പ്രമാണങ്ങൾ എത്രമാത്രം മാരകമായി ദുരുപയോഗം ചെയ്യാമെന്നും അങ്ങനെയുള്ള തീക്കളികൾ സമൂഹത്തെ എങ്ങനെയൊക്കെ ബാധിക്കുമെന്നതിനും വ്യക്തമായ ദൃഷ്ടാന്തമാണ്, കഴിഞ്ഞ വാരങ്ങളിൽ കേരളത്തിൽ, പ്രത്യേകിച്ച് സമൂഹ മാധ്യമങ്ങളിൽ അരങ്ങേറിയ ഗസ്‌വതുൽ ഹിന്ദ് ആന്ദോളനങ്ങൾ. വ്യത്യസ്ത കാരണങ്ങളാൽ സമനില തെറ്റിയ ഒരവസ്ഥയിലാണ് കേരളത്തിലെ ക്രൈസ്തവരിൽ ചിലർ. ഇസ്‌ലാമിനെയും അതിന്റെ പ്രമാണങ്ങളെയും സാധ്യമായതിനപ്പുറം വക്രീകരിച്ച്, വെട്ടിമാറ്റിയും അടർത്തിയെടുത്തും തെറ്റിദ്ധരിപ്പിച്ചും അവർ കലിതുള്ളിക്കൊണ്ടിരിക്കുന്നു. സാമൂഹിക കലാപങ്ങൾ ലക്ഷ്യംവെച്ച് പരസ്യമായി പ്രശ്‌നങ്ങളുണ്ടാക്കുകയും ലഹരി ബാധിച്ച അങ്ങാടി ചട്ടമ്പികൾക്കു തുല്യം ആക്രോശിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. സ്‌കൂൾ മലയാളം പാഠാവലിയിലെ കഥപോലെ മുട്ടനെ ഇടിച്ചിടാൻ കുട്ടനായി പൊങ്ങിനിൽക്കുകയാണ് ക്രിസംഘികൾ എന്ന് പൊതുജനം വിളിക്കുന്ന കുറേ ഭീകരന്മാർ. മുസ്‌ലിം സമൂഹം ഇതിൽ പതഞ്ഞുപൊങ്ങി മുട്ടനാവുന്നതോടെ ഒളിച്ചിരുന്നു കലാപാഗ്‌നിയിൽ വിളവെടുപ്പുനടത്താൻ മറ്റു പലരും വാപിളർത്തി നിൽക്കുകയും ചെയ്യുന്ന സാമൂഹ്യ പരിതസ്ഥിതിയിൽ, ക്രൈസ്തവരും ഹൈന്ദവരുമായ മഹാഭൂരിപക്ഷവും അവധാനതാപൂർവം കാര്യം മനസ്സിലാക്കുന്നുവെന്നതിലാണ് സമാധാന സ്‌നേഹികളുടെ പ്രതീക്ഷ; ഇന്ത്യയുടെ സുഭഗമായ ഭാവിയും.

ഗസ്‌വതുൽ ഹിന്ദ്

ഇന്ത്യയെ അക്രമിക്കുന്നവർക്ക് മുഹമ്മദ് നബി(സ്വ) വലിയ പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നുവെന്നും അതുകൊണ്ട് ഓരോ മുസ്‌ലിമും ഇന്ത്യാവിരുദ്ധരും ദേശദ്രോഹികളുമാണെന്നും ഇന്ത്യയോടുള്ള എതിർപ്പ് മുസ്‌ലിംകളുടെ വിശ്വാസത്തിന്റെ ഭാഗമാണെന്നും പലരീതിയിൽ പ്രചരിപ്പിക്കുകയാണ് ക്രൈസ്തവ വിശ്വാസ സംരക്ഷണം അവകാശപ്പെടുന്ന ചിലർ ചെയ്തത്. ദേശീയതയുടെ മൊത്തവ്യാപാരികളും മതവിരുദ്ധരും ഇതിന് കട്ട സപ്പോർട്ട് കൊടുത്തപ്പോൾ സംഗതി ഏറെ ഫ്രീക്വൻസിയോടെ തകർത്തോടി. വിദേശത്തൊരിടത്ത് ഒളിച്ചിരുന്ന് കലാപനിർമാണം പ്രധാന തൊഴിലായി സ്വീകരിച്ച സെബാസ്റ്റ്യൻ പുന്നക്കലെന്ന വർഗീയവാദിയാണിതിന് തുടക്കമിട്ടത്. ക്ലബ്ബ് ഹൗസിലും മറ്റുമായി മറ്റു ചിലർ ഇതേറ്റെടുത്തു. നാട് മലിനമാകാൻ ഇതിനപ്പുറം എന്തുവേണം? ഗസ്‌വത് ഹിന്ദിനെക്കുറിച്ച് പരാമർശിക്കുന്ന, ഇവർ വിവാദമാക്കാൻ ശ്രമിക്കുന്ന നബിവചനങ്ങൾ നമുക്ക് പരിശോധിക്കാം.

