പഴയ ഖുറാസാനിലെ, ഇന്നത്തെ അഫ്ഗാനിസ്താനിലെ പ്രധാന ദേശങ്ങളിലൊന്നാണ് വീരപ്രസുവായ മര്‍വ്. ജ്ഞാന നിറകുടങ്ങളെത്രെയാണ് ആ നാട്ടില്‍വെളിച്ചം വിതറിയത്. ഹി. 506ല്‍പിറന്ന് 562ല്‍തന്റെ അത്തിയാറാം വയസ്സില്‍വിടപറഞ്ഞ ഇമാം അബൂസഈദ്/സഈദ് അസ്സംആനി(റ) അവരില്‍പ്രധാനിയാണ്. മഹാ പ്രതിഭയായിരുന്നു; സര്‍വകലാവല്ലവഭനും. അത്ഭുതമാണദ്ദേഹത്തിന്റെ ജീവചരിത്രം. കാല്‍പനികമെന്നും അതിശയോക്തിയെന്നും തോന്നുമെങ്കിലും അദ്ദേഹത്തിന്റെ ജ്ഞാനാന്വേഷണ പര്യടനവും രചനാ വേഗതയും പക്ഷേ, തെളിച്ചമേറിയ പൊന്‍പ്രഭാതത്തേക്കാള്‍വാസ്തവമാണ്. മടുപ്പും വെറുപ്പുമില്ലാതെ, ദാഹവും വിശപ്പും വകവെക്കാതെ, ജ്ഞാന പ്രഭുക്കളെത്തേടി അദ്ദേഹം ചുറ്റിക്കറങ്ങിയത് നൂറിലേറെ നഗരങ്ങള്‍. വിദ്യനുകര്‍ന്നത് ഏഴായിരം ഗുരുശ്രേഷ്ഠരില്‍നിന്ന്. ഇത്രയും ഗുരുനാഥന്മാരെ നേരില്‍സമീപിച്ച് അറിവ് പകര്‍ത്തിയ മറ്റൊരു താരത്തെ ചരിത്രത്തില്‍കണ്ടവരാരുമില്ല. ജ്ഞാനം അങ്ങനെയാണ്, ആഗ്രഹിക്കുന്നവരുടെ മനോനിലയനുസരിച്ച് അതിന്റെ സൗന്ദര്യവും മധുരവും വര്‍ധിക്കും. പാലിനേക്കാള്‍ധവളിമയും മധുവേക്കാള്‍മധുരിമയും കസ്തൂരിയേക്കാള്‍പരിമളവും ജ്ഞാനത്തിന് അനുഭവപ്പെടുന്നവര്‍ക്ക്, പക്ഷേ എത്ര പാനം ചെയ്താലും മതിവരാറില്ലെന്ന് തെളിയിക്കുന്ന വിസ്മയകരമായ അനുഭവമാണ് ഇമാം അബ്ദുല്‍കരീം അല്‍മര്‍ഖസി എന്ന അബൂസഈദ് അസ്സംആനിയുടേത്.

ത്വബഖാതുല്‍കുബ്റായില്‍ഇമാം താജുദ്ദീന്‍സുബ്കി(റ) അദ്ദേഹത്തെ വിളിച്ചത്, താജുല്‍ഇസ്‌ലാമിന്റെ പുത്രന്‍താജുല്‍ഇസ്‌ലാം എന്നായിരുന്നു. പിതാവും പുത്രനും ഇസ്‌ലാമിന്റെ ജ്ഞാനകിരീടം അണിഞ്ഞ രാജാക്കന്മാരായിരുന്നുവെന്നു സാരം. കിഴക്കിന്റെ ഹദീസ് വിശാരദന്‍എന്നും വിളിച്ചു സുബ്കി ഇമാം. പാരര്യവും മഹത്ത്വവും നിറഞ്ഞ പണ്ഡിത കുടുംബത്തിലാണ് ഇമാമവര്‍കളുടെ ജന്മവും വളര്‍ച്ചയും. ശാഫിഈ നിര്‍ധാരണ രീതി മാതൃകയാക്കി ഹദീസുകളെ സമീപിച്ച അദ്ദേഹത്തിന്റെ കുടുംബം ഹാഫിളുകളും മുഹദ്ദിസുകളും പ്രഭാഷകരും നിറഞ്ഞുകവിഞ്ഞതായിരുന്നു. പിതാവ് ഇമാം അബൂബക്കര്‍സംആനി പുത്രന്മാരെ ജ്ഞാനമാര്‍ഗത്തില്‍അടിയുറപ്പിക്കാനുള്ള പദ്ധതികള്‍വളരെ നേരത്തെ തുടങ്ങിയിരുന്നു.

