റമളാന്‍ മാസത്തിന്റെ ആരംഭം പ്രതീക്ഷിച്ച് കഴിഞ്ഞിരുന്ന കേരളത്തിന്റെ മക്കയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പൊന്നാനിയിലെ ബാല്യകാല അനുഭവങ്ങള്‍ മധുരിക്കുന്നതാണ്. അക്കാലത്ത് ഇവിടത്തെ സ്കൂളുകള്‍ മുസ്‌ലിം കലണ്ടറനുസരിച്ച് മദ്ധ്യ വേനലവധി റംസാന്‍ നോമ്പിന് ഒരു മാസത്തിലധികം ഒഴിവ് നല്‍കിയിരുന്നു. അതായിരുന്നു വിദ്യാഭ്യാസ വര്‍ഷത്തിലെ ദൈര്‍ഘ്യമുള്ള അവധിയും.

നിറഞ്ഞൊഴുകുന്ന പുഴയും കനോലി കനാലും കടലും കേര വൃക്ഷലതാധികളും പൂര്‍ണ അസ്തമയവും വര്‍ണാഭമായ കാഴ്ചകളാല്‍ വശ്യസുന്ദര മാസ്മരികത കളിയാടിയിരുന്ന ഭാരതപ്പുഴയുടെ തീരത്തുള്ള മരുമക്കത്തായ സന്പ്രദായത്തിലുള്ള ഒരു മുസ്‌ലിയാര്‍ തറവാട്ടിലാണ് ഞാന്‍ പിറന്നത്. വേനലും മഴയും മഞ്ഞും നിലാവും പ്രഭാതവും പ്രദോഷവും കവിത എഴുതിയ ഈ പുഴയോരത്താണ് പഴമയുടെ പെരുമ പേറുന്ന മസ്ജിദുകളായ തോട്ടുങ്ങല്‍ ജുമുഅത്ത് പള്ളിയും തെരുവത്ത് പള്ളിയും.

ശഅ്ബാന്‍ മാസം ആദ്യം മുതല്‍ തന്നെ പള്ളികളും വീടുകളും വെള്ള പൂശുകയും അടിച്ചു തെളിയും ശുദ്ധീകരണവും നടത്തും. ആഴ്ചകള്‍ നീണ്ട് നില്‍ക്കുന്ന റമളാന്‍ മുന്നൊരുക്ക മത പ്രസംഗ പരമ്പരയുമുണ്ടാകും. അവസാന നാളുകളില്‍ മുത്ത് നബിയുടെ തൃക്കല്ല്യാണവും വഫാത്തും വിവരിക്കുന്ന ദിനങ്ങളില്‍ ശ്രോതാക്കള്‍ തിങ്ങി നിറയും. തൃക്കല്ല്യാണ ദിവസം മുസ്‌ലിയാരെ പുതു വസ്ത്രങ്ങള്‍ അണിയിച്ച് ബൈത്തുകള്‍ ചൊല്ലി സദസ്സ്യര്‍ സന്തോഷപൂര്‍വം സ്റ്റേജിലേക്ക് ആനയിക്കും. ശഅ്ബാന്‍ 29 ന് തന്നെ കടപ്പുറത്തും പുഴയോരത്തും മാസപ്പിറവി കാണാന്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കും.

