വിശ്വാസികൾ ആത്മാവിനെ പുഷ്ഠിപ്പെടുത്തുന്ന റമളാൻ വിടചൊല്ലി. രാജ്യതലസ്ഥാനമായ ഡൽഹിയിലെ റമളാൻ കാലം സാംസ്‌കാരിക വൈവിധ്യങ്ങളുടെ കൂടിച്ചേരലിന്റെ സന്ദർഭം കൂടിയാണ്. രാഷ്ട്രീയ-സാമൂഹ്യ പ്രമുഖരും സാധാരണക്കാരും ഒരുക്കുന്ന സമൃദ്ധമായ ഇഫ്ത്വാർ വിരുന്നുകൾ ഡൽഹിയുടെ മേന്മയാണ്. മുഗൾ രാജവംശക്കാലം മുതൽ ചരിത്ര പാരമ്പര്യമുള്ള വിഭവങ്ങളാൽ പ്രസിദ്ധമാണ് നഗരത്തിലെ ഇഫ്ത്വാറുകൾ. കീമ കബാബ് റോളുകളും സമൂസയും മധുര പലഹാരങ്ങളും നഗര രാവുകളെ സജീവമാക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ നോമ്പ് തുറക്കാൻ വേണ്ടി മാത്രമല്ല, വ്യത്യസ്ത സംസ്‌കാരങ്ങൾ ആസ്വദിക്കുന്നതിനും അനുഭവങ്ങൾ പങ്കിടാനും കൂടിയാണ് ഒത്തുകൂടുന്നത്.
ഡൽഹിയിലെ ഇഫ്ത്വാറുകളിൽ സുപ്രധാനം പുരാനി ദില്ലിയിലെ ജുമാ മസ്ജിദങ്കണത്തിൽ സംഘടിപ്പിക്കുന്നതാണ്. ജമാ മസ്ജിദിന്റെ തെരുവുകൾ ഏറ്റവും പൂർണതയിലെത്തുന്നത് റമളാൻ ദിനങ്ങളിലാണെന്ന് പറയാറുണ്ട്. വർണശബളമായ തോരണങ്ങൾ കൊണ്ടലങ്കരിച്ച തെരുവിലാകെ മനുഷ്യരങ്ങനെ പരന്നൊഴുകും. അത്തർ വാലകളും തസ്ബീഹ് മാലയും തൊപ്പിയും വിൽക്കുന്നവരും വിവിധ തരം കബാബുകളും ബട്ടർ ചിക്കനും റൊട്ടിയും തയ്യാറാക്കുന്നവരെയും കൊണ്ട് തെരുവ് നിറയും. മദിയ മഹലിലെ ഹാജി മുഹമ്മദും ഖുറേഷി കബാബും റൂഹ് അഫ്‌സയുമൊക്കെയാണ് ഇഷ്ടക്കാർ കൂടുതലും ചോദിച്ചു വാങ്ങുക.
അസ്വർ നിസ്‌കാരം കഴിയുമ്പോഴേക്ക് മസ്ജിദങ്കണം നിറഞ്ഞു തുടങ്ങും. പല നിറങ്ങളിലുള്ള കാർപെറ്റുകൾ കൊണ്ടലങ്കരിച്ച ഓരോ മൂലയിലും ചുറ്റുവട്ടത്തുള്ള കുടുംബങ്ങളെല്ലാം ഇഫ്ത്വാറിനായി സംഗമിക്കുന്നു. പുരാനി ദില്ലിയുടെ പരിസരവാസികൾ കുടുംബസമേതം വീട്ടിലെ വിഭവങ്ങളുമായി വന്ന് പള്ളിമുറ്റത്ത് സുപ്ര വിരിച്ച് സൈറണിന് വേണ്ടി കാത്തിരിക്കും. ഓടിനടക്കുന്ന അനേകം കുട്ടികൾ സന്തോഷം പകരുന്ന കാഴ്ചയാണ്. പട്ടം പറത്തിയും പ്രാവിന് തീറ്റ കൊടുത്തും മിനാരത്തിന് മുകളിൽ കയറിയിരുന്നുമെല്ലാം റമളാനിലെ വൈകുന്നേരങ്ങളെ കുട്ടികൾ ആഘോഷമാക്കുന്നു. കുടുംബങ്ങളുടെ സ്വകാര്യ നോമ്പുതുറകൾക്ക് പുറമെ മസ്ജിദിൽ ദസ്തർ ഖാനുകളൊരുക്കാറുണ്ട്. യാത്രക്കാർക്കും മറ്റുമായി ഡൽഹിയിലെ പ്രമാണി കുടുംബങ്ങൾ ഒരുക്കുന്ന കമ്യൂണിറ്റി ഇഫ്ത്വാറുകളാണ് ദസ്തർ ഖാൻ. അഞ്ഞൂറോളം പേർ ദിനേന ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നു.
ഡൽഹി ജുമാ മസ്ജിദിൽ ഇഫ്ത്വാറിനുള്ള കാത്തിരിപ്പ് മനോഹരമാണ്. ആയിരക്കണക്കിന് പേരാണ് ഒരുമിച്ചുകൂടുക. സൂര്യനസ്തമിച്ച ഉടനെ മസ്ജിദിന്റെ ഒരറ്റത്ത് നിന്ന് വലിയ ശബ്ദത്തോടെ കതിനവെടി മുഴങ്ങും. പിന്നെ അതിമനോഹരമായ വാങ്കൊലിയാണ്. അപ്പോഴേക്കും മസ്ജിദിന്റെ മിനാരങ്ങൾ സ്വർണനിറം പൂണ്ട് നടുമുറ്റമാകെ മഞ്ഞവെളിച്ചം പടർത്തും. തദ്ദേശീയർക്ക് പുറമെ ഡൽഹിയിലെ വിവിധ സർവകലാശാലകളിൽ പഠിക്കുന്നവരും ജോലിക്കാരുമായ മലയാളി വൃന്ദത്തെ അവിടെ കാണാം.
ഡൽഹിയിലെ മലയാളി വിദ്യാർത്ഥികൾ വലിയ തോതിൽ എത്തിച്ചേരുന്ന മറ്റൊരിടമാണ് സെൻട്രൽ സെക്രട്ടേറിയറ്റിലെ പാർലമെന്റ് മസ്ജിദ്. വ്യവസായി എംഎ യൂസുഫലി നിർമിച്ച ഈ മസ്ജിദിൽ ഒരുക്കുന്ന ഇഫ്ത്വാർ വേനൽച്ചൂടിൽ ആകെത്തളർന്ന വൈകുന്നേരങ്ങളിൽ സ്വന്തമായി ഭക്ഷണം തയ്യാറാക്കേണ്ടതിന്റെ പ്രതിസന്ധിയിൽ നിന്ന് വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമാണ്.

