കുടുംബാസൂത്രണം എന്ന പ്രയോഗത്തിലെ രണ്ട് പദങ്ങള്‍ തമ്മില്‍ തന്നെ അടിസ്ഥാനപരമായ വൈരുധ്യമുണ്ട്. കുടുംബം എന്നത് സമൂഹത്തിന്‍റെ ചെറു പതിപ്പാണ്. വ്യക്തിയെ സാമൂഹിക ജീവിയാക്കുന്നതിനുള്ള ഉപാധിയാണ് അത്. ഒരു വ്യക്തി കുടുംബമാകുന്നില്ല. ഒന്നിലധികം പേരുടെ കൂടലാണ് അത്. വ്യക്തികള്‍ എത്ര കൂടുന്നുവോ അത്രയും ആ ചേരല്‍ അര്‍ഥവത്താകുന്നു. തികച്ചും സ്വാഭാവികവും ജൈവികവും പ്രകൃതിപരവുമായ പ്രക്രിയയിലൂടെയാണ് കുടുംബം രൂപപ്പെട്ടത്. മനുഷ്യനില്‍ ഈ സാമൂഹിക സ്ഥാപനം എറ്റവും ഫലപ്രദമായി വികാസം പ്രാപിച്ചിരിക്കുന്നു. ആസൂത്രണം എന്നത് ബോധപൂര്‍വമായ ഇടപെടലാണ്. സ്വാഭാവികമായ ഗതിക്ക് വിട്ടു കൊടുക്കാതിരിക്കലാണ് അത്. യുക്തിപൂര്‍വമായ പ്രക്രിയയാണ് ആസൂത്രണം. അത് ഒട്ടും പ്രകൃതിപരമല്ല. പ്രകൃത്യാ ഉള്ളതിന് അപ്പുറത്തേക്കുള്ള നിര്‍ബന്ധ ബുദ്ധിയാണ് അത്. ഈ രണ്ട് പദങ്ങളും ചേര്‍ന്ന് ഉത്പാദിപ്പിക്കപ്പെടുന്നതാകട്ടെ ജനന നിഷേധമെന്ന തികച്ചും അസ്വാഭാവികമായ അര്‍ഥവും.

പാശ്ചാത്യനാടുകളില്‍ വ്യവസായിക  വിപ്ലവം നടക്കുകയും ഉത്പാദനം യന്ത്രവത്കൃതമാകുകയും ചെയ്തത് അവിടങ്ങളിലെ സാഹചര്യത്തിന്‍റെ സമ്മര്‍ദത്തിലായിരുന്നു. ജന ദൗര്‍ലഭ്യമായിരുന്നു അവരുടെ പ്രശ്നം. രണ്ട് തരത്തില്‍ ഈ ജനരാഹിത്യം അവരെ കുഴക്കി. ഒന്ന് പണിശാലകളില്‍ പണിയെടുക്കാന്‍ ആളില്ലാതായി. അത് മറികടക്കാന്‍ യന്ത്രങ്ങളെ പടച്ചപ്പോള്‍ അവ ഉത്പാദിപ്പിച്ച് കൂട്ടിയ ഉത്പന്നങ്ങള്‍ വാങ്ങാനാളില്ലാതായി. ഇങ്ങനെ സംഭവിച്ച വിപണിയില്ലായ്മകളാണ് കൊളോണിയല്‍ പടയോട്ടങ്ങള്‍ക്ക് വഴി വെച്ചത്. പൗരസ്ത്യ, ആഫ്രിക്കന്‍ നാടുകളില്‍ കൊളോണിയല്‍ ശക്തികള്‍ ആദ്യം സാമ്പത്തിക അധീശത്വവും പിന്നീട് രാഷ്ട്രീയ അധികാരവും പിടിച്ചത് നിര്‍മിത വസ്തുക്കള്‍ക്ക് വിപണിയൊരുക്കാനും അസംസ്കൃത വസ്തുക്കള്‍ കൊള്ളയടിക്കാനുമായിരുന്നു. അങ്ങനെയാണ് ഇന്ന് കാണുന്ന ദരിദ്ര രാഷ്ട്രങ്ങള്‍ ദരിദ്രമായത്. ഇന്നും പുതിയ രൂപത്തിലും ഭാവത്തിലും ഈ കൊള്ളയടിക്കലുകള്‍ തുടരുകയാണ്. ദാരിദ്ര്യത്തിന്‍റെയും അപകര്‍ഷത്തിന്‍റെയും ഫലമായി ഈ രാജ്യങ്ങളിലെ മനുഷ്യര്‍ ആഭ്യന്തര സംഘര്‍ഷങ്ങളിലേക്ക് നീങ്ങുമ്പോള്‍ അതിനെ പരമാവധി കത്തിച്ചു നിര്‍ത്തിയും പക്ഷം പിടിച്ചും സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കുകയും ചെയ്യുന്നു പാശ്ചാത്യര്‍.  ചൂഷണത്തിന്‍റെ ചരിത്രവും ക്രൂരമായ ഇടപെടലുകളുടെ വര്‍ത്തമാനവും ഒരുക്കിയ പതിതാവസ്ഥയുടെ ഉത്തരവാദിത്വം മുഴുവന്‍ ജനബാഹുല്യത്തില്‍ കെട്ടിവെക്കുകയാണ്. ഇതിനുള്ള ഗൂഢമായ നീക്കമാണ് കുടുംബാസൂത്രണമെന്ന പേരില്‍ യു എന്നും അതിന്‍റെ പോഷക സംഘടനകളും പാശ്ചാത്യ ഫണ്ടിംഗില്‍ പ്രവര്‍ത്തിക്കുന്ന നൂറു കണക്കായ  സന്നദ്ധ സംഘടനകളും ചെയ്തുകൊണ്ടിരിക്കുന്നത്. ചരിത്രപരമായി തങ്ങള്‍ ഏല്‍ക്കേണ്ട കുറ്റം മൂടി വെക്കാന്‍ വേണ്ടിയാണ് ജനസംഖ്യാ കണക്ക് ഉയര്‍ത്തിക്കാണിക്കുന്നത്.