പുത്രനെയും ചുമന്ന് നൈസാബൂരിലേക്ക് പുറപ്പെട്ട പിതാവ് അവിടെ പ്രധാനികളായ മൂന്ന് ഹദീസ് ഗുരുക്കളുടെ സദസ്സിലിരുത്തി ഹദീസ് കേള്‍പ്പിച്ചു കൊടുക്കുോള്‍പുത്രന് വയസ്സ് മൂന്നര. പുത്രനു വേണ്ടി പിതാവ് വായിച്ചു കേള്‍പ്പിച്ചു, സദസ്സില്‍വായിക്കുന്നത് എഴുതിയെടുത്തു. പിന്നീട് പുത്രന് എടുത്തുദ്ധരിക്കാന്‍അവലംബമാകട്ടെ എന്നു കരുതി പിതാവ് പ്രബല ഹദീസുകള്‍പ്രത്യേകം എഴുതിവെച്ചു. പുത്രനുവേണ്ടി പിതാവ് ഗുരുനാഥന്മാരില്‍നിന്നും ഇജാസത്ത് വാങ്ങി സൂക്ഷിച്ചു.

പിതാവിന്റെ പിന്തുണ, അല്ലാഹുവിന്റെ തീരുമാന പ്രകാരം പെട്ടന്നവസാനിച്ചു. പുത്രന് അഞ്ചു വയസ്സടുക്കുന്ന സന്ദര്‍ഭത്തില്‍പിതാവ് അന്ത്യയാത്രയാകുോള്‍, ഒരായുസ്സില്‍പുത്രന് വേണ്ടി ചെയ്തുകൊടുക്കാനുള്ളതെല്ലാം അദ്ദേഹം പൂര്‍ത്തിയാക്കിയിരുന്നു. പിതൃസഹോദരന്മാരുടെയും അമ്മാവന്മാരുടെയും പരിചരണത്തില്‍വളര്‍ന്ന അബൂസഅ്ദ് ഖുര്‍ആന്‍മനഃപാഠമാക്കിയ ശേഷം പിതാവിന്റെ അന്ത്യാഭിലാഷപ്രകാരം ഇമാം ഇബ്റാഹീം അല്‍മര്‍റൂനിയില്‍നിന്നും ഫിഖ്ഹില്‍അഗാധ ജ്ഞാനം നേടിയതിനു ശേഷം പന്ത്രണ്ടാം വയസ്സിലാണ് ദീര്‍ഘമായ ഇരുപത് വര്‍ഷത്തെ ഹദീസ് വേട്ടക്കിറങ്ങുന്നത്.

മുപ്പത്തിരണ്ടാം വയസ്സില്‍മര്‍വില്‍തിരിച്ചെത്തി വിവാഹം ചെയ്തു. പില്‍ക്കാലത്ത് ഹദീസ് വിശാരദരില്‍ശ്രദ്ധേയനായ ഹാഫിള് അബുല്‍മുളഫ്ഫര്‍ഇമാമവര്‍കളുടെ പുത്രനായി ജനിച്ചു. പുത്രനുമായാണ് പിന്നീടുള്ള യാത്ര. ഒടുവില്‍ഭൂമിയിലാകമാനം ഉമ്മവെച്ചു നീങ്ങിയ തന്റെ ഊന്നുവടി ഒരിടത്തു ചാരിവെച്ച്, അതിലേറെ ശക്തമായ മറ്റൊരായുധം കയ്യിലേന്തി അടുത്ത പത്തുവര്‍ഷം ഒറ്റയിരിപ്പാണ്; അനര്‍ഘങ്ങളും കനമേറിയതുമായ അറുപത്തിയെട്ടു ഗ്രന്ഥങ്ങളാണ് ആ രചനാ ഭജന യജ്ഞത്തില്‍യുഗങ്ങളെ പ്രകാശിപ്പിക്കാനായി സജ്ജമായത്. പുറമെ അബ്നു അസാകിര്‍കുടുംബത്തെ പോലുള്ള (പിതാവ് അബുല്‍ഖാസിമും പുത്രന്‍ഖാസിമും) യുഗ പുരുഷന്മാരുടെ ശിഷ്യോദ്യാനവും!

അബൂസഅ്ദ് സംആനിയുടെ ജ്ഞാനയാത്രകള്‍ചരിത്രത്തെ പുളകം കൊള്ളിക്കുന്നു. ഇബ്നുന്നജ്ജാര്‍പ്രഖ്യാപിച്ചു: “ഏഴായിരം ഗുരുനാഥന്മാരുണ്ടായിരുന്നു അദ്ദേഹത്തിന്; മറ്റൊരാള്‍ക്കും പ്രാപിക്കാനാവാത്ത കാര്യമാണിത്’ (ദഹബി/തദ്കിറ).