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ ഇന്നത്തെ പോലെ മാസം ഉറപ്പിക്കുന്നതിന് എകീകരണമില്ലായിരുന്നു. അക്കാലത്ത് മലബാറിലും കൊച്ചി രാജ്യത്തിലും പുകള്‍പെറ്റ തറവാടായിരുന്നു സയ്യിദ് ഹൈദ്രോസ് ഖബീലയുടെ ആസ്ഥാനമായ പൊന്നാനി വലിയ ജാറം. ചന്ദ്രപ്പിറവി കണ്ടാല്‍ ഇവിടത്തെ ഖാന്‍ സാഹിബ് ആറ്റക്കോയ തങ്ങളുടെ സന്നിദ്ധാനത്തിലെത്തി വിവരം ബോധിപ്പിക്കും. അംഗശുദ്ധി(വുളുഅ്) വരുത്തി മാസപിറ കണ്ട വിവരം സത്യം ചെയ്ത് പറഞ്ഞാല്‍ മാത്രമേ മാസം ഉറപ്പിക്കുകയുള്ളു. കണ്ടയാള്‍ക്ക് വെള്ളി ഉറുപ്പികയും പുതിയ (കോടി)മുണ്ടും നല്‍കും. തുടര്‍ന്ന് ഏഴ് കതീന വെടികള്‍ മുഴങ്ങും. ഇതായിരുന്നു മാസമുറപ്പിച്ചതിന്റെ അടയാളം. നാടാകെ പ്രകമ്പനം കൊളിക്കുന്ന വെടിയൊച്ച കേട്ടാല്‍ ഒരു മാസം നീണ്ട് നില്‍ക്കുന്ന ഭക്തി സാന്ദ്രമായ ദൈവിക കാരുണ്യത്തിന്റെ കവാടങ്ങള്‍ തുറക്കുന്ന ദിനരാത്രങ്ങളുടെ തുടക്കമായി ജനങ്ങളുറപ്പിക്കും. നാടാകെ റംസാന്‍ മാസത്തെ സസന്തോഷം വരവേല്‍ക്കുന്ന പ്രതീതിയും ആത്മീയ ചൈതന്യവും തിരയടിക്കും.

കൊച്ചി രാജ്യത്തിലെയും തിരുമലശ്ശേരി നാട്ടിലെയും വെട്ടത്ത് നാട്ടിലെയും വള്ളുവനാട്ടിലെയും പല മഹല്ലുകളുടെയും ഖാസി സ്ഥാനം വലിയ ജാറത്തിലെ തങ്ങള്‍ക്കായിരുന്നു. ഈ മഹല്ലുകളിലെ ഉലമാഉമറാക്കളും മുതവല്ലിന്മാരും നാട്ട് കാരണവന്മാരും നേരത്തെ തന്നെ വന്ന് വലിയ ജാറത്തിങ്കല്‍ ക്യാമ്പ് ചെയ്യും. ഒരേക്കര്‍ സ്ഥലത്ത് പരന്നു കിടക്കുന്ന ജാറം അങ്കണത്തിലും തറവാട്ടിലും പള്ളിയിലും പൂമുഖ മാളിക മുകളിലും അതിഥികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടാവും. മാസം ഉറപ്പിച്ച ഉടനെ സന്ദേശവുമായി ആഗതര്‍ സ്വദേശങ്ങളിലേക്ക് തിരിക്കും. പ്രതിനിധികള്‍ എത്താത്ത മഹല്ലുകളിലേക്ക് പ്രത്യേക ദൂതരെ വിട്ട് വിവരമറിയിക്കും. നോമ്പുതുറക്കും അത്താഴത്തിനും ജാറത്തിലെ നാഴികമണി മുഴങ്ങിയിരുന്നത് ഫര്‍ലോങ്ങുകള്‍ക്ക് അകലെവരെ കേള്‍ക്കും.

ഇല്ലായ്മയുടെ നാളുകളായിരുന്നുവെങ്കിലും ഉച്ചതിരിഞ്ഞാല്‍ അടുക്കളയില്‍ നിന്ന് ഉയര്‍ന്ന് വരുന്ന കറിക്കൂട്ടുകളുടെ നറുമണവും പ്രത്യേക ദിവസങ്ങളില്‍ ഉമ്മ തയ്യാറാക്കിയിരുന്ന മധുര പലഹാരങ്ങളുടെയും ബാപ്പ പള്ളിയില്‍ നിന്ന് കൊണ്ടുവരുന്ന ചീരണിയുടെ രുചിയും ആലോചിക്കുള്‍ ഏതു പൊന്നാനിക്കാരനും ഇന്നും നാവില്‍ വെള്ളുമൂറും. തേങ്ങാപാല്‍ പുരട്ടിയ പത്തിരിയും ഇറച്ചിക്കറിയും ജീരകകഞ്ഞിയും പച്ചപ്പഴം വരട്ടിയതും ചെറുമീന്‍ മുളകിട്ട കറിയുമാണ് നോമ്പ് തുറക്ക് ഒരുക്കുന്ന പ്രധാന വിഭവം. കോഴികള്‍ സുലഭമായിരുന്നില്ല. അസര്‍ നിസ്കാരനാന്തരം കൂട്ടുക്കാരുമൊത്ത് കടല്‍ തീരത്തേക്ക് പോയി സൂര്യാസ്തമയത്തിന് അല്‍പം മുമ്പുള്ള തിരിച്ചുവരവായിരുന്നു വൈകുന്നേരത്തെ പ്രധാന നേരംപോക്ക്. അന്ന് കടപ്പുറം വിശാലവും വിജനവുമായിരുന്നു.

