ദയനീയമായൊരു കരച്ചിൽ ആ കൊച്ചു കുട്ടി ശ്രദ്ധിച്ചു. പതിവുപോലെ സ്വുബ്ഹ് നിസ്‌കാരം കഴിഞ്ഞ് ഖുർആനോതാൻ വേണ്ടി പിതാവിന്റെ ഖബ്‌റിനരികിൽ വന്നതായിരുന്നു അവൻ. അടയാളങ്ങൾ കൊണ്ടെല്ലാം ലൈലത്തുൽ ഖദ്‌റാണെന്ന് വ്യക്തമായ രാവാണ് തൊട്ടുതലേന്ന് കഴിഞ്ഞുപോയത്. കരച്ചിൽ കേട്ടപ്പോൾ ഓത്ത് നിർത്തി ശബ്ദം വരുന്ന ഭാഗത്തേക്ക് ശ്രദ്ധിച്ചു. തൊട്ടടുത്ത ഖബ്‌റിൽ നിന്നായിരുന്നു അത്. വെളിച്ചം പരക്കുന്നതിനനുസരിച്ച് ശബ്ദം കുറഞ്ഞുവന്നു. അവസാനം തീരെ കേൾക്കാതെയായി.
അതുവഴി വന്ന വ്യക്തിയോട് ആ ഖബ്‌റാ ളിയെ കുറിച്ചന്വേഷിച്ചു. മറുപടി കേട്ടപ്പോൾ വല്ലാതെ അമ്പരന്നുപോയി. എല്ലാ സമയവും പള്ളിയുമായി ബന്ധപ്പെടുന്ന, കൃത്യമായി നിസ്‌കരിക്കുന്ന, അനാവശ്യമായി സംസാരിക്കാത്ത നല്ല വ്യക്തി എന്ന് പരക്കെ അറിയപ്പെട്ട ഒരാളുടേതായിരുന്നു അത്. പിന്നെ എന്തുകൊണ്ടായിരിക്കും ലൈലത്തുൽ ഖദ്‌റാണെന്ന് പരക്കെ ബോധ്യപ്പെട്ട ഈ വിശുദ്ധ രാത്രി പോലും ഇദ്ദേഹത്തിനു ശിക്ഷ ലഭിക്കാൻ കാരണം? കുട്ടി ചിന്തിച്ചു. കൂടുതൽ അന്വേ ഷണത്തിൽ വ്യക്തമായി, അദ്ദേഹം പലി ശയുമായി ബന്ധപ്പെട്ട വ്യക്തിയായിരുന്നു. ആദ്യ കാലത്ത് വലിയ കച്ചവടക്കാരനായിരുന്നു. വയസ്സായപ്പോൾ പണം പലിശക്ക് കൊടുത്തായിരുന്നുവത്രെ ജീവിതം.
ഖബറിൽ നിന്നുള്ള ശിക്ഷയുടെ ശബ്ദം കേൾക്കുംവിധം വലിയ കറാമത്ത് നൽകപ്പെട്ട ഈ കുട്ടി ആരെന്നറിയാമോ? പിൽകാലത്ത് ഖാതിമതുൽ മുഹഖിഖീൻ എന്ന പേരിൽ വിശ്രുതനായ അല്ലാമ ശിഹാബുദ്ദീൻ അഹ്‌മദുബ്‌നു ഹജറുൽ ഹൈത്തമി(റ).