ഗുരുക്കളെ കാണാന്‍മഹാ നഗരങ്ങള്‍കേന്ദ്രീകരിച്ചു മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ പ്രയാണം. ഗ്രാമങ്ങളിലും ചെറിയ മഹല്ലുകളിലും വരെ അദ്ദേഹമെത്തി. വന്‍പാതകളും കൊച്ചങ്ങാടികളും വഴിയോരങ്ങളും കടകളും ജ്ഞാന ചര്‍ച്ചക്ക് അദ്ദേഹം സന്ദര്‍ശിച്ചു. പട്ടണങ്ങള്‍മാത്രം നൂറിലേറെ. ആദ്യയാത്ര പത്തുവര്‍ഷമെടുത്തു. കിഴക്ക് ഖുറാസാന്‍മുതല്‍പടിഞ്ഞാറ് ശആം വരെ, വടക്ക് ഇറാഖില്‍തുടങ്ങി തെക്ക് ഹിജാസുവരെ.

പിതൃസഹോദരന്മാരുടെയും അമ്മാവന്മാരുടെയും കൂടെയായിരുന്നു ആദ്യഘട്ടയാത്ര. തനിച്ചുപോകാന്‍അവര്‍സമ്മതിച്ചില്ല. വയസ്സ് ഇരുപതിനോടടുത്ത ഘട്ടത്തില്‍, സ്വഹീഹ് മുസ്‌ലിം വിദഗ്ധനായിരുന്ന അബൂ അബ്ദില്ലാഹില്‍ഫുറാവി (ദഹബി ഇദ്ദേഹത്തെ വിട്ടുകളഞ്ഞെങ്കിലും(?!) ശറഹുമുസ്ലിമില്‍ഇമാം നവവി(റ) ഇദ്ദേഹത്തിന്റെ പ്രോജ്ജ്വലമായ ജീവചരിത്രം കുറിക്കുന്നുണ്ട്.) യില്‍നിന്നും മുസ്‌ലിം കേള്‍ക്കാന്‍നൈസാബൂരിലേക്കു പോകാന്‍ബന്ധുക്കളോട് അനുവാദം ചോദിച്ചുനോക്കി. അപ്പോഴദ്ദേഹം ഏതു ദിവസവും വഫാത് സംഭവിക്കുമെന്ന് സ്നേഹജനം ഭയന്നിരുന്ന ഘട്ടത്തിലായിരുന്നു. ഇമാം മുസ്ലിമില്‍നിന്നും കേവലം മൂന്നു കണ്ണികള്‍മാത്രമേ ഫുറാവിയിലേക്ക് ദൂരമുള്ളൂ. അതായിരുന്നു അദ്ദേഹത്തിന്റെ സ്വഹീഹ് മുസ്ലിമിന്റെ പരരാ സവിശേഷത.

ഫുറാവി(റ) മരണപ്പെടരുതേ എന്ന പ്രാര്‍ത്ഥനയോടെ, അതു സംഭവിച്ചാലുണ്ടാകുന്ന ഭീകര നഷ്ടമോര്‍ത്ത് സംആനി തന്റെ ആവശ്യം ഉന്നയിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ഇരുപത്തിരണ്ടാം വയസ്സിലാണ് കാരണവന്മാര്‍സമ്മതിച്ചത്. അപ്പോഴും പിതൃസഹോദരന്‍അബുല്‍ഖാസിം നിര്‍ബന്ധിതാവസ്ഥയില്‍സഹയാത്രികനായിരുന്നു. മഹാഭാഗ്യം! സ്വഹീഹ് മുസ്‌ലിം ആദ്യാവസാനം ഫുറാവിയില്‍നിന്നും കേട്ടുപഠിച്ചു. പിതൃവ്യന് നാട്ടില്‍പോകണം. പക്ഷേ, അബൂസഅ്ദിന് താല്‍പര്യമില്ല. കുറച്ച് ദിവസം ഒളിഞ്ഞുനിന്നു. പിതൃവ്യന്‍കണ്ടെത്തി. ഒടുവില്‍യാത്രയുടെ നിര്‍ബന്ധാവശ്യത്തെക്കുറിച്ചു ബോധ്യപ്പെടുത്തിയപ്പോള്‍പിതൃവ്യന് അനുവാദം നല്‍കുകയല്ലാതെ നിര്‍വാഹമില്ലാതായി. രക്ഷാധികാരിയായ മറ്റൊരു പിതൃവ്യനും കത്തെഴുതി. അദ്ദേഹത്തിന്റെ സമ്മതം ലഭിച്ചു. അബൂസഅ്ദിന് സന്തോഷമായി. ഥൂസില്‍വെച്ച് പിതൃസഹോദരനോടു പിരിഞ്ഞു. അതോടെ ഏകാന്ത യാത്രക്ക് സമാരംഭം കുറിച്ചു. വീണ്ടും നൈസാബൂരിലെത്തി ഒരു വര്‍ഷം അവിടെത്തങ്ങി. പിന്നെ ദുന്‍യാവ് ആകെ കറങ്ങുകയായി. മര്‍വിലെ സ്നേഹനിധികളും ഗുരുനാഥന്മാരുമായ തന്റെ രണ്ടു പിതൃവ്യന്മാരും രക്ഷാധികാരിയും ഇതിനിടയില്‍മരണപ്പെട്ടു. കിതാബുല്‍അന്‍സാബില്‍അദ്ദേഹം അവരുടെ സ്ഥാനമഹത്ത്വം എഴുതുന്നുണ്ട്.