ഒന്ന്:

عن ثوبان مولى رسول الله صلى الله عليه وسلم قال: قال رسول الله صلى الله عليه وسلم: (عصابتان من أمتي أحرزهما الله من النار،عصابة تغزوا الهند، وعصابة تكون مع عيسى ابن مريم عليهما السلام) العصابة: الجماعة.أحرزهما: وقاهما.

എന്റെ സമുദായത്തിലെ രണ്ടു വിഭാഗങ്ങളെ അല്ലാഹു നരകത്തിൽനിന്നും സംരക്ഷിക്കും. ഹിന്ദിനോട് യുദ്ധം ചെയ്യുന്ന സംഘത്തെയും ഈസാ(അ)ന്റെ കൂടെയുള്ളവരെയും.

രണ്ട്: عن أبي هريرة رضي الله عنه قال: (وعدنا رسول الله صلى الله عليه وسلم غزوة الهند، فإن استشهدت كنت من خير الشهداء، وإن رجعت فأنا أبو هريرة المحرر)

അബൂഹുറൈറ(റ) പറഞ്ഞു: ഹിന്ദുമായുള്ള യുദ്ധം റസൂൽ(സ്വ) വാഗ്ദാനം ചെയ്തു. എനിക്ക് അതിൽ രക്തസാക്ഷിയാവാൻ കഴിഞ്ഞാൽ ഞാൻ രക്തസാക്ഷികളിൽ ശ്രേഷ്ഠരിൽ ഉൾപെട്ടു. അല്ലെങ്കിൽ ഞാൻ സ്വതന്ത്രനായ അബൂഹുറൈറയാകുന്നു.
രണ്ടാമതായി നൽകിയ വചനം നാല് മാർഗേണ ഉദ്ധരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയെല്ലാം ഹദീസ് നിദാനശാസ്ത്ര പ്രകാരം ദുർബല(ളഈഫ്)ങ്ങളാണ് (തഹ്ദീബുത്തഹ്ദീബ് 2/59, 1/427 11/17 കാണുക). പ്രസ്തുത വചനം അസ്വീകാര്യവും പ്രവാചകർ(സ്വ) പറഞ്ഞുവെന്ന് ഉറപ്പിക്കാനാവാത്തതുമാണെന്ന് സാരം.
ഇമാം നസാഇ(റ- 3175) അഹ്‌മദ്(റ- മുസ്‌നദ് 37/81), ത്വബ്‌റാനി(റ) എന്നിവർ ഉദ്ധരിച്ച സൗബാൻ(റ) നിവേദനം ചെയ്യുന്ന ഒന്നാമത് ചേർത്ത വചനത്തെക്കുറിച്ച് ഇത് സ്വഹീഹ് (സ്വീകാര്യം) ആണെന്ന് പണ്ഡിതർ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ, ഈ വചനത്തെക്കുറിച്ച് നമുക്ക് ചർച്ച ചെയ്യാം.

ഹിന്ദ്, ഇന്ത്യ?

