പ്രാര്‍ത്ഥന പ്രതിസന്ധികളില്‍ വിശ്വാസിയുടെ പ്രധാന ആയുധമാണെന്നാണ് പ്രമാണം. സുഖദുഃഖങ്ങളില്‍ പ്രാര്‍ത്ഥനാ നിര്‍ഭരമായ മനസ്സുമായി കഴിയുക എന്നതും വിശ്വാസിയുടെ മുഖമുദ്രതന്നെ.
പക്ഷേ, നമ്മില്‍ മിക്ക പേരുടെയും സ്ഥിതി മറിച്ചാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ മാത്രം പ്രാര്‍ത്ഥിച്ചെന്നിരിക്കും. അല്ലെങ്കില്‍ അപരനോട് പരിഭവം പറഞ്ഞു സമയം തീര്‍ക്കും. ഈ രണ്ടു സ്വഭാവവും ആത്മീയമായ ഇഴയടുപ്പത്തിന് വിഘാതം നില്‍ക്കുന്നതാണ്. പ്രാര്‍ത്ഥന മുഖ്യ ആയുധവും മാര്‍ഗദര്‍ശനവുമായി നാം കാണണം. പ്രാര്‍ത്ഥനയില്‍ നിന്ന് മുക്തമായ ദിനരാത്രങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. അഞ്ചുനേരത്തെ നിസ്കാരം നമുക്ക് പ്രാര്‍ത്ഥനക്ക് കിട്ടുന്ന സുവര്‍ണാവസരമാണ്. നിസ്കാരം കഴിഞ്ഞ പാടെ എണീറ്റു പോകുന്നതിന് പകരം ഒന്നോ രണ്ടോ മിനുട്ട് പ്രാര്‍ത്ഥനക്കായി നീക്കിവെച്ചാല്‍ ജീവിതത്തില്‍ വന്നുചേരുന്ന ആത്മീയ നിര്‍വൃതി അനിര്‍വചനീയമായിരിക്കും.
എന്നോട് പ്രാര്‍ത്ഥിക്കൂ, നാം പ്രത്യുത്തരം ചെയ്യും എന്നാണ് അല്ലാഹു ഖുര്‍ആനില്‍ പറയുന്നത്. പ്രാര്‍ത്ഥിക്കാത്തവനെ നാം പരിഗണിക്കില്ലെന്ന് അല്ലാഹു മറ്റൊരിടത്ത് പറയുന്നു. അല്ലാഹുവിന്റെ പരിഗണന നമുക്ക് വേണമല്ലോ. എങ്കില്‍ പ്രാര്‍ത്ഥന നിമഗ്നനരാവാന്‍ സഹോദരിമാര്‍ സമയം കണ്ടെത്തുക.
എന്തിനെല്ലാം പ്രാര്‍ത്ഥിക്കണം? ഏതു ചെറുതിനും വലുതിനും പ്രാര്‍ത്ഥിക്കാം. തിരുനബി(സ്വ) പറഞ്ഞത് ചെരുപ്പിന്റെ വാററ്റതിനും പ്രാര്‍ത്ഥിക്കണമെന്നാണ്. നമ്മുടെ ജീവിതത്തിലെ ചെറുതും വലുതുമായ ഏതു കാര്യത്തിനും അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കാം. ചോദിക്കുന്നതില്‍ ഒരു പരിഭവവും പരാതിയുമില്ലാത്ത റബ്ബാണു നമ്മുടേത്.
ഒറ്റക്കും കൂട്ടമായും അവനെ സമീപിക്കാം. ഒറ്റക്കു മാത്രമേ പറ്റൂ എന്നു വാദിക്കുന്നവര്‍ അവന് പരിധി നിശ്ചയിക്കാന്‍ നോക്കുന്ന വിഡ്ഢികളാകുന്നു. മഹാന്മാരെയും സദ്വൃത്തികളെയും മുന്‍നിര്‍ത്തിയും ചോദിക്കാം. തന്റെ ദാസന്മാര് തൗഹീദില്‍ അടിയുറച്ചുനിന്ന് യാചിക്കുന്നതിന് സ്വാലിഹീങ്ങളെയും സ്വാലിഹാതുകളെയും ഇടയില്‍ നിര്‍ത്തുന്നതിനെയൊന്നും അവന് നിരോധിച്ചിട്ടില്ല, അതൊക്കെ മതം പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ.
യാത്രാമധ്യേ ഗുഹക്കകത്തുപെട്ട മൂവര്‍ സംഘം രക്ഷപ്പെടാന്‍ അവര്‍ ചെയ്ത സദ്വൃത്തിക് മുന്നില്‍വെച്ച് പ്രാര്‍ത്ഥന നടത്തിയതും പുറത്തുകടന്നതും സത്യത്തില്‍ ആ പ്രാര്‍ത്ഥനയില്‍ അവര്‍ മുന്നില്‍വെക്കുന്നത് അപരന്റെ മഹത്വമുറ്റ വൃത്തിയാണ്. എന്നിട്ടവര്‍ക്ക് അല്ലാഹു രക്ഷ നല്കി.
ഇസ്ലാം അംഗീകരിക്കുന്ന ഏതു രീതിയിലും ശൈലിയിലും അവനോട് ചോദിക്കാം. മനസ്സുറപ്പും സുജീവിതവും ഉറപ്പുവരുത്താനാകണം എന്നാലേ ചോദ്യങ്ങള്‍ക്ക് ഫലപ്രാപ്തിയുണ്ടാവൂ. ഈ റമളാന്‍ പ്രാര്‍ത്ഥനയുടേതാക്കി നമുക്കു മാറ്റാം.
വനിതാ കോര്‍ണര്‍
തസ്ഫിയ 23 / എസ്എസ് ബുഖാരി