സംഘടനാ മുഖപത്രം ആഗോളതലത്തിലെ ഇസ്‌ലാമിക ചലനങ്ങള്‍ക്ക് നല്ല പിന്തുണ നല്‍കാറുണ്ട്; വാര്‍ത്താ പ്രാധാന്യവും. ബൗദ്ധികമായ സംഘട്ടനങ്ങളും ആശയസംവേദനങ്ങളും യൂറോപ്പിലും അമേരിക്കന്‍ ഐക്യനാടുകളിലുമാണ് പ്രധാനമായും നടക്കാറുള്ളതെങ്കിലും മതനിരാസവും നിരീശ്വരത്വവും കൊണ്ട് കുപ്രസിദ്ധമായ ചൈനയിലും ഇസ്‌ലാം പടര്‍ന്നുകയറുകയാണ്. ഏഷ്യയിലെ വന്‍ ശക്തി രാഷ്ട്രങ്ങളിലൊന്നായ ഇന്ത്യയുടെ ഈ അയല്‍ക്കാര്‍ മാവോസേതുങിന്റെ കാലം മുതല്‍ ഇരുമ്പു മറക്കപ്പുറത്താണെങ്കിലും യുക്തിവാദത്തിന്റെ ഇരുട്ടുഭേദിച്ച് തൗഹീദിന്റെ പ്രഭ അവിടെയും കടന്നെത്തി. ആ വിശേഷങ്ങള്‍ 1971 ഏപ്രില്‍ രണ്ടിന്റെ സുന്നി ടൈംസില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇസ്‌ലാം ചൈനയില്‍ എന്ന ആ ലേഖനം മുഹമ്മദ്കുട്ടി മേലാറ്റൂര്‍ (എസ്എച്ച്എ കോളേജ് കൊടുവള്ളി)യാണ് എഴുതിയിരിക്കുന്നത്.
ഇന്നത്തെ ചൈന അന്നു ചീനയെന്നാണു വിളിക്കപ്പെട്ടിരുന്നത്. ഹിജ്റ 95 കാലത്ത് രാജഭരണമായിരുന്നു അവിടെ. മധ്യേഷ്യയിലെ പല രാജ്യങ്ങളിലും അന്ന് ഇസ്‌ലാം പ്രചാരം നേടിയിരുന്നു. ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ക്കെതിരെയുള്ള ഗൂഢാലോചനകളില്‍ ചീനരാജാവും മകനും ഭാഗഭാക്കായിരുന്നതാണ് പോരാളികളുടെ ശ്രദ്ധ ചൈനയില്‍ പതിക്കാനിടയാക്കിയതത്രെ. തുര്‍കിസ്താന്‍ പ്രദേശം കീഴ്പ്പെടുത്തിയ ശേഷമാണ് മുസ്‌ലിം പോരാളികള്‍ക്കു തടയിടാന്‍ ചൈനാസൈന്യത്തെ നയിച്ച് രാജാവുതന്നെ മാര്‍ച്ച് ചെയ്യുന്നത്. ഇസ്‌ലാമിനെതിരില്‍ തുര്‍കിസ്ഥാനെ ചീനാ രാജാവ് സഹായിക്കുന്നത് ബോധ്യപ്പെട്ട മുസ്‌ലിംകള്‍ പ്രതിരോധിക്കാനുറച്ചു.
ഉമവി ഖിലാഫത്തിന്റെ സര്‍വസൈന്യാധിപനായ ഹിബ്റുബ്നു മുശറഹ് സമര്‍ഖന്ദിലാണു തമ്പടിച്ചത്. വലീദുബ്നു അബ്ദുല്‍മലിക്കിന്റെ ആഹ്വാനപ്രകാരം പലയിടങ്ങളില്‍ നിന്ന് പോഷക സൈന്യങ്ങള്‍ വന്നുചേര്‍ന്നെങ്കിലും ചീനയുടെ മലവെള്ളപ്പാച്ചില്‍ പോലുള്ള സൈനിക ശേഷിക്കു മുമ്പില്‍ കാര്യങ്ങള്‍ കണ്ടുതന്നെ അറിയേണ്ടിയിരുന്നു. ലേഖനത്തില്‍ നിന്ന്:
‘ഫര്‍ഗാന മുതല്‍ ശഅര്‍ വരെയുള്ള നീണ്ടുകിടന്നൊരു സ്ഥലമാണ് യുദ്ധത്തിനായി ഇരുകൂട്ടരും തെരഞ്ഞെടുത്തത്. രണവീരനായ ഹിബ്റുബ്നു മുശറഹിന്റെ ഇലാഹീപ്രേമവും തഖ്വയും അനുപമമായിരുന്നു… പതിനയ്യായിരം മുസ്‌ലിംകള്‍ ധീരതയോടെ ചീനപ്പടയെ നേരിടാന്‍ ഉറച്ചു. ജലപ്രവാഹം പോലെ പരന്നുകിടക്കുന്ന ശത്രുസേനക്ക് മുമ്പില്‍ ഈറ്റപ്പുലികളെ പോലെ ചാടിവീഴുന്ന കാഴ്ചയാണ് രാജാവിനു കാണാനായത്. തങ്ങള്‍ക്കു വിജയമില്ലെന്നു കണ്ടപ്പോള്‍ സഖ്യത്തിനുള്ള ഉപജാപങ്ങള്‍ ശത്രുപാളയത്തില്‍ തലപൊക്കാന്‍ തുടങ്ങി. സമാധാനശീലനും ശാന്തഹൃദയനുമായ ഹിബ്റുബ്നു മുശറഹ് സന്ധിസംഭാഷണത്തിനു വേണ്ടി പോകാന്‍ സമ്മതം മൂളി.’