ഹിന്ദിനോടു യുദ്ധം ചെയ്യുന്ന ഒരു സംഘം എന്നാണ് ഹദീസിലുള്ളത്. ഹദീസിന്റെ ആശയം ഗ്രഹിക്കാൻ പ്രഥമമായി പരിശോധിക്കേണ്ടത് സ്വാഭാവികമായും ഇതിൽ പ്രയോഗിച്ച ഹിന്ദ് ഏതു രാജ്യമാണെന്നാണ്. എന്തായാലും 1947നു സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം രാഷ്ട്രനേതാക്കൾ രൂപീകരിച്ച ആധുനിക ഇന്ത്യ 1450 വർഷം മുമ്പ് നബി(സ്വ)യുടെ കാലത്ത് നിലവിലുണ്ടായിരുന്നില്ലെന്നത് ഉറപ്പാണ്. പല നാട്ടുരാജാക്കന്മാർ ഭരണം നടത്തിയിരുന്ന ശ്ലഥദേശസമൂഹമായിരുന്നു ഇവിടെയും മറ്റിടങ്ങളിലുമൊക്കെ നിലവിലുണ്ടായിരുന്നത്. ഏറെക്കുറെ നമ്മുടെ നാടിന് ഏകരൂപം വന്നതുതന്നെയും മുഗളരുടെ ഭരണകാലത്താണ്. ഹിന്ദ് ഇന്ത്യയല്ലെങ്കിൽ പിന്നെ ഏതാണ്? മൂന്ന് സാധ്യതകളാണ് ഇതിനു മറുപടിയായി പരിഗണിക്കാനാവുന്നത്.
ഒന്ന്: ഉസ്‌ബെകിസ്താൻ, കിർഗിസ്താൻ, കസാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്ന മധ്യേഷ്യൻ പ്രദേശം. ഇബ്‌നു അബ്ബാസ്(റ) ഉദ്ധരിക്കുന്ന ഒരു വചനമിങ്ങനെ: സ്വർഗത്തിൽ നിന്ന് അഞ്ച് നദികളെ അല്ലാഹു ഇറക്കിയിട്ടുണ്ട്. സയ്ഹൂൻ എന്ന ഹിന്ദുകാരുടെ നദി, ജയ്ഹൂൻ എന്ന ബൽഖുകാരുടെ നദി, ഇറാഖുകാരുടെ യൂഫ്രട്ടീസും ടൈഗ്രീസും പിന്നെ മിസ്വ്‌റുകാരുടെ നൈലും. ത്വബ്‌റാനി(റ), സുയൂഥി(റ) പോലുള്ളവർ ഈ വാക്യം ഉദ്ധരിച്ചിട്ടുണ്ട്. ഒരുവിധി രൂപീകരിക്കാൻ തക്ക ശക്തമായ ഒരു പ്രമാണമൊന്നുമല്ല ഇതെങ്കിലും ചരിത്രപരമായി ഹിന്ദ് എന്ന പ്രയോഗം ഇതിലുണ്ട്. അങ്ങനെയൊന്ന് പൗരാണികമായി നിലനിന്നിരുന്നുവെന്നതിന് ഇത് സാക്ഷിയുമാണ്. ഹിന്ദുകാരുടെ നദിയായി ഉദ്ധൃതവാക്യം പരിചയപ്പെടുത്തിയ മധ്യേഷ്യയിലെ ഏറ്റവും വലിയ നദിയായ (2700 കി.മി) സയ്ഹൂൻ (ഉസ്‌ബെക് ഭാഷയിൽ Sirdaryo) ഉസ്‌ബെകിസ്ഥാന്റെ തലസ്ഥാനമായ താഷ്‌കന്റിലാണ് അവസാനിക്കുന്നത്. ഈ നദി ഒഴുകുന്ന മുമ്പ് സൂചിപ്പിച്ച രാഷ്ട്രങ്ങളെ ഇബ്‌നു അബ്ബാസ്(റ)ൽ നിന്ന് ഉദ്ധരിക്കുന്ന വചനത്തിൽ ഹിന്ദ് എന്നാണ് പ്രയോഗിച്ചിട്ടുള്ളത്.
