m1 (11)മനുഷ്യന് കുടിക്കാനും കുളിക്കാനും വെള്ളം വേണം. ശുദ്ധജലം തന്നെ വേണം. മാലിന്യങ്ങള്‍ നീക്കാനും കൃഷിക്കും വേണം വെള്ളം. മനുഷ്യന്റെ പാര്‍പ്പിടമായ ഭൂമി ജലാര്‍ദ്രമല്ലാതിരുന്നാല്‍ ഏറെ ദുഷ്കരമായിരിക്കും. കൃഷി ചെയ്തും അല്ലാതെയും സസ്യഭക്ഷണങ്ങള്‍ വിശപ്പടക്കാന്‍ ലഭിക്കണം. നേര്‍ക്കുനേര്‍ ഭക്ഷണമാകുന്ന സസ്യങ്ങളെക്കാള്‍ ഭക്ഷണത്തിനുള്ള വക നല്‍കുന്നവയാണു കൂടുതല്‍. ഔഷധസേവ ചെയ്യുന്നവയും അസംഖ്യം. ഇവ ഭൂമിയില്‍ മുളക്കാന്‍ ജലത്തെ ആശ്രയിക്കുന്നു. ഇവയ്ക്കു പുറമെ മനുഷ്യനെ പാപമുക്തനാക്കാനും ജലം കടന്നുവരുന്നു. മനസ്സിലെ നിശ്ചയത്തെ ആസ്പദമാക്കി ജലം മനുഷ്യന്റെ പാപം കഴുകിക്കളയും. ഭൂമിയിലേക്ക് ജലം ഓശാരമായി നല്‍കിയ പ്രപഞ്ച ഉടമയുടെ ലക്ഷ്യങ്ങളിലൊന്നാണിത്. മനസ്സാന്നിധ്യമില്ലെങ്കില്‍ ജലം ശരീരത്തിലെ പൊടിപടലങ്ങള്‍ മാത്രമേ നീക്കൂ. അഴുക്കുകള്‍ക്കപ്പുറത്താണ് ഇസ്ലാമിന്റെ വീക്ഷണ കോണില്‍ തിട്ടപ്പെടുത്തപ്പെട്ട മാലിന്യങ്ങള്‍ (നജസുകള്‍); അതിനുമപ്പുറത്താണ് ‘അഭൗതികമായ’ അശുദ്ധി.
അശുദ്ധി ചെറുതും വലുതുമുണ്ട്. അവയുടെ കാരണങ്ങള്‍ പദാര്‍ത്ഥ ലോകത്തു നിന്നുള്ള വ്യാഖ്യാനങ്ങള്‍ക്കപ്പുറത്താണ്. ആ വക അശുദ്ധികള്‍ കഴുകിക്കളഞ്ഞേ പ്രപഞ്ച നാഥനുമായി പ്രത്യേക ഘടനയില്‍ സംഭാഷണത്തിനനുവാദം ലഭിക്കൂ. ഇയ്യാവശ്യാര്‍ത്ഥമല്ലാതെയും അശുദ്ധി നീക്കലുണ്ട്. നിത്യജീവിതത്തില്‍ സാധാരണയില്‍ തുറന്നിടപ്പെടുന്ന ശരീരഭാഗങ്ങള്‍ കഴുകിയെടുക്കുന്ന ചെറിയ ശുദ്ധീകരണവും ലിംഗവുമായി ബന്ധപ്പെട്ട ചില സുഖങ്ങള്‍ക്കു കീഴ്പ്പെടുന്ന ശരീരത്തെ കഴുകുന്ന വലിയ ശുദ്ധീകരണവും ഇസ്ലാം മതവിശ്വാസികളുടെ സുപ്രധാന ഇബാദത്തുകളാണ്. ഇപ്രകാരം പാപം കഴുകാന്‍ പുഴക്കടവുകളും നദീതീരങ്ങളും വന്‍കുളങ്ങളും മാത്രമേ പറ്റൂ എന്ന കണിശതയില്ല. ഉപാധികളില്ലാതെ ജലമെന്നു വിളിക്കാവുന്ന ഏതു ജല സ്രോതസ്സും കൊള്ളാം. മഴയത്തു നില്‍ക്കാം, കിണറില്‍ നിന്നു മുക്കിയൊഴിക്കാം. ജലത്തെ അവഗണിച്ചു ഒരു മുസ്ലിമിന് വിശ്വാസജീവിതം തന്നെയും സാധ്യമല്ല. എന്നതിനാല്‍ ജലത്തെക്കുറിച്ച്, ജലത്തിന്റെ വിവിധ ഇനങ്ങളെക്കുറിച്ച് അതിന്റെ ശുദ്ധീകരണ ശേഷിയെക്കുറിച്ച് ഇസ്ലാമിക നിയമസംഹിത വാചാലമാകുന്നതു കാണാം. ഇബാദത്തുകള്‍ക്കായി മാറ്റിവെക്കപ്പെട്ട മുസ്ലിം ജീവിതത്തിലെ പ്രഥമ ആരാധനയായ നിസ്കാരം ശുദ്ധിയെ അഥവാ ജലത്തെ ആശ്രയിച്ചുള്ളതാണെന്ന സത്യം അദ്ഭുതകരമാണ്; അതിനാല്‍ മറ്റേതു ദര്‍ശനങ്ങളേക്കാളും ജലം മുസ്ലിമിന്റെ സ്വന്തമാണ്. അതിന്റെ സംരക്ഷണവും ജലദാനവും ജലലഭ്യതക്കുവേണ്ടിയുള്ള പരിശ്രമങ്ങളും മുസ്ലിമിന്റെ നേതൃത്വത്തില്‍ സജീവമാകണം.
