ചൂട് കനത്തുവരുന്നു. പതിവു വേനല്‍ മഴ ലഭിക്കുന്നുമില്ല. കുംഭത്തില്‍ അതു പ്രതീക്ഷിച്ചുവെങ്കിലും നിരാശയായിരുന്നു. ജലക്ഷാമം രൂക്ഷമായിത്തുടങ്ങിയിരിക്കുന്നു. ഇപ്പോള്‍ തന്നെ ഇതാണവസ്ഥയെങ്കില്‍ മഴക്കാലമാവുമ്പോഴേക്ക് എന്താവുമെന്ന് കണ്ടുതന്നെ അറിയേണ്ടിവരും.
ആഗോളതാപനവും പ്രകൃതി നശീകരണവുമൊക്കെ ചേര്‍ന്ന് കാലാവസ്ഥാ വ്യതിയാനം ശക്തമാണ്. പ്രകൃതിയുടെ പതിവുരീതികള്‍ താളം മറിഞ്ഞു കഴിഞ്ഞു. മഞ്ഞുരുക്കം കാരണം ഭൂഗോളത്തിന്റെ പലയിടങ്ങളില്‍ ബുദ്ധിമുട്ടുന്നു. വെള്ളപ്പൊക്കവും അഗ്നിപര്‍വത സ്ഫോടനങ്ങളും അങ്ങിങ്ങ് അരങ്ങേറുന്നു. കേരളത്തിലടക്കം ഭൂമിക്ക് വിറയല്‍ അനുഭവപ്പെടുന്നുമുണ്ട്. എല്ലാം കൂടി നല്‍കുന്ന ആപത്സൂചന തിരിച്ചറിയാന്‍ വിശ്വാസികള്‍ ബാധ്യസ്ഥരാണ്.
പതിവുപോലെ ഈ വര്‍ഷവും വിവിധ കോണുകളില്‍ നിന്നുള്ള ജലനശീകരണത്തിനെതിരെയുള്ള വിലാപങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. ഇതിലര്‍ത്ഥമില്ല. ഓരോരുത്തരും ജലം സംരക്ഷിക്കാനും പ്രകൃതിയെ അതേപടി നിലനിര്‍ത്താനുമുള്ള ആത്മാര്‍ത്ഥ ശ്രമങ്ങള്‍ നടത്തുകയാണു വേണ്ടത്. വീടുകള്‍, ഓഫീസുകള്‍, ഹോട്ടലുകള്‍, ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയ ജലം ഉപയോഗിക്കുന്നയിടങ്ങളിലൊക്കെയും അതിനു കര്‍ശന നിയന്ത്രണം വേണം. പൊതുഇടങ്ങളില്‍ പ്രത്യേകിച്ചും, തന്റേതല്ലല്ലോ എന്ന രീതിയില്‍ ദുര്‍വ്യയം നടക്കുന്നു. പൈസ കൊടുത്തിട്ടല്ലേ എന്ന എന്ന ചിന്തയില്‍ അനാവശ്യമായി ധാരാളം വെള്ളം നശിപ്പിക്കുന്നുമുണ്ട്. ഈ ന്യായങ്ങള്‍ സ്വന്തത്തിന്റെയും വരുംതലമുറയുടെയും കഴുത്തറുക്കുന്നതിന് തുല്യമാണെന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്.
സമുദ്രത്തില്‍ നിന്നാണെങ്കില്‍ പോലും മൂന്നു പ്രാവശ്യത്തിലധികം അഗംസ്നാനം പാടില്ലെന്നാണ് മതവിധി. ഒരു കോരല്‍ വെള്ളം കൊണ്ട് വുളൂഅ് എടുക്കുകയും നാലുകോരല്‍ വെള്ളം കൊണ്ട് നിര്‍ബന്ധകുളി നിര്‍വഹിക്കുകയും ചെയ്തിരുന്ന തിരുനബി(സ്വ)യുടെ മാതൃക ലോകം മനസ്സിലാക്കാതിരിക്കരുത്. വിലാപമല്ല; എരിഞ്ഞൊടുങ്ങുന്നതിനു മുമ്പ് അതിജീവന ശ്രമമാണ് നടത്തേണ്ടത്. സംഘടനാ കുടുംബം ഇതില്‍ മുന്നില്‍ നില്‍ക്കുക തന്നെ വേണം.

You May Also Like

ഖാളി മുഹമ്മദ്(റ) മുഹ്യിദ്ദീന്‍ മാലക്കു മുമ്പും പിമ്പും

ഇസ്‌ലാം ദര്‍ശനം എന്താണെന്നും എന്താവരുതെന്നും പൂര്‍വസൂരികളെ കണ്ടും അവര്‍ പകര്‍ന്ന വിശ്വാസ ധാരയെ ഉള്‍ച്ചേര്‍ത്തും ഗൃഹപാഠം…

കേരളത്തിലെ സാദാത്തു പരമ്പര

കേരളത്തില്‍ വന്ന സാദാത്ത് ഖബീല മുഴുവനുമെന്നു പറയാം, യമനിലെ തരീമില്‍ നിന്നു വന്നവരാണ്. ബാഅലവി, ബാഫഖി,…

ഉസ്മാനിയ ഖിലാഫത്ത് പില്ക്കാനലത്തെ മതഭരണം

മൂന്നാം ഖലീഫ ഉസ്മാന്‍(റ)ന്റെ കാലത്ത്, ഇസ്‌ലാമിക ഭരണ നിയമങ്ങള്‍ നടപ്പിലായിരുന്ന ഭൂപ്രദേശങ്ങള്‍ പ്രവിശാലമായിരുന്നു. ഭൂമിയുടെ കിഴക്കും…