ശരിയാണ്. ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ ജനനിബിഡമാണ്. അത് പക്ഷേ പ്രകൃതിപരമായ യാഥാര്‍ഥ്യം മാത്രം. ഭൂമധ്യരേഖാ പ്രദേശങ്ങളില്‍ പ്രജനനക്ഷമത താരതമ്യേന കൂടുതലാണെന്നതാണ് ആ യാഥാര്‍ഥ്യം.  ഇത് പക്ഷേ പ്രകൃതിക്ക് സംഭവിച്ച പിഴവല്ല. ഈ വലിയ ജനസഞ്ചയത്തെ സുഭിക്ഷമായി നിലനിര്‍ത്താനുള്ളതെല്ലാം പ്രകൃതി ഇവിടെ ഒരുക്കിവെച്ചിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ വിശാലമായ ഭൂപ്രദേശമുണ്ട്. പ്രകൃതി വിഭവങ്ങളുണ്ട്. ഫലഭൂയിഷ്ടമായ മണ്ണുണ്ട്. ജൈവവൈവിധ്യമുണ്ട്. നാഗരികതകള്‍ ഉരുവം കൊണ്ട മഹത്തായ ചരിത്രമുണ്ട്. കാലാവസ്ഥാ വൈവിധ്യമുണ്ട്. നാട്ടറിവുകളുണ്ട്. എല്ലാത്തിലുമുപരി ബലവത്തായ കൈകളും  പുത്തന്‍ ചിന്തകളാല്‍ സമ്പന്നമായ ശിരസ്സുകളും അടങ്ങാത്ത ഊര്‍ജം നിറച്ച പേശികളും സ്നേഹവും അമര്‍ഷവും ഒരു പോലെ നിറച്ച മനസ്സുമുള്ള മനുഷ്യരുമുണ്ട്. ഈ നാടുകളില്‍ അവരുടെതായ  ഉത്പാദന സംവിധാനങ്ങള്‍ പിന്തുടരുകയായിരുന്നെങ്കില്‍ ഒരിക്കലും ഇവിടെ പിറന്നു വീഴുന്ന കുട്ടികള്‍ ഭക്ഷണം കിട്ടാതെ അലയുമായിരുന്നില്ല. മാധ്യമങ്ങള്‍ക്ക് തരാതരം ഉപയോഗിക്കാന്‍ എല്ലുന്തിയ സൊമാലിയന്‍ കുട്ടികളുടെ പടങ്ങള്‍ കിട്ടുമായിരുന്നില്ല. പക്ഷേ, കൊളോണിയല്‍ അധിനിവേശം അവശേഷിപ്പിച്ച ഉത്പാദന രീതികളെയാണ് ഈ രാജ്യങ്ങള്‍ പില്‍ക്കാലത്ത് പിന്തുടര്‍ന്നത്. ലക്ഷണമൊത്ത ഈച്ചക്കോപ്പി. അവനവന്‍റെ കഴിവും പരിമിതിയും തിരിച്ചറിഞ്ഞ് സ്വന്തം വഴിവെട്ടുന്നതിന് പകരം പാശ്ചാത്യര്‍ വെട്ടിവെച്ച വഴിയിലൂടെ നടന്നു. യന്ത്രവത്കൃത ഉത്പാദനമാണ് ഉത്കൃഷ്ടമെന്ന ധാരണ ഊട്ടിയുറപ്പിക്കുക വഴി പൗരസ്ത്യ ദരിദ്ര രാഷ്ട്രങ്ങള്‍ എക്കാലത്തും തങ്ങളെ ആശ്രയിച്ചു കൊള്ളണമെന്ന പാശ്ചാത്യ ശാഠ്യമാണ് വിജയിച്ചത്. വികസ്വര രാജ്യമായ ഇന്ത്യ പോലും ഇന്നും സാങ്കേതിക ആശ്രിതത്വം തുടരുകയാണെന്നോര്‍ക്കണം. മേക് ഇന്‍ ഇന്ത്യ എന്ന് പറഞ്ഞാല്‍ എവിടെയോ തയ്യാറായ മെനു, ആരോ പണിത ചെമ്പില്‍ ഇവിടുത്തെ അടുപ്പില്‍ വേവുന്നു എന്ന് മാത്രമാണല്ലോ അര്‍ഥം.