ഹാഫിള്, ശൈഖുൽ ഇസ്‌ലാം എന്നീ പേരുകളിൽ ചരിത്രത്തിലിടം നേടിയ ഇബ്‌നു ഹജർ(റ) ഹിജ്‌റ 909ന്റെ അവസാനത്തിൽ ഈജിപ്തിലെ അബുൽ ഹൈത്തമിലാണ് ജനിച്ചത്. തന്റെ ചെറുപ്പത്തിലേ പിതാവ് മുഹമ്മദ് ബദ്‌റുദ്ദീൻ മരണപ്പെട്ടതിനാൽ മഹാൻ വളർന്നത് പ്രസിദ്ധ ഇമാമുമാരായ ശംസുദ്ദീനു ബ്‌നു അബിൽ ഹമാഇൽ(റ), അദ്ദേഹത്തിന്റെ ശിഷ്യനായ ശംസുദ്ദീനുശ്ശിന്നാവി(റ) എന്നിവരുടെ സംരക്ഷണത്തിലായിരുന്നു. പിതൃപരമ്പരയിൽ മൂന്നാമത്തെ പിതാവായ ഹജറുമായി ബന്ധിച്ചാണ് ഇബ്‌നുൽ ഹജർ എന്ന പേരു വന്നത്. സമകാല ജനങ്ങൾക്കിടയിൽ പ്രസിദ്ധനും ധീരനും നിർബന്ധിതാവശ്യത്തിനല്ലാതെ സംസാരിക്കാത്ത ചിന്താശീലനുമായിരുന്നു ഹജർ എന്ന ആ പിതാമഹൻ. അതു കാരണം കല്ലു കണക്കെ ഉറച്ചിരിക്കുന്നവർ, മിണ്ടാത്ത മനുഷ്യൻ എന്ന അർഥത്തിൽ അദ്ദേഹം ‘ഹജർ’ എന്നറിയപ്പെട്ടു. ഹജറിന്റെ അസാധാരണ ഭക്തിയും ആരാധനാനിഷ്ഠയും ചരിത്ര പ്രസിദ്ധം. നൂറ്റി ഇരുപത് വയസ്സിലധികം ജീവിച്ച അദ്ദേഹത്തെ വാർധക്യ സഹജമായ ഓർമക്കുറവോ മറ്റോ പിടിപെടാത്ത രൂപത്തിൽ തന്നെ പൗത്രനായ ഇമാം നേരിൽ കണ്ടിരുന്നതായി ഗ്രന്ഥങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ പരമ്പര അൻസ്വാരികളിലേക്കാണ് ചെന്നത്തുന്നത്.

പഠനം, ഉസ്താദുമാർ

ചെറുപ്പത്തിലേ ഇബ്‌നു ഹജർ(റ)ഖുർആൻ ഹൃദിസ്ഥമാക്കി. ഇരുപത് വയസ്സ് തികയും മുമ്പു തന്നെ ഫത്‌വ നൽകാനും ദർസ് നടത്താനും അദ്ദേഹത്തിന് ഉസ്താദുമാർ അനുമതി നൽകി. കർമശാസ്ത്രം, നിദാന ശാസ്ത്രം, ഗണിത ശാസ്ത്രം, അറബി വ്യാകരണം, പദോൽപത്തി ശാസ്ത്രം, തർക്ക ശാസ്ത്രം, വിശ്വാസജ്ഞാനം, ഹദീസ്, തഫ്‌സീർ തുടങ്ങിയ വിജ്ഞാന ശാഖകളിലെല്ലാം വ്യുൽപത്തി നേടി.
ജന്മനാട്ടിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി ഹി. 924ൽ ഈജിപ്തിലെ പുരാതനവും വിശ്വപ്രസിദ്ധവുമായ അൽഅസ്ഹർ യൂണിവേഴ്‌സിറ്റിയിൽ പ്രവേശനം നേടി. ഇമാം ശിന്നാവി(റ)ന്റെ നിർദേശപ്രകാരമായിരുന്നു അത്. അവടെ വെച്ച് ഇമാം നവവി(റ)ന്റെ ‘അൽമിൻഹാജ്’ ഹൃദിസ്ഥമാക്കി. വിവിധ ജ്ഞാനശാഖകളിൽ ആഴമേറിയ അറിവും കരസ്ഥമാക്കുകയുണ്ടായി.