സൂഫികളുടെ ദില്ലി

മഹാന്മാരായ സൂഫിവര്യന്മാരുടെ വിശ്രമ നഗരമാണ് ഡൽഹി. മഹാനഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നൂറുകണക്കിന് മഹത്തുക്കൾ അന്തിയുറങ്ങുന്നു. ദിനേന ആയിരങ്ങളൊഴുകുന്ന ഈ കേന്ദ്രങ്ങൾ റമളാനിൽ കൂടുതൽ സജീവമാകും. വിശ്വാസികൾ വലിയ തോതിൽ ധന്യമാസം ആത്മീയഗുരുക്കളുടെ ചാരത്ത് ചെലവഴിക്കാൻ വന്നുചേരുന്നു. പ്രക്ഷുബ്ധമായ മനസ്സുകളെ ശാന്തമാക്കുന്ന ഖവ്വാലിയുടെ ഈരടികൾ ദർഗകളിലെ റമളാൻ സായാഹ്നങ്ങൾക്ക് പകിട്ടേകുന്നു.
പ്രവാചകർ(സ്വ)യുടെ തിരുശേഷിപ്പുകൾ ഡൽഹി ജുമാമസ്ജിദിൽ സൂക്ഷിക്കുന്നുണ്ട്. പൊതുവെ എല്ലാ ജുമുഅകൾക്ക് ശേഷവും മസ്ജിദിന്റെ തെക്കേ മൂലയിലുള്ള മുറി തുറന്ന് ഖാദിമുകൾ ഇവ വിശ്വാസികൾക്കായി കാണിച്ചുകൊടുക്കാറുണ്ട്. എന്നാൽ, റമളാനിൽ എല്ലാ ദിവസവും അസ്വറിന് ശേഷം ഇവിടെ തിരുശേഷിപ്പുകൾ ദർശിക്കാം. പ്രവാചകരുടെ തിരുകേശം, കാൽപാദം പതിഞ്ഞ കല്ല്, തിരുവസ്ത്രം, അലി(റ) സ്വന്തം കൈപ്പടയിലെഴുതിയ ഖുർആൻ തുടങ്ങി നിരവധി തിരുശേഷിപ്പുകളാണ് ഇവിടെയുള്ളത്.

