m1 (3)ഭൂമിയിലെ അനേകം വിഭവങ്ങളില്‍ അമൂല്യമായതാണ് ജലം.വായുവും വെള്ളവും ജീവന്റെ നിലനില്‍പ്പിന് അനിവാര്യമാണ്. മനുഷ്യനടങ്ങുന്ന ജൈവകുലത്തിന് വെള്ളമില്ലാത്ത ഒരു അവസ്ഥയെ കുറിച്ച് ആലോചിക്കാന്‍ പോലുമാവില്ല. സാങ്കേതികമായും സാമ്പത്തികമായും വമ്പുരോഗതി നേടിയിട്ടും ജലദൗര്‍ലഭ്യം ഉയര്‍ത്തുന്ന ആശങ്കകളെ അതിജീവിക്കാന്‍ പുതിയ കാലത്തിന് ഇത് വരെ സാധിച്ചിട്ടില്ല .അത് കൊണ്ടു തന്നെ ജലസംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി നടന്ന് കൊണ്ടിരിക്കുകയാണ്. വിവിധ രാജ്യങ്ങള്‍ ജലസംരക്ഷണ നയങ്ങള്‍ രൂപവത്കരിക്കുകയും അതിന്റെ പ്രായോഗവത്കരണത്തിനായി ആഗോള കൂട്ടായ്മകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. എ്യെരാഷ്ട്ര സഭ അടക്കമുള്ള വിവിധ അന്താരാഷ്ട്ര സംഘടനകളുടെ സഹകരണത്തോടെ വരുംകാലങ്ങളില്‍ ജലസംരക്ഷണത്തിനായി ലോകവ്യാപകമായി അനവധി പദ്ധതികള്‍ നടപ്പിലാക്കാനിരിക്കുന്നു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ തന്നെ ലോകവ്യാപകമായി ഗുരുതരമായ ജലദൗര്‍ലഭ്യവും ശുദ്ധജലക്ഷാമവും നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇത് കൂടുതല്‍ രൂക്ഷമാവുകയും നൂറ്റാണ്ടിലെ ഏറ്റവും വലിയ വെല്ലുവിളിയായിത്തീരുകയും ചെയ്യുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഈ പ്രതിസന്ധി നേരിടാന്‍ അതിബൃഹത്തും സമഗ്രവുമായ ജലസംരക്ഷണ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടി വരും. സുലഭതയുടെ കാലത്തുനിന്ന് ജലക്ഷാമത്തിന്റെ കാലത്തിലേക്കുള്ള മാറ്റം വലിയ പ്രശ്നങ്ങള്‍ക്കായിരിക്കും കാരണമായിത്തീരുക. ജലത്തിന് വേണ്ടിയുള്ള യുദ്ധങ്ങള്‍ക്ക് പുതുലോകം സാക്ഷിയാവുമെന്ന കണക്കുകൂട്ടലുകള്‍ തള്ളികളയാനാവില്ല. കാരണം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കേട്ട്കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ആഗോളവല്‍കരണത്തിന്റെ ഫലമായി ജലം കച്ചവടച്ചരക്കായി മാറുകയും അതോടനുബന്ധിച്ച് വിവിധയിടങ്ങളില്‍ സംഘര്‍ഷങ്ങള്‍ അരങ്ങേറുകയും ചെയ്തിട്ടുണ്ട്. ബൊളീവിയയില്‍ വീട്ടുചെലവിന്റെ പകുതിയും വെള്ളത്തിന് നീക്കിവെക്കാന്‍ നിര്‍ബന്ധിതരായ ജനം വെള്ളത്തിന്റെ സ്വകാര്യവത്കരണത്തിനെതിരെ കലാപം ചെയ്തു. നിരവധി രക്തസാക്ഷികളുണ്ടായി. ചത്തീസ്ഗഢിലെ ശിവന്നാഥപ്പുഴ വിദേശിക്ക് വില്‍ക്കുന്നതിനെരെയും പ്ലാച്ചിമടയിലെ ജലചൂഷണത്തിനെതിരെയും അരങ്ങേറിയ സമരപരമ്പരകള്‍ കാണിച്ചു തന്നത് ജലത്തിന്റെ മൂല്യമാണ്. 1950 മുതല്‍ 2000 വരെയുള്ള കാലയളവില്‍ ലോകത്താകമാനം 1800 ല്‍ അധികം രാഷ്ട്രാന്തര ജലതര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് യുനസ്കോയുടെ ഒരു പഠനം പറയുന്നത്. ഇതില്‍ 550 ഓളം തര്‍ക്കങ്ങള്‍ നിരവധി മനുഷ്യ ജീവനുകള്‍ ബലി കഴിക്കപ്പെട്ട രക്തരൂഷിതയുദ്ധങ്ങള്‍ തന്നെയായിരുന്നു.
