അറിവും ധിഷണയുമാണ് മനുഷ്യനെ സവിശേഷ ജീവിയാക്കുന്നത്. കാണാനുള്ള രണ്ടു കണ്ണുകളും കേള്‍ക്കാനുള്ള കാതുകളും നല്‍കപ്പെട്ടതിന് പുറമെ ആശയവിനിമയത്തിനുള്ള ഭാഷയും നാവും നല്‍കപ്പെട്ടവരാണ് നാം. കണ്ണുകളും നാവും അധരങ്ങളും നല്‍കിയപ്പോള്‍ തന്നെ സത്യാസത്യങ്ങളെ വേര്‍തിരിക്കുന്നതിനുള്ള ബുദ്ധിയും ധിഷണയുമാണ് നമുക്ക് നല്‍കപ്പെട്ട പ്രധാന സവിശേഷതയും അനുഗ്രഹവും. വിശുദ്ധ ഖുര്‍ആന്‍ ഇത് സാക്ഷ്യപ്പെടുത്തുണ്ട്.
അറിവ് ലഭിക്കാനുള്ള വഴിയാണ് കണ്ണും കാതുമടക്കമുള്ള ബാഹ്യാവയവങ്ങള്‍. കാഴ്ചകള്‍ക്കു പുറമെ നമുക്ക് ഉള്‍കാഴ്ചയുമുണ്ടാവണം. ആ ഉള്‍കാഴ്ചയില്‍ നിന്നാണ് ആശയങ്ങള്‍ രൂപപ്പെടേണ്ടത്. നിയന്ത്രണങ്ങളും നിര്‍മാണങ്ങളുമാണ് ജീവിതത്തെ സാര്‍ഥകമാക്കുക. ഉത്തരവാദിത്വങ്ങളും ബാധ്യതകളും പ്രവര്‍ത്തനങ്ങളും പ്രതിപ്രവര്‍ത്തനങ്ങളുമെല്ലാം ഉള്‍കൊള്ളുന്നതാണല്ലോ ജീവിതം. ഭൂമിയില്‍ സഞ്ചരിക്കണമെന്നും പുറംകാഴ്ചയില്‍ നിന്ന് ആശയം രൂപപ്പെടുത്തണമെന്നും ഖുര്‍ആന്‍ ഉദ്‌ബോധിപ്പിക്കുന്നു.
അപ്പോള്‍ അറിവ് നമുക്ക് വെളിച്ചമാണ്. എങ്ങനെ മുന്നോട്ട് നീങ്ങണമെന്ന ദിശനിര്‍ണയമാണ് അറിവ് ചെയ്യുന്നത്. അതേസമയം പല നിലയില്‍ ആര്‍ജിച്ചെടുത്ത അറിവ് ഒരുവഴിക്കും പ്രവര്‍ത്തനങ്ങളും ഇടപെടലുകളും വേറൊരു വഴിക്കുമാണെങ്കില്‍ അറിവ് വെളിച്ചമാവുകയല്ല, അന്ധകാരമാവുകയാണ് ചെയ്യുക. സാമൂഹികവും വ്യക്തിപരവുമായ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാനും ദൗത്യങ്ങള്‍ ഏറ്റെടുക്കാനും വിമുഖത കാണിക്കുന്നവര്‍ ഇരുട്ടില്‍ തപ്പുകയാണ് ചെയ്യുന്നത്. എന്തിനാണ് നമുക്ക് ഭൂമിയെ കീഴ്‌പ്പെടുത്തി തന്നത്, കരയും കടലും അധീനപ്പെടുത്താന്‍ പടച്ചവന്‍ നമ്മെ അനുഗ്രഹിച്ചത് എന്ന് നാം ആലോചിക്കണം.
ചുരുക്കത്തില്‍, അറിവും ഉണര്‍ന്ന ചിന്തകളും നമ്മെ ശരിയായ വഴിനടത്തണം. പറയാനും പ്രവര്‍ത്തിക്കാനും ഓര്‍ക്കാനും ഓര്‍മിപ്പിക്കാനും അറിവിലൂടെ സാധിക്കണം. അല്ലാത്തപക്ഷം മൃഗതുല്യരാകുമെന്ന് ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഞങ്ങള്‍ കേള്‍ക്കേണ്ടത് കേള്‍ക്കുകയും ഗ്രഹിക്കേണ്ടത് ഗ്രഹിക്കുകയും ചെയ്തിരുന്നെങ്കില്‍ നരകത്തില്‍ കടക്കേണ്ടി വരില്ലായിരുന്നുവെന്ന് നരകാവകാശികള്‍ നൊമ്പരപ്പെടുമെന്ന് ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കുന്നു.
അറിഞ്ഞതനുസരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് അറിവ് നിലയും നിലപാടുമാകുന്നത്. അല്ലാത്തവര്‍ക്ക് അറിവ് ശാപവും ഭാരവുമായിരിക്കുമെന്നതാണ് ചരിത്രം. അഭിശപ്ത ഇബ്‌ലീസിന്റെ അറിവിനെ നാം ഗൗരവത്തോടെയാണ് സമീപിക്കേണ്ടത്. അറിവനുസരിച്ച് പ്രവര്‍ത്തിക്കാത്തവര്‍ ഭീകരമായ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുമെന്ന് ഖുര്‍ആനും ഹദീസും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. നരകത്തില്‍ കുടല്‍മാലകള്‍ പുറത്തേക്കൊഴുകി, അതില്‍ കറങ്ങിത്തിരിയുന്ന ഭീകരാവസ്ഥയെ കുറിച്ച് അവര്‍ ചോദ്യം നേരിടുമ്പോള്‍ ഞങ്ങള്‍ ഞങ്ങളുടെ അറിവനുസരിച്ച് പ്രവര്‍ത്തിച്ചവരായിരുന്നില്ല എന്ന് വെളിപ്പെടുത്തുന്നവരെ സംബന്ധിച്ച് തിരുനബി(സ്വ) മുന്നറിയിച്ചിട്ടുണ്ട്. മുന്നോട്ടുള്ള വഴികള്‍ എങ്ങനെയാവണമെന്ന് പഠിപ്പിക്കുന്ന, ഏറെ അനുഗൃഹീതമായ അറിവുകള്‍ ധാരാളമായി ലഭിക്കുന്ന നമ്മള്‍ അതനുസരിച്ച് ജീവിക്കാന്‍ ശീലിക്കണം. അല്ലാത്തപക്ഷം അറിവ് തിരിഞ്ഞുകൊത്തുമെന്ന ബോധം നമ്മെ ചിന്തിപ്പിക്കേണ്ടതുണ്ട്. വെളിച്ചമാവട്ടെ നമുക്ക് അറിവ്. കാണാനും കേള്‍ക്കാനും പ്രചോദനമാകാനും മുന്നറിയിപ്പാകാനും വഴികാട്ടിയാവാനുമൊക്കെ അറിവ് കാരണമാകട്ടെ.

 

ഹാദി

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