കൈപ്പറ്റയിലെ അധികാരിയും പേരുകേട്ട പ്രമാണിയുമായിരുന്നു ഇമ്മിണിക്കടവത്ത് അബ്ദുറഹ്‌മാൻ കുട്ടി എന്ന അവറുട്ടി. നാട്ടുകാർക്കൊക്കെ സ്വീകാര്യനായിരുന്ന ഇദ്ദേഹത്തിനായിരുന്നു കൈപ്പറ്റയുടെ മേൽനോട്ട ചുമതല. അവിടത്തെ നിയമ നിർമാണമടക്കമുള്ള എല്ലാ കാര്യങ്ങളുടെയും അധികാരകേന്ദ്രം. നാട്ടുകാരുടെ ഏതാവശ്യത്തിനും അവറുട്ടിക്ക ചെവി കൊടുക്കും. ഒരേസമയം ബ്രിട്ടീഷ് ഗവൺമെന്റിന്റെയും ജനങ്ങളുടെയും ശ്രദ്ധ പിടിച്ചുപറ്റിയ അവറുട്ടിക്കയുടെ സ്വഭാവ മഹിമകൊണ്ട് കൂടിയായിരുന്നു. അദ്ദേഹത്തിന്റെ മകനാണ് കൈപ്പറ്റ ബീരാൻ കുട്ടി മുസ്‌ലിയാർ എന്ന കൈപ്പറ്റ ഉസ്താദ്.
മലപ്പുറം മറ്റത്തൂരിലെ കുഞ്ഞഹ്‌മമ്മദിന്റെ മകൾ ആഇശയാണ് മാതാവ്. തച്ചുമ്മ എന്നായിരുന്നു അടുപ്പക്കാർ അവരെ വിളിച്ചിരുന്നത്. 1898-ലാണ് ബീരാൻ കുട്ടി ജനിക്കുന്നത് (ഹിജ്‌റ 1317). ഇസ്‌ലാമികാന്തരീക്ഷത്തിലായി അവർ മകനെ വളർത്തി. ജ്ഞാനകുതുകിയായാണ് കുട്ടി വളർന്നത്. വേങ്ങര മാപ്പിള ഗവൺമെന്റ് സ്‌കൂളിലായിരുന്നു പ്രാഥമിക ഭൗതിക വിദ്യാഭ്യാസം. ഒപ്പം ദീനീ പഠനത്തിനായി മരക്കാർ മുസ്‌ലിയാരുടെ ഓത്തുപള്ളിയിലും ചേർന്നു.
ദീനീ വിജ്ഞാനത്തോടുള്ള അടങ്ങാത്ത താൽപര്യം മൂലം ആദ്യം കൈപ്പറ്റ അഹ്‌മദ് മുസ്‌ലിയാരുടെ ദർസിൽ ചേർന്നു. ചെമ്മൻകടവ്, കോടഞ്ചേരി പള്ളി ദർസുകളിലേക്കും മദ്രാസിലെ ജമാലിയ്യ കോളേജിലേക്കും വാഴക്കാട്ടെ ദാറുൽ ഉലൂമിലേക്കും പിന്നീട് വിദ്യ തേടിപ്പോയി. അപൂർവ വിഷയങ്ങളും അതിൽ വ്യുൽപത്തിയുള്ള പണ്ഡിതരെയും തേടിയുള്ളതായിരുന്നു പഠന യാത്രകൾ. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ശിഷ്യനായി കഴിഞ്ഞു കുറെ നാൾ.
പിന്നീട് ചാലിലകത്തിന്റെ പ്രമുഖ ശിഷ്യനും പരിത്യാഗിയുമായ ഉപ്പുങ്ങൽ ബാപ്പുട്ടി മുസ്‌ലിയാർ എന്ന കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെ അടുത്ത് ഫിഖ്ഹ് പഠിച്ചു. പ്രസിദ്ധമായ ഇആനതു ത്വാലിബീന്റെ രചയിതാവ് അബൂബക്കർ ദിംയാത്വിയുടെ ഹറം ശരീഫിലെ ദർസിൽ നിന്ന് നേരിട്ട് ഫിഖ്ഹ് പഠിച്ച പണ്ഡിതനായിരുന്നു കുഞ്ഞഹമ്മദ് മുസ്‌ലിയാർ. രണ്ട് വർഷം അവിടെ തുഹ്ഫ പഠിച്ചു.
