‘വിശ്വസിച്ചും പ്രതിഫല മോഹത്തോടെയും വല്ലവനും തറാവീഹ് നിസ്‌കരിച്ചാൽ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്’ (ബുഖാരി).
പാപസുരക്ഷിതരല്ലാത്ത മനുഷ്യരിൽ നിന്ന് സംഭവിക്കുന്ന സ്ഖലിതങ്ങൾ പൊറുക്കാൻ അല്ലാഹു എപ്പോഴും സന്നദ്ധനാണ്. ദോഷങ്ങൾ കൂട്ടത്തോടെ പൊറുക്കപ്പെടുന്ന സ്ഥലവും കാലയളവുകളും അവൻ പ്രഖ്യാപിച്ചിട്ടുണ്ട്. സമ്പന്നമായ നിരവധി അവസരങ്ങളുടെ അനുഗൃഹീത ദിനരാത്രങ്ങളാണ് റമളാൻ. മനുഷ്യരുടെ പാപങ്ങൾ മായ്ക്കാനുള്ള പ്രധാന വഴിയാണ് റമളാനിൽ മാത്രമായി നിശ്ചയിക്കപ്പെട്ട തറാവീഹ് നിസ്‌കാരം. ഇശാ നിസ്‌കരിച്ച ശേഷം സ്വുബ്ഹിക്കു മുമ്പായാണ് തറാവീഹ് നിസ്‌കരിക്കേണ്ടത്. എല്ലാ ഈരണ്ട് റക്അത്തിലും നിയ്യത്ത് ചെയ്ത് തക്ബീറതുൽ ഇഹ്‌റാം കെട്ടലും സലാം വീട്ടലും നിർബന്ധമാണ്. സ്ത്രീകൾ വീട്ടിൽ വെച്ച് തറാവീഹ് നിസ്‌കരിക്കണം.
ഒരു പ്രാവശ്യം വിശ്രമിക്കൽ എന്നർത്ഥം വരുന്ന ‘തർവിഹത്തി’ന്റെ ബഹുവചനമാണ് തറാവീഹ്. തറാവീഹ് നിസ്‌കാരത്തിലെ നാലു റക്അത്തുകളാണ് ഒരു തർവിഹത്ത്. മക്കാ നിവാസികൾ നാലു റക്അത്തുകൾ നിസ്‌കരിച്ചയുടനെ വിശ്രമിത്തിനായി ഒരു ത്വവാഫ് ചെയ്തിരുന്നു. ഇതാണ് നാലു റക്അത്തുകൾക്ക് ഈ നാമം വരാൻ കാരണം.
ഹിജ്‌റ രണ്ടാം വർഷമാണ് തറാവീഹ് നിസ്‌കാരം സുന്നത്താക്കപ്പെടുന്നത്. തറാവീഹിന്റെ ആരംഭത്തെ കുറിച്ച് വിവരിക്കുന്ന നിരവധി ഹദീസുകൾ കാണാം. ഇമാം ബുഖാരി(റ) നിവേദനം: ‘റമളാനിൽ നബി(സ്വ) ഒരു ദിവസം രാത്രി പള്ളിയിൽ വന്ന് നിസ്‌കരിച്ചു. അന്ന് പ്രവാചകരെ തുടർന്ന് ചിലർ നിസ്‌കാരം നിർവഹിക്കുകയുണ്ടായി. പിറ്റേന്ന് അവർ പറഞ്ഞറിഞ്ഞ് കൂടുതലാളുകൾ പള്ളിയിലെത്തി. അവർ നബി(സ്വ)യോടൊപ്പം നിസ്‌കരിച്ചു. മൂന്നാം രാത്രിയും നിരവധി പേരെത്തി നബി(സ്വ)ക്കൊപ്പം തറാവീഹ് നിസ്‌കരിച്ചു. നാലാം രാത്രി പള്ളിയിൽ ഉൾക്കൊള്ളാൻ സാധിക്കാത്ത വിധം ആളുകൾ വന്നെങ്കിലും തിരുനബി(സ്വ) വീട്ടിൽനിന്ന് പുറത്തിറങ്ങിയില്ല. പിന്നീട് സുബ്ഹി നിസ്‌കരിക്കാനായി അവിടന്ന് പള്ളിയിലെത്തിയപ്പോൾ അവിടുന്ന് പറഞ്ഞു: ‘നിങ്ങൾ പള്ളിയിൽ സംഗമിച്ചത് ഞാനറിഞ്ഞിരുന്നു. പക്ഷേ ഈ നിസ്‌കാരം നിങ്ങളുടെ മേൽ നിർബന്ധമാക്കപ്പെടുമോ എന്നും അത് നിങ്ങൾക്ക് നിർവഹിക്കാൻ സാധിക്കാതെ വരുമോ എന്നും ഞാൻ ഭയപ്പെട്ടു’ (ബുഖാരി 872).

