കേരളത്തിൽ ഹദീസുകൾക്കെതിരെ മാന്യതയില്ലാത്ത ഭാഷയിലും സഭ്യേതര ശൈലിയിലും ആക്രമണം അഴിച്ചുവിട്ട വ്യക്തിയാണ് അബുൽ ഹസൻ മുഹമ്മദ് എന്ന ചേകന്നൂർ മൗലവി. അറുപതുകളുടെ ആരംഭത്തിൽ ജമാഅത്തിലൂടെ കടന്നുവന്ന് 1965ൽ മുജാഹിദ് പ്രസ്ഥാനത്തിലെത്തിച്ചേർന്ന മൗലവി വിശാലവും സ്വതന്ത്രവുമായ ഒരു ചിന്താലോകത്തേക്കാണ് പിന്നീട് ചെന്നുപെട്ടത്. അവിടെ ഇസ്‌ലാമിന്റെ അടിസ്ഥാന തത്ത്വങ്ങളോ നിദാനങ്ങളോ ഒന്നും മൗലവിക്ക് ബാധകമായിരുന്നില്ല. തന്റെ സ്വതന്ത്രവും വികലവുമായ ചിന്തകൾ മാത്രമാണ് അദ്ദേഹം മതനിയമമെന്നോണം പ്രഖ്യാപിച്ചിരുന്നത്. ഇതിന് സൗകര്യപ്പെടും വിധം മദ്ഹബുകളുടെ തിരസ്‌കാരം ആദ്യമായി മൗലവി മുന്നോട്ടുവെച്ചു. ഇസ്‌ലാമിന്റെ ഏകത മദ്ഹബുകൾ നശിപ്പിക്കുന്നുവെന്ന ബിദഈ കക്ഷികളുടെ ന്യായം തന്നെയായിരുന്നു മൗലവിയും എഴുന്നള്ളിച്ചത്. ഈ വാദത്തിൽ മുജാഹിദ് നേതാക്കളും അദ്ദേഹത്തിന് കൂട്ടിനുണ്ടായിരുന്നു.
മദ്ഹബുകൾ മാത്രമല്ല, ഹദീസുകളും തള്ളിക്കളയേണ്ടതാണെന്നായി പിന്നീട് മൗലവിയുടെ ഗവേഷണം. വാറോലകൾ എന്നാണ് ചില തിരുഹദീസുകളെ മൗലവി പരിചയപ്പെടുത്തിയിരുന്നത്. തന്റെ പ്രസിദ്ധീകരണങ്ങളായ നിരീക്ഷണത്തിലും അൽബുർഹാനിലും കടുത്ത ഭാഷയിൽ പ്രവാചകരുടെ ഹദീസുകൾക്കെതിരെ ചേകന്നൂർ പടവെട്ടി. ഹദീസുകൾ സ്വീകരിക്കാൻ സ്വഹാബി മുതൽ രണ്ട് പേർ വേണമെന്ന മുൻകാല പണ്ഡിതന്മാർക്കൊന്നുമില്ലാത്ത ന്യായമാണ് മൗലവി ഉന്നയിച്ചത്. ഖബർ വാഹിദുകളെ (ഒറ്റ റിപ്പോർട്ടർമാരുള്ള ഹദീസുകൾ) അന്യായമായി വിമർശിക്കുകയും വാറോലകൾ, ജൂതായിസം തുടങ്ങിയ കടുത്ത പ്രയോഗങ്ങൾ നടത്തുകയും ചെയ്തു. രണ്ട് സ്വഹാബികൾ ഉദ്ധരിച്ച ഹദീസുകൾ മാത്രമേ സ്വീകരിക്കാവൂ എന്ന പിടിവാശിയിലൂടെ മൗലവി ലക്ഷ്യം വെച്ചത് സുന്നത്തിനെ നശിപ്പിക്കുക, അതിന്റെ പ്രാമാണികതയും വിശ്വാസ്യതയും തകർക്കുക എന്നിവയായിരുന്നു.
മാത്രമല്ല, പ്രമുഖ സ്വഹാബിയും കൂടുതൽ ഹദീസുകൾ റിപ്പോർട്ട് ചെയ്ത വ്യക്തിയുമായ അബൂഹുറൈറ(റ)വിനെ വളരെ മോശമായ നിലയിലാണ് മൗലവി ആക്രമിച്ചത്. ജൂതന്മാരും ഓറിയന്റലിസ്റ്റുകളും അദ്ദേഹത്തിനെതിരെ ഉന്നയിച്ച ദുരാരോപണങ്ങൾ ആവർത്തിക്കുകയായിരുന്നു ചേകന്നൂർ. താൻ നിർമിച്ചുകൊണ്ടിരുന്ന മോഡേൺ ഇസ്‌ലാമിന് വിലങ്ങ് തടിയായാണ് അബൂഹുറൈറ(റ) ഉൾപ്പെടെയുള്ള സ്വാഹാബിമാരെ മൗലവി കണ്ടത്.