ചര്‍ക്കയില്‍ നൂല്‍ നൂറ്റ ഗാന്ധിജി മുന്നോട്ട് വെച്ച ആശയമെന്തായിരുന്നു?  ഈ നാടിന് ആവശ്യം ഇവിടുത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള വ്യവസായവത്കരണവും യന്ത്രവത്കരണവുമാണെന്നതായിരുന്നു ഗാന്ധിയന്‍ സാമ്പത്തിക ശാസ്ത്രത്തിന്‍റെ കാതല്‍. എന്നാല്‍ മൂലധന ശക്തികളുടെ തീട്ടൂരങ്ങള്‍ക്ക് വശംവദമായ ഭരണകൂടങ്ങള്‍ ആരാന്‍റെ കൈയില്‍ തലവെച്ചുറങ്ങുകയാണ് ചെയ്തത്. അത്കൊണ്ടാണ് തൊഴിലില്ലായ്മ ദുരന്തം സംഭവിച്ചത്. അപ്പോള്‍ ഒരു ഭാഗത്ത് വിഭവങ്ങള്‍ കൊളോണിയല്‍ ശക്തികള്‍ കൊള്ളയടിച്ചു. മറുഭാഗത്ത് സ്വയം വഴി വെട്ടാനുള്ള ത്രാണിയും കവര്‍ന്നു. എന്നിട്ട് എല്ലാ പ്രശ്നത്തിനും ജനസംഖ്യയെ പഴിച്ചു. ജനംസഖ്യാ വിസ്ഫോടനം, ജനസംഖ്യാ പ്രശ്നം തുടങ്ങിയ പ്രയോഗങ്ങള്‍ തന്നെ ഈ ഗൂഢാലോചനയില്‍ നിന്ന് ഉരുത്തിരിഞ്ഞതാണെന്ന് വ്യക്തമാകും. കുടുംബാസൂത്രണമെന്ന ആശയത്തിന് സൈദ്ധാന്തിക അടിത്തറ ഒരുക്കിയ തോമസ് റോബര്‍ട്ട് മാള്‍ത്തസ് ലക്ഷണമൊത്ത മുതലാളിത്ത വിദഗ്ധനായിരുന്നുവെന്നത് ഇതിനോട് ചേര്‍ത്ത് വായിക്കണം. മാള്‍ത്തൂഷ്യന്‍ ജനസംഖ്യാ സിദ്ധാന്തത്തിന്‍റെ പല വൈകല്യങ്ങളിലൊന്ന് അത് ജനിച്ചു വീഴുന്ന കുഞ്ഞുങ്ങളുടെ വായ മാത്രമേ കാണുന്നുള്ളൂ, കൈകള്‍ കാണുന്നില്ല എന്നതാണ്.

വിഭവ വികാസം രണ്ട്, നാല്, ആറ്, എട്ട് എന്നിങ്ങനെ നടക്കുമ്പോള്‍ ജനസംഖ്യാ വികാസം രണ്ട്, നാല്, പതിനാറ് എന്നിങ്ങനെ കുതിക്കുമെന്നതാണ് മാള്‍ത്തസ് പറയാന്‍ ശ്രമിക്കുന്നത്.  1700 കളില്‍ അദ്ദേഹം പ്രവചിച്ചത് 20-ാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ധമാകുമ്പോഴേക്കും ലോകത്തെ വിഭവങ്ങള്‍ മുഴുവന്‍ ഉപയോഗിച്ച് തീരുമെന്നാണ്. എന്നാല്‍ ഈ പ്രവചനം എത്ര വലിയ പൊട്ടത്തരമായിരുന്നുവെന്ന് ഇന്ന് ലോകം തിരിച്ചറിയുന്നു. ആവശ്യം സൃഷ്ടിയുടെ മാതാവാണെന്ന തത്ത്വമാണ് മാള്‍ത്തസിനെ മറികടന്ന് മുന്നേറിയത്. ജനസംഖ്യ വര്‍ധിച്ചപ്പോള്‍ സ്വാഭാവികമായും ഭക്ഷണ ലഭ്യതയും വര്‍ധിച്ചു, പല മടങ്ങ്. മാത്രമല്ല, വിഭവ വിതരണത്തിലെ അസന്തുലിതാവസ്ഥയാണ് ലോകത്തിന്‍റെ ശാപമെന്നും നീതിപൂര്‍വം വീതിക്കപ്പെട്ടാല്‍, സ്വതന്ത്രമായി ഒഴുകാനുള്ള സാധ്യതയൊരുക്കിയാല്‍ ഈ ഭൂമുഖത്തെ മുഴുവന്‍ ജനങ്ങള്‍ക്കും സുഭിക്ഷമാകാനുള്ളത് ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ടെന്ന സത്യവും മാല്‍ത്തൂഷ്യന്‍ മുതലാളിത്ത സിദ്ധാന്തം മനഃപൂര്‍വം മൂടിവെക്കുന്നുണ്ട്. ലോകത്തെ എല്ലാ ദുരിതങ്ങളുടെയും ഉത്തരവാദിത്വം  ജനസംഖ്യാ ബഹുലമായ രാജ്യങ്ങളുടെ തലയില്‍ കെട്ടിവെക്കുകയാണ് ഈ സിദ്ധാന്തം ചെയ്യുന്നത്. ഈ രാജ്യങ്ങള്‍ ഏഷ്യയിലും ആഫ്രിക്കയിലുമാണ് എന്നതിനാല്‍ പാശ്ചാത്യ ഉത്കൃഷ്ടതാവാദത്തിന്‍റെ നിര്‍വഹണം കൂടി ഇത്തരം സിദ്ധാന്തങ്ങള്‍ നിര്‍വഹിക്കുന്നു. ജനസംഖ്യാ വിസ്ഫോടനത്തെ മറികടക്കാന്‍ മാള്‍ത്തസ് മുന്നോട്ട് വെക്കുന്നത് രണ്ട് പരിഹാരങ്ങളാണ്. ഒന്ന് സ്വാഭാവികമായ ആള്‍ നാശം. രണ്ടാമത്തേത് കൃത്രിമ ജനന നിയന്ത്രണ മാര്‍ഗങ്ങള്‍ അവലംബിക്കുക എന്നതാണ്. ഈ മാര്‍ഗം അങ്ങേയറ്റം കാര്‍ക്കശ്യത്തോടെ അവലംബിച്ച ചൈന തിരിച്ചറിവിന്‍റെ പാതയിലേക്ക് അതിവേഗം സഞ്ചരിക്കുന്നതിന്‍റെ വാര്‍ത്തകളാണ് അവിടെ നിന്ന് വരുന്നത്.

