മഹാന്മാരെ കൊണ്ടും അവരുടെ തിരുശേഷിപ്പുകള്‍ കൊണ്ടും ബറകത്തെടുക്കുന്ന സമ്പ്രദായം താത്ത്വികമായി മുജാഹിദിസത്തെ തകര്‍ത്തെറിഞ്ഞത് ലോകം കണ്ടു. കാരണം, അഭൗതിക മാര്‍ഗത്തിലൂടെയുള്ള സഹായപ്രതീക്ഷയാണല്ലോ തബറുകിലുള്ളത്. തബറുകിന്റെ അര്‍ത്ഥതലങ്ങളെ കുറിച്ചുള്ള ഈ വിലയിരുത്തലുകളും ചര്‍ച്ചകളും മുജാഹിദ് പ്രസ്ഥാനത്തിന് വരുത്തി വെച്ച വിന വിവരണാതീതമാണ്. വ്യാഖ്യാനങ്ങള്‍ നല്‍കി മൗലവി വിഭാഗവും ഇടക്കാലത്ത് അവരില്‍ നിന്ന് വ്യതിചലിച്ച സകരിയ്യാക്കളടക്കമുള്ള മറ്റു ഗ്രൂപ്പുകളും തബറുകിനെ കൂടെക്കൂട്ടിയപ്പോള്‍ ‘ആദര്‍ശവാദികളായ’ മടവൂരികള്‍ വിശദീകരണം നല്‍കാനാകാതെ ഉഴറി നടന്നു. ഇതുകൊണ്ടുതന്നെ തബര്‍റുക് ഏറ്റവും കൂടുതല്‍ പരിക്കേല്‍പിച്ചത് മടവൂരിസത്തെയാണ്.
നാളിതുവരെ തങ്ങള്‍ നിര്‍മിച്ചു കാത്തു സൂക്ഷിച്ചിരുന്ന നിര്‍വചനം (അഭൗതിക മാര്‍ഗത്തിലൂടെയുള്ള ഗുണം/ദോഷം പ്രതീക്ഷിക്കലാണ് പ്രാര്‍ത്ഥന) ജിന്നിനെയും പിശാചിനെയും കൂട്ടുപിടിച്ച് മൗലവി ഗ്രൂപ്പ് തകര്‍ത്തെറിഞ്ഞപ്പോള്‍ തങ്ങളാണ് യഥാര്‍ത്ഥ മുജാഹിദുകള്‍, ആദര്‍ശസൂക്ഷിപ്പുകാര്‍ എന്നു പറഞ്ഞ് ഞെളിഞ്ഞു നടക്കുകയായിരുന്നു മടവൂരികള്‍. എന്നാല്‍ തബര്‍റുകിന്റെ അര്‍ത്ഥതലങ്ങളെ കുറിച്ചുള്ള ചര്‍ച്ച മുറുകിയപ്പോള്‍ മടവൂരിസത്തില്‍ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര കലഹങ്ങളും കാഫിര്‍ വിളികളും മറനീക്കി പുറത്തു വന്നപ്പോഴാണ് പിടിച്ചതിലും വലുതാണ് മാളത്തിലെന്ന് സമുദായത്തിന് മനസ്സിലായത്.
ജിന്നിനോടുള്ള സഹായതേട്ടത്തിന്റെ പേരില്‍ ചിതറിയ മുജാഹിദ് പ്രസ്ഥാനം, (വിശിഷ്യാ മൗലവി ഗ്രൂപ്പ്) കാഫിര്‍ വിളികളെക്കൊണ്ട് കവലകള്‍ മലീമസമാക്കിയപ്പോള്‍ ശുദ്ധന്‍മാരായി ചമഞ്ഞിരുന്ന മടവൂരി വിഭാഗത്തിലെ അതിഭീകരമായ തൗഹീദ് വ്യതിയാനത്തെ കുറിച്ച് മനസ്സിലാക്കുമ്പോള്‍ ഇനി എന്തെല്ലാമാണ് കേരളീയ സമൂഹം കേള്‍ക്കേണ്ടി വരിക എന്നത് കാത്തിരുന്ന് കാണേണ്ടി വരും.
