8ബനൂ ഇസ്റാഈല്യരിലെ ഒരു പുരോഹിതന്‍ തന്റെ ഭവനം കേന്ദ്രീകരിച്ച് മതപഠനക്ലാസ് നടത്തിവരികയാണ്. സ്ത്രീകളും പുരുഷന്മാരുമായി ധാരാളം പേര്‍ അവിടെ ഒത്തുചേരും. മതപാഠങ്ങള്‍ പകര്‍ന്നെടുത്ത് ധന്യരായി കൂടണയുകയും ചെയ്യും. ഒരു ദിവസം ക്ലാസ്സിനു വന്ന തരുണികളെ പുരോഹിതന്റെ ഒരു പുത്രന്‍ ശല്യം ചെയ്യാന്‍ തുടങ്ങി. അവരെ അംഗവിക്ഷേപങ്ങള്‍ കാണിച്ച് ആകര്‍ഷിക്കാന്‍ ശ്രമിച്ച അവന്‍ ഒടുവില്‍ അത്യാര്‍ത്തനെപ്പോലെ സ്പര്‍ശിക്കാനാഞ്ഞു.
ഇത് ശ്രദ്ധയില്‍ പെട്ട പുരോഹിതന്‍ ശാസനാ സ്വരത്തില്‍ മോനേ എന്നു വിളിച്ചു വിലക്കി. അല്‍പം കഴിഞ്ഞതും പുരോഹിതന്റെ ഇരിപ്പിടം പൊട്ടിവീണു. നടുവൊടിഞ്ഞു അയാള്‍ കിടപ്പിലായി. വൈകാതെ അയാളുടെ പ്രിയപത്നി അയാളെ വിട്ടൊഴിഞ്ഞു. മക്കള്‍ അരുംകൊലക്ക് വിധേയരായി. അങ്ങനെയിരിക്കെ അക്കാലത്തെ പ്രവാചകന് അല്ലാഹു വഹ്യ് നല്‍കി: ആ പുരോഹിതന് നിങ്ങള്‍ വിവരം നല്‍കുക, ഞാനിനി അദ്ദേഹത്തിന്റെ മുതുകില്‍ നിന്ന് സത്യസന്ധനായ ഒരു പുത്രനെയും പുറത്തിറക്കില്ലെന്ന്. മകന്‍ ചെയ്ത തെറ്റിനെതിരെ അദ്ദേഹം കാണിച്ച കോപം തീര്‍ത്തും നേര്‍ത്തതായിപ്പോയി. എന്റെ കാര്യത്തില്‍ ഇത്ര കുറഞ്ഞ ദ്യേമാണോ അയാള്‍ക്കുള്ളത്.
ഇമാം അഹ്മദ്(റ) മാലികുബ്നു ദീനാര്‍(റ)ല്‍ നിന്നുദ്ധരിച്ച ഒരു ചരിത്രകഥയാണിത്. ഈ കഥയില്‍ ഒരു പാഠമുണ്ട്; തെറ്റിനെതിരെ സ്വീകരിക്കുന്ന നിലപാട് കണിശവും കരുത്തുറ്റതുമാകണമെന്നതാണത്. ഇന്ന് നമ്മുടെ കണ്‍മുമ്പിലും വീട്ടിനകത്തും പാപങ്ങള്‍ നിര്‍ലോഭം നടമാടുന്നു. നമ്മുടെ ആണ്‍മക്കളും പെണ്‍മക്കളുമൊക്കെ തന്നെയാണ് മിക്കതിലും പ്രതികള്‍. പക്ഷേ, അതിനെതിരെ ചെറുവിരലനക്കാന്‍ പോലും നാം മുതിരാറില്ല. ഫലമോ മക്കള്‍ തെറ്റില്‍ യഥേഷ്ടം സഞ്ചരിക്കുന്നു. ഇതിങ്ങനെ വിട്ടുകൂടാ. സ്വന്തക്കാരില്‍ നിന്നുണ്ടാകുന്ന വഴികേടിനെതിരെ ഗൗരവമായ പ്രതികരണം തന്നെ നമ്മില്‍ നിന്ന് ഉയര്‍ന്നുവരണം. അല്ലാതിരുന്നാല്‍ ചരിത്രകഥയിലെ പുരോഹിതനെപ്പോലെ പാപത്തിന്റെ ശമ്പളം ഏറ്റുവാങ്ങേണ്ടിവരും.
തെറ്റിനെ വെച്ചുപൊറുപ്പിച്ചാല്‍ തിക്തഫലങ്ങള്‍ അനവധിയാണെന്ന് തിരുനബി(സ്വ) ഉണര്‍ത്തിയിട്ടുണ്ട്: പാപത്തിന്റെ പേരില്‍ അല്ലാഹു ശിക്ഷിക്കാന്‍ തുനിഞ്ഞാല്‍ ചിലപ്പോള്‍ ശിശുമരണവും സ്ത്രീവന്ധ്യതയും വരെ വരുത്തും. പിന്നെ കാരുണ്യം ആരെയും വന്നുപുണരുന്നതല്ല (ഇബ്നു അബിദ്ദുന്‍യാ).
അല്ലാഹുവിന്റെ ശിക്ഷയും ശിക്ഷണവുമായി പെണ്‍വന്ധ്യത വരെ വന്നുചേരാമെന്നാണ് നബി(സ്വ) പറയുന്നത്. പക്ഷേ, ഇങ്ങനെ ഒരു ചിന്ത നമ്മെ വന്നു പുണരാറുണ്ടോ? ഇല്ലെങ്കില്‍ ഭാവി അപകടം തന്നെ. ചില നബിവചനങ്ങള്‍ കൂടി കാണുക:
ജനങ്ങള്‍ അളവിലും തൂക്കത്തിലും കുറവുവരുത്തുന്ന കാലം വന്നാല്‍ മഴ തടയപ്പെടുന്ന സ്ഥിതിവരും. വ്യഭിചാരം വര്‍ധിച്ച സമൂഹത്തില്‍ മരണവും വര്‍ധിക്കും. പലിശ പ്രത്യക്ഷപ്പെട്ടാല്‍ മാനസികരോഗം പ്രകടമാകും (ത്വബ്റാനി).
അധര്‍മങ്ങള്‍ വ്യാപകമാവുകയും പ്രതികരണങ്ങള്‍ ഇല്ലാതെ പോവുകയും ചെയ്താല്‍ വ്യാപകമായ ആപത്ത് വന്നുചേരുന്നതാണ് (ത്വബ്റാനി).
തെറ്റുകള്‍ രഹസ്യമായിട്ടാണ് നടക്കുന്നതെങ്കില്‍ അതിന്റെ വക്താവിനെ മാത്രമേ തിക്തഫലം ബാധിക്കൂ. പരസ്യമായിട്ടാണെങ്കില്‍ വ്യാപകമായ നാശം തന്നെ വന്നുഭവിക്കും (ഹൈസമി).
അതുകൊണ്ട് സഹോദരിമാര്‍ ചില തീരുമാനങ്ങളെടുക്കുക: ഞാന്‍ തെറ്റില്‍ നിന്ന് അകന്നുനില്‍ക്കുക തന്നെ ചെയ്യും. തെറ്റിലേക്ക് ക്ഷണിക്കുന്ന സാഹചര്യങ്ങളില്‍ നിന്ന് ഞാന്‍ ബോധപൂര്‍വം തെന്നിമാറും. എന്റെ അറിവില്‍ നടക്കുന്ന തെറ്റിനെതിരെ കഴിയുന്ന വിധം പ്രതികരിക്കും. എന്റെ സ്വന്തക്കാരുടെ തെറ്റിനെതിരെ സന്ദര്‍ഭം പഠിച്ച് ശക്തമായി തന്നെ ഞാന്‍ പ്രതികരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഫിത്വര്‍ സകാത്ത്

