തയമ്മും അനുവദനീയമാകുന്ന സാഹചര്യങ്ങൾ നിരവധിയുണ്ടെങ്കിലും അവയെല്ലാം ശരീരത്തിൽ വെള്ളം ഉപയോഗിക്കാൻ ഭൗതികമോ മതപരമോ ആയ കാരണത്താൽ സാധിക്കാതെ വരിക എന്ന മാനദണ്ഡത്തിൽ ഒതുക്കാം. ജല ലഭ്യത തീരെ ഇല്ലാതിരിക്കുക, ഉള്ള വെള്ളം ഉപയോഗിക്കുന്നതുകൊണ്ട് രോഗമോ അതി ശൈത്യമോ കാരണം പ്രകടമായ പ്രയാസങ്ങൾ ഉണ്ടാവുക, ജലമുണ്ടെങ്കിലും കോരിയോ മറ്റോ ലഭ്യമാക്കാൻ കഴിയാതിരിക്കുക, അല്ലെങ്കിൽ തന്റെയോ മറ്റു ജീവനു വിലയുള്ള മനുഷ്യ- മനുഷ്യേതര ജീവികളുടെയോ ദാഹമകറ്റാനാവശ്യമാവുക, ഉള്ള വെള്ളം നിർണിതമാവുക, ജലം വിലകൊടുത്തു വാങ്ങേണ്ട സാഹചര്യങ്ങളിൽ ന്യായവില കൊടുക്കാനുള്ള സാമ്പത്തിക ശേഷി ഇല്ലാതിരിക്കുക തുടങ്ങിയവ ഉദാഹരങ്ങളാണ്.
വെള്ളം ഉപയോഗിക്കുന്നതുകൊണ്ടുള്ള പ്രയാസം നേരിയതാണെങ്കിൽ അതു സഹിച്ച് വെള്ളം തന്നെ ഉപയോഗിക്കണം. വെള്ളം ഉപയോഗിക്കുന്നതുകൊണ്ട് മുറിവിൽ നിന്നനുഭവപ്പെടുന്ന ചെറിയ നീറ്റൽ, വെള്ളം ചൂടായത് മൂലം ഉണ്ടാകുന്ന സഹ്യമായ വേദന, ഗുരുതരമല്ലാത്ത പനി, തലവേദന എന്നിവ പേടിച്ചു തയമ്മുമിലേക്കു മാറാൻ പാടില്ല. ഇക്കാര്യം ഇമാം ഇബ്‌നു ഹജർ(റ) തന്റെ തന്നെ ഈആബ് ഉദ്ധരിച്ച് ഹാശിയതു ഫത്ഹിൽ ജവാദി(1/71)ൽ ഊന്നിപ്പറഞ്ഞിട്ടുണ്ട്.
ജലദൗർലഭ്യം കാരണം തയമ്മും അവലംബിക്കുന്നതിനു മുമ്പ് അക്കാര്യം ഉറപ്പിക്കണം. കടമായോ സൗജന്യമായോ ലഭിക്കാനുള്ള സാധ്യതകളുണ്ടെങ്കിൽ അതന്വേഷിക്കണം. അനിവാര്യമായ ചെലവുകൾ (കടം, തന്റെയും ആശ്രിതരുടെയും ചെലവുകൾ, യാത്രാനുബന്ധ ബാധ്യതകൾ തുടങ്ങിയവ) കഴിച്ചു മിച്ചമുണ്ടെങ്കിൽ ന്യായവിലയ്ക്കു ലഭിക്കാനുള്ള വഴികളും തേടണം. തയമ്മുമിനാവശ്യമായ മണ്ണു കൈവശപ്പെടുത്തുന്നതിനും ഇതെല്ലാം പരിഗണനീയമാണ്. അഥവാ ന്യായവിലയ്‌ക്കോ കടമായോ സൗജന്യമായോ മണ്ണ് ലഭിക്കാനുള്ള സാധ്യതകൾ അന്വേഷിച്ചു മണ്ണ് തരപ്പെടുത്തണം (ഹാശിയതു ഫത്ഹിൽ ജവാദ് 1/68 കാണുക).
