്ന് ലഭിച്ചു?
നാല്: പ്രവാചകന്മാരെ പരിചയപ്പെടുത്തുമ്പോൾ ബൈബിൾ നടത്തിയ അമാന്യവും അശ്ലീലവുമായ പരാമർശങ്ങളൊന്നും ഖുർആനിലില്ല; തികച്ചും ധർമനിഷ്ഠ ജീവിതം നയിച്ച മാതൃകാ പുരുഷന്മാരായിരുന്നു ഖുർആനിലെ പ്രവാചകന്മാർ. ചിലരെ കുറിച്ച് വിലയിരുത്താം. തന്റെ രണ്ടു പെൺമക്കളെ വീഞ്ഞിന്റെ ലഹരിയിൽ വ്യഭിചരിച്ച് ഗർഭമുണ്ടാക്കിയ ആളാണ് ബൈബിളിലെ ലോത്ത് (ഉൽപത്തി 19: 23-38). ഭാര്യമാരുടെ വശീകരണത്തിന് വശംവദനായി അന്യദൈവങ്ങൾക്ക് പൂജാഹിരികൾ നിർമിക്കുകയും അവയെ ആരാധിക്കുകയും ചെയ്തുവത്രെ സോളമൻ (1 രാജാക്കന്മാർ 11:4-10). ഇതിലേറെ മ്ലേഛമാണ് ബൈബിളിൽ പറയുന്ന ദാവീദിന്റെ കഥ. തന്റെ പട്ടാളക്കാരനായ ഊരിയാവിന്റെ ഭാര്യ ബത്‌ശേബ കുളിക്കുന്നത് കണ്ട് കാമാർത്തനായ അദ്ദേഹം അവളെ വരുത്തി ഒപ്പം ശയിക്കുകയും അവിഹിത ഗർഭം ഊറിയാവിന്റെ തലയിലിടാൻ ശ്രമിക്കുകയും ചെയ്തു. അത് വിജയിക്കാതെ വന്നപ്പോൾ അദ്ദേഹത്തെ ചതി പ്രയോഗിച്ച് കൊന്നുകളയുകയും ബത്‌ശേബയെ സ്വന്തമാക്കുകയും ചെയ്തു പോലും! (2 സാമുവേൽ 11: 2-17) എന്തുകൊണ്ട് ഇത്തരം വികൃത കഥകളൊന്നും ‘കോപ്പിയടിച്ചപ്പോൾ’ ഖുർആനിൽ വരാതിരുന്നു?
ബൈബിൾ അനുയായികളുടെ വിശ്വാസമനുസരിച്ച് യേശു ക്രിസ്തു ദൈവവും ദൈവാംശവുമൊക്കെയാണെങ്കിൽ ഖുർആൻ അദ്ദേഹം പ്രവാചകനാണെന്ന് തിരുത്തുന്നു. തൊട്ടിലിൽ കിടന്ന് സംസാരിക്കുന്നതാണ് യേശുവിന്റേതായി ഖുർആൻ പറയുന്ന (മർയം: 17) ഒന്നാമത്തെ അത്ഭുതമെങ്കിൽ കാനാവിലെ കല്യാണവിരുന്നിൽ വെച്ച് ആറ് കൽഭരണികളിൽ വീഞ്ഞ് നിർമിച്ച് കല്യാണത്തിനെത്തിയവരെ ലഹരിപിടിപ്പിക്കുന്നതാണ് ബൈബിൾ പറയുന്നത് (യോഹന്നാൻ 2: 3-11). പൂർവാപരവിരുദ്ധമായ ഈ ദർശന ദ്വന്ദ്വങ്ങൾ എങ്ങനെയാണ് ഒന്ന് മറ്റൊന്നിൽ നിന്ന് പകർത്തിയതാവുകയെന്ന് വിമർശകർ വിശദീകരിക്കുമോ?