മൗലവി ഗ്രൂപ്പിലെ ചില മുഖ്യ പ്രസംഗകര്‍ക്കും സംഘടനാ നേതൃത്വത്തിനുമിടയിലാണ് പ്രശ്നങ്ങളുണ്ടായിരുന്നതെങ്കില്‍ മടവൂരി സംഘടനയുടെ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിക്കുന്നവരും അതിലെ ആദര്‍ശ സ്രോതസ്സുകളും തമ്മിലാണ് രൂക്ഷമായ ഭിന്നത നിലനില്‍ക്കുന്നത്. മടവൂരി താത്ത്വികാചാര്യന്റെ തൗഹീദ് പ്രകാരം സംഘടനയുടെ ജനറല്‍ സെക്രട്ടറി കടുത്ത മുശ്രികാണ്. സെക്രട്ടറിയുടെ തൗഹീദ് അനുസരിച്ച് തിരിച്ചും. ഇങ്ങനെ അത്യധികം ദാരുണമായ തൊഴുത്തില്‍ കുത്താണ് മടവൂര്‍ വിഭാഗത്തില്‍ അരങ്ങേറുന്നത്. മുശ്രികുകളുടെ ഘോരമായ സംഘട്ടനങ്ങള്‍!! ചിലര്‍ തബര്‍റുകിനെ അവരുടെ സങ്കല്‍പങ്ങളിലേക്ക് ചുരുക്കി യുക്തിവാദം പ്രചരിപ്പിക്കുന്നു. മറ്റു ചിലര്‍ വളരെ പാടുപെട്ട് ഹദീസില്‍ പകല്‍വെളിച്ചം പോലെ വ്യക്തമായ തബറുകിനെ സ്വന്തം ബുദ്ധിക്കൊപ്പിച്ച് വ്യാഖ്യാനിക്കുകയും പ്രായോഗിക തലത്തില്‍ കാണിച്ചു തന്ന സ്വഹീഹായ ഹദീസുകളെ തള്ളിക്കളഞ്ഞ് ഒന്നാന്തരം ഹദീസ് നിഷേധികളായി ഊരുചുറ്റുകയും ചെയ്യുന്നു. എന്നാല്‍ ഇതു രണ്ടുമല്ലാത്ത ഒരു കൂട്ടര്‍ മതത്തെ അപകീര്‍ത്തിപ്പെടുത്തിയത് അതിഭീകരമായാണ്. അവര്‍ക്ക് എല്ലാം ശിര്‍ക്കാണ്! എല്ലാവരും മുശ്രികുകളും!! സംസം വെള്ളം പോലും അവരുടെ ശിര്‍ക്കിന്റെ പട്ടികയില്‍ ഇടംപിടിച്ചു. സച്ചരിതരായ സ്വഹാബത്തിനെയടക്കം മുശ്രിക്കുകളാക്കി ചിത്രീകരിക്കും വിധമുള്ള വാദങ്ങളുന്നയിക്കാന്‍ അവര്‍ക്ക് യാതൊരു സങ്കോചവുമുണ്ടായില്ല.
പ്രധാനമായും രണ്ട് ധാരകളാണ് തബറുകിന്റെ വിഷയത്തില്‍ മടവൂര്‍ വിഭാഗത്തില്‍ രൂപപ്പെട്ടിട്ടുള്ളത്. ഒന്നാമത്തെ ഗ്രൂപ്പിന് നേതൃത്വം നല്‍കുന്നത് മടവൂര്‍ വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി സിപി ഉമര്‍ സുല്ലമിയാണ്. അദ്ദേഹം തങ്ങളുടെ മുഖപത്രമായ ശബാബിലൂടെ തന്റെ വാദം തുറന്ന് പ്രഖ്യാപിച്ചത് കാണുക: നബി(സ)യോട് ബന്ധപ്പെട്ട പല വസ്തുക്കളുടെയും ബറകത് സ്വഹാബത്ത് പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഹുദയ്ബിയ്യയില്‍ മുശ്രികുകളുമായി സമാധാന സന്ധിയിലേര്‍പ്പെട്ടതിനു ശേഷം നബി(സ) ഇഹ്റാമില്‍ നിന്ന് ഒഴിവാകുകയുണ്ടായി. നബി(സ) തല മുണ്ഡനം ചെയ്തപ്പോള്‍ ആ മുടി അനുയായികള്‍ക്ക് വിഭജിച്ചു കൊടുത്തതായി ഹദീസില്‍ വന്നിട്ടുണ്ട്.അനസ് (റ) പറയുന്നു. നബി(സ) തലമുണ്ഡനം ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ മുടി ആദ്യമായി വാങ്ങിയത് അബൂത്വല്‍ഹത്ത്(റ) ആയിരുന്നു. (ബുഖാരി) (ശബാബ് 2010 നവം:12).