തറാവീഹും ജമാഅത്തും

തുടർച്ചയായി മൂന്ന് ദിവസം നബി(സ്വ) പള്ളിയിൽ വെച്ച് തറാവീഹ് ജമാഅത്തായി നിസ്‌കരിച്ച ശേഷം ജമാഅത്തായുള്ള നിസ്‌കാരം ഉപേക്ഷിക്കുകയായിരുന്നു. പക്ഷേ പാടെ ഉപേക്ഷിക്കാതെ ജനങ്ങൾ വീടുകളിലും പള്ളിയിലുമായി ഒറ്റയൊറ്റയായി നിസ്‌കരിച്ചു പോന്നു. പിന്നീട് തറാവീഹിലെ ജമാഅത്ത് പുന:സംഘടിപ്പിച്ചത് രണ്ടാം ഖലീഫ ഉമർ(റ)വാണ്. അബ്ദുറഹ്‌മാനുബ്‌ന് അബ്ദിൽ ഖാരിഅ്(റ) പറയുന്നു: ‘റമളാനിലെ ഒരു രാത്രി ഉമർ ബ്‌നുൽ ഖത്വാബ്(റ)വിന്റെ കൂടെ ഞാൻ പള്ളിയിലേക്ക് പുറപ്പെട്ടു. അപ്പോൾ ജനങ്ങൾ തനിച്ചും സംഘം ചേർന്നും പല വിഭാഗങ്ങളായി തറാവീഹ് നിസ്‌കരിക്കുന്നത് ഉമർ(റ) ശ്രദ്ധിച്ചു. അപ്പോൾ അദ്ദേഹം അഭിപ്രായപ്പെട്ടു: ‘ഇവരെയെല്ലാം ഒറ്റ ഇമാമിന്റെ കീഴിൽ സംഘടിപ്പിക്കുകയാണങ്കിൽ വളരെ നല്ലതാകുമായിരുന്നു.’ പിന്നീട് അദ്ദേഹം ഖുർആൻ പാരായണ വിദഗ്ധനായ ഉബയ്യുബ്‌നു കഅ്ബ്(റ)നെ ഇമാമായി നിശ്ചയിച്ചു. ഒരു ഇമാമിന് കീഴിൽ ജമാഅത്തായി ജനങ്ങൾ നിസ്‌കരിക്കുന്നത് നോക്കി ഉമർ(റ) പറഞ്ഞു: ‘ഇത് നല്ല ബിദ്അത്താണ്. അവർ നിസ്‌കരിക്കുന്ന സമയത്തേക്കാൾ നല്ലത് അവർ ഉറങ്ങുന്ന സമയമാണ്. ‘രാത്രിയുടെ അവസാന സമയമാണ് ഉമർ(റ) ഇതുകൊണ്ടുദ്ദേശിച്ചത്. ആളുകൾ നിസ്‌കരിച്ചിരുന്നത് രാത്രിയുടെ ആദ്യ ഭാഗത്തായിരുന്നു (ബുഖാരി 1871).
തറാവീഹ് ജമാഅത്തായി നിർവഹിക്കൽ സുന്നത്താണെന്ന് ബഹുഭൂരിഭാഗം പണ്ഡിതന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്. തറാവീഹ് സ്ത്രീകൾക്കും സുന്നത്താണ്. അവർ വീട്ടിൽ വെച്ച് തന്നെയാണ് നിസ്‌കരിക്കേണ്ടത്. നിസ്‌കാരത്തിന് വേണ്ടി പള്ളിയിലേക്കോ മറ്റോ പുറപ്പെട്ടുപോകാൻ പാടില്ല.

റമളാനിലെ പ്രത്യേക നിസ്‌കാരം

മനുഷ്യരുടെ പാപമോചനത്തിന് കാരണമായി റമളാനിൽ മാത്രമായി സുന്നത്താക്കിയ നിസ്‌കാരമാണ് തറാവീഹ്. തിരുനബി(സ്വ) അതിന് പ്രത്യേകം പ്രോത്സാഹനം നൽകുകയും മൂന്ന് ദിവസം ഇമാമായി നിസ്‌കരിക്കുകയുമുണ്ടായി. നിർബന്ധമാക്കപ്പെടുമോ എന്ന ഭയത്താലാണ് പിന്നീട് ജമാഅത്ത് ഉപേക്ഷിച്ചതെന്ന് നടേ സൂചിപ്പിച്ചല്ലോ. തറാവീഹ് റമളാനിലെ പ്രത്യേക നിസ്‌കാരമാണെന്ന് ഇതിൽ നിന്ന് തന്നെ വ്യക്തമാണ്.
ഈ ആശയം അടിവരയിടുന്ന പ്രമാണങ്ങൾ നിരവധിയാണ്. നബി(സ്വ) പറയുന്നു: ‘നിശ്ചയം റമളാനിലെ നോമ്പ് അല്ലാഹു നിങ്ങൾക്ക് നിർബന്ധമാക്കിയിരിക്കുന്നു. അതിലെ നിശാ നിസ്‌കാരം നിങ്ങൾക്ക് ഞാൻ സുന്നത്തുമാക്കിയിരിക്കുന്നു. അതിനാൽ സത്യവിശ്വാസത്തോടൊപ്പം പ്രതിഫലം ആഗ്രഹിച്ച് റമളാനിൽ നോമ്പെടുക്കുകയും രാത്രിയിൽ നിസ്‌കരിക്കുകയും ചെയ്യുന്നവർ മാതാവ് പ്രസവിച്ച ദിവസത്തിലെന്നപോലെ പാപമുക്തരാകുന്നതാണ്’ (നസാഈ).