ഫിത്വര്‍ ഈദുല്‍ ഫിത്വര്‍ പേരു സൂചിപ്പിക്കുന്ന പോലെ തന്നെ ഫിത്വ്റിന്റെയും ഫിത്വ്ര്‍ സകാത്തിന്റെയും പെരുന്നാളാണ്. ഈ…

നബി(സ്വ)യുടെ വിവാഹവും വിശുദ്ധ ലക്ഷ്യങ്ങളും

നബി(സ്വ)ക്ക് നാലിലധികം പത്‌നിമാരെ അനുവദിച്ചതിന് പിന്നിൽ വ്യക്തമായ ലക്ഷ്യങ്ങളുണ്ട്. സാർവകാലികവും സമ്പൂർണവുമായ ഒരു ശരീഅത്തെന്ന നിലയിൽ…

● മുഷ്താഖ് അഹ്മദ്‌

ധനസമ്പാദനവും ഇസ്ലാമും

പ്രപഞ്ചത്തിലെ മുഴുവന്‍ വിഭവങ്ങളും അല്ലാഹുവിന്റെ ഉടമസ്ഥതയിലാണ്. അവയത്രയും അവന്‍ ഒരുക്കിവെച്ചിരിക്കുന്നത് മനുഷ്യന് വേണ്ടിയാണ്. മനുഷ്യനത് തേടിക്കണ്ടെത്തണം.…