ലോകജനസംഖ്യയുടെ 40 ശതമാനത്തോളം ആവശ്യമായ തോതില്‍ ജീവജലം ലഭ്യമാവാതെയാണ് ജീവിച്ചു പോരുന്നത്. പ്രതിശീര്‍ഷ ജലലഭ്യത 1700 ക്യൂബിക് ലിറ്ററില്‍ കുറഞ്ഞ രാജ്യങ്ങളെ ജലകമ്മി രാജ്യങ്ങളെന്നും (ംമലേൃ വെീൃമേഴല) ആയിരം ക്യൂബിക് ലിറ്ററില്‍ കുറവുള്ള രാജ്യങ്ങളെ ജലക്ഷാമരാജ്യങ്ങളെന്നും (ംമലേൃ രെമൃരല) നാമകരണം ചെയ്തിട്ടുണ്ട്. 1955ല്‍ ജലകമ്മി രാജ്യങ്ങളുടെ എണ്ണം വെറും ഏഴായിരുന്നത് 1990 ഓടെ 25 ആയി ഉയര്‍ന്നു. 2025ഓടെ അത് മുപ്പതിലധികമാവുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
ഭൂമി ഒരു ജലഗോളമാണ്. ഭൂമിയില്‍ 1455 ദശലക്ഷം കോടി ഘനമീറ്റര്‍ ജലമുണ്ടെന്നാണ് ശാസ്ത്രത്തിന്റെ കണ്ടെത്തല്‍. ലഭ്യമായ ഈ ജലത്തിന്റെ മൂന്ന് ശതമാനം മാത്രമാണ് ശുദ്ധജലം. അതായത് ഭൂമിയിലെ ആകെയുള്ള വെള്ളത്തിന്റെ പതിനായിരത്തിലൊരംശം മാത്രമാണ് ജൈവകുലത്തിന് ഉപയോഗയോഗ്യമായത്. ഭൂമിയുടെ മുഴുവന്‍ ജീവജാലങ്ങളുടെയും നിലനില്‍പിന് ജലം അനിവാര്യമാണ്. ആവാസവ്യവസ്ഥയെ നിര്‍ണയിക്കുന്നതില്‍ ജലത്തിന്റെ പങ്ക് അനിഷ്യേമാണ്. അപാരമായ കടല്‍ മുതല്‍ മനുഷ്യ നിര്‍മിതമായ കിണര്‍ വരെയുള്ള മുഴുവന്‍ ജലസ്രോതസ്സുകളും ഭൂമിയിലെ ആവാസവ്യവസ്ഥ നിര്‍ണയിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു. പ്രധാനമായും രണ്ട് സ്രോതസ്സുകളാണ് വെള്ളം ലഭിക്കുവാനുള്ളത്. ഉപരിതല ജലസ്രോതസ്സുകളും ഭൂഗര്‍ഭ ജലസ്രോതസ്സുകളും.