ഇതിനു പുറമെ, ചേകന്നൂർ മതത്തിൽ വാങ്കും ഇഖാമതും ഇല്ല. മൗലവി എഴുതി: ബാങ്കും ഇഖാമതുമെല്ലാം അതേ അബൂഹുറൈറ ഇറക്കുമതി ചെയ്ത തനി അനാചാരങ്ങളാണെന്നാണ് ഇവിടെ ശക്തിയായി സ്ഥാപിക്കാൻ പോകുന്നത് (ഖുർആൻ വിരുദ്ധ വാങ്കും ഇഖാമതും: മൗലവി ചേകന്നൂർ 1990).
അതുപോലെ അഞ്ച് നേരത്തെ നിസ്‌കാരങ്ങൾ ഇല്ല. ഉണ്ടെന്ന് പറയുന്ന നിസ്‌കാരങ്ങൾക്ക് തന്നെ മുസ്‌ലിം ഉമ്മത്ത് അനുഷ്ഠിക്കുന്ന ക്രമവും രൂപവുമല്ല. റമളാനിൽ നിർബന്ധ വ്രതമില്ല. മൂന്ന് വ്രതം മതി. അതും ഐച്ഛികം. സർക്കാറിന് നികുതി അടക്കുന്നവർ സകാത്ത് നൽകേണ്ടതില്ല. ഹജ്ജിൽ കല്ലേറ് ഇല്ല. മിഅ്‌റാജ് പെരുങ്കള്ളം. നബിയുടെ മേൽ ചെല്ലുന്ന സ്വലാത്തും സലാമും അല്ലാഹുവിനോടുള്ള ധിക്കാരമാണ്. ഇസ്‌ലാം കാര്യം അഞ്ചല്ല, പത്തെണ്ണമുണ്ട്. എല്ലാ ഉൽപന്നങ്ങൾക്കും സകാത്ത് നൽകേണ്ടതുണ്ട്. ബുഖാരിയും മുസ്‌ലിമും ഒഴിച്ചുള്ള എല്ലാ മതഗ്രന്ഥങ്ങളും സത്യമാണ്. ഓരോ മതവിഭാഗവും അവരുടെ മതമനുസരിച്ച് ജീവിച്ചാൽ തന്നെ രക്ഷപ്പെടുമെന്ന സർവസമത സത്യവാദവും ചേകന്നൂർ മുന്നോട്ടുവെച്ചു. ഇങ്ങനെ നീളുന്നു ചേകന്നൂർ മൗലവിയുടെ പ്രമാണവിരുദ്ധമായ ഗവേഷണ കസർത്തുകൾ.
ഇവയുടെ മുനയൊടിക്കുന്ന നിരവധി ഹദീസുകൾ അബൂഹുറൈറ(റ) റിപ്പോർട്ട് ചെയ്തതുകൊണ്ടാണ് മൗലവി ആദ്യമേ അബൂഹുറൈറ(റ)വിനെ പിടികൂടിയത്. സ്വഹാബത്തിനെ വിശ്വസിക്കാൻ കൊള്ളാത്ത വിഭാഗമായി അവതരിപ്പിച്ച മുബ്തദിഉകളാണ് ചേകന്നൂരിന്റെ പ്രചോദകർ. കേരളത്തിലെ പണ്ഡിതന്മാർ പറയുന്നത് ദീനിൽ തെളിവല്ലാത്തതുപോലെ സ്വഹാബത്ത് പറയുന്നതും ദീനിൽ തെളിവല്ല (ജുമുഅ ഖുത്ബ മദ്ഹബുകളിൽ പേ. 84) എന്നെഴുതിവിട്ട വാഴക്കാട് അബ്ദുറഹ്‌മാൻ മൗലവിയും, വെള്ളിയാഴ്ചത്തെ രണ്ടാം വാങ്ക് ഉസ്മാൻ(റ) ഇസ്‌ലാമിൽ കടത്തിക്കൂട്ടിയ അനാചാരമാണെന്ന് ജൽപ്പിച്ച മറ്റു മൗലവിമാരും ചേകന്നൂരിനെ മുഴത്തിനു മുഴം പിന്തുടരുകയായിരുന്നു.
