ഗാസയിൽ വീണ്ടും ഇസ്‌റാഈലിന്റെ പോർ വിമാനങ്ങൾ തീതുപ്പുകയാണ്. ഇതിനകം നിരവധി പേർ മരണപ്പെടുകയും ഗുരുതര പരിക്കേൽക്കുകയും ചെയ്തു. കുട്ടികളും വൃദ്ധരുമുൾപ്പെടെ പ്രായ വ്യത്യാസമില്ലാതെ ഫലസ്തീനികൾ ജൂതരാഷ്ട്രത്തിന്റെ വ്യോമാക്രമണത്തിനിരയമാക്കപ്പെട്ടു. വെസ്റ്റ്ബാങ്കിലെ മുതിർന്ന നേതാവിനെ അറസ്റ്റ് ചെയ്തതിനെച്ചൊല്ലി ഇസ്‌റാഈലും ഗാസയും തമ്മിൽ നിലനിന്ന സംഘർഷങ്ങൾക്ക് ശേഷമായിരുന്നു വ്യോമാക്രമണം. വംശീയതയിൽ പടുത്തുയത്തിയ ജൂതരാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം ആക്രമണത്തിന് കാരണങ്ങൾ ആവശ്യമില്ല. ചരിത്രം സാക്ഷ്യപ്പെടുത്തുന്നത് അതാണ്.
ഇസ്‌റാഈൽ രൂപീകരണത്തിന് പിന്നിൽ പ്രവർത്തിച്ച നാസികളടക്കമുള്ള പല ശക്തികളുടേതിനും സമാനമായിത്തന്നെ വംശീയ ഉന്മൂലനവും വർണ വിവേചനവുമാണ് ആ രാജ്യത്തെ ഇന്നും നിലനിർത്തുന്നത്. ദക്ഷിണാഫ്രിക്കയിലെ വർണ വെറിയൻ സർക്കാരിനും ബാൽഫർ പ്രഖ്യാപനത്തിന് പിന്നിൽ വലിയ താൽപര്യങ്ങളുണ്ടായിരുന്നു. ഇന്നും അത്തരം താൽപര്യങ്ങളുടെയും പിന്തുണയുടെയും കരുത്തിലാണ് കയ്യും കണക്കുമില്ലാത്ത ക്രൂരതക്ക് ഇസ്‌റാഈൽ മുതിരുന്നത്.
‘ഭാഗികമായ ജൂതരാഷ്ട്രം ഒരവസാനമല്ല. രാജ്യത്തിന്റെ പരിസര പ്രദേശങ്ങളിലേക്ക് കുടിയേറിപ്പാർക്കുന്നതിൽ നിന്ന് നമ്മെ തടയാൻ ആർക്കും സാധ്യമല്ല’- 1936 ഒക്ടോബർ 13ന് നടന്ന സയണിസ്റ്റ് യോഗത്തിൽ ബെൻഗൂറിയൻ പറഞ്ഞതാണിത്. സയണിസ്റ്റ് രാഷ്ട്രത്തിന്റെ കുടിയേറ്റം തന്നെയാണ് മിക്കപ്പോഴും പരിശുദ്ധ ഖുദ്‌സും പരിസരവും പ്രക്ഷുബ്ധമാക്കാറുള്ളത്. കാലങ്ങളായി തുടർന്നുവന്ന അധിനിവേശം ഫലസ്തീൻ എന്ന രാജ്യത്തെ ഭൂപടത്തിൽ നിന്ന് ഏകദേശം നീക്കം ചെയ്തിരിക്കുന്നു. പക്ഷേ, ഫലസ്തീനിൽ ഒതുങ്ങുന്നതല്ല ഇസ്‌റാഈൽ കയ്യേറ്റമെന്നതാണ് ബെൻഗൂറിയൻ അടിവരയിടുന്നത്. പകരം, മക്കയും മദീനയും അടങ്ങുന്ന വിശാല അറബ് ദേശമാണ് അവരുടെ ആത്യന്തിക ലക്ഷ്യം. മുൻ ഇസ്‌റാഈൽ പ്രസിഡന്റ് മോശെ ഷാരറ്റിൻ ഡയറിൽ കുറിച്ചിട്ടത് ഇപ്രകാരമാണ്: ‘ഇസ്‌റാഈലിന് അറബ് രാഷ്ട്രങ്ങളിൽ നിന്ന് യാതൊരു വെല്ലുവിളിയുമില്ല. എന്നാൽ അറബ് രാഷ്ട്രങ്ങളെ സൈനിക സംഘട്ടനത്തിന് നിർബന്ധിതമാക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് നമ്മൾ. ഇതിലൂടെ അറബ് രാഷ്ട്രങ്ങളുടെ ശിഥിലീകരണമാണ് ഉദ്ദേശ്യം’.
