Homo sexuality അഥവാ സ്വവർഗരതി/സ്വവർഗാനുരാഗം എന്നതിന് Oxford dictionary നൽകുന്ന നിർവചനം ഇപ്രകാരമാണ്: The quality or characteristic of being sexually attracted solely people of one’s own sex (സ്വന്തം വർഗത്തിൽ പെട്ടവരോട് മാത്രം ലൈംഗികമായി ആകർഷണം തോന്നുന്ന സ്വഭാവം അല്ലെങ്കിൽ ഗുണം).
ഹോമോ (homo) എന്ന ഗ്രീക്ക് പദവും സെക്‌സ് (sex) എന്ന ലാറ്റിൻ പദത്തിൽ നിന്നു നിഷ്പന്നമായ സെക്ഷ്വാലിറ്റി (sexuality) എന്ന പദവും ചേർന്നാണ് ഇംഗ്ലീഷിൽ സ്വവർഗലൈംഗികതക്ക് ഉപയോഗിക്കുന്ന homo sexualityഎന്ന പദം ഉത്ഭവിച്ചത്. ഹംഗേറിയൻ പത്രപ്രവർത്തകനായ കാർലോയ് മറിയ കെർത് ബെനിയാണ് ഈ പദം ആദ്യമായി ഉപയോഗിക്കുന്നത്.

ഇപ്പോൾ വ്യാപകമായ LGBTQIA2S+ എന്ന ചുരുക്കപ്പേരിൽ പലതും സ്വവർഗാനുരാഗത്തെ കുറിക്കുന്നതാണ്.

1. ലെസ്ബിയൻ (lesbians) അഥവാ സ്വവർഗ പ്രണയിനി. സ്ത്രീകളോട് ലൈംഗികമായി ആകർഷണീയത തോന്നുന്ന സ്ത്രീ.

2. ഗേ (gay) അഥവാ സ്വവർഗ പ്രണയി. പുരുഷന്മാരോട് ലൈംഗികമായി ആകർഷണീയത തോന്നുന്ന പുരുഷൻ.

ഇവ ഓരോന്നും മൂന്ന് തരത്തിലുണ്ട്.
എ. ടോപ് (top). ലൈംഗികതയിൽ പുരുഷ റോൾ വഹിക്കുന്നവർ.
ബി. ബോട്ടം (bottom). ലൈംഗികതയിൽ സ്ത്രീ റോൾ വഹിക്കുന്നവർ.
സി. വേഴ്‌സറ്റയിൻ (Versatile). ലൈംഗികതയിൽ സ്ത്രീ-പുരുഷ ഇരുറോൾ വഹിക്കുന്നവർ.

3. ബൈ സെക്ഷ്വൽ (Bi sexual)അഥവാ ഉഭയ വർഗ പ്രണയി. ആണിനോടും പെണ്ണിനോടും ലൈംഗിക ആകർഷണം തോന്നുന്നവരാണിവർ.

4. ട്രാൻസ്‌ജെൻഡർ (Transgender) അഥവാ അപരലിംഗർ. ജന്മനായുള്ള ശാരീരിക ലിംഗാവസ്ഥയോട് പൊരുത്തപ്പെടാത്തവരാണ് ട്രാൻസ്‌ജെൻഡേഴ്‌സ്. ലൈംഗിക ന്യൂനപക്ഷ വിഭാഗത്തിൽ കൂടുതൽ സങ്കീർണതയുള്ളവരാണിവർ.

