ഹിജ്റ ആറാം വര്‍ഷത്തില്‍ നബി(സ്വ) സ്വഹാബികളൊന്നിച്ച് ഉംറ നിര്‍വഹിക്കാനായി മദീനയില്‍ നിന്നു മക്കയിലേക്കു പുറപ്പെട്ടു. വിവരമറിഞ്ഞ ഖുറൈശികള്‍ മക്കയില്‍ സമ്മേളിച്ച് നബി(സ്വ)യെ ഏതുവിധേനയും തടയാന്‍ തീരുമാനിച്ചു. നബി(സ്വ) ആ രംഗത്തെ ശാന്തവും ഗംഭീരവുമായി കൈകാര്യം ചെയ്തു. അങ്ങനെയാണ് ഹുദൈബിയ സന്ധിയുണ്ടായത്. സന്ധി വ്യവസ്ഥയനുസരിച്ച് നബി(സ്വ)യും സ്വഹാബികളും യാത്ര അവസാനിപ്പിച്ച് മദീനയിലേക്ക് തിരിച്ചുപോന്നു.
മദീനയിലെത്തിയ ശേഷം നബി(സ്വ) പ്രബോധന വഴിയില്‍ ശ്രദ്ധേയമായ ചില കാര്യങ്ങളിലേര്‍പ്പെട്ടു. അയല്‍രാജ്യങ്ങളിലേക്ക് കത്തുമായി ദൂതന്മാരെ അയച്ചു. അനുഭാവ പൂര്‍വമായ പ്രതികരണങ്ങളുണ്ടായി. വ്യത്യസ്ത നാടുകളില്‍ നബി(സ്വ)യെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിന് ഇതു കാരണമായി. ഹിജ്റയില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്ന ദുര്‍ബലരായ പലരും മദീനയിലേക്ക് വരികയും അതിനെ തുടര്‍ന്നു ഇരുപക്ഷത്തുമുണ്ടായ ചില പ്രയാസങ്ങളുടെ പേരില്‍ ഇടക്ക് സന്ധി വ്യവസ്ഥയില്‍ ചില മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു. അതു സത്യവിശ്വാസികള്‍ക്ക് ഗുണകരവുമായിരുന്നു.
ഹുദൈബിയ സന്ധിയുടെ പശ്ചാത്തലത്തില്‍ സിദ്ധമായ അനുകൂല സാഹചര്യം ചില പ്രബോധന മുന്നേറ്റത്തിനു കൂടി കളമൊരുക്കി. മദീനക്കും മുസ്‌ലിംകള്‍ക്കും സ്വസ്ഥത നല്‍കാതിരിക്കാന്‍ കോപ്പുകൂട്ടുന്ന ഖൈബറിലെ ജൂതര്‍ക്ക് മുസ്‌ലിംകളുടെ ധീരതയും പ്രതാപവും ബോധ്യപ്പെടുത്തേണ്ടിവന്നു. ജൂതന്മാര്‍ ആദ്യം മുതലേ മദീനയില്‍ കുഴപ്പങ്ങളുണ്ടാക്കിയിട്ടും മുസ്‌ലിംകള്‍ സംയമനം പാലിക്കുകയായിരുന്നു. നിര്‍വാഹമില്ലാതെ വന്നപ്പോള്‍ ചിലര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുകയുണ്ടായി.
