തിരുനബി(സ്വ) പറഞ്ഞു: ആരെങ്കിലും വെള്ളത്തിനായി ഒരു കുഴിയെടുത്തു. അതിൽ നിന്ന് ദാഹമുള്ള മനുഷ്യനോ ജിന്നോ പക്ഷിയോ മൃഗമോ കുടിച്ചാൽ അല്ലാഹു അവന് അന്ത്യനാളിൽ വലിയ പ്രതിഫലം നൽകുക തന്നെ ചെയ്യും (ഇബ്‌നുഖുസൈമ).
നമ്മുടെ ശരീരത്തിന്റെ 60 മുതൽ 75 ശതമാനം വരെ ജലമാണെന്നാണ് പഠനം. ശാരീരിക കോശങ്ങളുടെ പ്രവർത്തിനതാവശ്യമാണ്. വെള്ളം ശരീരത്തിൽ നിർവഹിക്കുന്ന ധർമം പ്രധാനം. ഓക്‌സിജനും പോഷക ഘടകങ്ങളും വിതരണം ചെയ്യുക, മാലിന്യങ്ങൾ പുറന്തള്ളുക, ശരീരോഷ്മാവ് സന്തുലിതപ്പെടുത്തുക തുടങ്ങിയവ ശരീരത്തിനകത്തെ ജലസേവനങ്ങളാണ്. ഒരു ദിവസം ഏഴ് മുതൽ പന്ത്രണ്ട് ഗ്ലാസ് വരെ വെള്ളം ശരീരത്തിനാവശ്യമാണത്രെ. വൃത്തി, ശുദ്ധീകരണം, പാചകം, കൃഷി പോലുള്ള ആവശ്യങ്ങൾക്കായി കുടിക്കാനുപയോഗിക്കുന്നതിലേറെ ജലം നാം വിനിയോഗിക്കുന്നു. അത്യാവശ്യങ്ങൾക്ക് സമയാസമയം ജലം ലഭിക്കുക എന്നത് വലിയ അനുഗ്രഹവും ഭാഗ്യവുമാണ്.
ഭൂമിയിൽ എഴുപത് ശതമാനത്തിലധികം ജലമുണ്ടായിട്ടും എല്ലാവർക്കും എപ്പോഴും വെള്ളം ലഭ്യമാകുന്നില്ല. എന്നാൽ എല്ലാവർക്കും ജലം ആവശ്യമാണുതാനും. ആവശ്യക്കാർക്ക് വെള്ളം ലഭ്യമാക്കുന്നത് ജീവൽ പ്രധാനമാണ്. അതുകൊണ്ട് തന്നെ ജലദാനത്തെയും ജലവിതരണത്തെയും ഇസ്‌ലാം മഹത്തായ പുണ്യകർമമായി നിശ്ചയിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
മറ്റുള്ളവരുടെ ദാഹജലാവശ്യം പരിഹരിക്കുന്നത് വിശ്വാസികൾക്ക് വലിയ പ്രതിഫലത്തിന് കാരണമാകും. ജന്തുജാലങ്ങൾക്ക് ജലം ജീവൽ പ്രധാനമാണ്. വായു കഴിഞ്ഞാൽ ജലമാണ് പ്രധാനം. വെള്ളം കുടിക്കാതെ വളരെ കുറഞ്ഞ ദിവസം മാത്രമേ മനുഷ്യന് ജീവിക്കാനാവൂ. അവനെ സംബന്ധിച്ചിടത്തോളം വെള്ളം പല കാര്യങ്ങൾക്കും അനിവാര്യമാണ്. ആവശ്യത്തിന്റെ പ്രാധാന്യവും ഗൗരവവും അനുസരിച്ചാണ് ദാനത്തിന്റെ മഹത്ത്വവും പ്രതിഫലവും ലഭ്യമാവുക. അതുകൊണ്ട് ജലദാനം മഹാദാനമാണ്, ജീവദാനവുമാണ്. ജീവൻ നിലനിർത്താനാണ് ജലദാതാവ് കാരണക്കാരനാകുന്നത്. സ്വദഖകളുടെ കൂട്ടത്തിൽ ജലദാനത്തിന് വലിയ ശ്രേഷ്ഠതയുണ്ട്.
സഅ്ദ് ബിൻ ഉബാദ(റ)വിന്റെ മാതാവ് വഫാത്തായി. അദ്ദേഹം നബി(സ്വ) സമീപിച്ചു ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, എന്റെ ഉമ്മ മരണപ്പെട്ടിരിക്കുന്നു. ഞാൻ അവരുടെ പേരിൽ വല്ലതും ദാനം ചെയ്യട്ടേ?
നബി(സ്വ) പറഞ്ഞു: അതേ.