കേരളത്തിന്റെ ഈ മുസ്‌ലിം പൈതൃകഭൂമിയില്‍ മുതിര്‍ന്നവരും കുട്ടികളും പുണ്യമാസം ഉള്‍കൊള്ളാന്‍ മനസാ വാചാ കര്‍മണാ സജ്ജരായിരിക്കും. കുഞ്ഞന്‍ നോമ്പുതുറ, വലിയ നോമ്പുതുറ, മുത്താഴം, അത്താഴം എന്നിങ്ങനെ രാത്രി ഭക്ഷണസമയം സവിശേഷം തന്നെ. നഗരത്തിലെ തറവാട്ടുകാര്‍ക്ക് നോമ്പിന്റെ ചിട്ട വട്ടകള്‍ ഒന്ന് വേറെ തന്നെയാണ്. ഭാഗികമായി മരുമക്കത്തായ സന്പ്രദായം നിലനിന്നിരുന്ന ഇവിടെ പുതിയാപ്ലമാര്‍ ഭാര്യ വീട്ടിലാണ് അന്തിയുറങ്ങാറ്. ഭര്‍ത്താക്കാന്മാരുടെ വകയായുള്ള സമ്മാനങ്ങള്‍ റമളാന് മുന്പെ ഭാര്യവീട്ടിലെത്തിക്കും. ഒരു ചാക്ക് അരി, വിറകിന് ആയിരം തേങ്ങാ ചകിരി, ഉപ്പു തൊട്ട് കര്‍പ്പൂരം വരെയുള്ള പലവ്യജ്ഞനങ്ങള്‍ എന്നിവ നിര്‍ബന്ധം. അത്താഴം പാകം ചെയ്യാന്‍ ജോലിക്കാരെ നിയോഗിക്കും. ഭാര്യാ വീട്ടില്‍ നിന്ന് അത്താഴം കഴിക്കുകയാണെങ്കില്‍ ഇവ കൂടുതല്‍ കൊടുത്തയക്കണം.

റമളാന്‍ ഇരുപത് കഴിഞ്ഞാല്‍ വധുവിന്റെ വീട്ടിലെ വേലക്കാരികള്‍ക്കടക്കം പുതു വസ്ത്രം എത്തിക്കണം. ഓരോരുത്തരുടെ സാമ്പത്തിക ശേഷിക്കനുസരിച്ച് പെരുന്നാള്‍ ചെലവിലേക്കായി കൂടുതല്‍ തുക വെറെയും നല്‍കും. പകരമെന്നോണം പുതിയാപ്ലമാര്‍ക്ക് കുഞ്ഞന്‍ നോമ്പുതുറ(കുടിവെള്ളം) അവരുടെ തറവാടുകളിലേക്ക് കൊടുത്തയക്കും; കച്ചവടക്കാരാണെങ്കില്‍ കടകളിലേക്ക് എത്തിക്കണം. ചില പ്രത്യേക ദിവസങ്ങളില്‍ മുത്താഴവും കൊടുത്തയക്കും. നോമ്പുതുറ, മുത്താഴം സല്‍ക്കാരങ്ങള്‍ വിഭവ സമൃദ്ധമായിരിക്കും. മുട്ടമാല, മുട്ട സുര്‍ക്ക, കോഴിയട, ചിരട്ടമാല, നിറച്ച പത്തിരി, കിട്ത, കാരക്കപ്പം, പാലട(മയ്യത്തപ്പം) തുടങ്ങിയ വിവിധ തരം സ്വാദിഷ്ട പലഹാരങ്ങളാല്‍ സുപ്രകള്‍ നിറയും. പഴുത്ത പഴവും അല്‍പം നെയ്യും പഞ്ചസാരയും ചേര്‍ത്തായിരിക്കും മിക്കവാറും അത്താഴ ചോറിന്റെ അവസാന ഉരുളകള്‍.