ജീവനാണു ജലം
പ്രകൃതിദത്തമായ എല്ലാ സാഹചര്യങ്ങളിലും ജീവികളുടെ മാധ്യമം വായുവോ വെള്ളമോ ആയിരിക്കും. ഇവ രണ്ടുമാണ് പാരിസ്ഥിതിക പരിണാമങ്ങളെ നിയന്ത്രിക്കുന്ന നിര്‍ണായക ഘടകങ്ങള്‍. ഭൂമിയുടെ ഉപരിതലത്തില്‍ 75 ശതമാനത്തോളം ജലമാണ്. ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കുന്നത് ജലസാന്നിധ്യം മൂലമാണ്. ജലശൂന്യമായ ഭൂപ്രതലത്തെ മൃതഭൂമിയെന്നാണ് വിശുദ്ധ ഖുര്‍ആന്‍ വിളിച്ചത്. മൃതഭൂമിയെ ജീവസ്സുറ്റതാക്കാന്‍ അല്ലാഹു മേലെനിന്നും ജലം വര്‍ഷിച്ചു. ജീവന്റെ നിലനില്‍പിന് അനിവാര്യമായ പദാര്‍ത്ഥമായതിനാല്‍ ഭൂമിയില്‍ ജലത്തിന്റെ ലഭ്യത സദാ ഉറപ്പുവരുത്തുന്നത് അല്ലാഹുവിന്റെ മഹത്തായ നിഅ്മത്താണ്. ആവശ്യത്തിനു ജലം നല്‍കി ഭൂമിയിലെ ആവാസ വ്യവസ്ഥ സംരക്ഷിക്കുന്ന അല്ലാഹുവിന്റെ കരുണാര്‍ദ്രമായ പരിപാലനത്തെക്കുറിച്ച് 151922, 231820, 4227,28, 4311 തുടങ്ങിയ ഖുര്‍ആന്‍ വാക്യങ്ങള്‍ ഉദ്ഘോഷിക്കുന്നുണ്ട്.
ജീവന്റെ ആദ്യഘട്ടമായ പ്രോട്ടോപ്ലാസത്തിന്റെ 80 ശതമാനവും ജലമാണ്. ജലത്തില്‍ നിന്നാണ് ജൈവലോകം സംവിധാനിച്ചതെന്ന് അന്ത്യവേദം പ്രബോധനം ചെയ്തതുകാണാം (2130). ജലം നീക്കം ചെയ്താല്‍ പ്രോട്ടോപ്ലാസത്തിന്റെ പ്രവര്‍ത്തനം സ്തംഭിക്കുന്നു. ആവിര്‍ഭാവം മാത്രമല്ല, നിലനില്‍പും ജലത്തെ ആശ്രയിച്ചാണ്. എല്ലാ ജീവജാലങ്ങള്‍ക്കും അത്യന്താപേക്ഷിതമായ ഊര്‍ജം പ്രകാശ സംശ്ലഷണം വഴിയാണ് ലഭിക്കുക. ഈ പ്രക്രിയയില്‍ ജലം അനിവാര്യവുമാണ്. ആഹാരം ദഹിപ്പിക്കുവാനാവശ്യമായ രാസവാഹക പ്രക്രിയയുടെ നേതൃത്വം ജലത്തിനാണ്. ജന്തുക്കളുടെ രക്തവും പ്രത്യുല്‍പാദന ബീജവും ജലമയമാണ്.