ആറു വര്‍ഷം നീണ്ട രണ്ടാംഘട്ട യാത്ര ഖുറാസാന്‍നഗരങ്ങളിലേക്കായിരുന്നു. സര്‍ഖസ്, ഹറാത്ത്, ബല്‍ഖ്, നസാ നഗരങ്ങള്‍സന്ദര്‍ശിച്ചു. പുത്രന്‍അബുല്‍മുളഫ്ഫര്‍സഹയാത്രികനായുണ്ടായിരുന്നു. അപ്പോള്‍പുത്രന് രണ്ടോ മൂന്നോ വയസ്സ്! അവനെയും കൂട്ടിയാണ് നഗരങ്ങള്‍താണ്ടുന്നത്.

പുത്രനെ ഹദീസ് സദസ്സിലിരുത്തി. അവനുവേണ്ടി പതിനെട്ടു ഭാഗങ്ങളുള്ള “ഗുരുകോശം’ തയ്യാറാക്കി. ബാല്യത്തില്‍അവനെ കേള്‍പ്പിച്ച ഹദീസുകളുടെ സമാഹാരമായി അവാലി എന്നു തടിച്ച രണ്ടു വാള്യങ്ങളുള്ള മറ്റൊരു ഗ്രന്ഥവും. മൂന്നാം ഘട്ട യാത്ര നാലു വര്‍ഷമെടുത്തു. ബുഖാറ, സമര്‍ഖന്ദ്, നസഫ് നഗരങ്ങളിലായിരുന്നു ഇത്തവണ അദ്ദേഹമെത്തിയത്. മര്‍വിലേക്കുള്ള മടക്കവേളയില്‍ചിരപരിചിതമായ ഖുവാറസ്മ് നഗരം സന്ദര്‍ശിച്ചു. പത്തു വര്‍ഷത്തിനിടയില്‍സംആനി രചിച്ച ദശക്കണക്കിനു വാള്യങ്ങളുള്ള ഗ്രന്ഥങ്ങള്‍മാത്രം ശേഖരിച്ചാല്‍വലിയൊരു ലൈബ്രറി നിറഞ്ഞുകവിയും. താരീഖു ബഗ്ദാദിനുള്ള അനുബന്ധവും മര്‍വിന്റെ ചരിതവും അത്തഹ്ബീറും മറ്റും ഇന്നത്തെ അളവില്‍നൂറുകണക്കിന് വാള്യങ്ങള്‍വരും. ഉലകം ചുറ്റി അദ്ദേഹം ശേഖരിച്ച ജ്ഞാനഭണ്ഡാരം ഒരുനോക്ക് കാണാനെങ്കിലും നമുക്ക് കഴിഞ്ഞിരുന്നെങ്കില്‍!

നൂറിലേറെ മഹാ നഗരങ്ങള്‍വിജ്ഞാനം തേടി സന്ദര്‍ശിച്ച സംആനിയെയും കടത്തിവെട്ടുന്നു, നൂറ്റിയിരുപത് നഗരങ്ങളിലെത്തിയ മഹായാത്രികന്‍ഇമാം ദഖാഖ് അല്‍ഇസ്ബഹാനി (മ. 516). മഹാ ദരിദ്രനായിരുന്നിട്ടു പോലും വന്‍നഗരങ്ങളിലൂടെ കാല്‍നട യാത്രികനായി രണ്ടായിരത്തിലധികം ഗുരുക്കളെ പകര്‍ത്തി ജ്ഞാന സന്നനാകുകയായിരുന്നു മഹാനവര്‍കള്‍.