രാത്രികളില്‍ കുട്ടികള്‍ വര്‍ണക്കടലാസു കൊണ്ട് ചെറിയപാനീസും കുട്ടിപാനീസുമുണ്ടാക്കി വീട്ടിലും വലിയ മോഡല്‍ അയല്‍ വീടുകളിലും കൊണ്ടു നടന്ന് പ്രദര്‍ശിപ്പിക്കും. മൂപ്പെത്തിയ മുളയുടെ അടിഭാഗം മൂന്നരയടി നീളത്തില്‍ മുറിച്ച് ചൂടിക്കയര്‍ കെട്ടിവരിഞ്ഞ് നിര്‍മിച്ച മുത്താഴക്കുറ്റികളില്‍ ദ്വാരമുണ്ടാക്കി മണ്ണെണ്ണ ഒഴിച്ച് ചൂടാക്കി പൊട്ടിക്കുന്ന പതിവ് സര്‍വ സാധാരണമായിരുന്നു.

ഇന്നത്തെ പോലെ പള്ളികളില്‍ സമൂഹ നോമ്പുതുറ കുറവായിരുന്നു. ചില പള്ളികളില്‍ കാരക്കയും വെള്ളവും കിട്ടും. മറ്റിടങ്ങളില്‍ മണ്‍കലത്തിലുള്ള ശുദ്ധജലം മാത്രമേ ഉണ്ടാകൂ. പഴ വര്‍ഗങ്ങള്‍ക്ക് പകരം പൊരിച്ച പലഹാരങ്ങളും തരിക്കഞ്ഞിയുമാണ് മുഖ്യം. പടാപ്പുറത്തും കൊട്ടിലിലും പായ വിരിച്ച് സുപ്രക്ക് ചുറ്റും വളഞ്ഞിരുന്ന് ചുരുങ്ങിയത് പത്ത് പേര്‍ക്കെങ്കിലും ഒരുമിച്ച് ഭക്ഷണം കഴിക്കാവുന്ന വലിയ പാത്രത്തില്‍ നിന്നായിരിക്കും വീടുകളിലെ നോമ്പുതുറ. ബീഡി തെരുപ്പ് വ്യാപകമായിരുന്ന അക്കാലത്ത് വാസന പുകയില ബീഡി റമളാനില്‍ സുലഭമായി ലഭിക്കും. തറാവീഹിന് ശേഷം നാട്ടു കാരണവന്മാരുടെ സദസ്സുകളില്‍ വാസന പുകയിലയും മറ്റിനങ്ങളും ചേര്‍ത്ത ഹുക്കകളും സ്ഥാനം പിടിച്ചിരുന്നു.

തറാവീഹിന് അലം തറ മുതല്‍ സൂറത്തുന്നാസ് വരെയുള്ള പത്ത് ചെറിയ സൂറത്തുകള്‍ രണ്ടു പ്രാവശ്യം ഓതി ഇരുപത് റക്അത്ത് നിസ്കരിക്കലാണ് പതിവ്. ചില ദിവസങ്ങളില്‍ സൂറത്തുറഹ്മാനും, വാഖിഅയും ഓതും. ഇന്നത്തെ പോലെ ഖുര്‍ആന്‍ പൂര്‍ണമായും മനഃപാഠമാക്കിയ ഹാഫിസീങ്ങളെ പള്ളികളില്‍ നിയമിക്കുന്ന പതിവില്ല. സുബഹി നിസ്കാരത്തിന് മുമ്പ് വലിയ പള്ളിയിലെ മഖ്ദൂം കുഞ്ഞാട്ടി മുസ്‌ലിയാരുടെ അല്ലാഹുമ്മ യാ വാജിബല്‍ വുജൂദ് എന്നാരംഭിക്കുന്ന ഭക്തി നിര്‍ഭരമായ ദുആ മധ്യവയസ്കരുടെ സ്മരണയില്‍ മായാത്ത ഓര്‍മയാണ്.