ശൈഖുൽ ഇസ്‌ലാം സകരിയ്യൽ അൻസ്വാ രി(റ), ഇമാം ശിഹാബു റംലി(റ), ഇമാം അബ്ദുൽ ഹഖ് സൻബാത്വീ(റ), ഇമാം ശംസുൽ മശ്ഹദി(റ), ഇമാം ശംസുസ്സംഹൂദി(റ), ഇമാം അബുൽ ഹസനുൽ ബക്‌രി(റ), ഇമാം ശംസു ദൽജീ(റ), ശിഹാബു ബ്‌നു നജ്ജാർ(റ), ഇമാം നാസിറുല്ലഖാനീ(റ), ഇമാം ശൻശൗരി(റ), ഇമാം ഇബ്‌നു ത്വഹാൻ(റ), ഇമാം ശിഹാബുൽ മൻത്വവീ(റ), ഇമാം സയ്യിദുൽ ഹത്വാബി(റ), ഇമാം ശംസുൽ മനാഹിലി(റ), ഇമാം ഇബ്‌നു സ്വാഇഹ്(റ), ശംസുൽ അബ്ബാദി(റ) തുടങ്ങിയ പ്രതിഭാധനരായ ഗുരുനാഥരിൽ നിന്നാണ് അറിവ് നേടിയത്. കർമശാസ്ത്രം പ്രധാനമായും പഠിച്ചത് ഇമാം നാസ്വിർ(റ), ഇമാം അബുൽ ഹസനുൽ ബക്‌രി(റ) എന്നിവരിൽ നിന്നാണ്. ഇമാം സകരിയ്യൽ അൻസ്വാരി(റ)യിൽ നിന്നാണ് ‘അൽമുസൽസലു ബിൽ അവ്വലിയ്യത്തി’ (റഹ്‌മത്തിന്റെ ഹദീസ്) സ്വീകരിച്ചത്.
‘ശൈഖുനാ’ എന്ന് ഗ്രന്ഥങ്ങളിൽ നിരുപാധികം ഇമാം പ്രയോഗിക്കാറുള്ളത് സകരിയ്യൽ അൻസ്വാരി(റ)യെ കുറിച്ചാണ്. സമർഥനും കുശാഗ്ര ബുദ്ധിശാലിയും സ്ഥിരോത്സാഹിയും കഠിനാധ്വാനിയുമായ അരുമ ശിഷ്യൻ ശിഹാബുദ്ദീൻ ഇബ്‌നു ഹജറിനു വേണ്ടി ഗുരുവര്യർ സകരിയ്യൽ അൻസ്വാരി(റ) ഇപ്രകാരം പ്രാർഥിക്കാറുണ്ടായിരുന്നു: ‘അല്ലാഹുവേ, നിന്റെ മതത്തിൽ അഗാധജ്ഞാനം നൽകി ശിഹാബുദ്ദീനെ നീ അനുഗ്രഹിക്കേണമേ.’ പ്രാർഥനക്കുത്തരം കിട്ടുന്നവരായി പരക്കെ അറിയപ്പെട്ട ശൈഖുൽ ഇസ്‌ലാമിന്റെ ദുആ നാഥൻ സ്വീകരിച്ചു. അരുമ ശിഷ്യനു മുമ്പിൽ സ്രഷ്ടാവ് വിജ്ഞാനത്തിന്റെ മഹാപ്രപഞ്ചം തന്നെ തുറന്നുകൊടുത്തു. എല്ലാ വിജ്ഞാന ശാഖകളിലും അവഗാഹം നേടി തന്റെ കാലത്ത് പകരക്കാരനില്ലാത്ത വിധം അദ്ദേഹം വളർന്നു. ശാഫിഈ ഫിഖ്ഹിൽ പ്രത്യേക അവഗാഹം നേടി.

രചനയും അധ്യാപനവും

ഉസ്താദായ ഇമാം അബുൽ ഹസനുൽ ബക്‌രി(റ)ന്റെ കൂടെ 933ൽ ഹജ്ജിനു വേണ്ടി സകുടുംബം യാത്ര തിരിച്ചു. അവിടെ വെച്ച് ഔലിയാക്കളിൽ പ്രമുഖനും വിവിധ വിഷയങ്ങളിൽ പ്രൗഢ രചനകൾ നടത്തിയയാളുമായ ഹാരിസുൽ മുഹാസബി(റ)നെ സ്വപ്നം കണ്ടു. ഗ്രന്ഥരചനയിലേക്ക് പ്രവേശിക്കാൻ ഇമാമിനോട് അദ്ദേഹം കൽപിച്ചു. ഹാരിസുൽ മുഹാസബി(റ) വലിയ കറാമത്തിനുടമയും അതീവ സൂക്ഷ്മ ജ്ഞാനിയുമായിരുന്നു. ഹറാം കലർന്ന ഭക്ഷണത്തിലേക്ക് കരം നീട്ടിയാൽ അദ്ദേഹത്തിന്റെ കൈവിരലുകൾ വിയർക്കുമായിരുന്നു. അതോടെ ആ ഭക്ഷണം വേണ്ടെന്നുവെക്കും. ഹി. 243ലാണ് മഹാന്റെ വിയോഗം.