തുടര്‍ന്ന് അദ്ദേഹം ഖൈബര്‍ യുദ്ധത്തില്‍ കാലിന് വെട്ടേറ്റ സലമത്ബ്നു അഖ്വഅ്(റ)ന് ഒരു വേദനയും വരാത്ത നിലക്ക് ആ അസുഖം ഭേദമായതും കണ്ണിന് രോഗം ബാധിച്ച അലി(റ)വിന് തിരു നബിയുടെ ഉമിനീര്‍ കൊണ്ട് ശമനമുണ്ടായതും ഉമ്മുസുലൈം (റ) തിരുനബിയുടെ വിയര്‍പ്പ് കുട്ടികള്‍ക്ക് ബറകത്തിന് വേണ്ടി ശേഖരിച്ചതും വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ട്. അഭൗതിക മാര്‍ഗത്തിലൂടെയുള്ള ഈ ഫലങ്ങളെല്ലാം തങ്ങളുടെ നിര്‍മിത തൗഹീദിനെ തകിടം മറിക്കില്ലേ എന്ന സ്വഭാവികമായും ഉയര്‍ന്നേക്കാവുന്ന ചോദ്യങ്ങള്‍ക്ക് അത് തിരുനബിയുടെ പ്രത്യേകതയാണെന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നുമുണ്ട് മൗലവി.
എന്നാല്‍ ഇതേ പ്രസിദ്ധീകരണത്തില്‍ തന്നെ മടവൂരീ താത്ത്വികാചാര്യനായ എ അബ്ദുസ്സലാം സുല്ലമി എഴുതിയത് മേല്‍ പറഞ്ഞതെല്ലാം ശിര്‍ക്കും കുഫ്റുമാണെന്നാണ്. അദ്ദേഹം പറയുന്നു: ‘അല്ലാഹുവിന്ന് പുറമേയുള്ള സൃഷ്ടികളില്‍ നിന്ന് അദൃശ്യവും അഭൗതികവുമായ നിലയ്ക്ക് നന്മ ആഗ്രഹിക്കല്‍ ശിര്‍ക്കും കുഫ്റുമാണ്. പ്രവാചകന്റെ മുടി കൊണ്ടോ വിയര്‍പ്പ് കൊണ്ടോ മറ്റോ അദൃശ്യവും അഭൗതികവുമായ നിലക്ക് നന്മ ആഗ്രഹിച്ചുകൊണ്ട് ബര്‍ക്കത്തെടുക്കല്‍ ഈ വകുപ്പില്‍ പെടുന്നു’ (ശബാബ്, 2011 ഏപ്രില്‍ 1 പേജ് 22). ശിര്‍ക്കിന്റെ ആരംഭവും അടിത്തറയും ഈ ബറകത്തെടുക്കലാെണന്ന് അദ്ദേഹം മറ്റൊരിടത്ത് (പേജ് 23 ) തുറന്നടിക്കുന്നുമുണ്ട്.
നോക്കൂ, ഇവിടെ ഒരു വ്യാഖ്യാനത്തിനുമിടമില്ലാത്ത വിധം ഭിന്നതയുടെ ചുരുളഴിയുന്നു. തബര്‍റുക്ക് ശിര്‍ക്കും കുഫ്റുമാണെന്ന് ഒരു തെളിവുമില്ലാതെയാണ് സലാം സുല്ലമി തട്ടിവിടുന്നത്. മുജാഹിദ് പ്രസ്ഥാനത്തിന്റെ ആദര്‍ശ സ്രോതസ്സാണെന്നാണ് ഇദ്ദേഹത്തെ കുറിച്ച് അവര്‍ പരിചയപ്പെടുത്തുന്നതെന്നാണ് വിരോധാഭാസം.