യഥാർഥത്തിൽ, ഇസ്‌ലാം വിരുദ്ധ ശക്തികളുടെ വലിയ ഗൂഢാലോചനയുടെ പരിണിത ഫലമാണ് ഇസ്‌റാഈൽ എന്ന രാജ്യം. ഓട്ടോമൻ തുർക്കിയുടെ ഹൃദയഭാഗത്ത് ഒരു സയണിസ്റ്റ് രാഷ്ട്രം സ്ഥാപിക്കുക വഴി ഖിലാഫത്തിന്റെ അടിവേരിളക്കാനാണ് ബ്രിട്ടന്റെ നേതൃത്വത്തിൽ നീക്കം നടത്തിയത്. സെമിറ്റിക് വിരുദ്ധതയുടെ പേരിൽ ലക്ഷക്കണക്കിന് ജൂതന്മാരെ കൊന്നുതള്ളിയവർ തന്നെ ആ ജനതക്ക് രാജ്യം സ്ഥാപിച്ചുകൊടുത്തത് ചതിയല്ലാതെ മറ്റെന്താണ്? കുരിശുയുദ്ധ പരാജയത്തിന്റെ കയ്പ്പുനീർ നുണഞ്ഞുകൊണ്ടിരുന്ന യൂറോപ്യർക്ക് ചരിത്രം പുനരാവിഷ്‌കരിക്കാനുള്ള മറുവഴി കൂടിയായിരുന്നു ഈ ജൂതസ്‌നേഹം. തങ്ങളുടെ കൈയിൽനിന്ന് സ്വലാഹുദ്ദീൻ അയ്യൂബി(റ) വിമോചിപ്പിച്ച ദേശം തന്നെ ജൂതരുടെ പുനരധിവാസത്തിന് വേണ്ടി തിരഞ്ഞെടുത്തു. അതിനുവേണ്ടിയാണ് തിയോർഫൽ ഹെർസൽ എന്ന ജൂതനേതാവിനെ പ്രതിഷ്ഠിച്ചത്. സയണിസ്റ്റ് നേതാവായ തിയോഡൽ ഹെർസൽ മതകാര്യങ്ങളിൽ താൽപര്യമില്ലാത്ത നിരീശ്വരവാദിയായിരുന്നു. എന്നിട്ടും ഒരു മതരാഷ്ട്ര രൂപീകരണത്തിന് ആശയ സംഹിതകൾ തട്ടിക്കൂട്ടിയെടുക്കാൻ ഹെർസലിനെ പ്രേരിപ്പിച്ചത് ഈ മുസ്‌ലിം വിരുദ്ധതയാണ്. ജർമനിയിൽ ഹിറ്റ്‌ലർ ജൂതന്മാരെ കൂട്ടക്കുരുതി ചെയ്യുമ്പോൾ ഈ കാവൽപട എവിടെയായിരുന്നു? എന്താണവർ പീഡിത ജൂതർക്കു വേണ്ടി ചെയ്തത്? 1944 ജൂലൈയിൽ ഓഷ്‌വിറ്റ്‌സിൽ ജർമനിയിലെ രക്ഷാപ്രവർത്തകർക്ക് മുമ്പാകെ സ്ലോവാക്യൻ ജൂതനേതാവ് റബ്ബി ഡേവ്‌മൈക്കേൽ വീസ്മാൻഡാൽ ജൂതരെ സംരക്ഷിക്കാൻ നിർദേശം വെക്കുകയുണ്ടായി. അതിനെ സയണിസ്റ്റ് നേതൃത്വം എതിർക്കുകയാണുണ്ടായത്. ശേഷം റബ്ബി ജൂതരോട് പറഞ്ഞു: ‘ജൂതരേ, നാസി ക്യാമ്പുകൾക്ക് മുകളിൽ ബോംബ് വർഷിക്കാൻ നിങ്ങൾ പാശ്ചാത്യ രാജ്യങ്ങളോട് ആവശ്യപ്പെടുക’. അപ്പോഴും ജൂത വിമോചനത്തിന്റെ പ്രതീകമായി അവതരിച്ചർക്ക് മിണ്ടാട്ടമില്ലായിരുന്നു. തങ്ങളുടെ നേതാക്കളെ വിട്ടുകിട്ടാൻ നിരവധി ജൂതരെ കൂട്ടക്കുരുതിക്ക് ഇട്ടു കൊടുത്ത പ്രസ്ഥാനമാണ് സയണിസം. 1944ൽ ഡോ. റൂഡോൾഫ് കാസ്റ്റ്‌നർ അഡോൾഫ് ഐക്മാനുമായി രഹസ്യ കരാറിൽ ഒപ്പിട്ടത് പ്രമുഖരായ സയണിസ്റ്റ് ജൂതരെ സംരക്ഷിക്കാൻ വേണ്ടിയായിരുന്നു. ഫലം പതിനായിരക്കണക്കിന് ജൂതരെ തോക്കിനു മുന്നിലിട്ടു കൊടുക്കുകയായിരുന്നുവെന്ന് റാൾഫ് ഷൂമാൻ ‘സയണിസം ഒളിച്ചുവെച്ച ചരിത്രം’ എന്ന തന്റെ പുസ്തകത്തിൽ ചേർത്തിട്ടുണ്ട്.