ഹാഫിളുസ്സലഫിയെ കേള്‍ക്കാത്തവരുണ്ടോ? ഹാഫിളുല്‍ഹുഫ്ഫാള് (ഹദീസ് മനഃപാഠകരില്‍ഒന്നാം റാങ്കുകാരന്‍) ഒരു നൂറ്റാണ്ടുകാലത്തെ അദ്വിതീയനായ ജ്ഞാനഗുരു, ഖുര്‍ആന്‍പാരായണ വിദഗ്ധന്‍, സാഹിത്യകാരന്‍, ചരിത്രനിപുണന്‍, ഭാഷാപടു, നിരൂപകന്‍തുടങ്ങി ഒട്ടേറെ അഭിധാനങ്ങളര്‍ഹിക്കുന്ന മഹാ യാത്രികനാണ് ഇമാമുദ്ദീന്‍അബൂഥാഹിര്‍അസ്സിലഫി. ചെറുപ്പത്തിലേ അപാര ബുദ്ധിവൈഭവം പ്രകടിപ്പിച്ച ഇമാം, പതിനേഴാം വയസ്സില്‍ഹദീസ് വായിച്ചുകൊടുത്തു തുടങ്ങി. സ്വരാജ്യമായ ഇസ്ഹാനില്‍മീശ മുളക്കാത്ത കോമളപണ്ഡിതന്‍ഹദീസ് പണ്ഡിതന്മാരുടെ ഉന്നതവേദിയില്‍അധ്യാപനം തുടങ്ങി. സഹപാഠികള്‍പഠന സാദന സപര്യയില്‍തുടരുോഴും സിലഫി ഇമാം പദവിയിലെത്തിയിരുന്നു.

യാത്ര തന്നെയായിരുന്നു അദ്ദേഹത്തിന്റെയും സത്ത്. നാടും വീടും ചങ്ങാത്തവും ഉല്ലാസവും ആനന്ദവും സുഖഭോഗങ്ങളും വെടിഞ്ഞു വിദ്യയോടു അത്യാര്‍ത്തനായി നാടു ചുറ്റി അദ്ദേഹം. ഹദീസ് നിരൂപണ വിദഗ്ധനായ ഹാഫിള് അബുല്‍ഖഥ്വാബില്‍നിന്നും ഹദീസ് കേള്‍ക്കാന്‍കൊതിച്ച സിലഫി ബഗ്ദാദിലെത്തി. ഇബ്നു സാബിറിന്റെ വിലയിരുത്തലില്‍, സിലഫി ബഗ്ദാദില്‍തീനാളം കണക്കെ സകല ജ്ഞാനകേന്ദ്രങ്ങളിലും പടര്‍ന്നുകയറി വിജ്ഞാനങ്ങള്‍തിന്നൊതുക്കുകയായിരുന്നു.

കൂഫ, മക്ക, മദീന, ബസ്വറ, ബസഞ്ചാന്‍, ഹമദാന്‍, റയ്യ്, ഖസ്വീന്‍, മറാഗ, ദിമിശ്ഖ്, നഹാവന്ദ്, അബ്ഹര്‍, വാസിഥ്, സലമാസ്, ഹില്ല, ശഹ്രിസ്താന്‍, ഇസ്കനൂരിയ്യ, ദൈനൂര്‍, സാവ, അസര്‍ബൈജാന്‍, ദര്‍ബന്ദ്, ഖിലാഥ്, നസ്വീബീന്‍, റഹ്ബ തുടങ്ങിയ നാടുകളില്‍നിന്നും ശതക്കണക്കിനു ഉലമാ ശിരോമണികളെ അദ്ദേഹം ഗുരുവര്യരായി കണ്ടെത്തി. തന്റെ ഗുരുനാഥന്മാരുടെ സനദും ചരിത്രവും വിവരിക്കുന്ന മൂന്നു കോശങ്ങളദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. ഇസ്ബഹാന്‍ഗുരുകോശത്തില്‍അറുനൂറിലേറെ പേരെ പരിചയപ്പെടുത്തുന്നു. ബഗ്ദാദ് ഗുരുകോശത്തിലും വിപുലമായ യാത്രാകോശം മറ്റു നാടുകളില്‍കണ്ടുമുട്ടിയ ഗുരുനാഥരെ കുറിച്ചുള്ളതാണ്.