രണ്ട്: ഇന്നത്തെ പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, ഇന്ത്യ, ചൈനയുടെയും അഫ്ഗാനിസ്ഥാന്റെയും ചില ഭാഗങ്ങൾ എന്നിവ ഉൾകൊള്ളുന്ന വിശാലമായ പ്രദേശം. ആദം നബി(അ), സ്വർഗത്തിൽ നിന്ന് ഹിന്ദിലാണ് ഇറങ്ങിയത്, മഹാൻ ഹിന്ദിൽ നിന്ന് കാൽനടയായി പലതവണ ഹജ്ജിനു പോയി തുടങ്ങിയ നബിവചനങ്ങളിൽ പരാമർശിക്കപ്പെടുന്ന ഹിന്ദ് ഈ പ്രദേശമാണ്. ഇന്നത്തെ ശ്രീലങ്കയിലാണ് ആദ്യപിതാവ് ഇറങ്ങിയതെന്നത് ചരിത്ര യാഥാർഥ്യമായിരിക്കെ ആ സ്ഥലത്തെക്കുറിച്ച് ഹിന്ദ് എന്നു പ്രയോഗിക്കുമ്പോൾ ഇങ്ങനെ മനസ്സിലാക്കാനേ തരമുള്ളൂ. 1947ലെ വിഭജനത്തിന് മുമ്പ് പാകിസ്ഥാനും ബംഗ്ലാദേശും ഇന്ത്യയുടെ ഭാഗമായിരുന്നുവെന്നതിൽ ആർക്കും തർക്കമുണ്ടാവുകയില്ല.
മൂന്ന്: ഇന്നത്തെ ഇറാഖിന്റെ ഭാഗമായ ബസ്വറ പ്രദേശം. അൽഹിന്ദ് എന്ന ഏറെ പ്രയോഗങ്ങളും ഈ അർഥത്തിലാണ് ഉപയോഗിച്ചു കാണുന്നത്. ഖാലിദ്(റ) പറയുന്നതിങ്ങനെ: ഉമർ(റ) ഹിന്ദിലേക്ക് പോവാൻ എനിക്കെഴുതി. അന്ന് ഞങ്ങൾ ഹിന്ദ് കൊണ്ട് ഉദ്ദേശിച്ചിരുന്നത് ബസ്വറയായിരുന്നു (ത്വബ്‌റാനി; മുഅ്ജം 8/227, അൽ ഹൈസമി-റ; മജ്മഉസ്സവാഇദ് 7/310, ത്വബ്‌റാനി 4/116, അഹ്‌മദ്-റ; മുസ്‌നദ് 16860).
നബി(സ്വ)യുടെയും ഖലീഫമാരുടെയും കാലത്ത് അൽഹിന്ദ് ഇറാഖിലെ ബസ്വറയായിരുന്നുവെന്നതിന് വിവിധ തലങ്ങളിലുള്ള ധാരാളം പ്രമാണങ്ങളുണ്ട്. വിസ്താര ഭയം നിയന്ത്രിക്കുന്നതിനാൽ ചിലത് മാത്രം ചേർക്കാം: പൂർവികരായ മഹാന്മാർ ബസ്വറക്ക് ഹിന്ദ് എന്നായിരുന്നു പേരു വെച്ചിരുന്നത്. ഹിന്ദെന്നാൽ ഉറപ്പായും അവരുടെ മനസ്സിൽ ബസ്വറയായിരുന്നു. ഹിന്ദ് പരാമർശിക്കുന്ന എല്ലാ ഹദീസുകളും ഇങ്ങനെയാണ് ഉൾകൊള്ളേണ്ടത് (അൽഇറഖ് ഫിൽ അഹാദീസി വആസാറിൽ ഫിതൻ 1: 360). ഹിജ്‌റ പതിനാറിലോ പതിനേഴിലോ അതബതുബ്‌നുൽ ഗസ്‌വാൻ ഖലീഫയുടെ നിർദേശ പ്രകാരം ബസ്വറയിലെത്തി. അന്ന് അർളുൽ ഹിന്ദ് എന്നായിരുന്നു ബസ്വറയെ വിളിച്ചിരുന്നത് (താരീഖു ത്വബ്‌രി 3/596).