തബര്‍റുകിന് ശിര്‍ക്ക് മുദ്ര ചാര്‍ത്തുന്നതോടെ വ്യക്തമായ ഹദീസ് നിഷേധത്തിലേക്കാണ് ഇവര്‍ ചെന്നെത്തുന്നത്. കാരണം, സ്വഹാബത്തിന്റെ ബറകത്തെടുക്കുന്നതുമായി ബന്ധപ്പെട്ട് അന്യത്ര സൂചിപ്പിച്ച ഹദീസുകളെല്ലാം ബുഖാരിയോ മുസ്‌ലിമോ ഉദ്ധരിച്ചതാണ്. അത് സ്വഹീഹാണെന്നതില്‍ മുസ്‌ലിം ലോകത്തിന് അഭിപ്രായാന്തരമില്ലല്ലോ. ഈ ഹദീസ് നിഷേധം ഭയന്നായിരിക്കാം സിപി ഉമര്‍ സുല്ലമി തബര്‍റുകിനെ അംഗീകരിച്ചതും അതിനു തെളിവുദ്ധരിച്ചതും. എന്നാല്‍ സമ്പൂര്‍ണ മത യുക്തിവാദിയെന്ന് മുജാഹിദുകള്‍ തന്നെ വിശേഷിപ്പിക്കുന്ന സലാം സുല്ലമിയെ സംബന്ധിച്ചിടത്തോളം ഹദീസ് നിഷേധം ഒരു വിഷയമേ അല്ല. ബുഖാരിയിലെ നാല്‍പ്പത് ഹദീസുകള്‍ ഞാന്‍ തള്ളിയത് കൊണ്ട് മുജാഹിദ് പ്രസ്ഥാനത്തിന് എന്തു കുഴപ്പമാണുണ്ടായത് എന്നായിരുന്നു അദ്ദേഹം മുമ്പു ചോദിച്ചത്. അതു കൊണ്ടാണ് സുല്ലമി ചേകന്നൂരിസത്തിലേക്കാണ് പോകുന്നതെന്ന് കൂടെ കിടന്നവര്‍ പോലും വിളിച്ചു പറയുന്നതും.
ഇവിടെ ഒരു കാര്യം വ്യക്തമാണ്. അദൃശ്യമായ/അഭൗതികമായ മാര്‍ഗത്തിലൂടെ ഗുണം പ്രതീക്ഷിക്കുന്ന വിശ്വാസം ശിര്‍ക്കാണെന്ന മുജാഹിദ് നിര്‍മിത തൗഹീദിന്റെ നിര്‍വചന പ്രകാരം മുശ്രിക് പട്ടികയില്‍ ഒന്നാമന്‍ സ്വന്തം ജനറല്‍ സെക്രട്ടറിയാണ്. അദ്ദേഹത്തിന്റെ വാദത്തെ അനുകൂലിക്കുന്നവര്‍ തുടര്‍ സ്ഥാനങ്ങളിലും വരും. ഇതിനുപുറമെ ഹദീസ് നിഷേധം വ്യക്തമായ കുഫ്റാണെന്നാണ് മുജാഹിദ് പ്രസ്ഥാനം തുടക്കം മുതലേ പറഞ്ഞു പഠിപ്പിച്ചത്. അതു പ്രകാരം ഹദീസ് നിഷേധിയായ താത്ത്വികാചാര്യന്‍ സലാം സുല്ലമിയും മുശ്രിക്കുകളുടെ പട്ടികയിലേക്ക്. അപ്പോള്‍ മുവഹിദുകളായി (തൗഹീദില്‍ വിശ്വസിക്കുന്നവര്‍) ആരാണ് മടവൂര്‍ വിഭാഗത്തില്‍ ബാക്കിയുളളത്!? ഒരേ സമയം തബര്‍റുക് ശിര്‍ക്കാണെന്നും തൗഹീദാണെന്നും തിരിച്ചും മറിച്ചും പറഞ്ഞ് നിലപാടില്ലാതെ ഉഴറുന്ന മടവൂരി മുജാഹിദുകള്‍ ഇതിനെന്ത് മറുപടി പറയും?
രണ്ടു ഗ്രൂപ്പുകളില്‍ ഒതുങ്ങുന്നതല്ല മടവൂരികളുടെ തൗഹീദ് സംഘട്ടനം. നിരവധി ഉപ ഗ്രൂപ്പുകളും തൗഹീദ് വ്യതിയാനത്തിന് ആക്കം കൂട്ടുന്നു. ജനറല്‍ സെക്രട്ടറിയുടെ വാദ പ്രകാരം തബര്‍റുക് തൗഹീദാണ്. അബദ്ധജടിലമായ മറ്റൊരു വാദമുണ്ട് അദ്ദേഹത്തിന്. തബര്‍റുക് നബി(സ്വ)യുടെ പ്രത്യേകതയാണെന്നാണത്. അപ്പോള്‍ അഭൗതികമായ മാര്‍ഗത്തിലൂടെയുള്ള ഈ ബറകത്തെടുക്കല്‍ (ഗുണം പ്രതീക്ഷിക്കല്‍) ശിര്‍ക്കോ തൗഹീദോ എന്ന ചോദ്യം ബാക്കിനില്‍ക്കും. ശിര്‍ക്കാണെങ്കില്‍ തിരുനബിയില്‍ നിന്ന് ബറകത്തെടുക്കുന്നതിലൂടെ ശിര്‍ക്ക് ചെയ്യാമെന്നോ? അതല്ല, തൗഹീദാണെങ്കില്‍ നാളിതുവരെ പറഞ്ഞുവന്നിരുന്ന തൗഹീദിന്റെ നിര്‍വചനം പൊളിഞ്ഞില്ലേ? ഇനി തിരുനബിയില്‍ നിന്നുള്ള തബര്‍റുക് ഭൗതിക മാര്‍ഗത്തിലാണെന്ന വാദമുണ്ടോ? എങ്കില്‍ എന്താണ് അവയില്‍ അടങ്ങിയിട്ടുള്ള ഭൗതികമായ ശമനി? അത് കൃത്യമായി വിശദീകരിക്കപ്പെടേണ്ടതുണ്ട്. തിരുനബിയില്‍നിന്ന് മാത്രമാണ് ഭൗതികമാവുകയെന്നത് നിരര്‍ത്ഥകമാണെന്ന് മനസ്സിലാക്കാന്‍ അധിക ബുദ്ധിയുടെ ആവശ്യമില്ലല്ലോ.