ജൈവ ആവാസ വ്യവസ്ഥയുടെ ഉപയോഗത്തിനായി 1,400 ദശലക്ഷം ഘനയടി കിലോമീറ്റര്‍ ജലം ഭൂമിയില്‍ മൊത്തമായി കരുതിവെക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ 97 ശതമാനവും കടല്‍ജലമാണ്. അവശേഷിക്കുന്ന ജലത്തിന്റെ 22 ശതമാനം മാത്രം ഭൂതല ജലമായും 77 ശതമാനം ഭൂമിയുടെ തെക്കും വടക്കും അപാരമായ പര്‍വതരൂപത്തില്‍ മഞ്ഞുകട്ടയായും സ്ഥിതി ചെയ്യുന്നു. ഏകദേശം ഒരു ശതമാനം ശുദ്ധജലം മാത്രമേ ഭൂഗര്‍ഭ ജല ചക്രത്തില്‍ കണ്ടെത്തിയിട്ടുള്ളൂ. അതില്‍ പകുതിയോളം നദികളിലും കായലുകളിലും ചതുപ്പു നിലങ്ങളിലുമാണ്. ജലത്തെ ആശ്രയിച്ചുള്ള ജൈവ വ്യവസ്ഥയുടെ നായകസ്ഥാനത്ത് മനുഷ്യവര്‍ഗം പ്രതിഷ്ഠിക്കപ്പെട്ടതിനാല്‍ മനുഷ്യവംശത്തോട് പ്രകൃതിക്കിണങ്ങിയ മതമായ ഇസ്ലാമിന്, അന്ത്യവേദമായ ഖുര്‍ആന് ചില മുന്നറിയിപ്പുകള്‍, നിര്‍ദേശങ്ങള്‍, താക്കീതുകള്‍ നല്‍കാനുണ്ട്, ജലോപയോഗത്തെക്കുറിച്ച്; ജല സംരക്ഷണത്തെക്കുറിച്ച്.
ജലം ഇലാഹീദാനം
അല്ലാഹുവിന്റെ ഔദാര്യമാണ് ജലം. മുബാറകായ ജലം എന്നു സ്ഥാനമഹത്വം നല്‍കി ആദരിച്ചു വിളിക്കണം ജലത്തെ (509). വിശുദ്ധ ഖുര്‍ആനില്‍ 63 തവണ ജലം പരാമര്‍ശിക്കപ്പെട്ടു. ജലബന്ധമുള്ള ഗൈസ്, മഥര്‍, ബിഷ്ര്‍, അന്‍ഹാര്‍ തുടങ്ങിയ പദങ്ങള്‍ വേറെയും. മനുഷ്യ സമൂഹത്തിനു നല്‍കിയ അമൂല്യ സമ്പത്താണത്. ഉമര്‍(റ) പറയാറുണ്ട്, ജലമെവിടെയുണ്ടോ അവിടെ ധനം ഉണ്ടാകുമെന്ന്. മനുഷ്യര്‍ക്കു കൃത്രിമമായി അവന്റെ ആവശ്യത്തിനുള്ള ജലമുണ്ടാക്കാന്‍ സാധ്യമല്ല. ഭൂമിയില്‍ സ്വയം ഉണ്ടായതുമല്ല ജലം. ജലം അല്ലാഹു ഇറക്കിയതാണ്.
വിശുദ്ധ ഖുര്‍ആനില്‍ ഒട്ടേറെ സൂക്തങ്ങളില്‍ അന്‍സല, നസ്സല എന്ന പദമാണു പ്രയോഗിച്ചത്. ആകാശത്തുനിന്നുമിറക്കുന്ന ജലം ഭൂമിയില്‍ ശേഖരിക്കുന്നത് അല്ലാഹു തന്നെ. ഇബ്നു ഉമര്‍(റ) നിവേദനം, നബി(സ്വ) പറഞ്ഞു: അല്ലാഹു ഉപരിലോകത്തുനിന്നും നാലു മഹാനുഗ്രഹങ്ങള്‍ ഭൂമിയിലേക്ക് ഇറക്കുകയുണ്ടായി. ഇരുമ്പ്, അഗ്നി, വെള്ളം, ഉപ്പ്’ (തഫ്സീര്‍ റാസി, സൂറതുല്‍ ഹദീദ്). അയേണ്‍, ഓക്സിജന്‍, ഹൈഡ്രജനും ഓക്സിജനും സമ്മേളിച്ച ജലം, സോഡിയവും നൈട്രജനും ചേര്‍ന്ന ലവണം എന്നിവ ആകാശത്തിന്റെ സംഭാവനയാണ്. അല്ലാഹുവിന്റെ ഈ പ്രത്യേക സമ്മാനം അതര്‍ഹിക്കുന്ന ബഹുമാനത്തോടെ കാത്തു സൂക്ഷിക്കണം.
ഭൂമിയും ജലസംവിധാനങ്ങളും
മനുഷ്യകുലത്തിന്റെത്.