മുഹമ്മദ് നബിയുടെ കാലത്ത് ബസ്വറയെ അർളുൽ ഹിന്ദ് എന്നാണ് വിളിച്ചിരുന്നത് (The indian encyclopedia). 30ഓളം ചരിത്ര പണ്ഡിതർ രേഖപ്പെടുത്തിയ വസ്തുതയാണിത്.
ഇത്രയും വിശദീകരിച്ചതിന്റെ ആകെ സാരം ഇതാണ്. മൂന്ന് പ്രദേശങ്ങളെക്കുറിച്ച് ഹദീസുകളിൽ അൽഹിന്ദ് എന്ന പ്രയോഗം കാണാം. അതിൽ പ്രബലമായതും ഹദീസുകളിലെ ഹിന്ദിന്റെ താൽപര്യമെന്ന് പണ്ഡിതർ വിശദീകരിച്ചതും അത് ഇറാഖിലെ ബസ്വറയാണെന്നാണ്. അതേതായാലും സ്വാതന്ത്ര്യാനന്തരം രൂപപ്പെട്ട ആധുനിക ഇന്ത്യയുമായി അതിന് ബന്ധമില്ല. പിന്നെ ഏതു പ്രമാണത്തിന്റെ, എന്തു ന്യായത്തിന്റെ അടിസ്ഥാനത്തിലാണ് സെബാസ്റ്റ്യൻ പുന്നക്കലിനെപ്പോലുള്ള കലാപകാംക്ഷികൾ യുദ്ധം പരാമർശിക്കുന്ന ഹദീസിന്റെ പൊരുൾ നാം അധിവസിക്കുന്ന ഈ സ്വതന്ത്ര ഭാരതത്തിലേക്ക് കെട്ടിവലിച്ച് എഴുന്നെള്ളിക്കുന്നത്? അതിന് ചരിത്രപരമോ പ്രമാണികമോ ആയ വല്ല തെളിവും ഈ ക്രിസംഘികൾക്ക് അവതരിപ്പിക്കാനാവുമോ?

ഗസ്‌വതേ ഹിന്ദിന്റെ
പ്രകോപന സാധ്യതകൾ

ഗസ്‌വത് ഹിന്ദുമായി ബന്ധപ്പെട്ട് വന്ന നിവേദനങ്ങളിൽ സ്വഹീഹായത് സൗബാൻ(റ)വിൽ നിന്ന് ഇമാം നസാഈ(റ) ഉദ്ധരിച്ചതാണെന്ന് മുമ്പ് പറഞ്ഞല്ലോ.
عصابة എന്നതിന്റെ ദ്വിവചന രൂപമായ عصابتان എന്നാണ് പ്രസ്തുത വചനത്തിലുള്ളത്. നാൽപതോളം അംഗങ്ങളുള്ള ചെറു സംഘമെന്നാണ് ഇതിന്റെ അടിസ്ഥാന അർഥം. അവർക്ക് ഒരു രാഷ്ട്രത്തെ അക്രമിച്ചു കീഴടക്കാനാവില്ലതന്നെ. പുറമെ തീരെ വിജയ പ്രതീക്ഷയില്ലാത്ത ഒരു വിഭാഗത്തിന് യുദ്ധത്തിനിറങ്ങാൻ മതം സമ്മതം നൽകുന്നുമില്ല. നസാഈയുടെ ചില വ്യഖ്യാതാക്കൾ പറഞ്ഞതുപോലെ ഭാഷാപരമായ ഈ ആശയമല്ല, ഒരു വലിയ സംഘമാണ് താൽപര്യമെന്നു തന്നെ വെക്കാം. എന്നാലും നരകമോചനമെന്ന റിവാർഡ് രണ്ടു സംഘങ്ങളിൽ പരിമിതമാണ്. ഒന്ന് ഹിന്ദിനെ ആക്രമിക്കുന്നവർ. രണ്ട് ഈസാ നബി(അ)നൊപ്പമുള്ളവർ. ഇതിനപ്പുറം, ഇത് മൂന്നാമതൊരാൾക്ക് അവകാശപ്പെട്ടതോ ഒരു തുടർശൃംഖലയിൽ വ്യാപിച്ചുകിടക്കുന്നതോ അല്ലേയല്ല. അതായത്, ഒരു വിഭാഗം ഇത് നടത്തുന്നതോടെ ഹദീസിൽ പറഞ്ഞ പ്രതിഫല വാഗ്ദാനം അവർക്ക് ലഭിക്കുകയും മറ്റുള്ളവർ ബഹിഷ്‌കൃതരാവുകയും ചെയ്യുന്നു. ഈ ആമുഖത്തോടെ ഹദീസ് പ്രവചനത്തിന്റെ നിവൃത്തിയെക്കുറിച്ച് ചിലത് വിലയിരുത്താം.
