തികഞ്ഞ ആസൂത്രണത്തോടെയാണ് പ്രപഞ്ചഘടന തയ്യാറാക്കപ്പെട്ടത്. അന്യൂനമായൊരു ക്രമവും താളവും എല്ലാ സൃഷ്ടിജാലങ്ങളിലും നമുക്ക് കാണാന്‍ സാധിക്കും. സൗരയൂഥ മണ്ഡലത്തിനകത്തും പുറത്തുമുള്ള മുഴുവന്‍ ഗോളങ്ങളും നക്ഷത്രഗ്യാലക്‌സികളുമെല്ലാം ഈ ക്രമവും നിയന്ത്രണവും പാലിക്കുന്നു. ഒരു ഗോളവും അതിന്റെ സഞ്ചാരപഥം മാറിയോ അതിക്രമിച്ചോ സഞ്ചരിക്കുന്നില്ല.
ഭൂമിയില്‍ നിരീക്ഷിച്ചാല്‍ മനുഷ്യേതര ജീവികളെല്ലാം ഓരോ പ്രത്യേകമായ ജീവിതശൈലി സ്വീകരിക്കുകയും ആ മാര്‍ഗരേഖ അതിലംഘിക്കാതെ ജീവിച്ചുവരികയും ചെയ്യുന്നു. എരുമയുടെ ജീവിതക്രമമല്ല ആനയുടേത്. കോഴിയുടെ രീതിയിലല്ല ആടു ജീവിക്കുന്നത്. ഉറുമ്പിന്റെ സാമൂഹ്യജീവിതവും തേനീച്ചയുടെ സാമൂഹ്യബോധവും വേറിട്ട ശൈലിയിലാണ്. പക്ഷികളും ഇഴജന്തുക്കളും ഹിംസ്ര ജീവികളുമെല്ലാം അവരുടേതായ പ്രത്യേക രീതിശാസ്ത്രമനുസരിച്ചും ക്രമമനുസരിച്ചും ജീവിച്ചുവരുമ്പോള്‍ നാം മനുഷ്യര്‍ക്കും വേണ്ടേ ജീവിതത്തിന് ഒരടുക്കും ചിട്ടയും നിയമവ്യവസ്ഥയും? വേണ്ടെന്നുപറയാന്‍ ഒരു യുക്തിവാദിയുടെ പോലും മനസ്സ് കൂട്ടാക്കുമെന്ന് തോന്നുന്നില്ല. ആരാണ് ആ ജീവിതവ്യവസ്ഥ മനുഷ്യനുവേണ്ടി തയ്യാറാക്കേണ്ടത്? ഉത്തരം ലളിതമാണ്. ഇതര ജീവജാലങ്ങള്‍ക്കെല്ലാം ജീവിതക്രമം തയ്യാറാക്കി അതിലേക്ക് മാര്‍ഗദര്‍ശനം നല്‍കിയ പ്രപഞ്ച നാഥനായ അല്ലാഹു തന്നെയാണ് മനുഷ്യര്‍ക്കും ഇതു പഠിപ്പിക്കേണ്ടത്. ‘എല്ലാം ക്രമപ്പെടുത്തി അതിലേക്ക് മാര്‍ഗദര്‍ശനം നടത്തുന്നവനാണവന്‍’ (അല്‍അഅ്‌ലാ: 3).
ആ ജീവിത വ്യവസ്ഥ മനുഷ്യരെ പഠിപ്പിക്കാന്‍ വേണ്ടി അല്ലാഹു തിരഞ്ഞെടുത്ത രീതി, മനുഷ്യരില്‍ നിന്നുതന്നെ അസാധാരണ വ്യക്തിത്വത്തിന്റെ ഉടമകളായ അമ്പിയാക്കളെ തിരഞ്ഞെടുത്ത് അവരിലൂടെ ദിവ്യസന്ദേശങ്ങള്‍ നല്‍കുക എന്നതായിരുന്നു. ഈ സന്ദേശങ്ങളുടെ മര്‍മഭാഗങ്ങള്‍ വേദഗ്രന്ഥങ്ങളായിത്തന്നെ അവതരിപ്പിച്ചു. ഇത്തരം ഗ്രന്ഥങ്ങള്‍ നൂറ്റി നാലെണ്ണം വരും. ഇതില്‍ നൂറും ലഘുലേഖകളാണെങ്കിലും നാലെണ്ണമാണ് ബ്രഹത്തായ ഗ്രന്ഥങ്ങള്‍. അതിലെ അവസാന വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. ഖുര്‍ആനിനു മുമ്പുള്ള മുഴുവന്‍ വേദഗ്രന്ഥങ്ങളിലുമുള്ള ആശയങ്ങളും ഖുര്‍ആന്‍ ഉള്‍കൊണ്ടതിനാല്‍ ആ വേദങ്ങളെ ഇനി അവലംബിക്കേണ്ടതില്ല. മാത്രമല്ല അവയൊന്നും ഇറക്കപ്പെട്ട മൂലഭാഷയില്‍പോലും ലഭ്യമല്ലാതാവുകയും പൗരോഹിത്യത്തിന്റെ കൈകടത്തലുകള്‍ക്ക് വിധേയമാവുകയും ചെയ്തതിനാല്‍ അല്ലാഹു തന്നെ അവയെ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു.
