ദിവസവും നിരവധി സ്ത്രീകൾ ഗർഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്യുന്നു. ചിന്തിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം വലിയ അത്ഭുതങ്ങളിലൊന്നാണ് മനുഷ്യക്കുഞ്ഞിന്റെ ജനനം. ഋതുമതിയായ സ്ത്രീയുടെ അണ്ഡാശയത്തിൽ ഓരോ മാസവും 400 അണ്ഡങ്ങളെങ്കിലും പൂർണ വളർച്ച പ്രാപിക്കുന്നുണ്ടെന്നാണ് പഠനം. ഇതിൽ ഒരു അണ്ഡവും പുരുഷൻ പുറംതള്ളുന്ന രണ്ടു മുതൽ 6 മി.ലിറ്റർ വരെയുള്ള ശുക്ലത്തിലടങ്ങിയ പത്തുകോടി വരുന്ന ബീജങ്ങളിൽ നിന്ന് ഒന്നുമാണ് ഒരു മനുഷ്യക്കുഞ്ഞ് രൂപപ്പെടുന്നതിന് ആവശ്യമായ ആദ്യകോശ നിർമിതിക്കു നിമിത്തമാവുന്നത്.

സഞ്ചരിക്കുന്ന ഫാക്ടറി എന്നു പറയാവുന്ന ശരീരത്തിൽ സ്രഷ്ടാവു സംവിധാനിച്ചു വെച്ച ഹൃദയം, വൃക്ക, ആമാശയം, കണ്ണ്, കാത് തുടങ്ങിയ ആന്തരികവും ബാഹ്യവുമായ അവയവങ്ങളെല്ലാം ഇങ്ങനെ രൂപപ്പെട്ടതാണ്. പുരുഷ ബീജത്തിനു സ്ത്രീ അണ്ഡത്തെ അറിയില്ല. തിരിച്ചും. രണ്ടിനും തനിയെ വളരാനും കഴിയില്ല. പക്ഷേ, ഇവ രണ്ടും ചേർന്ന് നിശ്ചിത സ്വഭാവമുള്ള ഒരു വ്യക്തി രൂപപ്പെടുന്നു. ഇവ രണ്ടിനെയും പരസ്പരം ബന്ധിപ്പിച്ച ഒരു കാര്യകാരണ ബന്ധമുണ്ട്. ഇതിനു പിന്നിൽ പ്രവർത്തിച്ച ഒരറിവുണ്ട്, ചിന്തയുണ്ട്! അതാരുടേതാണ്?

‘നാമാണ് നിങ്ങളെ സൃഷ്ടിച്ചത്. നിങ്ങൾ എന്തുകൊണ്ട് വിശ്വസിക്കുന്നില്ല? നിങ്ങൾ വിസർജിക്കുന്ന ഇന്ദ്രിയത്തെക്കുറിച്ച് നിങ്ങളാലോചിച്ചിട്ടുണ്ടോ? നിങ്ങളാണോ, അതല്ല നാമാണോ അതിനെ സൃഷ്ടിക്കുന്നത്? (ഖുർആൻ 56/57-59).

ഈ സൂക്തം അന്വേഷണത്തിന്റെ ഉത്തരം നൽകുന്നു. ഗർഭവും പ്രസവവുമെല്ലാം മനുഷ്യനിൽ സ്രഷ്ടാവിനെക്കുറിച്ചുള്ള വിശ്വാസം വർധിപ്പിക്കും. ഈ സൗഭാഗ്യത്തിൽ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് നന്ദിബോധത്തോടെ ഗർഭം പൂർത്തിയാക്കണം. ത്യാഗോജ്വലമായൊരു സേവനമാണ് ഗർഭധാരണം. ഇതിനു മഹത്തായ പ്രതിഫലമാണ് സ്ത്രീകൾക്ക് ലഭിക്കുക. പ്രകൃതിപരമായ ഈ ധർമം നിർവഹിക്കുന്ന സ്ത്രീകൾക്ക് ഇരുലോകത്തും മഹാസൗഭാഗ്യങ്ങളാണ് വരാനിരിക്കുന്നത്.