മുസ്‌ലിംകൾക്കിടയിൽ ധാരാളം യഹൂദികളുടെ കള്ളക്കഥകൾ അബൂഹുറൈറ, അബ്ദുല്ലാഹിബ്‌നു അബ്ബാസ്, തമീമുദ്ദാരി തുടങ്ങിയവരാണ് കടത്തിക്കൂട്ടിയത്, ഹദീസ് നിവേദകരിൽ ഒന്നാംകിടക്കാരനായ അബൂഹുറൈറ ഇസ്‌ലാം സ്വീകരിച്ചത് തന്നെ ചാരവൃത്തിക്ക് വേണ്ടിയാണ് എന്നെഴുതിവിട്ട മുഹമ്മദ് കുട്ടശ്ശേരിക്കും (അൽമനാർ 1959 ഒക്‌ടോബർ. പുസ്തകം 9 ലക്കം 6 പേ. 150, 151) ചേകന്നൂർ മൗലവിയുടെ വഴിതന്നെയായിരുന്നു പഥ്യം.
അബൂഹുറൈറ(റ) 5374 ഹദീസുകളാണ് ആകെ ഉദ്ധരിച്ചിട്ടുള്ളത്. ഇതിൽ 446 ഹദീസുകൾ ഇമാം ബുഖാരി(റ) സ്വഹീഹിൽ ചേർത്തിട്ടുണ്ട്. ഈ ഹദീസുകൾക്കെല്ലാം മറ്റു സ്വഹാബിമാർ ഉദ്ധരിച്ച ഹദീസുകളുടെ പിൻബലവുമുണ്ട്. എന്നിരിക്കെ അബൂഹുറൈറ(റ)യെ തിരഞ്ഞ് പിടിച്ച് അക്രമിക്കുന്നതിന്റെ പ്രചോദനം ജൂതസംസ്‌കാരത്തോടുള്ള ആഭിമുഖ്യമാണെന്നതിൽ സന്ദേഹമില്ല. പ്രമുഖ സ്വഹാബികളായ അബൂസഈദുൽ ഖുദ്‌രി, ഇബ്‌നു ഉമർ, അബൂമൂസൽ അശ്അരി, റഫീഉബ്‌നു ഖജീദ്, ഉഖ്ബ സുബൈർ, ആഇശ(റ) തുടങ്ങിയവർ അബൂഹുറൈറ(റ) ഉദ്ധരിച്ച പല ഹദീസുകളും റിപ്പോർട്ട് ചെയ്തവരാണ്. വാങ്കും നിസ്‌കാര സമയങ്ങളും പരിചയപ്പെടുത്തുന്ന ഹദീസുകളിൽ പലതിന്റെയും റിപ്പോർട്ടർമാരും ഇവരാണ്. എന്നിട്ടും അബൂഹുറൈറ(റ)യുടെ പെരുംകള്ളം എന്നാണ് മൗലവിയുടെ ആരോപണം.
അബൂഹുറൈറ(റ)ക്കെതിരെയുള്ള വിമർശനങ്ങൾ മഹാൻ ഉദ്ധരിച്ച ഹദീസുകൾക്കെതിരെ മാത്രമല്ല ശത്രുക്കൾ ഉന്നയിച്ചിട്ടുള്ളത്. അബൂഹുറൈറയുടെ ഇസ്‌ലാമിന് മുമ്പുള്ള പേര്, ഗോത്രം തുടങ്ങിയവയെല്ലാം വിമർശന വിധേയമാക്കിയിട്ടുണ്ട്. പലതിനും വിശദമായ മറുപടികൾ ഇബ്‌നു ഹജർ(റ) തന്റെ തഹ്ദീബു തഹ്ദീബിൽ കുറിച്ചിട്ടുണ്ട്. അബൂഹുറൈറ(റ) ഗോത്ര രഹിതനായിരുന്നു, ഭിക്ഷയാചിച്ചു നടന്നിരുന്ന മേൽവിലാസമില്ലാത്ത ആളായിരുന്നു തുടങ്ങി അനേകം ആരോപണങ്ങൾ വേറെയുമുണ്ട്.
