അബ്ദുല്ലാഹിബ്‌നു അംറ്(റ) നിവേദനം: പള്ളിയിൽ രണ്ട് സദസ്സുകളിൽ ആളുകൾ ഒരുമിച്ചിരിക്കുന്നത് തിരുനബി(സ്വ) കാണുകയുണ്ടായി. അപ്പോൾ അവിടന്ന് പറഞ്ഞു. രണ്ട് സദസ്സുകളും നല്ല കാര്യത്തിൽ തന്നെയാണ്. എന്നാൽ ഒന്ന് മറ്റേതിനേക്കാൾ ശ്രേഷ്ഠമാണ്. ഒരു വിഭാഗം അല്ലാഹുവിനോട് ദുആ നടത്തുകയും അവനിലേക്ക് ആഗ്രഹിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നു. അല്ലാഹുവിന്റെ ഉദ്ദേശ്യം പോലെ അവൻ അവർ ചോദിക്കുന്നത് നൽകാം, നൽകാതിരിക്കാം. എന്നാൽ ഈ വിഭാഗം വിജ്ഞാനം പഠിച്ചുകൊണ്ടിരിക്കുകയാണ്. അറിവില്ലാത്തവർക്ക് അറിവ് നൽകിക്കൊണ്ടിരിക്കുകയാണ്. ഇവരാണ് ശ്രേഷ്ഠ സദസ്സുകാർ. നിശ്ചയം അധ്യാപകനായാണ് ഞാൻ നിയോഗിക്കപ്പെട്ടിരിക്കുന്നത്. എന്നിട്ട് നബി(സ്വ) അവരോടൊപ്പം ഇരുന്നു (ദാരിമി).
റസൂൽ(സ്വ)യുടെ വിശേഷണങ്ങളിൽ പ്രധാനപ്പെട്ടതാണ് മുഅല്ലിം അഥവാ അധ്യാപകൻ എന്നത്. കിതാബും ഹിക്മത്തും പഠിപ്പിക്കുന്നവരാണ് നബിയെന്ന് വിശുദ്ധ ഖുർആൻ വിശേഷിപ്പിച്ചിട്ടുണ്ട്. മുസ്‌ലിം ഉമ്മത്തിന്റെ മൊത്തം അധ്യാപകരാണ് തിരുനബി(സ്വ).
വിശുദ്ധ ദീൻ പഠിപ്പിക്കുന്നവരെല്ലാം അധ്യാപകരാണ്. നബി(സ്വ)യുടെ അധ്യാപന പ്രതിനിധാനം നിർവഹിക്കുകയാണവർ. അതിനാൽ തന്നെ സമൂഹത്തിൽ ആദരണീയമായ സ്ഥാനം ഇസ്‌ലാം അവർക്ക് കൽപിക്കുന്നു. വിജ്ഞാനത്തിന് മതപരമായി വലിയ പ്രാധാന്യവും പരിഗണനയുമുണ്ട്. അതിന്റെ വിതരണക്കാരായ ഉസ്താദുമാർ നിർവഹിക്കുന്ന സേവനം നിസ്തുലം.
ഉസ്താദുമാരോട് സമൂഹത്തിന് ബാധ്യതകളും കടപ്പാടുകളും ഏറെയുണ്ട്. ഒരർഥത്തിൽ മാതാപിതാക്കൾക്കു മീതെയാണവർ. കാരണം മാതാപിതാക്കളും നമ്മളും തമ്മിലുള്ള ബന്ധം പ്രകൃതിപരമാണ്. എന്നാൽ ഗുരുനാഥന്മാരുമായുള്ള ബന്ധം ആത്മീയമാണ്. വിശ്വാസിക്ക് ഏറ്റവും പ്രധാനം ആത്മിക വിജയമാണല്ലോ.
നബി(സ്വ) അരുളി: നിശ്ചയം ഞാൻ നിങ്ങൾക്ക് മാതാപിതാക്കൾ സന്താനങ്ങൾക്കെന്ന പോലെയാണ് (അബൂദാവൂദ്). മാതൃപിതൃ സ്‌നേഹം ഏതു വിധമാണെന്ന് പറഞ്ഞറിയിക്കേണ്ടതില്ല; അനുഭവമാണത്. എന്നാൽ നബി(സ്വ) നമ്മുടെ സാർവത്രികമായ വിജയത്തിനും സുരക്ഷക്കും വേണ്ടി നമ്മെ മാർഗദർശനം ചെയ്യുകയാണ്. തിരുദൂതർ(സ്വ)യുടെ പിൻമുറക്കാരായി സേവനം ചെയ്യുക വഴി, നമ്മുടെ ഗുരുനാഥന്മാർ നിർവഹിക്കുന്നതും മൗലികമായി ആ ദൗത്യം തന്നെയാണ്.