മുഹഖിഖ് എന്ന് വിശേഷിപ്പിക്കപ്പെട്ട കരിമ്പനക്കൽ മുഹമ്മദ് മുസ്‌ലിയാരിൽ നിന്നാണ് തഹ്ഖീഖിന്റെ ജ്ഞാന വേരുകൾ ഉറപ്പിച്ചത്. പള്ളി ദർസുകളിൽ ഓതിപ്പഠിക്കുന്ന ധാരാളം കിതാബുകൾക്ക് വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും എഴുതിയ മഹാ പണ്ഡിതനാണ് കരിമ്പനക്കൽ മുഹമ്മദ് മുസ്‌ലിയാർ.
സമസ്തയുടെ നെടുംതൂണും വാഴക്കാട് ദാറുൽ ഉലൂമിലെ മുദരിസുമായിരുന്ന ഖുതുബി മുഹമ്മദ് മുസ്‌ലിയാരുടെ ശിഷ്യത്വം നേടാനും ഭാഗ്യമുണ്ടായി. മഹല്ലി, തഫ്‌സീർ തുടങ്ങിയവ ഖുതുബിയിൽ നിന്നാണ് ഓതുന്നത്. അതോടെ മലബാറിലെ ദർസ് പഠനത്തിന് ഏതാണ്ട് വിരാമമിട്ട് തമിഴ്‌നാട്ടിലെ പ്രശസ്തമായ ജമാലിയ കോളേജിലേക്ക് തിരിച്ചു. ഹദീസ്, കർമശാസ്ത്രം, നഹ്‌വ്, സ്വർഫ്, ബലാഗ (അറബി സാഹിത്യം), ഇസ്‌ലാമിക് ഫിലോസഫി, മൻത്വിഖ്, തർക്കശാസ്ത്രം തുടങ്ങിയ മേഖലകളിലെ പരമ്പരാഗതവും ആധുനികവുമായ അറിവുകൾ അവിടെ നിന്ന് കരഗതമാക്കി. പ്രഗത്ഭനായ ബഹു ഭാഷാ പണ്ഡിതൻ, സർവാദരണീയനായ സൂഫിവര്യൻ, പ്രതിഭാശാലിയായ ഗ്രന്ഥകർത്താവ്, ഇസ്‌ലാമിക കർമശാസ്ത്ര വിശാരദൻ എന്നീ നിലകളിലെല്ലാം അറിയപ്പെട്ട മഹാന് മലബാറിന്റെ ഇബ്‌നു ഹജർ ഹൈതമി എന്ന് സ്ഥാനപ്പേരു ലഭിക്കുകയുണ്ടായി.
വലിയ പണ്ഡിതനായിരുന്നെങ്കിലും അഹംഭാവം തീരെ ഉണ്ടായിരുന്നില്ല. തന്നെക്കാൾ ഇളയവരിൽ നിന്നുവരെ അറിവുകൾ തേടുകയും പഠിക്കുകയും ചെയ്യുമായിരുന്നു. ഒരിക്കൽ കണ്ണിയത്ത് ഉസ്താദ് പറയുകയുണ്ടായി. ‘പ്രായത്തിൽ മുതിർന്ന ആളാണ് ബീരാൻ കുട്ടി മുസ്‌ലിയാരെങ്കിലും അദ്ദേഹം എന്റെ അടുത്ത് നിന്ന് ഉഖ്‌ലൈദിസ് ഓതിയിട്ടുണ്ട്. അതുകൊണ്ട് എനിക്കൊരു കാര്യമുണ്ടായി. ഓതുമ്പോൾ ഞാൻ പഠിച്ചിട്ടുള്ളതിനേക്കാൾ ധാരാളം അറിവുകൾ കൈപ്പറ്റയിൽ നിന്ന് എനിക്ക് കിട്ടി.’ ഈ സംഭവത്തിന് പിന്നിലൊരു കഥയുണ്ട്. ദാരിദ്ര്യം കാരണം കണ്ണിയത്ത് ഉസ്താദ് വാഴക്കാട്ടെ ചില പ്രമാണിമാരുടെ വീട്ടിൽ ഖുർആൻ പാരായണം ചെയ്ത് പ്രതിഫലം വാങ്ങാറുണ്ടായിരുന്നു. ഇതറിഞ്ഞ കൈപ്പറ്റ ഉസ്താദ് പറഞ്ഞു: ‘എനിക്ക് ഉഖ്‌ലൈദിസ് ഓതിത്തരുകയാണെങ്കിൽ വീടുകളിൽ ഓതിയാൽ എത്ര കിട്ടുന്നുവോ അത്രയും തുക ഞാൻ നൽകാം. നിങ്ങളെവിടെയും പോകേണ്ട’. അങ്ങനെ കൈപ്പറ്റ ബീരാൻ കുട്ടി മുസ്‌ലിയാർ കണ്ണിയത്ത് ഉസ്താദിന്റെയും ശിഷ്യനായി.