ഏതു വിധമായാലും ജനറല്‍ സെക്രട്ടറിയുടെ വാദങ്ങള്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ കരള് പിളര്‍ത്തുന്നു. മാത്രമല്ല, ബറകത്തെടുക്കല്‍ തിരുനബിയുമായി ബന്ധപ്പെട്ടവക്ക് മാത്രമാണെന്ന വാദത്തിന്റെ ബാലിശത ആലോചിച്ചു നോക്കൂ. ബറകത്തിനെ ഇക്കൂട്ടര്‍ വിമര്‍ശിക്കുന്നത് അതിന്റെ അടരുകളില്‍ നിന്ന് ശിര്‍ക് കിനിഞ്ഞിറങ്ങി സ്വന്തം തൗഹീദ് ബാത്വിലായി പോകുമോ എന്ന് ഭയപ്പെട്ടത്കൊണ്ടാണല്ലോ. ശിര്‍ക് എന്നാല്‍ അല്ലാഹുവുമായി പങ്കുചേര്‍ക്കുന്ന മഹാ കുറ്റമാണല്ലോ. ഈ പേടി ആരുടെ കാര്യത്തിലാണ് കൂടുതല്‍ ഉണ്ടാവേണ്ടത്? നബിയാകുന്ന സൃഷ്ടിയുടെ കാര്യത്തിലല്ലേ? തീര്‍ച്ചയായും! ശിര്‍ക്ക് പേടി കൂടുതല്‍ ഉണ്ടാവേണ്ടതും തിരുനബിയുടെ ശേഷിപ്പില്‍ നിന്ന് ആകുമ്പോഴാണ്. പക്ഷേ അതു പറ്റുമെന്നും മറ്റുളളത് പറ്റില്ലെന്നും പറയുമ്പോള്‍ സിപിയുടെ വാദത്തിന്റെ പൊള്ളത്തരം മനസ്സിലാക്കാവുന്നതേയുള്ളൂ.
അതിലുപരി സെക്രട്ടറിയുടെ ഉദ്ധൃത വാദത്തെ അതേ ഗ്രൂപ്പില്‍പെട്ട കെ.എം തരിയോട് ചുഴറ്റി എറിയുന്നുണ്ട്. മദീന പോലോത്ത വിശുദ്ധ നഗരങ്ങളെകൊണ്ടും പള്ളികളില്‍ നടക്കുന്ന ദിക്റ് ദുആ ഹല്‍ഖകളില്‍ പങ്കെടുത്തുകൊണ്ടും മറ്റും ബറകത്തെടുക്കാമെന്നാണ് അദ്ദേഹത്തിന്റെ വാദം (തബറുക്: അര്‍ത്ഥവും യാഥാര്‍ത്ഥ്യവും/5). തബറുക് സ്ഥിരപ്പെട്ടിട്ടുണ്ട് പക്ഷേ നബിയില്‍നിന്ന് മാത്രം, എന്ന സി.പി യുടെ വാദത്തിനാണ് യുവത പ്രസിദ്ധീകരിച്ച ഈ പുസ്തകത്തില്‍ തരിയോടിന്റെ ഖണ്ഡനം.