പരസ്പരമുള്ള സമാധാന ഉടമ്പടി ഏകപക്ഷീയമായി ലംഘിച്ചതിനാല്‍ ഹിജ്റ നാലാം വര്‍ഷം മദീനയില്‍ നിന്നും നാടുകടത്തപ്പെട്ടവരാണ് ബനൂനളീര്‍ എന്ന ജൂത കുടുംബം. അവര്‍ അന്നുമുതല്‍ മക്കയിലും പരിസരങ്ങളിലെ വിവിധ ഗോത്രങ്ങളിലും സഞ്ചരിച്ച് മദീനക്കെതിരെ ആക്രമണത്തിന് പ്രേരണ നല്‍കിക്കൊണ്ടിരുന്നു. ഖന്‍ദഖ് യുദ്ധത്തിന്റെ സാഹചര്യമൊരുങ്ങിയതുതന്നെ ഖൈബറില്‍ താമസിച്ചിരുന്ന ബനൂനളീര്‍കാരുടെ ശ്രമഫലമായാണ്. 20 അംഗ ജൂത നേതൃസംഘം ഖുറൈശികളെയും ഗത്ഫാന്‍ തുടങ്ങിയ ഗോത്രങ്ങളെയും യുദ്ധത്തിന് പ്രേരിപ്പിക്കുകയായിരുന്നു.
മദീനയുടെയും മുസ്‌ലിംകളുടെയും സ്വസ്ഥതക്കും സമാധാനത്തിനും ജൂതന്മാര്‍ ഇങ്ങനെ പലവിധത്തില്‍ ഭീഷണിയുയര്‍ത്തി. അതുപോലെ നജ്ദിലെ ചില ഗോത്രങ്ങളും മദീനക്കെതിരെ യുദ്ധക്കൊതിയുള്ളവരായിരുന്നു. പക്ഷേ, പ്രധാനമായും കടുത്ത ശത്രുത പുലര്‍ത്തിയിരുന്നതും യുദ്ധ സന്നാഹങ്ങള്‍ നടത്തിയിരുന്നതും മക്കക്കാരായതിനാല്‍ അവരുടെ ആക്രമണത്തെയാണ് ആദ്യ ഘട്ടത്തില്‍ പ്രതിരോധത്തിന് പരിഗണിച്ചിരുന്നത്. ഹുദൈബിയ സന്ധിയും അനുബന്ധ സംഭവങ്ങളും മക്കയുടെ ദുര്‍ബലാവസ്ഥ നന്നായി പ്രകടമാക്കിയിരുന്നു. ഈ അവസരത്തിലാണ് ഖൈബറിലേക്ക് നബി(സ്വ)യുടെ നേതൃത്വത്തില്‍ പടനീക്കം നടത്തുന്നത്.
പശ്ചാത്തലം
മദീനയില്‍ നിന്നും ശാമിലേക്കുള്ള വഴിയില്‍ 170 കി.മീറ്റര്‍ അകലത്തില്‍ സ്ഥിതി ചെയ്യുന്ന കോട്ടകളുടെയും കൃഷിയിടങ്ങളുടെയും നാടാണ് ഖൈബര്‍. നത്വാത്, ശിഖ്, കതീബത്, നാഇം, ഖമൂസ്, വത്വീഹ്, സുലാലിം തുടങ്ങിയ ധാരാളം കോട്ടകളില്‍ സുരക്ഷിതരായി കഴിയുകയായിരുന്നു ഖൈബറിലെ ജൂതര്‍. ഭക്ഷ്യവസ്തുക്കള്‍ കൊണ്ട് സമ്പൂഷ്ടമായിരുന്നു ഖൈബര്‍ പ്രദേശം. ഖൈബര്‍ എന്ന പദത്തിനു തന്നെ ജൂതഭാഷയില്‍ കോട്ട എന്നാണര്‍ത്ഥം. കോട്ടകളുടെ നാട് എന്ന് അര്‍ത്ഥമുള്ള ഖയാബിര്‍ എന്ന പദം ലോപിച്ചാണ് ഖൈബര്‍ എന്നു പ്രയോഗിക്കുന്നത്. സുരക്ഷിതവും ഭക്ഷ്യസമ്പന്നവുമായ ഇവിടത്തുകാര്‍ പരിസര നാടുകളില്‍ അന്നുണ്ടായിരുന്ന രാജാക്കന്മാരുമായി ചേര്‍ന്ന് മദീനക്കെതിരെ പടനീക്കം നടത്താനുള്ള സാധ്യത ഏറെയായിരുന്നു. ബനൂ നളീറുകാരടക്കമുള്ള യുദ്ധക്കൊതിയന്മാരും മദീനവിരോധികളും താവളമാക്കിയ സ്ഥലമെന്ന നിലയില്‍ ഇസ്‌ലാമിക രാഷ്ട്രത്തിന് നിതാന്ത ഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്നു. ചുരുക്കത്തില്‍ മുസ്‌ലിംകള്‍ക്കെതിരെ നിരന്തരം കുഴപ്പങ്ങളുണ്ടാക്കിക്കൊണ്ടിരുന്ന ഖൈബറിലെയും മറ്റും ജൂതന്മാരെ നിലക്കുനിര്‍ത്തല്‍ മുസ്‌ലിം രാഷ്ട്രത്തിന്റെ സുരക്ഷക്കനിവാര്യമായിത്തീര്‍ത്തു.