ലോകത്തെ അധിക ജൂതരും തങ്ങൾക്കു ജീവിക്കാൻ സ്വാതന്ത്ര്യമുള്ള എവിടെയും കഴിയാമെന്ന ചിന്താഗതിക്കാരായിരുന്നു. പിന്നെന്തുകൊണ്ട് മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് അവരെ കുടിയിരുത്തി എന്നറിയണമെങ്കിൽ ബാൽഫർ പ്രഖ്യാപനത്തിനു മുന്നുള്ള ചരിത്രം പഠിക്കേണ്ടതുണ്ട്. സൈക് പീക്കോ കരാറിനെക്കുറിച്ച് ചർച്ച ചെയ്യേണ്ടതുണ്ട്. ജൂതന്മാർക്ക് അഭയം നൽകാൻ സന്നദ്ധത അറിയിച്ച അമേരിക്കയെയും പശ്ചിമ യൂറോപ്യൻ രാജ്യങ്ങളെയും തിരസ്‌കരിക്കുകയായിരുന്നു സയണിസ്റ്റുകൾ ചെയ്തത്. 1938 ഗ്രേറ്റ് ബ്രിട്ടനിൽ നടന്ന ലേബർ സയണിസ്റ്റ് പാർട്ടിയുടെ യോഗത്തിൽ ബെൻഗൂറിയൻ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു: ‘ജർമനിയിലെ മുഴുവൻ കുഞ്ഞുങ്ങളെയും ഇംഗ്ലണ്ടിൽ കൊണ്ടുവന്നു രക്ഷപ്പെടുത്തുക, അല്ലെങ്കിൽ പകുതി പേരെ ഫലസ്തീനിൽ കൊണ്ടുവരിക എന്നീ രണ്ടു മാർഗങ്ങളാണുള്ളതെങ്കിൽ ഞാൻ സ്വീകരിക്കുക രണ്ടാമത്തേതാണ്.’ ജൂതരുടെ കേവല സംരക്ഷണം മാത്രമായിരുന്നില്ല സയണിസ്റ്റ് ഉന്നമെന്നതാണ് ഇത് അടിവരയിടുന്നത്. അവരുടെ ലക്ഷ്യം വിശാല അറബ് പ്രദേശങ്ങൾ കൈവശപ്പെടുത്തുക തന്നെയായിരുന്നു. അതിനവർ ഹോളോകാസ്റ്റിനെ തങ്ങൾക്കനുകൂലമായ സഹാനുഭൂതി രാഷ്ട്രീയമാക്കുകയായിരുന്നു. ഒരു ഭാഗത്ത് ഹിറ്റ്‌ലർ ജൂതരെ കൊന്നൊടുക്കുമ്പോൾ കൊലയാളികൾ തന്നെ സയണിസത്തെ പ്രകീർത്തിക്കുകയായിരുന്നു. 1934ൽ ഗീബൽസ് സയണിസത്തെ പ്രകീർത്തിച്ചുകൊണ്ട് ലേഖനമെഴുതിയിരുന്നു. മാത്രമല്ല, ഒരു വശത്ത് നാസി ചിഹ്നമായ സ്വസ്തികയും മറുഭാഗത്ത് ദാവീദിന്റെ നക്ഷത്രമെന്ന സയണിസ്റ്റ് മുദ്രയും ആലേഖനം ചെയ്ത മെഡലുണ്ടാക്കാൻ ഗീബൽസ് നിർദേശിച്ചിരുന്നു. ഇതൊക്കെകൊണ്ടു തന്നെ അനേകം ജൂത റബ്ബിമാർ ഇസ്‌റാഈൽ രാഷ്ട്രത്തെ നഖശിഖാന്തം എതിർക്കുന്നുണ്ട്. ഇപ്പോൾ ഉയർന്നുവരുന്ന പ്രതിഷേധങ്ങളിൽ പലയിടങ്ങളിലും റബ്ബിമാർ തന്നെ ഇസ്‌റാഈൽ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കുന്നതും ഇക്കാരണത്താലാണ്.