മറ്റൊരു ഹദീസിൽ ഇപ്രകാരം: ‘വിശ്വസിച്ചും പ്രതിഫലം ആഗ്രഹിച്ചും റമളാനിൽ നോമ്പെടുക്കുകയും രാത്രിയിൽ നിസ്‌കരിക്കുകയും ചെയ്യുന്നവരുടെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്’ (മുസ്വന്നഫ്).
നബി(സ്വ)യുടെ പ്രയോഗം ‘സനൻതു’ (ഞാൻ സുന്നത്താക്കി) എന്നാണ്. ഇത് നിയമ നിർമാണത്തെ കുറിക്കുന്നതാണ്. അപ്പോൾ ‘ഖിയാമുറമളാൻ’ പുതിയ നിസ്‌കാരമാണെന്ന് വ്യക്തമാണ്. സാധാരണ ഖിയാമുല്ലൈലിനുള്ള നിർദേശം നേരത്തെ മക്കയിൽ വെച്ച് തന്നെ ലഭിച്ചിട്ടുണ്ട്. ഇത് മദീനയിലെത്തി രണ്ടാം വർഷം കിട്ടിയ പുതിയ നിർദേശമാണ്.
കൂടാതെ ‘സ്വിയാം (നോമ്പ്)’ എന്നതിനെ റമളാനിലേക്ക് ചേർത്തതു (റമളാനിലെ നോമ്പ്) പോലെ തറാവീഹിനെയും റമളാനിലേക്ക് ചേർത്തിരിക്കുന്നു. അപ്പോൾ റമളാനിന്റെ നിസ്‌കാരമായി ഇത് മാറി. ഈ വസ്തുത അല്ലാമ ബാജി(റ) വിവരിക്കുന്നുണ്ട്. ‘ഖിയാമു റമളാൻ എന്നത് റമളാനിലെ പ്രത്യേക നിസ്‌കാരം തന്നെയാണ്. വർഷം മുഴുവനുമുള്ള ഒന്നായിരുന്നെങ്കിൽ റമളാനുമായി അതിന് പ്രത്യേക ബന്ധമുണ്ടാവുകയോ റമളാനിലേക്ക് ചേർത്തുവിളിക്കപ്പെടുകയോ ചെയ്യുമായിരുന്നില്ല. വർഷം മുഴുവൻ നിർവഹിക്കപ്പെടുന്ന ഫർളോ സുന്നത്തോ ആയ നിസ്‌കാരങ്ങൾ റമളാനിലേക്ക് ചേർത്തി പറയാറില്ലല്ലോ (ഔജുൽ മസാലിക്).

മലക്കം മറിയുന്ന ബിദ്അത്ത്

മുസ്‌ലിം ലോകം അവിതർക്കിതമായി വിശ്വസിച്ച് വരുന്നതാണ് തറാവീഹ് റമളാനിലെ പ്രത്യേക നിസ്‌കാരമാണെന്നത്. കേരള വഹാബികൾക്കും ഇതിൽ ഒരു കാലത്ത് ഭിന്നാഭിപ്രായമുണ്ടായിരുന്നില്ല. 1929ൽ അവർ തയ്യാറാക്കിയ മദ്‌റസാ പാഠപുസ്തകമായ ‘കിതാബുൻ അവ്വലു ഫിൽ അമലിയ്യാത്ത്’ന്റെ 23-ാം പാഠം, പേജ് 31ൽ എഴുതി: ‘തറാവീഹ്: ഇതും ഇശാഇന്റെ ശേഷമാണ്. എന്നാൽ റമളാനിൽ മാത്രമേയുള്ളൂ. ഇത് ഇരുപത് റക്അത്താണ്. എല്ലാ ഈരണ്ട് റക്അത്തിലും സലാം വാജിബുണ്ട്.’
എന്നാൽ തറാവീഹ് സംബന്ധിയായ അവരുടെ വീക്ഷണം മാറുന്നത് പിന്നീടാണ്. തറാവീഹ് എട്ട് റക്അത്താണന്ന വാദത്തിന് കൃത്രിമ രേഖയുണ്ടാക്കാൻ വേണ്ടിയായിരുന്നു തറാവീഹ് എന്നൊരു പ്രത്യേക നിസ്‌കാരം ഇല്ല എന്ന കരണം മറിച്ചിൽ അവർ നടത്തിയത്.