ഹിജ്റ ഏഴാം വര്‍ഷം മുഹറത്തിലായിരുന്നു ഖൈബര്‍ പടനീക്കം. ഹുദൈബിയ്യയില്‍ നബി(സ്വ)യോടൊപ്പം ധര്‍മസമരത്തിന് ഉടമ്പടി ചെയ്തവര്‍ മാത്രമാണ് ഖൈബറിലേക്ക് അനുമതി നല്‍കപ്പെട്ട സൈനികര്‍. മറ്റുള്ളവരെ തിരിച്ചയക്കുകയായിരുന്നു. മദീനയില്‍ സിബാഉബ്നു ഉര്‍ഫുത്വ(റ)നെ പ്രതിനിധിയായി നിശ്ചയിച്ചായിരുന്നു യാത്ര. അബൂഹുറൈറ(റ) ഈ സൈന്യത്തില്‍ അണിചേര്‍ന്നിരുന്നു. അദ്ദേഹം ഇസ്‌ലാം സ്വീകരിച്ച് മദീനയിലെത്തിയ ഉടനെ സിബാഅ് അദ്ദേഹത്തെ നബി(സ്വ)യുടെ അടുത്തേക്കയച്ചു. നബി(സ്വ) സ്വഹാബികളോട് ചര്‍ച്ചചെയ്തു അദ്ദേഹത്തെ സൈന്യത്തില്‍ അംഗമാക്കി.
മുനാഫിഖിന്റെ വിഫലശ്രമം
മദീനയില്‍ നിന്നും നബി(സ്വ)യും സംഘവും പുറപ്പെട്ട വിവരം ഖൈബറിലെത്തി. മദീനയിലെ മുനാഫിഖ് നേതാവായ അബ്ദുല്ലാഹിബ്നു ഉബയ്യാണ് ആ വിവരം ചോര്‍ത്തിയത്. മുഹമ്മദും സംഘവും നിങ്ങളുടെ നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണം. എന്നാല്‍ നിങ്ങള്‍ ഭയപ്പെടേണ്ടതില്ല. നിങ്ങളുടെ സൈന്യവും സജ്ജീകരണവും വലുതാണ്. മുഹമ്മദും സംഘവും വളരെ കുറച്ചുപേരെയുള്ളൂ. ഇതായിരുന്നു സന്ദേശം. അതോടെ ജൂതന്മാര്‍ സജ്ജീകരണമാരംഭിച്ചു. അവര്‍ ഗ്വത്ഫാന്‍ ഗോത്രക്കാരോട് സഹായാഭ്യര്‍ത്ഥന നടത്തി. മുസ്‌ലിംകള്‍ക്കെതിരെ കടുത്ത പകയും വിദ്വേഷവുമായി കഴിയുന്നവരും പലപ്പോഴും കരുനീക്കങ്ങള്‍ നടത്തിയവരുമായിരുന്നു ഗ്വത്ഫാന്‍കാര്‍. മുസ്‌ലിംകളെ പരാജയപ്പെടുത്തിയാല്‍ ഖൈബറിലെ പഴങ്ങളില്‍ നിന്നും ഭക്ഷ്യവിഭവങ്ങളില്‍ നിന്നും പകുതി നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. അതോടെ അവര്‍ സഹകാരികളായി. ഖൈബറില്‍ പ്രതീക്ഷയുടെയും ആശങ്കയുടെയും സമ്മിശ്ര വികാരങ്ങളുമായി ജൂതര്‍ ദിവസങ്ങളെണ്ണിക്കഴിഞ്ഞു. സുരക്ഷിതമായ കോട്ടകളിലാണെന്നതും സ്വന്തംനാട്ടിലാണെന്നതും തങ്ങള്‍ക്കനുകൂലമാണെന്നവര്‍ കരുതി. പുറമെ ഗ്വത്ഫാന്‍കാരുടെ പിന്തുണയും മദീനയിലെ മുനാഫിഖുകളുടെ സഹകരണവും പ്രതീക്ഷക്ക് കരുത്തുപകര്‍ന്നു.