മക്കയിൽ വെച്ച് ഇബ്‌നു ഹജർ(റ) മറ്റൊരു സ്വപ്നം കൂടി കണ്ടു. രചനക്കു പ്രേരിപ്പിക്കുന്ന തികച്ചും വിചിത്രമായൊരു സ്വപ്നമായിരുന്നു അത്. ഭയവിഹ്വലനായെങ്കിലും അതിന്റെ വ്യാഖ്യാനമറിഞ്ഞപ്പോൾ സന്തോഷിച്ചു. ഇമാമിന്റെ പ്രസിദ്ധിയും രചനയും ലോകമാകെ പരക്കുമെന്നായിരുന്നു സ്വപ്നവ്യാഖ്യാനം.
തുടർന്നാണ് വിഖ്യാതമായ ‘ശർഹുൽ ഇർശാദി’ന്റെ രചന ആരംഭിക്കുന്നത്. പിന്നീട് ഈജിപ്തിലേക്ക് മടങ്ങി. അവിടെ വെച്ച് ഇമാം ശറഫുബ്‌നുൽ മുഖ്‌രി(റ)യുടെ ‘റൗളു ത്വാലിബ്’ സംഗ്രഹിക്കുകയും അതിന് പ്രൗഢമായൊരു വ്യാഖ്യാനമെഴുതുകയുമുണ്ടായി. ഇമാം നജ്മുദ്ദീൻ അബുൽ അബ്ബാസ് അഹ്‌മദുബ്‌നു മുഹമ്മദുൽ ഖമൂലി(റ)യുടെ ‘അൽജവാഹിർ’, റൗളു ത്വാലിബിനു ഇമാം സകരിയ്യൽ അൻസ്വാരി(റ) എഴുതിയ വ്യാഖ്യാനമായ ‘അസ്‌നൽ മത്വാലിബ്’, മിൻഹാജിന്റെ ഒട്ടുമിക്ക വ്യാഖ്യാന ഗ്രന്ഥങ്ങൾ എന്നിവയുടെ ആശയങ്ങളെല്ലാം സംഗ്രഹിച്ച അതിസമ്പന്നമായൊരു രചനയായിരുന്നു ഇത്.
ഹി. 937ൽ വീണ്ടും ഹജ്ജ് ചെയ്തു. മക്കയിൽ വെച്ച് പ്രസ്തുത ഗ്രന്ഥത്തിലേക്ക് ഇമാം സ്വഫിയുദ്ദീൻ അബുൽ അബ്ബാസുൽ യമ നി(റ)ന്റെ ‘അൽഉബാബ്’, ഇമാം അബുൽ ഹസൻ അൽമഹാമിലി(റ) രചിച്ച ‘അത്തജ്‌രീദ്’ എന്നിവയുടെയും മറ്റു ചില വിശിഷ്ട ഗ്രന്ഥങ്ങളുടെയും ആശയങ്ങൾ കൂട്ടിച്ചേർത്ത് ഇമാം തന്റെ രചനയെ വിജ്ഞാനത്തിന്റെ അക്ഷയഖനിയാക്കി മാറ്റി.
പിന്നീട് അദ്ദേഹം ഈജിപ്തിലേക്ക് തിരിച്ചുപോയി. ഇമാമിന്റെ പ്രസ്തുത രചനയെക്കുറിച്ചറിഞ്ഞ ചിലർ അതിന്റെ പകർപ്പ് ലഭിക്കാനായി പണം അയച്ചുകൊടുത്ത് ആവശ്യപ്പെട്ടു. ഇമാമിന്റെ രചനാ വൈഭവവും പാണ്ഡിത്യവും കൂടുതൽ പ്രസിദ്ധമാകാൻ ഇതു കാരണമായി. പക്ഷേ അദ്ദേഹത്തിന്റെ വളർച്ച അസൂയാലുക്കളെ അലോസരപ്പെടുത്തി. അവർ മഹാനെതിരെ കുതന്ത്രങ്ങൾ നെയ്തു. വിശ്രമരഹിതമായ അത്യധ്വാനത്തിലൂടെ ഇമാം രചിച്ച ആ അമൂല്യ ഗ്രന്ഥം അവർ മോഷ്ടിച്ചു നശിപ്പിച്ചു കളഞ്ഞു. അങ്ങനെ വിജ്ഞാന ലോകത്തിനു വൻ സമ്പാദ്യമാകേണ്ട ആ അത്ഭുത രചന വെളിച്ചം കാണാതെപോയി.