ഇവർ രണ്ട് തരത്തിലുണ്ട്

എ. ട്രാൻസ്‌മെൻ (trance men). സ്ത്രീ ശരീരവും പുരുഷനാകാനുള്ള ആഗ്രഹവും ഉള്ളവർ.
ബി. ട്രാൻസ് വുമിൻ (trance women ). പുരുഷ ശരീരവും സ്ത്രീ മനസ്സുമുള്ളവരാണിവർ.
ഇത്തരം സവിശേഷതയനുഭവിക്കുന്നവർ രണ്ട് രീതിയിൽ ആത്മസംതൃപ്തി നേടാറുണ്ട്.
എ. Transvestism (അപരലിംഗ വസ്ത്ര ധാരണേച്ഛ). എതിർ ലിംഗത്തിലുള്ളവരുടെ വസ്ത്രം ധരിച്ച് ആത്മനിർവൃതി തേടുന്ന രൂപമാണിത്. ഇവർ വേഷാന്തരിതർ (Transvestite) എന്നാണ് അറിയപ്പെടുന്നത്.
ബി. Trans sexualism (അപരലിംഗ വ്യക്തിത്വം). ജന്മനാ ലഭിച്ച ലിംഗം ശസ്ത്രക്രിയ വഴി മാറ്റി എതിർ ലിംഗം സ്വീകരിച്ച് ആത്മനിർവൃതി തേടുന്ന രീതിയാണിത്. ശസ്ത്രക്രിയ വഴി ലൈംഗിക അവയവം മാറ്റിവെക്കുന്ന ഇത്തരം ട്രാൻസ്‌ജെൻഡേഴ്‌സിനെ ട്രാൻസ് സെക്‌സ്ഷ്വൽ (Trans sexual) എന്നും വിളിക്കാറുണ്ട്.

5. Queer / Questioning (ക്വിയർ/ക്വസ്റ്റനിംഗ്). ലൈംഗിക ന്യൂനപക്ഷത്തിൽ ഏത് വിഭാഗത്തിൽ പെട്ടവരാണെന്ന് കൃത്യമായി മനസ്സിലാക്കാൻ സാധിക്കാതെ വിചിത്ര ലൈംഗികത പുലർത്തുന്നവരാണിവർ. തങ്ങളുടെ വിഭാഗം ഒരു ചോദ്യ ചിഹ്നമായി മാറുന്നതുകൊണ്ടാണ് Questioning എന്നും ഇക്കൂട്ടരെ വിളിക്കുന്നത്.

എതിർ വർഗ ലൈംഗികതയിൽ വ്യത്യസ്തരായവർ എന്ന് സൂചിപ്പിക്കാൻ വേണ്ടി ക്വിയർ (Queer) എന്ന പദം ലെസ്ബിയൻ, ഗേ എന്നീ വിഭാഗങ്ങൾക്ക് പകരമായും ഉപയോഗിക്കാറുണ്ട്.

6. Intersex (മിശ്രലിംഗം). ആണിന്റെയോ പെണ്ണിന്റെയോ പ്രത്യേകതകൾ പൂർണമായും ഇല്ലാതെ ജനിക്കുന്നവരെയാണ് മിശ്രലിംഗം എന്ന് വിളിക്കുന്നത്. ഇന്ത്യയിൽ ഇവരെ ഹിജഡകൾ എന്നാണ് വിളിക്കാറുള്ളത്. ഇത്തരക്കാരെ മുമ്പ് ഹെർമാഫ്രൊഡൈറ്റ് (Hermaphrodite) എന്നാണ് പ്രയോഗിച്ചിരുന്നത്. എന്നാൽ 1943ൽ ബ്രിട്ടീഷ് ഡോക്ടറായ കവാഡിയാസ് (Cawadias) ഈ പദത്തിന് പകരം Intersex എന്ന പദമുപയോഗിക്കണമെന്ന നിർദേശം മുന്നോട്ടുവെച്ചു. 1960കളിൽ ബ്രിട്ടനിലെ വൈദ്യശാസ്ത്ര വിദഗ്ധർ പുതിയ പ്രയോഗം നടപ്പിൽ വരുത്തുകയും ചെയ്തു.
ഇവരിൽ സ്ത്രീയുടെയും പുരുഷന്റെയും ലൈംഗിക അവയവങ്ങൾ ഉള്ളവർ, ഇരുവിഭാഗത്തിന്റെയും ലൈംഗിക അവയവമില്ലാത്തവർ തുടങ്ങി വ്യത്യസ്ത വിഭാഗക്കാരെ കാണാം.

7. Asexual (നിർലൈംഗിക). ലൈംഗിക താൽപര്യം തീരെ ഇല്ലാത്ത വിഭാഗമാണിത്. സ്ത്രീകളിലും പുരുഷന്മാരിലും ഇത്തരക്കാരുണ്ട്.

8. 2ട അഥവാ Two spirit തദ്ദേശീയരായ ലൈംഗിക ന്യൂനപക്ഷങ്ങളെ സൂചിപ്പിക്കാൻ വടക്കേ അമേരിക്കയിൽ ഉപയോഗിക്കുന്ന ഒരു ആധുനിക പ്രയോഗമാണിത്.