മനുഷ്യര്‍ക്കു സുഗമമായി, അടിമയായി ജീവിക്കാനുള്ളതാണ് ഭൂമി’ (അര്‍റഹ്മാന്‍10). ഭൂനിവാസികളുടെ അടിസ്ഥാന നിലനില്‍പ് വായുവിനെയും വെള്ളത്തെയും ആശ്രയിച്ചിരിക്കുന്നു. അതിനാല്‍ ഭൂമിയെന്ന പോലെ വെള്ളവും മനുഷ്യകുലത്തിനാകമാനമുള്ളതാണ്. ഉടമസ്ഥത ആര്‍ക്കുമാവാം. പക്ഷേ, ഉപയോഗത്തില്‍ നിന്ന് ആരും തടയപ്പെടരുത്. എന്റെ കിണര്‍ എന്‍റേതാണ്; എന്നാല്‍ അതിലെ ജലം എല്ലാവര്‍ക്കുമുള്ളതാണ്. ഹരീമുല്‍ മാഅ് (ജലസ്രോതസ്സിനു ചുറ്റും കഴിയുന്നവര്‍) കര്‍മശാസ്ത്രത്തിലെ ചര്‍ച്ചാവിഷയമാണ്. ജലപ്രവാഹം അപരര്‍ക്ക് ആസ്വദിക്കാനാകാതെ തടഞ്ഞുവെക്കുന്നത് തെറ്റാണ്. സഹജീവികള്‍ക്ക് ഉപകാരപ്രദമായ വസ്തുക്കള്‍ തടയുന്നവര്‍ക്ക് കനത്ത ശിക്ഷയാണ് പരലോകത്തു കാത്തിരിക്കുന്നത്. മൂന്നു വസ്തുക്കള്‍ തടയാന്‍ പാടില്ല. ജനമതില്‍ തുല്യ പങ്കാളികളാണ്. ജലം, അഗ്നി, ഉപ്പ്’ തിരുദൂതരുടെ ഉപദേശമാണിത്.
ഉപയോഗം കഴിഞ്ഞുള്ള ജലം തടഞ്ഞുവെക്കുന്നതിനെതിരെ ശക്തമായ ഇടപെടല്‍ നടത്തിയിട്ടുണ്ട് വിശ്വഗുരു(സ്വ). ജലോപയോഗത്തിന്റെ ഷെയറിംഗ് സംബന്ധമായ ഉദ്ബോധനം പുരാതന ജനസമൂഹമായിരുന്ന സമൂദ് വര്‍ഗത്തോടു മുതല്‍ക്കുണ്ടായിട്ടുണ്ട്. ശുഅ്റാഅ്155, ഖമര്‍28 എന്നീ സൂക്തങ്ങള്‍ പഠിപ്പിച്ച ഈ സ്വഭാവം കര്‍മശാസ്ത്രത്തിലെ വലിയൊരധ്യായമായി പരിണമിച്ചു കാണാം. അബൂഹുറൈറ(റ) നിവേദനം, അന്ത്യദൂതര്‍(സ്വ) പറഞ്ഞു: ഉയിര്‍പ്പുനാളില്‍ മൂന്നുകൂട്ടരെ അല്ലാഹു സംബോധന ചെയ്യില്ല. അവര്‍ക്ക് വേദന ശക്തമായ ശിക്ഷയുണ്ട്. അതിലൊരുത്തന്‍ വിജന ഭൂമിയില്‍ പാര്‍ക്കുന്നവനാണ്. ഉപയോഗം കഴിഞ്ഞ് അയാളുടെ പക്കല്‍ ജലം അവശേഷിക്കുന്നുണ്ട്. പക്ഷേ, വഴിയാത്രികന് അതുപയോഗിക്കാന്‍ വിട്ടുകൊടുക്കുന്നില്ല’ (ബുഖാരി, മുസ്ലിം). പൊതു നദിയെ പൊതുവഴിക്ക് തുല്യമായി ഇസ്ലാം കാണുന്നു. ഒരാളുടെ ഉമസ്ഥതയിലല്ലാത്ത പൊതു നദിയില്‍ അണകെട്ടി ജലം തടയുവാന്‍ പാടില്ലെന്ന് നിയമമുണ്ട് (ഇമാം സുയൂഥി, ഹാവി 1107). പൂച്ചക്ക് അന്നവും വെള്ളവും തടഞ്ഞ വനിത നരകത്തിലേക്കുള്ളതാണെന്ന് നബി(സ്വ).
ആവശ്യത്തിനു മാത്രം
ജലം അമൂല്യമായ നിഅ്മതാണ്; ആവശ്യത്തിനുള്ളതാണ്. അതിനാല്‍ ഉപയോഗം പരിമിതമാക്കണം. അനസ്ബ്നു മാലിക്(റ) പറയുന്നു: വുളൂഅ് ചെയ്യാനായി വളരെ കുറച്ചു വെള്ളം മാത്രം ഒഴിക്കുന്ന ശീലക്കാരനായിരുന്നു നബി(സ്വ). ഒരിക്കല്‍ പുഴയില്‍ നിന്നു മുക്കിയെടുത്ത പാത്രത്തിലെ വെള്ളമുപയോഗിച്ചു നബി(സ്വ) വുളൂഅ് ചെയ്തു. വുളൂഅ് കഴിഞ്ഞപ്പോള്‍ അവശേഷിച്ച വെള്ളം പുഴയില്‍ കൊണ്ടുപോയി ഒഴിച്ചു. മറ്റൊരിക്കല്‍ വലിയൊരു ബക്കറ്റില്‍ നിന്നും വുളൂഅ് ചെയ്യവെ, വായ കഴുകിയ വെള്ളം പാത്രത്തിലേക്കു തന്നെ തുപ്പുകയുണ്ടായി. അപ്പോഴതാ കസ്തൂരി മണം. ഒരു സ്വാഅ് എന്നാല്‍ നാലു മുദ്ദാണ്. നബി(സ്വ) അഞ്ച് മുദ്ദിലേറെ വെള്ളം ഉപയോഗിക്കാറില്ലായിരുന്നു വുളൂഇന്. ചിലപ്പോള്‍ ഒറ്റ മുദ്ദ് കൊണ്ട് മതിയാക്കും. അപൂര്‍വമൊരു ഘട്ടത്തില്‍ ഒരു മുദ്ദിന്റെ മൂന്നില്‍ രണ്ടുഭാഗം മാത്രമേ ഉപയോഗിച്ചുള്ളൂ’.