നബി(സ്വ) സൂചിപ്പിച്ച ഈ വിശുദ്ധ യുദ്ധം സംഭവിച്ചുവോ? അതേയെന്നാണ് മഹാഭൂരിപക്ഷം പണ്ഡിതരും പറയുന്നത്. അതിന്റെ സന്ദർഭത്തെയും നായകരെയും കുറിച്ച് അഭിപ്രായ ഭേദങ്ങളുണ്ടെങ്കിലും അത് സംഭവിച്ചുവെന്ന് വരുന്നതോടെ പ്രവചനം നിവൃത്തിയാവുന്നു. ഇനി അങ്ങനെയൊന്ന് സെബാസ്റ്റ്യൻ ഛർദിക്കുന്നതുപോലെ മുസ്‌ലിംകളുടെ വിശ്വാസത്തിന്റെ ഭാഗമല്ലെന്നു മാത്രമല്ല; അത് നടക്കാനുള്ള സാധ്യതയുമില്ല. പൊതു സ്വീകാര്യമായ ഈ അഭിപ്രായ പ്രകാരം ചർച്ച ചെയ്യുന്ന ഹദീസ് ഉയർത്തിക്കാട്ടി ഭീതി സൃഷ്ടിക്കുന്നതും മുസ്‌ലിംകളെ പാർശ്വവത്കരിക്കുന്നതും കൊടിയ വഞ്ചനയാണ്. രണ്ടാം ഖലീഫയുടെ കാലത്ത് ബസ്വറ(അൽഹിന്ദ്)യിലുണ്ടായ യുദ്ധവിജയമാണിതെന്നാണ് പ്രബലാഭിപ്രായം (നിരവധി പ്രമാണങ്ങൾ ഇതിനുണ്ട്). എങ്കിൽ മുസ്‌ലിംകൾ യുദ്ധത്തിന് വരുന്നെന്നും പറഞ്ഞ് ഛിദ്രത വളർത്തുന്നത് അതിക്രമം തന്നെയാണ്.