മേൽ പറഞ്ഞ എല്ലാ വിഭാഗത്തെയും ഉൾക്കൊള്ളിച്ചാണ് LGBTQIA2S+ എന്ന് പ്രയോഗിക്കുന്നത്. ‘+’ എന്നത് ഈ ഗണത്തിൽ ഇനിയും പുതിയ വിഭാഗങ്ങൾ ഉണ്ടാകുമെന്നതിനെ സൂചിപ്പിക്കുന്നതാണ്.

മഴവിൽ പതാക

ay pride flag, LGBT pride flag എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്ന മഴവിൽ പതാക (Rainbow flag)സ്വവർഗാനുരാഗ പ്രസ്ഥാനങ്ങളുടെ പ്രതീകമാണ്. 1978ൽ സ്വവർഗാനുരാഗിയായ ഗിൽബർട്ട് ബേക്കർ (Gilbert Baker) എന്ന വ്യക്തിയാണ് എട്ട് വർണങ്ങളുള്ള മഴവിൽ പതാക രൂപകൽപന ചെയ്തത്. ഹോട്ട് പിങ്ക് ലൈംഗികതയെയും ചുവപ്പ് ജീവിതത്തെയും ഓറഞ്ച് രോഗശാന്തിയെയും മഞ്ഞ സൂര്യപ്രകാശത്തെയും പച്ച പ്രകൃതിയെയും ടർക്കോയ്‌സ് ജാലവിദ്യയെയും ഇൻഡിഗോ ശാന്തതയെയും വയലറ്റ് ആത്മാവിനെയും പ്രതിനിധീകരിക്കുന്നതാണ്.
1978 ജൂൺ 25ന് സാൻഫ്രാൻസിസ്‌കോയിൽ നടന്ന ഗേ ഫ്രീഡം ഡേ പരേഡിലാണ് ഈ പതാക ആദ്യമായി ഉപയോഗിച്ചത്. എന്നാൽ പിങ്ക് തുണിയുടെ ലഭ്യതക്കുറവ് കാരണം ഏഴ് വർണങ്ങളുള്ളതും പിന്നീട് ടർക്കോയ്‌സ്, ഇൻഡിഗോ എന്നിവക്ക് പകരം നീല നിറം നൽകി ആറ് വർണങ്ങളുള്ള പതാകയും പ്രചാരത്തിലായി. ലൈംഗിക ന്യൂനപക്ഷങ്ങളിലെ ഓരോ വിഭാഗത്തിനും വ്യത്യസ്ത പതാകകൾ നിലവിലുണ്ട്.
സ്വവർഗാനുരാഗികളുടെ പ്രതീകമായ ഈ മഴവിൽ നിറക്കൂട്ട് പതിച്ച കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ, ചെരിപ്പുകൾ, പഠനോപകരണങ്ങൾ എന്നിവ സുലഭമാണ്. തങ്ങളുടെ പ്രതീകം മറ്റുള്ളവരിലേക്ക് കടത്താനുള്ള സ്വവർഗാനുരാഗികളുടെ കുത്സിത ശ്രമങ്ങൾ ഇതിനു പിന്നിലുണ്ടെന്ന് ആരോപണമുണ്ട്.