രാജാവിന്റെ തടസ്സവാദങ്ങള്‍ക്ക് മുശറഹിന്റെ മറുപടി ഇതായിരുന്നു: ‘ശത്രുരാജ്യങ്ങളെ സഹായിക്കില്ലെന്ന് വാഗ്ദത്തം നല്‍കുകയാണെങ്കില്‍ സസുഖം നാട്ടിലേക്കു മടങ്ങാന്‍ ഞങ്ങള്‍ തയ്യാറാണ്. തുര്‍കിസ്താനുമായുണ്ടാക്കിയ കരാറില്‍ യുദ്ധാവസരങ്ങളില്‍ സഹായിക്കുമെന്നുള്ളതിനാല്‍ അതു ഭേദഗതി ചെയ്യാനാവില്ലെന്നായി രാജാവ്.
‘ഈമാനിന്റെ സാക്ഷാല്‍ പ്രതീകമായ ഹിബ്റുവിന്റെ രക്തം പതക്കാന്‍ തുടങ്ങി. ധീരത സ്ഫുരിക്കുന്ന ആ കരങ്ങള്‍ ഖഡ്ഗം അമര്‍ത്തിപ്പിടിച്ചു കൊണ്ടിങ്ങനെ പറഞ്ഞു: ‘ഞങ്ങള്‍ മുസ്‌ലിംകളാണ്. വന്‍ശക്തികളുടെ പെരുമ്പറയടിക്കുന്ന വിജയഭേരി അശേഷവും ഞങ്ങളെ ഭീതിപ്പെടുത്തുന്നതല്ല. നിങ്ങളൊരു കാര്യം ഗൗനിക്കണം, പ്രവിശാലമായ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ എളിയവനും സേവകനുമായൊരു വ്യക്തിയോടാണ് നിങ്ങള്‍ സംഭാഷണം ചെയ്യുന്നത്. ധിക്കാരവും ഗര്‍വാക്രോശവും എന്നെ ഭീരുവാക്കിയിട്ടില്ല. മരണത്തെ പേടിച്ച പാരമ്പര്യം ഞങ്ങള്‍ക്കില്ല. ഞങ്ങള്‍ അല്ലാഹുവിനുവേണ്ടി ജീവിക്കുന്നു, മരണവും അവനുതന്നെ. നിങ്ങളുടെ വിലകുറഞ്ഞ നിഗമനങ്ങള്‍ക്കെല്ലാം രണാങ്കണത്തില്‍ വെച്ചു മറുപടി പറഞ്ഞുകൊള്ളാം.’
വീണ്ടും യുദ്ധമാരംഭിച്ചു. ചീനപ്പടക്കു വിജയം ലഭിച്ചില്ലെന്നു മാത്രമല്ല, ഗണ്യമായ തോതില്‍ ആള്‍ക്കുറവ് അനുഭവപ്പെട്ടു. രാജാവ് സന്ധിക്കു വഴങ്ങി. ജിസ്യ തരാമെന്ന കരാറില്‍ യുദ്ധം അവസാനിച്ചു. അതോടെ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ സഖ്യരാജ്യമായി അതുമാറി. ഖലീഫ അബ്ദുല്‍ മാലിക് മര്‍വാനും മറ്റും രാജാവ് പാരിതോഷികങ്ങളയച്ചു. അധീനരാഷ്ട്രങ്ങളോട് ആധുനികര്‍ അനുവര്‍ത്തിക്കുന്ന യാതൊരു അരാജകത്വവും മുസ്‌ലിം സേന അവിടെ നടത്തിയിരുന്നില്ലെന്നാണിത് തെളിയിക്കുന്നത്. ഇതോടുകൂടി ഇസ്‌ലാമിക സൂര്യോദയം ചൈനയില്‍ ഉദ്ഘാടനം ചെയ്യപ്പെടുകയുണ്ടായി’ലേഖനം അവസാനിക്കുന്നു.
ചൈനയിലെ മുസ്‌ലിം പ്രവേശനത്തിന്റെ തുടക്ക സംഭവങ്ങളിലൊന്നായി ഇതു ഗണിക്കാം. വിക്കിപീഡിയ പോലുള്ള വിജ്ഞാന കോശങ്ങളിലെ രേഖകള്‍ പ്രകാരം പ്രവാചക കാലത്തുതന്നെ ചൈനയില്‍ ഇസ്‌ലാം എത്തിയിട്ടുണ്ട്. സ്വഹാബിയായ ഹസ്സാനുബ്നു സാബിതും(റ) താബിഈ പ്രമുഖനായ ഉവൈസുല്‍ ഖറനി(റ)യും ചൈനയില്‍ വന്നിരുന്നതായും ഇന്ത്യയിലെ മണിപ്പൂര്‍ വഴി തിരിച്ചു അറേബ്യയിലേക്കു തന്നെ മടങ്ങിയതായും വിക്കിപീഡിയ പറയുന്നു. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള ഈ രാജ്യത്ത് ഒരു മില്യനിലേറെ മുസ്‌ലിംകളുണ്ടെന്നാണ് കണക്ക്. ആധുനിക ചൈനയിലെ മുസ്‌ലിം സാന്നിധ്യത്തെക്കുറിച്ച് വായിക്കുമ്പോള്‍ ഉമവീ സൈന്യാധിപന്റെ, രാജാവിന്റെ മുമ്പിലുള്ള ധീരമായ ഇടപെടലുകളും പ്രഖ്യാപനങ്ങളും ഓര്‍ക്കാതെ താളുകള്‍ മറിക്കാനാവില്ല.

ചരിത്രവിചാരം

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