നബി(സ്വ)യുടെ യാത്രകൾ

ഏറെ ശ്രദ്ധേയമായ ഒരു കാര്യം കൂടി സൂചിപ്പിക്കാം. നിരക്ഷരനായിരുന്നു നബി(സ്വ) (അൻആം 157), അവിടന്ന് ഒരു ഗ്രന്ഥവും വായിക്കുകയോ എഴുതുകയോ ചെയ്തിട്ടില്ലായിരുന്നു (അൻകബൂത്ത് 49). ജൂതരെയും ക്രൈസ്തവരെയും കാണാനോ പരിചയപ്പെടാനോ അവരുടെ ഗ്രന്ഥവും ആദർശവും പഠിക്കാനോ അവിടത്തേക്ക് അവസരം കിട്ടിയതേയില്ല. മക്കയിൽ വേദക്കാർ ഇല്ലായിരുന്നുവല്ലോ. തന്റെ 13-ാം വയസ്സിലും 25-ാം വയസ്സിലും രണ്ടു യാത്രകൾ മാത്രമാണ് മക്കയുടെ പുറത്തേക്ക് തിരുനബി(സ്വ) നടത്തിയത്. ജൂതർ അപായപ്പെടുത്തുന്നത് ശ്രദ്ധിക്കണമെന്ന് വിദഗ്‌ധോപദേശം ലഭിച്ചതു കാരണം ഒന്നാം യാത്രയിൽ പിതൃവ്യൻ അബൂത്വാലിബിന്റെ കർശന നിയന്ത്രണത്തിലായിരുന്നു നബി(സ്വ). രണ്ടാം യാത്രയിൽ ഭാരിച്ച കച്ചവട പ്രവർത്തനങ്ങൾ കാരണം ഇങ്ങനെയൊരു ശ്രമത്തിന് ഒരു പഴുതും കിട്ടിയില്ല. പിന്നെ ജൂത ക്രൈസ്തവരെ നബി(സ്വ) പരിചയപ്പെടുന്നതും അടുത്തറിയുന്നതും മദീനയിലേക്ക് ഹിജ്‌റ നടത്തിയതിനു ശേഷമാണ്. നബി മുമ്പേ നിർവഹിച്ചുപോന്നിരുന്ന ആശൂറാഅ് നോമ്പ് ജൂതർ അനുഷ്ഠിക്കുന്നതു പോലും മദീനയിലെത്തിയ ശേഷമാണ് പ്രവാചകർ(സ്വ) കാണുന്നത്. എന്നാൽ, പൂർവിക കൃതികളിൽ നിന്ന് ഖുർആൻ പകർത്തിയെന്ന് ആരോപിക്കപ്പെടുന്ന ചരിത്രങ്ങളും വ്യക്തികളെയും പരാമർശിക്കുന്ന അധ്യായങ്ങളെല്ലാം ഹിജ്‌റയുടെ മുമ്പ് അവതരിച്ചതാണ്. സൂറതു യൂനുസ്, ഹൂദ്, യൂസുഫ്, ഇബ്‌റാഹീം, കഹ്ഫ്, മറിയം, അമ്പിയാഅ്, സ്വാഫാത്ത്, ഖസ്വസ് എന്നിവ ഉദാഹരണം. മദീനയിലെത്തി വേദക്കാരെ പരിചയപ്പെടാതിരുന്ന നബി(സ്വ)ക്ക് ഇതെങ്ങനെ സാധിക്കാനാണ്. അതുകൊണ്ടാണ് ഈ ആരോപണം തികച്ചും അബദ്ധമാണെന്നും അവാസ്തവമാണെന്നും പറയേണ്ടിവരുന്നത്. ‘നിശ്ചയം, ഇത് ലോക രക്ഷിതാവിൽ നിന്ന് അവതരിച്ചതാകുന്നു. താങ്കൾ താക്കീതുകാരനാവാൻ വേണ്ടി താങ്കളുടെ ഹൃദയത്തിലേക്ക് വിശ്വസ്തനായ ആത്മാവ് (ജിബ്‌രീൽ) ആണ് ഇതുമായി ഇറങ്ങിയത്. വ്യക്തമായ അറബി ഭാഷയിൽ തീർച്ചയായും പൂർവികരുടെ വേദങ്ങളിൽ ഉള്ളതു തന്നെയാണ് ഇത് (ശുഅറാഅ് 192-196).

ഇബ്‌റാഹീം സഖാഫി പുഴക്കാട്ടിരി

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