വിശുദ്ധ ഖുര്‍ആന്‍ കാലാതിവര്‍ത്തിയായ ഗ്രന്ഥമാണ്. കാലപ്പഴക്കമോ ശാസ്ത്രസാങ്കേതിക രംഗങ്ങളിലെ പുരോഗതികളോ ഖുര്‍ആന്റെ പുതുമയും കാലികതയും ഇല്ലാതെയാക്കുന്നില്ല. മറിച്ച് അതു ദൈവിക ഗ്രന്ഥമാണെന്ന് കൂടുതല്‍ കൂടുതല്‍ സാക്ഷ്യപ്പെടുത്തുകയാണ് ചെയ്യുന്നത്. പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാവുന്ന കാലത്ത് ഖുര്‍ആനിന്റെ പ്രസക്തി വര്‍ധിക്കുകയാണ്. അലി(റ) പറഞ്ഞു: ‘തിരുനബി(സ്വ) പറയുന്നത് ഞാന്‍ കേട്ടു; പിന്നീട് വന്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും. അപ്പോള്‍ ഞാന്‍ ചോദിച്ചു: അതില്‍ നിന്നും രക്ഷപ്പെടാന്‍ എന്താണ് മാര്‍ഗം? അല്ലാഹുവിന്റെ ഗ്രന്ഥമായ ഖുര്‍ആന്‍ തന്നെ എന്നായിരുന്നു നബി(സ്വ)യുടെ മറുപടി. അതില്‍ നിങ്ങളുടെ മുന്‍ഗാമികളുടെ ചരിത്രമുണ്ട്. വരാന്‍പോകുന്നവരുടെ വൃത്താന്തങ്ങളുമുണ്ട്. നിങ്ങള്‍ക്ക് മുമ്പിലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള വിധി തീര്‍പ്പുകളും അതിലുണ്ട്. അതു തമാശയല്ല. അതു സത്യാസത്യ വിവേചന ഗ്രന്ഥമാണ്. അഹങ്കാരത്തോടെ അതിനെ ആരെങ്കിലും നിരാകരിച്ചാല്‍ അവനെ അല്ലാഹു തകര്‍ത്തുകളയും. അതല്ലാത്തില്‍നിന്നും സന്മാര്‍ഗം തേടിയാല്‍ അവനെ പിഴപ്പിച്ചുകളയും. അതാണ് അല്ലാഹുവിന്റെ ശക്തമായ പാശം. യുക്തിഭദ്രമായ ഉല്‍ബോധനവും സന്മാര്‍ഗ സരണിയും അതാണ് (തിര്‍മുദി, ദാരിമി).
യുദ്ധം, കൊല, കൊള്ള, സാമ്പത്തിക പ്രതിസന്ധി, സ്ത്രീപീഡനം, അഴിമതി, വ്യഭിചാരം, വര്‍ഗീയത തുടങ്ങി ലോകം കലങ്ങിമറിയുന്ന സങ്കീര്‍ണമായ ഏതു പ്രശ്‌നങ്ങള്‍ക്കും വിശുദ്ധ ഖുര്‍ആനില്‍ പ്രതിവിധിയുണ്ട്. ഭൂതവും ഭാവിയും വര്‍ത്തമാനവും ചര്‍ച്ച ചെയ്യുന്ന അത്ഭുത ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍.
പാരായണത്തിനും പഠനത്തിനും മനനത്തിനും വിധേയമാക്കേണ്ട ഗ്രന്ഥമാണിത്. നബി(സ്വ) പറഞ്ഞു: ആരെങ്കിലും വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുകയും അതിലുള്ളതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അവന്റെ മാതാപിതാക്കളെ അന്ത്യനാളില്‍ ഒരു കിരീടമണിയിക്കും. സൂര്യപ്രഭയെ വെല്ലുന്ന തിളക്കമായിരിക്കും അതിന്. പിന്നെ അതു പ്രവര്‍ത്തിച്ചവനു നല്‍കപ്പെടുന്ന പ്രതിഫലം സംബന്ധിച്ച് നിങ്ങളുടെ വിചാരമെന്താണ്? (അഹ്മദ് അബൂദാവൂദ്).
ചിന്താചക്രവാളത്തിലേക്ക് മനുഷ്യബുദ്ധിയെ ആവാഹിച്ച ഗ്രന്ഥമാണ് ഖുര്‍ആന്‍. ഭൂമി, ആകാശം, സൂര്യന്‍, ചന്ദ്രന്‍, ഗോളങ്ങള്‍, മരണങ്ങള്‍, ഇതരജീവജാലങ്ങള്‍ തുടങ്ങി സ്വശീരത്തെക്കുറിച്ച് വരെ ഗവേഷണ പഠനത്തിനുവേണ്ടി ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നു.