ഇന്നത്തെ ലബനാനിലെ സ്വര്‍പ്രദേശത്തുനിന്നു ഇസ്കന്ദരിയ്യയിലേക്ക് കടല്‍കയറിയ സിലഫി വഫാത് വരെ, അറുപത്തഞ്ച് വര്‍ഷം അവിടെത്തന്നെ പാര്‍ത്തു. ഇതിനിടക്ക് കൈറോയിലേക്ക് അബുസ്വാദിഖില്‍മദീനയില്‍നിന്നും ഹദീസ് കേള്‍ക്കാന്‍ചെറിയൊരു യാത്ര മാത്രം. ഉല്ലാസമോ പ്രകൃതി സൗന്ദര്യങ്ങളോ മഹാത്ഭുതങ്ങളോ കണ്ടുള്ള ആനന്ദമോ അല്ലായിരുന്നു അദ്ദേഹത്തിന്റെ യാത്രകള്‍. അറുപതു വര്‍ഷം ഇസ്കന്ദരിയ്യയില്‍നിവസിച്ചിട്ടും അന്നത്തെ ലോകത്തിലെ സപ്താല്‍ഭുതങ്ങളിലൊന്നായ അവിടുത്തെ ദീപസ്തംഭം അടുത്തുചെന്നു കാണാന്‍ആ മഹാനുഭാവന് നേരമില്ലായിരുന്നു. സദാസമയവും തന്റെ പാഠശാലയില്‍വിജ്ഞാന സേവനത്തില്‍മുഴുകിയ സിലഫി വിനോദ കേന്ദ്രമായ അവിടത്തെ പാര്‍ക്കുകളും മറ്റും ഒരിക്കല്‍പോലും സന്ദര്‍ശിച്ചിട്ടില്ലെന്ന് ഹാഫിള് അബ്ദുല്‍ഖാദിര്‍റുഹാവി സാക്ഷ്യപ്പെടുത്തുന്നു. വലിയൊരു ഗ്രന്ഥശേഖരമുണ്ടായിരുന്ന സിലഫി, തനിക്ക് ഹദ്യ ലഭിക്കുന്ന പണമത്രയും ഗ്രന്ഥശേഖരണത്തിനുപയോഗപ്പെടുത്തി. ഒരിക്കല്‍ഇസ്കനൂരിയില്‍ഉണ്ടായ അതിശൈത്യത്തില്‍തരിച്ചുറച്ചുപോയ ധാരാളം ഗ്രന്ഥങ്ങള്‍, കോടാലിയെടുത്ത് വെട്ടിമാറ്റി ഒഴിവാക്കേണ്ടിവന്ന ദുരന്തകഥ പ്രത്യേകം പ്രസ്താവ്യമാണ്.

വിദ്യാര്‍ത്ഥികളുടെയും പണ്ഡിതപ്രമുഖരുടെയും ആലംബമായിരുന്നു സിലഫി. ഹദീസ്, ഫിഖ്ഹ്, തഫ്സീര്‍, ഖിറാഅത്ത്, ചരിത്രം, സാഹിത്യം, ഭാഷ, കവിത തുടങ്ങിയ ഒട്ടേറെ ജ്ഞാനകലകളില്‍നിപുണനായിരുന്ന അദ്ദേഹത്തെ തേടി കിഴക്കും പടിഞ്ഞാറും നിന്ന് വിദ്യാ പ്രേമികളെത്തി. അതില്‍കുടില്‍നിവാസികളും രാജാക്കന്മാരുമുണ്ടായിരുന്നു. അരുതാത്തതു കണ്ടാല്‍സധീരം തടയുന്ന പ്രകൃതമായിരുന്നു സിലഫിയുടേത്. ഈജിപ്ത് ഭരിച്ച ഉബൈദികളുടെയടുക്കല്‍മദ്ഹബ് വ്യത്യാസമുണ്ടായിരുന്നെങ്കിലും സിലഫിക്ക് വലിയ അംഗീകാരമായിരുന്നു.

ഒരിക്കല്‍മിസ്ര്‍സുല്‍ത്താന്‍സിലഫിയുടെ സദസ്സില്‍ഹദീസുകേള്‍ക്കാന്‍പങ്കെടുത്തു. ക്ലാസിനിടയില്‍സുല്‍ത്താന്‍തന്റെ സഹോദരനുമായി സംസാരത്തിലേര്‍പ്പെട്ടു. ഇരുവരെയും ഗുരുശ്രേഷ്ഠര്‍ശക്തമായി ശകാരിച്ചു: “എന്തു പണിയാണിത്? നാം ഹദീസ് വായിക്കുക, നിങ്ങള്‍സംസാരിച്ചിരിക്കുക.’ എണ്‍പതിലേറെ വര്‍ഷം ഹദീസ് അധ്യാപനം ചെയ്ത മറ്റൊരാളെയും എനിക്കറിയില്ലെന്ന് ഹാഫിള് ദഹബി പറയുന്നു. ഹദീസ് ചര്‍ച്ചക്കിരിക്കുോള്‍വെള്ളം കുടിക്കാറില്ല, തുപ്പില്ല, ചമ്രം പടിഞ്ഞിരിക്കില്ല, കാല്‍പുറത്ത് കാണുകപോലുമില്ല. നൂറിലേറെ വയസ്സ് പ്രായമുള്ളപ്പോഴും ഇതായിരുന്നു സ്ഥിതി.