നബി(സ്വ)യുടെ ഇബ്‌റാഹിം(റ) എന്ന പുത്രനെ ലാളിച്ചു വളർത്തിയ സലമത്ത് ബീവി(റ)യോട് ഒരിക്കൽ അവിടുന്ന് പറഞ്ഞു: ‘ഭർത്താവ് സംതൃപ്തനായിരിക്കെ നിങ്ങളിലൊരാൾ ഗർഭിണിയായാൽ അവൾക്ക് പകൽ നോമ്പെടുക്കുകയും രാത്രിയിലുടനീളം സുന്നത്ത് നിസ്‌കരിക്കുകയും ചെയ്യുന്നയാളുടെ പ്രതിഫലമാണ് ലഭിക്കുക. പ്രസവ വേദന സഹിക്കുന്നതിന് പകരമായി അവളുടെ കൺകുളിർപ്പിക്കുന്ന പ്രതിഫലമാണ് അല്ലാഹു ഒരുക്കിയിരിക്കുന്നത്. അത് എത്രയെന്ന് ആകാശ ഭൂമികളിലുള്ള ഒരാൾക്കും നിശ്ചയിക്കാനാവില്ല. അവൾ പ്രസവിച്ച് തന്റെ കുഞ്ഞിനു ഒരിറക്ക് പാല് കൊടുത്താൽ ഓരോ ഹസനത്ത് വീതം രേഖപ്പെടുത്തും. കുഞ്ഞിനു വേണ്ടി ഒരു രാത്രി ഉറക്കമൊഴിക്കേണ്ടി വന്നാൽ അല്ലാഹുവിന്റെ മാർഗത്തിലായി 70 അടിമകളെ സ്വതന്ത്രരാക്കിയ പുണ്യമുണ്ട്. ഇത് നിങ്ങളെ സംതൃപ്തരാക്കുന്നില്ലേ? (അദബുന്നിസാഅ്).

ഗർഭവും പ്രസവവും മൂലയൂട്ടലുമുൾപ്പെടെയുള്ള മൂന്നു വർഷക്കാലം ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം പുണ്യങ്ങളുടെ കൊയ്ത്തുകാലമാണ്. സ്വശരീരത്തിന്റെയും കുഞ്ഞിന്റെയും ആരോഗ്യം പരിഗണിച്ച് പ്രസവിക്കാനുള്ള ശേഷി ഉപയോഗപ്പെടുത്തുന്നവരാണ് സ്ത്രീത്വത്തിന്റെ മഹത്ത്വമറിഞ്ഞവർ. എന്നാൽ പ്രസവിച്ച കുഞ്ഞിന് രണ്ടു വർഷക്കാലം മുലയൂട്ടാൻ സാധിക്കാത്ത വിധമുള്ള അടുത്തടുത്ത പ്രസവം ഒഴിവാക്കാൻ ശ്രദ്ധിക്കണം. ഇതിനായി താൽക്കാലിക ഗർഭനിരോധന സംവിധാനങ്ങൾ ഉപയോഗിക്കുന്നത് മതം വിലക്കിയിട്ടില്ല. ഒന്നോ രണ്ടോ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ ശേഷം ചെറിയ കാരണങ്ങളാൽ, അല്ലാഹു നൽകിയ ഈ ശേഷി നിശ്ശേഷം നശിപ്പിച്ചുകളയൽ നിഷിദ്ധമാണ്.

ഇത്തരക്കാർ പിന്നീട് ഖേദിക്കും. ഒരു കുഞ്ഞുകൂടി വേണമെന്ന് ആഗ്രഹിച്ചാൽ പിന്നീടു പ്രയാസപ്പെടേണ്ടി വരും. ഇത്തരത്തിലുള്ള എത്രയോ ദമ്പതിമാരിന്ന് കണ്ണീരിലായി ജീവിതം തള്ളിനീക്കുന്നുണ്ട്.

രണ്ട് പെൺമക്കളുള്ള ഒരു മാതാവ് പറഞ്ഞതോർക്കുന്നു: ‘അന്ന് അത്ര ആലോചിച്ചില്ല. രണ്ടു മതി എന്നു തോന്നി. പലരും നിറുത്തുന്നു. ഫേഷൻ എന്ന നിലക്ക് ഞാനും പ്രസവം അവസാനിപ്പിച്ചു. രണ്ടു പെൺമക്കളെയും കല്യാണം കഴിച്ചത് പ്രവാസികളാണ്. അവർ ഗൾഫിൽ സെറ്റിലായി. ഇന്ന് ഞാനും ഭർത്താവും തീർത്തും ഒറ്റപ്പെട്ടിരിക്കുകയാണ്. ഈ ജീവിതാന്ത്യത്തിൽ മക്കളെയും പേരമക്കളെയും കാണാൻ പോലും വിധിയില്ല.’ അവർ കണ്ണീർ വാർത്തു.

പൂർണ രീതിയിൽ പ്രസവം നിർത്തിയവർക്ക് ഗർഭം ധരിക്കാൻ കഴിയും വിധം പൂർവസ്ഥിതിയിലാക്കാൻ ഓപ്പറേഷൻ വഴി ഇപ്പോൾ സാധ്യമാണ്. എന്നാലും ആദ്യമേ അത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കുകയാണല്ലോ നല്ലത്.