1979-ലാണ് ചൈന ഒറ്റക്കുട്ടി നയം പ്രഖ്യാപിച്ചത്. 1950-കളില്‍ തന്നെ ഏകസന്താന നയം കര്‍ശനമായി നടപ്പാക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ അത് വേണ്ടെന്നു വെച്ചു. രണ്ട് അല്ലെങ്കില്‍ മൂന്ന് കുട്ടികളേ പാടുള്ളൂ എന്ന കര്‍ശന നിര്‍ദേശം ഇക്കാലത്ത് നടപ്പാക്കാന്‍ തുടങ്ങി. 1979 മുതല്‍ ഒറ്റക്കുട്ടി നയം ശക്തമായി നടപ്പാക്കിയെങ്കിലും ഭരിക്കുന്നവര്‍ക്ക് തന്നെ അതില്‍ ആത്മവിശ്വാസമുണ്ടായിരുന്നില്ല. പലപ്പോഴും നയത്തില്‍ ഇളവ് വരുത്താനുള്ള ശ്രമങ്ങള്‍ നടന്നു. 1984-ല്‍ ഗ്രാമ പ്രദേശങ്ങളില്‍ രണ്ട് കുട്ടികളാകാമെന്ന ഇളവ് അനുവദിച്ചത് ഇതിന്‍റെ ഭാഗമായിരുന്നു. പക്ഷേ 2001 ആയപ്പോഴേക്കും പിന്നെയും നയം മുറുക്കി. ഒറ്റക്കുട്ടി നയം നടപ്പാക്കി തുടങ്ങുമ്പോള്‍ ജനസംഖ്യ നൂറ് കോടിയായിരുന്നു. അന്ന് കണക്കാക്കിയത് 2000-ത്തില്‍ 120 കോടിയില്‍ എത്തുമെന്നായിരുന്നു. എന്നാല്‍ എത്തിയത് 140 കോടിയിലാണ്. ഈ കണക്ക് ചൂണ്ടിക്കാട്ടി ജനന നിഷേധ തീവ്രവാദികള്‍ രംഗത്ത് വന്നതോടെയാണ് രണ്ടായിരത്തില്‍ നിയന്ത്രണ നടപടികള്‍ വീണ്ടും ശക്തിയാര്‍ജിച്ചത്. 2006-ല്‍ ചില പ്രവിശ്യകളില്‍ ഇളവ് അനുവദിക്കാമെന്നായി. 2013-ല്‍ പിന്നെയും അയഞ്ഞു. രക്ഷിതാക്കള്‍ അവരുടെ അച്ഛനമ്മമാരുടെ ഒറ്റക്കുട്ടികളാണെങ്കില്‍ അവര്‍ക്ക് ഇരു കുഞ്ഞുങ്ങളാകാമെന്നതായിരുന്നു ആ അയവ്. ഇപ്പോള്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഒറ്റക്കുട്ടി നയം പാടേ ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. പാര്‍ലിമെന്‍റായ പീപ്പിള്‍സ് കോണ്‍ഗ്രസില്‍ ഈ നയം മാറ്റത്തിന് അംഗീകാരം ലഭിക്കുകയും നിയമ ഭേദഗതി സാധ്യമാകുകയും ചെയ്യുന്നതോടെ ചൈനീസ് ജനത മൂന്ന് പതിറ്റാണ്ടായി അനുഭവിക്കുന്ന വീര്‍പ്പു മുട്ടലില്‍ നിന്ന് മോചിതമാകും. സാമ്പത്തിക മാന്ദ്യത്തിന്‍റെ അനാവശ്യ ആധികളില്‍ ചൈനീസ് ജനത അകപ്പെട്ട് പോയില്ലെങ്കില്‍ വന്‍മതിലിനപ്പുറത്ത് കുഞ്ഞിക്കൊഞ്ചലുകള്‍  നിറയും. നിലാവ് പെയ്യുന്ന ആ പുഞ്ചിരികളില്‍ പുതിയൊരു ചൈന സാധ്യമാകും.