കുളങ്ങളും പുഴകളും തടാകങ്ങളും അടങ്ങിയതാണ് ഉപരിതല ജലസ്രോതസ്സുകള്‍. സാധാരണ കിണറുകളും കുഴല്‍കിണറുകളും നീരുറവകളും ഭൂഗര്‍ഭജലം ലഭ്യമാവുന്നതിനുള്ള വഴികളാണ്. ഭൂഗര്‍ഭ ജലമാണ് ശുദ്ധജലത്തിന്റെ പ്രധാന സ്രോതസ്സ്. മഴപെയ്തും മഞ്ഞുരുകിയുമാണ് ഭൂഗര്‍ഭജലം ലഭ്യമാവുന്നത്. ഇത് ഭൂമിയുടെ ഉപരിതലത്തിലൂടെ ഒഴുകി നീങ്ങുമ്പോള്‍ ഏറെഭാഗം സസ്യങ്ങള്‍ വലിച്ചെടുക്കും. കുറെ ഭാഗം മണ്ണിലൂടെ അരിച്ചിറങ്ങുകയും ഭൂമിയുടെ പല ഭാഗങ്ങിലും ശേഖരിക്കപ്പെടുകയും ചെയ്യും. ഇപ്രകാരം ഭൂമിക്കടിയില്‍ ശേഖരിക്കപ്പെട്ട സ്രോതസ്സാണ് ഭൂഗര്‍ഭജലസ്രോതസ്സ് എന്ന് വിളിക്കുന്നത്. അനേകം കോടി മനുഷ്യര്‍ കുടിവെള്ളത്തിനും മററുമായി ഉപയോഗിക്കുന്ന ത് ഈ ശുദ്ധജലമാണ്. പക്ഷേ അനിയന്ത്രിതമായ മലിനീകരണം ഭൂഗര്‍ഭജലത്തെയും കളങ്കപ്പെടുത്തുന്നുണ്ട്. ജലത്തിന്റെ ഭൗതിക, രാസ, ജൈവഗുണങ്ങളില്‍ ഉണ്ടാകുന്ന ആപല്‍ക്കരമായ വ്യതിയാനങ്ങളെയാണ് ജല മലിനീകരണം എന്നു വിളിക്കപ്പെടുന്നത്.
വ്യവസായവത്കരണവും മനുഷ്യന്റെ മാറിയ ജീവിതസാഹചര്യവും ജലമലിനീകരണത്തിന് പ്രധാന കാരണമാവുന്നുണ്ട്. അലക്ഷ്യമായി നാം വലിച്ചെറിയുന്ന മാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന മാരകവിപത്തുകളെ കുറിച്ച് ഇനിയും നാം ബോധവാന്‍മാരല്ല. ഉപരിതലഭൂഗര്‍ഭ ജലസ്രോതസ്സുകളെ മലിനപ്പെടുത്താന്‍ കാരണമാകുന്ന വഴിവിട്ട നടപടികളിലൂടെ നാം സൃഷ്ടിക്കുന്ന ദുരന്തം ചെറുതൊന്നുമല്ല. സ്രഷ്ടാവായ അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്തിന്റെ മൂല്യം എന്താണെന്നതിനെ കുറിച്ച് സമൂഹം ബോധവാന്‍മാരല്ല. നമ്മുടെ ജീവിതത്തെ നാം പരിശോധിക്കുക. ഭൂമിയുടെ മുക്കാല്‍ ഭാഗത്തോളം ജലമാണ്. ഈ ജലാശയങ്ങള്‍ക്ക് ചുറ്റും ഒരു തുരുത്തില്‍ എന്നവണ്ണം ജീവിക്കുന്ന മനുഷ്യന്‍ ഏറ്റവുമധികം ഭയപ്പെടുന്നതും ജലദൗര്‍ലഭ്യത്തെയാണ്.