ഇബ്റാഹീമുന്നഖഈ(റ) പറയുന്നു: സ്വഹാബത്തിന്റെ കാഴ്ചപ്പാടില്‍ ഒരു മുദ്ദിന്റെ കാല്‍ഭാഗം ധാരാളമാണ് വുളൂഅ് ചെയ്യാന്‍. അവരാണേല്‍ അതിസൂക്ഷ്മതയുടെ കാര്യത്തില്‍ മുന്നിലായിരുന്നു. അവര്‍ വെള്ളമെടുത്ത് മുഖത്തടിക്കുമായിരുന്നില്ല. അലി(റ)ന്റെ ശീലത്തെക്കുറിച്ച് ഇപ്രകാരം ഉദ്ധരിട്ടുണ്ട്: ഒരു കൈ വെള്ളം കോരിയെടുത്തു വായ കഴുകും; മൂക്കിനുള്ളില്‍ കയറ്റിച്ചീറ്റും. അവശേഷിക്കുന്ന വെള്ളം മുഖവും കൈകളും കഴുകാനുപയോഗിക്കും. വുളൂഅ് പുതുക്കുന്നവര്‍ക്കിത്ര മതി എന്നദ്ദേഹം പറയുമായിരുന്നു (ഇമാം ശഅ്റാനി, കശ്ഫുല്‍ഗുമ്മ61).
അമിതോപയോഗം പാടില്ല
അത്യാവശ്യത്തിനും ആവശ്യത്തിനുമപ്പുറം അനാവശ്യമായി ദൈവദാനങ്ങളൊന്നും തന്നെ ഉപയോഗിക്കരുതെന്ന വിലക്ക് പൊതുവെയുണ്ട്. അമൂല്യദാനമെന്ന നിലക്ക് അമിത ജലോപയോഗത്തിനെതിരെ കനത്ത ഭാഷയില്‍ ഇസ്ലാം താക്കീതു ചെയ്യുന്നു. പ്രവാചക ശിഷ്യന്‍ സഅ്ദ്(റ) വുളൂഅ് ചെയ്യുന്നു. അതുവഴി കടന്നുപോയ നബി(സ്വ) ചോദിച്ചു: സഅ്ദേ, എന്താണീ അമിതോപയോഗത്തിന്റെ ഉദ്ദ്യേം? വുളൂആകുമ്പോള്‍ എത്രയും ജലമുപയോഗിക്കാമെന്നു ധരിച്ചുവെച്ച സഅ്ദ് അദ്ഭുതത്തോടെ അന്വേഷിച്ചു: വുളൂഇലുണ്ടോ അമിതോപയോഗത്തിന്റെ പ്രശ്നം? നബി(സ്വ) പ്രതികരിച്ചു: അതേ സഅ്ദ്. ഒഴുകുന്ന നദിയില്‍ നിന്ന് താങ്കള്‍ വുളൂഅ് ചെയ്യുകയാണെങ്കില്‍ പോലും പരിധി വിടരുത് (ഇബ്നുമാജ).