ഇമാം സഖാവി(റ) സിലഫിയുടെ രണ്ടു വരി കവിത ഉദ്ധരിക്കുന്നുണ്ട്. അതിലദ്ദേഹം പറയുന്നു: “ഞാന്‍ഹദീസ് സേവകരിലൊരാളാണ്, അവരത്രെ ഉത്തമസംഘം. ഇപ്പോഴെനിക്ക് തൊണ്ണൂറു കഴിഞ്ഞു. നൂറു കടക്കണമെന്നാണ് മോഹം.’ അല്ലാഹു താങ്കളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കട്ടെയെന്നു പ്രാര്‍ത്ഥിച്ചവരുണ്ട്. ഇമാം സഖാവി തുടരുന്നു; അതു തന്നെ സംഭവിച്ചു. അദ്ദേഹത്തിനു നൂറു പിന്നിട്ട ശേഷം ഹി. 572ലായിരുന്നു അന്ത്യം. അവസാന ദിവസവും ഹദീസ് പാരായണ സദസ്സിലായിരുന്നു; അന്ത്യസമയം വരെയും. അപ്പോള്‍പാഠകരോട് പതിഞ്ഞ സ്വരത്തില്‍ഇടപെട്ടു. പിറ്റേന്ന് വെള്ളിയാഴ്ച സുബ്ഹ് നിസ്കരിച്ചു കഴിഞ്ഞ ഉടനെ ചരിത്രത്തിലെ നഷ്ടമായി അദ്ദേഹം വഫാത്തായി.

ജ്ഞാനവിഹായസ്സിലെ പൂര്‍ണശോഭയായിരുന്ന ഹാഫിള് അബുല്‍ഫറജ് ഇബ്നുല്‍ജൗസിറ (508597) മറ്റൊരു ലോകാത്ഭുതമാണ്. കാലടിയിലെ ചെമപ്പ് മായും മു് വിജ്ഞാന പൂങ്കാവനത്തില്‍പാറിപ്പറന്ന്, ഒടുവില്‍അവിടെ ഒരു വടവൃമായി സ്വയം വളര്‍ന്ന ഇതിഹാസമാണ് ഒട്ടേറെ അനര്‍ഘ രചനകളുടെ ഉടമയായ ഇബ്നുല്‍ജൗസി(റ). തന്റെ സ്വയ്ദുല്‍ഖാഥിറില്‍അദ്ദേഹം കുറിക്കുന്നു:

“ജ്ഞാന മേഖലയില്‍ആര്‍തന്റെ യൗവനം വിനിയോഗിക്കുന്നുവോ, താന്‍നട്ടതിന്റെ വിളവ് വാര്‍ധക്യകാലത്ത് അവന് സന്തോഷപൂര്‍വം അനുഭവിക്കാം. ശേഖരിച്ചു വെച്ചതെല്ലാം സമാഹരിച്ചുകൊണ്ട് സുഖിക്കാം. ജ്ഞാന സൗഭാഗ്യത്തില്‍നിന്നും ആനന്ദം ലഭിക്കുോള്‍മറ്റു ശാരീരികാനന്ദങ്ങളൊന്നും വിനിഷ്ടമായതായി തോന്നുകില്ല. എന്റെ ബന്ധുമിത്രാദികളെല്ലാം ദുന്‍യാവ് സാദിക്കാന്‍ആയുസ്സ് വിനിയോഗിച്ചപ്പോള്‍ഞാന്‍എന്റെ ബാല്യവും യൗവനവും വിദ്യാന്വേഷണത്തില്‍ചെലവഴിച്ചു. ഇപ്പോള്‍ഞാന്‍വിലയിരുത്തട്ടെ; അവര്‍ക്ക് ലഭിച്ചതൊന്നും എനിക്ക് നഷ്ടപ്പെട്ടിട്ടില്ല. ലഭിച്ചിരുന്നെങ്കില്‍ഞാന്‍ഖേദിക്കേണ്ടി വരുമായിരുന്ന സംഗതികളല്ലാതെ. എന്റെ സ്ഥിതിയെക്കുറിച്ചു ഞാന്‍കൂലങ്കശമായി ചിന്തിച്ചു. ദുന്‍യാവിലെ എന്റെ ജീവിതം അവരുടെ ജീവിതത്തേക്കാള്‍മെച്ചപ്പെട്ടതാണ്. എനിക്ക് ജനങ്ങള്‍ക്കിടയിലുള്ള സ്ഥാനബഹുമാനം അവര്‍ക്കു ലഭിക്കുന്നതിലേറെയുണ്ട്. എനിക്കു ലഭിച്ച ജ്ഞാനബോധനം വിലനിര്‍ണയിക്കാനാവാത്തതത്രെ.’