ഭൂഗര്‍ഭജലമാണ് നാം കൂടുതലും ആശ്രയിക്കുന്നത്. അതിന്റെ ലഭ്യത മഴയുടെ ലഭ്യതയെ ആശ്രയിച്ചാണിരിക്കുന്നത്. മഴ അല്ലാഹുവിന്റെ അനുഗ്രഹമാണ്. അത് നമ്മുടെ ആവശ്യാനുസാരം സൃഷ്ടിച്ചെടുക്കാന്‍ മനുഷ്യനാവില്ല. അല്ലാഹു കനിഞ്ഞു നല്‍കുക തന്നെ വേണം. അല്‍ഭുതകരമായ രീതിയിലാണ് അല്ലാഹു ഈ പ്രപഞ്ചത്തെ സംവിധാനിച്ചിരിക്കുന്നത്. ജലത്തിന്റെ സംവിധാനരീതി മാത്രം പരിശോധിച്ചാല്‍ തന്നെ ഇത് മനസ്സിലാക്കാനാവും. തീരെ മഴയില്ലാതായാല്‍ നാം അനുഭവിക്കേണ്ടി വരുന്ന ജലദൗര്‍ലഭ്യവും നിലക്കാതെ മഴ പെയ്താല്‍ ഉണ്ടാകാവുന്ന ജലപ്രളയവും അതിജീവിക്കാന്‍ നമുക്കാവില്ല. ഇത് രണ്ടുമില്ലാതെ ഒരു ക്രമീകരണം ഏര്‍പ്പെടുത്തിയത് എത്രമാത്രം വലിയ അനുഗ്രഹമാണ്. ഭൂമിയുടെ ഉപരിഭാഗത്തിന്റെ മൂന്നിരട്ടിയോളം വരുന്ന കടല്‍ വെള്ളത്തിന്റെ പ്രകൃതിയെങ്ങാനും നാമുപയോഗിക്കുന്ന ജലസ്രതോസ്സുകളിലെത്തിയാല്‍ അതിന്റെ സ്ഥിതി എന്തായിരിക്കും. ഭൂമിയിലെ പെട്രോളും കല്‍ക്കരിയും അടക്കമുള്ള ധാതുക്കളും അസംസ്കൃതവസ്തുക്കളും നമ്മള്‍ ഉപയോഗിക്കുന്ന ഭൂഗര്‍ഭജലത്തോട് കലര്‍ന്നാല്‍ ഭൂമിയിലെ നമ്മുടെ ജീവിതം താറുമാറാകും.
പണ്ട് ഇസ്റാഈലി ജനതയെ പരീക്ഷിക്കുകയും ശിക്ഷക്ക് വിധേയരാക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ ഒരു പ്രദേശത്തെ പൊതുകിണറ്റില്‍ നിന്ന് രണ്ട് തരത്തിലുള്ള ജലം ലഭിക്കുന്ന അവസ്ഥയുണ്ടായി. അവിശ്വാസികള്‍ വെള്ളമെടുക്കുമ്പോള്‍ രക്തമയവും തവളയുള്ളതുമായ വെള്ളം ലഭ്യമാവുകയും നേരെ മറിച്ച് വിശ്വാസികള്‍ വെള്ളമെടുക്കുമ്പോള്‍ ശുദ്ധജലം ലഭ്യമാവുകയും ചെയ്തു. നാഥന്റെ തീരുമാനമാണ് ശുദ്ധജല ലഭ്യതയുടെയും അതിന്റെ സുരക്ഷയുടെയും അടിസ്ഥാനം. പ്രാപഞ്ചിക വസ്തുതകള്‍ അനുകൂലമാക്കി ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന സാഹചര്യത്തില്‍ മനുഷ്യജീവിതത്തിന് സുഖവും സന്തോഷവുമുണ്ടാകും. പ്രകൃതിയുടെ ആവാസയോഗ്യതയും സൗകര്യങ്ങളും തകരാറിലായാല്‍ അതിന് മുന്പില്‍ പിടിച്ച് നില്‍ക്കാല്‍ ആര്‍ക്കും സാധ്യമാവുകയില്ല.