എന്നാൽ നിരവധി ചരിത്ര സാക്ഷ്യങ്ങൾ അബൂഹുറൈറയുടെ ഔന്നത്യവും പ്രതാപവും വ്യക്തമാക്കിയിട്ടുണ്ട്. യമനിലെ പ്രസിദ്ധമായ ഖഹ്ത്വാനി തറവാട്ടിലെ ഔസ് ഗോത്രക്കാരനാണ് അദ്ദേഹം. തന്റെ ഗോത്രത്തിലെ നീറുന്ന പ്രശ്‌നങ്ങൾക്ക് മാധ്യസ്ഥ്യം വഹിക്കുകയും ഗോത്രത്തിന്റെ അഭിമാനമായി വിശേഷിപ്പിക്കപ്പെടുകയും ചെയ്ത വ്യക്തിത്വമായിരുന്നു. അദ്ദേഹത്തിന്റെ ആജ്ഞകൾക്കോ അഭിപ്രായങ്ങൾക്കോ ഒരു എതിർശബ്ദം പോലും ഉയർന്നിരുന്നില്ല. സ്വന്തം നിലക്ക് മാത്രമല്ല, പിതൃസഹോദരന്മാർ, മാതുലന്മാർ തുടങ്ങിയ ബന്ധുക്കളെല്ലാം ഉയർന്ന പ്രതാപികളും തന്റേടികളുമായിരുന്നു. മഹാന്മാരായ ഇബ്‌നു ഹജർ(റ) അൽഇസ്വാബയിലും ഇമാം ഹാകിം(റ) മുസ്തദ്‌റകിലും അബൂഹുറൈറ(റ)യുടെ വ്യക്തിത്വം സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.
മുസ്‌ലിം ലോകം പ്രാമാണികമായി അവലംബിച്ചുവരുന്ന രണ്ട് ഹദീസ് ഗ്രന്ഥങ്ങളാണ് ഇമാം ബുഖാരി(റ)യുടെയും ഇമാം മുസ്‌ലിമി(റ)ന്റെയും സ്വഹീഹുകൾ. വളരെ സ്വീകാര്യതയോടെയും ആദരവിലും മുസ്‌ലിംകൾ കണ്ടുവരുന്ന ഈ രണ്ടു ഇമാമുമാരെയും ചേകന്നൂർ വിശേഷിപ്പിക്കുന്നത് വായിക്കാം: അഹ്‌ലുൽ ഹദീസുകാരുടെ ഇമാമുകളായ ബുഖാരിയും മുസ്‌ലിമും ലോക പൊള്ളന്മാരാണെന്നും നബിയെയും ഇസ്‌ലാമിനെയും താറടിക്കാനും ഖുർആൻ വിരുദ്ധമായ ജൂതനിയമങ്ങൾ ഇസ്‌ലാമിലേക്ക് കുത്തിക്കയറ്റാനും വേഷംമാറിവന്ന ജൂത ഏജന്റുമാരാണെന്നും ലക്ഷ്യസഹിതം തെളിയിക്കപ്പെട്ട് കഴിഞ്ഞാൽ പിന്നെ ഏകസാക്ഷി, രണ്ട് സാക്ഷി ചർച്ചകൾക്കൊന്നും യാതൊരു ആവശ്യവുമില്ലെന്ന് മാന്യവായനക്കാരെ ഉണർത്തിക്കൊള്ളുന്നു. എന്നാൽ പിന്നെ നബിയിൽനിന്ന് രണ്ട് സാക്ഷികൾ മുഖേന തെളിഞ്ഞുകിട്ടിയ എല്ലാ ഹദീസുകളും ഇസ്‌ലാമിന്റെ രണ്ടാം പ്രമാണമായി സ്വീകരിക്കുമെന്നെന്തിന് പറഞ്ഞു എന്നായിരിക്കും ചോദ്യം. അല്ലാഹുവിന് ഒരു കുട്ടിയുണ്ടെങ്കിൽ ആ കുട്ടിയെ ആദ്യമായി ആരാധിക്കുന്നവൻ ഞാൻ ആയിരിക്കും എന്ന് നീ പ്രഖ്യാപിക്കൂ എന്ന് ഖുർആൻ 43:81ൽ അല്ലാഹു നബിയോടാജ്ഞാപിക്കുകയുണ്ടായല്ലോ. അതിന്റെ ലക്ഷ്യമെന്തായിരുന്നുവെങ്കിൽ അതേ ലക്ഷ്യം തന്നെയാണിതിലുമുള്ളത്. രണ്ടും എതിരാളികളെ മുട്ടുകുത്തിക്കാനുള്ള പ്രഖ്യാപനമാണെന്ന് സാരം (ബുഖാരിയും മുസ്‌ലിമും ലോക പൊള്ളന്മാരാണെന്നതിന്റെ വ്യക്തമായ തെളിവുകൾ – മൗലവി ചേകന്നൂർ പേ. 5).