വുളൂഅ്, കുളി, നജസ് നീക്കല്‍ തുടങ്ങിയ ശുദ്ധീകരണ പ്രക്രിയയില്‍ പരിധിവിട്ട് ജലമുപയോഗിക്കുന്ന ഒരു വിഭാഗം മനോഗതിക്കാരുടെ ആഗമത്തെക്കുറിച്ച് തിരുദൂതര്‍(സ്വ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് (അബൂദാവൂദ് 136). വുളൂഅ് ചെയ്യുമ്പോള്‍ അത് ശരിയായ രൂപത്തിലായില്ലെന്നു ദുര്‍ബോധനം ചെയ്തു ജലോപയോഗം വര്‍ധിപ്പിക്കുന്ന വലഹാന്‍ എന്ന പിശാചിനെക്കുറിച്ചും തിരുദൂതര്‍ ഉണര്‍ത്തുന്നു (തിര്‍മുദി 184). സ്വന്തം ഉടമത്വത്തിലുള്ള ജലസ്രോതസ്സില്‍ നിന്നുപോലും ശുദ്ധീകരണം ഭംഗിയായി പൂര്‍ത്തീകരിക്കുവാന്‍ ആവശ്യമായതിനപ്പുറം ജലം ഉയോഗിച്ചു തീര്‍ക്കുവാന്‍ പറ്റില്ല; പൊതുജനത്തിനു മൊത്തത്തില്‍ കരുതിവെച്ച ജലമാണേല്‍ തെറ്റു കനത്തു. ഒരു തുള്ളി ജലം പോലും വ്യര്‍ത്ഥമാക്കാന്‍ അനുവദിക്കാത്ത കര്‍മശാസ്ത്രത്തിന്റെ ഇടപെടല്‍ ഇവിടെ ശ്രദ്ധേയമാണ്. പിശാചിന്റെ ദുര്‍ബോധനം തുടങ്ങുന്നതുതന്നെ വുളൂഅ് ചെയ്യാന്‍ വെള്ളം പരിധിക്കപ്പുറം ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടാണെന്നു സ്വഹാബത്തു പറയാറുണ്ട് (കശ്ഫുല്‍ ഗുമ്മ61).
ജലം ഉപയോഗ ശൂന്യമാക്കരുത്
അധികോപയോഗം പോലെ നിരോധിക്കപ്പെട്ടതാണ് ഉപയോഗശൂന്യമാക്കല്‍. കുടിക്കാനും കൃഷിക്കും പാപമാലിന്യ ശുദ്ധീകരണത്തിനും മനുഷ്യര്‍ക്ക് അത്യന്താപേക്ഷിതമാണ് ജലം. അത് ഉപയോഗ ശൂന്യമാക്കുന്നത് കനത്ത അപരാധമാണ്. ജീവനില്‍ കൈവെക്കുന്നതിന് തുല്യമാണത്. തിരുദൂതരുടെ താക്കീതു കേള്‍ക്കൂ: കുടിക്കാനുപയോഗിക്കുന്ന, അംഗശുദ്ധിക്കുപയോഗിക്കുന്ന പുഴക്കരയില്‍ കാഷ്ഠിക്കുന്നവനെ അല്ലാഹുവും മലക്കുകളും സൃഷ്ടികളഖിലവും ശപിച്ചുകളയും’ (ഖതീബ്, സവാജിര്‍ 1124). പുഴയിലേക്ക് മാലിന്യം തള്ളുന്നവനെതിരെ പൊതുജനം ഗോബാക്ക് വിളിക്കണമെന്നു സാരം. മൂന്നു ശാപകാരണങ്ങള്‍ കരുതിയിരിക്കുവീന്‍. നബി(സ്വ) വിശദീകരിച്ചു: ജലതടത്തില്‍, പൊതുവഴിയില്‍, വിശ്രമകേന്ദ്രത്തില്‍ നീഹാരം ചെയ്യുകയാണവ. കെട്ടിനില്‍ക്കുന്നവയോ ഒഴുകുന്നവയോ ആയ ജല സ്രോതസ്സുകളില്‍ നീഹരിച്ച് കുടിക്കാനും ശുദ്ധി വരുത്താനും തടസ്സമാകും വിധം ജലം കേടുവരുത്തുന്നവനെ സാമൂഹ്യ ദ്രോഹിയായി ഗണിക്കും ഇസ്ലാമിക നിയമസംഹിത.
കുടിക്കാനുള്ളത് കുടിക്കാന്‍ മാത്രം
ശുദ്ധി വരുത്താനുപയോഗിക്കാനായി മാറ്റിവെച്ച പൊതുജല സംഭരണി മറ്റാവശ്യങ്ങള്‍ക്കുപയോഗിക്കരുത്. കുടിക്കാന്‍ കരുതിവെച്ച ജലമെടുത്ത് കുളിക്കരുത്. പൊതു കിണര്‍ കുത്തിയത് പാനജലാവശ്യാര്‍ത്ഥമാണെങ്കില്‍ അലക്കാനുപയോഗിക്കരുത്. ജല അതോറിറ്റിയുടെ കുടിവെള്ള പദ്ധതി മറ്റാവശ്യങ്ങള്‍ക്കുപയോഗിച്ച് കുളമാക്കുന്നവര്‍ പിന്മാറേണ്ടതുണ്ട്. വഴിയാത്രക്കാര്‍ക്ക് കുടിക്കാനായി മാറ്റിവെച്ച ജലസൗകര്യങ്ങള്‍ കുടിക്കാനല്ലാതെ ഉപയോഗിക്കുന്നത് തടയേണ്ടതാണെന്ന് കര്‍മശാസ്ത്രം ഉണര്‍ത്തുന്നു (ഫത്ഹുല്‍ മുഈന്‍). വുളൂഇന് കരുതിയ ഹൗളില്‍ നിന്ന് ചെരിപ്പ് കഴുകിപ്പോകുന്നവര്‍, വെറുതെ കൈകാല്‍ കഴുകി ആസ്വദിക്കുന്നവര്‍ പിടിക്കപ്പെടണം.