യഥാർഥത്തിൽ സ്വവർഗരതി താൽപര്യം മാനസിക വൈകല്യമാണ്. മസ്തിഷ്‌കത്തിലെ മീഡിയൽ ടെംപോറൽ ലോബിലുള്ള മാറ്റങ്ങൾ കാരണമായുണ്ടാകുന്ന അധിക ലൈംഗികതാൽപര്യമാണ് ഇതിന് കാരണമെന്ന് പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ സ്വവർഗരതി ജനിതകവും പ്രകൃതിപരവുമാണെന്നു പറഞ്ഞ് മനുഷ്യാവകാശ ബാനറുകൾക്ക് പിന്നിൽ അണിനിരന്ന് സ്വാഭാവിക പരികൽപ്പന നേടാനുള്ള കുത്സിത ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. വൃത്തിഹീനമായ വേഴ്ചക്ക് നിയമാനുമതി നേടാൻ രാഷ്ട്രീയത്തെ കൂട്ടുപിടിക്കുകയും ചെയ്യുന്നുണ്ട്. അത്തരം കുത്സിത ശ്രമങ്ങളുടെ വിജയമാണ് 158 വർഷങ്ങൾക്കു മുമ്പ് 1861 വിക്ടോറിയൻ സദാചാരത്തിൽ അധിഷ്ഠിതമായി ഇന്ത്യൻ ശിക്ഷാ നിയമത്തിൽ മെക്കാളെ ഉൾപ്പെടുത്തിയ 377ാം വകുപ്പ് (സ്വവർഗരതി നിയമ വിരുദ്ധമാണെന്ന നിയമം) 2018 നവംബർ 6ന് ഇന്ത്യൻ സുപ്രീംകോടതി തള്ളിയത്. അതോടെ സ്വവർഗരതി നിയമവിരുദ്ധമാക്കിയ 72 രാഷ്ട്രങ്ങളിൽ നിന്ന് ഇന്ത്യയും പുറത്ത് കടന്നു.
2000ൽ നെതർലാൻഡായിരുന്നു സ്വവർഗ വിവാഹത്തിന് ആദ്യം പച്ചക്കൊടി കാണിച്ചത്. തുടർന്ന് ബെൽജിയം(2003), കാനഡ(2005), സ്‌പെയിൻ(2005), സൗത്ത് ആഫ്രിക്ക(2006), നോർവേ(2008), മെക്‌സിക്കോ(2009) സ്വീഡൻ(2009), ഐസ്ലാൻഡ്(2010), പോർച്ചുഗൽ(2010), അർജന്റീന(2010), ഡെൻമാർക്ക്(2011), ഉറുഗ്വെ(2013) ന്യൂസിലാൻഡ്(2013), ഫ്രാൻസ്(2013), ബ്രസീൽ(2013), ബ്രിട്ടൻ(2013, 2014), ലക്‌സംബർഗ്(2014), ഫിൻലാൻഡ്(2015), അയർലാൻഡ്(2015), യുഎസ്(2015), കൊളംബിയ(2016), ജർമനി(2017), മാൾട്ട(2017) എന്നീ രാഷ്ട്രങ്ങൾ കൂടി ആ പാത ഏറ്റെടുക്കുകയാണുണ്ടായത്. അതേസമയം ഇറാൻ, സൗദി അറേബ്യ, അഫ്ഗാൻ, മൗറിത്താനിയ, യുഎഇ, സുഡാൻ, യമൻ എന്നീ രാഷ്ട്രങ്ങളിലും സോമാലിയ, നൈജീരിയ, ഇറാഖ് എന്നീ രാഷ്ട്രങ്ങളിലെ ചില ഭാഗങ്ങളിലും സ്വവർഗരതിക്ക് മരണ ശിക്ഷയാണ് നൽകുന്നത്.