സഅ്ദ് വീണ്ടും: ഏത് സ്വദഖയാണ് ഏറ്റവും ശ്രേഷ്ഠകരം?
നബി(സ്വ): ‘വെള്ളം നൽകൽ’ (അഹ്‌മദ്).
ഈ സംഭവം പരാമർശിച്ച ശേഷം ഇമാം ഖുർത്വുബി(റ) എഴുതി: ജലം കുടിപ്പിക്കുക എന്നത് അല്ലാഹുവിന്റെ അടുക്കൽ അതിമഹത്തായ ഇബാദത്താണെന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു (തഫ്‌സീർ ഖുർത്വുബി).
പൂർവകാല സമൂഹത്തിലെ അഭിസാരികയായ ഒരു സ്ത്രീ, കിണറിന് ചുറ്റും നടന്നുകൊണ്ടിരിക്കുന്ന നായയെ കാണാനിടയായി. അതിന് കലശലായ ദാഹമുണ്ടെന്ന് മനസ്സിലാക്കിയ അവൾ തന്റെ കാലിലെ ഷൂ അഴിച്ച് അതിൽ നിന്ന് വെള്ളം കോരിയെടുത്ത് നായക്ക് നൽകി. അക്കാരണത്താൽ അവളുടെ പാപങ്ങൾ പൊറുക്കപ്പെട്ടു (ബുഖാരി).
ഇങ്ങനെ വെള്ളം നൽകിയ മറ്റൊരാളുടെ വിജയകഥയും റസൂൽ(സ്വ) വിവരിച്ചത് ഹദീസിലുണ്ട്. കുഴിയിലിറങ്ങി തന്റെ ദാഹം മാറ്റി കരക്കെത്തിയപ്പോൾ ദാഹം മൂലം നനവുള്ള മണ്ണ് നക്കിക്കൊണ്ടിരിക്കുന്ന നായയെ കണ്ട് വീണ്ടും കുഴിയിലിറങ്ങി ഷൂവിൽ വെള്ളം കോരിയെടുത്ത് അതു കടിച്ചുപിടിച്ച് കരക്ക് കേറി നായക്ക് നൽകി. നബി(സ്വ) പറഞ്ഞു: ആ പ്രവർത്തനത്തിനുള്ള നന്ദിയെന്നോണം അല്ലാഹു അയാളുടെ പാപങ്ങൾ പൊറുത്തു കൊടുത്തു. ഇത് കേട്ട് സ്വഹാബികൾ ചോദിച്ചു: മൃഗങ്ങളുടെ കാര്യത്തിലും ഞങ്ങൾക്ക് പ്രതിഫലമുണ്ടോ റസൂലേ?
അവിടന്ന് പറഞ്ഞു: പച്ചക്കരളുള്ള എല്ലാറ്റിലും പ്രതിഫലമുണ്ട് (ബുഖാരി).
പാപങ്ങൾ പൊറുത്ത് കിട്ടാനും ജലദാനം ഉപകാരപ്പെടുമെന്ന് ഈ സംഭവം പഠിപ്പിക്കുന്നു. ഇമാം ഖുർത്വുബി(റ) രേഖപ്പെടുത്തി: പാപങ്ങൾ അധികരിച്ചവൻ കുടിവെള്ളം നൽകട്ടെ എന്ന് താബിഈങ്ങളിൽപെട്ട ഒരു മഹാൻ പറഞ്ഞിട്ടുണ്ട് (തഫ്‌സീർ ഖുർത്വുബി).
ദാനങ്ങൾ വിപത്തുകൾ തടയുമെന്ന് ഹദീസിലുണ്ട്. ജലദാനം ഇതിന് വളരെ ഫലപ്രദമാണ്. അബ്ദുല്ലാഹിബ്‌നുൽ മുബാറക്(റ)യോട് ഒരാൾ പറഞ്ഞു: ഏഴ് വർഷമായി എന്റെ കാൽമുട്ടിൽ ഒരു മുറിവുണ്ട്. ധാരാളം ചികിത്സകരെ സമീപിച്ചു, പലതരം ചികിത്സാരീതികളും ഔഷധങ്ങളും ഉപയോഗിച്ചു. പക്ഷേ, ഒരു ശമനവുമില്ല.
അദ്ദേഹത്തോട് മഹാൻ പറഞ്ഞു: ‘നീ ജനങ്ങൾക്ക് വെള്ളം ആവശ്യമുള്ള ഒരിടത്ത് കിണർ കുഴിച്ച് നൽകുക. അതിൽ ഉറവയുണ്ടാവുകയും അതോടെ നിന്റെ മുറിവിലെ രക്തമൊലിപ്പ് നിലക്കുകയും ചെയ്‌തേക്കും.’