നമ്മുടെ ജൈവികവ്യവസ്ഥതയെ നിര്‍ണയിക്കുന്ന ജലത്തിന്റെ വില അറിഞ്ഞുപയോഗിക്കാന്‍ നമുക്കാവണം. ഇതിന് ഫലപ്രദമായ ജലസംരക്ഷണം നാം നടപ്പിലാക്കിയേ തീരൂ. നഷ്ടപ്പെടലിനും പാഴാക്കലിനും എതിരായുള്ള പരിരക്ഷണമാണ് സംരക്ഷണം കൊണ്ടര്‍ത്ഥമാക്കുന്നത്. ലഭ്യമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് രാജ്യത്തെ ജലവിഭവങ്ങള്‍ കൂടുതല്‍ പ്രയോജനമാംവിധം ഉപയുക്തമാക്കുകയും ജലമലിനീകരണം തടയുകയും വനനശീകരണം, മണ്ണൊലിപ്പ് തുടങ്ങി മഴയുടെ ലഭ്യതയെ ബാധിക്കുന്ന നടപടികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുകയും വേണം. ജലം പാഴായി പോവുന്ന അവസ്ഥ ഇല്ലാതാക്കുകയും ജലസംരക്ഷണത്തിനുള്ള മാര്‍ഗങ്ങളെ കുറിച്ച് സമൂഹത്തെ ബോധവാന്‍മാരാക്കുകയും വേണം. നാടിന്റെ നാടിഞരമ്പുകളായ നദികളെ സംരക്ഷിക്കുക എന്നത് ജലസംരക്ഷണത്തിന്റെ നടപടികളില്‍ പ്രധാനമാണ്. വേനല്‍ക്കാലത്തെ വരള്‍ച്ചയും നീരൊഴുക്കിലെ കുറവും നദികള്‍ നേരിടുന്ന പ്രശ്നമാണ്. പുഴകളുടെ വൃഷ്ടി പ്രദേശത്തുണ്ടായിരുന്ന മരങ്ങള്‍ വന്‍തോതില്‍ നശിപ്പിച്ചതാണ് ഇതിന് കാരണം. മരങ്ങള്‍ മഴവെള്ളം മണ്ണില്‍ പിടിച്ചുവെക്കാന്‍ കഴിവുള്ളവയാണ്. അമിതമായ മലിനീകരണവും പുഴകളും മരണത്തിന് കാരണമായിട്ടുണ്ട്.
ഫാക്ടറികളില്‍ നിന്ന് തള്ളുന്ന മാലിന്യങ്ങളും പുഴയിലേക്ക് നാം വലിച്ചെറിയുന്ന മാലിന്യങ്ങളും പുഴയെ മലിനപ്പെടുത്തുന്നു. ഇത് വലിയ തോതിലുള്ള ദുരന്തങ്ങള്‍ക്കാണ് വഴിവെക്കുക. പുഴ, കുളങ്ങള്‍, തടാകങ്ങള്‍ തുടങ്ങി സുപ്രധാനമായ ജലസ്രോതസ്സുകള്‍ സംരക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. കായല്‍, കുളങ്ങള്‍, തണ്ണീര്‍ തടങ്ങള്‍ തുടങ്ങിയവ നികത്തപ്പെടാതെ സംരക്ഷിക്കുകയും മലിനീകരണത്തില്‍ നിന്ന് തടയുകയും വേണം. മരങ്ങള്‍ വച്ച് പിടിപ്പിച്ചും മണ്ണ് സംരക്ഷിച്ചും ജലക്ഷാമത്തിന് പരിഹാരം കാണണം. മണ്ണ് സംരക്ഷിക്കാതെ ജലസംരക്ഷണം സാധ്യമാവില്ല. മഴക്കാലത്തെ അധികജലത്തിന്റെ നല്ലൊരു പങ്ക് മണ്ണില്‍ കിനിഞ്ഞറങ്ങാന്‍ സൗകര്യപ്പെടുത്തുന്നത് മഴയില്ലാകാലത്ത് ശുദ്ധജലമായി തിരികെ ലഭിക്കാന്‍ സഹായിക്കും. കുന്നും മലകളും ഇടിച്ചു നിരത്തി കോണ്‍ഗ്രീറ്റ് കാടുകള്‍ പണിയുമ്പോള്‍ നമുക്ക് നഷ്ടമാവുന്നത് നമ്മുടെ ജീവിതവ്യവസ്ഥ തന്നെയാണെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.