ഈ സംഭവം മഹാനെ വല്ലാതെ വേദനിപ്പിച്ചു. ആർക്കും യാതൊരു പ്രയാസവും വരുത്താതെ സ്ഖലിതമുക്തമായ ജീവിതം നയിച്ചിട്ടും അസൂയാലുക്കൾ അദ്ദേഹത്തെ വളഞ്ഞിട്ടാക്രമിച്ചു. ഇതെല്ലാം കാരണം ഈജിപ്ത് വിട്ടു മക്കയിലെത്തി അവിടെ സ്ഥിരതാമസമാക്കി. പക്ഷേ കാരുണ്യവാനും വിശാലമനസ്‌കനുമായ ഇമാം എതിരാളികൾ തന്നോട് ചെയ്ത അരുതായ്മകൾക്കെല്ലാം മാപ്പ് നൽകി.
വീണ്ടും റൗളു ത്വാലിബിന്റെ വരികളുടെ വ്യാഖ്യാന സഹിതം നവീകരണ ദൗത്യം ആരംഭിക്കുകയുണ്ടായി. രചന പുരോഗമിച്ചു യാത്രക്കാരുടെ നിസ്‌കാരം വിവരിക്കുന്ന ഭാഗം വരെ എത്തിയെങ്കിലും ആ ദൗത്യം ഉപേക്ഷിക്കുകയായിരുന്നു.
ജന്മനാട്ടിലേക്ക് ചേർത്ത് ഹൈത്തമി എന്നും സ്ഥിരവാസ സ്ഥലത്തേക്ക് ചേർത്ത് മക്കി എന്നും അദ്ദേഹം അറിയപ്പെട്ടു. പരിശുദ്ധ ഹറമിൽ മുദരിസും മുഫ്തിയും ഗ്രന്ഥരചനയി ലുമൊക്കെയായി കഴിഞ്ഞുകൂടി. ഹിജാസുകാരും യമൻ, ഹളർ മൗത്ത് മുതലായ ദേശക്കാരും സർവാംഗീകാരത്തോടെ സ്വീകരിച്ചിരുന്ന മുഫ്തിയും മുദരിസും ഗ്രന്ഥകാരനുമായി അദ്ദേഹം കീർത്തി നേടി.
ധാരാളം അമൂല്യരചനകൾ ഇബ്‌നു ഹജർ(റ) വിജ്ഞാന ലോകത്തിനു സംഭാവന ചെയ്തിട്ടുണ്ട്. ശാഫിഈ മദ്ഹബിൽ പ്രബല ഗ്രന്ഥമായി പരിഗണിക്കുന്ന ‘തുഹ്ഫതുൽ മുഹ്താജ്’ ഹി. 958 മുഹർറം പന്ത്രണ്ടിനു രചന ആരംഭിച്ച് അതേ വർഷം ദുൽഖഅദ് ഇരുപത്തേഴിനാണ് പൂർത്തിയാക്കിയത്. ചുരുങ്ങിയ കാലയളവിനിടയിൽ ബൃഹത്തായ ഈ രചന പൂർത്തിയാക്കിയത് ഇമാമിന്റെ ജ്ഞാനവ്യുൽപത്തിയുടെ നിദർശനമാണ്. ഇതിനു പുറമെ അൽമിനഹുൽ മക്കിയ്യ ഫീ ശർഹിൽ ഹംസിയ്യ, അസ്സവാഹിഖുൽ മുഹ്‌രിയ്യ, ശർഹുൽ അർബഈനന്നവവിയ്യ, കഫ്ഫുൽ രിആഅ അൻ മുഹർറമാത്തില്ലഹ്‌വി വസ്സമാഅ, അൽഈആബ് ശർഹുൽ ഉബാബ്, അൽഫതാവൽ ഹദീസിയ്യ, അൽഫതാവൽ കുബ്‌റാ തുടങ്ങിയവയും മഹാന്റെ രചനകളാണ്. വിവിധ ജ്ഞാനശാഖകളിലായി 117 രചനകൾ ഇമാമിനുണ്ട്.