നിർദേശം പോലെ അദ്ദേഹം കിണർ കുഴിച്ചു. താമസിയാതെ മുറിവ് സുഖപ്പെട്ടു (ബൈഹഖി/ശുഅ്ബുൽ ഈമാൻ).
ജിബ്‌രീൽ(അ) പ്രവാചകർ(സ്വ)യോട് പറഞ്ഞു: നബിയേ, ഞങ്ങളുടെ ഇബാദത്ത് ഭൂമിയിലായിരുന്നെങ്കിൽ മൂന്ന് കാര്യങ്ങളായിരിക്കും ഞങ്ങൾ പ്രധാനമായും ചെയ്യുക. ഒന്ന്, മുസ്‌ലിംകൾക്ക് വെള്ളം നൽകുക. രണ്ട്, കുടുംബ പ്രാരാബ്ദമുള്ളവരെ സഹായിക്കുക. മൂന്ന്, മുസ്‌ലിംകൾ പാപം ചെയ്താൽ അത് മറച്ചുവെക്കുക (അൽമുസ്തത്വ് റഫ്).
ജലദാനം ജീവികളിലേക്ക് നേരിട്ട് എത്തുന്നതും വേഗത്തിൽ ഉപകാരം അനുഭവപ്പെടുന്നതുമായ പ്രവർത്തനമാണ്. വേഗത്തിൽ പരിഹാരം അനിവാര്യമായ മേഖലയാണ് വെള്ള പ്രശ്‌നം. നല്ല മനസ്സോടെ ജലദാനം നിർവഹിക്കുന്നത് സൗഭാഗ്യമാണ്. അവസരം ലഭിച്ചിട്ടും നഷ്ടപ്പെടുത്തുന്നത് വലിയ ബുദ്ധിമോശവും. നാം പണികഴിപ്പിച്ച ജലസ്രോതസ്സുകളുടെ ഉടമസ്ഥത നമുക്കാണ്. പക്ഷേ, അതിലെ വെള്ളം ആർക്കും തടയാൻ നമുക്കവകാശമില്ല. അത് പാരത്രിക ലോകത്ത് വലിയ ഖേദത്തിനിടയാക്കും. നബി(സ്വ) പറഞ്ഞു: മൂന്ന് വിഭാഗം ആളുകളോട് അല്ലാഹു ആഖിറത്തിൽവെച്ച് സംസാരിക്കുകയോ കാരുണ്യത്തിന്റെ നോട്ടം നോക്കുകയോ ചെയ്യില്ല. അതിലൊരു വിഭാഗം വഴിയാത്രികന് വെള്ളം നൽകാത്തവനാണ് (ബുഖാരി). അത്തരക്കാരോട് അല്ലാഹു പറയും. നീ നിന്റെ കഴിവുകൊണ്ട് ഉണ്ടാക്കിയതല്ലാത്ത വെള്ളത്തിൽ നിന്ന് മിച്ചമായത്, ആവശ്യക്കാർക്ക് നീ നൽകിയിരുന്നില്ലല്ലോ. അതിനാൽ ഇന്ന് എന്റെ ഭാഗത്തുനിന്നുള്ള ഗുണങ്ങൾ ഞാൻ നിനക്കും നൽകുന്നില്ല (ബുഖാരി, മുസ്‌ലിം).
ജീവനുള്ള ഏതൊന്നിന്റെയും ദാഹമകറ്റാൻ നാം വെള്ളം നൽകിയാൽ അവയുടെ വയറ്റിൽ നമുക്കൊരു നിക്ഷേപമുണ്ടാവുകയാണ്. കിണറിൽ നിന്നും കുളത്തിൽ നിന്നും ദാഹവും ക്ഷീണവും അകറ്റുന്ന കാലത്തൊക്കെയും ഇഹത്തിലും പരത്തിലും നമുക്ക് നന്മകൾ കൈവന്നുകൊണ്ടിരിക്കും. തൊണ്ട നനയുമ്പോൾ, ദാഹം മാറുമ്പോൾ, ക്ഷീണമകലുമ്പോൾ, കരൾ കുളിരുമ്പോൾ ഉണ്ടാകുന്ന നവോന്മേഷത്തിന് നന്മകൾ പ്രസരിപ്പിക്കാൻ ശേഷിയുണ്ട്. അതാണ് നമുക്ക് ശമനമായി, പാപമോചനമായി, വിജയമായി, സന്തോഷമായി, പ്രതിഫലമായി ലഭിക്കുന്നത്. അമൂല്യമായത് ജലദാനം നടത്തി നിത്യസംതൃപ്തിക്കും ഗുണത്തിനുമുള്ള ഉപാധിയൊരുക്കാം.

 

അലവിക്കുട്ടി ഫൈസി എടക്കര

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