യഹൂദ രാഷ്ട്രം സ്ഥാപിക്കുന്നത് 1800 വർഷങ്ങൾക്ക് മുമ്പാണ്. ക്രിസ്തുവർഷം 70ൽ റോമൻ ചക്രവർത്തി ടൈറ്റസ് യഹൂദ പിടിച്ചടക്കി കണ്ണിൽ കണ്ട ജൂതന്മാരെ മുഴുവൻ കൊന്നൊടുക്കി. പിന്നീട് ജറുസലേമിലെ പുണ്യഗേഹം തച്ചുതകർത്തു. അന്നവശേഷിച്ച മതിലാണ് ‘വിലാപ മതിൽ’. എന്നാൽ എന്നും മർദിതർക്ക് സാന്ത്വനമേകുന്ന നിലപാടാണ് മുസ്‌ലിം ഭരണാധികാരികൾ സ്വീകരിച്ചത്. യൂറോപ്പിൽ ആന്റിസെമിറ്റിസം കൊടുമ്പിരികൊള്ളുന്ന സമയത്ത് ജൂതർക്ക് സകല പിന്തുണയും നൽകിയത് മുസ്‌ലിം സ്‌പെയിനിലെ ഉമവിയ്യ ഭരണാധികാരികളായിരുന്നു. മാത്രമല്ല, തന്റെ ഭരണ മേഖലയിൽ പല നിർണായക സ്ഥാനങ്ങളും ജൂതർക്ക് ഖലീഫ നൽകുകയുണ്ടായി. ജൂതന്മാരുടെ സുവർണ കാലമായിരുന്നു അതെന്ന് പല റബ്ബിമാരും എടുത്തുപറഞ്ഞിട്ടുണ്ട്. ഇസബെല്ല-ഫെർഡിനാർഡ് ദമ്പതിമാരുടെ കടന്നുകയറ്റമാണ് ജൂതരുടെ ജീവിതത്തെ തകിടം മറിച്ചത്. 1215ലെ നാലാം ലാറ്ററൻ കൗൺസിൽ (ക്രിസ്ത്യൻ മതസമ്മേളനം) ജൂതന്മാർ പ്രത്യേക അടയാളം ധരിക്കണമെന്ന് നിഷ്‌കർഷിക്കുക പോലുമുണ്ടായി. അങ്ങനെ അടിമുടി ജൂതവിരുദ്ധതയാണ് യൂറോപ്യൻ ചരിത്രം. എന്നിട്ടും തങ്ങളുടെ അക്രമികളെ എതിർക്കുന്നതിന് പകരം മുസ്‌ലിം പ്രദേശങ്ങളെ കാർന്നു തിന്നുന്നത് ഈ യൂറോപ്യൻ നിർമിത സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ കുടിലത മാത്രമാണ്.