ഒറ്റക്കുട്ടി നയം 40 കോടി ജനനങ്ങള്‍ തടഞ്ഞുവെന്നാണ് കണക്ക്.  നിയമമനുസരിക്കുന്നവര്‍ക്ക് ഒറ്റക്കുട്ടി സര്‍ട്ടിഫിക്കറ്റ് നല്‍കും. അവര്‍ക്ക് പിന്നെ ആനുകൂല്യങ്ങളുടെ പെരുമഴയാണ്.  ജോലിക്കയറ്റം, ശമ്പള വര്‍ധന, കണ്‍സ്യൂമര്‍ കാര്‍ഡുകള്‍, പ്രത്യേക പരിരക്ഷകള്‍, കുഞ്ഞുങ്ങള്‍ വേണ്ടെന്നു വെക്കുന്നതിനുള്ള പാരിതോഷികങ്ങള്‍. നയം തെറ്റിക്കുന്നവരെ വേട്ടയാടും, അവനെ കുറ്റവാളിയായി മുദ്ര കുത്തും, ശമ്പളം കട്ട് ചെയ്യും,  ജോലിയില്‍ നിന്ന് പിരിച്ചു വിടും. ഇത്തരക്കാര്‍ക്കുള്ള സബ്സിഡികള്‍ മുഴുവന്‍ എടുത്തു കളഞ്ഞു. സംരംഭങ്ങള്‍ക്കുള്ള സര്‍ക്കാര്‍ പിന്തുണ നിര്‍ത്തി. കനത്ത പിഴ ഈടാക്കി. രണ്ടാമത്തെ, മൂന്നാമത്തെ കുഞ്ഞിന് സര്‍ക്കാറിന്‍റെ ഒരു പരിഗണനയും ലഭിക്കില്ല. അവന്‍/ അവള്‍ അണ്‍ വാണ്ടഡ് ചൈല്‍ഡ് ആണ്. അബദ്ധജന്‍മം. പലരും ഇത്തരം കുട്ടികളെ ഒളിപ്പിച്ചാണ് വളര്‍ത്താറുള്ളത്.

വിയറ്റ്നാമീസ് വെബ്സൈറ്റില്‍ വന്ന ഒരു പരസ്യം ഇതായിരുന്നു:  ‘ചൈനീസ് യുവാക്കളേ, എന്തിന് വിഷമിക്കണം. നിങ്ങള്‍ക്ക് ഞങ്ങള്‍ തരും. ലക്ഷണമൊത്ത ഭാര്യമാരെ. അഥവാ നിങ്ങള്‍ സ്വീകരിക്കുന്ന ഭാര്യയുമായി ഒത്തു പോയില്ലെങ്കില്‍ പ്രത്യേക ചെലവൊന്നുമില്ലാതെ മറ്റൊരു ഭാര്യയെ തരും’. ഈ പരസ്യം തകിടം മറിഞ്ഞു കിടക്കുന്ന ചൈനീസ് സ്ത്രീ -പുരുഷ അനുപാതത്തെയാണ് ലക്ഷ്യം വെക്കുന്നത്. 2014-ലെ ഔദ്യോഗിക  കണക്ക് പ്രകാരം ചൈനയില്‍ 115.9 പുരുഷന്‍മാര്‍ക്ക് 100 സ്ത്രീകളേ ഉള്ളൂ. ഇത് 118- 100 ആണെന്ന് മറ്റൊരു കണക്ക് വ്യക്തമാക്കുന്നു.   ചൈനയിലെ നല്ലൊരു ശതമാനം പുരുഷന്‍മാര്‍ക്കും വിവാഹം ചെയ്യാനാകില്ലെന്നതാണ് ഇതിന്‍റെ അര്‍ഥം. 2000-ത്തിന് ശേഷം ഒറ്റക്കുട്ടി നയത്തില്‍ വരുത്തിയ ഇളവുകള്‍ ഈ സ്ഥിതിവിശേഷത്തെ സങ്കീര്‍ണമാക്കുകയാണ് ചെയ്തത്. ഒന്നാം കുട്ടി ആണായാലും പെണ്ണായാലും പ്രശ്നമില്ലെന്ന നിലപാടിലെത്താന്‍ ഈ ഇളവുകള്‍ കാരണമായി. എന്നാല്‍ രണ്ടാമത്തെ കുട്ടി ആണാണെന്ന് ഉറപ്പ് വരുത്താന്‍ തുടങ്ങി. ഒറ്റക്കുട്ടി നയം വാശിപിടിച്ച് നടപ്പാക്കാനായി സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയ അബോര്‍ഷന്‍ കേന്ദ്രങ്ങളെ തന്നെ ജനം സമീപിച്ചു. അബോര്‍ഷന്‍ എന്താവശ്യത്തിനെന്ന് വ്യവച്ഛേദിച്ച് കണ്ടുപിടിക്കാന്‍ സാധിക്കാത്ത സ്ഥിതി വന്നു. അള്‍ട്രാ സൗണ്ട് സ്കാനിംഗിലൂടെ  ലിംഗ നിര്‍ണയം നടത്തും. പെണ്ണാണെങ്കില്‍ കൊന്നു കളയും. രണ്ടായിരത്തില്‍ ആദ്യ കുട്ടി ആണായത് 51.5 ശതമാനമായിരുന്നു. രണ്ടാം കുട്ടി ആണായത് 62 ശതമാനവും. മൂന്നാം കുട്ടിയാണെങ്കില്‍ ഇത് 70 ശതമാനമാണ്. വിദ്യാസമ്പന്നരും നഗരവാസികളുമാണ് ഈ പെണ്‍ഹത്യകളില്‍ മുമ്പില്‍ നില്‍ക്കുന്നത്.