നബി(സ്വ)യും സംഘവും ഖൈബറിനോടടുത്ത് തമ്പടിക്കാന്‍ തീരുമാനിച്ചു. ആ സ്ഥലം അത്ര സുരക്ഷിതമല്ലെന്ന് ഹുബാബ്(റ) പറഞ്ഞു. അദ്ദേഹം ഓര്‍മിപ്പിച്ചു: ഇത് നത്വാത് കോട്ടയുടെ അടുത്താണ്. അതിനകത്താണ് ജൂതസൈന്യം ഒരുമിച്ചു കൂടിയിരിക്കുന്നത്. നാമിവിടെ തമ്പടിച്ചാല്‍ അവര്‍ക്ക് കോട്ടക്കകത്തുനിന്ന് നമ്മെ കാണാനും നിരീക്ഷിക്കാനും കൂടുതല്‍ സൗകര്യമാവും. നമുക്കാവട്ടെ അവരെ കാണാന്‍ സാധിക്കുകയുമില്ല. അതിനാല്‍ സ്ഥലം മാറുന്നതായിരിക്കും ഗുണകരം.” അതു സ്വീകരിച്ച് റസൂല്‍(സ്വ) അവിടെനിന്നും മാറി തമ്പടിച്ചു.
പോര്‍മുഖത്തോടടുത്ത സമയം പതാകവാഹകരെ നിശ്ചയിക്കുകയും മുന്നണി ക്രമീകരിക്കുകയും ചെയ്യേണ്ടതുണ്ട്. എല്ലാം വേഗത്തിലാക്കി. രാത്രി അവിടുന്നു പറഞ്ഞു: “അല്ലാഹുവിനെയും റസൂലിനെയും സ്നേഹിക്കുന്ന, അല്ലാഹു സ്നേഹിക്കുന്ന ഒരാളുടെ കൈയില്‍ ഞാന്‍ പതാക നല്‍കും. അദ്ദേഹം മുഖേന ഖൈബര്‍ വിജയം വരിക്കും.”
നേരം പുലര്‍ന്നപ്പോള്‍, നബി(സ്വ) ഉദ്ദേശിച്ച വ്യക്തി ഞാനായിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ സ്വഹാബികള്‍ നബി(സ്വ)യുടെ അടുത്തുകൂടി. അവിടുന്ന് ചോദിച്ചു: അലി എവിടെ?
അവര്‍ പറഞ്ഞു: “നബിയേ, അലിക്ക് കണ്ണിന് സുഖമില്ല.”
അപ്പോള്‍ നബി(സ്വ) പറഞ്ഞു: “അലിയെ എന്റെ അടുത്തേക്കയക്കൂ.”