തയമ്മുമിനു മുമ്പ് ശരീരത്തിലുള്ള മാലിന്യങ്ങൾ നീക്കംചെയ്യണം. വിസർജനം കഴിഞ്ഞു ശൗചം ചെയ്ത ശേഷമേ തയമ്മും സാധുവാകൂ. യാത്രയിലും മറ്റും ഖിബ്‌ലയുടെ ദിശയിൽ ആശയക്കുഴപ്പമുണ്ടായാൽ ദിശ നിർണയിക്കുന്ന മാർഗങ്ങൾ അവലംബിച്ചു ധാരണയിലെത്തിയ ശേഷമേ തയമ്മും ആകാവൂവെന്ന കണിശത ശൈഖുൽ ഇസ്‌ലാം സകരിയ്യൽ അൻസാരി(അസ്‌നൽ മഥ്വാലിബ് 1/88)ക്കും ഇബ്‌നു ഹജറി(തുഹ്ഫ 1/363)നുമുണ്ട്. എന്നാൽ ഖത്വീബുശ്ശിർബീനീ (മുഗ്‌നി 1/266-267), റംലി (നിഹായ 1/304) എന്നിവർ ദിശ നിർണയിക്കും മുമ്പേ തയമ്മും ആകാമെന്ന പക്ഷത്താണ്.
തയമ്മുമിന്റെ അംഗത്തിൽ (മുഖത്തോ കൈകളിലോ) പൂർണമായി മണ്ണു പുരളാത്തവിധം ബാന്റേജോ കെട്ടോ ഉണ്ടെങ്കിൽ, പൂർണമായ വുളൂഇനു ശേഷമാണ് അവ വെച്ചുകെട്ടിയതെങ്കിൽ പോലും ആരോഗ്യം വീണ്ടെടുത്ത് പൂർവസ്ഥിതി പ്രാപിച്ചാൽ വ്രണകാലത്തു നിർവഹിച്ച നിസ്‌കാരങ്ങൾ സകലതും പുനർ നിർവഹിക്കണമെന്നാണു മദ്ഹബിൽ പ്രബലം. ഇക്കാര്യം ഇമാം നവവി(റ) റൗള (1/122), തഹ്ഖീഖ് (പേ.114) എന്നീ ഗ്രന്ഥങ്ങളിൽ പ്രസ്താവിച്ചിട്ടുണ്ട്. ശൈഖുൽ ഇസ്‌ലാം (അസ്‌നൽ മത്വാലിബ് 1/82), അൽഗുററുൽ ബഹിയ്യ (1/208), ശംസുദ്ദീനു റംലി (നിഹായ 1/322), ഖത്വീബുശ്ശിർബീനി (മുഗ്‌നി 1/276, അൽഇഖ്‌നാ 1/85, ശർഹുത്തൻബീഹ് 1/491) തുടങ്ങിയവരെല്ലാം അതുതന്നെ പ്രബലപ്പെടുത്തി. ഇബ്‌നു ഹജർ(റ) തുഹ്ഫ (1/382) ഒഴികെയുള്ള ഗ്രന്ഥങ്ങളിൽ (ഫത്ഹുൽ ജവാദ്, ശർഹു ബാഫള്ൽ 1/61) ഇതേ നിലപാടു വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ തുഹ്ഫയുടെ ബാഹ്യവായന, നിസ്‌കാരം ആവർത്തിക്കേണ്ടതില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചതെന്നു ധ്വനിപ്പിക്കുന്നതാണ്. പക്ഷേ സൂക്ഷ്മമായ വായനയിൽ തുഹ്ഫയും നടേ പറഞ്ഞപക്ഷം തന്നെ വിളംബരപ്പെടുത്തുന്നതായി തെളിയുമെന്ന് അല്ലാമാ കുർദി (ഫതാവൽ കുർദീ പേ. 