എന്നാല്‍ പകല്‍ വെളിച്ചം പോലെ വ്യക്തമായ തബറുകിന്റെ ഹദീസുകള്‍ക്ക് വിശദീകരണം നല്‍കാന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുകയാണ് മുജാഹിദ് ആദര്‍ശ സ്രോതസ്സെന്ന് വാഴ്ത്തപ്പെടുന്ന സലാം സുല്ലമിയും കൂട്ടരും. അവസാനം ജഡവ്യാഖ്യാനങ്ങളുമായി വിശദീകരണം നല്‍കാന്‍ വന്നപ്പോള്‍ അതിന്റെ നിരര്‍ത്ഥകത ബോധ്യപ്പെട്ട് സ്വയം പരിഹാസ്യരാവുകയും ചെയ്തതു മിച്ചം. മഹാന്മാരുടെ ആസാറുകള്‍ കൊണ്ട് ബറകത്തെടുക്കുന്നത് ആവേശം സ്വീകരിക്കാനാണെന്നായിരുന്നു ഒരു വിശദീകരണം. വസ്ത്രവും ആയുധങ്ങളും മറ്റും മേല്‍ വിശദീകരണത്തെ സാധൂകരിക്കുമെങ്കിലും കേവലം ഒരു മുടിനാരിഴ കൊണ്ട് ഇതെങ്ങെനെ സാധ്യമാകുമെന്ന ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ഈ വിശദീകരണം ഒഴുകിപ്പോകുകയായിരുന്നു. ഇതുപോലെ സംസം വെള്ളത്തിലും തിരുകേശമിട്ട വെള്ളത്തിലും വിയര്‍പ്പിലും മറ്റും ഭൗതികമായ എന്തോ ശമനികള്‍ അടങ്ങിയിട്ടുണ്ടെന്ന അബദ്ധ വ്യാഖ്യാനങ്ങള്‍ നല്‍കി തങ്ങളുടെ നിര്‍മിത തൗഹീദിന് കേടുപറ്റാതിരിക്കാന്‍ സലാം സുല്ലമിയും സംഘവും ആവതു ശ്രമിച്ചിട്ടുണ്ട്.
തബറുകിനെ നിഷേധിക്കുന്നതില്‍ സലാം സുല്ലമിയോട് തോളുരുമ്മി നില്‍ക്കുന്ന മറ്റൊരു ഗ്രൂപ്പാണ് മൊയ്തീന്‍ സുല്ലമിയുടേത്. ഇവരുടെ വാദങ്ങള്‍ അതിഭീകരമാണ്.ഹദീസ് ഗ്രന്ഥങ്ങളില്‍ വളരെ വ്യക്തമായ സ്വഹാബത്തിന്റെ ബറകത്തെടുക്കല്‍ സന്പ്രദായങ്ങളെ തന്നിഷ്ടപ്രകാരം വ്യാഖ്യാനിച്ച് തങ്ങളുടെ തൗഹീദില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്ന സലാം സുല്ലമിയുടെ ചെയ്തികളെ വ്യംഗ്യമായി വിമര്‍ശക്കുന്നുണ്ടിദ്ദേഹം. ഏത് ബറകതും തെളിഞ്ഞ മാര്‍ഗത്തിലൂടെയോ ആവേശം സ്വീകരിക്കലോ അല്ല, പ്രത്യുത അദൃശ്യമാര്‍ഗത്തിലൂടെ മാത്രമാണെന്ന് ഇദ്ദേഹം തുറന്നടിക്കുന്നു. അദ്ദേഹം എഴുതി: നബി(സ്വ)യുടെ തിരു ശേഷിപ്പുകളായ മലം, മൂത്രം, വിയര്‍പ്പ്, നഖം, മുടി വസ്ത്രം തുടങ്ങിയ നബി(സ്വ) കഴുകിക്കളയുകയോ കുഴിച്ച് മൂടുകയോ ഒഴിവാക്കുകയോ ചെയ്തിട്ടുള്ള വസ്തുക്കള്‍ മറ്റുള്ളവര്‍ക്ക് ബറകത് നല്‍കുക എന്നത് സാധാരണ നിലയില്‍ സാധ്യമല്ല. മറിച്ച് അദൃശ്യമായ നിലയിലേ സാധിക്കൂ എന്നത് ഒരു വസ്തുതയാണ്. അദൃശ്യമായ നിലയില്‍ എന്തെങ്കിലും നന്മയും തിന്മയും കൈവരുത്താന്‍ അല്ലാഹുവിന് മാത്രമേ സാധിക്കൂ എന്നത് ഈമാനിന്റെ ഭാഗമാണ്. അദൃശ്യമായ നിലയില്‍ ഏതെങ്കിലും ഒരു വസ്തുവോ വ്യക്തിയോ അനുഗ്രഹം ചെയ്യും എന്ന് വിശ്വസിക്കല്‍ ശിര്‍ക്കും കുഫ്റുമാണ് (പ്രവാചകന്റെ തിരുശേഷിപ്പുകളും ബറകത്തെടുക്കലും/9).