‘നബി(സ്വ) റമളാനിലും അല്ലാത്തപ്പോഴും പതിനൊന്നിനേക്കാൾ വർധിപ്പിക്കാറുണ്ടാ യിരുന്നില്ല.’ വിത്‌റിനെ കുറിച്ച് പറയുന്ന ഈ ഹദീസ് തറാവീഹിനെ കുറിച്ചാക്കുന്ന കൃത്രിമമാണ് വഹാബികൾ ഒപ്പിച്ചത്. ഈ ഹദീസ് ഉദ്ധരിച്ച് അവർ എഴുതി: ‘ഈ പതിനൊന്നു റക്അത്തുകൾ തന്നെയാണ് മറ്റു കാലങ്ങളിലും തിരുമേനി നമസ്‌ക്കരിച്ചിരുന്നത് എന്ന ആയിശ(റ)യുടെ പ്രസ്താവത്തിൽ നിന്നു റമസാൻ രാത്രികളിൽ മാത്രം പ്രത്യേകമൊരു സുന്നത്തു നമസ്‌കാരവും തിരുമേനി നിർവ്വഹിച്ചിരുന്നില്ലെന്നു വ്യക്തമാകുന്നു (അൽമനാർ 1984 ജൂൺ. റംസാൻ സ്‌പെഷ്യൽ, പേ. 15, 16).
മറ്റൊരു മൗലവിയുടെ ജൽപനം കാണാം: ‘വിത്ർ, നമസ്‌കാരം തന്നെയാണ് തറാവീഹ് (റമളാനിലാകുമ്പോൾ), ഖിയാമുല്ലൈൽ (ഒന്നുറങ്ങിയ ശേഷം ഉണർന്നെഴുന്നാറ്റാകുമ്പോൾ), തഹജ്ജുദ് (രാത്രിയുടെ മദ്ധ്യയാമങ്ങളിൽ ദീർഘമായി ഖുർആൻ പാരായണം ചെയ്തുകൊണ്ടാകുമ്പോൾ) എന്നീ പേരുകളിൽ അറിയപ്പെടുന്നതും. ഒറ്റയാക്കി നമസ്‌കരിക്കുന്നതുകൊണ്ടാണ് വിത്‌റ് (ഒറ്റ) എന്ന് പേരിട്ടത്’ (അൽമനാർ 1988 സെപ്തംബർ, പേ 40).
പ്രമാണങ്ങൾ ചാടിക്കടന്നുള്ള പുത്തൻവാദികളുടെ ഈ നിലപാട് നിരർത്ഥകമാണ്. വഹാബികളുടെ പ്രിയങ്കരനായ ശൗകാനി തന്നെ തറാവീഹിന്റെ ഹദീസ് ഉദ്ധരിച്ച് പറയുന്നു: ‘ഖിയാമു റമളാനിന്റെ ശ്രേഷ്ഠതയും അത് ശക്തമായ സുന്നത്താണെന്നും ഈ ഹദീസ് പഠിപ്പിക്കുന്നുണ്ട്. തറാവീഹ് സുന്നത്താണെന്നതിനും ഇത് തെളിവാണ്. കാരണം ഹദീസിൽ പരാമർശിക്കപ്പെട്ട ഖിയാമിന്റെ വിവക്ഷ ഇമാം നവവി(റ), ഇമാം കിർമാനി(റ) എന്നിവർ പറഞ്ഞതു പോലെ തറാവീഹ് നിസ്‌കാരമാണ്’ (നൈലുൽ ഔത്വാർ).
മാത്രമല്ല തറാവീഹും തഹജ്ജുദും ഒന്നല്ല എന്ന് കൃത്യമായി ഹദീസുകളിൽ കാണാം. ഇബ്‌റാഹീം(റ)ൽ നിന്ന് നിവേദനം: റമളാനിൽ ജനങ്ങൾ ഇമാമോടൊന്നിച്ച് തറാവീഹ് നിസ്‌കരിക്കുമ്പോൾ തഹജ്ജുദ് നിസ്‌കരിക്കുന്നവർ പള്ളിയുടെ ഒരു ഭാഗത്തായാണ് നിസ്‌കരിച്ചിരുന്നത് (മുസ്വന്നഫ് ഇബ്‌നു അബീ ശൈബ).
വിത്ർ നിർബന്ധമാണെന്ന് അഭിപ്രായപ്പെടുന്ന ഹനഫി മദ്ഹബുകാരും തറാവീഹ് ശക്തമായ സുന്നത്താണെന്ന് പറയുന്നുണ്ട്. തറാവീഹും വിത്‌റും ഒന്നായിരുന്നെങ്കിൽ അങ്ങനെ പറയാവതല്ലല്ലോ.

തറാവീഹിന്റെ റക്അത്തുകൾ

മുസ്‌ലിംലോകം ഒന്നടങ്കം നിർവഹിച്ചുവരുന്നത് ഇരുപത് റക്അത്ത് തറാവീഹാണ്. 1929 വരെ വഹാബികൾക്കും അതിൽ തർക്കമുണ്ടായിരുന്നില്ല. തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് മതത്തെ മാറ്റത്തിരുത്തുകൾക്ക് വിധേയമാക്കിയപ്പോഴാണ് അവർ തറാവീഹിന്റെ എണ്ണത്തിൽ തർക്കവുമായി വന്നത്.