സമ്പന്നര്‍ മൊത്തവ്യാപാരത്തിലും മറ്റും ഏര്‍പ്പെട്ടപ്പോള്‍ സാധാരണക്കാര്‍ ഇടത്തരം കച്ചവടത്തിലും പീടിക തൊഴിലിലും ചുമട്ടു തൊഴിലിലും ബീഡിതെറുപ്പിലുമായി വ്യാപൃതരായി. അപ്പം പൊരിച്ച് വില്‍ക്കലും ആടുവളര്‍ത്തി പാല്‍ വിതരണവും ബീഡിതെറപ്പും മുസ്‌ലിം സ്ത്രീകളുടെ കുടില്‍ വ്യവസായമായിരുന്നു. കടലില്‍ മത്സ്യബന്ധനം നടത്തിയും പുഴയിലിറങ്ങി കക്കവാരിയും പൊടിച്ചെമ്മീന്‍ അരിച്ചും ചെറുവഞ്ചികളില്‍ പോയി വല വീശിയും കയര്‍ പിരിച്ചും ഓല മെടഞ്ഞും വഞ്ചികുത്തിയും  ഉപജീവനം കഴിച്ചിരുന്ന തലമുറ കടലോരത്തും പുഴയോരത്തും കനാലോരത്തും കായലോരത്തുമായി ജീവിച്ചുകൂടി. ഒരു നേരമോ രണ്ടു നേരമോ കഞ്ഞികുടിച്ചപ്പോഴും അര്‍ധപട്ടിണിയിലും മുഴുപട്ടിണിയിലും കഴിഞ്ഞപ്പോഴും റമളാന്റെ പൊലിവും ആദരവും സംസ്കൃതിയും അവര്‍ കൈ വെടിഞ്ഞില്ല.

വീടുകളില്‍ മൊല്ലാമാരുടെ ഖത്തം ഓത്ത് വ്യാപകമായിരുന്നു. ഖുര്‍ആന്‍ ഹിസ്ബ് ക്ലാസുകള്‍ പള്ളികളില്‍ സജീവമായിരുന്നു. മദ്രസകള്‍ കുറവായിരുന്ന അക്കാലത്ത് തജ്വീദ് അനുസരിച്ചുള്ള ഖുര്‍ആന്‍ പഠനം സജീവമായിരുന്നത് ഇത്തരം ക്ലാസുകളിലൂടെയായിരുന്നു. മുസ്‌ലിം സാംസ്കാരിക സംഘടനകളുടെ കീഴില്‍ കഞ്ഞിപാര്‍ച്ചയും വസ്ത്രവിതരണവും നടന്നിരുന്നു. റിലീഫ് വ്യാപകമല്ലാത്ത അക്കാലത്ത് വലിയ കാര്യങ്ങളായിരുന്നു ഇതെല്ലാം. പതിനാറാം ഖുനൂത്ത് ഇരുപത്തിഒന്നാം രാവ്, ഇരുപത്തിയേഴാം രാവ് തുടങ്ങിയവയായിരുന്നു പ്രത്യേക ദിനങ്ങള്‍.

അവസാന പത്തായാല്‍ ദിന രാത്രങ്ങളുടെ വേഗത വര്‍ധിച്ചതായി തോന്നും. വലിയ പള്ളിയില്‍ വിവിധ നാടുകളില്‍ നിന്ന് ഇഅ്തികാഫ് ഇരിക്കാന്‍ ഭക്തര്‍ എത്തും. ധനാഢ്യര്‍ ഏറെ സമ്പത്ത് ഇവിടെവെച്ചായിരുന്നു വിതരണം ചെയ്തിരുന്നത്. സുബഹി നിസ്കാരാനന്തരം പണ്ഡിതന്മാരും നാട്ടുകാരണവന്മാരും ചേര്‍ന്ന് അകത്തെ പള്ളിയില്‍ വിളക്കുകള്‍ അണച്ച് ചൊല്ലിയിരുന്ന ഔറാദ് ദിക്റുകള്‍ ഭക്തിമയവും കര്‍ണാന്ദകരവുമായിരുന്നു. തസ്ബീഹ് നിസ്കാരവും നടന്നിരുന്നു. ഇരുപത്തിയേഴാം രാവില്‍ പള്ളികള്‍ വിശാസികളെ കൊണ്ട് നിറഞ്ഞുകവിയും.