അദ്ദേഹം തുടരുന്നു: “എന്നോട് ഇബ്ലീസ് മന്ത്രിച്ചു: ജ്ഞാനമേഖലയിലെ കഷ്ടപ്പാടും ഉറക്കത്യാഗവും നീ മറന്നോ? ഞാന്‍അവനെ ഇങ്ങനെ പ്രതിരോധിച്ചു: എടാ വിവരം കെട്ടവനേ, യൂസുഫിനെ കാണുന്നമാത്രയില്‍വിരലറ്റു പോകുന്നതാരു പരിഗണിക്കാന്‍? കൂട്ടുകാരനെ പ്രാപിക്കാനുള്ള യാത്ര ദീര്‍ഘമായിപ്പോയെന്ന് തോന്നാറില്ല.’

ജ്ഞാനാന്വേഷണ സപര്യയില്‍ഇരുപത്തേഴു സംവത്സരങ്ങള്‍യാത്ര ചെയ്തു ചരിത്രമെഴുതിയ മഹാ സഞ്ചാരിയായിരുന്നല്ലോ ഹാഫിള് ഇബ്നുന്നജ്ജാര്‍റ (578643). പത്താം വയസ്സില്‍ഹദീസ് പഠനം തുടങ്ങി. പതിനഞ്ചില്‍യാത്രയാരംഭിച്ചു. ഇസ്വ്ബഹാനിലും നൈസാബൂരിലും സൈനബിലും ബഹറാത്തിലും ഡമസ്കസിലും മിസ്റിലും കുറഞ്ഞ കാലയളവില്‍അദ്ദേഹമെത്തി. ഹാഫിളുല്‍ഖഥീബിന്റെ മാസ്റ്റര്‍പീസായ താരീഖു ബഗ്ദാദിനു അനുബന്ധം തയ്യാറാക്കിയത് മുന്നൂറ് വാള്യങ്ങളിലാണ്. ശിഷ്യന്‍ഇബ്നുസ്സാഈ പറയുന്നു: “27 വര്‍ഷത്തെ യാത്ര. ഗുരുനാഥന്മാര്‍മുവായിരം. എഴുതിത്തീര്‍ത്തത് കനപ്പെട്ട പതിനേഴ് കൃതികള്‍. തന്റെ ഗ്രന്ഥങ്ങളഖിലവും വിശ്രുതമായ നിളാമിയ്യയിലേക്ക് വഖ്ഫ് ചെയ്തു.’

മഹായാത്രികനെന്നതോടൊപ്പം, എഴുത്തു വിദഗ്ധനുമായിരുന്നു സൈനുദ്ദീന്‍ഇബ്നു അബ്ദിദ്ദാഇം അല്‍മഖ്ദിസിറ (575667). ഇസ്‌ലാമിക ഭൂമിയില്‍ചുറ്റിക്കറങ്ങിയ ഈ ഹദീസ് വിശാരദനില്‍നിന്നും ളിയാഉല്‍മഖ്ദിസി, ബിര്‍സാലി, ഇബ്നുല്‍ഹാജിബ്, ഇമാം നവവി, ഇബ്നു ദഖീഖില്‍ഈദ്, ഇബ്നു തൈമിയ്യ, ദിംയാഥി തുടങ്ങിയ അസംഖ്യം മഹാ പ്രതിഭകള്‍ഹദീസ് പകര്‍ത്തിയിട്ടുണ്ട്. അച്ചടി അസാധ്യമായിരുന്ന അക്കാലത്ത് കിതാബുകള്‍പകര്‍ത്തിയെഴുതി ജ്ഞാനസ്നേഹികള്‍ക്ക് ലഭ്യമാക്കുകയായിരുന്നു അദ്ദേഹത്തിന്റെ മൂല്യബോധനം. അതിധ്രുതം മനോഹരമായി എഴുതാനറിയാമായിരുന്നു മഹാനുഭാവന്. ഒറ്റ രാത്രി കൊണ്ട് മുഖ്തസ്വറുല്‍ഖിറഖി എഴുതിത്തീര്‍ത്തത് ശ്രദ്ധേയമായിരുന്നു. എണ്‍പത് വാള്യങ്ങളുള്ള താരീഖ് ദിമിശ്ഖ് രണ്ടുവട്ടം പകര്‍ത്തിയെഴുതിയിട്ടുണ്ട്. അതു വര്‍ഷത്തിനിടക്ക് രണ്ടായിരം വാള്യങ്ങള്‍എഴുതിത്തീര്‍ത്തു. തന്റെ ഗുരുവര്യന്‍ഇബ്നുഖുദാമ അല്‍മഖ്ദിസിയുടെ മുഗ്നി (വലിയ പത്തു വാള്യങ്ങള്‍) പല തവണ പകര്‍ത്തിയിട്ടുണ്ട്. അതോടൊപ്പം അറുപതു വര്‍ഷത്തെ ഹദീസ് അധ്യപന തഴക്കവുമുണ്ട്.

ജ്ഞാനയാത്ര/6

സ്വാലിഹ് പുതുപൊന്നാനി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