തറാവീഹ് ഇരുപത് റക്അത്താണെന്ന് ഒരു സംശയത്തിനും പഴുത് തരാത്ത വിധം പ്രമാണങ്ങൾ സ്പഷ്ടമാക്കുന്നുണ്ട്. നാല് മദ്ഹബുകളിലേയും ഇമാമുകൾ അവരുടെ ഗ്രന്ഥങ്ങളിൽ ഈ വസ്തുത വിവരിക്കുന്നത് കാണാം. തറാവീഹ് ഇരുപത് റക്അത്താണെന്നതിന്റെ ഏറ്റവും പ്രധാന പ്രമാണം സ്വഹാബത്തിന്റെ ഇജ്മാഅ് ആണ്. തനിച്ചും ചെറു സംഘങ്ങളായും പള്ളിയിൽ വെച്ച് തറാവീഹ് നിസ്‌കരിച്ചിരുന്ന ജനങ്ങളെ രണ്ടാം ഖലീഫ ഉമർ(റ) ഹിജ്‌റ പതിനാലാം വർഷം ഉബയ്യുബ്‌നു കഅ്ബ്(റ)ന്റെ നേതൃത്വത്തിൽ ഒറ്റ ജമാഅത്തായി സംഘടിപ്പിച്ചു. അന്ന് നിസ്‌കരിച്ചത് ഇരുപത് റക്അത്തായിരുന്നു. അന്നതിൽ പങ്കെടുത്ത മുഴുവൻ സ്വഹാബത്തും ഐകകണ്‌ഠ്യേന അതംഗീകരിക്കുകയുണ്ടായി. നബി(സ്വ) സ്വഹാബത്തിന് ജമാഅത്തായി മൂന്ന് ദിവസം തറാവീഹ് നിസ്‌കരിച്ചത് ഇരുപതിൽ കുറവായിരുന്നെങ്കിൽ, ഉമർ(റ)ന്റെ നടപടി സ്വഹാബിമാർ ചോദ്യം ചെയ്യുമായിരുന്നു. അതുണ്ടായില്ല. അതിനർത്ഥം തിരുനബി(സ്വ) നിസ്‌കരിച്ചത് ഇരുപതായിരുന്നുവെന്നാണ്. ഈ വസ്തുത ഇമാമുകൾ വിവരിച്ചിട്ടുണ്ട്. ഇമാം ഇബ്‌നു ഹജറുൽ ഹൈതമി(റ) എഴുതി: ‘തറാവീഹ് ഇരുപത് റക്അത്താണ്. ഉമർ(റ)ന്റെ കാലത്ത് സ്വഹാബത്ത് ഏകോപിച്ചത് അതിന്മേലാണല്ലോ. ഒരു ഇമാമിന്റെ കീഴിൽ ജനങ്ങളെ സംഘടിപ്പിക്കണമെന്ന ശരിയായ ചിന്തയാണ് ഉമർ(റ)നെ അതിനു പ്രേരിപ്പിച്ചത്. അപ്പോൾ അവരല്ലാം അദ്ദേഹത്തോട് യോജിച്ചു (തുഹ്ഫ 2/240).
ഹനഫീ പണ്ഡിതനായ അലാഉദ്ദീൻ കാസാ നി(റ): ഉമർ(റ) റമളാനിൽ ജനങ്ങളെ ഉബയ്യുബ്‌നു കഅ്ബ്(റ)ന്റെ കീഴിൽ സംഘടിപ്പിക്കുകയുണ്ടായി. അവർക്ക് ഇമാമായി അദ്ദേഹം ഇരുപത് റക്അത്ത് തറാവീഹ് നിസ്‌കരിച്ചു. എതിർപ്പില്ലാതെ എല്ലാവരും അതംഗീകരിച്ചു. അതിനാൽ അവരുടെ ഇജ്മാആയി അതിനെ പരിഗണിക്കണം (ബദായിഉസ്സ്വനാഇഅ്).
ഹമ്പലി മദ്ഹബിന്റെ നിലപാട് ഇബ്‌നു ഖുദാമ(റ) വിവരിക്കുന്നു: ‘ഉബയ്യുബ്‌നു കഅ്ബ്(റ) ഇമാമായി ഉമർ(റ)ന്റെ കാലത്ത് ഇരുപത് റകഅത്ത് തറാവീഹ് നിസ്‌കരിച്ചു. തർക്കമില്ലാതെ സ്വഹാബത്ത് ഈ നടപടി അംഗീകരിച്ചുവെന്നതാണ് തറാവീഹ് ഇരുപതാണെന്നതിന് നമ്മുടെ തെളിവ്’ (മുഗ്‌നി 3/388). ഇബ്‌നു തൈമിയ്യ തന്നെയും ഈ വസ്തുത മജ്മൂഉ ഫതാവ(23/112)യിൽ പറയുന്നുണ്ട്.
തറാവീഹ് ഇരുപതാണെന്ന് നിരവധി ഹദീസുകളും വ്യക്തമാക്കുന്നു. ഇബ്‌നു അബ്ബാസ്(റ)ൽ നിന്ന് നിവേദനം: നബി(സ്വ) റമളാനിൽ ഇരുപതും വിത്‌റും നിസ്‌കരിക്കുമായിരുന്നു (അൽമുഅ്ജമുൽ കബീർ). ‘റസൂൽ(സ്വ) റമളാനിൽ ഇരുപതും വിത്‌റും നിസ്‌കരിക്കുമായിരുന്നു’ (മുസ്വന്നഫ് 2/285). അബുൽ ഹസനാഅ്(റ)ൽ നിന്ന് നിവേദനം: റമളാനിൽ ഇരുപത് റക്അത്ത് തറാവീഹ് നിസ്‌കരിക്കാൻ അലി(റ) ഒരാളോട് കൽപ്പിച്ചു’ ( മുസ്വന്നഫ് 2/285).