പഠനകാലം ഇല്ലായ്മയുടെ നടുവിലായിരുന്നു. നേരാവണ്ണം ഭക്ഷണം പോലും കഴിക്കാനില്ലായിരുന്നു. അൽഅസ്ഹറിൽ പഠിച്ച നാലു വർഷത്തോളം മാംസത്തിന്റെ രുചി പോലും അനുഭവിക്കാത്ത ഇമാമിന്റെ അനുഭവം ഇമാം കുർദി(റ) രേഖപ്പെടുത്തിട്ടുണ്ട്.
തന്റെ സമകാലികരുടെ അസൂയക്കും അതുമൂലമുണ്ടായ പ്രയാസങ്ങൾക്കും ഇമാം വിധേയനായി. മാത്രമല്ല, നിരവധി രോഗങ്ങൾ കൊണ്ടും പരീക്ഷിക്കപ്പെട്ടു. ശൈഖ് അബ്ദുല്ലാഹിൽ ഐദറൂസീ(റ)വിനയച്ച കത്തിൽ ഇമാം കുറിച്ചു: ‘അങ്ങ് എനിക്കു വേണ്ടി പ്രത്യേകം പ്രാർഥിക്കണം. നിരവധി രോഗങ്ങളുടെ പിടിയിലമർന്നു ഞാൻ പ്രയാസപ്പെടുകയാണ്.’
അങ്ങേയറ്റത്തെ വിനയത്തിന്റെയും സൽസ്വഭാവത്തിന്റെയും ഉടമയായ ഇബ്‌നു ഹജർ(റ) അഹ്‌ലുബൈത്തിനെ ഏറെ ആദരിച്ചിരുന്നു. ആയുസ്സ് മുഴുവൻ പഠനം, ഫത്‌വ, രചന, അധ്യാപനം എന്നിവയിൽ ചെലവഴിക്കാൻ അദ്ദേഹത്തിന് അല്ലാഹു ഭാഗ്യം നൽകി. രോഗഗ്രസ്തനായി വേദനകൾ കടിച്ചമർത്തി കിടക്കുമ്പോൾ പോലും സക്രിയനായിരുന്നു. വഫാത്തിന്റെ മൂന്ന് ദിവസം മുമ്പ് സന്ദർശിച്ചപ്പോഴും ഉസ്താദ് ഗ്രന്ഥരചനയിലായിരുന്നുവെന്ന് ശിഷ്യനും ‘നഫാഇസുദ്ദറർ’ന്റെ കർത്താവുമായ ഖാളി അബൂബക്കർ(റ) പറഞ്ഞതു കാണാം. തിരുനബി(സ്വ)യെ ഉണർവിൽ തന്നെ ഇമാം ദർശിക്കാറുണ്ടായിരുന്നു.

ഇബ്‌നു തൈമിയ്യക്കെതിരെ

അഹ്‌ലുസ്സുന്നയുടെ വിശ്വാസം സ്ഥിരപ്പെടുത്താൻ ഇമാം അനൽപങ്ങളായ സംഭാവനകളർപിച്ചിട്ടുണ്ട്. പുത്തൻവാദികളുടെ ജൽപനങ്ങളെ പ്രാമാണികമായി ഖണ്ഡിക്കുന്ന ഇമാമിന്റെ രചനകൾ വിശ്വാസികൾക്ക് വലിയ ആശ്വാസമാണ്.
‘മൂന്ന് പള്ളികളിലേക്കൊഴികെ വാഹനം കെട്ടി പുറപ്പെടരുത്. മസ്ജിദുൽ ഹറാം, എന്റെ ഈ പള്ളി (മസ്ജിദുന്നബവി), മസ്ജിദുൽ അഖ്‌സ്വ എന്നിവയാണത്’ (ബുഖാരി, മുസ്‌ലിം). ഈ ഹദീസ് പിടിച്ചു നബി(സ്വ)യുടെയും മറ്റു അമ്പിയാക്കൾ, ഔലിയാക്കൾ എന്നിവരുടെയും ഖബ്ർ സിയാറത്തിനു വേണ്ടി യാത്ര ചെയ്യുന്നത് നിഷിദ്ധമാണെന്ന് ഇബ്‌നു തൈമിയ്യ വാദിച്ചു. അദ്ദേഹത്തെ ആശയസ്രോതസ്സായി കാണുന്ന പുത്തൻവാദികളും ഇതേ നിലപാട് സ്വീകരിക്കുന്നു. എന്നാൽ ഇബ്‌നു ഹജർ(റ) ശക്തിയുക്തം ഇബ്‌നു തൈമിയ്യയുടെ വാദം എതിർത്തു.