32-37, അൽഹവാശിൽ മദനിയ്യ 1/187) വിസ്തരിച്ചു രേഖപ്പെടുത്തിയിട്ടുണ്ട്. നടേ പറഞ്ഞ പ്രശ്‌നത്തിൽ നിസ്‌കാരം ആവർത്തിക്കേണ്ടതില്ലെന്ന കാര്യത്തിൽ ശാഫിഈ ധാരയിലെ വീക്ഷണ പാടവമുള്ള സഹയാത്രികരുടെ (അസ്വ്ഹാബുൽ വുജൂഹ്) സമവായമുണ്ടെന്ന് ഇമാം നവവി(റ) റൗളയിൽ പരാമർശിക്കുന്നുണ്ട്. എന്നാൽ അതിൽ ചിലർക്ക് അഭിപ്രായ ഭിന്നതയുണ്ടെന്നും അതിനാൽ പ്രബലം നിസ്‌കാരം ആവർത്തിക്കണമെന്നാണെങ്കിലും സമവായം ഉദ്ധരിച്ചതു ശരിയല്ലെന്നാണ് ഇമാം നവവി(റ)യുടെ തന്നെ മജ്മൂഅ് (2/329-330) ഉദ്ധരിച്ച് ഇബ്‌നു ഹജർ(റ) സൂചിപ്പിച്ചതെന്നാണ് ഇമാം കുർദി(റ)യുടെ സമർത്ഥനത്തിന്റെ ചുരുക്കം. ഇതിൽ അല്ലാമാ മുഹമ്മദുബ്‌നു ഹാമിദ് (വഫാത്ത് ഹിജ്‌റാബ്ദം 1338) ഫതാവാ ഇബ്‌നി ഹാമിദ് പേ. 174-175ൽ വിയോജിപ്പു പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഇമാം കുർദി(റ)യുടെ നിരീക്ഷണം കനത്തതാണെന്നാണു ബോധ്യം.

കൈയിലോ മുഖത്തോ
അപകടം പിണഞ്ഞാൽ

വെള്ളം ഉപയോഗിക്കുന്നതിന് തടസ്സമുള്ള ശരീരഭാഗങ്ങളിൽ പ്ലാസ്റ്ററോ കെട്ടോ ഉണ്ടായാൽ പ്ലാസ്റ്റർ, ബാന്റേജ് തുടങ്ങിയവ ശുദ്ധീകരണ സമയത്ത് അഴിച്ചുമാറ്റാൻ സാധിക്കുമെങ്കിൽ മാറ്റി വുളൂഅ് ചെയ്യണം. അല്ലാത്തപക്ഷം കുറ്റമറ്റ ഭാഗങ്ങൾ പരമാവധി കഴുകുകയും പരിസര ഭാഗങ്ങളിൽ നനവുണ്ടാക്കുകയും കെട്ടിനു മുകളിലൂടെ വെള്ളംകൊണ്ടു തടവുകയും വേണം.
തയമ്മുമിന്റെ അംഗങ്ങളായ കൈയിലോ മുഖത്തോ ബാധിച്ച വ്രണത്തിനു മേലുള്ള കെട്ടുകൾക്കു മുകളിലൂടെ മണ്ണുകൊണ്ട് തടവൽ നിർബന്ധമില്ലെന്നാണ് പ്രബല പക്ഷമെങ്കിലും പണ്ഡിതർക്കിടയിലെ അഭിപ്രായഭിന്നത മാനിച്ച് അതിനു മുകളിലൂടെ തടവൽ സുന്നത്തുണ്ട് (അസ്‌നൽ മത്വാലിബ് 1/82).
അങ്ങനെ തടവിയാൽ പോലും അവിടെ നേരിട്ട് മണ്ണു പതിയാത്തതിനാൽ തയമ്മും വഴി നിർവഹിച്ച സകല നിർബന്ധ നിസ്‌കാരങ്ങളും ആരോഗ്യ കാലത്ത് ആവർത്തിക്കേണ്ടതുണ്ട് (ഫത്ഹുൽ ജവാദ് 1/79, നിഹായ 1/322, മുഗ്‌നി 1/276).