ഇമാം ബൈഹഖി(റ) നിവേദനം: അബുൽ ഖുസൈബി(റ) പറയുന്നു: ‘റമളാനിൽ സുവൈദു ബ്‌നു ഗഫ്‌ല(റ) ഞങ്ങൾക്ക് ഇമാമായി നിൽക്കുമായിരുന്നു. അദ്ദേഹം അഞ്ച് തർവിഹത്തുകളായി ഇരുപത് റക്അത്താണ് നിസ്‌കരിച്ചിരുന്നത്’ (അസ്സുനനുൽ കുബ്‌റാ 2/496).

പ്രമാണങ്ങൾ ദുർവ്യാഖ്യാനിക്കുന്നു

ഇസ്‌ലാമിക ലോകത്ത് ഇരുപത് റക്അത്തിൽ കുറഞ്ഞ തറാവീഹ് ഒരു ഇമാമും പഠിപ്പിച്ചിട്ടില്ല. പുത്തൻവാദികളുടെ ആശയ സ്രോതസ്സായി അവർ തന്നെ പരിചയപ്പെടുത്തുന്ന സാക്ഷാൽ ഇബ്‌നു തൈമിയ പോലും പറയുന്നു: ‘ഉബയ്യുബ്‌നു കഅ്ബ്(റ) ഇരുപത് റക്അത്ത് തറാവീഹും മൂന്ന് റക്അത്ത് വിത്‌റുമാണ് നിസ്‌കരിച്ചിരുന്നതെന്ന് സ്ഥിരപ്പെട്ടിരിക്കുന്നു. അതടിസ്ഥാനത്തിൽ അങ്ങനെയാണ് സുന്നത്ത് എന്ന് പണ്ഡിത ലോകം വ്യക്തമാക്കുന്നു. കാരണം മുഹാജിറുകളും അൻസ്വാരികളുമായ സ്വഹാബികളാണ് അത് നടപ്പിലാക്കിയത്. അവരിൽ ഒരാൾ പോലും അതിനെ വിമർശിച്ചിട്ടില്ല (മജ്മൂഉ ഫതാവ 23/112).
പണ്ഡിത ലോകത്ത് കേട്ടുകേൾവി പോലുമില്ലാത്ത എട്ട് റക്അത്ത് തറാവീഹെന്ന വാദം എവിടെ നിന്നു വന്നു എന്നന്വേഷിക്കുമ്പോഴാണ് വഹാബിസത്തിന്റെ മനം മടുപ്പിക്കുന്ന പ്രമാണ ദുർവ്യാഖ്യാന യാഥാർത്ഥ്യങ്ങൾ നമ്മെ തേടി വരുന്നത്.
‘അബൂസലമ(റ)യിൽ നിന്നു നിവേദനം. അദ്ദേഹം ആഇശ(റ)യോട് ചോദിച്ചു: റമളാനിൽ നബി(സ്വ)യുടെ നിസ്‌കാരം എങ്ങനെയായിരുന്നു? മഹതി മറുപടി നൽകി: ‘റമളാനിലും അല്ലാത്തപ്പോഴും പതിനൊന്നിനേക്കാൾ നബി(സ്വ) വർധിപ്പിക്കാറുണ്ടായിരുന്നില്ല.’
ഇമാം ബുഖാരി(റ) റിപ്പോർട്ട് ചെയ്ത ഈ ഹദീസാണ് ദുർവ്യാഖ്യാനിക്കപ്പെടുന്ന ഒന്ന്. തറാവീഹ് റമളാനിലെ പ്രത്യേക നിസ്‌കാരമല്ല, നബി(സ്വ) തറാവീഹ് നിസ്‌കരിച്ചത് എട്ടാണ്, മൂന്ന് വീത്‌റുമാണ്. എന്നിവയാണ് ഈ ഹദീസ് മുൻനിർത്തി അവർ സമർത്ഥിക്കാൻ ശ്രമിക്കുന്നത്.
എന്നാൽ മേൽ ഹദീസിൽ പറയുന്ന നിസ്‌കാരം തറാവീഹല്ല, വിത്‌റാണ് എന്നത് നിരവധി വസ്തുതകളുടെ വെളിച്ചത്തിൽ നമുക്ക് പറയാൻ കഴിയും.
1. ഈ ഹദീസ് വിവരിച്ച് സ്വഹീഹുൽ ബുഖാരിയുടെ വ്യാഖ്യാനമായ ‘ഇർശാദുസ്സാരി 3/426ൽ ഇമാം ഖസ്തല്ലാനി(റ) പ്രസ്തുത നിസ്‌കാരം വിത്‌റാണെന്ന് കൃത്യമായി പറയുന്നുണ്ട്.