ഉറുദു, അറബി, ഇംഗ്ലീഷ്, പേർഷ്യൻ, സംസ്‌കൃതം, തമിഴ് തുടങ്ങി ഏഴോളം ഭാഷകൾ കൈകാര്യം ചെയ്യാനറിയാമായിരുന്നു ഉസ്താദിന്. കൈപ്പറ്റ പള്ളി ലൈബ്രറിയിലെ വ്യത്യസ്ത ഭാഷകളിലുള്ള ഗ്രന്ഥങ്ങൾ ഇതിന് തെളിവാണ്. ഉസ്താദ് നിർമിച്ച കനപ്പെട്ട രണ്ട് ഡിക്ഷ്ണറികൾ എടുത്ത് പറയേണ്ടവയാണ്.
തഫ്‌സീർ, ഹദീസ്, താരീഖ് തുടങ്ങി വ്യത്യസ്ത വിഷയങ്ങളിലായി ധാരാളം കിതാബുകൾ. ഉറുദു ഭാഷയിലും അദ്ദേഹം രചിച്ചിട്ടുണ്ട്. ഉറുദു ഭാഷാ പഠിതാക്കൾക്കായി ഉസ്താദ് രചിച്ച ഭാഷാപഠന സഹായിയും കൈപ്പറ്റ ലൈബ്രറിയിലുണ്ട്. മദ്രാസിലെ ജമാലിയ കോളജിൽ പഠിക്കുന്ന കാലത്താണ് ഉറുദു, ഇംഗ്ലീഷ്, തമിഴ്, പേർഷ്യൻ ഭാഷകളിൽ പ്രാവീണ്യം നേടിയത്.
വാഴക്കാട് ദാറുൽ ഉലൂമിലെ ദീർഘകാല പഠന ശേഷം അധ്യാപന മേഖലയിലേക്ക് പ്രവേശിച്ചു. കോട്ടക്കൽ പറപ്പൂർ പള്ളിയിലാണ് തുടക്കം. പിന്നീട് കുളപ്പുറത്തും ശേഷം ഇരുമ്പുചോലയിലും സേവനമനുഷ്ഠിച്ചു. പ്രായാധിക്യത്താലുള്ള അനാരോഗ്യം മൂലം നീണ്ട അമ്പത് വർഷക്കാലത്തെ അധ്യാപനത്തിന് അവിടെത്തന്നെ പരിസമാപ്തിയായി. പടന്ന, കായംകുളം ഹസനിയ്യ കോളേജ്, പൊന്മള, പൊന്മണ്ടം തുടങ്ങിയ സ്ഥലങ്ങളും ഉസ്താദിന്റെ അറിവ് പരന്നൊഴുകിയ ദേശങ്ങളാണ്.
കുളപ്പുറത്ത് ദർസ് നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഗുജറാത്തിലെ ജാമിഅ ഇസ്‌ലാമിയ്യയിലേക്ക് പോകുന്നത്. 1947-48 കാലത്തായിരുന്നു അത്. ഉസ്താദിന്റെ യാത്രയെക്കുറിച്ച് ശിഷ്യൻ കുഞ്ഞിസൂഫി മുസ്‌ലിയാരുടെ വിവരണമിങ്ങനെ: ‘ഇത്തരമൊരു യാത്രയെ കുറിച്ച് ഉസ്താദ് ഞങ്ങളോട് പറഞ്ഞിട്ടില്ലായിരുന്നു. ഉസ്താദ് പോയതിനുശേഷം അദ്ദേഹത്തിന്റെ പെട്ടിയിൽ നിന്ന് ഒരെഴുത്ത് ലഭിച്ചു. അതിപ്രകാരമായിരുന്നു: ‘ജ്ഞാന സമ്പാദനത്തിനായി ഞാൻ ഗുജറാത്തിലെ സൂറത്തിലേക്ക് പോകുന്നു. എനിക്ക് പകരം അവിടെ മുദരിസായി കുഞ്ഞിസൂഫിയെ നിയമിക്കണം. ഈയെഴുത്ത് സൂക്ഷിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’. അങ്ങനെ കുഞ്ഞിസൂഫി മുസ്‌ലിയാരാണ് ഉസ്താദിന് പകരം ദർസ് നടത്തിയത്. ഗുജറാത്തിൽ നിന്നാണ് ഉസ്താദ് ഇൽമുൽ ഹദീസിലും ഉസ്വൂലിലും തഖസ്സുസ് പൂർത്തിയാക്കുന്നത്. പ്രശസ്ത ഹദീസ് പണ്ഡിതൻ അൻവർ ഷാ കശ്മീരിയുടെ പ്രമുഖ ശിഷ്യൻ ശംസുൽ മുഹഖഖിന്റെയും ഫത്ഹുൽ മുൽഹിം ബി ശർഹി സ്വഹീഹി മുസ്‌ലിമിന്റെ ഗ്രന്ഥകാരനായ ശബീർ അഹ്‌മദ് ഉസ്മാനിയുടെയും ശിഷ്യത്വം സ്വീകരിക്കുന്നതും ഇവിടെ നിന്നാണ്. സ്വിഹാഹുസ്സിത്തയുടെ ആദ്യഭാഗം ഈ വലിയ ഗുരുക്കന്മാരിൽ നിന്ന് ആഴത്തിൽ പഠിച്ചു.