സ്വവർഗരതിയും മതങ്ങളും

സെമിറ്റിക് മതങ്ങൾ സ്വവർഗരതി പാപമായിട്ടാണ് കണക്കാക്കുന്നത്. ഇസ്‌ലാം, ക്രൈസ്തവ മതപ്രമാണങ്ങളിൽ സ്വവർഗരതിയെ വിമർശിക്കുകയും നീച പ്രവർത്തിയായി കണക്കാക്കുകയും ചെയ്തതായി കാണാം.

ഇസ്‌ലാം

സ്വവർഗരതി നടത്തിയിരുന്ന തന്റെ ജനതയെ സദൂം പ്രദേശത്ത് നിയുക്തനായ ലൂത്വ് നബി(അ) ആ നീച പ്രവർത്തിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും അദ്ദേഹത്തിന്റെ ഉപദേശങ്ങൾ സ്വീകരിക്കാതിരുന്നപ്പോൾ അല്ലാഹു ആ ജനതയെ നശിപ്പിച്ചതിനെക്കുറിച്ചും വിശുദ്ധ ഖുർആൻ പരാമർശിക്കുന്നത് കാണാം: ലൂത്വ് നബിയെയും നാം അയച്ചു. അദ്ദേഹം തന്റെ ജനതയോടു പറഞ്ഞു: മുമ്പ് ലോകത്താരും ചെയ്തിട്ടില്ലാത്ത ഈ നീചവൃത്തി നിങ്ങൾ ചെയ്യുകയാണോ? ആസക്തി ശമിപ്പിക്കുന്നതിനു നിങ്ങൾ സ്ത്രീകളെക്കൂടാതെ പുരുഷന്മാരുടെ അടുക്കൽ ചെല്ലുന്നല്ലോ. മാത്രമല്ല; നിങ്ങൾ അതിരുവിട്ടു പ്രവർത്തിക്കുന്ന ഒരു ജനതയാവുകയാണ്. ഇവരെ നാടുകടത്തുക, ഇവർ പരിശുദ്ധി പാലിക്കുന്ന ആളുകളാകുന്നു എന്നായിരുന്നു ആ ജനതയുടെ മറുപടി. അങ്ങനെ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ഭാര്യ ഒഴികെയുള്ള കുടുംബക്കാരെയും നാം രക്ഷപ്പെടുത്തി. ഭാര്യ പിന്തിരിഞ്ഞുനിന്നവരിൽ പെട്ടവളായിരുന്നു. അങ്ങനെ അവർക്കുമേൽ നാം പേമാരി വർഷിപ്പിച്ചു. അപ്പോൾ ആ കുറ്റവാളികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്നു നിങ്ങൾ നോക്കിക്കാണുക (സൂറത്തുൽ അഅ്‌റാഫ് 80-84). സമാന ചരിത്രം സൂറത്തുൽ ഹൂദ് 77-83, സൂറത്തുശ്ശുഅറാഅ് 160-174, സൂറത്തുൽ അൻകബൂത്ത് 28-35ലും പരാമർശിക്കുന്നുണ്ട്.
സ്വവർഗരതിയെ നീച പ്രവർത്തിയായി പരാമർശിക്കുന്ന ഹദീസുകളും ധാരാളം: തിരുനബി(സ്വ) പറഞ്ഞു: ലൂത്വ് നബി(അ)ന്റെ ജനതയുടെ പ്രവർത്തി ആരെങ്കിലും ചെയ്താൽ ചെയ്തവനും ചെയ്യപ്പെട്ടവനും നിങ്ങൾ വധശിക്ഷ നൽകുക (അബൂദാവൂദ്, ഇബ്‌നുമാജ, തിർമുദി). മറ്റൊരു ഹദീസ്: എന്റെ സമുദായത്തിൽ ഞാൻ ഏറ്റവും ഭയക്കുന്നത് ലൂത്വ്(അ)ന്റെ ജനതയുടെ പ്രവർത്തിയാണ് (ഇബ്‌നുമാജ, തിർമുദി).

ക്രൈസ്തവത

ക്രൈസ്തവ ഗ്രന്ഥമായ ബൈബിൾ പഴയ-പുതിയ നിയമങ്ങളിൽ സ്വവർശരതിയെ നിഷേധിക്കുന്നതായി കാണാം: സ്ത്രീയോടു കൂടെയെന്നതു പോലെ പുരുഷനോടു കൂടെ നീ ശയിക്കരുത്. അതു മ്ലേച്ഛതയാകുന്നു (ലേവ്യർ 18: 22). ഒരുവൻ സ്ത്രീയോടു കൂടെ എന്ന പോലെ പുരുഷനോടു കൂടെ ശയിച്ചാൽ ഇരുവരും ഹീനമായ പ്രവൃത്തിയാണു ചെയ്യുന്നത്. അവരെ വധിക്കണം. അവരുടെ രക്തം അവരുടെ മേൽ ആയിരിക്കട്ടെ (ലേവ്യർ 20: 13).