ഹസൻ ബസ്വരി(റ) പറഞ്ഞു: പണ്ഡിതർ ഇല്ലായിരുന്നുവെങ്കിൽ മനുഷ്യർ നാൽകാലികളെ പോലെയാകുമായിരുന്നു. അധ്യാപനത്തിലൂടെ മൃഗീയതയുടെ വൃത്തത്തിൽ നിന്നു മനുഷ്യത്വത്തിലേക്ക് ജനതയെ നയിക്കുകയാണ് പണ്ഡിതർ ചെയ്യുന്നത് (ഇഹ്‌യാഉ ഉലൂമിദ്ദീൻ).
യഹ്‌യബ്‌നു മുആദ്(റ) പറഞ്ഞതിങ്ങനെ: മാതാപിതാക്കളെക്കാൾ സമുദായത്തിന് കാരുണ്യം ചെയ്യുന്നവരാണ് പണ്ഡിതന്മാർ. കാരണം, മാതാപിതാക്കൾ ഭൗതിക ലോകത്തെ അഗ്നിയിൽ നിന്ന് രക്ഷപ്പെടുത്തുന്നു. പണ്ഡിതന്മാർ പാരത്രിക ലോകത്തെ നരകത്തിൽ നിന്ന് രക്ഷപ്പെടുത്തുന്നു (ഇഹ്‌യ).
ഇമാം ഗസ്സാലി(റ) രേഖപ്പെടുത്തി: മാതാപിതാക്കൾ പ്രത്യക്ഷമായ ജന്മത്തിന്റെയും നശ്വരമായ ജീവിതത്തിന്റെയും കാരണക്കാരാണ്. ഗുരുനാഥൻ ശാശ്വതമായ ജീവിത വിജയത്തിന്റെ കാരണക്കാരും. ഗുരുനാഥനില്ലായിരുന്നെങ്കിൽ ശാശ്വതമായ നാശത്തിലേക്കായിരിക്കും അവൻ നീങ്ങുക. അധ്യാപകനാണ് പാരത്രിക ജീവിതത്തിനാവശ്യമായത് നേടിത്തരുന്നത്. പാരത്രികമായ നേട്ടത്തിന് നിമിത്തമാവണമെന്ന നല്ല നിയ്യത്തിൽ ഭൗതികമോ പാരത്രികമോ ആയ വിജ്ഞാനങ്ങൾ പകർന്നു നൽകുന്ന ഗുരുനാഥന്മാരെയാണുദ്ദേശിക്കുന്നത്. ഭൗതികമായ ലക്ഷ്യത്തോടെയുള്ള അധ്യാപനം നാശമാണ് (ഇഹ്‌യ).
ഗുരുനാഥന്മാർ നല്ല നിയ്യത്തോടെ സേവനം ചെയ്താൽ അതിന് മൂല്യവും മഹത്ത്വവും പ്രതിഫലവുമുണ്ടാകും. നമ്മുടെ രക്ഷക്ക് കാരണക്കാരെന്ന നിലയിൽ അധ്യാപകരുമായി സ്ഥാപിതമാകുന്ന ബന്ധം കേവലമായൊരു ബന്ധമല്ല. വിജ്ഞാനത്തിന്റെ കൊള്ളക്കൊടുക്കലുകളിലുണ്ടാവുന്ന ഗുണമേന്മകളുടെ അടിസ്ഥാനത്തിൽ ഐഹിക-പാരത്രിക നേട്ടങ്ങൾക്കത് കാരണമാകും. ഫലപ്രദമായൊരു ആത്മീയ ബന്ധമാണതെന്നു സാരം.