ജാമിഅ ഇസ്‌ലാമിയ്യയിലെ പഠന കാലത്ത് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ രചനയിലും പാരായണത്തിലും മുഴുകി. ശംസുൽഹഖ് അടക്കമുള്ള ഉസ്താദുമാരുടെയും വിദ്യാർഥികളുടെയും അടുത്ത് പ്രത്യേക പരിഗണന ലഭിച്ചു. അത്യധികം ഊർജസ്വലനായതുകൊണ്ടുതന്നെ ഉസ്താദിന്റെ സാന്നിധ്യം അവർക്കേറെ സന്തോഷകരമായിരുന്നു. മൂന്ന് മാസങ്ങൾക്ക് ശേഷം ഉസ്താദിന് കലശലായ രോഗം പിടിപെട്ടു. സ്വദേശത്തേക്ക് മടങ്ങാനുള്ള ആഗ്രഹം അറിയിച്ചപ്പോൾ സമ്മതം നൽകി ഉസ്താദുമാർ പറഞ്ഞതിങ്ങനെ: ‘ഇവിടെ നിൽക്കാൻ തയ്യാറാണെങ്കിൽ ഞങ്ങൾ ഡൽഹിയിൽനിന്ന് വിദഗ്ധ ഡോക്ടർമാരെ വരുത്തി ചികിത്സിക്കാം’. പക്ഷേ മടങ്ങണമെന്നാവശ്യപ്പെട്ട് നാട്ടിൽനിന്ന് എഴുത്ത് വന്നതിനാൽ ഉസ്താദ് അവിടം വിട്ടു.
ഊരകം മുഹമ്മദ് ഹാജിയുടെ മകളെ വധുവായി സ്വീകരിച്ചു. അതിൽ ഒരു കുഞ്ഞു പിറന്നു. തന്റെ പിതാവിന്റെ നാമമായ അബ്ദുറഹ്‌മാൻ എന്ന് തന്നെ പേരിട്ടു. എന്നാൽ ആ ബന്ധം കൂടുതൽ നീണ്ടുനിന്നില്ല. വൈകാതെ മഹതി ഇഹലോക വാസം വെടിഞ്ഞു. യൗവനത്തിന്റെ ഉച്ചിയിൽ പ്രിയതമ വേർപിരിഞ്ഞപ്പോൾ വീണ്ടുമൊരു വിവാഹം കഴിക്കാൻ കുടുംബത്തിൽ നിന്നും നിർബന്ധമുണ്ടായി. എന്നാൽ അതിന് അദ്ദേഹം ചെവികൊടുക്കാതെ മുത്വാലഅയും(പാരായണം) തസ്‌നീഫും(രചന) തദ്‌രീസു(അധ്യാപനം)മായി ഞാനെന്റെ വികാരത്തെ ശമിപ്പിച്ചുകൊള്ളാമെന്ന നിശ്ചയദാർഢ്യത്തിൽ ഉറച്ചുനിന്നു. അന്നു മുതൽ വിജ്ഞാനം മാത്രമായിരുന്നു മഹാന്റെ ചിന്ത. പാരമ്പര്യസ്വത്തിൽ നിന്ന് വലിയൊരു വിഹിതം കിട്ടിയിരുന്നെങ്കിലും അതിന്റെ പരിപോഷണത്തെക്കുറിച്ച് ചിന്തിച്ചതുപോലുമില്ല. കടബാധിതനായ തന്റെ ജ്യേഷ്ഠന്റെ ബാധ്യത തീർക്കാൻ സ്വത്തിന്റെ നല്ലൊരു ഭാഗം അദ്ദേഹത്തിനു വിട്ടുകൊടുത്തു. ഭാര്യയുടെ മരണത്തോടെ ഐഹികലോകത്തെ തന്നെ മൊഴിചൊല്ലി പിരിഞ്ഞിരുന്നല്ലോ മഹാൻ. അല്ലെങ്കിലും പരിത്യാഗികൾക്കെന്തിനാണ് സമ്പാദ്യം?