ജബോട്ടിൻസ്‌കിയുടെ ഇരുമ്പ് മതിൽ എന്ന ആശയമാണ് ഇസ്‌റാഈൽ അധിനിവേശത്തിന്റെ ഇന്ധനം. തങ്ങളുടെ ലക്ഷ്യപൂർത്തീകരണത്തിന് വേണ്ടി എന്തിനെയും തച്ചുടക്കാമെന്ന ആശയമാണ് മാറി വന്ന ഇസ്‌റാഈൽ നേതാക്കളൊക്കെ അനുവർത്തിച്ചത്. ഇസ്ഹാഖ് റബിന്റെ ‘ഹയാദ ബാർസൽ’ നയം അഥവാ, ഇരുമ്പ് കൈ എന്നർഥം വരുന്ന പദ്ധതിയിലൂടെ ആയിരക്കണക്കിന് ഫലസ്തീനികളെ കൊന്നൊടുക്കി. ഇങ്ങനെ ക്രമേണ മുസ്‌ലിം ജനസംഖ്യ കുറക്കാമെന്നാണ് ജൂതരാഷ്ട്ര ത്തിന്റെ അജണ്ട. ഇസ്‌റാഈലിനെ പറ്റി പൊതുവെയുള്ള നാലു കെട്ടുകഥകളെ കുറിച്ച് ഷൂമാൻ പ്രതിപാദിക്കുന്നുണ്ട്. അതിലൊന്നാമത്തേത് ‘സ്വന്തമായി നാടില്ലാത്ത ജനതക്ക് ജനങ്ങളില്ലാത്ത നാട്’ എന്നതാണ്. മധ്യ പൗരസ്ത്യ ദേശത്തെ യഥാർഥ ജനാധിപത്യ രാഷ്ട്രം ഇസ്‌റാഈലാണെന്നതാണ് രണ്ടാമത്തെ കെട്ടുകഥ. രാജ്യത്തിന്റെ സുരക്ഷിതത്വത്തിനു വേണ്ടി എന്ന കെട്ടുകഥയുണ്ടാക്കി ലോകത്തിലെ നാലാമത്തെ സൈനികശക്തിയാവുക എന്ന ഉദ്ദേശ്യത്തോടെയുള്ള കൂട്ടക്കുരുതികളാണ് ഇസ്‌റാഈൽ നടത്തുന്നത്. ഹോളോകാസ്റ്റിന്റെ ഇരകൾക്ക് ധാർമികമായി ലഭിക്കേണ്ട പരികൽപനകളാണ് സയണിസം ആവശ്യപ്പെടുന്നതെന്നും തീർത്തും ന്യായമാണിതെന്നുമുള്ളതാണ് നാലാമത്തെ വ്യാജം.

അറബ് രാഷ്ട്രങ്ങളുടെ ചങ്ങാത്തം

1948ൽ ഇസ്‌റാഈൽ രൂപീകരിക്കുമ്പോൾ ചെറിയ പ്രദേശങ്ങളിൽ മാത്രമാണ് ജൂതർക്ക് സ്വാധീനമുണ്ടായിരുന്നതെങ്കിൽ 1967ലെ അറബ്-ഇസ്‌റാഈൽ യുദ്ധത്തിലും നിരന്തരമായ അധിനിവേശത്തിലൂടെയുമാണ് ഇന്നു കാണുന്ന വിശാല ഇസ്‌റാഈൽ രാജ്യം ഉണ്ടായിത്തീർന്നത്. സിറിയയുടെ ജൂലാൻ കുന്നുകളും ഈജിപ്തിന്റെയും ജോർദാന്റെയും നിരവധി പ്രദേശങ്ങളും ഇസ്‌റാഈൽ കയ്യടക്കിയിട്ടുണ്ട്. ആറ് ദിന യുദ്ധത്തിൽ അന്ന് ഈജിപ്തിന്റെ സീനായ് മേഖല പിടിച്ചടക്കിയെങ്കിലും 1982ൽ ഇസ്‌റാഈൽ-ഈജിപ്ത് സൗഹൃദ കരാറിനെത്തുടർന്ന് വിട്ടുകൊടുക്കുകയായിരുന്നു. എന്നിരുന്നാലും പല അതിർത്തി മേഖലകളിലും തുടർച്ചയായി കയ്യേറ്റം നടക്കുന്നുണ്ട്. ഇവിടെയാണ് ചില മുസ്‌ലിം രാഷ്ട്രങ്ങൾ ഇസ്‌റാഈലുമായി ചങ്ങാത്തം സ്ഥാപിച്ചത് ചരിത്ര മണ്ടത്തരമാകുന്നത്. സൈനിക, സാമ്പത്തിക മേഖലകളിൽ താൽക്കാലിക നേട്ടമുണ്ടാകാമെങ്കിലും സയണിസ്റ്റ് അധിനിവേശത്തെ എത്ര കണ്ട് തടയാൻ കഴിയും ഈ കരാറുകൾക്കെന്നതാണ് ചോദ്യം. ഫലസ്തീൻ ജനത തുടർച്ചയായി കൊല്ലപ്പെടുമ്പോഴും അന്താരാഷ്ട്ര സമൂഹം പുലർത്തുന്ന നിസ്സഹായത ഭയപ്പാടുണ്ടാക്കുന്നതും ഇതുകൊണ്ടാണ്.

 

അൽവാരിസ് സിറാജുദ്ദീൻ റസാഖ്

 

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