പ്രകൃതിയുടെ സന്തുലിതാവസ്ഥക്കനുസരിച്ച് നടക്കേണ്ട സന്താനോൽപാദന പ്രക്രിയയിൽ മനുഷ്യൻ അനധികൃതമായി ഇടപെട്ടാലുള്ള സാമൂഹ്യ ശാസ്ത്രപരമായ അപകടമാണ് ചൈനയിൽ നിന്നു നാമിപ്പോൾ കേൾക്കുന്നത്. ഒരു കുടുംബത്തിന് ഒരു കുഞ്ഞ് മാത്രം എന്ന നിയമം കർശനമാക്കിയപ്പോൾ പ്രായമുള്ളവരും യുവതലമുറയും തമ്മിലുണ്ടാവേണ്ട അനുപാതത്തിൽ ക്രമാതീതമായ വിള്ളലാണ് ചൈനയിൽ ഉണ്ടായിരിക്കുന്നത്. അറുപത് ശതമാനത്തിലധികം വൃദ്ധരുള്ള നാടായി ചൈന മാറി. പ്രായമുള്ളവരെ ശ്രദ്ധിക്കാൻ വേണ്ടത്ര യുവാക്കളില്ല എന്നത് സങ്കീർണമായ സാമൂഹിക പ്രശ്‌നമാണ്. അതുകൊണ്ടുതന്നെ ചൈന ഈ പ്രകൃതിവിരുദ്ധ നിയമം പുനഃപരിശോധിക്കുകയാണത്രെ.

മതമൂല്യങ്ങൾ മനുഷ്യനെ സൃഷ്ടിച്ച നാഥന്റേതാണ്. അതാണവന് അഭികാമ്യമായിട്ടുള്ളത്. മറ്റു പലതിനെയും പോലെ ഗർഭവും പ്രസവവും കുട്ടിക്കളിയായി കാണുന്നത് നാശത്തിനു കുഴിതോണ്ടലാണെന്നറിയുക.

സന്താനം സൗഭാഗ്യം

വിവാഹ ജീവിതത്തിന്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്നാണ് സന്താനങ്ങൾ. അവർ വഴി നിരവധി നേട്ടങ്ങൾ നമുക്ക് സ്വായത്തമാക്കാൻ സാധിക്കുന്നു. മനുഷ്യവംശം നിലനിർത്തുന്നതിൽ തന്റെ പങ്കാളിത്തം സമർപ്പിക്കുക എന്നത് ചെറിയ കാര്യമല്ല. നമ്മുടെ മാതാപിതാക്കൾ ഇതു നിർവഹിച്ചതു കൊണ്ടാണ് നാമുണ്ടായത്. പുറമെ ജീവിത യാത്ര അല്ലാഹു ക്രമീകരിച്ചത് ശൈശവം, ബാല്യം, കൗമാരം, യൗവനം, വാർധക്യം എന്നീ ഘട്ടങ്ങളായാണ്. പ്രായമാകുമ്പോൾ നമുക്ക് താങ്ങും തണലുമാവാൻ മക്കൾ വേണമല്ലോ.

ഇതിലുപരിയായി മരണാനന്തരം നമ്മുടെ ഖബറകത്തേക്ക് പുണ്യങ്ങളുടെ പ്രവാഹമുണ്ടാകാനുള്ള നല്ല വഴി കളിലൊന്ന് സ്വാലിഹീങ്ങളായ സന്താനങ്ങളുണ്ടാവലാണ്. മക്കൾ ചെയ്യുന്ന എല്ലാ പുണ്യ കർമങ്ങളുടെയും ഒരു പങ്ക് യോഗ്യരാണെങ്കിൽ മാതാപിതാക്കൾക്കും ലഭിക്കും. ആ പരമ്പര അന്ത്യനാൾ വരെ വളർന്നു പന്തലിച്ച് നിൽക്കുമ്പോൾ പാപമുക്തരായി പുനരുദ്ധാരണ നാളിൽ മാതാപിതാക്കൾ ഉയർത്തെഴുന്നേൽപിക്കപ്പെടുന്നു. ചുരുക്കത്തിൽ സന്താനലബ്ധി മഹാഭാഗ്യം തന്നെയാണ്.

ഈ ലക്ഷ്യങ്ങളെല്ലാം നേടിത്തരുന്ന മക്കളായി നമ്മുടെ സന്താനങ്ങൾ മാറണമെങ്കിൽ സന്താനോൽപാദന പ്രക്രിയ മുതൽ ഏറെ ശ്രദ്ധ വേണം. സന്താനോൽപാദനത്തെ കാർഷിക വൃത്തിയോട് ഖുർആൻ ഉപമിച്ചതായി കാണാം.