ജലദാനം ചെയ്യുക
ജലദാനം മഹത്തായ പുണ്യകര്‍മമത്രെ. ജ്ഞാനസന്മാര്‍ഗ ദാനത്തോളം മഹത്തരമാണത്. മുസ്ലിം നാടുകളിലെവിടെയും ഫീ സബീല്‍ (ദാനമാര്‍ഗത്തിലുള്ള പാനസൗകര്യങ്ങള്‍) കാണാം. യാത്രികര്‍ക്കു യഥേഷ്ടം സൗകര്യങ്ങള്‍ ചെയ്തുകൊടുത്ത സംസ്കൃതിയാണ് മുസ്ലിംകളുടേത്. ഖുലഫാഉര്‍റാശിദുകള്‍ ജലസംരക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധവെച്ചു. ശാം, ഇറാഖ്, മിസ്ര്‍ ഭരിക്കുമ്പോള്‍ കൃഷിയും ജലസേചനവും പ്രധാനമായും ശ്രദ്ധിച്ചു. അണകെട്ടി, കനാലുകളും തോടുകളും വെട്ടി. ഈജിപ്തില്‍ അംറുബ്നുല്‍ ആസ്(റ) വേനലിലും വര്‍ഷക്കാലത്തും പ്രവര്‍ത്തിക്കുന്ന ജലസേചന മാര്‍ഗങ്ങള്‍ ഉണ്ടാക്കാനും പരിഷ്കരിക്കാനുമായി ഒരു ലക്ഷം തൊഴിലാളികളെ നിയമിച്ചു. ജലലഭ്യത ഉറപ്പുവരുത്തുന്നതില്‍ അബ്ബാസി ഖലീഫമാര്‍ ജാഗ്രതരായിരുന്നു.
യാതൊരു കായികാധ്വാനവുമില്ലാതെ ഓരോ കര്‍ഷകന്റെയും കൃഷിയിടത്തില്‍ ജലമെത്തുന്ന വിധം ജലസേചന സംവിധാനം വിപുലീകരിച്ച അബ്ബാസീ ഖലീഫമാരെക്കുറിച്ച് യഅ്ഖൂബിയും യാഖൂതുല്‍ ഹമവിയും തങ്ങളുടെ ബുല്‍ദാനുകളില്‍ അനുസ്മരിക്കുന്നുണ്ട്. ദജ്ല നദിയിലെ ജലം പ്രാന്തവാസികള്‍ക്കു ലഭ്യമാക്കാന്‍ ഖലീഫ മന്‍സൂര്‍ ശാസ്ത്രീയ പദ്ധതികളാവിഷ്കരിച്ചു. പ്രദേശങ്ങളിലേക്ക് ജലമെത്തിക്കാന്‍ കനാലുകളും കൈതോടുകളും ഉണ്ടാക്കി. ഫുറാത്ത് നദിയുടെ പോഷകനദിയായ കര്‍ഖരിയാ ഉപയോഗപ്പെടുത്തിയുള്ള ജലസേചനം അതിന്റെ പ്രാന്തങ്ങളെ മികവുറ്റതാക്കി. ഇബ്നു ഹൗഖല്‍ തന്റെ സൂറതുല്‍ അര്‍ളില്‍ അഫ്ഗാനിസ്ഥാനിലെ മുസ്ലിം ഭരണാധികാരികളുടെ ജലസേവന പ്രവര്‍ത്തനങ്ങള്‍ എടുത്തുപറയുന്നുണ്ട്. സാങ്കേതിക വിദ്യയുപയോഗിച്ചുള്ള മെച്ചപ്പെട്ട സംവിധാനങ്ങളിലൂടെ ജലവ്യാപനത്തിനു ശ്രമിച്ച അഹ് മദ്ബ്നു മൂസയെന്ന ടെക്നീഷ്യനെക്കുറിച്ചു ഹിയലു ബനീ മൂസായില്‍ വായിക്കാം.
മുസ്ലിം മനസ്സുകള്‍ മനുഷ്യര്‍ക്ക് വെള്ളമെത്തിക്കാന്‍ വല്ലാതെ പരിശ്രമിച്ചതിന്റെ കാരണം അവരുടെ മതനായകന്റെ പ്രോത്സാഹനമാണ്. അവിടുന്ന് സുവിശേഷിച്ചു: മരണാനന്തരവും പ്രതിഫലം ഒഴുകിയെത്തുന്ന ചില സുകൃതങ്ങളുണ്ട്. അവയില്‍ പെട്ടതത്രെ കര്‍യുന്നഹ്ര്‍ (പുഴ വെട്ടുക), ഹഫ്റുല്‍ ബിഅ്ര്‍ (കിണര്‍ കുഴിക്കുക)’ (ഇബ്നു ഖുസൈമ2490). മരണപ്പെടുമ്പോഴേക്കുള്ള കരുതിവെപ്പായി ഒരാള്‍ പൊതുജനത്തിനുപയോഗിക്കാന്‍ ഒരു കിണര്‍ കുഴിക്കട്ടെ. മരണപ്പെട്ടുപോയവരുടെ പരലോക സുഖത്തിനു വേണ്ടിയും ഇതു ചെയ്യാം.