ആത്മാവിന്റെ പാനീയം

ഡൽഹിയിലെ റമളാൻ കാഴ്ചകളിൽ നിറഞ്ഞു നിൽക്കുന്ന വിഭവമാണ് റൂഹ് അഫ്‌സ. ഇതില്ലാത്തൊരു തീൻമേശ റമളാനിൽ സാധ്യമല്ലെന്ന് ഇവിടത്തുകാർ പറയും. ആത്മാവിനെ ശുദ്ധീകരിക്കുന്നത് എന്നർത്ഥം വരുന്ന ഈ പാനീയത്തിനോട് തദ്ദേശീയർക്ക് ആത്മബന്ധമാണ്. ഹകീം അബ്ദുൽ മജീദാണ് ഇതിന്റെ ഉപജ്ഞാതാവ്. ദില്ലിയിലെ ജനങ്ങളെ വേനൽ കാലത്ത് തണുപ്പിക്കുന്നതിനും നിർജലീകരണം തടയുന്നതിനും സഹായിക്കുന്ന ഔഷധ മിശ്രിതമെന്ന നിലക്ക് യൂനാനി ഔഷധ സസ്യങ്ങളിൽ നിന്നും സിറപ്പുകളിൽ നിന്നും നിർമിച്ചെടുത്തതാണ് ഇത്. പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഉറുദു കവി പണ്ഡിറ്റ് ദയാശങ്കർ നസീം ലഖ്‌നവിയുടെ മസ്‌നവി ഗുൽസാറെ നസീമിൽ നിന്ന് കടമെടുത്ത പേരാണ് റൂഹ് അഫ്‌സ. പ്രശസ്ത ഉറുദു കവി സായിൽ ദഹ്‌ലവിയുടെ വരികൾ:
ന റൂഹ് അഫ്‌സ സെ
കോയി ശറാബത്ത് കഭീ ബനേഗാ,
ന ബൻ ചുകാ ഹേ.
(റൂഹ് അഫ്‌സയില്ലാതെ ഒരു ശർബത്തും ഉണ്ടാക്കിയിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല)
റൂഹ് അഫ്‌സയുടെ ബോട്ടിലിൽ പതിച്ചിരിക്കുന്ന ലേബലിനും കാലങ്ങളുടെ കഥ പറയാനുണ്ട്. വ്യത്യസ്തങ്ങളായ പഴവർഗങ്ങളുടെ ചിത്രങ്ങളും ആകർഷകമായ നിറങ്ങളും സംയോജിപ്പിച്ചുള്ള ഈ ലേബൽ വരച്ചത് പ്രസിദ്ധ ആർട്ടിസ്റ്റ് മിർസാ നൂർ അഹമ്മദാണ്. 1910ലാണ് റൂഹ് അഫ്‌സയുടെ പരസ്യങ്ങളിൽ അദ്ദേഹത്തിന്റെ വരകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ബോംബെയിൽ നിന്നാണ് സ്വാതന്ത്ര്യ ലബ്ധി വരെ ഇതച്ചടിച്ചിരുന്നത്. നൂറ്റാണ്ടിലേറെയായി തുടർന്നുപോരുന്ന ഈ ഡിസൈൻ റൂഹ് അഫ്‌സയുടെ മുഖശ്രീയാണെന്ന് പറയാം. പാലൊഴിച്ചും തണുത്ത വെള്ളത്തിലുമൊക്കെ തയ്യാറാക്കുന്ന ഈ വിഭവം ഡൽഹിക്കാർക്ക് വെറുമൊരു പാനീയമല്ല, നാടിന്റെ പൈതൃക സ്പന്ദനമാണ്. സായിൽ ദഹ്‌ലവിയെ ഉദ്ധരിച്ചാൽ, അതിന്റെ നിറം ഹൃദയങ്ങളെ ആകർഷിക്കുന്നു, അതിന്റെ സുഗന്ധം പുഷ്പ സൗരഭ്യത്തെ മറികടക്കുന്നു.
മഠിയ മഹലിലെയും ബട്‌ല ഹൗസിലെയും ചാന്ദ്‌നി ചൗക്കിലെയുമെല്ലാം തെരുവുകൾ രാവുറങ്ങാതെ റമളാൻ ദിനങ്ങളെ ദീപ്തമാക്കുന്നു. തലസ്ഥാന നഗരി വ്രതകാലത്തെ ആത്മീയവും സാംസ്‌കാരികവുമായ സർവ ചേരുവകളോടെയുമാണ് യാത്രയാക്കിയത്.

 

മിദ്‌ലാജ് തച്ചംപൊയിൽ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