വെള്ളത്തിന്റെ പുനരുപയോഗം ജലസംരക്ഷണത്തിന്റെ പ്രധാനമാര്‍ഗങ്ങിലൊന്നാണ്. നമ്മുടെ വീടുകളിലും മറ്റുമുപയോഗിക്കുന്ന വെള്ളം ജലസേചനത്തിനും കാര്‍ഷികാവശ്യങ്ങള്‍ക്കുമായി വീണ്ടും നമുക്കുപയോഗിക്കാന്‍ സാധിക്കും. മഴവെള്ളം സംഭരിച്ചുവെക്കുക എന്നത് ജലസംരക്ഷണത്തിനുള്ള മറ്റൊരു മാര്‍ഗമാണ്. പണ്ടുകാലങ്ങളില്‍ മരങ്ങളില്‍ ഓലകെട്ടിയും വാഴപ്പോള, മുളപ്പാത്തികള്‍ എന്നിവ സംവിധാനിച്ചും മഴവെള്ളം സംഭരിച്ചിരുന്നു. ഈ പരമ്പരാഗത മാര്‍ഗങ്ങളുടെ ആധുനികവും ശാസ്ത്രീയവുമായ രീതികള്‍ പുതിയ കാലത്ത് നമുക്ക് അവലംബിക്കാവുന്നതാണ്. നമ്മുടെ ശുദ്ധജലത്തിന്റെ പ്രധാന സ്രോതസ്സായ ഭൂഗര്‍ഭജലം സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണ്. നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായിരുന്ന വയലുകളും കുളങ്ങളും സംരക്ഷിക്കുന്നതിലൂടെ ഭൂഗര്‍ഭജലം പരിരക്ഷിക്കാനാവും. മഴവെള്ളമാണ് ഭൂഗര്‍ഭജലമായിത്തീരുന്നത്. മഴവെള്ളം കടലിലേക്ക് ഒഴുകിപോവാതെ ഭൂമിക്കടിയിലേക്ക് ഒലിച്ചിറങ്ങിയാല്‍ മാത്രമേ ഭൂഗര്‍ഭജലം സൃഷ്ടിക്കപ്പെടുകയുള്ളൂ. മഴവെള്ളം ഭൂമിയിലേക്ക് താഴ്ന്നിറങ്ങാന്‍ സഹായിക്കുന്ന പ്രകൃതിദത്ത സംഭരണികളാണ് കുളങ്ങളും വയലുകളും മറ്റും. അത് കൊണ്ട് അവയെ സംരക്ഷിക്കേണ്ടത് ജലസംരക്ഷണത്തിന്റെ സുപ്രധാന മാര്‍ഗങ്ങളിലൊന്നാണ്.
വെള്ളം അമൂല്യമായ അനുഗ്രഹമാണെന്ന തിരിച്ചറിവ് സമൂഹത്തിലുണ്ടാക്കാന്‍ നമുക്കാവണം. കമ്പോളവത്കരണത്തിന്റെ പുതിയ കാലത്ത് ജലം വില്‍പനച്ചരക്കാക്കി മാറ്റിയതിലൂടെ സൃഷ്ടിക്കപ്പെട്ടത് വെള്ളത്തിന്റെ മൂല്യത്തെ കുറിച്ചുള്ള അജ്ഞതയാണ്. വളര്‍ന്നുവരുന്ന തലമുറ വെള്ളമെന്നത് പണം കൊടുത്ത് വാങ്ങാവുന്ന കേവലമൊരു ഉല്‍പന്നമായാണ് കണക്കാക്കിയിരിക്കുന്നത്. അതിനപ്പുറം വെള്ളമെന്നത് അപാരമായ അനുഗ്രഹമാണെന്ന തിരിച്ചറിവാണ് സൃഷ്ടിക്കപ്പെടേണ്ടത്. എങ്കില്‍ മാത്രമേ വെള്ളത്തിന്റെ വിലയറിഞ്ഞ് ജീവിക്കുന്ന ഒരു സമൂഹത്തെ വാര്‍ത്തെടുക്കാനാവൂ. കടലില്‍ നിന്ന് വുളൂഅ് (അംഗശുദ്ധി) ചെയ്യുകയാണെങ്കിലും അമിതമായി ഉപയോഗിക്കരുതെന്ന് പഠിപ്പിച്ച വിശുദ്ധമായ മതദര്‍ശനം വിരല്‍ ചൂണ്ടുന്നത് വെള്ളത്തിന്റെ മേല്‍ നാം കാത്തുസൂക്ഷിക്കേണ്ട സംരക്ഷണത്തിന്റെ പാഠങ്ങളിലേക്കാണ്. ജലസംരക്ഷണം ജീവിതത്തിന്റെ ഭാഗമാക്കി ഏറ്റെടുക്കാന്‍ നമുക്ക് സാധിക്കുമ്പോള്‍ മാത്രമേ നമ്മുടെ ജീവിതം ഫലപ്രാപ്തിയിലെത്തുകയുള്ളൂ.

സ്വാദിഖ് മന്‍സൂര്‍ കുഴിപ്പുറം

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