കൈപ്പറ്റ ഉസ്താദിന്റെ ഗുരുനാഥന്മാർ ഇവരാണ്: തോട്ടുങ്ങൽ മരക്കാർ മൊല്ല, കെടി കുഞ്ഞാമുട്ടി മാസ്റ്റർ, മറ്റത്തൂർ വേഴുംതറ അഹ്‌മദ് മുസ്‌ലിയാർ, മൗലാനാ മുഹമ്മദാർ ആലിം സാഹിബ്, ചെറുശ്ശോല സയ്യിദ് അലവിക്കോയ തങ്ങൾ, പറമ്പിൽ കുഞ്ഞഹമ്മദ് മുസ്‌ലിയാർ, കരിമ്പനക്കൽ മമ്മൂട്ടി മുസ്‌ലിയാർ, ചെറുശ്ശോല കുഞ്ഞീൻ മുസ്‌ലിയാർ, കോടഞ്ചേരി കുഞ്ഞഹമ്മദ് മുസ്‌ലിയാർ. സഹപാഠികൾ: കണ്ണിയ്യത്ത് ഉസ്താദ്, സ്വദഖത്തുല്ല മുസ്‌ലിയാർ, കീഴന കുഞ്ഞബ്ദുല്ല മുസ്‌ലിയാർ, കൊടുവള്ളി കരുവൻപൊയിൽ കെവി മോയിൻകുട്ടി മുസ്‌ലിയാർ.
വലിയ ശിഷ്യ സമ്പത്തിനുടമയുമായിരുന്നു അദ്ദേഹം. പാനായിക്കുളം അബ്ദുറഹ്‌മാൻ മുസ്‌ലിയാർ, പൊന്മള മൊയ്തീൻ മുസ്‌ലിയാർ, തളിപ്പറമ്പ് ഖാളിയായിരുന്ന മുഹമ്മദ് മുസ്‌ലിയാർ കൈപ്പറ്റ, നന്തി ദാറുസ്സലാം മുദരിസായിരുന്ന കൈപ്പറ്റ അഹ്‌മദ് മുസ്‌ലിയാർ, വാളക്കുളം ബീരാൻ കുട്ടി മുസ്‌ലിയാർ, ചെറുശ്ശോല ബീരാൻ കുട്ടി മുസ്‌ലിയാർ, വെല്ലൂർ ബാഖിയാത്തുസ്സ്വാലിഹാത്ത് മുൻകാല മുദരിസ് ശൈഖ് അബ്ദുറഹ്‌മാൻ ഹസ്‌റത്ത്, ഒതുക്കുങ്ങൾ ഇഹ്‌യാഉസ്സുന്ന അറബിക് കോളേജ് പ്രിൻസിപ്പലും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷനുമായ ഇ സുലൈമാൻ മുസ്‌ലിയാർ, പുതിയാപ്പിള അബ്ദുറഹ്‌മാൻ മുസ്‌ലിയാർ, പട്ടർക്കടവ് കെഎംസ് പൂക്കോയ തങ്ങൾ തുടങ്ങിയവർ ശിഷ്യരിൽ പ്രമുഖരാണ്.
പ്രധാന രചനകൾ: രിസാലതുത്തൻബീഹ്, അൽവറക്കാത്ത്, മദാ വസ്വീലത്തുൽ ഫുഖഹാഅ്, അൽബറാഈൻ ലി രിസാലത്തിൽ മാറദീനി, അഖാഇദുശ്ശത്താ.
1998 ഫെബ്രുവരി 15 വെള്ളിയാഴ്ച (ജമാദുൽ ആഖിർ 17)ന് ആ ജ്ഞാനയാത്രക്ക് എന്നെന്നേക്കുമായി സമാപ്തിയായി.

ഹസ്ബുല്ല മാട്ടായ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