ഇതുപ്രകാരം തബറുകിനെ തെളിഞ്ഞ മാര്‍ഗമായും ആവേശം സ്വീകരിക്കലായും വ്യാഖ്യാനിച്ച സലാം സുല്ലമി തൗഹീദില്‍ നിന്ന് പുറത്ത്. തിരുനബി(സ്വ)യുടെ തബറുകിന് തെളിവ് ഉദ്ധരിച്ച സി.പി സുല്ലമി എന്നോ ഔട്ട്. എന്നാല്‍ വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിച്ച മഹാന്മാരുടെ ആസാറുകള്‍ കൊണ്ട് ബനൂ ഇസ്റായീല്യര്‍ ബറകത് എടുത്ത സംഭവമോ? അതിന് ഒരു ന്യായവും പറയാന്‍ കഴിയാതെ കാടടച്ചുള്ള നിഷേധമാണ് നടത്തിയത്. അദ്ദേഹം പറയുന്നു: അദൃശ്യമായ നിലയില്‍ അനുഗ്രഹം തേടുന്നതിനാണല്ലോ ബറകത് എടുക്കല്‍ എന്ന് പറയുന്നത്. അത്തരം ബറകത് എടുക്കലുകളെ കുറിച്ച് ഖുര്‍ആനില്‍ ഒരു സൂചനപോലുമില്ല (ശയശറ/21).
അപ്പോള്‍ തിരുനബിയില്‍നിന്ന് സ്വഹീഹായി വന്ന തബര്‍റുകിന്റെ സംഭവങ്ങളോ? അതിന് അദ്ദേഹം പറയുന്ന ന്യായം മുജാഹിദ് പ്രസ്ഥാനത്തിന്റെ സ്ഥാപിത ലക്ഷ്യങ്ങളെ സാക്ഷാല്‍കരിക്കുന്നതായിരുന്നു. അതായത് തിരുനബിയെ സമൂഹത്തിനിടയില്‍ കൊച്ചാക്കുക… അവിടുത്തേക്ക് പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് വരുത്തിത്തീര്‍ക്കുക… സാധാരണക്കാരനാണെന്ന തങ്ങളുടെ വാദം സമര്‍ത്ഥിക്കുക… അദ്ദേഹം പറയുന്നു: നബി(സ്വ)യുടെ പരിശുദ്ധമായ ആത്മാവ് സ്ഥിതി ചെയ്യുന്ന അവിടുത്തെ ശരീരത്തിന് പല സന്ദര്‍ഭങ്ങളിലും ബറകത് പ്രദാനം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞിരുന്നെങ്കില്‍ മേല്‍ പറഞ്ഞ അപകടങ്ങളൊന്നും അദ്ദേഹത്തിന് വന്ന് ഭവിക്കില്ലായിരുന്നു (ശയശറ/18).
തുടര്‍ന്ന് പച്ചയായ ഹദീസ് നിഷേധമാണ് മൗലവി എഴുന്നള്ളിക്കുന്നത്. തിരു ശേഷിപ്പുകള്‍ കൊണ്ട് നിങ്ങള്‍ ബറകത്തെടുക്കണം എന്ന് നബി(സ)ആരോടും എവിടെയും പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല എന്റെ ശരീരം കൊണ്ട് പോലും നിങ്ങള്‍ ബറകത് എടുക്കണം എന്ന് പറഞ്ഞതായി തെളിയിക്കപ്പെട്ടിട്ടില്ല (ശയശറ/22).