അതുകൊണ്ട് ദൈവം അവരെ അപമാനകരമായ വികാരങ്ങൾക്ക് ഏൽപ്പിച്ചു. അവരുടെ സ്ത്രീകൾ സ്വാഭാവിക വേഴ്ചയ്ക്കു പകരം സ്വാഭാവിക വിരുദ്ധമായത് സ്വീകരിച്ചു. അതുപോലെ പുരുഷന്മാർ സ്ത്രീകളുമായുള്ള സ്വാഭാവിക വേഴ്ച ഉപേക്ഷിച്ചു പരസ്പരം കാമാസക്തരായി പുരുഷനോട് പുരുഷൻ ലജ്ജാകരമായതു ചെയ്തു. തങ്ങളുടെ തെറ്റിന് അർഹമായ ശിക്ഷ തങ്ങളിൽ തന്നെ പ്രാപിച്ചു (റോമർ 1: 26, 27). അനീതി പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു നിങ്ങൾ അറിയുന്നില്ലേ? നിങ്ങൾ വഞ്ചിതരാകരുത്. അസന്മാർഗികളും വിഗ്രഹാരാധകരും വ്യഭിചാരികളും സ്വവർഗഭോഗികളും കള്ളന്മാരും അത്യാഗ്രഹികളും മദ്യപന്മാരും പരദൂഷകരും കവർച്ചക്കാരും ദൈവരാജ്യം അവകാശമാക്കുകയില്ല (1 കോറിന്തോസ് 6: 910).

ഹൈന്ദവത

സ്വവർഗരതി പാപമാണെന്നും അത് ചെയ്യുന്നവർക്ക് കഠിന ശിക്ഷ നൽകണമെന്നും ഹൈന്ദവ ഗ്രന്ഥമായ മനുസ്മൃതി പറയുന്നത് കാണാം: കന്യവകന്യാം യാ കുര്യാ ത്തസ്യാസ്സ്യാദ്ദ്വിശതോദമഃ
ശൂല്ക്കഞ്ചദ്വിഗുണം ദദ്യാ ച്ചിഫാശ്ചൈവാപ്നുയാദ്ദശം.
(ഒരു കന്യകയെ മറ്റൊരു കന്യക മുൻപറഞ്ഞ വിധം അപായസ്ഥാനത്തിൽ വിരലുകൊണ്ടു പീഡിപ്പിച്ചാൽ അവൾക്ക് ഇരുന്നൂറു പണം ദണ്ഡം വിധിക്കേണ്ടതാകുന്നു. ആ കന്യകയ്ക്കുള്ള ശൂൽകദ്രവ്യം ഇരട്ടിയായിട്ട് അവളുടെ പിതാവിന് കൊടുപ്പിക്കുകയും ചാട്ടകൊണ്ട് പത്തടിയും അടിക്കേണ്ടതാകുന്നു).
യാതുകന്യാം പ്രകുര്യാൽ സ്ത്രീ സാസാദ്യോമൗണ്ഡ്യമഹതി
അംഗുള്യോരേവവാഛേദം ഖണോദ്വഹനന്തഥാ
(ഒരു സ്ത്രീ ഇങ്ങനെ ചെയ്താൽ അവളുടെ ശിരസ്സു മൊട്ടയടിച്ചു, രണ്ടു വിരലുകൾ അറുത്ത്, കഴുതമേൽ കയറി രാജവീഥിയിൽ കൂടി അടിച്ചു ഓടിക്കേണ്ടതാകുന്നു (മനുസ്മൃതി 8: 369, 370).
ബ്രാഹ്‌മണസ്യരുജഃ കൃത്യാ ഘ്രാതിരഘ്രേയമദ്യയോഃ
ജൈഹ്‌മ്യം ചഞ്ചമൈഥുനം പുംസിജാതിഭ്രംശകരംസ്മൃതം
(ബ്രാഹ്‌മണനു രോഗമുണ്ടാക്കുക, അഘ്രേയങ്ങളായ മദ്യം, വെളുത്തുള്ളി, മലം എന്നിവ ഘ്രാണിക്കുക, പുരുഷന്റെ വായിൽ മൈഥുനം ചെയ്യുക ഇവ ജാതിഭ്രംശകമായ ദുഷ്‌കൃത്യങ്ങളാകുന്നു (മനുസ്മൃതി 11: 67).
ചുരുക്കത്തിൽ മതങ്ങളും സമൂഹവും മ്ലേച്ചവും പ്രകൃതിവിരുദ്ധവും മാനസിക വിഭ്രാന്തിയുമായി മുദ്രകുത്തിയ സ്വർഗരതിക്ക് നാസ്തിക ലിബറലുകൾ മുറവിളി കൂട്ടുന്നത് ലജ്ജാവഹം തന്നെ.

ജുനൈദ് ഖലീൽ നൂറാനി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