തീവ്ര അശുദ്ധിയും തയമ്മുമും

വലിയ അശുദ്ധി ബാധിച്ചയാൾക്ക് ശരീരത്തിൽ എവിടെയെങ്കിലും വെള്ളം നനക്കാൻ കഴിയാതെ വന്നാൽ കഴിയുന്നയത്രയും ഭാഗം കഴുകുകയും ബാക്കിവരുന്നതിനു ബദലായി തയമ്മും നിർവഹിക്കുകയും വേണം.
ഒരു തയമ്മുംകൊണ്ട് ഒന്നിലേറെ നിർബന്ധ നിസ്‌കാരങ്ങൾ അരുതെന്ന നിയമം കുളിയുടെ ഭാഗമായുള്ള തയമ്മുമിനും ബാധകമാകയാൽ പുതിയ ഫർളിനായി തയമ്മും മാത്രം (കുളി വേണ്ട) ആവർത്തിക്കണം. പുതുതായി തീവ്ര അശുദ്ധി ഉണ്ടായാൽ മാത്രം കുളിയും അനുബന്ധ തയമ്മുമും ആവർത്തിക്കണം.
ശരീരത്തിൽ എവിടെങ്കിലും മുറിയോ ക്ഷതമോ കാരണം ചുറ്റിയ ബാന്റേജ് അത്യാവശ്യമായ സ്ഥലത്തിനുമപ്പുറം വരിഞ്ഞിട്ടുണ്ടെങ്കിൽ തയമ്മുംവഴി നിർവഹിച്ച നിസ്‌കാരങ്ങളെല്ലാം അസുഖം മാറിയ ശേഷം ബാന്റേജ് മാറ്റി കുളിച്ചു പുനർ നിർവഹിക്കേണ്ടി വരും.
വുളൂഇന്റെ അംഗങ്ങളല്ലാത്ത ശരീരഭാഗത്ത് വെള്ളം നനയ്ക്കാൻ ബുദ്ധിമുട്ടുള്ളതു മൂലം വലിയ അശുദ്ധി കാരണം തയമ്മും ചെയ്തയാൾക്ക് ഫർള് നിസ്‌കരിക്കും മുമ്പേ വുളൂ മാത്രം നഷ്ടപ്പെട്ടാൽ വുളൂ മാത്രമാണ് (തയമ്മും വേണ്ട) പുതുക്കേണ്ടത്. ഫർള് നിസ്‌കരിച്ച ശേഷം ഇയാൾക്ക് ചെറിയ അശുദ്ധി ബാധിച്ചാൽ ഐച്ഛിക നിസ്‌കാരത്തിനായി വുളൂ മാത്രം പുതുക്കിയാൽ മതി. നിർബന്ധ നിസ്‌കാരം ഉദ്ദേശിക്കുന്നപക്ഷം വുളൂഉം തയമ്മുമും പുനർ നിർവഹിക്കണം (ഫത്ഹുൽ ജവാദ് 1/72 കാണുക).
ആർത്തവം നിലച്ച സ്ത്രീക്ക് കുളിക്കാൻ വെള്ളമില്ലാതെ വന്നാൽ തയമ്മും ചെയ്ത ശേഷം ഭർത്താവുമായി രതിയിലേർപ്പെടാം. എന്നാൽ ലൈംഗിക ബന്ധത്തിനിടയിൽ ജലലഭ്യത ബോധ്യപ്പെട്ടാൽ സ്ത്രീ കുതറി മാറണം. അതേസമയം ബോധ്യം ഭർത്താവിനു മാത്രമാണെങ്കിൽ അക്കാര്യം ഭാര്യയെ അറിയിക്കാതെ ലൈംഗികബന്ധം തുടരാം. കാരണം അവൾ അറിയുന്നതു വരെ അവളുടെ ശുദ്ധിക്കു സാധുതയുണ്ടല്ലോ (അൽഇഖ്‌നാഅ് ബുജൈരിമി സഹിതം 1/297).

 

ഇസ്മാഈൽ അഹ്‌സനി പുളിഞ്ഞാൽ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