ഉമ്മുസുലൈം(റ)വിന്റെ സംഭവം നാം സൂചിപ്പിച്ചുവല്ലോ. തിരുനബിയുടെ വിയര്‍പ്പ് കുപ്പിയിലാക്കുന്നതിനിടെ ഇത് ഞങ്ങളുടെ കുട്ടികള്‍ക്കു ബറകത്തിനു വേണ്ടിയാണ് ഞാനെടുക്കുന്നത് എന്ന് പറഞ്ഞ മഹതിയോട് ശരി എന്നാണല്ലോ നബി(സ്വ) പ്രതികരിച്ചത്. അതുപോലെ അബൂത്വല്‍ഹയോട് തന്റെ തിരുകേശം ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ കല്‍പ്പിച്ചതും തിരുനബി(സ്വ) ആയിരുന്നു. മാത്രമല്ല അലിയ്യുബ്നു അബീത്വാലിബും സലമത് ബ്നു അക്വഉം തുടങ്ങി എത്രയെത്ര സംഭവങ്ങള്‍… ഇതൊക്കെ കെട്ടുകഥകളും വാറോലകളുമാണത്രെ. ഇതെല്ലാം ഉദ്ധരിച്ച അനസ്(റ),അബൂഹുറൈറ(റ) വിനെ പോലുള്ള ഉന്നതരായ സ്വഹാബാക്കളോ ദീനില്‍ ഇല്ലാത്തത് നിര്‍മിക്കുന്നവരും.! ഹാവൂ.., നവ മുഅ്തസിലികളുടെ (മടവൂരികള്‍) മത നവീകരണം അഭിനവ ഖവാരിജുകളേക്കാള്‍ (മൗലവി ഗ്രൂപ്പ്) എത്ര കെങ്കേമം!
ഹദീസ് നിവേദകരായ ഇമാം ബുഖാരി(റ)യെയും മുസ്‌ലിമിനെയും വെറുതെ വിടാനുമൊരുക്കമല്ല മൗലവി. മുസ്‌ലിം ലോകത്ത് അഭിപ്രായ വ്യത്യാസമില്ലാത്ത പണ്ഡിതരാണല്ലോ അവര്‍. എങ്കിലും തങ്ങളുടെ നിര്‍മിത തൗഹീദിന് എതിരായി വന്നപ്പോള്‍ അത് ദീനില്‍ പ്രമാണമല്ലെന്ന് തുറന്നടിക്കാന്‍ അദ്ദേഹം മറന്നില്ല.
മതയുക്തിവാദ പ്രസ്ഥാനത്തിന്റെ നിരീക്ഷണങ്ങള്‍ ഇത്രവരെയെത്തി: നബി(സ്വ)യുടെ മുടിയും വിയര്‍പ്പും മലവും മൂത്രവും ബറകത് അദൃശ്യമായ നിലയില്‍ അനുഗ്രഹം ചെയ്യും എന്ന വിശ്വാസം പോലെത്തെന്നെയാണ് സംസം വെള്ളം ബറകത് ചെയ്യും എന്ന വിശ്വാസം. സംസത്തിന് ബറകത് ഉണ്ടെന്ന് ഒരാള്‍ പറഞ്ഞാല്‍ അതിന് അദൃശ്യമായ നിലയില്‍ അല്ലാഹുവിനെ പോലെ ബറകത് നല്‍കാന്‍ കഴിവുണ്ട് എന്നാണെങ്കില്‍ അത്തരം പ്രയോഗം ശിര്‍ക്കാണ് (പ്രവാചകന്റെ തിരുശേഷിപ്പുകളും ബറകത്തെടുക്കലും/25).
ഇതിലപ്പുറമെന്താണ് ഇവര്‍ക്ക് പറയാന്‍ ബാക്കിയുള്ളത്. ബുഖാരിയും മുസ്‌ലിമും തള്ളിക്കളഞ്ഞ്, സച്ചരിതരായ സ്വഹാബത്തിന്റെ ചെയ്തികളെ വിമര്‍ശിച്ച്, പ്രവാചകരുടെ മഹത്ത്വങ്ങളെ ഇടിച്ചു താഴ്ത്തി, ഖുര്‍ആന്‍ ഊന്നിപറഞ്ഞ സംഭവങ്ങള്‍ വരെ നിഷേധിക്കുന്ന, മുസലിം ലോകത്ത് ഇക്കാലം വരെ ആരും പറയാന്‍ ധ്യൈപ്പെടാത്ത വിധം സംസം വെള്ളത്തിന് പോലും ശിര്‍ക്ക് മുദ്രചാര്‍ത്തി ലോക മുസ്‌ലിംകളെ മുശ്രിക്കാക്കുന്ന ഈ കാഫിറാക്കല്‍ കലാകാരന്മാരോട് കാലം കണക്ക് ചോദിക്കാതിരിക്കില്ല.
ഇവിടെയാണ് സമുദായത്തിന്റെ ചോദ്യം പ്രസക്തമാകുന്നത്. മുജാഹിദ് പ്രസ്ഥാനത്തില്‍ അവരുടെ വാദപ്രകാരം തന്നെ മുസ്‌ലിമായി ആരാണു ബാക്കിയുള്ളത്?
മുഹമ്മദ് റഫീഖ് കാലടി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