ചൈനയില്‍ പെണ്ണുങ്ങളെ കിട്ടാനില്ലാതായതോടെ നല്ല ‘സ്ത്രീധനം’കൊടുക്കുന്നവനേ കെട്ടാന്‍ പറ്റൂ എന്നായി.  പുരുഷന് നല്ല സാമ്പത്തിക ശേഷിയും തൊഴിലും വേണം. പൗണ്ട് കണക്കില്‍ പറഞ്ഞാല്‍ ഒരു ശരാശരി വിവാഹത്തിന് ചൈനയില്‍ 10,000മെങ്കിലും വേണം. വിയറ്റ്നാമില്‍ നിന്നാണെങ്കില്‍ ഇത് 4,000 പൗണ്ടോ അയ്യായിരം പൗണ്ടോ മതി. കംബോഡിയയില്‍ നിന്നോ ലാവോസില്‍ നിന്നോ ആണെങ്കില്‍ പിന്നെയും കുറയും. ഇത് നിയമപരമായ ഏര്‍പ്പാടല്ല. വിദ്യാഭ്യാസ, തൊഴില്‍ വിസകളില്‍ സ്ത്രീകളെ ചൈനയില്‍ എത്തിക്കുകയാണ്. മനുഷ്യക്കടത്ത് തന്നെ. പലരോടും വിവാഹക്കാര്യം പറയാതെയാണ്  ചൈനയിലെത്തിക്കുന്നത്. ചതി മനസ്സിലാക്കുമ്പോള്‍ യുവതികള്‍ രക്ഷാ മാര്‍ഗം തേടും. അത്തരം രക്ഷപ്പെടലുകള്‍ വന്‍ ക്രമസമാധാന പ്രശ്നമാകും. തിരിച്ച് ‘ഭര്‍ത്താവി’ല്‍ നിന്ന് വന്‍ തുക തട്ടി കടന്നു കളയുന്നവരുമുണ്ട്. ഇത്തരം വിവാഹങ്ങള്‍ വലിയ സാംസ്കാരിക, മാനസികാഘാതങ്ങളാണ്  സൃഷ്ടിക്കുന്നത്. തൊഴില്‍ ശേഷിയില്‍ വന്ന ഭീകരമായ ഇടിവാണ് ഒറ്റക്കുട്ടി നയത്തിന്‍റെ മറ്റൊരു പ്രധാന പ്രത്യാഘാതം.  കഴിഞ്ഞ വര്‍ഷം മാത്രം പതിനഞ്ചിനും അന്‍പത്തിയൊമ്പതിനും ഇടയിലുള്ള, തൊഴില്‍ ശേഷിയുള്ളവരുടെ എണ്ണത്തില്‍ 3.71 മില്യനാണ് കുറവ് വന്നത്. 1979-ന് ശേഷം ആകെ തൊഴില്‍ ശേഷി നഷ്ടം 67 മില്യനാണ്. ഈ തൊഴില്‍ നഷ്ടമാണ് അധികൃതരെ ഇപ്പോള്‍ വീണ്ടു വിചാരത്തിന് പ്രേരിപ്പിച്ചത്. ചൈന വയസ്സന്‍മാരുടെ നാടായി മാറുകയാണ്. യു എന്‍ കണക്ക് പ്രകാരം 2050 ഓടെ ചൈനയില്‍ അറുപത് കഴിഞ്ഞവരുടെ എണ്ണം 440 മില്യനാകും. ഈ ഘടകങ്ങളെല്ലാം കണക്കിലെടുത്താണ് ചൈന നയം മാറ്റത്തിന് തയ്യാറാകുന്നത്. ജനന നിഷേധത്തിനായി വാദിച്ചു കൊണ്ടിരിക്കുന്നവരെ ഒന്നടങ്കം നിരായുധരാക്കുന്നുണ്ട് ചൈനയുടെ ഈ തിരിച്ചറിവ്.