ജലലഭ്യത വര്‍ധിപ്പിക്കുന്ന കാരണങ്ങളിലൊന്നാണ് വൃക്ഷസാന്നിധ്യം. വൃക്ഷമേറുമ്പോള്‍ ആകാശം കനിയും. ധാരാളം വൃക്ഷം വെച്ചുപിടിപ്പിക്കാന്‍ തിടുക്കം കാട്ടിയ ചരിത്രമാണു വിശ്വാസികളുടേത്. ജീവിക്കുന്നവര്‍ക്കനുഭവിക്കാനും മരണപ്പെട്ടവരുടെ പുണ്യത്തിനും വൃക്ഷം വിട്ടുനല്‍കു’ന്ന കാലിക പ്രധാന്യമുള്ള സുകൃതങ്ങള്‍ സജീവമാകണം.
പാപം കുടിമുട്ടിക്കും
അത്യുദാരനായ അല്ലാഹു തന്റെ നിഅ്മത്തുകള്‍ പിന്‍വലിക്കുന്നതിനു കാരണം മനുഷ്യന്റെ ധിക്കാരവും കൊടും പാപങ്ങളുമാണ്. തിന്നോളൂ, കുടിച്ചോളൂ; എന്നാല്‍ ഭൂമിയില്‍ ക്രമനാശം വരുത്തുന്ന വിധം അക്രമികളായി വിലസരുത്’ (അല്‍ബഖറ160).
അല്ലാഹു താക്കീതു ചെയ്തു; നിനക്കു അല്ലാഹു ചെയ്ത ഇഹ്സാന്‍ പോലെ നീയും ഇഹ്സാന്‍ പുലര്‍ത്തുക; ഭൂമിയില്‍ അക്രമത്തിനു തക്കം പാര്‍ത്തു ജീവിക്കരുത്’ (ഖസ്വസ്77).
അടിമകളുടെ നന്ദികേടു വര്‍ധിക്കുമ്പോള്‍ ശിക്ഷണ നടപടികള്‍ അല്ലാഹു സ്വീകരിക്കും. സകാത്തു നല്‍കാന്‍ മടിച്ചാല്‍ അവന്‍ മഴ പിടിച്ചുവെക്കും. അകാല മഴകളുണ്ടാകും. പാപം വര്‍ധിക്കുമ്പോള്‍ ജലത്തിന്റെ പാനസുഖം പിന്‍വലിക്കും; ഉപ്പുരുചി വര്‍ധിപ്പിക്കും. പ്രവാചകര്‍(സ്വ)യുടെ ഒരു സ്തുതിവാക്യം ഇപ്രകാരം കാണാം: തന്റെ കാരുണ്യം കൊണ്ട് ജലം പാനയോഗ്യമാക്കിയ അല്ലാഹുവിന് സ്തുതി; നമ്മുടെ പാപം നിമിത്തം അത് കയ്പുള്ള ലവണരുചിയുള്ളതാക്കാത്തവന് സ്തുതി.’ ചിലപ്പോള്‍ ഭൂഗര്‍ഭത്തില്‍ സൂക്ഷിച്ചുവെച്ച ജലസമ്പത്ത് അവന്‍ താഴോട്ടു വലിച്ചേക്കാം. അല്ലാഹുവിന്റെ ഈ ചോദ്യത്തിനുത്തരം കണ്ടെത്തുകയാണ് ലോകജനത വേണ്ടത്:
നിങ്ങള്‍ കുടിക്കാറുള്ള വെള്ളത്തെക്കുറിച്ച് എന്തു പറയുന്നു, നിങ്ങളാണോ മേഘത്തില്‍ നിന്നും അതു താഴെയിറക്കിയത്, അല്ല നാമാണോ?’ (അല്‍വാഖിഅ68,69). നബിയോരേ, ചോദിച്ചോളൂ; നിങ്ങള്‍ക്കു ലഭ്യമായിക്കൊണ്ടിരിക്കുന്ന വെള്ളം താഴേക്ക് ഉള്‍വലിഞ്ഞാല്‍ നിങ്ങള്‍ക്കാര് ശുദ്ധജലം കൊണ്ടുത്തരും?’ (മുല്‍ക്30). പാപം ഒഴിവാക്കുക; കുടിവെള്ളം, കുളിവെള്ളം എന്നും ഉറപ്പുവരുത്താനതാണു പോംവഴി.

സ്വാലിഹ് പുതുപൊന്നാനി

1 comment
Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