എല്ലാ ഹദീസുകളെയും തിരസ്‌കരിക്കുകയാണ് ഈ വരികളിലൂടെ മൗലവി ചെയ്തത്. നെറികെട്ട ഭാഷയിൽ മഹത്തുക്കളായ സ്വഹാബത്തിനെയും ഇമാമുമാരെയും അധിക്ഷേപിച്ച ചേകന്നൂരിയൻ വാറോലകൾ ഇനിയും ഉദ്ധരിക്കാനുണ്ട്. ഹദീസുകളെ നിഷേധിച്ചും ഖുർആനിനെ ദുർവ്യാഖ്യാനിച്ചും തന്റേതായ ഒരു മതം സൃഷ്ടിക്കാനായിരുന്നു മൗലവിയുടെ ശ്രമം. ഹദീസുകളെ പൂർണമായി തള്ളുമ്പോഴും ചേകന്നൂർ തന്റെ ഗവേഷണ പ്രസ്ഥാനത്തിന് പേരുവെച്ചത് ഖുർആൻ – സുന്നത്ത് സൊസൈറ്റി എന്നാണ്. എന്താണാവോ ഈ സുന്നത്തിന്റെ അർത്ഥം? മൗലവിയുടെ ഗവേഷണത്തിൽ സാധൂകരിക്കപ്പെട്ട ഹദീസുകളുണ്ടോ എന്ന ചോദ്യം പ്രസക്തമാണല്ലോ! ചേകന്നൂരിന് ശേഷവും സൊസൈറ്റിയുമായി ഇപ്പോഴും ചിലർ രംഗത്തുണ്ട്. ചില ഹദീസുകൾ തിരഞ്ഞുപിടിച്ച് വിശ്വാസികൾക്കിടയിൽ സംശയം ജനിപ്പിക്കുന്ന വക്രബുദ്ധി പയറ്റുകയാണ് ഇന്നത്തെ സൊസൈറ്റിക്കാർ ചെയ്യുന്നതും.
പ്രസ്തുത ഹദീസുകളുടെ പശ്ചാത്തലവും വ്യാഖ്യാന സാധ്യതകളും മറച്ചുവെച്ചാണ് ഈ കബളിപ്പിക്കൽ തന്ത്രം പയറ്റുന്നത്. മൗലവി അസ്തിവാരമിട്ട പരിഹാസ്യ ശൈലിയും ഭാഷയും വൈകാരികതയും തന്നെയാണ് ഇവരെയും നയിക്കുന്നത്. ഹദീസ് ലോകത്ത് അതികായന്മാരായ മഹാമനീഷികൾ സാധൂകരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്ത നബിവചനങ്ങൾക്കെതിരെയുള്ള നെറികെട്ട ആക്രമണം കൊണ്ട് ഇവർ ലക്ഷ്യം വെക്കുന്നത് ഇസ്‌ലാമിനെ നശിപ്പിക്കലാണ്. ജൂതന്മാരുടെയും ഇസ്‌ലാമിന്റെ മറ്റു ശത്രുക്കളുടെയും കീഴ്‌ജോലിക്കാരാണിവർ!
ഖുർആനിലെ ചില വചനങ്ങളിൽ ഉപയോഗിച്ച ഹദീസ് എന്ന വാക്യം ദുർവ്യാഖ്യാനം ചെയ്ത് ഹദീസുകൾക്കെതിരെ ഖുർആനിന്റെ പിൻബലമുണ്ടെന്ന് വാദിക്കാനും സൊസൈറ്റിക്കാർ ധാർഷ്ട്യം കാണിച്ചു. തിരുനബി(സ്വ)യുടെ ഹദീസുകളെക്കുറിച്ച് ഒരു സാധ്യതയുടെ കണികപോലുമില്ലാത്ത വചനങ്ങളിലൂടെ ചാടിക്കളിച്ചാണ് ഈ ദുർവ്യാഖ്യാനത്തിന് അവർ മുതിർന്നത്. കഴിഞ്ഞകാല ഖുർആൻ വ്യാഖ്യാതാക്കൾ ഒരാൾപോലും അംഗീകരിക്കാത്ത ഇത്തരം ദുർവ്യാഖ്യാനത്തിന്റെ പിന്നിലെ ലക്ഷ്യവും മറ്റൊന്നായിരുന്നില്ല. എത്ര പരിഹാസ്യമാണ് ചേകന്നൂരിന്റെ ആധുനിക ‘ദീനേഇലാഹി’യുടെ പുരാവൃത്തം!

അബ്ദുറഹ്‌മാൻ ദാരിമി സീഫോർത്ത്

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