ജനന നിഷേധ മാര്‍ഗങ്ങള്‍ ഇന്ന് ലോകത്ത് ട്രില്യണ്‍ കണക്കിന് വിറ്റുവരവുള്ള കൂറ്റന്‍ വ്യവസായമാണ്. ആക്ടാവിസ്, ബായര്‍ എ ജി, ചര്‍ച്ച്  ആന്‍ഡ് ഡ്വിവൈറ്റ്, കൂപ്പര്‍ സര്‍ജിക്കല്‍, ഫീമെയില്‍ ഹെല്‍ത്ത് കമ്പനി, പിഫിസര്‍ തുടങ്ങി ഈ രംഗത്തുള്ള കമ്പനികള്‍ക്ക് ലോകത്തെ വിലക്കെടുക്കാനുള്ള ശേഷിയുണ്ട്. ക്രൂരമായ പരീക്ഷണങ്ങളാണ് ഈ കമ്പനികള്‍ മനുഷ്യരില്‍ നടത്തുന്നത്. 15 തരം ജനനനിഷേധ സംവിധാനങ്ങള്‍ വിണിയിലുണ്ടെന്നാണ് കണക്ക്. ഹോര്‍മോണ്‍ അധിഷ്ഠിതമാണ് മിക്കവയും. കോണ്ടമുകള്‍, ഡയഫ്രമുകള്‍, ഗര്‍ഭ നിഷേധ ഗുളികള്‍, ഇംപ്ലാന്‍റുകള്‍, ഐ യു ഡികള്‍, വന്ധ്യംകരണ ഉപകരണങ്ങള്‍, ശസ്ത്രക്രിയകള്‍. കോടികള്‍ കൊയ്യാനുള്ള ഉപാധികള്‍ നീളുന്നു. 2017-ല്‍ പുരുഷന്‍മാരില്‍ പരീക്ഷിക്കാനുള്ള ഒരു തരം ജല്‍ വരുമെന്ന് കേള്‍ക്കുന്നുണ്ട്. ഇവയില്‍ മിക്കവയും ഒഴുകുന്നത് ദരിദ്ര രാജ്യങ്ങളിലാണ്. ലോകാരോഗ്യ സംഘടനയും യു എന്നിന്‍റെ വിവിധ ഏജന്‍സികളും ഇസ്റാഈല്‍, പാശ്ചാത്യ കമ്പനികള്‍ക്ക് കരാര്‍ നല്‍കുകയാണ്. ഇതൊരു പരസ്പര സഹായ സഹകരണ സംവിധാനമാണെന്നോര്‍ക്കണം. ജനന നിഷേധ പ്രചാരണത്തിന് പണം മുടക്കുന്നത് ഈ കമ്പനികളും അവയുടെ ബലത്തില്‍ നിലനില്‍ക്കുന്ന ഭരണകൂടങ്ങളുമാണ്.  ജനസംഖ്യാ നിയന്ത്രണം എന്ന ആശയം കൃത്യമായ സാമ്പത്തിക അജന്‍ഡയാണെന്ന് ഈ വസ്തുതകള്‍ വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ കുടുംബാസൂത്രണ പദ്ധതികള്‍ മതം തിരിച്ച് നടപ്പാക്കണമെന്ന് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവത് പറയുമ്പോള്‍  അത് രാഷ്ട്രീയ അജന്‍ഡ കൂടിയാണെന്ന് തെളിയുകയാണ്. ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനശക്തിയെ അദ്ദേഹം വല്ലാതെ ഭയക്കുന്നുണ്ട്. ഹിന്ദു സ്ത്രീകളോട് കൂടുതല്‍ പ്രസവിക്കാന്‍ ഉപദേശിക്കുന്ന ആര്‍ എസ് എസ്   മറ്റ് മതസ്ഥരില്‍ ജനനനിഷേധം അടിച്ചേല്‍പ്പിക്കാന്‍ ആഹ്വാനം ചെയ്യുന്നു. ഇത് തന്നെയാണ് മാനവവിഭവശേഷി കുറഞ്ഞ സമ്പന്ന രാജ്യങ്ങളും  ചെയ്യുന്നത്. അവര്‍ സ്വന്തം നാട്ടിലെ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രസവിക്കാന്‍ പ്രോത്സാഹനങ്ങള്‍ നല്‍കുന്നു. സമ്മാനങ്ങള്‍ കൊണ്ട് അവരെ മൂടുന്നു.   എന്നിട്ട് ഏഷ്യയിലെയും ആഫ്രിക്കയിലെയും സ്ത്രീകളെ ഗര്‍ഭ നിരോധ ഗുളികകള്‍ തീറ്റിക്കുന്നു. ആദിവാസിയെ പിടിച്ചു കൊണ്ടു പോയി വന്ധ്യംകരിക്കുന്നു. മനുഷ്യ ശേഷിയെ സാമ്രാജ്യത്വവും ഫാസിസവും ഒരു പോലെ ഭയക്കുന്നുവെന്നര്‍ഥം.  അമേരിക്ക സമ്പന്നമായത് അവിടെ ജനസംഖ്യ ഉയര്‍ന്നപ്പോഴാണെന്ന് നിരവധി പഠനങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഇവിടെ ജനന നിഷേധം ക്രൂരമായി നടപ്പാക്കുന്നവര്‍ പറയുന്നത് ഈ നടപടികള്‍ സ്ത്രീകളെ ശാക്തീകരിക്കാന്‍ വേണ്ടിയാണെന്നാണ്. പ്രസവം ആരോഗ്യത്തിന് ഹാനികരമെന്ന മട്ടിലാണ് ഇവരുടെ പ്രചാരണം. മാതൃത്വത്തിന്‍റെ മാധുര്യം നുണയുന്ന സ്ത്രീയില്‍ അതൊരു ഭാരവും കഴിയുന്നതും ഒഴിവാക്കേണ്ട എടങ്ങേറുമാണെന്ന