അദ്ദേഹം പറഞ്ഞു: ‘തിരുനബി(സ്വ)യുടെ ഖബ്ർ സിയാറത്ത് സുന്നത്താണെന്നതിനെ ഇബ്‌നു തൈമിയ്യ നിരാകരിച്ചു എന്നതുകൊണ്ട് ആരും വഞ്ചിതരാകരുത്. കാരണം മഹാനായ ഇസ്സുബ്‌നു ജമാഅത്(റ) പറഞ്ഞതുപോലെ അല്ലാഹു വഴിപിഴപ്പിച്ച വ്യക്തിയാണയാൾ. അയാൾ കാഫിറാണെന്നുവരെ അനേകം പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. നീതിയുക്തമായി അല്ലാഹു അദ്ദേഹത്തെ കൈകാര്യം ചെയ്യുകയും ഇസ്‌ലാമിക ശരീഅത്തിനെതിരെ അയാളുണ്ടാക്കിയ പുത്തൻവാദങ്ങളെ സഹായിക്കുന്ന സ്വന്തം അനുയായികളെ പരാജയപ്പെടുത്തുകയും ചെയ്യട്ടെ (ഹാശിയതുൽ ഈളാഹ്).

വഫാത്ത്

ഇമാമിന്റെ വഫാത്തിലേക്കു നയിച്ച രോഗം ആരംഭിച്ചത് റജബിലായിരുന്നു. രോഗം മൂർഛിച്ചത് കാരണം ഇരുപതിലേറെ ദിവസം ദർസ് ഉപേക്ഷിക്കേണ്ടിവന്നു. റജബ് 21 ശനിയാഴ്ച ബന്ധുക്കളോട് ആവശ്യമായ കാര്യങ്ങൾ വസ്വിയ്യത്ത് ചെയ്തു. ഹി. 974 റജബ് 23 തിങ്കൾ ളുഹാസമയം ആ പൊൻതാരകം അസ്തമിച്ചു. മക്കയിലെ ജന്നത്തുൽ മുഅല്ലയിൽ അബ്ദുല്ലാഹിബ്‌നു സുബൈർ(റ)ന്റെ ചാരെയാണ് അന്ത്യവിശ്രമം കൊള്ളുന്നത്.
അദ്ദേഹത്തിന്റെ വേർപാടിൽ വിശ്വാസി വൃന്ദം ദു:ഖത്തിലാഴ്ന്നു. ദുഃഖം സഹിക്കവയ്യാതെ ജനങ്ങൾ പൊട്ടിക്കരഞ്ഞു. ജനാസ കാണാനും അതു വഹിച്ചു ബറകത്ത് നേടാനും ജനം തിക്കും തിരക്കും കൂട്ടി. തിരക്കിൽ ആളുകൾക്ക് നഷ്ടപ്പെട്ട പാദരക്ഷകൾ വഴിയിൽ കുമിഞ്ഞു കിടന്നിരുന്നതായി ചരിത്രം. വഫാത്തിനു ശേഷം ശിഷ്യരിൽ ചിലർ അദ്ദേഹത്തെ സ്വപ്നം കണ്ടു. മസ്ജിദുൽ ഹറാമിൽ ഇമാം ദർസ് നടത്തുകയാണ്. ഉസ്താദ് ഇനിയും ദർസ് നടത്തുന്നോയെന്ന് ശിഷ്യരിൽ ഒരാൾ ചിന്തിച്ചു. അദ്ദേഹത്തോട് ഇമാം പറഞ്ഞു: ‘ഇത് ഞങ്ങളുടെ പതിവാണ്.’

അസീസ് സഖാഫി വാളക്കുളം

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