പ്രത്യക്ഷമായിത്തന്നെ എല്ലാ ബന്ധങ്ങളും ചില ബാധ്യതകൾക്ക് കാരണമാണ്. വിശുദ്ധ ഇസ്‌ലാം പുണ്യകരമായ ഒരനുഷ്ഠാനമെന്ന തലത്തിലാണ് ബന്ധപരിപാലനത്തെ പഠിപ്പിച്ചിട്ടുള്ളത്. പരിധിവിടാത്ത വിധം സ്‌നേഹാദരങ്ങൾ പകർന്നും നുകർന്നും നല്ല ബന്ധം ഊഷ്മളമായി നിലനിർത്തണം. ഗുരുശിഷ്യ ബന്ധം എങ്ങനെയാണ് നിലനിർത്തേണ്ടതെന്ന് ആത്മജ്ഞാന ഗ്രന്ഥങ്ങളിൽ വിശദമായി വിവരിച്ചത് കാണാം. ഉസ്താദ്, തിൽമീദ് എന്ന തലത്തിൽ വിജയപരാജയങ്ങളുടെ അടിസ്ഥാനമാണ് ഗുരു-ശിഷ്യ ബന്ധം.
ഗുരുകുലത്തിലും ദർസിലും മാത്രമല്ല യഥാർഥത്തിൽ ഗുരുശിഷ്യ ബന്ധമുണ്ടാവുന്നത്. പൊതുവെ പണ്ഡിതർ നിർവഹിക്കുന്ന വൈജ്ഞാനിക സേവനത്തിന്റെ ഗുണഭോക്താക്കളാണ് നാമെല്ലാവരും. അതുകൊണ്ട് തന്നെ നമുക്കവരോട് കടപ്പാടുകളുണ്ട്. മദ്‌റസകളിലും മറ്റും പഠിപ്പിച്ചവരോട് പ്രത്യേകിച്ചും. അവരോടെല്ലാം സസ്‌നേഹം വർത്തിക്കണം.
ഗുരുവിന്റെ മനസ്സിൽ നമ്മെക്കുറിച്ച് സന്തോഷ വിചാരങ്ങളുണ്ടാവണം. അതിന് നാം പ്രധാനമായും ചെയ്യേണ്ടത് അവർ പകർന്നുതന്ന ആദർശങ്ങളും ആചാരാനുഷ്ഠാനങ്ങളും അനുവർത്തിക്കുകയെന്നതു തന്നെയാണ്. നാം നന്നാവാനും രക്ഷപ്പെടാനുമാണവർ ദീനീ വിജ്ഞാനം പഠിപ്പിച്ചത്. അതനുസരിച്ച് നാം ജീവിക്കുമ്പോൾ അവരുടെ മനം നിറയെ സന്തോഷമുണ്ടാകും. ഗുരുനാഥന്മാർ നല്ലവരും മഹാന്മാരുമാകുന്നത് മഹത്ത്വമാണ്. എന്നാൽ ശിഷ്യർ നല്ലവരാകുമ്പോഴാണ് ഉസ്താദിന് സന്തോഷമുണ്ടാവുക. ശൈഖ് രിഫാഈ(റ) പറയുന്നത് കാണാം: എന്റെ ഗുരു ഇന്നയാളാണെന്ന് അഭിമാനം പറയുന്നവനല്ല, മറിച്ച് ഇന്നയാൾ എന്റെ ശിഷ്യനാണെന്ന് ഗുരുവിന് അഭിമാനിക്കാൻ പറ്റുന്നവനാണ് യോഗ്യൻ (ഹികമുർരിഫാഈ). ഗുരുവിന് നമ്മുടെ ജീവിതം സംതൃപ്തമായിത്തീരുന്ന വിധത്തിൽ ഇസ്‌ലാമിക ജീവിതം നയിക്കുമ്പോൾ നമ്മുടെ ശാശ്വത വിജയമാണ് സാധിക്കുക.
ഉസ്താദിന്റെ സേവന ഫലമായി ലഭിച്ച അറിവും അനുഷ്ഠാനങ്ങളും ഇരുലോകത്തും നമുക്ക് ഗുണമാണെന്ന പോലെ ഇഹത്തിലും പരത്തിലും നമ്മെക്കൊണ്ട് അവർക്കും ഗുണം ലഭിക്കണം. ആത്മീയ ജീവിതം കൊണ്ടെന്ന പോലെ ഭൗതികമായ സഹായ സഹകരണങ്ങൾ കൊണ്ടും നാമവർക്ക് ആശ്വാസം പകരണം. പൂർണ സംതൃപ്തിയോടെ പരസ്പരം സ്‌നേഹം നിലനിർത്തണം.
അലവിക്കുട്ടി ഫൈസി എടക്കര