ധാരണ സൃഷ്ടിക്കുന്നു. എന്നാല്‍ ജനന നിഷേധത്തിനായി തയ്യാറാക്കിയിട്ടുള്ള മിക്ക സങ്കേതങ്ങളും സ്ത്രീയുടെ ശരീരത്തിലാണ് തള്ളുന്നത്. അവളുടെ ശരീരം ഈ കൃത്രിമത്വങ്ങളുടെ അഴുക്കുചാലാകുകയാണ്. അവളുടെ ഉര്‍വരതയെ കൊല്ലുക വഴി അവളെ തന്നെ കൊല്ലുന്നു. ജീവിതത്തിന്‍റെ നല്ലൊരു ഭാഗം  ഈ മരുന്നുകളുടെയും വസ്തുക്കളുടെയും വാഹകരായി വേദനാപൂര്‍ണമായ പാര്‍ശ്വഫലങ്ങള്‍ അനുഭവിച്ചു കഴിച്ചു കൂട്ടുന്നു സ്ത്രീകള്‍. ഒറ്റക്കുട്ടി നയം നടപ്പാക്കിയ ചൈനയിലെ സ്ത്രീകളില്‍  ഗര്‍ഭച്ഛിദ്രത്തിന് അശാസ്ത്രീയമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന്‍റെ ദുരന്തങ്ങള്‍ വാര്‍ത്തയേ അല്ലാതായിരിക്കുന്നു. ജനന നിഷേധ ഉപാധികളുടെ  അശാസ്ത്രീയവും അമിതവുമായ ഉപയോഗം ചൈനീസ് സ്ത്രീകളുടെ പ്രത്യുത്പാദന ശേഷിയെ വലിയ തോതില്‍ ബാധിച്ചിരിക്കുന്നുവെന്ന് പഠനങ്ങള്‍ കാണിക്കുന്നു. വിഷാദ രോഗവും ഒറ്റപ്പെടലും അവരുടെ സ്ത്രീത്വത്തെ നശിപ്പിച്ചിരിക്കുന്നു.

ഈ കുറിപ്പിലുടനീളം ജനന നിഷേധം എന്ന് ഉപയോഗിച്ചിരിക്കുന്നത് ബോധപൂര്‍വമാണ്. ജനന നിയന്ത്രണം (ബെര്‍ത്ത് കണ്‍ട്രോള്‍) എന്നാണ് അതിന്‍റെ വക്താക്കള്‍ പറയാറുള്ളത്. ഈ പ്രയോഗം പഞ്ചസാര പൊതിഞ്ഞ വിഷമാണ്. ജനനം നിയന്ത്രിക്കുകയല്ല നിഷേധിക്കുകയാണ് ചെയ്യുന്നത്. ആര്‍ക്കു വേണ്ടി? എല്ലാവര്‍ക്കും നന്നായി ഉണ്ണാനും  ഉടുക്കാനും പാര്‍ക്കാനുമാണെന്ന് ന്യായം. സത്യമെന്താണ്? ലോക ജനസംഖ്യയുടെ ഒരു ശതമാനം വരുന്ന ശതകോടിക്കാരുടെ കൈയിലാണ് ആഗോള സമ്പത്തിന്‍റെ നാല്‍പ്പത് ശതമാനവും കേന്ദ്രീകരിച്ചിരിക്കുന്നത്. യു എന്നിന്‍റെ കീഴിലുള്ള വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്‍റ് ഇക്കണോമിക്സ് പറയുന്നത് പത്ത് ശതമാനത്തിന്‍റെ കൈയിലാണ് 85 ശതമാനം വിഭവങ്ങളുമെന്നാണ്. ഇതില്‍ മൂന്നിലൊരു ഭാഗവും യു എസ്, ജപ്പാന്‍, ഇംഗ്ലണ്ട്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ നിയന്ത്രണത്തിലാണ്. 50 വര്‍ഷത്തിനുള്ളില്‍ ആഗോള സമ്പത്ത് പലമടങ്ങ് വര്‍ധിച്ചു. ജനസംഖ്യയേക്കാള്‍ മുമ്പേ പറന്നു അത്. എന്നിട്ടും കോടിക്കണക്കായ മനുഷ്യര്‍ പട്ടിണിയിലാണ്. വിഭവങ്ങള്‍ ഇല്ലാത്തതാണോ പ്രശ്നം? ഒരിക്കലുമല്ല. വിഭവങ്ങളുടെ വിതരണമാണ് പ്രശ്നം. ലോകത്തിന്‍റെ പട്ടിണിമാറ്റാന്‍ യു എന്നും ലോകബേങ്കും മറ്റ് അന്താരാഷ്ട്ര സംഘടനകളും കോടികള്‍ ഇടിച്ചു തള്ളുന്നത് ജനന നിഷേധ പദ്ധതികളിലാണ്. വൃദ്ധരെ സൃഷ്ടിക്കുന്ന ഈ ഏര്‍പ്പാട് എത്ര ക്രൂരമായ വിരോധാഭാസമാണ്!

ജനനം നിഷേധിക്കപ്പെട്ട, ചോരത്തുടിപ്പായ കുഞ്ഞുങ്ങള്‍ കരച്ചിലുകള്‍ക്കിടയിലൂടെ പറയുന്നത് കേള്‍ക്കുന്നില്ലേ. ഞാന്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചിലും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും രബീന്ദ്രനാഥ ടാഗോറും ബ്രാഡ്മാനുമൊക്കെ ആകാനിരിക്കുകയായിരുന്നു…. നിങ്ങള്‍ എന്നെ കൊന്നു കളഞ്ഞല്ലോ.

മുസ്തഫ പി എറയ്ക്കല്‍

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