2. ഇതേ ഹദീസിന്റെ ബാക്കി ഭാഗത്ത് ആ ഇശ(റ) പറയുന്നുണ്ട്: ‘നബി(സ്വ) നാലു റക്അത്ത് നിസ്‌കരിക്കും. അതിന്റെ ദൈർഘ്യത്തെ കുറിച്ചും സൗന്ദര്യത്തെ കുറിച്ചും നീ ചോദിക്കേണ്ട. പിന്നെ അതുപോലെ നാല് നിസ്‌കരിക്കും. ശേഷം മൂന്ന് റക്അത്ത് നിസ്‌കരിക്കും.’ ഇപ്രകാരം നിസ്‌കരിക്കുന്നത് വിത്‌റാണ്. തറാവീഹ് ഈരണ്ട് റക്അത്തായി നിസ്‌കരിക്കൽ നിർബന്ധമാണ്.
3. ഈ ഹദീസിന്റെ അവസാനം ബീവി ചോദിക്കുന്നുണ്ട്: ‘വിത്ർ നിസ്‌കരിക്കുന്നതിന്റെ മുമ്പ് അങ്ങ് ഉറങ്ങുകയാണോ?’ അവിടെ മഹതി ഉപയോഗിച്ചത് ‘ഫഖുൽത്തു’ എന്ന പദമാണ്. ഫാഇന്റെ ശേഷം പറഞ്ഞ വിഷയം തന്നെയായിരിക്കും മുമ്പ് പറഞ്ഞതും. ഫാഇന്റെ ശേഷം പറഞ്ഞത് വിത്‌റാണല്ലോ. അതിനാൽ മുമ്പ് പറഞ്ഞതും വിത്‌റാണ്. റമളാനിലും അല്ലാത്തപ്പോഴും റസൂൽ(സ്വ) വിത്ർ പതിനൊന്നിനേക്കാൾ വർധിപ്പിക്കാറില്ല എന്നാണ് ഹദീസിന്റെ താൽപര്യം.
4. തറാവീഹ് റമളാനിലെ പ്രത്യേക നിസ്‌കാരമാണെന്ന് പ്രമാണങ്ങൾ വ്യക്തമാക്കിയതാണ്. അതിനാൽ ‘റമളാനിലും അല്ലാത്തപ്പോഴും’ എന്ന ഹദീസ് പരാമർശം തറാവീഹല്ല അതിലെ ഇതിവൃത്തമെന്ന് മനസ്സിലാക്കിത്തരുന്നുണ്ട്.
5. തറാവീഹ് എട്ടാണെന്നതിന് ഈ ഹദീസ് രേഖയാക്കാൻ കഴിയില്ല. കാരണം ആഇശ(റ) മറ്റൊരു ഹദീസിൽ, ഏഴിൽ കുറഞ്ഞ വിത്ർ നബി(സ്വ) നിസ്‌കരിച്ചിട്ടില്ല എന്ന് പറയുന്നുണ്ട്. അത് പ്രകാരം ഇവിടെ തറാവീഹ് നാല് മാത്രമാണല്ലോ.
6. ഈ ഹദീസ് ഇമാം മാലിക്(റ) വിഖ്യാതമായ മുവത്വയിൽ വിത്‌റിന്റെ അധ്യായത്തിലാണ് കൊണ്ടുവരുന്നത്. ഖിയാമു റമളാനിന്റെ അധ്യായം വേറെ ഉണ്ടായിട്ടും അവിടെ ചേർത്തില്ല. ഇമാം മാലിക്(റ) ഈ ഹദീസ് മനസ്സിലാക്കിയത് വിത്‌റായിട്ടാണെന്ന് ഇതിൽ നിന്നു വ്യക്തം. പണ്ഡിതലോകത്തിന്റെ ഈ നിലപാട് തള്ളിക്കളയാവതല്ല.
7. പ്രസ്തുത ഹദീസ് തറാവീഹിന് പ്രമാണമായിരുന്നെങ്കിൽ ഉമർ(റ) ഇരുപത് റക്അത്ത് തറാവീഹ് ഒരു ഇമാമിന് കീഴിൽ നടപ്പിലാക്കിയപ്പോൾ ഈ ഹദീസ് റിപ്പോർട്ട് ചെയ്ത ആഇശ ബീവി(റ) അന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നു. മഹതി അത് ചോദ്യം ചെയ്യേണ്ടതായിരുന്നില്ലേ? അതുണ്ടായില്ല. പ്രസ്തുത ഹദീസിൽ പറയുന്നത് വിത്‌റാണെന്നാണ് മഹതിയടക്കം എല്ലാവരും ഗ്രഹിച്ചതെന്ന് ഇത് സ്പഷ്ടമാക്കുന്നു. തറാവീഹ് എട്ടായിരുന്നെങ്കിൽ ഇരുപത് നിസ്‌കരിക്കുക വഴി പ്രവാചകചര്യ അവഗണിച്ച് സ്വഹാബത്ത് ഇസ്‌ലാമിലെ പ്രധാനപ്പെട്ട ഒരു ആരാധനയിൽ ഭീകരമായ കടത്തിക്കൂട്ടൽ നടത്തിയിട്ടും മഹതി അതിനെതിരെ കണ്ണടച്ചു എന്ന് പറയേണ്ടിവരില്ലേ? അങ്ങനെ കരുതാവതല്ലല്ലോ.