അലി(റ) വന്നു. കണ്ണിനു തീരെ വയ്യ. ചുവന്നു തുടുത്തിരിക്കുന്നു. പോരെങ്കില്‍ നല്ല വേദനയും എന്നാല്‍ നബി(സ്വ)യുടെ ഉമിനീര് കണ്ണില്‍ പുരട്ടിയപ്പോള്‍ രോഗം പെട്ടെന്ന് സുഖമായി. പതാക അദ്ദേഹം ഏറ്റുവാങ്ങി. അലി(റ) അപ്പോള്‍ ആവേശത്തോടെ ഇങ്ങനെ ചോദിച്ചു: “അവര്‍ നമ്മെപ്പോലെയാകും വരെ ഞാനവരോട് യുദ്ധം ചെയ്യണമോ? നബി(സ്വ) പറഞ്ഞു: “നീ മുന്നേറി അവരുടെ നിലങ്ങളിലെത്തുക. എന്നിട്ട് അവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുക. അവര്‍ക്ക് അല്ലാഹുവിന്റെ വിഷയത്തില്‍ ബാധ്യതപ്പെട്ടത് അറിയിച്ചു കൊടുക്കുക. അല്ലാഹു സത്യം, നിന്നെക്കൊണ്ട് ഒരാള്‍ ഹിദായത്തിലാവുന്നത് മുന്തിയ ഇനം ഒട്ടകപ്പറ്റങ്ങള്‍ നിനക്കുണ്ടാവുന്നതിനേക്കാള്‍ ഉത്തമമാണ്.”
സുബ്ഹി സമയം. ഖൈബറിന്റെ ഹൃദയത്തിലേക്ക് നബി(സ്വ)യും സംഘവും പ്രവേശിക്കുകയാണ്. പ്രവാചകര്‍ അവര്‍ക്ക് ഒരു പ്രാര്‍ത്ഥനാ വചനം ചൊല്ലിക്കൊടുത്തു. ശേഷം “ഉദ്ഖുലൂഹാ ബി ബറകത്തില്ലാഹി” എന്നു പറഞ്ഞു. ഖൈബറില്‍ പ്രവേശിക്കുമ്പോള്‍ സ്വഹാബികള്‍ ഉച്ചത്തില്‍ തക്ബീര്‍ ചൊല്ലിക്കൊണ്ടിരുന്നു. നബി(സ്വ) അവരോട് പതുക്കെ ചൊല്ലാന്‍ പറഞ്ഞു.
നേരം പുലര്‍ന്നു. സൂര്യനുദിച്ച ശേഷമാണ് അന്ന് ഖൈബറുകാര്‍ ആലസ്യത്തോടെ ഉണര്‍ന്നത്. അവരെ സംബന്ധിച്ചിടത്തോളം ആയിരത്തി അഞ്ഞൂറില്‍ താഴെ മാത്രം അംഗസംഖ്യയുള്ള മുസ്‌ലിം സൈന്യം പ്രതിയോഗികളേയല്ലെന്ന മട്ടായിരുന്നു. നേരം പുലര്‍ന്നപ്പോള്‍ അവരിലെ തൊഴിലാളികള്‍ തോട്ടത്തിലേക്കും കൃഷിയിടങ്ങളിലേക്കും പുറപ്പെട്ടു. അപ്പോള്‍ മാത്രമാണ് മുസ്‌ലിം സൈന്യം തങ്ങളെ വളഞ്ഞത് അവര്‍ കാണുന്നത്. അവര്‍ ഓടി കോട്ടക്കകത്തു കയറി. ഇതുകണ്ട് റസൂല്‍(സ്വ) പറഞ്ഞു: അല്ലാഹു അക്ബര്‍, ഖൈബര്‍ തരിപ്പണമായി.
അവരുടെ കൈയില്‍ കണ്ട മഴുവും പിക്കാസും ലക്ഷണമാക്കിയാണവിടുന്ന് അങ്ങനെ പറഞ്ഞതെന്നു വ്യാഖ്യാനമുണ്ട്. യഥാര്‍ത്ഥത്തില്‍ അത് റസൂല്‍(സ്വ)ക്ക് ലഭിച്ച വഹ്യിന്റെ അടിസ്ഥാനത്തില്‍ തന്നെയായിരുന്നു.
(തുടരും)
മുശ്താഖ് അഹ്മദ്