‘അങ്ങേക്ക് നാം ഇറക്കിത്തന്ന വേദഗ്രന്ഥമാണിത്. ഇത് അനുഗ്രഹീതമാണ്. അതിലെ സൂക്തങ്ങളെക്കുറിച്ച് അവര്‍ ചിന്തിക്കുന്നതിനും ബുദ്ധിയുള്ളവര്‍ കൂടുതല്‍ ഗവേഷണം നടത്തുന്നതിനും വേണ്ടി’ (സ്വാദ്: 29). ലോകം നേടിയ ചിന്താപരമായ പുരോഗതിയില്‍ ഖുര്‍ആന്‍ അതിമഹത്തായ പങ്കുവഹിച്ചു എന്നത് അവിതര്‍ക്കമാണ്. മനുഷ്യര്‍ ആരാണെന്നും അവന്റെ സ്രഷ്ടാവ് ആരാണെന്നും അവന്റെ സൃഷ്ടിപ്പിന്റെ പിന്നിലെ ലക്ഷ്യമെന്താണെന്നും മാനവന്റെ ജീവിത വിജയത്തിനുള്ള വഴികളെന്തൊക്കെയാണെന്നും ജീവിത പരാജയത്തിനു കാരണമാകുന്ന കാര്യങ്ങളെന്തൊക്കെയെന്നും സമഗ്രമായി പ്രതിപാദിക്കുന്ന ഖുര്‍ആനല്ലാത്ത ഒരു ഗ്രന്ഥത്തെ ആര്‍ക്കും ഉയര്‍ത്തിക്കാണിക്കാനാവില്ല. ആ വിശുദ്ധ വേദഗ്രന്ഥത്തിന്റെ അവതരണത്തിന് ആരംഭം കുറിച്ച പരിശുദ്ധ റമളാനില്‍ ഖുര്‍ആനിനെ സംബന്ധിച്ചുള്ള പഠനങ്ങള്‍ക്ക് കൂടുതല്‍ സമയം കണ്ടെത്തുകയും പരിശ്രമിക്കുകയും ചെയ്യുന്നത് നന്മയുടെ അടയാളമാണ്.
വിശുദ്ധ ഗ്രന്ഥത്തിന്റെ അവതരണരീതി, മറ്റു പുസ്തകങ്ങളില്‍നിന്നും വ്യത്യസ്തമായ പാരായണശൈലി, ആശയത്തിലും ഘടനയിലും പാരായണത്തിലുമടങ്ങിയ അമാനുഷികത, ഖുര്‍ആനിന്റെ വിപുലമായ അര്‍ത്ഥതലങ്ങള്‍, ഇതില്‍നിന്നും മഹാന്മാരായ പണ്ഡിതന്മാര്‍ വിധിവിലക്കുകളെ നിര്‍ദ്ധാരണം ചെയ്‌തെടുത്ത രീതി, ഖുര്‍ആന്‍ വ്യാഖ്യാനക്രമം, മുഹ്കമായ സൂക്തങ്ങളും മുതശാബിഹാത്തുകളും കൈകാര്യം ചെയ്യേണ്ട ശൈലി… ഇവയെല്ലാം നമ്മുടെ അന്വേഷങ്ങള്‍ ഉണ്ടാവേണ്ട മേഖലകളാണ്. ഈ റമളാനിലെ നമ്മുടെ വായന അതിനുള്ള തുടക്കമാവട്ടെ.
അല്ലാഹു തന്റെ അടിമകളോട് സംവദിക്കുകയാണ് ഖുര്‍ആനിലൂടെ. നാഥന്‍ എന്താണ് നമ്മോട് പറയുന്നത് എന്നറിയാനുള്ള ആഗ്രഹം നമ്മളിലുണ്ടെങ്കില്‍ ഖുര്‍ആന്‍ പഠിക്കാനും പാരായണം ചെയ്യാനും നാം തയ്യാറാവണം. ‘ആ മഹത്തായ ഗ്രന്ഥത്തില്‍ ഒരു സംശയവുമില്ല. അതില്‍ മുത്തഖീങ്ങള്‍ക്ക് സന്മാര്‍ഗമുണ്ട് (അല്‍ബഖറ: 2). എല്ലാ അര്‍ത്ഥത്തിലും തമസ്സകറ്റുന്ന പ്രകാശ ദീപമാണ് ഖുര്‍ആന്‍. ഈ പവിത്രമാസം വിശുദ്ധ വേദത്തിനു വേണ്ടി വിനിയോഗിക്കാന്‍ നാം തയ്യാറാവുക. എങ്കില്‍ പരലോകത്ത് അത് ശിപാര്‍ശകനായി വരാതിരിക്കില്ല.