മറ്റൊരു വീക്ഷണം അന്ത്യനാളിനനുബന്ധമായി അൽഹിന്ദിൽ ഒരു യുദ്ധമുണ്ടാവുമെന്നാണ്. ഹിന്ദ് ഏതാണെന്ന് ഇവിടെയും ഉറപ്പിക്കാനാവില്ലെന്ന വസ്തുത വായനക്കാർ മറക്കാതിരിക്കുക. അന്ത്യകാലമാകുമ്പോഴേക്ക് ലോകത്താകെ ഭീകരമായ കുഴപ്പങ്ങൾ അരങ്ങേറുമെന്ന് ഇസ്‌ലാമിനു പുറമെ ക്രൈസ്തവ-ഹൈന്ദവ ദർശനങ്ങളൊക്കെ പഠിപ്പിക്കുന്നതാണ്. അന്തിക്രിസ്തു(ദജ്ജാൽ)വിനെ തകർക്കാൻ യേശു പുന:രവതരിക്കുമെന്നതും വിശ്വമാകെ നിറയുന്ന അധർമത്തിനു ഗ്ലാനിവരുത്താൻ കൽകി അവതരിക്കുമെന്നതും ഈ വിശ്വാസത്തിന്റെ ഭാഗമാണ്. ഇസ്‌ലാമിക പാരമ്പര്യത്തിലും ഇതിനോടു യോജിക്കുന്ന വിശ്വാസം തന്നെയാണുള്ളത്. അന്ന് ഇന്ത്യയിലെന്നല്ല, ലോകത്താകെ യുദ്ധവും സംഘർഷവും നടക്കുമെങ്കിൽ, അവിടവിടങ്ങളിലെ ദജ്ജാലുമാരെ അമർച്ച ചെയ്യാൻ ഭക്തർ സംഘടിച്ചു ധർമസമരം നടത്തുമെങ്കിൽ, അത്തരം അന്ധകാര നിബിഢമായ ഹിന്ദിലും ശക്തമായ ഒരു ധർമമുന്നേറ്റം പ്രതീക്ഷിക്കാമല്ലോ. അത് സത്യത്തിനു വേണ്ടിയുള്ള, ധർമം സ്ഥാപിക്കാനായുള്ള പോരാട്ടമാകയാൽ അത് അംഗീകരിക്കുകയാണ് കരണീയം. ഹിന്ദിനോടുള്ള യുദ്ധം ജയിച്ച നരകമോചിതരായ സംഘം ശാമിൽ വെച്ച് ഈസാ(അ)നെ കണ്ടുമുട്ടുമെന്ന് ഒരു ഹദീസിൽ (ദുർബലമാണെങ്കിലും) വന്നത് മേൽ വിശദീകരണത്തിന് ഉപോൽബലകമാണ്. എങ്ങനെ നോക്കിയാലും, ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ഭത്സിക്കാൻ ഈ വചനം ഉപയോഗപ്പെടുത്താനാവില്ലെന്ന് കട്ടായം! അല്ലെങ്കിലും ഇന്ന് ദേശക്കൂറും രാജ്യസ്‌നേഹവുമൊക്കെ മൊത്തവ്യാപാരം നടത്തുന്നവരും അവരുടെ മുത്തച്ഛന്മാരും ബ്രിട്ടീഷുകാരുടെ ഷൂ നക്കി വിധേയത്വം കാണിച്ചുകൊണ്ടിരിക്കുമ്പോൾ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പതിനായിരക്കണക്കിന് അംഗങ്ങളെ ബലിനൽകിയ മുസ്‌ലിം സമൂഹത്തിന്, അവരുടെ ജന്മനാടിനെ സ്‌നേഹിക്കാൻ ഒരാളുടെയും ഔദാര്യം ആവശ്യമേയില്ല. ഇസ്‌ലാമിക ഗ്രന്ഥങ്ങൾ വക്രീകരിച്ച് കലാപം സ്വപ്‌നം കാണുന്ന ക്രിസംഘികൾക്ക് ഒരു ബൈബിൾ വാക്യം സമർപ്പിച്ച് അവസാനിപ്പിക്കാം. അതെങ്കിലും അവർക്ക് സ്വീകാര്യമാകുമോ എന്ന് കാത്തിരുന്ന് കാണാം. യഹോവ പറയുന്നു: വ്യാജ വാർത്ത പ്രചരിപ്പിക്കരുത്; കള്ളസാക്ഷ്യം നൽകി കുറ്റക്കാരനു കൂട്ടുനിൽക്കരുത്. ഭൂരിപക്ഷത്തോടു ചേർന്നു തിന്മ ചെയ്യരുത്. ഭൂരിപക്ഷത്തോടു ചേർന്ന് നീതിക്കെതിരായി കോടതിയിൽ സാക്ഷ്യം നിൽക്കരുത്. തെറ്റായ കുറ്റാരോപണങ്ങളിൽ നിന്നു വിട്ടുനിൽക്കുക… (പുറപ്പാട് 23/ 1, 2, 7).

ഇബ്‌റാഹീം സഖാഫി പുഴക്കാട്ടിരി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