നല്ല വിത്തും നല്ല വിളനിലവുമാണെങ്കിൽ അതു നല്ല ഫലം തരും. ഇതുപോലെ നല്ല മക്കളുണ്ടാവുന്നതിൽ വിത്തിറക്കുന്ന പിതാവിന്റെയും വിളനിലമാകുന്ന മാതാവിന്റെയും ഗുണമേന്മക്ക് വലിയ പങ്കുണ്ട്. കൃഷി ചെയ്യാൻ കാലാവസ്ഥ കൂടി പരിഗണിക്കണമെന്നതു പോലെ സന്താനോൽപാദനം ആഗ്രഹിച്ചുകൊണ്ടുള്ള ബന്ധം നടത്തുന്നതും അനുകൂലാവസ്ഥയിലായിരിക്കണം.

മാനസികമായും ശാരീരികമായും നല്ല ആരോഗ്യമുള്ള കാലാവസ്ഥയിലാവണം ബന്ധം. ഈ സമയത്തുണ്ടാകുന്ന രോഗങ്ങളും മാനസിക പിരിമുറുക്കങ്ങളും കുട്ടികളെ പ്രതികൂലമായി ബാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു. നല്ല ഉന്മേഷവും ആവേശവുമുള്ളപ്പോൾ ഇണ ചേർന്നാൽ ആ ബന്ധത്തിൽ ജനിക്കുന്ന മക്കൾ ആരോഗ്യവും ഊർജസ്വലതയുമുള്ളവരാവും.

ഉൽപാദന സമയത്ത് വൃത്തിയും ശുചിത്വവും പാലിക്കുകയും സുഗന്ധങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നതോടൊപ്പം ‘ബിസ്മില്ലാഹ്… അല്ലാഹുമ്മ ജന്നിബ്‌ന ശൈത്വാന വ ജന്നിബിശ്ശൈത്വാന മാ റസഖ്തനാ’ എന്ന മന്ത്രം കൊണ്ട് ആരംഭിക്കുകയും വേണം. ഈ ദിക്ർ ഉച്ചരിച്ച് ഇണ ചേരുകയും അതിൽ ഒരു കുഞ്ഞ് പിറക്കുകയും ചെയ്താൽ അവനെ ഒരിക്കലും പിശാച് ഉപദ്രവിക്കുകയില്ലെന്ന് നബി(സ്വ) പറഞ്ഞതായി ഇമാം ബുഖാരി(റ) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുട്ടികളിൽ കാണപ്പെടുന്ന അധിക ദുശ്ശാഠ്യങ്ങളും അപസ്മാരമടക്കമുള്ള പല രോഗങ്ങളുടെ പ്രധാന കാരണവും പൈശാചികതയാണ്. ഈ മന്ത്രം അവന്റെ സ്വാധീനം കുട്ടിയിൽ ഇല്ലാതെയാക്കും.

മക്കളുണ്ടാവാൻ സാധ്യതയില്ലാത്ത ബന്ധങ്ങൾ നടത്തുമ്പോഴും ഈ മന്ത്രം ചൊല്ലണം. അല്ലാഹു അനുവദിച്ച ഇണയിലൂടെ തന്റെ വൈകാരിക ആഗ്രങ്ങൾ നിറവേറ്റി മറ്റുള്ളവരിലേക്ക് കണ്ണും മനസ്സും ചായാതിരിക്കാനാണിത്. തന്റെ ഇണയുമായി രമിക്കുമ്പോൾ മനഃപൂർവം മറ്റൊരാളെ മനസ്സിൽ സങ്കൽപിച്ച് പ്രവർത്തിക്കുന്നത് മാനസിക വ്യഭിചാരമാണ്.

സദുദ്ദേശ്യത്തോടെ ഇണചേരുന്നത് പരലോകത്ത് പ്രതിഫലം കിട്ടുന്ന പുണ്യകർമമായാണ് മതം പഠിപ്പിക്കുന്നത്. സന്തോഷവേളകളായ വെള്ളിയാഴ്ച, ഈദുൽഫിത്വർ, ഈദുൽ അള്ഹാ തുടങ്ങിയ ദിവസങ്ങളിലും യാത്ര കഴിഞ്ഞെത്തുമ്പോഴുമെല്ലാം ഇത് പ്രത്യേകം സുന്നത്താണ്. നാലു ദിവസത്തിലൊരിക്കലെങ്കിലും സംഭോഗം ചെയ്യുന്നതും അത് അത്താഴ സമയത്താവുന്നതും അഭികാമ്യമാണെന്ന് ശൈഖ് സൈനുദ്ദീൻ മഖ്ദൂം(റ) ഫത്ഹുൽ മുഈനിൽ പറഞ്ഞിട്ടുണ്ട്.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