കാരക്ക, ഓമക്കായ, ചെറുനാരങ്ങ തുടങ്ങിയവ പാകം ചെയ്ത് പ്രത്യേകം തയ്യാറാക്കിയ പൊന്നാനി അച്ചാറുകള്‍ ഇവിടം സന്ദര്‍ശിക്കുന്നവര്‍ക്ക് ഇന്നും രുചിക്കൂട്ടുകളുടെ ഓര്‍മകളാണ്. വലിയ പള്ളിയിലെ തറാഹീന് പങ്കെടുക്കാന്‍ എത്തുന്ന വിശിഷ്ട അതിഥികളില്‍ നോമ്പു തുറയും മുത്താഴവും അച്ചാര്‍ പൊതിയും സ്വീകരിക്കാത്തവര്‍ ചുരുക്കം. അത്രയും ഹൃദ്യവും ഊഷ്മളവുമായിരുന്നു ആ ഒത്തു ചേരല്‍.

“വെട്ടി വെട്ടി മീക്ക്, സൈതാലി മിസ്കീനെ നോക്ക്, അള്ളാ നിങ്ങള്‍ക്ക് സുഖം നല്‍കട്ടെ’

എന്ന ഈരടികള്‍ ഈണത്തില്‍ പാടി സുറുമക്കുപ്പിയും വെള്ളിക്കോലുമായി സഹൃദയരുടെ കണ്ണില്‍ സുറുമ എഴുതിയിരുന്ന ഒരു വന്ദ്യവയോധികന്‍ അക്കാലത്ത് ഇവിടെയുണ്ടായിരുന്നു.

ഇദ്ദേഹത്തെ സൈതാലി മിസ്കീന്‍ എന്നാണ് ദേശക്കാര്‍ വിളിച്ചിരുന്നത്. റമളാന്‍ രാവുകളുടെ അന്ത്യയാമങ്ങളില്‍ നഗരത്തിന്റെ ഇടവഴികളിലൂടെ കുട്ടികളും യുവാക്കളും ഒന്നിച്ച് നടന്ന് തസ്ബീഹ് തഹ്ലീലുകള്‍ ചൊല്ലി എല്ലാവരെയും സുബഹി നിസ്കാരത്തിന് പള്ളിയിലേക്ക് ക്ഷണിക്കല്‍ ഇദ്ദേഹത്തിന്റെ ശീലമായിരുന്നു.

ശില്‍പ കലാ ലക്ഷണമൊത്ത പള്ളികള്‍, തൊട്ടടുത്ത പള്ളിക്കാടുകള്‍, നിരനിരയായുള്ള മീസാന്‍(നിശാന്‍) കല്ലുകള്‍, മഖ്ബറകള്‍, ജാറങ്ങള്‍ തലമുറകളുടെ സാക്ഷിയായി നൂറ്റാണ്ടുകള്‍ പിന്നിട്ട വീട്ടുകള്‍, ഒരേ സമയം പള്ളികളില്‍ നിന്നുയരുന്ന ഭക്തിമയവും കര്‍ണാനന്ദകരവുമായ വാങ്ക്വിളികള്‍, സുബഹിക്കും മഗ്രിബിനും മസ്ജിദുകളുടെ അകത്തളങ്ങളില്‍ നിന്നുയരുന്ന തസ്ബീഹ്, തഹ്ലീല്, സ്വലവാത്ത്, തിലാവത്തുകളുടെ ശബ്ദവീചികള്‍ നെഞ്ചകം നിര്‍വൃതികൊള്ളിക്കും. നിശയുടെ അന്ത്യയാമങ്ങളില്‍ ആരംഭിക്കുന്ന വേറിട്ടുള്ള വാങ്ക്വിളികള്‍ സുബഹിയായാല്‍ കൂട്ടവാങ്കുകളായി അവസാനിക്കുന്നതും റമളാനിലെ വലിയപള്ളിയുടെ പൊലിവും മാഹാത്മ്യവും ആകര്‍ഷണീയതയും തുടങ്ങി പല പ്രത്യേകകതകളാല്‍ സമ്പന്നമായിരുന്നു പൊന്നാനിയിലെ റമളാന്‍ കാലം.

ടിവി അബ്ദുറഹ്മാന്‍ കുട്ടി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