എട്ട് വാദക്കാർ പ്രമാണമാക്കുന്ന മറ്റൊരു ഹദീസ് ഇതാണ്: ജാബിർ(റ)ൽ നിന്ന് നിവേദനം. റമളാൻ മാസത്തിൽ റസൂൽ(സ്വ) ഞങ്ങൾക്ക് ഇമാമായി എട്ടു റക്അത്തും വിത്‌റും നിസ്‌കരിച്ചു (അൽമുഅ്ജമുസ്സ്വഗീർ). ഈ ഹദീസ് ദുർബലമാണ്. തെളിവിന് പറ്റില്ല. ഇമാം നൈമവി(റ) ഈ ഹദീസ് വിശദീകരിച്ച് കുറിച്ചു: ‘ഈ ഹദീസിന്റെ പരമ്പരയിൽ ഈസബ്‌നു ജാരിയ എന്ന വ്യക്തിയുണ്ട്. അദ്ദേഹം അയോഗ്യനാണെന്ന് ഇബ്‌നു മഊൻ, നസാഈ, അബൂദാവൂദ് എന്നിവർ പ്രഖ്യാപിച്ചിരിക്കുന്നു’ (തുഹ്ഫതുൽ അഹ്‌വദി).
ഇത് പ്രബലമാണെന്ന് വെച്ചാൽ തന്നെ താറാവീഹിൽ നിന്നുള്ള ശേഷിച്ച പന്ത്രണ്ട് റക്അത്ത് നബി(സ്വ) വീട്ടിൽ വെച്ച് നിസ്‌കരിച്ചിരിക്കാം എന്ന് അനുമാനിക്കാവുന്നതാണ്. അതിന് സാധ്യതയുണ്ടല്ലോ. ഇമാം അലിയ്യുശ്ശബ്‌റാമുല്ലസി(റ) പറയുന്നു: ‘ശേഷിക്കുന്ന റക്അത്തുകൾ പള്ളിയിൽ വരുന്നതിന്റെ മുമ്പോ ശേഷമോ പ്രവാചകർ(സ്വ) വീട്ടിൽ വെച്ച് നിസ്‌കരിച്ചിരിക്കാം (ഹാശിയത്തുന്നിഹായ).
ഇമാമുകൾ പറയുന്ന സാധ്യത ചില ഹദീസുകളിൽ വ്യക്തമാണ്താനും. റമളാനിലെ നബി(സ്വ)യോടൊത്തുള്ള തന്റെ നിസ്‌കാരാനുഭവം അനസ്(റ) വിവരിക്കുന്നുണ്ട്: അൽപം വീട്ടിൽവെച്ചും ബാക്കി അൽപം ജനങ്ങൾക്ക് ഇമാമായും നബി(സ്വ) നിസ്‌കരിച്ചിരുന്നു (മജ്മഉസ്സവാഇദ്).
പുത്തൻവാദികൾ ദുർവ്യാഖ്യാന വിധേയമാക്കുന്ന മറ്റൊരു ഹദീസ് കൂടി: ‘ജാബിർ(റ)ൽ നിന്ന് നിവേദനം. റമളാനിലെ ഒരു ദിവസം ഉബയ്യുബ്‌നു കഅ്ബ്(റ) വന്ന് നബി (സ) യോട് പറഞ്ഞു; ‘അല്ലാഹുവിന്റെ റസൂലേ, ഇന്നലെ എന്റെ വീട്ടിലുള്ള സ്ത്രീകൾ പറഞ്ഞു: ഞങ്ങൾക്ക് ഖുർആനോതാനറിയില്ല. അതിനാൽ നിങ്ങൾ ഞങ്ങൾക്ക് ഇമാമായി നിസ്‌കരിക്കണം. അങ്ങനെ അവർക്ക് ഇമാമായി എട്ട് റക്അത്തും പിന്നെ വിത്‌റും ഞാൻ നിസ്‌കരിച്ചു. റസൂൽ(സ്വ) അതംഗീകരിച്ചു (ഇബ്‌നു ഹിബ്ബാൻ).
ഈ ഹദീസും പ്രമാണമാക്കാൻ കഴിയാത്ത വിധം ദുർബലമാണെന്ന് പണ്ഡിതർ കുറിച്ചിട്ടുണ്ട്. ഇതിന്റെ പരമ്പരയിൽ യഅഖൂബുൽ ഖുമ്മി, ഈസബ്‌നു ജാരിയ എന്നീ രണ്ടു പേരുണ്ട്. അവർ ഹദീസ് നിവേദന രംഗത്ത് അയോഗ്യരാണ് ( മീസാനുൽ ഇഅ്തിദാൽ, തഖ്‌രീബ്). ചുരുക്കത്തിൽ, ബിദഇകളുടെ എട്ട് റക്അത്ത് വാദത്തിനൊപ്പമല്ല, മറിച്ച് ഇരുപതെന്ന ലോകമുസ്‌ലിം നിലപാടിനൊപ്പമാണ് ഇസ്‌ലാമിക പ്രമാണങ്ങൾ നിലകൊള്ളുന്നത്.

അസീസ് സഖാഫി വാളക്കുളം

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